എന്തിന് ഭാര്യാ ഭർത്താക്കന്മാർ പോലും തമ്മിൽ പഴയ ആ വിശ്വാസം ഇല്ല. അപ്പോഴാണ് ഫേസ്ബുക് വഴി…

Story written by Manju Jayakrishnan

==============

“ചുക്കേതാ ചുണ്ണാമ്പേതാ എന്ന് തിരിച്ചറിയാത്തവൾ ആണ് സഹായിക്കാൻ പോയത്”

സാധാരണ എല്ലാത്തിനും അവളെ കുറ്റപ്പെടുത്തുന്ന അമ്മ പോലും ‘മതിയെടാ ‘ എന്ന് പറഞ്ഞെങ്കിലും എന്റെ ദേഷ്യം അടങ്ങുന്നില്ലായിരുന്നു…

“അത് അയാള് തിരിച്ചു തരും…എനിക്കുറപ്പുണ്ട്…”

അവൾ പറഞ്ഞു കൊണ്ടേ ഇരുന്നു…

“എന്റെ ദേവി നീ ഏത് ലോകത്താണ്…തട്ടിപ്പിന്റ ലോകം ആണ്..ഒരാളെയും വിശ്വസിക്കാൻ പാടില്ലാത്ത കാലമാണ്..എന്തിന് ഭാര്യാ ഭർത്താക്കന്മാർ പോലും തമ്മിൽ പഴയ ആ വിശ്വാസം ഇല്ല….അപ്പോഴാണ് ഫേസ്ബുക് വഴി മാത്രം പരിചയമുള്ള ആളിന് ഇത്രയും തുക കൊടുത്തത്. അതും എന്നോട് ചോദിക്കാതെ…”

*********************

കെട്ടിക്കൊണ്ടു വന്ന നാൾ മുതൽ അവളുടെ പെരുമാറ്റം എന്നെ വലച്ചു കൊണ്ടേ ഇരുന്നു..

പലചരക്കു കടയിൽ സാധനങ്ങൾ വാങ്ങാൻ പറഞ്ഞതിന് ഒരിക്കൽ അവൾ രണ്ടു കിലോ കടുക് മേടിച്ചു എന്നെ ഞെട്ടിച്ചതാണ്..

വീട് ക്ലീൻ ആക്കിയപ്പോൾ എന്റെ ലാപ്ടോപ്പ് അവളുടെ കയ്യിൽ നിന്നും തലനാരിഴക്കാണ് രക്ഷപെട്ടത്…അല്ലെങ്കിൽ അതവൾ സോപ്പ് ഇട്ടു അലക്കി ഒണക്കിയേനെ….

ആര് എന്ത് സങ്കടം പറഞ്ഞു വന്നാലും കയ്യിൽ ഉള്ളതെടുത്തു അങ്ങ് കൊടുത്തു കളയും…

“വിവരമില്ലായ്മ കുറ്റമല്ല ” എന്ന് പറഞ്ഞാൽ പോലും മനസ്സിലാകാത്ത ഐറ്റം..

എത്ര ചീത്ത പറഞ്ഞാലും പിന്നെയും പുറകെ നടന്നു സ്നേഹിക്കും…അതു കൊണ്ട് വഴക്കു പറഞ്ഞാൽ പിന്നെ എനിക്കെന്തോ പോലെ ആണ്

ഇതിപ്പോ സംഗതി കുറച്ചു കൂടിപ്പോയി..

വന്നപ്പോൾ സോഷ്യൽ മീഡിയയെക്കുറിച്ച് ഒരറിവും അവൾക്കില്ലായിരുന്നു…നേരമ്പോക്കിന് ഞാൻ അവൾക്ക് അതെല്ലാം പഠിപ്പിച്ചു കൊടുത്തു. ഫേസ്ബുക്കിൽ ഒരു  അകൗണ്ടും തുടങ്ങികൊടുത്തു…ഒരുപാട് സാഹിത്യഗ്രൂപ്പുകളിൽ അംഗമാക്കുകയും ചെയ്തു.

ഒരുപാട് കഥകൾ വായിച്ചു അവളിൽ സാഹിത്യത്തിന്റെ അസുഖം തുടങ്ങി….അല്ലറച്ചില്ലറ എഴുത്തും തുടങ്ങി…

എനിക്കു കല്യാണരാമനിലെ “തേങ്ങാക്കുലയിലാടുന്നു ” എന്ന് തോന്നിയെങ്കിലും അവൾ സ്വയം മാധവിക്കുട്ടി ആണ്…

അല്ലെങ്കിലും രണ്ടക്ഷരം എഴുതുന്ന എല്ലാരും സ്വയം മാധവിക്കുട്ടിയും എം. ടി യും ഒക്കെ ആയത് കൊണ്ട് അവളെ കൂടുതൽ ചൊറിയാൻ പോയില്ല

അങ്ങനെ അവളുടെ ഏതോ ആരാധകനെയാണ് അവൾ വാരിക്കോരി സഹായിച്ചത്

അവളുടെ വീട്ടുകാർ അവളുടെ പേരിൽ ഇട്ടു കൊടുത്ത കാശിൽ നിന്നും ഒരു ഒന്നരലക്ഷം രൂപ എടുത്തു അങ്ങ് വീശി..

അതും വീട്ടിലെ ശുപ്പാണ്ടിയുടെ ബുദ്ധിയുള്ള ജോലിക്കാരന്റെ കയ്യിൽ കൊടുത്തു വിട്ടു..സ്വന്തം പേര് പോലും മറന്നു പോകുന്നവനാണ് അവൻ….അവനോട് കാര്യങ്ങൾ ചോദിക്കുന്നതിലും ഭേദം അതു പാടെ ഉപേക്ഷിക്കുന്നതാണ് നല്ലത്

“അയാളുടെ കൊച്ചിന് മേലാഞ്ഞിട്ട് ആണേട്ടാ ” അങ്ങനെയാണ് അവൾ പറഞ്ഞത്

കുട്ടികളുടെ പേരിൽ ആണ് ഇന്ന് കൂടുതൽ ചാരിറ്റി തട്ടിപ്പ്. അതു കൊണ്ട് തന്നെ അവൾ ‘പറ്റിക്കപ്പെട്ടു ‘ എന്ന് എനിക്കു മനസ്സിലായി

അതു മാത്രം അല്ല…’അഞ്ഞൂറാൻ എന്ന ഐഡി അല്ലാതെ അയാളെക്കുറിച്ച് അവൾക്കൊന്നും അറിയില്ല താനും…

അയാൾ പറഞ്ഞ ഒരു  മാസം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല… ‘എന്തെങ്കിലും പറ്റിക്കാണും ‘ എന്ന് പറയുന്നതല്ലാതെ അവൾ ഒരിക്കലും സത്യം അംഗീകരിച്ചിരുന്നില്ല

പതിയെ പതിയെ… അവൾ എല്ലാം തിരിച്ചറിഞ്ഞു….’പറ്റിക്കപ്പെട്ടു ‘ എന്നത് അവൾക്കെന്തോ ഷോക്ക് പോലെ ആയി…

ഇനി ഒരിക്കലും എന്നോട് ചോദിക്കാതെ ഒരു സഹായവും ആർക്കും ചെയ്യില്ല എന്ന് പറഞ്ഞു…അങ്ങനെ ആ കാര്യം ഞങ്ങൾ മറന്നു തുടങ്ങി….

പക്ഷെ…എന്റെ ബിസിനസ് പതുക്കെ തകരാൻ തുടങ്ങി..ഞാൻ വിശ്വസിച്ചു കൂടെക്കൂട്ടിയ പലരും ചതിക്കുകയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു

ആദ്യമൊക്കെ വീട്ടുകാരിൽ നിന്നും മറച്ചുവെച്ചു എങ്കിലും വീടും കൂടെ ജപ്തി ആയപ്പോൾ എനിക്കൊന്നും പറയാതെ രക്ഷയില്ല എന്ന് വന്നു..

“കഞ്ഞിയാണേലും മ്മക്ക് ഒരുമിച്ചു കുടിക്കാമേട്ടാ  ” എന്ന് എന്റെ പൊട്ടിപ്പെണ്ണ് പറഞ്ഞപ്പോൾ ആവശ്യത്തിനുള്ള ബോധം അവൾക്കുണ്ടെന്നു എനിക്കു മനസ്സിലായി

അപ്പോഴാണ് അവൾ പറയുന്നത് “നമുക്കാ അഞ്ഞൂറാനോട് കാശ് തിരിച്ചു ചോദിച്ചാലോ എന്ന് “

എന്നെ പേടിച്ചിട്ട് അവൾ ഫേസ്ബുക് ഒക്കെ ഡിലീറ്റ് ചെയ്തിരുന്നു..

എനിക്ക് നന്നായി ദേഷ്യം വന്നെങ്കിലും ‘എന്തേലും കാണിക്കെന്നു പറഞ്ഞു  ‘ ഞാൻ പല്ലിറുമ്മി…..

വാടക വീട് അന്വേഷിക്കാൻ പോയ സമയത്തു എന്റെ ഫോണിൽ വന്ന മെസ്സേജ് കണ്ടു എന്റെ കണ്ണു തള്ളി…

ഏകദേശം രണ്ടു ലക്ഷം രൂപ എന്റെ അക്കൗണ്ടിലേക്കു വന്നിരിക്കുന്നു..

കൂടാതെ ഒരു കാളും…

വീട് ജപ്തി ഒഴിവാക്കാൻ ഉള്ള തുക  അയാൾ ഏറ്റന്നും…കൂടാതെ അയാളുടെ ബിസിനസ് പാർട്ണർ ആകാൻ ഉള്ള ക്ഷണവും…

അവൾ അന്ന് സഹായിച്ച ആൾ കുറച്ചു വലിയ മീൻ ആയിരുന്നു..ചിട്ടി മുതലാളി ആയിരുന്നു…ഫണ്ട്‌ എവിടെയോ ബ്ലോക്ക്‌ ആയത് കൊണ്ട് മോൾക്ക് പെട്ടന്നൊരു അസുഖം വന്നപ്പോൾ വേണ്ടത്ര കാശ് അയാളുടെ കയ്യിൽ ഉണ്ടായിരുന്നില്ല….

അയാളുടെ ‘ചിട്ടി ‘ പൊട്ടിയതായി വാർത്ത പരന്നിരുന്നതു കൊണ്ട് ആരും അയാളെ സഹായിക്കാൻ മുന്നോട്ട് വന്നില്ല

ബന്ധുക്കളെയും സുഹൃത്തുക്കളെയും വിശ്വസിച്ച അയാളെ അവർ ചതിച്ചു…അപ്പോൾ ആണ് ഇവൾ ആ പൈസ നൽകുന്നത്…

കുറച്ചു നാൾക്കകം സാമ്പത്തികമെല്ലാം  ശരിയായി എങ്കിലും മോൾടെ വയ്യായ്ക അയാളെ വല്ലാത്തൊരു മാനസികാവസ്ഥയിൽ എത്തിച്ചു….

ഒരുപാട് നാളത്തെ ആശുപത്രി വാസത്തിനു ശേഷം മോളെ വീട്ടിലേക്ക് കൊണ്ടു വന്നപ്പോൾ ആണ് തിരിച്ചു കൊടുക്കാൻ ഉള്ള തുകയെക്കുറിച്ച്  ഓർക്കുന്നത്…

അപ്പോഴേക്കും എന്റെ ഭീഷണിയിൽ അവൾ ഫേസ്ബുക് ഒക്കെ ഡിലീറ്റ് ചെയ്തിരുന്നു…

അങ്ങനെ എല്ലാം കലങ്ങിത്തെളിഞ്ഞപ്പോൾ ആണ് അവളാ ന ഗ്നസത്യം എന്നോട്  പറഞ്ഞത്..

ഈ ഒന്നരലക്ഷം കൂടാതെ ഒരു അമ്പതിനായിരം കൂടി അവൾ കടം കൊടുത്തത്രെ….എന്നെ പേടിച്ചു അതു മിണ്ടാതിരുന്നതാണത്രേ…

അവരോടു കൂടി അവൾ കാശ് ചോദിച്ചപ്പോൾ അവര് ആലുവാ മണപ്പുറത്തു വച്ച് കണ്ട പരിചയം കാണിച്ചില്ലെന്ന് മാത്രമല്ല അവളെ ഭീഷണിപ്പെടുത്തുകയും ചെയ്തു…

അപ്പോ ഈ കിട്ടിയ ലോട്ടറി ചക്ക വീണു ചത്ത മുയൽ ആണെന്ന് എനിക്ക് മനസ്സിലായി..

അവളുടെ പൊട്ടത്തരം കൊണ്ട് ഞങ്ങൾ രക്ഷപെട്ടു…

എന്തായാലും പിന്നീട് റിസ്ക് എടുക്കാൻ വയ്യാത്തകൊണ്ട് സാമ്പത്തിക കാര്യങ്ങളിൽ എന്നെക്കൂടി അറിയിച്ചിട്ടേ ചെയൂ എന്ന് എന്റെ തലയിൽ തൊട്ട് അവളെക്കൊണ്ട് സത്യം ചെയ്യിച്ചു….

പൊട്ടി ആയത് കൊണ്ട് സത്യം തെറ്റിച്ചാൽ  ‘എന്റെ തല പൊട്ടിത്തെറിക്കുമെന്ന്  ‘ പറഞ്ഞത്  കൊണ്ട് അവൾ അത് അക്ഷരംപ്രതി അനുസരിച്ചും പോന്നു..

ആ സംഭവത്തോടെ ‘വലിയ ബുദ്ധിമാനാ ഞാൻ ‘ എന്നുള്ള എന്റെ അഹങ്കാരവും മാറിക്കിട്ടി…അടുത്ത് അറിയാത്ത കുറേ  ‘നല്ല  മനുഷ്യർ ‘ ഉണ്ടെന്ന സത്യവും എനിക്ക് മനസ്സിലായി..