അങ്ങനെ വേണ്ടി വന്നാൽ ഉണ്ടാവുന്ന പ്രത്യാഘാതംങ്ങൾ എന്തൊക്കെ ആവും എന്ന് ഞാൻ പറയണ്ടല്ലോ…

കാമുകനും ഭർത്താവും…

Story written by Kannan Saju

==============

“ഭർത്താവും കാമുകനും! രണ്ടു പേരെയും ഒരുമിച്ചു വേണം…ഒരുപോലെ സ്നേഹം ആണെന്നൊക്കെ പറഞ്ഞാൽ അതുൾക്കൊള്ളാൻ എനിക്ക് ബുദ്ധിമുട്ടുണ്ട് അഞ്ചു…ഉള്ളത് പറയാലോ..ചിലപ്പോ അങ്ങനെയും ചിന്തിക്കുന്നവർ ഒക്കെ ഉണ്ടായിരിക്കും…ഉണ്ടായിരിക്കും എന്നല്ല അങ്ങനെയും ജീവിക്കുന്നവരും ഉണ്ടായിരിക്കും…ബട്ട്‌ അരവിന്ദിന്റെ കാര്യത്തിൽ അതിനെ സപ്പോർട് ചെയ്യാൻ എനിക്ക് കഴിയില്ല! “

തന്റെ മുന്നിൽ ഇരിക്കുന്ന സുഹൃത്തിന്റെ ഭാര്യയോടായി ci ഷമീർ പറഞ്ഞു.

അഞ്ചു നിശബ്ദയായി….

“കാരണം അരവിന്ദ് തന്നെ അത്രയധികം സ്നേഹിക്കുന്നുണ്ട്…എന്ന് മാത്രമല്ല അത് പ്രകടിപ്പിക്കുന്നു ഉണ്ട്..ഒപ്പം അത് ഫീൽ ചെയ്യുന്നുണ്ടെന്ന് ഭാര്യ ആയ താൻ തന്നെ പറയുന്നുമുണ്ട്…അരവിന്ദിന്റെ ഒരു കുറവുകൊണ്ടും അല്ല സൗരവിനെ പ്രണയിച്ചതും എന്നും പറയുന്നുണ്ട്…സീ…നമ്മൾ ആരുടെ കൂടെ ജീവിക്കണം എന്നത് നമ്മുടെ ഇഷ്ടമാണ്..പക്ഷെ അതുപോലെ തന്നെ നമ്മുടെ ഒപ്പം ജീവിക്കാൻ പോകുന്ന ആൾക്കും ഇഷ്ടങ്ങൾ ഉണ്ടാകും..നിങ്ങളുടെ കാര്യത്തിൽ ആണെങ്കിൽ ആരും കല്യാണത്തിനായി നിർബന്ധിച്ചിട്ടില്ല…വേണ്ടങ്കിൽ വേണ്ട എന്ന് വെക്കാമായിരുന്നു..അരവിന്ദ് തന്നോട് എല്ലാം തുറന്നു ചോദിച്ചിട്ടുള്ളതും ആണ്..ഇപ്പൊ എന്നെയും അരവിന്ദിനെയും ഒക്കെ സംബന്ധിച്ചിടത്തോളം ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുക..അവൾക്കൊപ്പം അവളുടെ മാത്രമായി ജീവിക്കാൻ കഴിയുക എന്ന് ചിന്തിക്കുന്നവരാണ്..അതിനു ഞങ്ങൾക്ക് കഴിയുന്നുമുണ്ട്…അങ്ങിനെ ചിന്തിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും തന്നെ ആണ് ഭൂരിഭാഗവും…പല കാരണങ്ങൾ കൊണ്ട് വഴിത്തിരുവകളും വഴി തെറ്റലുകളുമുണ്ടാവാം..അതവിടെ നിക്കട്ടെ..ഒരാൾക്കൊപ്പം മാത്രമേ ജീവിക്കാവു അത് മാത്രമാണ് ശരി എന്നൊന്നും ഞാൻ പറയില്ല..തെറ്റും ശരിയും ഒക്കെ ആപേക്ഷികമാണ്..ലിവിങ് ടുഗതർ ആവാം..കല്യാണം കഴിക്കാതെയും ജീവിക്കാം..പക്ഷെ കല്യാണത്തിലൂടെ ഒരാളുടേത് മാത്രമാവുമ്പോൾ അയ്യാൾ നമ്മൾ പ്രതീക്ഷിക്കുന്ന പോലെ ട്രീറ്റ് ചെയ്തിട്ടും മറ്റൊരാൾക്ക്‌ നമ്മൾ മനസ് കൊടുക്കുക എന്ന് പറയുമ്പോൾ ആ ആളെ സംബന്ധിച്ചിടത്തോളം അതെത്ര വേദന ഉണ്ടാക്കുന്നതായിരിക്കും എന്ന് കൂടി ചിന്തിക്കുക “

“ഞാനിപ്പോ എന്താ ചെയ്യണ്ടേ ???എനിക്കറിയില്ല ! “

“അരവിന്ദിന്റെ ആയിരിക്കുമ്പോൾ സൗരവിന്റേതും ആയിരിക്കുക ശരിയല്ല…ഒന്നെങ്കിൽ അരവിന്ദിനോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി അവന്റെ ജീവിതത്തിൽ നിന്നും പടിയിറങ്ങണം…അല്ലെങ്കിൽ സൗരവിനെ പടിയിറക്കണം “

“പക്ഷെ അരവിന്ദിനെ ഉപേക്ഷിക്കാൻ എനിക്ക് കഴിയുന്നില്ല ഷമീർ “

ഷമീർ ഒന്ന് ചിരിച്ചു…..

“ചിരിക്കേണ്ട…തിരിച്ചു അരവിന്ദ് മറ്റൊരു സ്ത്രീയെ തിരഞ്ഞെടുത്താലും എനിക്ക് കുഴപ്പമില്ല..എനിക്ക് കിട്ടേണ്ടത് എനിക്ക് കിട്ടിയ മതി “

“ബെസ്റ്റ്…! എല്ലാവരും തന്നെ പോലല്ല അഞ്ചു….!ഇത് കുറച്ചു നേരത്തെ കിടന്നു കൊടുക്കലും കിടത്തിക്കലും മാത്രമല്ല…മനസ്സുകൊണ്ടുള്ള കീഴ്പ്പെടൽ കൂടി ആണ്…മനസ്സുകൊണ്ട് മറ്റൊരാൾക്ക്‌ കീഴ്പ്പെടുമ്പോഴേ അവരുടെ സ്നേഹവും സാമിപ്യവും നമുക്ക് ആസ്വദിക്കാൻ ആവു…നിങ്ങൾ മുറിയെടുത്തതു എന്റെ അളിയന്റെ റിസോർട്ടിൽ ആയതുകൊണ്ട് ഇതെല്ലാം ഞാൻ അറിയാൻ കാരണമായി..ഇല്ലെങ്കിൽ ഇനിയും എത്ര നാൾ ഇത് തുടർന്നേനെ??? “

“ഷമീറിനെ എന്നോട് നല്ല ദേഷ്യം തോന്നുന്നുണ്ടല്ലേ ???? ഞാനൊരു മോശം പെണ്ണാണോ ഷമീർ?? “

“ഇതിൽ ദേഷ്യത്തിന്റെ കാര്യം ഒന്നും ഇല്ല അഞ്ചു…അല്ലെങ്കിലും നമ്മുടെ നിയന്ത്രണത്തിൽ ഇല്ലാത്ത ഒന്നാണ് മറ്റൊരാളുടെ മനസ്സ്…ഞാൻ ദേഷ്യപ്പെട്ടതുകൊണ്ടോ തന്നെ തല്ലിയതുകൊണ്ടോ തല്ലിച്ചതുകൊണ്ടോ പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ പോവുന്നില്ല…പിന്നെ ഒരാൾ എങ്ങനെ ജീവിക്കണം എന്നത് അയ്യാളുടെ ഇഷ്ടം ആണ്..എന്റെ പ്രശ്നം എന്റെ സുഹൃത്തിനെ അത് മാനസികമായി ബാധിക്കരുത് എന്നുള്ളത് മാത്രമാണ്..ഒരു കോമാളി ആയി അല്ലെങ്കിൽ വഞ്ചിക്കപ്പെട്ടവനായി അവനു തോന്നരുത്..ബന്ധങ്ങൾക്ക് ഒരു മൂല്യം ഉണ്ട്…അത് ആണായാലും പെണ്ണായാലും..ഈ ലോകത്തു അച്ഛനോ അമ്മയോ സഹോദരങ്ങളോ മരിച്ചെന്നു പറഞ്ഞു സ്വന്തം ജീവൻ കളഞ്ഞു ആ.ത്മഹത്യ ചെയ്തവർ എത്ര പേരുണ്ട്??? പക്ഷെ കാമുകനോ കാമുകിക്കോ ഭാര്യക്കോ ഭർത്താവിനോ വേണ്ടി മരിച്ചവരോ ????അതാണ് ഞാൻ പറഞ്ഞത് ഈ പ്രണയം അല്ലെങ്കിൽ ഒരാളുടെ സ്വന്തം എന്ന് പറയുന്ന വികാരങ്ങൾക്കു മൂല്യം കൂടുതൽ ആണ് “

“എനിക്കിതൊരിക്കലും അരവിന്ദിനോട് പറയാൻ കഴിയില്ല ഷമീർ….”

“താൻ പറഞ്ഞില്ലെങ്കിൽ ഉറപ്പായും ഞാൻ പറയും…അങ്ങനെ വേണ്ടി വന്നാൽ ഉണ്ടാവുന്ന പ്രത്യാഘാതംങ്ങൾ എന്തൊക്കെ ആവും എന്ന് ഞാൻ പറയണ്ടല്ലോ??? “

“ഷമീർ…അതൊരിക്കലും അരവിന്ദിനു താങ്ങാൻ കഴിയില്ല…”

“അതറിഞ്ഞു വെച്ചിട്ടാണോ താൻ ഈ പണി കാണിച്ചത്??? തന്റെ പങ്കാളിയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ആർക്കെങ്കിലും താങ്ങാനാവുന്ന കാര്യമാണോ താൻ ചെയ്തത്??? “

“അറിയാം…എല്ലാം എന്റെ തെറ്റാണു! “

“എനിക്കിവിടെ തെറ്റും ശരിയും ഒന്നും അറിയണ്ട…അരവിന്ദ് ഇനി പറ്റിക്കപ്പെടാൻ പാടില്ല..ഞാൻ ഒന്ന് ചോദിച്ചോട്ടെ??? “

അഞ്ചു അവന്റെ കണ്ണുകളിലേക്ക് നോക്കി

“ആ കുട്ടികൾ രണ്ടും അവന്റെ തന്നെ ആണോ??? “

ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച ഷമീറിനു പക്ഷെ കിട്ടിയത് തല താഴ്ത്തി ഉള്ള മൗനം ആയിരുന്നു…അവൻ കലിയോടെ ഇരുന്നിടത്തു നിന്നും എണീറ്റു

“അപ്പൊ???? “

അവൾ മൗനമായി ഇരുന്നു

“താൻ മുഖത്തേക്ക് നോക്കടോ “

അവൾ തല ഉയർത്തി കലങ്ങിയ കണ്ണുകളോടെ ഷമീറിനെ നോക്കി “സോറി ഷമീർ..രണ്ടാമത്തെ കുട്ടി സൗരവിന്റെ ആണ് “

ഷമീർ കലിയോടെ ടെബിളിൽ മുഷ്ടി ചുരുട്ടി ഇടിച്ചു…എന്നിട്ടും കലി അടങ്ങാതെ ജെഗ് എറിഞ്ഞു പൊട്ടിച്ചു…അഞ്ചു വിറയലോടെ നോക്കി നിന്നു

“എന്ത് ചെ റ്റത്തരാടോ താൻ കാണിച്ചത്??? വല്ലവന്റേം കൊച്ചിനെകൊണ്ട് ഒരു പാവത്തിനെ അച്ഛാ എന്ന് വിളിപ്പിക്കുക..ഇത്രയും നാളും സ്വന്തം കുഞ്ഞിനെ പോലെ അയ്യാൾ അതിനെ വളർത്തുക…ഇത്രക്കും ക്രൂരമായി സ്നേഹിക്കുന്ന ഒരാളോട് പെരുമാറാൻ തനിക്കെങ്ങിനെ കഴിയുന്നെടോ??? മറ്റൊരാളുടെ ഫീലിങ്ങിനെ എത്ര നിസ്സാരമായി ആണ് താൻ കണ്ടത്??? “

ഉത്തരമില്ലാതെ അഞ്ചു ഇരുന്ന ഇരുപ്പീരുന്നു.

****************

അരവിന്ദിന്റെ മുറി.

അഞ്ചു പറഞ്ഞതെല്ലാം കേട്ട അരവിന്ദ് ജീവച്ഛവം പോലെ കട്ടിലിൽ ഇരുന്നു…

“എന്നോട് ക്ഷമിക്കണം അരവിന്ദ്…എനിക്ക് എനിക്കറിയില്ല ഇനി എന്താ ചെയ്യണ്ടെന്ന് “

അരവിന്ദ് ഒന്നും മിണ്ടിയില്ല…സ്നേഹത്തിന്റെ കണക്കുകൾ വരി വരിയായി പ്രതീക്ഷിച്ച അഞ്ജുവിന് പക്ഷെ പിഴച്ചു….അരവിന്ദ് തന്റെ മൗനം തുടർന്നു…അഞ്ജുവും മൗനം പാലിച്ചു…

പുറത്തു ഹാളിൽ അഞ്ജുവിന്റെ അച്ഛന്റെയും അമ്മയുടെയും കാമുകൻ സൗരവിന്റെയും ഷമീറിന്റെയും ശബ്ദം ഉയർന്നുകൊണ്ടിരുന്നു. മക്കളെ അടുത്ത ഫ്ലാട്ടിലെ രഹന കൂട്ടികൊണ്ട് പോയിരുന്നു.

“ഈ താലി കഴുത്തിൽ ഇട്ടോണ്ട് തന്നെ വേണായിരുന്നോ ഇതൊക്കെ??? ” പതിഞ്ഞ സ്വരത്തിൽ അരവിന്ദ് ചോദിച്ചു

“തുറന്നു പറയാതിരുന്നത് എന്റെ തെറ്റാണു…പിന്നീട് പറഞ്ഞാൽ അരവിന്ദിന്റെ പ്രതികരണം മോശമായിരിക്കും എന്ന് ഞാൻ കരുതി..എനിക്ക്….. “

“പറയാതെ ചതിക്കുന്നതിനേക്കാൾ എത്രയോ ഭേദമായിരുന്നു പറഞ്ഞിട്ട് ഇറങ്ങി പോയിരുന്നെങ്കിൽ…അത്ര സ്നേഹത്തോടെയും ബഹുമാനത്തോടെയും തന്നെ അല്ലെ ഞാൻ തന്നോട് പെരുമാറിയത് ???”

അഞ്ജുവിന് ഉത്തരം ഇല്ലായിരുന്നു…

ഷമീർ മുറിയിലേക്ക് വന്നു…

“നിങ്ങള് സംസാരിച്ചു കഴിഞ്ഞെങ്കിൽ ഹാളിലേക്ക് വാ “

ഇരുവരും മുഖത്തോട് മുഖം നോക്കാതെ ഹാളിലേക്ക് നടന്നു…

“അവളെ ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്…പക്ഷെ ആ കൊച്ചു എന്റെ ആണെന്ന് എന്താ ഉറപ്പു??? “

സൗരവിന്റെ വാക്കുകൾ കേട്ടു ഷമീർ മുഷ്ടി ചുരുട്ടി…അരവിന്ദ് അവന്റെ കൈകളിൽ ബലമായി പിടിച്ചു…ഷമീർ മൗനം പാലിച്ചു.

അഞ്ചു ഞെട്ടലോടെ അവനെ നോക്കി….

“കുട്ടി ആരുടെ ആണെന്ന് അമ്മയേക്കാൾ നന്നായി ആർക്കാണ് പറയാൻ കഴിയണേ സൗരവ്???? “

“ഇല്ല…വേണെങ്കിൽ DNA ടെസ്റ്റിന് ഞാൻ തയ്യാറാണ് “

അഞ്ജുവിന്റെ അച്ഛൻ ചാടി എണീറ്റ് അവന്റെ കരണത്തടിച്ചു..ഷമീർ അയ്യാളെ പിടിച്ചു മാറ്റി

“ചെറ്റത്തരം കാണിച്ചിട്ട് ന്യായം പറയുന്നോടാ നാറി “

സൗരവ് മുഖം പൊത്തി ഇരുന്നു..അച്ഛൻ അരവിന്ദിനു നേരെ തിരിഞ്ഞു

“മോനെ ഞങ്ങളോട് ക്ഷമിക്കണം…ഇതൊന്നും ഞങ്ങക്കാർക്കും അറിയില്ലായിരുന്നു…എന്ത് പറയണം എന്നോ എന്ത് ചെയ്യണം എന്നോ ഒരു പിടിയും കിട്ടുന്നില്ല..ഇവളെ ഞങ്ങളങ്ങ് കൊ ന്നു കളഞ്ഞേക്കട്ടെ?? “

“അതുകൊണ്ട്??? ” അരവിന്ദ് വികാരങ്ങൾ ഏതുമില്ലാത്തൊരു മുഖഭാവത്തോടെ ചോദിച്ചു

അച്ഛൻ നിശബ്ദനായി…അമ്മ കണ്ണുകൾ തുടച്ചു..ഷമീർ വീണ്ടും സോഫയിലേക്ക് ഇരുന്നു

“അവളെ തല്ലിയതുകൊണ്ടോ കൊന്നതുകൊണ്ടോ എന്റെ വേദന ഇല്ലാതാവോ??? എനിക്ക് നഷ്ടപ്പെടാൻ പോവുന്നതും നഷ്ട്ടപെട്ടതും തിരിച്ചു കിട്ടുവോ??? ഒരു കോമാളിയെ പോലെ ഞാൻ കെട്ടി ആടിയ വേഷങ്ങൾ ഏതെങ്കിലും ഇല്ലാതാവോ??? “

ആർക്കും മറുപടി ഇല്ലായിരുന്നു…

“അവൾ ഇൻഡിപെൻഡൻഡ് ആണ്…സ്വന്തമായി ജീവിക്കാനുള്ള കഴിവും ഉണ്ട്..തീരുമാനം അവൾ എടുക്കട്ടെ..അവളോട്‌ പ്രതികാരം ചെയ്തു എനിക്ക് കൂടുതൽ നഷ്ടങ്ങൾ അല്ലാതെ ഒന്നും ഇനി നേടാൻ ഇല്ല..എന്റെ വിഷമങ്ങൾ എന്റേത് മാത്രം ആണ്…എന്തായാലും ഇനി അവൾക്കു എന്റെ മനസ്സിൽ സ്ഥാനം ഇല്ല..ജീവിതത്തിലും…പിന്നെ കൊച്ചിനെ ഓർത്തു ആരും ബുദ്ധിമുട്ടണ്ട…DNA ടെസ്റ്റ്‌ ഒക്കെ നടത്തി ഒരു കോമാളിയെ പോലെ സമൂഹത്തിനു മുന്നിലേക്ക്‌ അതിനെ വിട്ടുകൊടുക്കാൻ എനിക്ക് കഴിയില്ല…അവൻ എന്റെ മകനായി ഇവിടെ തന്നെ വളർന്നോളും..ഒറ്റയ്ക്ക് മകനെ നോക്കി വളർത്താൻ പ്രാപ്തി ആയാൽ, കാര്യങ്ങൾ മനസ്സിലാക്കാൻ ഉള്ള വകതിരിവ് അവനു ആവുമ്പോൾ അവൾ വന്നു വിളിച്ചാൽ അവൻ പോവും എങ്കിൽ അപ്പൊ കൊണ്ട് പൊയ്ക്കോട്ടേ…അതുവരെ അവൻ എന്റെ കൂടെ നിന്നോളും..എന്റെ മകനായി “

“അരവിന്ദ് “

അച്ഛൻ നിരകണ്ണുകളോടെ വിളിച്ചു

“ഇത് ഔദാര്യം ഒന്നും അല്ല അച്ഛ…അവൻ എന്ത് തെറ്റ് ചെയ്തു??? മറ്റുള്ളവരുടെ കോപ്രായങ്ങൾക്കു ബലിയാടാകാൻ ഉള്ളതല്ല അവന്റെ ജീവിതം…ഇത് സംരക്ഷണവും സ്നേഹവും വേണ്ട സമയം ആണ്..അത് കിട്ടി അവൻ വളരട്ടെ..പിന്നെ അവൾ പോയെന്നു കരുതി നമ്മൾ തമ്മിൽ ഉള്ള ബന്ധവും ഇല്ലാതാകുന്നില്ല..അച്ഛനും അമ്മക്കും എപ്പോ വേണേലും ഇവിടെ വരാം..ഇത് നിങ്ങടേം വീടാണ്..പക്ഷെ വരുമ്പോ സഹതാപവും കണ്ണീരും ഒക്കെ ആ പടിക്കപ്പുറം വെച്ചിട്ട് വേണം വരാൻ..കാരണം എനിക്കതിന്റെ ആവശ്യം ഇല്ല..കരുതലും സ്നേഹവും ബഹുമാനവും കൊടുത്തു തന്നെയാണ് ഞാൻ അവൾക്കൊപ്പം ജീവിച്ചത്..കുറ്റബോധം ഇല്ല..നഷ്ടബോധവും…എന്റെ സ്വന്തമായിരിക്കെ മനസ്സുകൊണ്ട് മറ്റൊരാൾക്ക്‌ കീഴ്പ്പെടാനും അവന്റെ കുഞ്ഞിന് ജന്മം നൽകാനും കഴിഞ്ഞവളേ ഓർത്തു കളയാൻ എന്നിൽ കണ്ണുനീർ ഇല്ല..പ്രതികാരം ചെയ്യാൻ സമയവും..നല്ല ഓർമ്മകൾ നെഞ്ചോട്‌ ചേർത്ത് പിടിക്കും അല്ലാത്തവ ദൂരേക്ക് വലിച്ചെറിയും…ഇതിവിടെ അവസാനിക്കുന്നു…”

അരവിന്ദ് ഫ്ലാറ്റിൽ നിന്നും പുറത്തേക്കു നടന്നു…രഹനയുടെ ഫ്ലാറ്റിൽ അവനെ കാത്തെന്ന വണ്ണം രണ്ടു കുട്ടികളും നോക്കി നിക്കുന്നുണ്ടായിരുന്നു…

” ഡാഡി ” എന്ന് വിളിച്ചുകൊണ്ടു രണ്ടു പേരും ഓടി വന്നു…ഇരുവരെയും ഇരു കൈകളിലും എടുത്തു പൊക്കി ചേർത്ത് പിടിക്കുമ്പോഴും രണ്ടു കൈകൾക്കും ഒരേ ശക്തി തന്നെ ആയിരുന്നു…ഒട്ടും താഴാതെ ഒട്ടും ഉയരാതെ…ഒരേ തുലാസിൽ…

~കണ്ണൻ സാജു ( അഥർവ്വ് )