അതിന് നിന്റെയച്ഛന്റെ മൂഡ് ശരിയായിരിക്കുമ്പോഴല്ലേ പറയാനൊക്കൂ, ഇപ്പോൾ തന്നെ നീ വന്നിട്ട് രണ്ട് മൂന്ന് ദിവസമായില്ലേ…

ഒരു കുടുംബചിത്രം…

Story written by Saji Thaiparambu

================

“നിനക്കിതിന്റെ മു ലകുടി നിർത്താനായില്ലേ രേണു, അതിന് വയസ്സ് രണ്ടാകാൻ പോകുന്നല്ലോ?

അടുക്കളവാതില്ക്കലിരുന്ന് രണ്ടാമത്തെ കുട്ടിക്ക് മുലകൊടുക്കുന്ന രേണുകയോട് ലക്ഷ്മിയമ്മ ചോദിച്ചു.

“എനിക്ക് നിർത്തണമെന്നുണ്ടമ്മേ, പക്ഷേ കൊച്ച് സമ്മതിക്കണ്ടേ?

“ങ്ഹാ, അതിനൊക്കെ വഴിയുണ്ട് ,ഞാൻ കുറച്ച് കാഞ്ഞിരക്കുരു അരച്ച് തരാം, നീയതൊന്ന് മു ലക്ക ണ്ണിൽ പുരട്ടി നോക്ക്…രണ്ട് മൂന്ന് തവണ കൈപ്പ് അറിഞ്ഞാൽ പിന്നെ കൊച്ച് തനിയെ പിന്മാറി കൊള്ളും”

“ഉം, അത് പോട്ടമ്മേ, ഞാൻ പറഞ്ഞ കാര്യം അച്ഛനോട് പറഞ്ഞോ?

“ഇല്ല ,അതിന് നിന്റെയച്ഛന്റെ മൂഡ് ശരിയായിരിക്കുമ്പോഴല്ലേ പറയാനൊക്കൂ, ഇപ്പോൾ തന്നെ നീ, വന്നിട്ട് രണ്ട് മൂന്ന് ദിവസമായില്ലേ, എന്താ തിരിച്ച് പോകുന്നില്ലേ? എന്ന് ചോദിച്ചിരുന്നു”

“അമ്മ അച്ഛനോട് പറ ഷെയറും കൊണ്ട് ചെന്നാലേ രവിയേട്ടൻ അങ്ങോട്ട്കയറ്റത്തുള്ളു എന്ന്”

“ങ്ഹാ…നല്ല കാര്യായി, ഇതും പറഞ്ഞ് മുൻപ് ഞാൻ ഒന്ന് ചെന്നപ്പോൾ, പറഞ്ഞതറിയാല്ലോ ,പെൺമക്കളുടെ ഷെയർ ഉൾപ്പെടെയാ കല്യാണ സമയത്ത് കൊടുത്തതെന്ന്”

“അപ്പോൾ ഈ കാണുന്ന വീടും, പുരയിടവും മുഴുവൻ ഏട്ടന് തന്നെ കൊടുക്കാനാണോ അച്ഛൻെറ പ്ളാൻ”

“അതേടീ, നിന്നെയും നിന്റെ ചേച്ചിയേം കെട്ടിച്ച് വിടാൻ ഞാനായിട്ട് ഒന്നും സമ്പാദിച്ച് വച്ചിരുന്നില്ല. രാജേഷിന്റെ സാലറി സർട്ടിഫിക്കറ്റ് വച്ച് ബാങ്ക്ലോണെടുത്തിട്ടാ നിങ്ങളെ നല്ല നിലയിൽ കെട്ടിച്ചയച്ചത്, ഇനി അവന് സ്വന്തമെന്ന് പറയാൻ ആകപ്പാടെ ഈ കാണുന്നതേയുള്ളു. പിന്നെ ആജീവനാന്തം അടച്ചാൽ തീരാത്ത കുറെ ലോണുകളും”

പെട്ടെന്നാണ് എവിടുന്നോ പൊട്ടിവീണത് പോലെ രാഘവൻ അങ്ങോട്ടേക്ക് വന്നത്.

“എന്നാൽ പിന്നെ, ഇനി മുതൽ ഞാനിവിടെ തന്നെ നില്ക്കാം, അങ്ങോട്ട് വെറും കയ്യോടെ ചെല്ലണ്ടാന്നാ പറഞ്ഞിരിക്കുന്നത്”

“ങ്ഹാ…നീയിവിടെ തന്നെ നിന്നോ…എന്തായാലും രാജേഷ് വിവാഹം കഴിക്കുന്നത് വരെ, അവൻ നിനക്കും മക്കൾക്കും ചിലവിന് തരും, അത് കഴിഞ്ഞാൽ പിന്നെ എങ്ങനാണെന്ന് എനിക്കിപ്പോൾ പറയാൻ കഴിയില്ല”

അത്രയും പറഞ്ഞ് രാഘവൻ ഉമ്മറത്തേക്ക് പോയി.

“നിങ്ങളിതെന്ത് മണ്ടത്തരമാ അവളോട് പറഞ്ഞത്. ആ പേരും പറഞ്ഞ് അവളിനി ഇവിടെ നിന്നാൽ, നാളെയൊരു ദിവസം ബന്ധുക്കളും നാട്ടുകാരും ചോദിച്ചാൽ നമ്മൾ എന്ത് മറുപടി പറയും”

രാത്രി അത്താഴം കഴിഞ്ഞ് രാഘവൻ മുറ്റത്ത് കൂടി തെക്ക് വടക്ക് ഉലാത്തുമ്പോൾ ലക്ഷ്മിയമ്മ അടുത്ത് വന്ന് ചോദിച്ചു.

“എടീ, രേണുവിന്റെ ഭർത്താവ് രവീടെ സ്വഭാവം നിനക്കറിയാഞ്ഞിട്ടാ ,എത്ര കിട്ടിയാലും അവന് ആക്രാന്തം തീരില്ല. പിന്നെ കുറച്ച് ദിവസം കഴിയുമ്പോൾ ഭാര്യയോടും കൊച്ചുങ്ങളോടും സ്നേഹമുള്ളവനാണെങ്കിൽ, അവൻ വന്ന് രേണുകയെ കൂട്ടികൊണ്ട് പൊയ്ക്കൊള്ളും, ഇല്ലെങ്കിൽ ഒന്നും കിട്ടത്തില്ലെന്ന് ബോധ്യപ്പെടുമ്പോൾ, നമ്മുടെ മോള് വാലും ചുരുട്ടി പൊയ്കൊള്ളും”

“എന്നാലും, എനിക്കെന്തോ പോലെ, അവൾ ഇളയവളല്ലേ, എന്തെങ്കിലും കൂടെ കൊടുക്കാമായിരുന്നു”

“ലക്ഷ്മീ…രേണുകയെപ്പോലെ തന്നെയാ, നമുക്ക് രേവതിയും രാജേഷും….ഒരാളോടും വേർതിരിവ് കാണിക്കാൻ പാടില്ല, ഇളയവളെന്ന് കരുതി ഇപ്പോൾ നമ്മൾ എന്തെങ്കിലും കൊടുത്താൽ വീണ്ടുമവൾ ഇതേപോലെ വന്ന് നമ്മളെ ബ്ളാക്ക്മെയില്ചെയ്യും, അത് കൊണ്ട് അവൾക്ക് രണ്ട് പെൺമക്കളല്ലേ? അവരുടെ കാര്യം വരുമ്പോൾ വേണ്ടത് പോലെ ചെയ്യാം ,നീ ഇപ്പോൾ അതൊന്നുമോർത്ത് വിഷമിക്കണ്ട, നാളെ നേരം വെളുക്കുമ്പോൾ എന്തെങ്കിലും തീരുമാനമാകും, നീ പോയി കിടക്ക വിരിക്ക്, നല്ല ക്ഷീണമുണ്ട്, നേരത്തെ കിടക്കണം”

പിറ്റേന്ന് രാഘവൻ കുളിക്കാനായി ശരീരത്ത് എണ്ണ തേച്ച് പിടിപ്പിക്കുമ്പോൾ തോളിൽ ഒരു ബാഗും തൂക്കി കൈയ്യിൽ രണ്ട് മക്കളെയും പിടിച്ച് കൊണ്ട് രേണുക പുറത്തേക്ക് വരുന്നത് കണ്ടു.

“ഇതെങ്ങോട്ടാ നീ ഇത്ര രാവിലെ”

“അത്, രവിയേട്ടൻ വിളിച്ചിരുന്നു, രണ്ട് ദിവസമായി കുട്ടികളെ കാണാഞ്ഞിട്ട് ഉറങ്ങീട്ടില്ലെന്ന്,.എന്നെ വിളിച്ചോണ്ട് പോകാൻ ഇങ്ങോട്ട് വരുന്നുണ്ട്, ഞാൻ ഒരുങ്ങി നില്ക്കാൻ പറഞ്ഞു”

അത് കേട്ട് രേണുവിന്റെ പുറകിൽ നിന്ന ലക്ഷ്മിയമ്മയെ നോക്കി രാഘവൻ ഒന്ന് ഊറിച്ചിരിച്ചു.

ഇപ്പോൾ എങ്ങനുണ്ടടി, ഞാൻ പറഞ്ഞത് പോലെ തന്നെ സംഭവിച്ചില്ലേ?

അതായിരുന്നു, ആ നോട്ടത്തിന്റെ അർത്ഥമെന്ന് ലക്ഷ്മിയമ്മയ്ക്ക് മനസ്സിലായിരുന്നു…

~സജിമോൻ തൈപറമ്പ്