തീരെ താൽപ്പര്യമുണ്ടായിട്ടല്ലെങ്കിലും സാഹചര്യം എന്നെക്കൊണ്ട് ആ തീരുമാനമെടുപ്പിക്കുകയായിരുന്നു…

എന്റെ കുടുംബം എന്റെ സ്വർഗ്ഗം…

Story written by Praveen Chandran

===============

“ഡാ ഇന്ന് ഞങ്ങൾ കുപ്പി വേടിക്കുന്നുണ്ട് നീ കൂടുന്നോ?”

സഹപ്രവർത്തകന്റെ ആ ചോദ്യത്തിന് ഞാൻ മറുപടി പറയുന്നതിനു മുമ്പേ മറ്റൊരു സഹപ്രവർത്തകൻ മറുപടിയുമായെത്തി…

“ഓ..അവനുണ്ടാവില്ലെടാ..അവനു ബി.പിയാ..ഭാര്യയെ പേടി!..പിന്നെ അവൻ ഓഫീസ് വിട്ടാ നേരെ വീട്ടിലേക്കോട്ടമാണല്ലോ?എത്ര നാളുണ്ടാവുമോ എന്തോ?”

അതിന് മറുപടിയായി ഞാനൊന്ന് പുഞ്ചിരിച്ചു…ഫ്ലാറ്റിലേക്ക് നടക്കും നേരം ഞാൻ ചിന്തിച്ചു…

അവളു കുറച്ച് ദിവസം മാറിനിന്നിരുന്നെങ്കിൽ ഇവന്മാരുടെ പരാതി ഒന്നു തീർത്ത് കൊടുക്കാമായിരുന്നു…സത്യത്തിൽ അവൾക്ക് വല്ലപ്പോഴും കഴിക്കുന്നതിൽ എതിർപ്പില്ലായിരുന്നു..ഞാൻ തന്നെയാണ് തീരുമാനിച്ചത് വേണ്ടാ എന്ന്..കാരണം വല്ലപ്പോഴും എന്നത് പലപ്പോഴും ആകാൻ അധികസമയം വേണ്ടല്ലോ. അതുകൊണ്ട് ആഘോഷങ്ങളൊക്കെ വെക്കേഷന് നാട്ടിൽ പോകുമ്പോ മതി എന്നു തീരുമാനിച്ചിരുന്നു.

അമ്മൂന് പതിവുളള ചോക്ലേറ്റും വാങ്ങി ഞാൻ വീട്ടിലേക്ക് കയറി…

എന്നെക്കണ്ടതും മോളോടി വന്നു കവിളത്തൊരു ചക്കരുമ്മ തന്നു..ഓഫീസിലെ എല്ലാ ടെൻഷനുകളും പമ്പകടന്നു ആ ഒരൊറ്റ ഉമ്മയിൽ…

അങ്ങനെ സന്തോഷത്തോടെ പോകുന്ന സമയത്താണ് ഓയലിന് വിലകുറയുന്നതും ഗൾഫ് നാടുകളിലാകെ സാമ്പത്തിക മാന്ദൃം ആഞ്ഞടിക്കുന്നതും..കുറെ പേർക്ക് ജോലി നഷ്ട്ടപ്പെടുകയുണ്ടായി…ഞങ്ങളുടെ കമ്പനിയിലും അതിന്റെ പ്രത്യാഘാതങ്ങളുണ്ടായി…

കമ്പനി പലരേയും പിരിച്ചു വിട്ടു..ആനുകൂല്ല്യങ്ങളൊക്കെ റദ്ദാക്കി..തന്മൂലമാണ് അഞ്ചുകൊല്ലത്തോളമായി കൂടെയുണ്ടായിരുന്ന ഭാര്യയേയും മകളേയും നാട്ടിലയക്കാൻ ഞാൻ നിർബന്ധിതനായത്..

തീരെ താൽപ്പര്യമുണ്ടായിട്ടല്ലെങ്കിലും സാഹചര്യം എന്നെക്കൊണ്ട് ആ തീരുമാനമെടുപ്പിക്കുകയായിരുന്നു…

ആ ഫ്ലാറ്റ് വിട്ട് ഞങ്ങൾക്ക് ഇറങ്ങാനെ തോന്നുന്നില്ലായിരുന്നു..ഉറുമ്പ് ധാന്യമണി ശേഖരിക്കുന്നത് പോലെ കുറെ സാധനങ്ങൾ ഞങ്ങളവിടെ അടുക്കിയിരുന്നു…അതൊക്കെ വിട്ട് വരാൻ ഞങ്ങൾക്ക് വല്ലാത്തൊരു വിഷമം..

നാട്ടിൽ അവരെ വിട്ട് തിരിച്ച് വരാനായിരുന്നു എന്റെ പ്ലാൻ..ആദ്യമായിട്ടാണ് അവരെ പിരിഞ്ഞിരിക്കാൻ പോകുന്നത്..അതിന്റെ ഒരു ആശങ്ക എനിക്കുണ്ടായിരുന്നു..

പോകുന്നതിന് രണ്ടു ദിവസം മുന്ന് കോട്ടയത്തുളള ഒരു സുഹൃത്തിന്റെ കല്ല്യാണത്തിന്റെ ഭാഗമായി ഒരു ദിവസം എനിക്ക് മാറിനിക്കേണ്ടതായി വന്നിരുന്നു…

മോൾക്ക് മൂന്നു വയസ്സു കഴിഞ്ഞതേയുളളൂ..ഞാനും അവളും തമ്മിൽ ഒരു പ്രത്യേക തരം ആത്മബന്ധമാണ് ഉണ്ടായിരുന്നത്..അവളുടെ ഫ്രണ്ട് ആരാന്ന് ചോദിച്ചാലും ബ്രദർ ആരാന്നു ചോദിച്ചാലും എല്ലാം അച്ഛനാണ് അവൾക്ക്..പുറത്തിറങ്ങുമ്പോൾ ഞാനെടുക്കണം അവളെ..എനിക്കതിൽ ഇന്നുവരെ ഒരു ക്ഷീണവും തോന്നിയിട്ടുമില്ല…

ഭാര്യകളിയാക്കി ചോദിക്കുമായിരുന്നു..

“നിങ്ങൾ സയാമീസ് ഇരട്ടകളാണോ?” എന്ന്..

കല്ല്യാണത്തിന് പോയി മടങ്ങിവന്ന എന്റെ അടുത്തേക്ക് അവൾ ഓടിവന്നു..പതിവിലും കൂടുതൽ സ്നേഹപ്രകടനമായിരുന്നു  അവളുടെ ഭാഗത്ത് നിന്ന്..

“അച്ഛേ..ഇനി അമ്മൂനെ ഒറ്റക്കാക്കി എങ്ങടും പോകല്ലേട്ടാ..അച്ഛ പോയാ അമ്മൂന് ആരും ഇല്ലാണ്ടാവില്ലേ?”

ആരൊക്കെയോ പറയുന്നത് കേട്ട് എന്റെ കുട്ടിക്ക് മനസ്സിലായിരിക്കുന്നു ഞാനവരെ വിട്ട് തിരിച്ചു പോകാണെന്ന്..

അല്ലെങ്കിൽ തന്നെ മനസ്സിനെ പിടുച്ചുകെട്ടി നിർത്തിയിരുന്ന എന്നെ സംബന്ധിച്ചിടത്തോളം അത് ചങ്കിൽ കൊളളുന്ന ഒന്നായിരുനു…

അവളുടെ കവിളത്ത് ഒരു ചക്കരമുത്തം കൊടുത്ത് കൊണ്ട് ഞാൻ പറഞ്ഞു..

“ഇല്ലാട്ടാ പൊന്നോ..അച്ഛൻ എങ്ങടും പോണില്ലാട്ടാ.”

എന്തു ചെയ്യാം സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം തിരിച്ചുപോരേണ്ടി വന്നു എനിക്ക്…

“അച്ഛൻ ഇപ്പോ വരാട്ടോ മോളേ” എന്നു പറഞ്ഞാ ഞാനവിടന്നിറങ്ങിയത്…

ഇറങ്ങുമ്പോൾ ചങ്ക് നീറുന്നതുപോലെ..

ഭാര്യയെ നോക്കി “പോട്ടെടി” എന്നാംഗ്യം കാണിച്ചു..

അവൾ ചിരിച്ചുകൊണ്ടാണ് എന്നെ യാത്രയാക്കിയത്..എനിക്കറിയാം ആ മനസ്സ് എത്ര പിടയുന്നുണ്ടെന്ന്…കണ്ണു നിറഞ്ഞത് കാണാതിരിക്കാൻ കൂളിംഗ് ഗ്ലാസ്സ് എടുത്ത് വച്ച് ഞാനും ഒന്ന് ചിരിച്ചു…

ഫ്ലൈറ്റിലിരിക്കുമ്പോൾ ഞാനെല്ലാവരേയും വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. എല്ലാവരുടേയും മുഖത്തുണ്ട് പ്രവാസികൾക്ക് മാത്രമായുണ്ടാകുന്ന  ആ ഭാവം..പ്രവാസമെന്നത് ചെറിയൊരു മരണമാണെന്ന് എനിക്കപ്പോ തോന്നി…

ഫ്ലൈറ്റ് അബുദാബിയിൽ ഇറങ്ങിയതും മനസ്സൊന്ന് പിടഞ്ഞു..തിരിച്ചു പോയാലോ എന്നാലോചിച്ചു കുറച്ച് നേരം നിന്നു…

വന്നിറങ്ങിയ ഉടനെ വീട്ടിലേക്ക് വിളിച്ചു നോക്കി..മോളുറങ്ങിയിരുന്നു അപ്പോഴേക്കും..

അച്ഛനെക്കാത്ത് കുറെ നേരം ഇരുന്നത്ര അവൾ…പാവം!!..

പിറ്റെ ദിവസം മുതൽക്കാണ് ആണ് ഞാൻ ശരിക്കും എന്റെ കുടുംബം എനിക്ക് എത്ര പ്രിയപ്പെട്ടതായിരുന്നു എന്ന് മനസ്സിലാക്കാൻ തുടങ്ങിയത്…

ഭാര്യയുണ്ടായിരുന്നപ്പോൾ ഞാനൊന്നും അറിഞ്ഞിരുന്നില്ല..ഓഫീസിലെ ടെൻഷൻ കഴിഞ്ഞ് വീട്ടിലെത്തിയാൽ ഞാൻ പൂർണ്ണ സന്തോഷവാനായിരുന്നു..ആ സന്തോഷമാണ് എനിക്കിന്നില്ലാതായിരിക്കുന്നത്…

മകളുടെ ഫോട്ടോ ഞാനിപ്പോൾ നോക്കാറില്ല..നോക്കാനുളള മനക്കട്ടിയില്ല..എന്നുവേണം പറയാൻ…നോക്കുമ്പോൾ അവളുടെ അടുത്തേക്ക് എത്താൻ എന്റെ മനസ്സ് വെമ്പുന്നു..

ഭാര്യ പോയി കഴിയുമ്പോ കൂട്ടുകാരുമൊത്ത് രണ്ടെണ്ണം സമാധാനമായി അടിക്കാലോ എന്നൊക്കെയാണ് ഞാനും വിചാരിച്ചത്..പക്ഷെ വന്നിട്ടിതുവരെ അതിനുളള മൂഡുപോലും വന്നില്ല എന്നതാണ് സത്യം..

കുടുംബത്തെ സ്നേഹിക്കുന്ന ഒരാളുടെ ഏറ്റവും വലിയ ലഹരി കുടുംബമാണെന്ന് തിരിച്ചറിയുകയായിരൂന്നു ഞാൻ…

ഒരു പാട് പൈസ ഉണ്ടാക്കാൻ അലയുന്നതിനേക്കാൾ ഉളള പൈസ കൊണ്ട് കുടുംബത്തോടൊപ്പം ചിലവഴിക്കാൻ കിട്ടുന്ന ഒരു നിമിഷത്തിനു പോലും വിലയുണ്ടെന്ന് എനിക്ക് തോന്നി…

എത്രയും പെട്ടെന്ന് അവരെ തിരിച്ചുകൊണ്ട് വരുവാനുളള ഒരുക്കത്തിലാണ് ഇപ്പോൾ ഞാൻ..

സന്തോഷവും സമാധാനവുമുളള ഒരു കുടുംബം നിങ്ങൾക്കുണ്ടെങ്കിൽ അത് തന്നെയാണ് നിങ്ങളുടെ സ്വർഗ്ഗം….

~പ്രവീൺ ചന്ദ്രൻ