ഞാൻ എൻ്റെ നമ്പർ ടൈപ്പ് ചെയ്ത് അവൾക്ക് അയച്ച് കൊടുത്തു എതാനും നിമിഷങ്ങൾ കഴിഞ്ഞതും ശുഭയുടെ കാൾ വന്നു..

എഴുത്ത്: മനു തൃശ്ശൂർ

==============

അടുക്കള ജോലിയൊക്കെ കഴിഞ്ഞു ഒന്ന് സ്വസ്ഥമായി ഫോണിൽ പാട്ടുക്കാട്ട് ഇരിക്കുമ്പോഴാ വാടസപ്പിൽ ഒരു മെസേജ് വന്ന ട്യൂൺ കേട്ടത്…

ആദ്യം അത് അവഗണിച്ചു ഏങ്കിലും..അടുപ്പിച്ചു അടുപ്പിച്ചു വന്ന മെസ്സേജ് ട്യൂൺ പാട്ട് കേൾക്കുന്നതിനെ അലോസരം ഉണ്ടാക്കിയപ്പോൾ…

തീരെ താല്പര്യം ഇല്ലാതെയാണ് ഞാനത് ഓപ്പൺ ചെയ്തു നോക്കിയത് കൂടെ പഠിച്ച ദീപയുടെ മെസേജ് ആയിരുന്നു അത്..

“ടെ നീ എവിടായാ..നിന്നെക്കുറിച്ച് ഒരറിവും ഇല്ലാലോ..ചത്തോ അതോ ജീവിച്ചിരുപ്പുണ്ടോ ? നീയെന്ത ഫ്രണ്ട്സ് ഗ്രൂപ്പിൽ നിന്നും പോയത്..??”

തുടരെ തുടരെയുള്ള അവളുടെ ചോദ്യശരങ്ങൾ മെസ്സേജ് ആയി വന്നു കൊണ്ടേ ഇരുന്നു..

അവൾ എപ്പോഴും ഇങ്ങനെയാണ്..സൗഹൃദങ്ങളുടെ ഇടയിലേയ്ക്കു എപ്പോഴും ഇടിച്ചു കയറി വരും. നമ്മൾ എത്ര അകന്നു പോയാലും..നേർത്തൊരു ചിരിയോടെ തന്നിലേക്കു കൂടുതൽ ചേർത്ത് പിടിച്ചു മുന്നോട്ട് കൊണ്ടു വരും.

അത് കൊണ്ടു തന്നെ അവൾ എനിക്ക് ഏറ്റവും പ്രിയപെട്ടത് ആയതും ഞാൻ ഫോണെടുത്തു മെസേജ് ഇട്ടു…

“ഒന്നുമില്ലടാ..പഴയ നമ്പർ കട്ടായ്..അത് വീണ്ടും ആക്റ്റീവ് ആയിട്ട് വീണ്ടും ഗ്രൂപ്പിൽ വരാമെന്ന് കരുതി.

ഈ നമ്പർ താത്കാലികമായി എടുത്തതാ..ഇത് നിന്റെ കൈയിൽ ഉണ്ടല്ലോ..

“ആ അതൊക്കെ പോട്ടെ മോളെ.. നമ്മുടെ ശുഭ എന്നോട് നിന്റെ നമ്പർ ചോദിച്ചു. ഇത് നിന്റെ നമ്പർ ആണോ എന്ന് കൺഫോം ചെയ്യാനാണ് ഞാൻ ഇപ്പോൾ മെസ്സേജ് ഇട്ടത്..

“അവളുടെ മോളുടെ കല്യാണമാണ്.. നിന്നെ വിവാഹത്തിന് ക്ഷണിക്കണം എന്ന് അവൾ  പറഞ്ഞു….

ഞങ്ങൾ എല്ലാവരും പോകുന്നുണ്ട്..എല്ലാവരും സാരി  ഉടുക്കാൻ പ്ലാൻ വരെയും ചെയ്തു..നീ കൂടെ വരണേ..എത്ര നാളെയെടി നിന്നെ ഒന്ന് കണ്ടിട്ട്..

അതുകൊണ്ട് നിന്നെ വിളിച്ചാൽ കിട്ടുന്ന  നമ്പർ താടി മോളെ…?? ഞാൻ അവൾക്കു കൊടുക്കട്ടെ

ഞാൻ എൻ്റെ നമ്പർ ടൈപ്പ് ചെയ്ത് അവൾക്ക് അയച്ച് കൊടുത്തു എതാനും നിമിഷങ്ങൾ കഴിഞ്ഞതും ശുഭയുടെ കാൾ വന്നു..

ഞാൻ ആദ്യം ഒന്ന് കാൾ എടുക്കാൻ മടിച്ചു. പിന്നെ പെട്ടെന്ന് തന്നെ കാൾ എടുത്ത് ഫോൺ കാതോട് ചേർത്തു..

“ടി..എൻ്റെ മോളുടെ കല്ല്യാണമായ്..നീ തീർച്ചയായും വരണം..നമ്മുടെ ഫ്രഡ്സ് എല്ലാം വരുന്നുണ്ട്. നീയും വാടി. നമുക്ക് എല്ലാവർക്കും കൂടെ ഒന്ന് അടിച്ചു പൊളിക്കാം..

ഒരു നിമിഷം മൗനമാർന്നു..പഴയ കാലത്തേക്കൊന്ന് മനസ്സ് പോയി. എന്നാലും ഞാൻ പറഞ്ഞു.

“ഇവിടുത്തെ അമ്മയ്ക്ക് സുഖമില്ലാ തനിച്ചാക്കി പോവാൻ പറ്റില്ല. എന്നാലും ചേട്ടനോട് ചോദിച്ചിട്ട് പറയാം..ഞാൻ..ഞാൻ വരാൻ ശ്രമിക്കാമെടി..ഉറപ്പ് പറയുന്നില്ലാ….

“ഹും…എന്നാലും നീ പറ്റിയ വരണം എത്ര നാളായി നമ്മളൊക്കെ ഒന്ന് കണ്ടിട്ട് ഞങ്ങൾ എല്ലാം മിക്കവാറും കാണും. നീ മാത്രം ആണ് എവിടെയും വരാത്തത് ??

ചെവിയോട് ചേർത്ത് പിടിച്ച ഫോണിലെ മറു തലത്തിൽ നിന്നും അവസാന വാക്കും പൂർണ്ണമായതും…

“നോക്കട്ടെ ഞാൻ തീർച്ചയായും വരാമെന്ന്  പറഞ്ഞു ഫോൺ കട്ട് ചെയ്തു..

ആ നിമിഷം മുതൽ ഹൃദയത്തിൽ ഒരു ഭാരം പോലെ. ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം എനിക്ക് എന്റെ കൂട്ടുകാർക്കൊപ്പം ഒത്തുക്കൂടാൻ ഒരു അവസരം വന്നിരിക്കുന്നു..

കല്ല്യാണവും കഴിഞ്ഞു ഈ നാട്ടിലേക്ക് വന്നതിൽ പിന്നെ അവരെ ഒന്നും കാണാനോ ഒത്തു കൂടാനോ കഴിഞ്ഞിട്ടില്ല

പഴയ കോളേജ് ജീവിതവും അമ്പലവട്ടവും ദീപാരാധനയും ഒക്കെ ഒരു തണുത്ത തെന്നൽ പോലെ ഹൃദയത്തിൽ കുളിര് പടർത്തി..

ഒത്തിരി ബാധ്യതകൾ നിറഞ്ഞ ജീവിതത്തിൽ കയറി വന്നത് കൊണ്ടാവും ചില ഇഷ്ടങ്ങളും സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ പാതിവഴിയിൽ ഞാൻ  ഉപേക്ഷിച്ചു പോയിരിക്കുന്നു..

ഒടുവിൽ കിട്ടിയ ജീവതത്തോട് പൊരുത്തപെട്ട് വന്നപ്പോഴേക്കും വർഷങ്ങൾ ഒരുപാട് കഴിഞ്ഞു പോയിരിക്കുന്നു..

ഒന്ന് നെടുവീർപ്പിട്ടു പൂമുഖത്ത് വാതിൽ പടിയിൽ വന്നിരുന്നു പുറത്ത് ചേട്ടൻ അന്ന് അടിച്ചുണക്കിയ റബ്ബർ ഷീറ്റുകൾ വാരി കൂട്ടുന്നത് നോക്കി പതിഞ്ഞ ശബ്ദത്തിൽ ഞാൻ എൻ്റെ അങ്ങേരെ വിളിച്ചു പറഞ്ഞു..

“അനിയേട്ടാ ഇപ്പോൾ എൻ്റെ ഒരു കൂട്ടുക്കാരി വിളിച്ചിരുന്നു ഞങ്ങൾ കുറെ സംസാരിച്ചു .ഏറെ നാളുകൾ ആയി അവരോട് ഒക്കെ മിണ്ടിട്ട് ഒന്നു കണ്ടിട്ട്…

“ആഹാ എന്തു പറഞ്ഞു എന്നിട്ട് നിന്റെ കൂട്ടുക്കാരി .??

“ഈ മാസം ലാസ്റ്റ് അവളുടെ മകളുടെ കല്ല്യാണം ആണെന്ന് എന്നെ വിളിച്ചു..തീർച്ചയായും വരണമെന്ന് പറഞ്ഞു..

എനിക്കും പോകണമെന്നുണ്ട്. ഫ്രണ്ട്സ് എല്ലാവരും വരുന്നുണ്ട് ഏട്ടനെന്നെ കൊണ്ടാക്കി തരോ..??  അല്ലേൽ നമുക്ക് ഒരുമിച്ചു പോയാലോ..??

“ഉം..നോക്കട്ടെ അന്ന് കടയിൽ തിരക്കില്ലേ വരാം..ചിലപ്പോൾ വരാൻ പറ്റിയില്ലെന്ന് വരാം അതുകൊണ്ട് മുഖം വീർപ്പിക്കണ്ട എങ്ങനെ എങ്കിലും ഞാൻ ബസ് കയറ്റി വിടാം…

“പിന്നെ മോൾ ഇവിടെ നിന്നോട്ടെ നീ കൊണ്ട് പോവണ്ട  അമ്മയ്ക് ഒരു കൂട്ടാകുമല്ലോ..!!!

“ആ ഞാനും അതു തന്നെ ഓർത്തു പിന്നെ എനിക്ക് പുതിയൊരു സാരി വേണം വാങ്ങി തരുവോ..??അവരെല്ലാവരും സാരിയാണ് ഉടുക്കുന്നത് എന്ന് എല്ലാവരും പുതിയത് വാങ്ങി എന്ന്..

“എത്രയാന്ന് വച്ച എടുത്തോ.. ഓൺലൈൻ നിന്നും വാങ്ങാമല്ലോ!. അങ്ങേരൊന്നു മൂളി..

അങ്ങനെ വൈകുന്നേരം തന്നെ ഓൺലൈൻ നിന്നും ഒരു സാരി പർച്ചേസ് ചെയ്തു

ഒരുപാട് വിലക്ക് ഒന്നും വാങ്ങിയില്ല ആയിരം രൂപക്ക് അവരൊക്കെ എടുത്തു വച്ചത് രണ്ടായിരം മേലെ ആണെന്ന പറഞ്ഞു ഏട്ടൻ്റെ അവസ്ഥ ഓർത്തു കൊണ്ട് മാത്രം വിലകുറഞ്ഞ നല്ലൊരു സാരി തന്നെ വാങ്ങി..

കല്യാണദിവസം അടുത്തു. വെളുപ്പിന് തന്നെ. രാവിലത്തെയും, ഉച്ചയ്ക്കും ഉള്ള ആഹാരം ഉണ്ടാക്കി വെച്ചിട്ട്. മോളെ അമ്മയ്ക്ക് ഒപ്പം നിർത്തി ഏട്ടൻ്റെ കൂടെ ബസ്സ് സ്റ്റാഡ് വരെ ബൈക്കിൽ പോയി അവിടെ നിന്നും ബസ് കയറ്റി വിട്ട ശേഷമാണ് ഏട്ടൻ പോയത്..

അമ്പലത്തിൽ വച്ചാണ് കല്ല്യാണം എന്നത്‌കൊണ്ട് പെട്ടെന്ന് എത്താൻ എനിക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല..

കുട്ടിക്കാലം തൊട്ടു എല്ലാവരും ഒന്നിച്ചു ദീപാരാധന ഒക്കെ പോയി തൊഴുതിരുന്നു കൊണ്ട് വീണ്ടും ഒരിക്കൽ കൂടെ അവരെ കാണാനുള്ള ഹൃദയഭാരമായ് നടന്നു..

എവിടെ ചെന്നപ്പോൾ എന്നെ കണ്ടതും അവരെല്ലാവരും ഓടിവന്ന് എന്നെ ചേർത്ത് പിടിച്ചു എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു..

സംസാരിക്കാൻ വാക്കുകൾ കിട്ടാതെ. ഹൃദയം സ്നേഹം കൊണ്ടു നിറഞ്ഞു തുളുമ്പി..എത്ര നാളായെടാ നിന്നെ ഒന്ന് കണ്ടിട്ട്..

എല്ലാവരുടെയും സ്നേഹോഷ്മളത ഏറ്റു വാങ്ങി.വിശേഷങ്ങൾ..പരസ്പരം പങ്കു വെച്ചു നില്കുമ്പോളാണ്. കുറച്ചു അകന്നു മാറി ഒരു ചെറു ചിരിയോടെ എന്നെ നോക്കി നിൽക്കുന്ന ഒരു ചുരിദാർ കാരിയെ ശ്രദ്ധിച്ചത്..

അശ്വതി ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു..

അവൾ വേഗം എന്റെ അടുത്തേയ്ക്കു വന്നു എന്നെ ചേർത്ത് പിടിച്ചു കവിളിൽ ഉമ്മ വെച്ചു പറഞ്ഞു

“എല്ലാവരുടെയും പ്രകടനം കഴിയട്ടെ എന്ന് വെച്ചു ഞാൻ കുറച്ചു മാറി നിന്നതാ..നീ ഒരുപാട് മാറിയിരിക്കുന്നു അവൾ ചിരിയോടെ പറഞ്ഞു.

നിനക്ക് ഇപ്പോഴും ഒരു മാറ്റവും ഇല്ലാലോ അശ്വതി..പൊട്ടിന്റെയോ, കണ്മഷിയുടെയോ അലങ്കാരങ്ങൾ തെല്ലും ഇല്ലാലോ..

ഞാൻ ഇങ്ങനെ ആയി പൊയ്.. ഇനി ഉള്ള ജീവിതവും ഇങ്ങനെ പോകട്ടെ..വാക്കിൽ നിറഞ്ഞ വേദനയോടെ അവൾ പതിയെ പറഞ്ഞു..ആ വാക്കിൽ എവിടെയോ ഒരു നിരാശ നിറഞ്ഞിരുന്നോ..??

പിന്നെ എന്തോ എനിക്ക് അവളെ തനിച്ചു വിടാൻ തോന്നിയില്ല അവളുടെ കരം ചേർത്ത് പിടിച്ചു നടന്നു..

“നിനക്ക് എത്ര കുട്ടികൾ ഉണ്ട്..അശ്വതി താല്പര്യത്തോടെ ചോദിച്ചു..

“”ഒന്നേ ഉള്ളെടി അത് മതി..അത് തന്നെ ധാരാളം..ഞാൻ ഒരു ചിരിയോടെ പറഞ്ഞു..

ആ ദീപയ്ക്കും ഒന്നേ ഉള്ളു അതെന്താ നിങ്ങൾക്കു ഒന്ന് മതിയോ..??

“ഒന്ന് പോയെടി..ഒരിക്കൽ തന്നെ ഡെലിവറിക് കേറിയപ്പോഴേ മതിയായി. അന്നേ ഞാൻ തീരുമാനിച്ചു..ഇനി ഈ വഴിക്ക് ഇല്ലെന്ന്. ഞാൻ തമാശ പോലെ പറഞ്ഞു..

“അങ്ങനെ പറയാതെടി കുട്ടികൾ ഒരു ഭാഗ്യം അല്ലെ..

“അറിയാം പക്ഷെ അതല്ലടാ ആദ്യ ഡെലിവറിയോടെ തന്നെ വിട്ട് മാറാത്ത ബാക്ക്പെയിന് അത് ഓർക്കുമ്പോൾ തന്നെ പേടിയാ..

ഉം..അവൾ മെല്ലെയൊന്നു മൂളിക്കൊണ്ട്..എന്തോ ആലോചിക്കും പോലെ വിദൂരതയിലേക്ക് മിഴി നീട്ടി..

എന്തൊക്കെയോ പറഞ്ഞറിയിക്കാൻ പറ്റാത്ത സങ്കടമാണ് മനസ്സിലെ അലട്ടുന്നില്ലേ..അവളെ തന്നെ വീക്ഷിച്ചിരുന്ന എന്റെ ഉള്ളിൽ അങ്ങനെയൊരു തോന്നൽ ഉടലെടുത്തു..

ഒരിക്കൽ ദീപ പറഞ്ഞിരുന്നു അശ്വതി അവളുടെ കല്യാണം ഇന്നും നടന്നിട്ടില്ലെന്ന്.

ചോദിക്കുമ്പോൾ ഒരു കല്യാണ ജീവിതം അവൾ ആഗ്രഹിക്കുന്നില്ല എന്ന്. ജീവിതം പരമാവധി അടിച്ചുപൊളിക്കുക അതിന് ഒരു കൂട്ടിന്റെ ആവശ്യമില്ല..എന്നാണ് അവളുടെ അഭിപ്രായം

ആകെയുള്ള അമ്മ കൂടി പോയി കഴിഞ്ഞാൽ അവൾ തനിച്ചാകില്ലേ ചേച്ചി മാർ രണ്ടും വിവാഹം കഴിഞ്ഞു അവരുടെതായ ജീവിതം നയിക്കുന്നു..

അവളറിയാതെ അവളെ തന്നെ നോക്കി നിൽകുമ്പോ എന്റെ ഉള്ളിൽ വല്ലാത്ത ഒരു നീറ്റൽ പോലെ..

ഞാൻ മെല്ലെ അവളുടെ ഉള്ളറിയാൻ ചോദിച്ചു.

“അല്ല..കുട്ടികളെ കുറിച്ചു ഇത്രേ ആഗ്രഹം ഉള്ള നീ എന്താ ഒരു വിവാഹം കഴിക്കാത്തത്. ??

ഓ എന്തിനാടി.. വേറെ ഒരു ദുരന്തം കൂടി വിലയ്ക്കു വാങ്ങുന്നു..അവൾ പതിയെ പറഞ്ഞു..

“അതെന്താ ദുരന്തമെന്ന് നീ പറഞ്ഞേ എല്ലാവർക്കും അങ്ങനെ ആകില്ലല്ലോ..

“എന്റെ രണ്ട് ചേച്ചിമാരുടെ ജീവിതം തന്നെ എന്റെ മുന്നിൽ ഉണ്ട്..അത് തന്നെ ധാരാളം..അതൊക്കെ കണ്ട് മനസ്സ് മടുത്തു പോയി..

അല്ലെങ്കിലും പണ്ടേ ഞാൻ പറയുമായിരുന്നല്ലോ ഞാൻ വിവാഹം കഴിക്കില്ലെന്ന്..

“നീ പറഞ്ഞിരുന്നു പക്ഷേ..അതൊക്കെ അന്നത്തെ ഒരു വെറും തോന്നൽ മാത്രമാണ് എന്നാണ് ഞാൻ കരുതിയിരുന്നത്..നിന്റെ ഉള്ളിൽ സീരിയസ് ആയിട്ടാണ് എന്ന് ഇപ്പോഴാണ് മനസ്സിലായത്..

എങ്കിലും അശ്വതി..ചിലപ്പോഴൊക്കെ നീ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ പോലെ തോന്നുന്നില്ലേ..അമ്മയും അച്ഛനും പോയിക്കഴിഞ്ഞാൽ എന്തു ചെയും നീ..

”എനിക്കിപ്പോൾ അമ്മ മാത്രമേ ഉള്ളെടീ..അമ്മ കൂടിപ്പോയാൽ..അവൾ പറഞ്ഞു വന്നത് പാതിയിൽ നിർത്തി..പിന്നെ വീണ്ടും തുടർന്നു

“ആരും ഇല്ലാത്തവർ താമസിക്കുന്ന ഇടങ്ങൾ ഉണ്ടാവില്ലേ..ഈ ഭൂമിയിൽ എവിടെയെങ്കിലുമൊക്കെ..ഞാൻ പോവും അങ്ങനെയുള്ളിടം തിരക്കുന്നുണ്ട്..ഒന്ന് രണ്ടെണ്ണം എന്റെ അറിവിൽ ഞാൻ നോക്കി വച്ചിട്ടുണ്ട്..

അമ്മയുടെ കാലം കഴിഞ്ഞാൽ ആർക്കും ഒരു ബാധ്യത ആകാതെ ഞാനവിടെ പോയി ജീവിക്കും..

ഇപ്പോൾ എനിക്ക് വിലക്കുകൾ ഇല്ല..സ്വന്തം വണ്ടി,വീട്,ഷോപ്പ് എല്ലാമുണ്ട്..ഇനിയും അങ്ങനെ തന്നെ പോകട്ടെ..പറ്റുന്നിടത്തോളം മറ്റുള്ളവരുടെ അടിമ ആകാതെ ജീവിക്കാമല്ലോ..

പക്ഷേ ആ വാക്കിൽ എല്ലാം അവൾക്ക്..ഒരുപാട് മോഹിച്ചു നഷ്ടമായ ഒരു ജീവിതം ഒളിച്ചിരിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്..

എന്തിനോ വേണ്ടി മാറ്റിവെയ്ക്കപ്പെട്ട പോലെ ഒരു ജീവിതം

ഓർത്തപ്പോൾ എന്റെ ഉള്ളിൽ സങ്കടം അണ പൊട്ടാൻ വെമ്പുന്ന പോലെ.. എനിക്ക് അവളെ കെട്ടിപ്പിടിച്ച് ഒന്ന് പൊട്ടി കരയണമെന്നു തോന്നി..

പക്ഷേ ചുറ്റും കൂടി നിൽക്കുന്ന ആളും ആരവവും എന്നെ നിയന്ത്രിച്ചു..

പിന്നെ എന്റെ മനസ്സിൽ കല്യാണവും ബഹളവും ആൾക്കൂട്ടം ഒന്നുമില്ലായിരുന്നു..

ഉള്ള സമയം എല്ലാവരിൽ നിന്നും ഒറ്റപെട്ടു നിൽക്കാൻ കൊതിക്കുന്ന അവൾക്കൊപ്പം ചിലവഴിക്കാൻ എന്റെ കരം അവളുടെ കരത്തെ ചേർത്തു പിടിച്ചിരുന്നു..

മറ്റുള്ളവരെല്ലാം കിട്ടിയ സന്തോഷത്തെ പരമാവധി ആസ്വദിക്കുകയായിരുന്നു..ഒന്നിച്ചു നിന്ന് എല്ലാവരും ഒരുപാട് ഫോട്ടോ  എടുത്തു. അശ്വതിക്കു അതിലൊന്നും തീരെ താല്പര്യം ഇല്ലായിരുന്നു അത് കൊണ്ടു ഒന്ന് രണ്ട് ഫോട്ടോയിൽ മുഖം കാണിച്ചു ഞാനും അവൾക്കൊപ്പം കൂടി..

ഏങ്കിലും അവരുടെ സന്തോഷം കണ്ടപ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു കുളിർമ. എല്ലാവരും മനസ്സ് കൊണ്ടു വീണ്ടും ആ പത്താം ക്ലാസ്സുകാർ ആയപോലെ ഉള്ള കുട്ടിത്തം..പരസ്പരം സെൽഫി എടുക്കാൻ ഉള്ള മത്സരം.

ഒപ്പം തീരാത്ത സങ്കടവും കഴിഞ്ഞു പോയ നാളുകളിലെ കുഞ്ഞു പാദങ്ങൾ വല്ലാതെ നൊമ്പരപ്പെടുത്തി..ഒരിക്കലും ആ കാലത്തിൽ നിന്നും ഒരു മുന്നേറ്റം വേണ്ടായിരുന്നു എന്ന് തോന്നി പോയി.

ഒടുവിൽ കല്ല്യാണ മേളം ഉയർന്നു. മണ്ഡപത്തിൽ വധുവരനെ നോക്കി മനസ്സു കൊണ്ടു ഒരായിരം അനുഗ്രഹവും പ്രാർത്ഥനയും നേർന്നു

ഞാൻ അശ്വതിയുടെ മുഖത്തേയ്ക്കു നോക്കി. കല്ല്യാണ മണ്ഡപത്തിൽ തന്നെ നോക്കി പുഞ്ചിരിക്കുന്ന അശ്വതിയെ ഞാൻ കണ്ടു..

പുറമെ സന്തോഷം ആണെങ്കിലും ഉള്ളിൽ അവളെ തളർത്തി കളയുന്ന എന്തോ നൊമ്പരം ഇല്ലേ..ആ മിഴികളിൽ ഉറങ്ങി കിടക്കുന്നില്ലേ ഇങ്ങനെ ഒരു കതിർ മണ്ഡപം

ഞാൻ മെല്ലെ അവളുടെ കൈയിൽ അമർത്തി പിടിച്ചതും അവൾ െന്നെ നോക്കി പറഞ്ഞു..

“നീ പേടിക്കണ്ട ഞാൻ ഇപ്പോഴും സന്തോഷത്തോടെ തന്നെയാടീ ജീവിക്കുന്നെ ഒരു സങ്കടവും ഇല്ല..

“ഞാനൊന്നു മൂളി അവളെ തന്നെ ഒളിഞ്ഞു നോക്കി മുപ്പത്തിഏട്ട് വയസ്സ് കഴിഞ്ഞ ഒരുവൾ ആണ് ഇത് പറഞ്ഞത്

“ചേച്ചിമാരുടെ ജീവിതം കണ്ടു സഹിക്കുന്നില്ല അമ്മയുടെ കാലം കഴിഞ്ഞ എങ്ങോട്ടെങ്കിലും പോവണമെന്ന്..??

പാവം ഉള്ളിലെവാടെയൊ വലിയൊരു വേദനയുടെ കനൽ മൂടി വച്ചിട്ട്..ആരോടും പറയാതെ ആരേയും ശ്രദ്ധിക്കാതെ കല്ല്യാണ മണ്ഡലത്തിലേക്ക് നോക്കി ചിരിച്ചു കൊണ്ട് ഇരിക്കുന്ന അശ്വതിയുടെ കണ്ണുകൾ ആ നിമിഷം നിറഞ്ഞു കൊണ്ട് തിളങ്ങുന്നത് ഞാൻ കണ്ടു..

ഏറെ നേരത്തെ നിശബ്ദതയ്ക്ക് ശേഷം അശ്വതി മെല്ലെ എന്നോട് പറഞ്ഞു..

“ഡീ…വീണ്ടും ഒരിക്കൽ കൂടെ നമുക്ക് എല്ലാം ഒന്ന് ചേർന്നു ഇങ്ങനെ കുറച്ചു നല്ല നിമിഷം വേണം എനിക്ക് വേണ്ടി. ഒരു പക്ഷേ അത് എന്റെ ജീവിതത്തിലെ അവസാനം സന്തോഷനിമിഷം ആകും. അതുകൊണ്ട് എനിക്ക് എന്നെന്നും ഓർമയിൽ സൂക്ഷിച്ചു വെയ്ക്കാൻ. അന്ന് ഞാൻ വിളിച്ചാൽ നീ വരില്ലേ. അവൾ അപേക്ഷിക്കും പോലെ എന്നോട് ചോദിച്ചു..

“ഉം..ഞാൻ വരും..നിനക്ക് വേണ്ടി..നിനക്ക് വേണ്ടി മാത്രം.

അടക്കി വെച്ച കണ്ണീരിനിടയിൽ നിന്നും എന്റെ വാക്കുകൾ ചിതറി വീണു.

അന്ന് ചടങ്ങുകൾ കഴിഞ്ഞു വീണ്ടും ഒരിക്കൽ കൂടി ഒന്നിച്ചു കൂടാം എന്ന് വാക് നൽകി എല്ലാവരും പരസ്പരം പിരിയുമ്പോൾ. വല്ലാത്തൊരു ഹൃദയഭാരം കൂടി കൂടെ കൂട്ടിയിരുന്നു..

വീണ്ടും കുടുംബത്തിന്റെ തിരക്കിൽ അലിയുമ്പോഴും..ഇടവേളയില്ലാതെ എന്നെ കുത്തി നോവിക്കുന്നു ആ മുഖം

“അശ്വതി…”

അതേ ഹൃദയത്തിൻ്റെ ഉള്ളിൽ എവിടെയോ  മൂടിവച്ച കനൽ വീണ്ടും നീ എരിച്ചിരിക്കുന്നു..പെണ്ണേ…

നന്ദി ❤️🙏

~മനു തൃശ്ശൂർ