ചെറുപ്പം മുതലേ എനിക്ക് അവരോട് വല്ലാത്ത ആരാധനയായിരുന്നു. കുഞ്ഞിലെ എന്നെ…

Story written by Saji Thaiparambu

===============

“മോളേ..ദേ അവര് വന്നു. അമ്മയോട് ചായ റെഡിയാക്കി വയ്ക്കാൻ പറ”

മുരളീധരൻ മകൾ ശ്വേതയെ വിളിച്ച് പറഞ്ഞു.

“വരു..അകത്തേയ്ക്കിരിക്കാം”

കോളിങ്ങ് ബെല്ലടിച്ച് വാതില്ക്കൽ കാത്ത് നിന്ന രണ്ട് ചെറുപ്പക്കാരെയും അദ്ദേഹം അകത്തേക്ക് ക്ഷണിച്ചു.

“ഹോ, എന്തൊരു മഴയാണങ്കിൾ, അല്ലെങ്കിൽ ഞങ്ങൾ കുറച്ച് കൂടെ നേരത്തെ എത്തിപ്പോയേനെ…”

കൂട്ടത്തിൽ കുറുകിയ ഇരുനിറക്കാരൻ പറഞ്ഞു.

“അത് സാരമില്ല മോനെ, നിങ്ങൾ വിളിച്ച് പറഞ്ഞതനുസരിച്ച് എന്തായാലുംവരുമെന്ന് ഞങ്ങൾക്കുറപ്പുണ്ടായിരുന്നു”

“കാറെടുക്കാമെന്ന് ഞാൻ പറഞ്ഞതാ, അപ്പോൾ ഇവനാ പറഞ്ഞത് പുതിയ ബുള്ളറ്റെടുത്തതല്ലേ അതിൽ പോയാൽ മതിയെന്ന്”

രണ്ടാമനും വെളുത്ത് കുറച്ച് ഗ്ളാമറുമുള്ളവനാണ് അത് പറഞ്ഞത്. അയാൾ അല്പം പുങ്കത്തരം ഉള്ളയാളാണല്ലോ എന്ന് മുരളീധരൻ മനസ്സിലോർത്തു.

“അല്ല…ഇതിലാരാചെറുക്കൻ?

“ഞാൻ തന്നയാണങ്കിൾ, പേര് സുശാന്ത്, ഇതെന്റെ കൂട്ടുകാരൻ വിനോദ്”

“ഓഹ്, അപ്പോൾ ഗമ പറയുന്ന വെളുത്ത ആളാണ് ചേച്ചീ ചെറുക്കൻ, ആള് കൊള്ളാം എനിക്കിഷ്ടപ്പെട്ടു. കണ്ടാൽ ജയറാമിന്റെ ഒരു ലുക്കുണ്ട്”

ജനാല വിരിയുടെ ചെറിയ വിടവിലൂടെ ഉളിഞ്ഞ് നോക്കിയ അനുജത്തി ശ്യാമ, ശ്വേതയോട് പറഞ്ഞു.

“ങ്ഹാ…മോൻ എന്ത് ചെയ്യുന്നു”

“ഞാൻ സ്വന്തമായിട്ട് ഒരു കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്നു, നല്ല ടേൺ ഓവർ ഉള്ള കമ്പനിയാണ്, ഏകദേശം ത്രീ ലാക്സ് ഇൻകം മന്ത്ലിയുണ്ടാവും”

ഹോ, ഇവനെങ്ങാനും കെട്ടിച്ച് കൊടുത്താൽ പിന്നെ എന്റെ മോള് എങ്ങനെ ഇവനെ സഹിക്കും.

സുശാന്തിന്റെ തള്ള് കേട്ട് മുരളീധരന്റെ കണ്ണ് തള്ളി.

സരോജിനിയുടെ അനുജത്തീടെ വീടിനടുത്തുള്ള ഒരു പയ്യന്റെ ആലോചന വന്നപ്പോൾ, അന്വേഷണത്തിൽ നല്ല സ്വഭാവമുള്ള പയ്യനാണെന്നും ജീവിതമാർഗ്ഗമായി ഒരു കമ്പ്യൂട്ടർ സെന്റർ നടത്തുന്നുണ്ട് എന്നുമറിയാൻ കഴിഞ്ഞു.

അത് കൊണ്ടാണ് ഇന്ന് കാണാൻ വരാൻ പറഞ്ഞതെന്ന് അയാൾ ഓർത്തു.

അപ്പോഴേക്കും പെണ്ണിന്റെ അമ്മ സരോജിനി ട്രേയിൽ രണ്ട് കപ്പ് ചായയുമായെത്തി.

“അങ്കിളിന് ചായ വേണ്ടേ?

” വേണ്ട…ഞാനിപ്പോൾ കുടിച്ചതേയുള്ളു”

“ഒരു കപ്പ് ചായ എടുത്ത് ചുണ്ടോടടുപ്പിക്കുമ്പോൾ, സുശാന്ത് ഉള്ളിലേക്ക് പ്രതീക്ഷയോടെ നോക്കി”

“മോളേ….”

സരോജിനി അകത്തേക്ക് നോക്കി മോളേ വിളിച്ചു.

ഭംഗിയായി മുടി സ്ട്രയ്റ്റ് ചെയ്ത, പുരികം ത്രെഡ് ചെയ്ത, ഐലീനർ കൊണ്ട് കണ്ണെഴുതിയ , മുഖത്ത് റെഡ് പൗഡറിട്ട് മിനുസപ്പെടുത്തിയ സ്ളീവ് ലെസ് ടോപ്പും ജീൻസുമിട്ട ഒരു മോഡേൺ പെൺകുട്ടി അവരുടെ മുന്നിൽ വന്ന് നിന്നു.

“എന്താ പേര്”

തെല്ല് ടെൻഷനോടെ സുശാന്ത് ചോദിച്ചു.

“ശ്വേത”

അവളുടെ ലിപ്സ്റ്റിക്കിട്ട ചുണ്ടുകളിൽ നിന്ന് പുറപ്പെട്ട, പതിഞ്ഞ ശബ്ദത്തെ അവൻ തിരിച്ചറിഞ്ഞു.

“എന്ത് ചെയ്യുന്നു”

“ഞാൻ Msc കഴിഞ്ഞിട്ട്, ഇപ്പോൾ UK യി ലാ, അവിടൊരു ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു”

“ങ്ഹേ, അവിടെ ഒറ്റയ്ക്കാണോ അപ്പോൾ താമസം”

“അല്ല. ഞങ്ങൾ രണ്ട് മലയാളികളും പിന്നെ ഒരു ബ്രിട്ടീഷ് പൗരനും ഒന്നിച്ചൊരു ഫ്ളാറ്റിലാ, അയാൾ മുകൾനിലയിലും ഞങ്ങൾ താഴെയും”

അത് കേട്ടപ്പോൾ സുശാന്തിന്റെ മനസ്സിൽ കാർമേഘങ്ങൾ ഉരുണ്ട് കൂടി.

നാട്ടിൽ തന്നെയുള്ള എത്രയോ BScക്കാരുടെ ആലോചനകൾ വന്നതാ…അപ്പോഴൊക്കെ അവരെക്കുറിച്ച് സുശാന്തിന് നല്ല അഭിപ്രായമില്ലായിരുന്നു.

വർഷങ്ങളോളം ഹോസ്റ്റലിലൊക്കെ നിന്ന് പഠിക്കുന്നവരല്ലേ…പിന്നെ ഹോസ്പിറ്റൽ ഡ്യൂട്ടി എന്ന് പറയുമ്പോൾ അധികവും നൈറ്റ് ഡ്യൂട്ടിയുമാണ്, തന്റെ കൂട്ടുകാരൊക്കെ എപ്പോഴും പറയാറുണ്ട്,

എടാ..ഈ ആശുപത്രിയിൽ നൈറ്റ് ഡ്യൂട്ടി എന്നും പറഞ്ഞ് ഇവളുമാര് അവിടെ എന്തൊക്കെയാ കാട്ടി കൂട്ടുന്നത് എന്നറിയാമോ? ഒന്നിനെയും വിശ്വസിക്കാൻ കൊള്ളില്ല

കൂട്ടുകാരുടെ വാക്കുകൾ ഒരു തെറ്റിദ്ധാരണയായി സുശാന്തിന്റെ മനസ്സിൽ പതിഞ്ഞ് കിടന്നിരുന്നു.

ഈശ്വരാ..ഇങ്ങനൊരാളെ ഒരിക്കലും വിവാഹം ചെയ്യില്ലെന്ന് ശപഥം ചെയ്ത ആളല്ലേ താൻ, എന്നിട്ട് വിദേശത്ത് മറ്റൊരു സായിപ്പിനൊപ്പം ഒന്നിച്ച് ജീവിക്കുന്ന ഒരുത്തിയെ തന്നെയാണല്ലോ താൻ, കാണാൻ വന്നതെന്ന് സുശാന്ത് ഓർത്തു.

“എന്താ മോൻ ആലോചിക്കുന്നത്”

“ഹേയ് ഒന്നുമില്ല അങ്കിൾ, ഈ വീട്ടിലെ കുട്ടിയെ ആണ് കാണാൻ വരുന്നത് എന്ന് ഇവൻ പറഞ്ഞപ്പോൾ, എന്റെ മനസ്സിൽ ഞാൻ സ്ഥിരം കാണാറുള്ള മറ്റൊരു കുട്ടി ആയിരുന്നു,

മുൻപ്, ഞാൻ കോളേജിൽ പഠിക്കുമ്പോൾ എന്റെ ജൂനിയറായിട്ട് അവിടെ ഉണ്ടായിരുന്ന കുട്ടി, അയാളുടെ പേരൊന്നും എനിക്കറിയില്ല, അന്നെനിക്ക് അയാളോട് ഇഷ്ടം തോന്നിയത് കൊണ്ട് ഞാൻ കൂട്ടുകാരോട് അന്വേഷിച്ച് ഈ വീട്ടിലേതാണന്ന് മനസ്സിലാക്കിയിരുന്നു, പക്ഷേ പിന്നീട് ആ കുട്ടിയെ.കാണാതായപ്പോൾ ആ വിഷയം മറക്കുകയും ചെയ്തു”

“ഓഹ് , അത് ഇവളുടെ അനുജത്തിയാ മോനേ…അവൾക്കുടനെ കല്യാണം നടത്തുന്നില്ല, ചേച്ചിയുടെ കഴിഞ്ഞിട്ടേയുള്ളു”

“അല്ല അങ്കിൾ, എനിക്ക് ആ കുട്ടിയെ, ഒന്ന് കാണാൻ പറ്റുമോ?

“അതിനെന്താ…മോളേ ശ്യാമേ ഒന്നിങ്ങട് വരു”

വിളി കേട്ടതും മടിച്ച് മടിച്ച് ശ്യാമ അങ്ങോട്ട് വന്നു.

ഒരു നാടൻ പെൺകുട്ടിയുടെ എല്ലാ ലക്ഷണവുമുള്ള, കണ്ടാൽ തന്നെ നല്ല അച്ചടക്കമുണ്ടന്ന് തോന്നുന്ന മുഖം കുനിച്ച് നില്ക്കുന്ന അവളെ കണ്ടപ്പോൾ, വീണ്ടും സുശാന്തിന്റെ മനസ്സിൽ പഴയ മോഹം പൂത്തുലഞ്ഞു.

“അങ്കിളിന് വിരോധമില്ലെങ്കിൽ ഞാൻ ശ്യാമയെ വിവാഹം കഴിച്ചോട്ടെ”

“മോനേ അത് പിന്നേ…”

“വേണ്ട…ഒന്നും പറയണ്ട. എനിക്കറിയാം മൂത്തവൾ നില്ക്കുമ്പോൾ എങ്ങനാണെന്നല്ലേ,.അത് വിഷമിക്കണ്ട എന്റെയീ കൂട്ടുകാരനും വിവാഹം കഴിക്കാൻ ഒരുങ്ങിയിരിക്കുന്ന ആളാണ്, ഞങ്ങൾ വരുമ്പോഴെ ഒരു ധാരണ ഉണ്ടായിരുന്നു. പെണ്ണിനെ കണ്ടിട്ട് , ആർക്കാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്, അയാൾക്ക് ഉറപ്പിക്കാം എന്ന് ,അത് പ്രകാരം ശ്വേതയെ കണ്ടപ്പോഴേ ഇവൻ എന്റെ ചെവിയിൽ പറഞ്ഞിരുന്നു അവന് ഒത്തിരി ഇഷ്ടപ്പെട്ടെന്ന്, ഇവൻ ഒരു കോളേജ് ലക്ചറാണ്. ബുദ്ധിമുട്ടില്ലെങ്കിൽ നിങ്ങൾ അന്വേഷിച്ചിട്ട് ഒരു തീരുമാനം അറിയിച്ചാൽ മതി. ഞങ്ങൾ ഇപ്പോൾ ഇറങ്ങുന്നു”

അവർ യാത്ര പറഞ്ഞിറങ്ങി.

”MSC, ഹോസ്പിറ്റൽ എന്നൊക്കെ കേട്ടിട്ടല്ലേ, നീ അവളെ എനിക്കായ് ഒഴിഞ്ഞ് തന്നത് ” പോകുന്ന വഴിയിൽ വിനോദ് സുശാന്തിനോട് ചോദിച്ചു.

“അതേടാ, എനിക്ക് പണ്ട് മുതലേ അവറ്റകളോട് വലിയ മതിപ്പില്ല”

“പക്ഷേ എനിക്കങ്ങനല്ല കേട്ടോ, എനിക്കവരോട് തികഞ്ഞ ബഹുമാനമാണ്, ചെറുപ്പം മുതലേ എനിക്ക് അവരോട് വല്ലാത്ത ആരാധനയായിരുന്നു. കുഞ്ഞിലെ എന്നെ കുത്തിവയ്ക്കുമ്പോൾ, ഞാൻ കരയാതിരിക്കാനായി ,അവർ എന്നെ വാത്സല്യത്തോടെ തഴുകുമായിരുന്നു അപ്പോൾ എന്റമ്മയോടുള്ളത് പോലോരു അടുപ്പം അന്ന് മുതലേ,എനിക്ക് അവരോടുണ്ടായിരുന്നു, താങ്ക്സ്, ഒരു മാലാഖയെ നീ എനിക്ക് വിട്ട് തന്നതിന് “

സുശാന്തിനോട് വിനോദ് നന്ദി പറഞ്ഞു .

ഈ സമയം ശ്വേതയുടെ വീട്ടിൽ, എല്ലാവരും സന്തോഷത്തിലായിരുന്നു.

തനിക്ക് പറയാനുള്ളത് മുഴുവൻ കേൾക്കാൻ നില്ക്കാതെ, അവർ ഇറങ്ങി പോയപ്പോൾ, തന്റെ രണ്ട് മക്കളുടെയും കല്യാണം തടസ്സങ്ങളില്ലാതെ നടക്കുമല്ലോ എന്നയാൾ ആശ്വസിച്ചു.

അത് പ്രകാരം മുരളീധരൻ ആദ്യം അഭിപ്രായം ചോദിച്ചത്, തന്റെ മക്കളോടായിരുന്നു.

രണ്ട് പേർക്കും എതിർപ്പൊന്നുമില്ലായിരുന്നു.

അങ്ങോട്ടുമിങ്ങോട്ടുമുള്ള അന്വേഷണങ്ങൾക്കൊടുവിൽ , എല്ലാവരുടെയും അനുഗ്രഹാശിസ്സുകളോടെ ,കൂട്ടുകാർ ചേർന്ന് ചേട്ടത്തിയുടെയും അനുജത്തിയുടെയും കഴുത്തിൽ ഒരു ദിവസം ഒരേ പന്തലിൽ ശുഭമുഹൂർത്തത്തിൽ താലിചാർത്തി.

ആദ്യരാത്രി….

മുല്ലപ്പൂക്കൾ വിരിച്ച പട്ട്മെത്തയിൽ ഇരുന്ന് സുശാന്ത്, നാണിച്ച് തല താഴ്ത്തിയിരുന്ന ശ്യാമയുടെ താടിയെല്ലിൽ പിടിച്ചുയർത്തിയിട്ട് അവളോട് ചോദിച്ചു…

“അല്ല, അന്ന് ഞാൻ തന്നോട് എന്റെ ഇഷ്ടം പറയാനായി തന്നെ അന്വേഷിച്ച് ഒരു പാടലഞ്ഞു, എന്തായിരുന്നു പിന്നീട് കോളേജിലേക്ക് വരാതിരുന്നത്”

“ഓഹ്, അക്കാര്യമൊക്കെ അന്ന് കോളേജിൽ പാട്ടായിരുന്നല്ലോ, എന്നിട്ട്, ഏട്ടൻ മാത്രമറിഞ്ഞില്ലേ?”

അവൾ അത്ഭുതത്തോടെ ചോദിച്ചു,

“എന്ത് കാര്യം?”

“അന്ന് ഞാൻ, പ്രീഡിഗ്രിക്ക് പഠിക്കുവായിരുന്നല്ലോ? എന്റെ ക്ളാസ്സിൽ പഠിക്കുന്ന, ഒരാളുമായി ഞാൻ പ്രണയത്തിലായിരുന്നു, പ്രണയം മൂത്തപ്പോൾ പ്രായത്തിന്റെ ചോ രത്തിളപ്പിൽ ഞങ്ങൾ ഒരു ഒളിച്ചോട്ടം നടത്തി, ബാംഗ്ളൂരേക്ക്, രാത്രിയിൽ ഒരു ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു. പക്ഷേ, അച്ഛൻ പോലീസിൽ പരാതി നല്കിയതനുസരിച്ച് ,പിറ്റേന്ന് പോലിസ് അന്വേഷിച്ചെത്തി ഞങ്ങളെ സ്റ്റേഷനിൽ കൊണ്ട് പോകുകയും, അവിടെ വച്ച് പ്രായപൂർത്തിയായില്ല എന്ന് പറഞ്ഞ്, എന്നെ അച്ഛന്റെ കൂടെ അയക്കുകയും ചെയ്തു. അതോടെ എന്റെ പഠിത്തവും നിന്നു, കുറേ നാൾ കഴിഞ്ഞപ്പോൾ, എന്റെ മനസ്സിൽ നിന്നും ആ സംഭവം മാഞ്ഞ് പോകുകയും ചെയ്തു”

“ങ്ഹേ, അപ്പോൾ നീ ഒന്ന് ഒളിച്ചോടിയതാണല്ലേ? അതും  ഒരു രാത്രി മുഴുവൻ അന്യപുരുഷനുമായി, ഏതോ ലോഡ്ജിൽ താമസിക്കുകയും ചെയ്തു.”

“ങ്ഹാ, അത് ഞാൻ  പറഞ്ഞല്ലോ, അന്നേരത്തെ ഒരു എടുത്ത് ചാട്ടമായിരുന്നു അത്, പിന്നെ ലോഡ്ജിൽ കഴിഞ്ഞെന്ന് കരുതി ഒന്നും സംഭവിച്ചിട്ടില്ല കേട്ടോ?

“അപ്പോൾ എല്ലാം മറച്ച് വച്ച്, നിന്റെ അച്ഛൻ എന്നെ ചതിക്കുകയായിരുന്നല്ലേ?

“ദേ..എന്റെ അച്ഛനെയെങ്ങാനും പറഞ്ഞാലുണ്ടല്ലോ…അദ്ദേഹം എല്ലാം പറയാൻ ഒരുങ്ങിയപ്പോൾ നിങ്ങളല്ലേ, ഒന്നും പറയേണ്ടന്ന് പറഞ്ഞ് അച്ഛന്റെ വാ, പൊത്തിയത്

“ഛെ! ഇതിപ്പോൾ അക്കരപച്ചതേടി പോയവന്റെ അവസ്ഥയായല്ലോ ദൈവമേ”

സുശാന്ത് ഷോക്കടിച്ചവനെ പോലെയിരുന്നു.

ഈ സമയം വിനോദും ശ്വേതയും ഹണിമൂൺ UKയിൽ, വേണോ അതോ സിംഗപ്പൂർ മതിയോ എന്ന ചർച്ചയിലായിരുന്നു.

~സജിമോൻ തൈപറമ്പ്