ഈ അസമയത്ത് ഒരു മകനും കാണാൻ ആഗ്രഹിക്കാത്ത സിറ്റുവേഷനിൽ നില്ക്കുന്നത്…

Story written by Saji Thaiparambu

=================

എന്തോ ദു:സ്വപ്നം കണ്ടാണ് ഞാൻ ഞെട്ടിയുണർന്നത്.

നേരം പാതിരാ കഴിഞ്ഞെന്ന് കട്ടപിടിച്ച ഇരുട്ടിലെ കനത്ത നിശബ്ദത എന്നെ ബോധ്യപ്പെടുത്തി. ഞാൻ ചരിഞ്ഞ് കിടന്ന് അടുത്ത കട്ടിലിലേക്ക് നോക്കി

അമ്മ കിടന്നിരുന്ന അവിടെ, പുതപ്പും തലയിണയും മാത്രമേ അവ്യക്തമായി കാണുന്നുണ്ടായിരുള്ളു.

പത്താം ക്ളാസ്സ് പരീക്ഷ തുടങ്ങിയപ്പോൾ മുതൽ വീണ്ടും, അമ്മയും ഞാനും ഒരു മുറിയിൽ രണ്ട് കട്ടിലിലാണ് കിടക്കുന്നത്.

രാത്രി പതിനൊന്നര വരെ അമ്മ എനിക്ക് പാഠ ഭാഗങ്ങൾ വിശദീകരിച്ച് പഠിപ്പിച്ച് തന്നിട്ടാണ്, ഞങ്ങൾ രണ്ട് പേരും ലൈറ്റണച്ച് ഉറങ്ങാൻ കിടന്നത്.

ഉത്ക്കണ്ഠയോടെ ഞാനെഴുന്നേറ്റ് ലൈറ്റിട്ടു.

പുറത്തേക്കുള്ള കതക് അടച്ചിട്ടിരിക്കുന്നു.

ഞാൻ ചെന്ന് വലിച്ച് നോക്കി, തുറയുന്നില്ല, പുറത്ത് നിന്ന് പൂട്ടിയിരിക്കുകയാണ് .

എന്റെ മനസ്സിൽ ഒരായിരം അശുഭ ചിന്തകൾ വന്ന് കൂടി…

അമ്മേ, എന്ന് വിളിക്കാൻ ഒരുങ്ങിയെങ്കിലും എനിക്ക് നാവ് പൊന്തിയില്ല.

നിശ്ചലനായി  നില്ക്കുമ്പോൾ, ജനലിന്റെ ഭാഗത്ത് നിന്ന് അടക്കിപ്പിടിച്ച സംസാരം ഞാൻ കേട്ടു.

കാതോർത്ത് കൊണ്ട് ജനൽ പാളികളുടെ വിടവിലൂടെ ഞാൻ പുറത്തേക്ക് നോക്കി.

അവിടെ രണ്ട് നിഴലുകൾ നില്ക്കുന്നു.

അതിലൊന്ന് എന്റെ അമ്മയാണ്.

മറ്റേത്, ഒരു പുരുഷനാണെങ്കിലും അപരിചിതനാണ്.

ആ കാഴ്ച എന്നെ വല്ലാതെ ഞെട്ടിച്ചു.

കാണപ്പെട്ട ദൈവമായി ഞാനിത് വരെ കണ്ട എന്റെ അമ്മയാണോ? ഈ അസമയത്ത് ഒരു മകനും കാണാൻ ആഗ്രഹിക്കാത്ത സിറ്റുവേഷനിൽ നില്ക്കുന്നത്.

ഞാനൊന്ന് കൂടി ചെവി കൂർപ്പിച്ച് പിടിച്ച്, അവരുടെ സംസാരം ശ്രവിച്ചു.

“ഗീതേ…അവന് വയസ്സ് പതിനഞ്ചായി, ഇനിയും നിനക്ക് അവനോട് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിക്കുടെ “

“ഇല്ല രാജേട്ടാ….അവൻ എങ്ങുമെത്തിയിട്ടില്ല. അവന്റെ പഠിത്തം കഴിഞ്ഞ് അവനൊരു ജോലിയുമായതിന് ശേഷമേ, എനിക്ക് എന്റെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാനാവു”

“ഗീതേ….നീ കാണിക്കുന്നത് മണ്ടത്തരമാണ്, അപ്പോഴേക്കും നിന്റെ ജീവിതത്തിന്റെ യൗവ്വനകാലം കഴിഞ്ഞിരിക്കും, പിന്നെ വായിലെ പല്ല് കൊഴിയുമ്പോഴാണോ? നീ നിനക്കായ് ജീവിക്കാൻ തുടങ്ങുന്നത് “

“അതിനെ കുറിച്ചൊന്നും ഞാനിപ്പോൾ ചിന്തിക്കുന്നില്ല, എനിക്ക് വേണ്ടി കാത്തിരിക്കേണ്ടെന്ന് ഞാൻ രാജേട്ടനോട് പണ്ടേ പറഞ്ഞിരുന്നതല്ലേ?”

“ങ്ഹും…നിനക്കത് പറയാം, എന്നോ മനസ്സിൽ കടന്ന് കൂടിയ നിന്നോടുള്ള പ്രണയം, കാലമിത്ര കഴിഞ്ഞിട്ടും തൂത്തെറിയാൻ കഴിയാത്തത് കൊണ്ട് മാത്രമാണ്, അവൻ അറിയരുതെന്ന് നീ വാശി പിടിച്ചപ്പോൾ, നിന്നെ കാണാനും സംസാരിക്കാനുമായി, ഞാൻ ഈ പാതിരാത്രികൾ തെരഞ്ഞെടുത്തത് “

“എനിക്കറിയാം രാജേട്ടാ…എന്നെ നേടുന്നതിനായി നിങ്ങൾ കളഞ്ഞ് കുളിച്ചത് എത്ര വർഷങ്ങളാണന്ന്, അത് കൊണ്ട് തന്നെ, നിങ്ങൾക്ക് എന്നോടുള്ള സ്നേഹം എത്ര ആത്മാർത്ഥതയുള്ളതാണെന്നും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. പക്ഷേ അതിലൊക്കെ എത്രയോ ഇരട്ടിയാണ് എന്റെ സുധിയുടെ കാര്യത്തിൽ എനിക്കുള്ള ഉത്കണ്ഠ എന്നറിയുമോ? രാജേട്ടൻ പൊയ്ക്കോളു, മോൻ ചിലപ്പോൾ ഉണരും, ദയവ് ചെയ്ത് ഇനിയെങ്കിലും എന്നെ കാണാൻ വരരുത്,.ഞാൻ പോകുന്നു”

യാത്ര പറഞ്ഞ് അമ്മ അകത്തേക്ക് വരുമെന്നറിഞ്ഞപ്പോൾ, ഞാൻ പെട്ടെന്ന് ലൈറ്റ് ഓഫ് ചെയ്ത്  കട്ടിലിൽ കയറി കണ്ണടച്ച് കിടന്നു.

കതക് ശബ്ദമുണ്ടാക്കാതെ തുറന്ന് അമ്മയും കട്ടിലിൽ വന്ന് കിടന്നുവെന്ന് എനിക്ക് മനസ്സിലായി.

അത് വരെ എനിക്ക് അമ്മയോടുണ്ടായിരുന്ന സ്നേഹവും ബഹുമാനവുമൊക്കെ ഇല്ലാതാവുകയായിരുന്നു.

ആരാണയാൾ…? എന്തിനാണയാൾ അമ്മയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്…?

അയാളുമായി നേരത്തെ സ്നേഹത്തിലായിരുന്നെങ്കിൽ പിന്നെ എന്തിനായിരുന്നു എന്റെ അച്ഛന്റെ ഭാര്യയായത്.

ഏതോ ഒരു പ്രളയത്തിൽ ഒലിച്ച് പോയെന്ന് പറഞ്ഞ എന്റെ അച്ഛനെ ഇനി ഇവർ തമ്മിൽ ചേർന്ന് കൊ.ന്ന് കളഞ്ഞതായിരിയുമോ ? ഇനി താൻ മാത്രമാണ് ഇവരുടെ ഇടയിലെ ഏക വിലങ്ങ് തടി.

ഇനി അയാളെങ്ങാന്നും അമ്മയോടൊപ്പം ജീവിക്കാൻ വേണ്ടി തന്നെയും കൊ ല്ലുമോ?

ഇങ്ങനെ നൂറായിരം ചോദ്യങ്ങൾ എന്റെ മനസ്സിലൂടെ കടന്ന് പോയി,

നേരം പുലരുവോളം ഉറങ്ങാൻ കഴിയാതെ ഞാൻ കട്ടിലിൽ സ്തംഭിച്ച് കിടന്നു.

“നീയിതെങ്ങോട്ടാ ഇത്ര രാവിലെ, ഇന്ന് ട്യൂഷനൊന്നുമില്ലല്ലോ ?

രാവിലെ തന്നെ കുളിച്ച് ഡ്രസ്സ് ചെയ്യുന്ന എന്നെ നോക്കി അമ്മ ചോദിച്ചു.

“ഞാൻ പോകുന്നു, എങ്ങോട്ടാണെന്നറിയില്ല. ഒന്നറിയാം ഇനി നിങ്ങളുടെ ഇടയിൽ ഒരു വിലങ്ങ് തടിയായ് ഞാനുണ്ടാവില്ല”

”ഒഹ്, അപ്പോൾ ഞാൻ പേടിച്ചിരുന്നത് തന്നെ സംഭവിച്ചു, നീ ഇന്നലെ എല്ലാം കേട്ടല്ലേ?

”അതെ, ഇനി സമാധാനത്തോടെ എനിക്ക് നിങ്ങളോടൊപ്പം ജീവിക്കാൻ കഴിയില്ല, എപ്പോഴാ നിങ്ങളുടെയാ, കാമുകൻ എന്നെ വകവരുത്തുന്നത് എന്ന് പറയാൻ കഴിയില്ലല്ലോ? നിങ്ങളുടെ സ്വൈരജീവിതത്തിന് ആകെയുള്ള ഒരു തടസ്സം ഇനി, ഞാൻ മാത്രമാണല്ലോ?അയാൾ ഇനി ഒരിക്കൽ കൂടി ഇവിടെ വന്ന് വിളിച്ചാൽ, ഒരു പക്ഷേ എന്നെ ഉപേക്ഷിച്ച് നിങ്ങൾ പോയേക്കും, അത് എനിക്ക് സഹിക്കാനാവില്ല, അത് കൊണ്ട് ഞാൻ പോകുന്നു”

“നില്ക്കടാ അവിടെ “

ഞാൻ തിരിഞ്ഞ് നിന്നതും എന്റെ മുഖമടച്ച് ഒരടി കിട്ടി, എനിക്ക് കിട്ടുന്ന ആദ്യത്തെ പ്രഹരമായിരുന്നത്.

“നീ പറഞ്ഞല്ലോ? നിന്നെ ഉപേക്ഷിച്ച് ഞാൻ എന്റെ കാമുകനോടൊപ്പം പോകുമെന്ന്, അത് വേണമെങ്കിൽ എനിക്ക് പത്ത് പതിനാല് വർഷം മുമ്പുള്ള ആ പ്രളയകാലത്ത് തന്നെ ചെയ്യാമായിരുന്നു.”

ഇടമുറിയാതെ പെയ്ത മഴയിൽ, ഉരുൾപൊട്ടൽ കൂടെ ആയപ്പോൾ, ഒരു ഗ്രാമം മുഴുവനും ഒലിച്ച് പോകുകയായിരുന്നു.

കൂട്ട നിലവിളികളോടെ അയൽവക്കത്തുള്ളവരോടൊപ്പം എന്റെ അച്ഛനും അമ്മയും കൂടപ്പിറപ്പുകളും മലവെള്ളത്തോടൊപ്പം ഒഴുകി പോകുന്നത്, ഒരു വലിയ വൃക്ഷ ശിഖരത്തിൽ ഉടക്കി കിടന്ന എനിക്ക്, നിസ്സഹായതയോടെ നോക്കി കിടക്കാനേ കഴിഞ്ഞുള്ളു.

എന്റെ നിലവിളികൾക്ക് മേൽ മറ്റൊരു കാറിക്കരച്ചിൽ കേട്ട സ്ഥലത്തേക്ക് ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത്, ഒരു ട്യൂബിന് മുകളിൽ നനഞ്ഞ പഞ്ഞി മെത്തയിൽ തണുത്ത് വിറയ്ക്കുന്ന ഒരു പിഞ്ച് കുഞ്ഞിനെയായിരുന്നു

അത് വരെ ആ ട്യൂബ് ഉടക്കി നിന്ന കമ്പ് ഒടിഞ്ഞപ്പോൾ, ആ കുഞ്ഞ് ഒഴുകി വന്നത് എന്റെ നേരെ ആയിരുന്നു.

വളരെ പ്രയാസപ്പെട്ട് ഒരു പകലും രാത്രിയും അതിനെ ഞാൻ നെഞ്ചോട് ചേർത്ത് പിടിച്ചു.

രക്ഷാപ്രവർത്തകർ എത്തി ഞങ്ങളെ ഒരു ബോട്ടിലേക്ക് കയറ്റും വരെ ആ കുഞ്ഞ് എന്റെ വിറയാർന്ന ചുണ്ടിലെ ഉമിനീര് കുടിച്ച് അവന്റെ വിശപ്പകറ്റി.

പിന്നീട് ദുരിതാശ്വാസ ക്യാമ്പിലെത്തിയപ്പോൾ അമ്മ നഷ്ടപ്പെട്ട കുട്ടികളെ ശിശുഭവനിൽ കൊണ്ട് പോകുന്നു എന്നറിഞ്ഞ ഞാൻ, ആ കുഞ്ഞിന്റെ മാതൃത്വം സ്വയം ഏറ്റെടുക്കുകയായിരുന്നു.

എല്ലാവരും നഷ്ടപ്പെട്ട എനിക്ക്, ജീവിക്കാനുള്ള കരുത്ത് പകരുന്നതിനായി ദൈവമായിട്ട് തന്നതായിരുന്നു ആ കുഞ്ഞിനെ എന്ന് ഞാൻ വിശ്വസിച്ചു.

ആർക്കും വിട്ട് കൊടുക്കാതെ, ഞാനതിനെ നെഞ്ചോട് ചേർത്ത് പിടിച്ചു.

കൂടും കുടുംബവും നഷ്ടപ്പെട്ടവർക്ക് പിന്നീട് സർക്കാർ ചിലവിൽ വീടും സ്വയം തൊഴിൽ യൂണിറ്റും തന്നു.

അങ്ങനെ, ഞാനും എന്റെ മകനും മാത്രമുള്ള ആ ചെറിയ ലോകം എന്റെ സ്വർഗ്ഗമായിരുന്നു.

ആ സ്വർഗ്ഗത്തിലേക്കാണ്, മലവെള്ളത്തോടൊപ്പം ഒലിച്ചു പോയെന്ന് ഞാൻ വിശ്വസിച്ചിരുന്ന, മുമ്പ് എന്നെ സ്നേഹിച്ചിരുന്ന, ഞാൻ സ്നേഹിച്ചിരുന്ന എന്റെ രാജേട്ടൻ, പെട്ടെന്നൊരിക്കൽ തിരിച്ച് വന്നത്.

അപ്പോൾ ഞാൻ പകച്ച് പോയെന്നുള്ളത് സത്യമാണ് .

പക്ഷേ അന്ന് മുതൽ എനിക്കൊന്നേ അദ്ദേഹത്തോട് പറയാനുണ്ടായിരുന്നുള്ളു, എന്റെ മോനാണ് എന്റെ ജീവിതം, അവന് ഒരു ഭാവിയുണ്ടായിട്ടേ എനിക്ക് മറ്റൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ കഴിയൂ എന്ന്, ആ തീരുമാനം തന്നെയാണ് അന്നും ഇന്നും എന്നും

ഇനിയും നിനക്ക് വിശ്വാസമായില്ലെങ്കിൽ എന്നെ ഉപേക്ഷിച്ച് പോകാം. പക്ഷേ അതെന്നെ കൊ ന്നിട്ട് മാത്രം, അല്ലെങ്കിൽ നീ എന്നെ ഉപേക്ഷിച്ച് പോകുന്ന, ആ നിമിഷം, ഞാനൊരു ഭ്രാ ന്തിയായി പോകും മോനേ…

അതും പറഞ്ഞ് അമ്മ ഒരു നിലവിളിയോടെ എന്നെ കെട്ടിപ്പിടിച്ചപ്പോൾ പ്രസവിക്കാതെ, മു ലയൂട്ടാതെ ഇപ്പോഴും ക ന്യകയായ എന്റെ അമ്മയുടെ കാല്ക്കൽ ഞാൻ മനസ്സ് കൊണ്ട് നമസ്ക്കരിച്ചു.

~സജിമോൻ തൈപറമ്പ്