പുള്ളി നമുക്ക് എന്ത് ചെയ്‌തെന്നാണ് രാധികേ നീ പറയുന്നത്…വീട് എത്താറായി നീ ഒന്നു മിണ്ടാതെയിരിക്കു….

സമയം

Story written by Arun Nair

=============

മോളുടെ അഞ്ചാം വയസ്സു  പിറന്നാൾ ആഘോഷത്തിന്റെ ചിലവിന്റെ ഭാഗമായി ഭാര്യയെയും മോളെയും കൊണ്ടൊരു ഫസ്റ്റ് ഷോ സിനിമയയൊക്കെ കണ്ടതിനു ശേഷം നഗരത്തിലെ മുന്തിയ ഹോട്ടലിൽ കയറി ഭക്ഷണവും കഴിച്ചിട്ട് ഞങ്ങൾ മൂന്നുപേരും കൂടി വീട്ടിലേക്കു വരിക ആയിരുന്നു…….

പുറത്തു നല്ല മഴ പെയ്യുന്നുണ്ടായിരുന്നു പോരാത്തതിന് രാത്രിയുമായതു കൊണ്ട് അധികം വണ്ടികളോ ആൾക്കാരോ വഴിയിലെങ്ങും ഇല്ല…..

ഞാൻ ഒന്നും നോക്കിയില്ല കാറിന്റെ ആക്സിലേറ്ററിൽ കാൽ അമർത്തി വച്ചു….വീട്ടിലേക്കു നഗരത്തിൽ നിന്നും ഇരുപതു കിലോമീറ്റർ ദൂരമുണ്ട്….നഗരത്തിന്റെ ഒച്ചയും ബഹളവുമൊന്നും അധികമുണ്ടാകാതെയിരിക്കാൻ ഞാൻ ബുദ്ധിപൂർവം തന്നെ  നഗരത്തിൽ നിന്നും അകലത്തിൽ കൊണ്ടേ വീട് പണിതത് ആണ്….

കാറിൻറെ അകത്തു ഞങ്ങൾ കുഞ്ഞിനെ കൂടുതൽ കൊഞ്ചിക്കുന്നതിന്റെ തിരക്കിലായിരുന്നു….ഇന്നത്തെ ദിവസം അവൾ ആണല്ലോ താരം…ഞങ്ങൾ വീടിന്റെ അടുത്തു വരെ എത്തി,. പെട്ടെന്ന് ആണ് ഞങ്ങളുടെ കാർ ആർക്കിട്ടൊ തട്ടിയത്….ഒന്നു പേടിച്ചു പോയി എങ്കിലും ഞാൻ കാർ മുൻപോട്ടു തന്നെ എടുത്തു..പുറകോട്ടു തിരിഞ്ഞു നോക്കിയ ഭാര്യ എന്നോട് പറഞ്ഞു…….

“”രാഹുലേട്ടാ വണ്ടി നിർത്തു…ആ പുള്ളി സൈക്കിളിൽ നിന്നും വീണു തല ഇടിച്ചിട്ട്  ഉണ്ട്….നമ്മൾ ഇവിടെ ഇട്ടിട്ടു പോയാൽ,, ചിലപ്പോൾ ഈ മഴയത്തു, ഇവിടെ ആരും കാണാതെ കിടന്നു വല്ലതും പറ്റും…അതു മാത്രമല്ല, നമ്മുടെ വീട്ടിൽ പെയിന്റ് അടിക്കാൻ വന്ന മനുഷ്യൻ ആണെന്ന് എനിക്കു കണ്ടപ്പോൾ തോന്നി…..””

“”നീ കുഞ്ഞിനെ ചേർത്ത് പിടിക്ക് രാധികേ….അവൾ പേടിക്കാതെയിരിക്കാൻ നോക്കു…നീ പറയും പോലെ ഇപ്പോൾ നമ്മൾ നിർത്തിയാൽ ആകെ പ്രശ്നം ആകും….അതു മാത്രമല്ല പുള്ളി എങ്ങാനും തട്ടി പോയാൽ നമ്മൾ പിന്നെ പോലീസ് സ്റ്റേഷൻ കയറി നരകിക്കണം ഈ  ജീവിതം മുഴുവനും ……. “”

“”രാഹുലേട്ടാ അല്ലാതെ പോലീസ് അറിഞ്ഞാലും കുഴപ്പമില്ലേ….ഇനി അറിഞ്ഞില്ല എങ്കിലും ഒരു ജീവൻ ഇവിടെ കളഞ്ഞിട്ടു പോകുന്നത് ശരി ആണോ……?? രാഹുലേട്ടൻ വണ്ടി നിർത്തു…ഇത്രക്കും ദുഷ്ടൻ ആകല്ലേ രാഹുലേട്ടാ…..””

അതു പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…കുഞ്ഞിനെ പിടിച്ചേക്കുന്ന കൈകൾ എടുത്തവൾ ഇടയ്ക്കു ഇടയ്ക്കു അവളുടെ കണ്ണുകൾ തുടക്കുന്നുണ്ടായിരുന്നു….

“”രാധികേ ഇവിടെ എങ്ങും കറന്റ്‌ ഇല്ല….ക്യാമെറയിൽ ഒന്നും പോലീസിന് നമ്മളെ കിട്ടില്ല…എന്തിനാ നമ്മൾ വെറുതേ അനാവശ്യ കാര്യമെടുത്തു തലയിൽ വെക്കുന്നത്……””

“”രാഹുലേട്ടാ ഒന്നു നിർത്തു…പെയിന്റ് അടിക്കാൻ വന്ന ആ ചേട്ടൻ തന്നെ ആണോന്നു എങ്കിലും നോക്കിയിട്ട് നമുക്ക് പോകാം…പുള്ളി നമുക്ക് ചെയ്ത ഉപകാരം നമ്മൾ മറക്കുന്നത് ശരിയാണോ ഏട്ടാ….””

“”പുള്ളി നമുക്ക് എന്ത് ചെയ്‌തെന്നാണ് രാധികേ നീ പറയുന്നത്…വീട് എത്താറായി നീ ഒന്നു മിണ്ടാതെയിരിക്കു….. “”

“”രാഹുലേട്ടാ ഇതുപോലെ ഒന്നും മറന്നു പോകരുത്….വീട് പണി കഴിഞ്ഞപ്പോൾ നമ്മുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലാക്കി ആ മനുഷ്യൻ വന്നു പെയിന്റ് നമുക്ക് അടിച്ചു തരിക അല്ലായിരുന്നോ..രണ്ടു മാസം കഴിഞ്ഞു നമ്മൾ കാശ് കൊടുത്തിട്ടും ആ മനുഷ്യൻ നമ്മളോട് പറഞ്ഞത് ഏട്ടൻ മറക്കരുത്…..

കുഴപ്പമില്ല…പൈസ കയ്യിൽ ഉണ്ടെങ്കിൽ മതി…എനിക്കു ധൃതി ഒന്നുമില്ല…അല്ലങ്കിൽ സാറിന് ആരെ എങ്കിലും സഹായിക്കാൻ പറ്റുമെങ്കിൽ അന്നേരം സഹായിച്ചാൽ മാത്രം മതി…ചിലപ്പോൾ ദൈവമായി ഏട്ടന് അദ്ദേഹത്തെ സഹായിക്കാൻ ഒരു അവസരം ഉണ്ടാക്കി തന്നത് ആയിരിക്കും…നമ്മൾ ഇത്രയും മുൻപോട്ടു വന്നില്ലേ ഏട്ടാ..എന്തായാലും ഒന്നുകൂടെ പോയി നോക്കാം..ആരും സഹായിച്ചിട്ടില്ല എങ്കിൽ നമുക്ക് അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടു പോകാം…. “”

അവൾ അത്രയും പറഞ്ഞപ്പോൾ ആണ് വീട്ടിൽ പെയിന്റ് അടിക്കാൻ വന്ന ചേട്ടനെ ഓർമ്മ വന്നത്……

നന്മയുള്ള ഒരു മനുഷ്യൻ…വീട് പണി തീർന്നു പെയിന്റ് അടിക്കാനും, പ്ലംബിങ്ങിനും ഒന്നും പൈസ തികയാതെ വരികയും കയറിതാമസത്തിനുള്ള ഡേറ്റ് തീരുമാനിക്കുകയും ചെയ്തിട്ട്  പൈസ ഇല്ലാതെ വിഷമിച്ചു  ഇരുന്നപ്പോൾ അദ്ദേഹത്തിന് ആകാവുന്നത് പോലെ  എന്നെ സഹായിച്ച വക്തി ആണ് ആ മനുഷ്യൻ…..

എന്റെ സ്വപ്നം ആയിരുന്നു എന്റെ വീട്..ആ വീടിനു പെയിന്റ് അടിച്ചവൻ….അതായത് എന്റെ  സ്വപ്നങ്ങൾക്ക് നിറം ചാർത്തിയവൻ അദ്ദേഹം ആണ്…അദ്ദേഹം ആയിരിക്കല്ലേ അതു….ഞാൻ മനസ്സിൽ ഒരു നിമിഷം പ്രാർത്ഥിച്ചു….

ഞാൻ വണ്ടി തിരിച്ചു…ഭാര്യയെ ഒന്നു കൂടി നോക്കിയിട്ടു ചോദിച്ചു

“”അതെ രാധികേ നിനക്ക് ശരിക്കും അദ്ദേഹം ആണെന്ന് തോന്നിയോ….അതോ ചുമ്മാ സംശയം ആണോ…?? ഈ രാത്രിയിൽ പോകാൻ ഉള്ള മടി കൊണ്ടാണ്… “”

“”എനിക്കു ശരിക്കും തോന്നി രാഹുലേട്ടാ….ഇനി അദ്ദേഹം അല്ലങ്കിലും നമ്മുടെ വണ്ടി അല്ലേ തട്ടിയത് അപ്പോൾ നമുക്ക് അയാളെ രക്ഷിക്കാൻ ഉള്ള കടമ ഇല്ലേ ഏട്ടാ…ചിലപ്പോൾ അയാളുടെ രൂപത്തിൽ എനിക്കു തോന്നിച്ചതാകാം രാഹുലേട്ടാ…. “”

കുറച്ചു നേരം ഡ്രൈവ് ചെയ്തപ്പോൾ ഞാൻ വണ്ടി അയാളെ ഇടിച്ചു ഇട്ട സ്ഥലത്തു എത്തി…ഒരു മനുഷ്യനും തിരിഞ്ഞു നോക്കാതെ ചോരയിൽ കുളിച്ചു മഴയത്തു അയാളും അയാളുടെ സൈക്കിളും കിടപ്പുണ്ട്…ഞാൻ അവിടെ വണ്ടി നിർത്തി ഇറങ്ങിയിട്ട് അയാളെ എടുത്തു കാറിൽ കിടത്തി…സൂക്ഷിച്ചു നോക്കി പെയിന്റ് അടിക്കാൻ വന്ന ചേട്ടനെ പോലെ തന്നെയുണ്ട്..പിന്നെയൊരു നിമിഷം താമസിച്ചില്ല ഞാൻ കാറും എടുത്തു നഗരത്തിലുള്ള ആശുപത്രിയിലേക്ക് പറന്നു….

ആശുപത്രിയിൽ കൊണ്ടു പോയതുകൊണ്ടും ആക്‌സിഡന്റ് കേസ് ആയതുകൊണ്ടും പോലീസിൽ വിവരം അറിയിച്ചു ഡോക്ടർസ്….അവരോട് ഞങ്ങൾ സിനിമ കഴിഞ്ഞു വരും വഴി റോഡിൽ കിടക്കുന്നതാണ് കണ്ടതെന്ന് പറഞ്ഞു വിശ്വസിപ്പിച്ചതുകൊണ്ട് അവർക്കു അധികം സംശയം ഒന്നും ഉണ്ടായില്ല….അവർ ഞങ്ങളോട് പൊക്കോളാൻ പറഞ്ഞു എങ്കിലും പോകാൻ ഞങ്ങൾക്ക് മനസ്സ് വന്നില്ല….വീട്ടിൽ പെയിന്റ് അടിക്കാൻ വന്ന ചേട്ടൻ ആണിത്, എന്താകും നോക്കി അദേഹത്തിന്റെ വീട്ടിൽ അറിയിച്ചിട്ട് പൊക്കോളാമെന്നു അവരോട് ഞങ്ങൾ പറഞ്ഞു പിടിപ്പിച്ചു…

അവിടെ ഇരുന്ന സമയം മുഴുവൻ ഞങ്ങൾ അയാൾക്ക്‌ ജീവൻ തിരിച്ചു കിട്ടണമെന്ന് മനസ്സുരുകി പ്രാർത്ഥിക്കുകയായിരുന്നു. പക്ഷെ ഞങ്ങളുടെ പ്രാർഥനകൾ വെറുതേ ആക്കികൊണ്ട് ഡോക്ടർ വന്നു ഞങ്ങളോട് പറഞ്ഞു

“”ദൈവം നിങ്ങളുടെ രൂപത്തിൽ അവിടെ അയാൾക്ക്‌ വേണ്ടി എത്തിയെങ്കിലും താമസിച്ചു പോയിരുന്നു….ഇടിയുടെ ആഘാതത്തിൽ തല ഇടിച്ചാണ് വീണത്….കുറെ അധികം രക്തം പോയി…ഒരു പക്ഷെ നിങ്ങൾ ഒരു പത്തു മിനിറ്റ് നേരത്തെ എത്തുക ആയിരുന്നു എങ്കിൽ….സമയം മാത്രം നമുക്ക് വേണ്ടി കാത്തു നിൽക്കുക ഇല്ലല്ലോ….നിങ്ങൾ ശ്രമിച്ചു എങ്കിലും കുറച്ചൂടെ നേരത്തെ ഇവിടെ കൊണ്ടു വരാൻ കഴിഞ്ഞിരുന്നു എങ്കിൽ….. “”

അത്രയും പറഞ്ഞു ഡോക്ടർ ഞങ്ങളുടെ അടുത്തു നിന്നും പോയി……

രണ്ടു മാസം ജോലി ചെയ്തിട്ടും പൈസ മേടിക്കാതെ ഇരുന്ന ആ മനുഷ്യനെ ഇടിച്ചു ഇട്ടിട്ടും രക്ഷിക്കാൻ നോക്കാതെ കളഞ്ഞ ആ പത്തു മിനുറ്റിനെ കുറിച്ചോർത്തു ഞാൻ ഈ ജീവിതം മുഴുവൻ വിഷമിക്കേണ്ടി വരും അതു തീർച്ച….

അദേഹത്തിന്റെ കർമങ്ങൾ എല്ലാം കഴിഞ്ഞു ആ വീട്ടിലേക്കു ചെന്നു കുറച്ചു പൈസ കൊടുക്കാൻ തുടങ്ങിയ എന്നോട് അദേഹത്തിന്റെ മകൻ പറഞ്ഞു

“”വേണ്ട സാറെ, അർഹത ഇല്ലാത്തതു മേടിക്കരുതെന്നു അച്ഛൻ പറഞ്ഞിട്ടുണ്ട്…സാറിന് ഒന്നും തോന്നരുത്…. “”

ഞാൻ ആ മോനെ ചേർത്ത് പിടിച്ചിട്ടു പറഞ്ഞു

“”അതെ, മോന്റെ അച്ഛൻ എന്നെ പൈസ ഇല്ലാതെയിരുന്നപ്പോൾ  സഹായിച്ചിട്ടുണ്ട്…അതിനു തിരിച്ചുള്ള സഹായം ആണെന്ന് കരുതിയാൽ മതി…… “”

“”സാറിന്റെ നല്ല മനസ്സിന് ഒരുപാട് നന്ദി…എങ്കിലും അച്ഛന്റെ വാക്കുകൾ ധിക്കരിച്ചു ഞങ്ങൾക്കൊന്നും വേണ്ട…. “”

അവിടെ നിന്നും ഇറങ്ങുമ്പോൾ എനിക്കു അറിയാമായിരുന്നു….നന്മ മരങ്ങൾ നല്കുന്ന തണലിൽ വളരുന്ന ചെറു മരങ്ങളും നന്മയുള്ളതായേ വളർന്നു വരൂ എന്നു….. 

A story by അരുൺ നായർ

അഭിപ്രായം പറയണേ സൗഹൃദങ്ങളെ…..

സമയം ആർക്കു വേണ്ടിയും കാത്തു നിൽക്കില്ല….ഈ ലോകത്ത് ഏറ്റവും വില ഉള്ളതും അതിനു തന്നെയാണ്…..

അതു പോലെ നമ്മുടെ സ്വപ്ന ഭവനങ്ങൾ പണിതു തരുന്ന പാവങ്ങളെയും പൊതുവെ വീട് പണി പൂർത്തിയായാൽ നമ്മൾ ആവശ്യമില്ലെങ്കിൽ വകവെക്കാറില്ല….മനുഷ്യനെ പണം നോക്കാതെ മനസ്സ് നോക്കി സ്നേഹിക്കാൻ നമുക്ക് കഴിയണം….