പതിവുകളെല്ലാം തെറ്റിച്ചു അന്ന് കോളേജിൽ നിന്നും വീട്ടിലെത്തിയ ഗൗരി ഒന്നുംമിണ്ടാതെ മുറിയിൽ കയറി കതകടച്ചു…

കരുതൽ

എഴുത്ത്: മിഥിലാത്മജ മൈഥിലി

============

വിവാഹം കഴിഞ്ഞ് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് “നിഖിലി”ന്റെയും “കാർത്തിക”യുടെയും ജീവിതത്തിൽ ആ സന്തോഷം കടന്നു വന്നത്, അവളൊരമ്മയാകാൻ പോകുന്നു. മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അധികം താമസിയാതെതന്നെ അവളെത്തി അവരുടെ പ്രാണൻ “ഗൗരി”.

അമ്മയുടെയും അച്ഛന്റെയും രാജകുമാരിയായി അവൾ വളർന്നു. ആദ്യമായി വിദ്യാലയത്തിലേക്ക് പോയ ദിവസം അവൾ ഒരുപാട് കരഞ്ഞു അതുകണ്ടു നിഖിലിന്റെയും കണ്ണുകൾ ഈറനണിഞ്ഞു. ഓടിച്ചെന്നവളെ നെഞ്ചോട് ചേർക്കാൻ ആ അച്ഛൻ കൊതിച്ചുവെങ്കിലും അതിനയാൾ തയ്യാറായില്ല.

കാലം കടന്നുപോയി അവൾ വളർന്നുവലുതായി, എന്നും വൈകുന്നേരം സ്കൂളിൽ നിന്നും വന്ന് അമ്മയ്‌ക്കൊപ്പം ഇരുന്ന് അന്നത്തെ ഓരോ വിശേഷങ്ങളും പങ്കുവെയ്ക്കും, അല്ലാതെ ഒരുദിവസം പോലും അവൾ ഉറങ്ങിയിരുന്നില്ല.

കോളേജിലെത്തിയെങ്കിലും ആ പതിവവൾ തെറ്റിച്ചില്ല. വളർന്നെങ്കിലും അച്ഛനും അമ്മയ്ക്കും അവളെന്നും  ചെറിയകുട്ടി മാത്രമായിരുന്നു.

ദിവസങ്ങൾ കടന്നുപോയി….

പതിവുകളെല്ലാം തെറ്റിച്ചു അന്ന് കോളേജിൽ നിന്നും വീട്ടിലെത്തിയ ഗൗരി ഒന്നുംമിണ്ടാതെ മുറിയിൽ കയറി കതകടച്ചു. മകളുടെ അപ്രതീക്ഷിതമാറ്റത്തിൽ  അരുതാത്തതെന്തോ നടന്നിട്ടുണ്ടെന്നവരുടെ മനസ് മന്ത്രിച്ചു. കുറെ നേരം വാതിലിൽ മുട്ടിവിളിച്ചിട്ടും ഗൗരി വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. അവസാനം നിരാശയോടെ അവിടെ നിന്നും പോരാനൊരുങ്ങിയതും അവൾ വാതിൽ തുറന്നു. കരഞ്ഞു വീർത്ത കണ്ണുകളുമായി നിൽക്കുന്ന മകളെകണ്ട് ആ അമ്മയുടെ നെഞ്ച് വിങ്ങിയെങ്കിലും അതൊന്നും പുറമെകാണിക്കാതെ മകളെ ചേർത്തുപിടിച്ചു  മുടിയിൽ തഴുകികൊണ്ടിരുന്നു. അപ്പോഴും ഗൗരിയുടെ കണ്ണുകളിൽ നിന്നും കണ്ണീർ ഒഴുകികൊണ്ടിരുന്നു. കരച്ചിൽ തെല്ലൊന്നടങ്ങിയപ്പോൾ ‘എന്തുപറ്റി മോളെ’ എന്ന ചോദ്യത്തിനുത്തരമായി ഗൗരി പറഞ്ഞു തുടങ്ങി,

“കോളേജിൽ എന്നെ ശല്യം ചെയ്യുന്ന ഒരാളെപറ്റി ഞാൻ പറയാറില്ലേ സീനിയർ ആയ “റോണിത്”. അയാളിന്ന് എന്നോട് വീണ്ടും മോശമായി പെരുമാറി. നാളെ ഞാൻ അയാളെ ഇഷ്ടമാണെന്ന് പറഞ്ഞില്ലെങ്കിൽ എന്റെ മോശം ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു. എനിക്ക് ഇനി പഠിക്കണ്ട അമ്മാ.”

“സാരമില്ല മോളെ അച്ഛൻ വരട്ടേ നമുക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാക്കാം. ഇതൊക്കെ ചെറിയ കാര്യമാണ് അതിന് വേണ്ടി സ്വന്തം ഇഷ്ടങ്ങളെ ബലികൊടുക്കേണ്ട ആവശ്യമില്ല.”

“അച്ഛനോട് ഒന്നും പറയണ്ട അമ്മാ, എനിക്കിനി പഠിക്കണ്ട നാളെ മുതൽ ഞാൻ കോളേജിൽ പോകില്ല.”

“ശരി മോളെ അച്ഛനോട് ഞാൻ പറയുന്നില്ല. പക്ഷെ നീ നാളെ കോളേജിൽ പോകണം അമ്മ വരും നിനക്കൊപ്പം.”

മകളുടെ കണ്ണുനീർ വേദനിപ്പിക്കുന്നുണ്ടായിരുന്നു എങ്കിലും തന്റെ മകൾ ഒരിക്കലും ആർക്കുമുന്നിലും തോൽക്കരുതെന്നവർ ഉറപ്പിച്ചു. ആദ്യമൊക്കെ അതുവേണ്ടെന്നു പറഞ്ഞെങ്കിലും അമ്മയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ അവൾ അർദ്ധസമ്മതം മൂളി. അടുത്ത ദിവസം മകൾക്കൊപ്പം അമ്മയും കോളേജിലേക്ക് പോയി.

“മോൾ പൊയ്ക്കോളൂ അമ്മ ഇവിടെത്തന്നെയുണ്ട്. ഇവിടെ മോൾ തന്നെയാണ് പ്രതികരിക്കേണ്ടത്. നിനക്കതിന് പറ്റിയില്ലെങ്കിൽ മാത്രം അമ്മ വരാം.”

അമ്മയുടെ വാക്കിന്റെ ധൈര്യത്തിൽ അവൾ കോളേജിലേക്ക് നടന്നു. ഒരു പുച്ഛചിരിയോടെ തന്നെനോക്കി നിൽക്കുന്ന റോണിത്തിനെ കണ്ട് ഗൗരി ദയനീയമായി അമ്മയെ തിരിഞ്ഞു നോക്കി. കണ്ണുകൾ കൊണ്ടുള്ള അമ്മയുടെ ആശ്വാസപ്പെടുത്തൽ കണ്ട് അവൾ ഒരല്പം ധൈര്യത്തോടെ നടക്കാൻ തുടങ്ങി.

“എന്താ ഗൗരി മോളെ ചേട്ടൻ പറഞ്ഞതൊക്കെ മോൾക്ക് ഓർമയുണ്ടല്ലോ അല്ലെ. അപ്പൊ എങ്ങനെയാ എന്നോട് ഇഷ്ടമാണെന്നു പറയുകയല്ലേ, അതോ ഞാൻ എല്ലാം എല്ലാവരെയും കാണിക്കണോ?”

കൈയ്യിൽ ഫോൺ കറക്കികൊണ്ടുള്ള റോണിത്തിന്റെ ചോദ്യംകേട്ട് ഗൗരിയ്ക്ക് പുച്ഛം തോന്നി.

“തന്നെ വിട്ടേക്ക് ഉപദ്രവിക്കരുത്” എന്ന് പറഞ്ഞെങ്കിലും അതിനവൻ കൂട്ടാക്കിയില്ല. അതുമനസിലാക്കി തോൽക്കാൻ മനസില്ലെന്നുറച്ചുകൊണ്ടു അവന്റെ മുഖമടച്ചു ഒരടി കൊടുത്തു. അപ്രതീക്ഷിതമായതിനാൽ അവനൊന്നു പുറകിലേക്കഞ്ഞു പോയി. ഒരുപാട് പേരുടെ മുന്നിൽ വെച്ച് ഒരുപെണ്ണ് അടിച്ചത് അഭിമാനപ്രശ്നമായി തോന്നിയ അവൻ എടി എന്ന് ആക്രോഷിച്ചു കൊണ്ടു അവളെ അടിക്കാനായി കൈയ്യുയർത്തി. ഭയത്താൽ കണ്ണുകൾ ഇറുക്കിയടച്ചു ഗൗരി. അല്പസമയം കഴിഞ്ഞിട്ടും അവൻ തന്നെയടിച്ചില്ലെന്നു മനസിലാക്കി കണ്ണുകൾ തുറന്ന അവൾ കാണുന്നത് ദേഷ്യത്തോടെ റോണിത്തിന്റെ കൈകളിൽ പിടിച്ചിരിക്കുന്ന അച്ഛനെയാണ് , ഒപ്പം അമ്മയും.

ഒരു പൊട്ടിക്കരച്ചിലോടെ അമ്മയുടെ തോളി ലേക്കവൾ ചാഞ്ഞു.

“ഒരു പെണ്ണ് ഇഷ്ടമല്ലെന്നു പറഞ്ഞാൽ അത് മനസിലാക്കി പിന്മാറണം അല്ലാതെ അവളെ ഭീഷണിപ്പെടുത്തി സമ്മതിപ്പിക്കാൻ നോക്കുന്നതല്ല ആണത്തം. ഈ ഫോൺ കാണിച്ചല്ലേ നീയവളെ ഭീഷണിപ്പെടുത്തിയത് ഇനി നിനക്കിത് വേണ്ട. ഈയടി നീ ചോദിച്ചു വാങ്ങിച്ചതാണ്, ഇനി മേലാൽ എന്റെ മകളുടെ നേർക്ക് നിന്റെ ദൃഷ്ടിയെങ്കിലും പതിഞ്ഞു എന്നറിഞ്ഞാൽ പിന്നീയീ ഭൂമിയിൽ നീയുണ്ടാവില്ല.”

ഒന്നുംപറയാകാതെ റോണിത് തലതാഴ്ത്തി നിന്നു.

“മോൾ വാ ഇനി ഇന്നെന്തായാലും കോളേജിൽ ഇരിക്കേണ്ട, നിന്റെ മനസൊന്നു ശരിയാവട്ടെ നമുക്ക് ഒരു യാത്ര പോകാം ”

അച്ഛനും അമ്മയ്ക്കുമൊപ്പം യന്ത്രികമായി ചുവടുകൾ വെയ്ക്കുമ്പോഴും അച്ഛനെങ്ങനെ കൃത്യസമയത് എത്തിയെന്ന ചോദ്യമായിരുന്നു അവളുടെ മനസ് നിറയെ. അത് മനസിലാക്കിയെന്നോണം ഒരു പുഞ്ചിരിയോടെ ചേർത്ത്പിടിച്ചു  ,

ഇന്നലെ തന്നെ അമ്മ എല്ലാം അച്ഛനോട് പറഞ്ഞിരുന്നു. എന്റെ മോൾ ഒരിക്കലും ആരുടെ മുന്നിലും തോൽക്കരുത്. ജീവിതത്തിൽ എന്ത് പ്രതിബന്ധം ഉണ്ടായാലും അതിനെയെല്ലാം മറികടക്കണം. തോറ്റുപോകുന്നുവെന്ന് തോന്നുമ്പോൾ നിനക്ക് വേണ്ടി നിന്റെയീ അച്ഛനും അമ്മയും എന്നുമുണ്ടാകും നിനക്കൊപ്പം.”

അച്ഛന്റെ വാക്കുകൾ അവൾക്ക് കൂടുതൽ ധൈര്യം പകർന്നു. ഇനിയൊരിക്കലും ആർക്കുമുന്നിലും തോൽക്കില്ലെന്ന ദൃഡപ്രതിജ്ഞയോടെ പുഞ്ചിരിയോടെ അച്ഛനെയും അമ്മയെയും നോക്കി.

ശുഭം…

മക്കളുടെ മനസ്സറിയുന്ന ഏത് പ്രതിസന്ധിയിലും അവർക്ക് കൈത്താങ്ങാകുന്ന അച്ഛനും അമ്മയുമാണ് ഓരോ മക്കളുടെയും പുണ്യം. അവരുടെ മഹത്വം മനസിലാക്കി അവർ കാണിക്കുന്ന വഴിയിലൂടെ സഞ്ചരിക്കുന്ന മക്കൾക്ക് ഒരിക്കലും തോൽക്കേണ്ടിവരില്ല.

“ഞാൻ വായിച്ച ഏറ്റവും നല്ല പുസ്തകം അമ്മയാണ് എന്നാൽ അത് വായിക്കാൻ വെളിച്ചം പകർന്നു തന്നത് അച്ഛനാണ്.”