നാളെ ആതിരയെ പെണ്ണ് കാണാൻ ഒരു കൂട്ടര് വരുന്നുണ്ട്, ഞാൻ അതിന്റെ ടെൻഷനിലാണ്…

ഒരച്ഛന്റെ രോദനം…

Story written by Saji Thaiparambu

=============

“ദേ…അഞ്ജലി മൂന്നാമതും ഗർഭിണിയാണെന്ന്, അവളാ ഇപ്പോൾ വിളിച്ചത്”

ഫോൺ കട്ട് ചെയ്തിട്ട് ദേവകി, ഭർത്താവ് വാസുവിനോട് പറഞ്ഞു.

“ഇത് ഞാൻ പ്രതീക്ഷിച്ചതാ , കഴിഞ്ഞാഴ്ച വിളിച്ചപ്പോൾ രാജേഷ്, ഉള്ള ജോലി കളഞ്ഞിട്ട് വീട്ടിൽ തന്നെ ഇരിപ്പാണെന്നല്ലേ അവള് പറഞ്ഞത്, അപ്പോൾ പിന്നെ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളു”

വാസു തമാശകലർന്ന കാര്യത്തിൽ അനിഷ്ടത്തോടെ പറഞ്ഞു.

“അഞ്ചാറ് മാസം കൂടി കഴിയുമ്പോൾ പ്രസവത്തിനായിട്ട് അവൾ ഇങ്ങോട്ട് വരുന്നുണ്ടെന്ന്”

“ങ്ഹേ..അതെന്തിനാടീ അവളിങ്ങോട്ട് വരുന്നത്, ഉണ്ടാക്കിയവനറിയില്ലേ അവളുടെ പ്രസവച്ചിലവ് നോക്കണമെന്ന്…ആദ്യത്തേതും രണ്ടാമത്തേതും നമ്മള് തന്നെയല്ലേ നോക്കിയത്. മൂത്ത മകളുടെ പ്രസവം മാത്രം നോക്കിയിരുന്നാൽ ഇളയ രണ്ട് പെമ്പിള്ളേരുടെ കാര്യങ്ങള് ആര് നോക്കും, അവരെയും കെട്ടിച്ചയക്കേണ്ടതല്ലേ?

വാസു അസഹ്യതയോടെ പറഞ്ഞു.

“എന്ന് പറഞ്ഞാൽ എങ്ങനെയാ ഞാൻ പെറ്റ് പോയില്ലേ ? ഉപേക്ഷിക്കാൻ പറ്റുമോ?

“ആ എനിക്കറിയില്ല, നീ എന്താന്ന് വച്ചാൽ ചെയ്യ്, നാളെ ആതിരയെ പെണ്ണ് കാണാൻ ഒരു കൂട്ടര് വരുന്നുണ്ട്, ഞാൻ അതിന്റെ ടെൻഷനിലാണ്”

“ആ ഗൾഫുകാരൻ തന്നെയാണോ വരുന്നത്?

“അതെ , അയാൾക്ക് മൂന്ന് മാസത്തെ ലീവേ ഉള്ളൂ എന്ന്, അതിനുള്ളിൽ, പെണ്ണ് കണ്ട് ഉറപ്പിച്ച് , വിവാഹം കഴിച്ചിട്ട്, തിരിച്ചു പോകണമെന്നാ പറയുന്നത്”

“ഇതെങ്കിലും ഒന്ന് നടന്നു കിട്ടിയാൽ മതിയായിരുന്നു എന്റെ ഭഗവതി..എത്ര ആലോചനകളാ വന്നിട്ട് ഓരോരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു പോകുന്നത്, പെണ്ണിനാണെങ്കിൽ വയസ്സ് ഇരുപത്തിമൂന്നായി”

“ഇത് നടക്കുമെന്നാ എന്റെ മനസ്സ് പറയുന്നത്”

പിറ്റേന്ന് ഉച്ചകഴിഞ്ഞ്, ചെറുക്കനും കൂട്ടുകാരനും, പിന്നെ ഒരു അമ്മാവനുമായി വന്നു.

ആതിരയെ കണ്ട് ഇഷ്ടപ്പെട്ടാണ് അവർ പോയത്.

രണ്ട് വീട്ടുകാരുടെയും ഇഷ്ടപ്രകാരം പിറ്റേ മാസം മുഹൂർത്തം നിശ്ചയിച്ചു.

കല്യാണം കഴിഞ്ഞ് ആതിര ഭർത്താവിനോടൊപ്പം പോയപ്പോൾ വാസു ഒരു ദീർഘനിശ്വാസമയച്ചു.

“ഇനി പൊടി മോളെ കൂടി ആരുടെയെങ്കിലും കൈ പിടിച്ച് കൊടുത്താൽ സമാധാനമായേനെ”

അയാൾ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുടച്ചു.

കല്യാണം കഴിഞ്ഞ പിറ്റേ ആഴ്ച തന്നെ അടുക്കള കാണുക എന്ന ചടങ്ങ് നടന്നു.

ബന്ധുക്കൾ ഓരോന്നായി പിരിഞ്ഞ് പോയി.

വിരുന്ന് വന്ന ആതിരയും ഭർത്താവും, പിറ്റേന്ന് അവരുടെ വീട്ടിലേക്ക് തിരിച്ച് പോയി.

“അല്ലാ, അഞ്ജലീ…രാജേഷ് വിളിക്കാൻ വരുമോ ? അതോ ഞാൻ കൊണ്ടാക്കണോ?

കല്യാണം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടും മൂത്തമകൾ തിരിച്ച് പോകാത്തത് കൊണ്ടാണ് വാസു അങ്ങനെ ചോദിച്ചത്.

“പോയാലും കുറച്ച് കഴിഞ്ഞ് ഇങ്ങോട്ട് തന്നെയല്ലേ വരേണ്ടതെന്നാ, അവള് ചോദിക്കുന്നത്”

ദേവകിയാണ് അതിന് മറുപടി പറഞ്ഞത്.

“അത് കൊണ്ട്?

“അത് കൊണ്ട്, അവളിനി പ്രസവം കഴിഞ്ഞേ തിരിച്ച് പോകുന്നുള്ളുന്ന്”

ഉള്ളിൽ തികട്ടി വന്ന അമർഷം അയാൾ കടിച്ചിറക്കി.

“ദേവകീ..നീയൊരു കട്ടൻ ചായയെടുക്ക്, ഇന്ന് മുതൽ എനിക്കുള്ള പാല് അഞ്ജലിക്ക് കാച്ചി കൊടുക്ക് , ഒന്ന് കൂടി മുണ്ട് മുറുക്കിയുടുത്താലേ രണ്ട് മൂന്ന് കൊല്ലം കൂടി കഴിയുമ്പോൾ, പൊടിമോളെ കൂടി കെട്ടിച്ചയക്കാൻ പറ്റു”

“ദേ ,ആതിരേടെ ചെക്കനാ, നിങ്ങളെ വിളിക്കുന്നു”

റിസീവർ കൈയ്യിൽ പിടിച്ചോണ്ട് ദേവകി വാസുവിനോട് പറഞ്ഞു.

“ങ്ഹാ അച്ഛാ…മറ്റന്നാള് എനിക്ക് തിരിച്ച് പോകണം, ഇനി രണ്ട് വർഷം കഴിഞ്ഞിട്ടേ തിരിച്ച് വരുകയുള്ളു, ആതിര അത് വരെ അവിടെ വന്ന് നില്കട്ടെ , ഇവിടെ അമ്മയും, അച്ഛനും മാത്രമല്ലേയുള്ളു ,അവള് വല്ലാതെ ബോറടിക്കും, അവിടാകുമ്പോൾ നിങ്ങളൊക്കെയുണ്ടല്ലോ ,അവൾക്കും അതാ താല്പര്യം”

അത് കേട്ടപ്പോൾ ,വാസു കൂനിൻമേൽ കുരു എന്ന അവസ്ഥയിലായി.

ഭർത്താവിനെ എയർപോർട്ടിലാക്കിയിട്ട്, ആതിര കുടുംബത്തോടൊപ്പം സ്വന്തം വീട്ടിലേക്ക് തിരിച്ച് വന്നു.

വീട്ടിലെത്തിയപ്പോഴേക്കും ദേവകി എല്ലാവർക്കും ഊണ് വിളമ്പിവച്ചിരുന്നു.

ഭക്ഷണം കഴിക്കുന്നതിനിടയിൽ വാ പൊത്തി പിടിച്ച് കൊണ്ട് ആതിര വാഷ്ബെയ്‌സനിലേക്ക് ഓടി.

മൂന്നാല് പ്രാവശ്യം ഓക്കാനിച്ചു.

“എന്ത് പറ്റി മോളേ”

ദേവകി അവളുടെ പുറം തടവികൊടുത്തു കൊണ്ട് ചോദിച്ചു .

“അത് ,അമ്മേ..കല്യാണം കഴിഞ്ഞിട്ട് ഞാനിത് വരെ മെ ൻസസ് ആയിട്ടില്ല, കഴിഞ്ഞാഴ്ച ആകേണ്ടതാ “

അവൾ അമ്മയുടെ ചെവിയിൽ പറഞ്ഞു.

“എന്റെ ഭഗവതീ..നീ കനിഞ്ഞു, ഇത്, അത് തന്നെയാമോളേ..നാളെ തന്നെ നമുക്ക് ഡോക്ടറെ കാണാൻ പോകണം, നീ ചെന്ന് സന്ദീപിനെ വിളിച്ച് ഈ സന്തോഷ വാർത്ത അറിയിക്ക്, ദേ കേട്ടോ…നിങ്ങൾ, പിന്നെയും മുത്തച്ഛനായെന്ന്”

അത് കേട്ടപ്പോൾ വാസു ,വായിലേക്ക് ഉരുട്ടി വച്ച ചോറുരുള, തൊണ്ടയിൽ നിന്നിറങ്ങാതെ, കയ്യാല പുറത്തെ തേങ്ങ പോലെ അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതിരുന്നു…

~സജിമോൻ തൈപറമ്പ്