Story written by Manju Jayakrishnan
===============
“”കണ്ടവന്റെ അടുക്കളയിൽ പാത്രം കഴുകാനല്ല ഞാനെന്റെ കൊച്ചിനെ പഠിപ്പിച്ചത്””
അമ്മയുടെ ശബ്ദം ഉയർന്നപ്പോൾ ഞാൻ പോലും അതിശയത്തോടെ നോക്കി…
“തൊള്ള തൊറക്കാത്തെടീ ” എന്ന് ദേഷ്യത്തോടെ അച്ഛൻ പറഞ്ഞെങ്കിലും അമ്മ അതൊന്നും വകവെച്ചതെ ഇല്ല
“ഈ അമ്മയാണോ പത്തു ഇരുപതു വർഷം ഒന്നും മിണ്ടാതെ അച്ഛന്റെ ഉപദ്രവവും അച്ഛമ്മേടെ കുത്തുവാക്കുകളും സഹിച്ചത് ” ഞാൻ മനസ്സിലോർത്തു…
ഓർമ്മവച്ച പ്രായം മുതൽ മനസ്സിലോടിയെത്തുന്നത് എന്നെയും കൊണ്ട് തൊഴുത്തിനുള്ളിൽ മറഞ്ഞിരിക്കുന്ന അമ്മയുടെ രൂപം ആണ്…
അച്ഛൻ എന്നും നാലുകാലിൽ ആണ് വരുന്നത്…അച്ഛന് പ്രത്യേകിച്ചു ജോലി ഒന്നും ഇല്ലെങ്കിലും അച്ഛമ്മക്ക് പെൻഷൻ ഉണ്ടായിരുന്നു…
വീട്ടുകാര്യത്തിന് ഒരു രൂപഅച്ഛമ്മ കൊടുത്തില്ലെങ്കിലും അച്ഛന് കുടിക്കാൻ കാശ് കൊടുക്കും…
കുടിച്ചിട്ടു വന്നാലേ അമ്മയെ തെറി വിളിക്കുകയും ഉപദ്രവിക്കുകയും ചെയ്യൂ..അതു കാണാൻ അവർക്ക് പ്രത്യേക താല്പര്യം ആണ്…
പടിപ്പുരയിൽ അച്ഛന്റെ ശബ്ദം കേൾക്കുമ്പോഴേ അമ്മയുടെ മുഖം വിളറി വെളുക്കും…
എന്നെയും കൊണ്ട് രാത്രിയുടെ മറവിൽ പലസ്ഥലങ്ങളിൽ അഭയം തേടും..പലപ്പോഴും അച്ഛമ്മ ഞങ്ങളെ കാട്ടിക്കൊടുക്കും…പിന്നെ പൊതിരെ തല്ലും കേട്ടാലറക്കുന്ന തെറിവിളികളും ആണ്
ഒരക്ഷരം മിണ്ടാതെ എല്ലാം സഹിക്കുന്ന അമ്മയെ കാണുമ്പോൾ പലതവണ നെഞ്ചു പൊടിഞ്ഞിട്ടുണ്ട്…
“നമുക്കീ അച്ഛനെ വേണ്ട….” എന്ന് പറയുമ്പോൾ ‘അതുകൊണ്ടല്ലേ എന്റെ കുഞ്ഞുനെ കിട്ടിയെ ‘ എന്ന് അമ്മ പറയും
“തള്ള വേലി ചാടിയാൽ മകള് മതില് ചാടുമെന്നാ…” എന്ന് അച്ചമ്മ എന്നെ നോക്കി പറയും.
അടുക്കളപ്പണി പഠിപ്പിച്ചില്ലെങ്കിലും അതൊക്കെ ഇവൾടെ അമ്മ പഠിപ്പിച്ചു കാണും എന്ന് പുച്ഛത്തോടെ എപ്പോഴും പറയും
ഒളിഞ്ഞും തെളിഞ്ഞും പലതവണ ഞാൻ ഇതു കേട്ടിട്ടുള്ളതാണ്
“എന്താമ്മേ ഇങ്ങനെ പറയുന്നേ….. “
“പ്രായത്തിന്റെ പക്വത ഇല്ലാത്തതു കൊണ്ട് അമ്മയ്ക്ക് ഒരു അബദ്ധം പറ്റിയിട്ടുണ്ട് മോളെ….”
അമ്മ അതു പറയുമ്പോൾ കണ്ണു നിറഞ്ഞിരുന്നു…
വീട്ടുകാർ അംഗീകരിക്കാത്തതു കൊണ്ട് ഒളിച്ചോടി…പക്ഷെ സാധനങ്ങൾ വാങ്ങാൻ പോയ അയാള് തിരിച്ചു വന്നില്ല…ചതിക്കപ്പെട്ടു എന്ന് പിന്നീട് മനസ്സിലായി..
അന്ന് ജോലിയോ ഒന്നും നോക്കാതെ അച്ഛനെക്കൊണ്ട് എന്നെ കെട്ടിച്ചു..അന്നു മുതൽ…അമ്മ പാതിയിൽ നിർത്തി
അങ്ങനെ എന്റെ ഡിഗ്രി പഠനം കഴിയാറായി ഇരിക്കുമ്പോൾ ആണ് അച്ഛൻ ഒരു ആലോചന ആയി വരുന്നത്…
പയ്യന് പ്രത്യേകിച്ചു ജോലിയും കൂലിയും ഒന്നുമില്ല അച്ഛന്റെ കൂടെ വെള്ളമടിയാണ് പരിപാടി….അയാളുടെ അമ്മക്ക് വയ്യാതെ ആയപ്പോൾ ഒരു അടുക്കളകാരിയുടെ കാര്യം പറഞ്ഞപ്പോൾ ആണ് അച്ഛന് ഇങ്ങനെ ഒരാശയം മനസ്സിൽ തോന്നിയത്
എന്നെക്കെട്ടിച്ചെന്നും ആയി…അയാൾക്ക് ഫ്രീ ആയൊരു വേലക്കാരിയും…
ഇതിലും അമ്മ മൗനം പാലിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു….
എന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് അമ്മ ശക്തമായി പ്രതികരിച്ചു…
“അടുക്കളകാരി ആക്കാൻ അല്ല എന്നെ വളർത്തിയതെന്നും..എന്റെ കൊച്ചിന്റെ ജീവിതം നശിപ്പിക്കാൻ നോക്കിയാൽ അ രിഞ്ഞു തള്ളും “
എന്നു കേട്ടപ്പോൾ ശക്തമായ മുഖമടച്ചുള്ള ഒരടിയായിരുന്നു അച്ഛൻ കൊടുത്തത്.
“കൊരക്കുന്നോടീ ശ വമേ ” എന്ന് പറഞ്ഞു അന്ന് അമ്മയെ കൊ ല്ലാതെ കൊ ന്നു..
“നമുക്കീ അച്ഛനെ വേണ്ടല്ലേ അമ്മേ ” എന്ന് പറയുമ്പോൾ പതിവു മറുപടിക്കു പകരം ഒന്നു മൂളി….
അപ്പോഴേക്കും നല്ലൊരു ജോലിയും അതിൽ നിന്നുള്ള വരുമാനം കൊണ്ട് വാടകക്ക് ഒരു ചെറിയ വീടും ഞാൻ റെഡിയാക്കിയിരുന്നു…
ഉടുതുണിയായി അമ്മക്കൊപ്പം ഇറങ്ങുമ്പോൾ ഞാൻ അമ്മയോടായി പറഞ്ഞു……
“ഇത്രയും കാലം തന്നതിൽ ഒരു പങ്കെങ്കിലും തിരിച്ചു കൊടുത്തേര് എന്ന് “
അച്ഛന്റെ ഇടതു കവിളിൽ നല്ല കിണ്ണൻകാച്ചിയ പൊട്ടീര് കൊടുത്ത് ഇറങ്ങുമ്പോൾ താലിമാല പൊട്ടിച്ചെറിയാനും അമ്മ മറന്നില്ല..
NB: ഉരുകി ജീവിക്കുന്ന പല സാധു ജന്മങ്ങളും പ്രിയപ്പെട്ടവർക്കു വേണ്ടിയാണ് തീയായി മാറുന്നത്…