സുന്ദരികൾക്കുള്ള ഒപ്പ് ഇടുന്ന പേന അല്പം വില കൂടുതൽ ഉള്ളതാവുന്നതല്ലേ നമുക്ക് സന്തോഷം…

എഴുത്ത്: ഹക്കീം മൊറയൂർ

================

കോഴിക്കോട് നിന്നും ട്രെയിനിൽ കയറിയപ്പോഴേ അവർ എന്നെ നോക്കുന്നത് ഞാൻ കണ്ടിരുന്നു.

അവർ എന്ന് പറഞ്ഞാൽ അഞ്ചു പെൺകുട്ടികൾ. പതിനെട്ടു വയസ്സോളം പ്രായം തോന്നുന്ന അഞ്ചു സുന്ദരികൾ.

മുംബൈക്ക് പോവുന്ന നേത്രാവതി എക്സ്പ്രസ്സ്‌ ആണ്. അഞ്ചു പേരുടെയും കയ്യിൽ ബാഗുകൾ ഉണ്ട്. ഒരു പക്ഷെ മുംബൈയിൽ പഠിക്കുന്ന കുട്ടികളായിരിക്കാം.

അപരിചിതരായ പലരും ഈയിടെയായി എന്നെ ശ്രദ്ധിക്കുന്നത് ഞാൻ കാണാറുണ്ട്. പരിചയമുള്ള ആരുടെയെങ്കിലും മുഖച്ഛായ തോന്നിക്കുന്നത് കൊണ്ടായിരിക്കാം. അല്ലെങ്കിൽ എന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരി കണ്ടിട്ടും ആവാം.

യാത്രകളിൽ പലപ്പോഴും ഞാൻ പഴയ കോമഡികൾ ഓർത്തു ഊറിയൂറി ചിരിക്കാറുണ്ട്. അത് കാണുന്ന സഹയാത്രികർ ഏതാണ് ഈ വട്ട് കേസ് എന്ന രീതിയിലും നോക്കാറുണ്ട്.

ഇവിടെ പക്ഷെ അങ്ങനെയല്ല. എന്റെ നേരെ എതിർഭാഗത്ത് നിന്നും അവർ അഞ്ചു പേരും എന്നെ തന്നെ നോക്കുകയാണ്. ഒരു പക്ഷെ അവർ അഞ്ചു പേരും കഥകൾ വായിക്കുന്നവർ ആയിരിക്കണം. തങ്ങളുടെ ഇഷ്ട എഴുത്തുകാരനെ പെട്ടെന്ന് കണ്ടപ്പോഴുള്ള ആനന്ദത്താൽ വാക്കുകൾ കിട്ടാതെ ഹർഷ പുളകിതരായി നോക്കുകയായിരിക്കാം.

അതിൽ വെളുത്ത് തടിച്ച സുന്ദരി നെറ്റിയിൽ സിന്ദൂരം തൊട്ടിട്ടുണ്ട്. അവളുടെ കല്യാണം കഴിഞ്ഞു കാണണം. ബാക്കി രണ്ടു സുന്ദരികൾ ഹിജാബ് അറിഞ്ഞിട്ടുണ്ട്. പിന്നെ ഒരു സുന്ദരി തട്ടം കഴുത്തിലൂടെ ചുറ്റി വെച്ചിട്ടുണ്ട്. ഏറ്റവും അവസാനത്തെ മെലിഞ്ഞ സുന്ദരിയുടെ കഴുത്തിലെ മാലയിൽ ഒരു ചെറിയ സ്വർണ്ണ കുരിശ് കിടന്നു ആടുന്നുണ്ട്.

കൊള്ളാം. എന്റെ ആരാധകരായ സുന്ദരികൾ മത മൈത്രി കാത്തു സൂക്ഷിക്കുന്നവരാണ്. അവർ അഞ്ചു പേരുടെയും കണ്ണുകളിൽ തെളിയുന്നത് എന്നോടുള്ള ആരാധനയാണ്.

അവർ ചോദിക്കാൻ പോവുന്ന ചോദ്യങ്ങൾക്ക് എങ്ങനെ മറുപടി പറയണം എന്ന് ഞാൻ ആലോചിച്ചു. അധികം ജാഡ ഇടാൻ പറ്റില്ല. സുന്ദരികളല്ലേ, ജാഡ കൂടി പോയാൽ ചിലപ്പോ അവർ ക്രൂ രമായി അവഗണിച്ചു കളയും.

എപ്പോഴും കൊണ്ട് നടക്കുന്ന പേന പോക്കറ്റിൽ ഉണ്ടോ എന്ന് ഞാൻ പരിശോധിച്ചു. ഭാഗ്യമുണ്ട്. പേനയുണ്ട്. മൂടി പൊട്ടിയ ഒരു ലക്സി പേന. അതിന്റെ മഷി ഏകദേശം തീരാനായിട്ടുണ്ട്. ഇനി ഈ അഞ്ചു പേർക്കും ഓട്ടോഗ്രാഫ് വേണമെന്ന് പറഞ്ഞാൽ ചിലപ്പോൾ മഷി തീർന്നു പോവും. ഇത്തരം സന്ദർഭങ്ങളിൽ പാർക്കർ പേനയൊക്കെ അത്യാവശ്യമാണ്. സുന്ദരികൾക്കുള്ള ഒപ്പ് ഇടുന്ന പേന അല്പം വില കൂടുതൽ ഉള്ളതാവുന്നതല്ലേ നമുക്ക് സന്തോഷം.

ബാഗിൽ ക ന്യകകളായ നാലു ‘മൂന്ന് പെണ്ണുങ്ങളും’ നാലഞ്ചു ‘സൈക്കോ പാത്തും’ ഭദ്രമായി ഇരിപ്പുണ്ട്. അല്ലയോ ഞാൻ പെറ്റ എന്റെ പുസ്തകങ്ങളെ, നിങ്ങൾ ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ്. സുന്ദരികളായ ഈ പെൺകുട്ടികളുടെ മാറോടു ചേർന്ന് കിടക്കാൻ നിങ്ങൾക്ക് ഭാഗ്യമുണ്ട്.

ജാഡ കാണിക്കണ്ടല്ലോ എന്ന് കരുതി ഞാൻ അവരെ നോക്കി പുഞ്ചിരിച്ചു. അവരും എന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു.

എന്റെ പുഞ്ചിരി കണ്ടു നാണത്തോടെ അവർ മന്ദഹസിക്കാൻ തുടങ്ങി. സംസാരിക്കാൻ അവർക്ക് വാക്കുകൾ കിട്ടുന്നില്ല എന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.

ഒന്ന് മുഖം കഴുകി ഫ്രഷ് ആയി വരാം എന്ന് കരുതി ഞാൻ എണീറ്റ് പോയി. എന്റെ അഭാവത്തിൽ അവർ എന്നെ പറ്റി നടത്താൻ ഇടയുള്ള സംഭാഷണം ഞാൻ ബഷീറിയൻ ശൈലിയിൽ ഒന്ന് ആലോചിച്ചു.

ഹിജാബി 1- എന്തൊരു സുന്ദരനാ അല്ലെ?.

ഹിജാബി 2- എനിക്കിഷ്ടമായത് ഇക്കയുടെ ഉയരമാണ്. എനിക്ക് നന്നായിട്ട് ചേരും.

കുരിശ് – അതിന് നിന്റെ കല്യാണം ഉറപ്പിച്ചതല്ലേ?.

ഹിജാബി 2- ഒരു എഴുത്തുകാരനായ കാമുകൻ എന്നും എന്റെ സ്വപ്നമായിരുന്നെടീ.

തട്ടം – അങ്ങനെ നീയിപ്പോ എന്റെ ഇക്കയെ സ്വപ്നം കാണണ്ട.

സിന്ദൂരം – ഒന്ന് നിർത്തുന്നുണ്ടോ. ഇക്ക നിങ്ങൾ കരുതിയ പോലെയൊന്നുമല്ല. ഡീസന്റാണ്. ഇൻബോക്സിൽ എന്റെ മെസേജ് ഇത് വരെ നോക്കിയിട്ട് കൂടിയില്ല.

ഹിജാബി 1- എനിക്ക് ഇക്കയുടെ രണ്ട് പുസ്തകവും ഒപ്പിട്ട് ഇപ്പൊ തന്നെ വാങ്ങണം.

തട്ടം – എനിക്ക് കൂടെ നിന്നു സെൽഫി എടുക്കണം.

അവരുടെ സംഭാഷണം മുറിച്ചു കൊണ്ട് ഞാൻ അവിടേക്ക് ചെന്നു. അഞ്ചു പേരുടെയും മുഖത്ത് നാണമാണ്.

തട്ടമിട്ട സുന്ദരി ഒന്ന് മുരടനക്കി. എന്ത് വേണമെങ്കിലും ചോദിച്ചോളൂ എന്ന അർത്ഥത്തിൽ ഞാൻ അവളെ നോക്കി. പെണ്ണിന് നാണമാണ്.

‘അങ്കിളേ… ‘

അവളുടെ വിളി കേട്ട് അമ്പരന്നു ഞാൻ ചുറ്റും നോക്കി. എന്നെ തന്നെയാണ് വിളിച്ചിരിക്കുന്നത്. ഒരൊറ്റ നിമിഷം കൊണ്ട് അവളുടെ സൗന്ദര്യം ഒലിച്ചു പോയതായി എനിക്ക് തോന്നി.

‘അങ്കിളിന്റെ ബർത്ത് ഇവൾക്ക് കൊടുക്കാമോ. അവൾക്ക് മുകളിൽ കയറാൻ പേടിയാണ്.’

കുരിശിന് മുകളിലെ ബർത്തിൽ കയറാൻ പേടിയായിട്ട് എന്റെ താഴെയുള്ള ബർത്ത് ചോദിക്കാനാണ് അവൾ വാ തുറന്നത്.

അങ്കിളേ എന്ന വിളിയിൽ തന്നെ ഞാൻ തളർന്നു പോയിരുന്നു. ആദ്യമായാണ് ഇത്രെയും വലിയ ഒരു കുട്ടി, അതും സുന്ദരിയായ ഒരു പെൺകുട്ടി എന്നെ അങ്ങനെ വിളിക്കുന്നത്.

‘പോയി മുകളിൽ കയറി കിടന്നോ. എന്റെ ബർത്ത് തരാൻ സൗകര്യമില്ല’.

ഇങ്ങനെ പറയാനാണ് തോന്നിയതെങ്കിലും ശരി ന്നു പറഞ്ഞു ഞാൻ ബാത്‌റൂമിനു സൈഡിൽ സ്ഥാപിച്ച കണ്ണാടിയിൽ പോയി നോക്കി.

കണ്ണിനു താഴെ കറുപ്പ് നിറഞ്ഞിരിക്കുന്നു. താടിയിൽ അങ്ങിങ്ങായി പത്തു പതിനഞ്ചെണ്ണം വെളുത്തിട്ടുണ്ട്. തലയുടെ ഇരു വശത്തും പിന്നെ മുൻപിലും ഇടക്കിടെ നരച്ചിട്ടുണ്ട്. അവളെ പറഞ്ഞിട്ടും കാര്യമില്ല. പ്രായത്തിൽ മൂത്തവരൊക്കെ പല പെൺകുട്ടികൾക്കും അമ്മാവനും അങ്കിളുമൊക്കെയാണ്. കാലം പോയ പോക്ക്. അല്ലാതെന്താ…

തിരിച്ചു  പോയി ഞാൻ സീറ്റിന്റെ ഒരു മൂലക്ക് ഒതുങ്ങിയിരുന്നു. പിന്നെ മൊബൈൽ എടുത്തു ഒരു ഗസൽ പ്ലേ ചെയ്തു കണ്ണും അടച്ചു അങ്ങനെ ഇരുന്നു.

ഇടക്ക് കണ്ണ് തുറന്നു നോക്കുമ്പോൾ ആ അഞ്ചു സുന്ദരികളും ഒരു പ്ളേറ്റിൽ നിന്നു ഉണ്ണിയപ്പം എടുത്തു കഴിക്കുകയാണ്.

‘അങ്കിളിനു വേണോ?’

ഞാൻ നോക്കുന്നത് കണ്ടപ്പോ കുരിശ് ചോദിച്ചു. വേണ്ടെന്നു പറഞ്ഞു ഞാൻ വീണ്ടും കണ്ണുമടച്ചു സീറ്റിലേക്ക് തന്നെ കാഞ്ഞു.

അവളുമാരുടെ ഒരു അങ്കിളും ഒരു ഉണ്ണിയപ്പവും. അക്ഷര ബോധം തൊട്ട് തീണ്ടാത്ത കുറെ ജാഡകൾ.

ഉണ്ണിയപ്പത്തിന്റെ മണം കൊണ്ട് വായിൽ നിറഞ്ഞ ഉമിനീർ അവർ കാണാതെ ഇറക്കി കൊണ്ട് ഞാൻ വീണ്ടും ഉറക്കം നടിച്ചു കിടന്നു. അല്ല പിന്നെ….

~ഹക്കീം മൊറയൂർ