Written by Shincy Steny Varanath
================
സ്വന്തം ശരീരത്തിന് തടി കൂടി എന്നും, ഇതിൽ കാതലൊട്ടുമില്ലെന്നും മനസ്സിലാക്കിയ ഞാൻ അങ്ങനെ തടി കുറയ്ക്കാൻ തീരുമാനിച്ചു…
ഒരു പണിക്കും പുറത്ത് പോകാതെ, രാവിലെ ഒരു ഒൻപത് മണിക്ക് മുൻപ് അത്താഴത്തിന്റെ പണിവരെ തീർത്ത്, പിന്നീടുള്ള സമയം മുഴുവൻ വിശ്രമിക്കുകയും, കെട്ടിയോൻ എപ്പോൾ വന്നാലും പൂമുഖവാതിൽക്കൽ സ്നേഹം തുളുമ്പാൻ റെഡിയായിരിക്കുന്നതുമായ എനിക്ക് ഇത് വളരെ കടുപ്പപ്പെട്ട തീരുമാനമാണ്…
എൻ്റെ അഭിപ്രായത്തിൽ, കുനിയാനും നിവരാനും വയറ് ഒരു തടസ്സമാകുമ്പോൾ, വയറൊരു ടയർ ഷെയ്പ്പിൽ രൂപാന്തരപ്പെടുമ്പോൾ, നടക്കണം എന്നാഗ്രഹിക്കുമ്പോഴെ കിതയ്ക്കാൻ തുടങ്ങുന്നെങ്കിൽ, ഒരു ബക്കറ്റ് വെള്ളമെടുത്ത് മാറ്റുമ്പോഴേയ്ക്കും ബാഹുബലിയെ ഓർമ്മ വരുന്നെങ്കിൽ, ഭർത്താവടിക്കാൻ വരുമ്പോൾ ഓടി മാറാൻ പറ്റാതാകുന്നെങ്കിൽ, ഉപയോഗിച്ചു വരുന്ന കുപ്പായത്തിന്റെ തുമ്പിലിനി സൂചി കുത്താനിടയില്ലാതാകുമ്പോഴെങ്കിലും ഈ തടിയിൽ കാതൽ കമ്മിയാണെന്ന് മനസ്സിലാക്കണം…
തടി കൂടുന്നു എന്ന് മനസ്സിലാക്കുന്ന ആദ്യ നിമിഷം തോന്നുന്ന അത്യാഗ്രഹമാണ് തടി കുറയ്ക്കണം എന്നത്…സ്വാഭാവികം…
പിന്നെ ആകെ മൊത്തം സ്വയം ഒരു വീക്ഷണം…സ്വന്തം വീക്ഷണകോണിൽ ശരീരത്തിലെ ചില ഏരിയകൾ അധികപറ്റായും വിളിക്കാതെ വന്ന അഥിതിയായും നമ്മുക്ക് തോന്നും…അതൊരു കുറ്റമല്ല…സ്വാഭാവികം…
അടുത്ത സ്റ്റെപ്പ്, ഇതെങ്ങനെ മേലു നോവാതെ, നാവിനെ പിണക്കാതെ ഒഴുവാക്കാം എന്നതാണ്.
രാവിലെ ഒരു കുറ്റി പുട്ടും അഞ്ചാറു പഴവും രണ്ട് ക്ലാസ് ചായയും കുടിച്ച് ക്ഷീണിച്ച് കട്ടിലേലോട്ട് തല ചായ്ക്കുമ്പോഴാണ്, തടി കുറയ്ക്കുന്ന കാര്യം ഓർമ്മ വന്നത്, അപ്പോൾ പിന്നെ youtube ൽ കേറുക, ഇംഗ്ലീഷ് വശമില്ലാത്തതിനാൽ, ‘തടി കുറയ്ക്കാനുള്ള എളുപ്പമാർഗ്ഗങ്ങൾ ‘ എന്ന് നല്ല മലയാളത്തിൽ തോണ്ടി വിട്ടു…
ആണ്ടെ വരുന്നു പല പല ചേട്ടൻമാരുടെയും ചേച്ചിമാരുടെയും എളുപ്പത്തിലുള്ള ടിപ്പുകൾ…അതിൽ നിന്ന് 10 ദിവസം കൊണ്ട് 15 കിലോ കുറച്ച ചേച്ചിയുടെ അനുഭസാക്ഷ്യങ്ങൾ ആദ്യമെടുത്തു.
കോ പ്പ്…ചേച്ചി പറയുന്നത്, ചോറ് തിന്നാനെ പാടില്ലപോലും, മധുരം, ബേക്കറി ഒന്നും പറ്റില്ല…ചുരുക്കിപ്പറഞ്ഞാൽ വായ്ക്ക് രുചിയുള്ളതൊന്നും പറ്റില്ല. രാവിലെ രണ്ട് ഇഡലി…വേവിക്കാത്ത പച്ചക്കറികൾ കൂട്ടിനും…
എന്റെ കർത്താവെ… 5 ഇഡലിയും ഒരു പാത്രം സാമ്പാറു തിന്നിട്ട് 11 മണിയായപ്പോൾ വിശക്കാൻ തുടങ്ങുന്ന എന്നോടാണ് ഈ പരീക്ഷണം. വെള്ളം കുറേ കുടിച്ചാൽ വിശപ്പ് പൊക്കോളൂന്ന്…ആർക്ക്? വെള്ളത്തിന് പകരം ചായയാൽ പറ്റുവോ? ഏയ്…ചായക്ക് മധുരം പറ്റില്ല..പിന്നെ അതെന്തിന് കൊള്ളാം…
വെറും വയറ്റിൽ ‘ഈ ‘ വെള്ളം കുടിച്ചാൽ അഞ്ചു ദിവസം കൊണ്ട് കൊഴുപ്പുരുകി പോകുന്ന് വേറൊരു ചേച്ചി…എന്നാൽ പിന്നെ ‘ഈ’ വെള്ളം ഏതാണെന്നറിയണമല്ലോ…ഇത് കൊള്ളാം…രാവിലത്തെ ഒരു കഷ്ടപ്പാടല്ലെയുള്ളു. പിന്നെയെന്തും തിന്നാല്ലോ…
മുരിങ്ങയില ഇടിച്ച് പിഴിഞ്ഞ്, നാരങ്ങനീരും ഇഞ്ചിനീരും സമം ചേർത്ത് കഴിക്കാൻ… (കുരുമുളക് പൊടിയും കൂടിയിട്ട് കടുക് പൊട്ടിച്ചാൽ കറിയായെനെ…) പോരാത്തതിന് ആദ്യത്തെ ചേച്ചി പറഞ്ഞതു തന്നെ ഇവരും പറയുന്നു. എന്നാലെ ഇഫക്റ്റ് കിട്ടൂള്ളെന്ന്…പടപേടിച്ച് ചെന്നിടത്ത് പന്തം കൊളുത്തിപ്പട…പിന്നെ നോക്കിയ വീഡിയോയെല്ലാം ഒന്നിനൊന്ന് മെച്ചം… പല തരത്തിലുള്ള ‘ഈ വെള്ളം’ ‘അത് ‘ ‘ഇത് ‘ ഒക്കെ കുടിച്ചിട്ടും നമ്മക്കൊരു കുലുക്കവുമില്ല.
ഏതായാലും എന്തെങ്കിലും ചെയ്ത് തടി കുറയ്ക്കണം, കഴിഞ്ഞ ദിവസം ഈർക്കിലിയേൽ തുണി ചുറ്റിയ പോലൊന്ന് അതിലേ പോയപ്പോൾ അങ്ങേരുടെ കഴുത്തിനൽപ്പം നീളം കൂടിയില്ലേന്നൊരു സംശയം…ഞാൻ സംശയ രോഗിയാന്ന് പറയരുത്, കൂടിയായിരുന്നു…മെലിഞ്ഞവര് സാരിയുടുക്കുമ്പോൾ നല്ല ചന്തമാണെന്നും കൂടെ പറഞ്ഞു…
നാളെ മുതൽ രാവിലെ എഴുന്നേറ്റപാടെ, ഒരു ഗ്ലാസ് നാരങ്ങ+ ഇഞ്ചി വെള്ളം. പുട്ട് അരക്കുറ്റി…ചോറ് രണ്ട് തവി (നേരത്തെ 4 ആയിരുന്നു), നോ ബേക്കറി…നോ മധുരം…
ഒരാഴ്ചയായി, വിശപ്പു പോകുന്നുമില്ല, രാവിലെ വെറു വയറ്റിൽ കഴിച്ചതിന്റെ കെട്ട ചൊവ വൈകിട്ട് വരെ നാവിൽ തിത്തിത്തെയ് വയ്ക്കുന്നു..ലഡു, ജിലേബി, മിക്സ്ചർ, ബിസ്ക്കറ്റ് എല്ലാം മാടി വിളിക്കുന്നു. ഇത്രയുമൊക്കെ പ്രലോഭനം നേരിട്ട് വില്ലുപോലെ നിന്നിട്ടും തടി കുറയുന്നുമില്ല.
അപ്പോൾ അയൽവക്കത്തെ ചേച്ചി പുതിയൊരു കാര്യം റെക്കമന്റ് ചെയ്തു, അത്താഴം വേണ്ടെന്ന് വയ്ക്കാൻ, തടി ‘ശൂ’ന്ന് പറഞ്ഞ് കുറയും പോലും…(പിന്നെ, അതിന് മാത്രം തടിയൊന്നുമെനിക്കില്ല, ശൂന്ന് പറഞ്ഞ് പോകാൻ ഇത് ബലൂണാണൊ?) വീണ്ടും പരീക്ഷിക്കാൻ എന്റെ തടി ബാക്കിയാണല്ലോ…ഇന്ന് മുതൽ അത്താഴം നഹീ ഹെ…
പ ണ്ടാരം കിടന്നിട്ട് ഉറക്കം വരണ്ടെ…വയറ് കിടന്ന് കരയുന്നതിനെ നിർദാക്ഷിണ്യം തള്ളിക്കളഞ്ഞ്, വിശപ്പ് കുറയാൻ ‘മുണ്ട് മുറുക്കിയുടുക്കണം’ എന്ന് ആരൊക്കെയോ എവിടെയൊക്കെയോ പറയുന്ന കേട്ടത് പ്രാബല്യത്തിൽ വരുത്തി പാന്റിന്റ വള്ളി മുറുക്കിയുടുത്ത്, തടി കുറഞ്ഞ് സ്ലിം ബ്യൂട്ടിയായി നടക്കുന്നതും ധ്യാനിച്ച് കിടക്കുമ്പോഴാണ്, കെട്ടിയോന്റെ തോണ്ടല്…എന്നാന്ന് ചോദിച്ചപ്പോൾ അങ്ങേർക്ക് തണുക്കുന്നൂന്ന്…അതിന് ഞാനെന്ത് വേണം… ??? ഞാനെന്താ ഹീറ്ററാണോ???
വയറ് നിറഞ്ഞ് കഴിഞ്ഞ് കിടക്കുമ്പോൾ ഇങ്ങനെ ചില തണുപ്പിന്റെ അസ്കിതയുണ്ടാകാൻ സാധ്യതയുണ്ട്. മനുഷ്യനിവിടെ നേരം വെളുക്കാനുള്ള മണിക്കൂറെണ്ണി കിടക്കുമ്പോഴാണ് തണുപ്പ്…നല്ലൊരു കമ്പിളിയെടുത്ത് മുഖത്തോട്ടിട്ട് കൊടുത്തപ്പോൾ തണുപ്പിന് കാര്യം മനസ്സിലായി…
രണ്ട് ദിവസം കഴിഞ്ഞപ്പോൾ, കെട്ടിയോൻ പറയുവാ, എടി മുത്തേ…നിനക്കിങ്ങനെ പട്ടിണി കിടന്ന് കുറയ്ക്കാനുള്ള തടിയൊന്നുമില്ല. പ്രത്യേകിച്ച് അത്താഴം ഒരിക്കലും ഒഴിവാക്കരുത്…പറഞ്ഞ് പറഞ്ഞ് അത്താഴം കഴിച്ചില്ലേൽ പാപം കിട്ടൂന്ന് വരെ അങ്ങേര് പറഞ്ഞു കളഞ്ഞു. അവനവന്റെ നിലനിൽപ്പിനെ ബാധിക്കുമെന്ന് തോന്നിയാൽ ഏത് ‘മുതലാളിയും ചെറ്റായാകുമെന്ന് ‘ ഏതോ സിനിമയിൽ കേട്ടത് അങ്ങേരുടെ മുഖത്ത് എഴുതിവച്ചിട്ടുള്ളപോലെ തോന്നുന്നില്ലെ? ഉണ്ട്…
അവസാനം, യോഗയും വ്യായമവുമാണ് തടി കുറയ്ക്കാൻ ബെസ്റ്റെന്ന് അങ്ങേരും റെക്കമെന്റ് ചെയ്തു. എങ്കിലും ഒരാഴ്ച അത്താഴമൊഴുവാക്കി നോക്കി, പിന്നെ ശ്രദ്ധിച്ചപ്പോൾ അങ്ങേരുടെ തണുപ്പിന്റെ കാഠിന്യം കുറയുന്നുണ്ടെന്ന് കണ്ടതുകൊണ്ട് അത് നിർത്തി. തണുപ്പ് ദാമ്പത്യ ഭദ്രതയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് എവിടെയോ കേട്ടിട്ടുണ്ട്.
പിറ്റേന്ന് യൂറ്റ്യൂബിൽ വീണ്ടും കേറി, തടി കുറയാനുള്ള വ്യായാമം സെർച്ചി…ആണ്ടേ മാലപ്പടക്കത്തിന് തീ കൊടുത്തപോലെ വരുന്നു…പാർട്ട് പാർട്ടായിട്ടാണ് അവിടെ കാര്യങ്ങൾ…കൈവണ്ണം, കാൽ വണ്ണം, അരക്കെട്ട്, വയറ്, കവിള്, താടി…സർവ്വതും വണ്ണം കുറച്ചു തരാൻ കുറേ ചേട്ടൻമാരും ചേച്ചിമാരും ടിപ്പുമായി കാത്തിരിക്കുന്നു. ചാടുന്നു…ഓടുന്നു…തുള്ളുന്നു….മറിയുന്നു…കാണുമ്പോൾ പൂ പറിക്കുന്ന അത്രയും എളുപ്പമാണെങ്കിലും, പ്രയോഗത്തിൽ വന്നപ്പോൾ, അത്രയെളുപ്പമൊന്നുമല്ലെന്ന് മനസ്സിലായി. കിടന്നു കൊണ്ടുള്ള വ്യായാമം തപ്പിയെടുത്ത് യോഗയുമായി മിക്സ് ചെയ്തങ്ങു തുടങ്ങി…
പിറ്റേന്ന് എഴുന്നേറ്റപ്പോൾ മുതൽ എല്ലായിടത്തും വേദന…കാരണം തപ്പി തപ്പി…ക്യൻസറ് വരെയെത്തി…അവസാനം യഥാർത്ഥ കാരണം കെട്ടിയോൻ തന്നെ കണ്ടെത്തി തന്നു… ആദ്യമായി വ്യായാമം ചെയ്തതിന്റെ മേല് വേദനയാ പോലും…
ശരീരത്തെ നോവിക്കുന്നത് പാപമായി ഞാനും കണക്കാക്കി കുറച്ചു ദിവസം കൊണ്ട് അതും നിർത്തി…
ഇതൊന്നും ഒരു നടയ്ക്ക് കുറയുന്ന ലക്ഷണമില്ല, എന്നാലും പലരും പറഞ്ഞ പലതും പരീക്ഷിച്ചു. ഒരു കണ്ടം ഇഞ്ചിയും, 5 കുപ്പി തേനും, 4 കിലോ നാരങ്ങായും, വ്യായാമവും യോഗയും മിക്സ് ചെയ്തുള്ള കലാപരിപാടിയുടെ ഭാഗമായി നല്ല ഒന്നാന്തരം രണ്ട് യോഗാ മാറ്റും( നമ്മുടെ പായ്) തീർന്നു കിട്ടി എന്ന് മാത്രം…
ഇച്ചായൊ… തടി കുറഞ്ഞില്ലെങ്കിലെന്താല്ലെ കുഴപ്പം…അല്ലേലും ശരീരത്തിലല്ലല്ലോ കാര്യം, മനസ്സല്ലേ നന്നാകണ്ടത്…എന്റെ മനസ്സ് നല്ലതാണെന്ന് ഇച്ചായനറിയാല്ലോ? ശരീരത്തിന് ‘കാതലി’ല്ലേലും എന്റെ മനസ്സു മുഴുവൻ ‘കാതലാ…’ അല്ലേലും തടി കുറഞ്ഞ പെണ്ണുങ്ങളെ കാണുമ്പോൾ, എല്ലാരും നോക്കി നിൽക്കും, എന്നെയങ്ങനെ ആരെലും നോക്കിയാൽ ഇച്ചായനത് മാനസിക പ്രയാസമുണ്ടാക്കില്ലെ, കുറച്ചു ലൂസായ രണ്ട് പുതിയ ചുരിദാറ് വാങ്ങിയാൽ വയറിന്റെ വൃത്തികേട് തൽക്കാലം മറയ്ക്കാം …”
അപ്പോഴങ്ങേര് പറയുവാ, ”എടി പൊന്നേ…തടി കുറയ്ക്കാൻ നല്ലൊരു മാർഗ്ഗമുണ്ട്. ഒരു പശുനെ വാങ്ങിത്തരാം, അതിന്റെ കാര്യമൊക്കെ ചെയ്യുമ്പോൾ തടി കുറയുമെന്ന്…”
ഇങ്ങേരിത് എന്ത് ഭാവിച്ചാണൊ…ഇങ്ങേരോട് മര്യാദ പറയാൻ പോയ എനിക്കിപ്പോൾ പാപം കിട്ടിയേനെ…
‘പശു വേണ്ട…വയറിൽ ഒരു ടയറുകൂടി വന്നാലും ഞാനുരുട്ടിക്കോളാം’ ഇന്നത്തെ എന്റെ മുദ്രാവാക്യം…
വയ്യാത്ത കൊണ്ടാണെ…ഹാഷ് ടാഗിട്ട് ആർക്കും കൂടെ കൂടാം