നീരജ് പറഞ്ഞവസാനിപ്പിച്ച് രുദ്രയെ നോക്കിയപ്പോൾ നാണത്താൽ അവളുടെ മുഖം കൂടുതൽ ഭംഗിയുള്ളതായി തോന്നി അവന്…

വിശാരദം…

Story written by Reshja Akhilesh

===============

“അമ്മമ്മേ ഒന്നിങ്ങട് ഉമ്മറത്തേയ്ക്ക് വരാമോ “

രുദ്ര പതിയെ എഴുന്നേറ്റ് അരികിലെ തൂണിൽ ചാരി നിന്നു.

“ഇപ്പൊ വരാട്ടോ…ധൃതിപ്പെട്ട് എഴുന്നേറ്റ് നടന്നിട്ട് കാലൊന്നും തട്ടി വീഴല്ലേട്ടോ “

മീനാക്ഷിയമ്മ നിമിഷങ്ങൾക്കുള്ളിൽ രുദ്രയുടെ അടുത്തേയ്ക്ക് വന്നെത്തി.

“എന്താ കുട്ട്യേ…ഭദ്ര എന്തെങ്കിലും കുരുത്തക്കേട് കാണിച്ചുവോ…എവടെ അവള്…”

“ഏയ്യ് അതൊന്നുമല്ല അമ്മമ്മേ…അവൾ എഴുന്നേറ്റിട്ട് കൂടി ഇല്ലാ…അമ്മമ്മയ്ക്ക് അറിഞ്ഞുടെ അവൾ ഇപ്പോഴൊന്നും എഴുന്നേൽക്കില്ലന്ന്…”

“ഊം…അതും ശരിയാ…മടിച്ചിയാ പെണ്ണ്…മോള് പിന്നെന്തിനാ അമ്മമ്മയെ വിളിച്ചേ…”

“ഇത്‌ കണ്ടോ അമ്മമ്മെ ഒരു ഇലഞ്ഞിപ്പൂവ്…കണ്ണുകാണാതെ ഞാൻ നമ്മുടെ തൊടിയിൽ തപ്പിയും തടഞ്ഞും പെറുക്കിയും നുള്ളിയും പൂക്കൂടനിറയ്ക്കുമ്പോൾ ഇങ്ങനെ ഒന്ന് ഇല്ലായിരുന്നല്ലോ…അമ്മമ്മയാണോ ഇലഞ്ഞിപ്പൂ പെറുക്കി കൊണ്ടന്നേ…”

“എന്താ കുട്ട്യേ പറയണേ…ഈ മീനാക്ഷിയമ്മേടെ തലയ്ക്ക് ഓളം ഒന്നൂല്ല്യാ…നൂറു കൂട്ടം പണ്യോള് ഇവ്ടെ കിടക്കുമ്പോൾ വല്ലേടത്തും പോയി ഇലഞ്ഞിപ്പൂ പെറുക്കാൻ…”

“ചൂടാവല്ലേ ന്റെ മീനാക്ഷിയമ്മേ…ചുറ്റും നടക്കുന്നതൊന്നും കാണാൻ പറ്റാത്തത് കൊണ്ടല്ലേ ഇങ്ങനെ ഓരോ സംശയങ്ങൾ…ഏതെങ്കിലും യ ക്ഷിയോ ഗന്ധർവ്വനോ ഒപ്പിച്ച പണിയായിരിക്കും അല്ല അമ്മമ്മേ…”

“കാലത്ത് തന്നെ ഇങ്ങനെ ഓരോന്ന് പറയല്ലേ കുട്ട്യേ…പാലപ്പൂവും യ ക്ഷിയും ആയിട്ട് എന്താ ബന്ധം…പൊട്ടിപ്പെണ്ണേ…”

“എന്നാൽ പിന്നെ ഗന്ധർവ്വൻ  ആയിരിക്കും…ഈ കണ്ണുപൊട്ടിയോട് ലോഹ്യം കൂടാൻ വന്നതാകും അല്ലേ…”

“ഈ പെണ്ണിന്റെ ഒരു കാര്യം…അമ്മമ്മയ്ക്ക് അകത്തു കുറേ കാര്യങ്ങൾ ചെയ്യാനുണ്ട്…ഭദ്രമോളെ വിളിച്ചു എഴുന്നേൽപ്പിച്ചു വേണം നമുക്ക് അമ്പലത്തിൽ പോകാൻ…മോള് വേഗം മാല കോർത്തു തീർക്ക്…”

രുദ്ര പൂക്കളോരോന്നും ആകൃതിയും വലിപ്പവും കൈവിരൽ കൊണ്ട് തൊട്ട് മനസ്സിലാക്കി തരം തിരിച്ച്, അതീവ ശ്രദ്ധയോടെയാണ് മാല കൊരുക്കുന്നത്.

അവൾ പിന്നീടൊന്നും ആലോചിക്കാതെ മാല കൊരുക്കുന്നത് തുടർന്നു. നിത്യേന പൂജയ്ക്ക് മാല കൊരുക്കുവാൻ ഇരിക്കുമ്പോൾ അരഭിത്തിയിലോ പൂക്കൂടയിലോ ആയി ഇലഞ്ഞിപ്പൂവ് പ്രത്യക്ഷപ്പെടുന്നത് പതിവായി.

*************

ദിവസങ്ങൾ കടന്നു പോയി….

എന്നും പൂക്കൂടയിൽ നിന്നും ഒരിലഞ്ഞിപ്പൂവിന് വേണ്ടി അവളുടെ വിരലുകൾ ആകാംക്ഷാപൂർവ്വം പരതുന്നത് അറിഞ്ഞത് കൊണ്ടാവണം അന്ന് അവൾക്കായി സുഗന്ധം പൊഴിയ്ക്കാൻ കാത്തിരുന്നത് പൂക്കൂടയ്ക്കരികിലായി ഒരു കുമ്പിൾ നിറയെ ഇലഞ്ഞി പൂക്കൾ!!!

“ന്റെ കൃഷ്ണാ…എന്തായിത്…ആരുടെ കുസൃതിയാണാവോ ഈ പെണ്ണിനെ ഇങ്ങനെ വട്ടു പിടിപ്പിയ്ക്കാനായിട്ട് “

പരിഭവത്തിന്റെ സ്വരത്തിൽ രുദ്ര  പറഞ്ഞു തീരും മുൻപേ  ആരോ തനിയ്ക്കടുത്ത് നിന്നും നടന്നകലുന്നതായി തോന്നി അവൾക്ക്. പരിഭ്രമത്തോടെ എഴുന്നേൽക്കുമ്പോഴേക്കും ആ കാലടികൾ ദൂരേയ്ക്കകലുന്നത് കേട്ടു.

“ഊം…കണ്ണുകാണില്ലാന്ന് കരുതി പറ്റിയ്ക്കാൻ  നോക്കാവും…എത്ര നാളത്തേയ്ക്കാന്നു വെച്ചിട്ടാ ഈ രുദ്രയോട് മായം കളിയ്ക്കണേ…” ആരോടെന്നില്ലാതെ  രുദ്ര കെറുവിച്ചു.

“എന്താ അമ്മമ്മേടെ സുന്ദരിക്കുട്ടി രാവിലെത്തന്നെ പരിഭവം പറയണേ…”

“അമ്മമ്മയോട് ഞാൻ പറഞ്ഞില്ലേ എന്നും രാവിലെ എന്നെ വട്ടു പിടിപ്പിയ്ക്കാനായിട്ട് ആരോ ഇലഞ്ഞിപ്പൂവ് കൊണ്ടു സൂത്രം ഒപ്പിയ്ക്കണത്…ദേ കണ്ടോ ഇന്ന് ഒരു കുമ്പിൾ നിറയെ ഉണ്ട്…”

“ഉവ്വോ…എന്നാലും ഇതാരാ ന്റെ കാന്താരിയെപറ്റിയ്ക്കാൻ…വരട്ടെ, നാളെ അമ്മമ്മ പണ്യോളെല്ലാം നേരത്തേ ഒതുക്കീട്ട് കാത്തിരിയ്ക്കണുണ്ട്…”

രുദ്രയുടെ കാച്ചെണ്ണമണമുള്ള നീണ്ടമുടിയിഴകളിൽ തഴുകിക്കൊണ്ട് അമ്മമ്മ പറഞ്ഞു.

ജീവിതത്തിലെ സന്തോഷങ്ങളെല്ലാം അസ്‌തമിച്ച് പ്രതീക്ഷയറ്റ  മൂന്നു ജന്മങ്ങൾ കഴിയുന്ന ആ പഴയ തറവാടിന്റെ ഉമ്മറത്തു നിന്നു കൊണ്ട്   മീനാക്ഷിയമ്മ  വഴിയിലേയ്ക്ക് നോക്കി.

ഒരു വേനലവധിക്കാലം മുഴുവൻ നാട്ടിൻപുറത്ത് ആഘോഷമാക്കി മടങ്ങുന്ന ഏകമകളും കുടുംബവും നടന്നകലുന്നത് അവർ ഇന്നലെയെന്ന പോലെ ഓർമ്മിച്ചെടുത്തു. അടുത്ത അവധിയ്ക്ക് വരാമെന്ന് കൊഞ്ചിപ്പറഞ്ഞു കൊണ്ട് പത്തും പതിനഞ്ചും വയസ്സുള്ള രണ്ടു പേരക്കുട്ടികളും അവരുടെ സ്നേഹനിധികളായ അച്ഛനമ്മമാരും തങ്ങളുടെ തിരക്കുകളിലേയ്ക്ക് ഊളിയിടുകയാണെന്ന് ഓർത്ത് ആശ്വസിച്ചുവെങ്കിലും പോന്നോമനകളെ തനിച്ചാക്കി മകളും മരുമകനും മറ്റൊരു ലോകത്തിലേയ്ക്ക്  യാത്രയായത് അറിഞ്ഞത് അന്ന് ഇരുട്ട് പരന്നപ്പോഴാണ്.

വാഹനാപകടത്തിന്റെ രൂപത്തിൽ എത്തിയ വിധി  രുദ്രയുടെ കണ്ണുകളിൽ കൂടി ഇരുട്ട് വീഴ്ത്തിയിട്ട് അഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു. രുദ്രയുടെ അച്ഛന്റെ വീട്ടുകാർ ആരും രുദ്രയെയും അനിയത്തി ഭദ്രയേയും ഏറ്റെടുക്കുവാൻ തയ്യാറായില്ല. കാഴ്ച നഷ്ടമായതോടുകൂടി രുദ്രയുടെ പഠിത്തം അവസാനിപ്പിച്ചു. തറവാടിനോട് ചേർന്ന കുറേ ഭൂമി വിറ്റാണ് തുടർചികിത്സ നടത്തിയത്.

വളരെ നല്ല നിലയിൽ കഴിഞ്ഞിരുന്ന മീനാക്ഷിയമ്മ അതിന് ശേഷമാണ് അന്യവീടുകളിൽ പണിയ്ക്ക് പോയി തുടങ്ങിയതും.

പഴയ കാര്യങ്ങളെല്ലാം ഓർത്ത് നിന്ന മീനാക്ഷിയമ്മയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു വീണത് രുദ്രയുടെ കൈത്തണ്ടയിലേയ്ക്കായിരുന്നു.

“അമ്മമ്മ കരയുവാണോ…”

“പഴേ കാര്യങ്ങളൊക്കെ ഓർത്തപ്പോ അറിയാണ്ട് കണ്ണു നിറഞ്ഞു പോയതാ കുട്ട്യേ…”

“വിഷമിയ്ക്കല്ലേ അമ്മമ്മേ…”

“ഇല്ല മോളെ…ഇനി അമ്മമ്മയ്ക്ക് ഒരു ആഗ്രഹമേയുള്ളു…നിനക്ക് കാഴ്‌ചശക്തി തിരിച്ചു കിട്ടണം. ഈ തറവാട് വീട് വിറ്റാണേലും അതിനുള്ള പൈസ ഒപ്പിക്കണന്നൊക്കെ തോന്നാറുണ്ട്…പക്ഷേ അമ്മമ്മേടെ കാലം കഴിഞ്ഞാൽ പിന്നെ കയറിക്കിടക്കാൻ ന്റെ കുട്ട്യോൾക്ക് വേറെ ഇടം ഇല്ല്യാലോന്ന് ആലോചിക്കുമ്പോൾ…”

“എനിക്ക് കണ്ണില്ലെങ്കിൽ എന്താ അമ്മമ്മേ…പത്തുപതിനഞ്ചു വർഷം ഈ ഭൂമിയിലെ കാഴ്ചകൾ എല്ലാം കണ്ടതല്ലേ…അത്രേം മതീന്ന് ദൈവം വിചാരിച്ചിട്ടുണ്ടാകും “

ഇനിയും താൻ വിഷയം മാറ്റിയില്ലെങ്കിൽ രുദ്ര കരച്ചിലിന്റെ വക്കിൽ എത്തുമെന്ന് അമ്മമ്മയ്ക്ക് അറിയാമായിരുന്നു.

“ദൈവം എന്തെങ്കിലും കണ്ടിട്ടുണ്ടാകും മോളെ…പ്രാർത്ഥന കേൾക്കാതിരിയ്ക്കില്ല. അതിനല്ലേ നിത്യേന അമ്മമ്മ അമ്പലത്തിൽ പോണത്. അത് വിടൂ…ഈ ഇലഞ്ഞിപ്പൂക്കളുടെ രഹസ്യം കണ്ടുപിടിയ്ക്കണ്ടേ നമുക്ക്…”

“വേണം അമ്മമ്മേ…” രുദ്രയുടെ മുഖത്ത് കൗതുകം നിറയുന്നത് കണ്ട് മീനാക്ഷിയമ്മയ്ക്ക് സഹതാപം തോന്നി. ഇരുവരും പതിവ് പോലെ അമ്പലത്തിലേയ്ക്ക് പുറപ്പെട്ടു.

***************

പതിവിലും നേരത്തേ തന്നെ രുദ്ര അന്ന് പൂക്കളുമായി മാലകൊരുക്കുവാൻ ഇരുന്നു. ഇലഞ്ഞിപ്പൂവിന്റെ മാദക ഗന്ധം അടുത്തു വരുന്നത് അവൾ അറിഞ്ഞു.

“അമ്മമ്മേ…” അവൾ നീട്ടി വിളിച്ചു. രുദ്രയുടെ അപ്രതീക്ഷിത നീക്കത്തിൽ ആ കാൽപെരുമാറ്റം ധൃതിയിൽ ഓടിയകന്നു.

മീനാക്ഷിയമ്മ അകത്തുനിന്നും ഉമ്മറത്തേയ്ക്കെത്തിയപ്പോൾ പടി കടന്നുപോകുന്ന ആളുടെ മുഖം കാണുവാൻ സാധിച്ചില്ല.

“അമ്മമ്മേ…ആളെ കണ്ടുവോ?” രുദ്ര ആകാംക്ഷയോടെ ചോദിച്ചു.

“ഇല്ല മോളെ അമ്മമ്മ വയ്യാത്ത കാലും വെച്ച് ഇങ്ങട്ട് എത്തുമ്പോഴേക്കും ആള് പോയി…എന്തായാലും നാളെ മുതൽ മോള് അകത്തിരുന്നാൽ മതീട്ടോ…അമ്മമ്മ നിരീച്ചത് വയലിനപ്പുറത്തെ ഏതെങ്കിലും വികൃതി പിടിച്ച പിള്ളേരാവും എന്നാ…ഇത്‌ ഏതോ വല്ല്യേ ചെക്കനാ…”

“ചെക്കനോ?” രുദ്രയ്ക്കു സംശയമായി.

ദിവസങ്ങൾ പിന്നേയും കൊഴിഞ്ഞു പോയി….

അതിരാവിലെ ഉമ്മറത്തിരുന്നു മാല കൊരുക്കുന്നത് അകത്തേയ്ക്ക് മാറ്റിയെങ്കിലും അവൾക്കായി ഒരു കുമ്പിൾ പൂക്കൾ എന്നും ആ അരഭിത്തിയിൽ  സ്ഥാനം പിടിച്ചു. അവയുടെ സുഗന്ധം,.അയാളോട് അവളിൽ ഒരു പ്രത്യേക ഇഷ്ടം ഉളവാക്കി.

*****************

അന്ന് അമ്പലത്തിലേയ്ക്ക് പോയത് രുദ്രയും അനിയത്തി ഭദ്രയും ഒരുമിച്ചായിരുന്നു. പതിവിലും നേരത്തേ അവർ പോയി തിരികെ വീട്ടിലേയ്ക്ക് നടക്കുമ്പോഴാണ് ഇലഞ്ഞിയുടെ ചുവട്ടിൽ വീണുകിടന്ന പൂക്കൾ ആരോ പെറുക്കുന്നത് ഭദ്ര കണ്ടത്. ഭദ്ര അത് രുദ്രയോട് പറഞ്ഞു.

“ചേച്ചി…ഇന്ന് നമ്മൾ നേരത്തേ അമ്പലത്തിലേയ്ക്ക് വന്നത് പുള്ളി അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു…അവിടെ കൊണ്ടന്നു വെയ്ക്കാൻ പൂ പെറുക്കിക്കൊണ്ടിരിക്കാ ” ഇരുവരും കൂടി അയാളുടെ അടുത്തേയ്ക്ക് നടന്നു.

“ആരാ…”

“ഞാൻ നാരായണാലയത്തിലെ  ഭാസ്കരൻ ഉണ്ണിയുടെ മോനാ, നീരജ് …”

“നിങ്ങളെന്തിനാ ഈ പൂക്കൾ പെറുക്കിയെടുക്കണേ…”

“ഇത് ക്ഷേത്രം വക ഭൂമിയാണെന്ന ഞാൻ കരുതിയത്…നിങ്ങളുടെ ആയിരുന്നോ…എന്നാലും ഞാൻ ആർക്കും വേണ്ടാതെ കിടക്കുന്ന ഈ പൂക്കൾ എടുത്തൂന്ന് വെച്ചിട്ട് എന്താ പ്രശ്നം?”  നീരജ് കുസൃതിയോടെ ചോദിച്ചു.

“ഊം ചേച്ചീ…ഈ ചേട്ടൻ ഉരുണ്ടുകളിയ്ക്കുവാ…വിട്ടുകൊടുക്കരുത്…” ഭദ്ര, രുദ്രയുടെ കാതിൽ പതിയെ പറഞ്ഞു.

“എന്തിനാണാവോ ഈ പൂക്കൾ…”

“അതോ…ഞാൻ ഒരു പാവം സ്കൂൾ മാഷാണേ…ബോട്ടണി ആണ് പഠിപ്പിയ്ക്കണേ…കുട്ട്യോൾക്ക് ഈ പൂവ് കണ്ട് പരിചയം ഇല്ലത്രേ…അത് കാണിക്കാംന്ന് വെച്ചാ…”

“ചേച്ചി…മാഷ് കുട്ട്യോളെ കാണിയ്ക്കാൻ ആണ് പോലും…വിട്ട് തരാൻ ഉദ്ദേശിച്ചിട്ടില്ലാന്ന് തോന്നുന്നു…നമുക്ക് പിന്നെ കൈയ്യോടെ പിടിയ്ക്കാം, ഇപ്പോൾ പോവാം ” ഇരുവരും നടന്നകലുന്നത് നോക്കിക്കൊണ്ട് നീരജ് അവിടെ തന്നെ നിന്നു.

അന്ന് വൈകീട്ട് മീനാക്ഷിയമ്മ വീട്ടിലേയ്ക്ക് എത്തിയത് ഒരു സന്തോഷവാർത്തയുമായിട്ടായിരുന്നു. രുദ്രയുടെ കാഴ്ചതിരിച്ചു കിട്ടുവാനുള്ള ചികിത്സയ്ക്ക് എല്ലാവിധ സഹായങ്ങളും ചെയ്ത് കൊടുക്കാമെന്ന്  മീനാക്ഷിയമ്മ പണിയ്ക്ക് പോകുന്ന വീട്ടിലെ മുതലാളി വാക്കു കൊടുത്തുവത്രെ…

പിന്നീടെല്ലാം ഒരു സ്വപ്നം പോലെയായിരിരുന്നു രുദ്രയ്ക്ക്. കുറച്ചു  ദിവസങ്ങൾക്കുള്ളിൽ തന്നെ മൂവരും നഗരത്തിലെ ആശുപത്രിയിലേയ്ക്ക് പോവുകയും രുദ്രയ്ക്ക് ആഴ്ചകൾക്കുള്ളിൽ ഒരു ശസ്ത്രക്രിയ നടത്തുകയും ചെയ്തു. പതിയെ അവളുടെ കണ്ണുകൾക്ക് ചുറ്റുമുള്ളവയെ കാണാൻ കഴിഞ്ഞു. ഇലഞ്ഞിപ്പൂവിന്റെ സുഗന്ധവുമായി മനസ്സിലേയ്ക്ക് ചേക്കേറിയവനെ കാണുവാൻ അവളുടെ കണ്ണുകൾ തുടിച്ചുകൊണ്ടിരുന്നു.

ആഴ്ചകൾക്ക് ശേഷം തറവാട്ടിലേയ്ക്ക് തിരിച്ചെത്തിയിട്ടും ഇലഞ്ഞിപ്പൂവിന്റെ ഗന്ധം അവളെ തേടിയെത്താഞ്ഞത് അവളെ നൊമ്പരപ്പെടുത്തി.

നീരജിന്റെ സ്വരം മാത്രം അവൾ ഓർമ്മയിൽ സൂക്ഷിച്ചു.

“രുദ്രേച്ചീ…അതാണ് ആ മാഷ്…ഇലഞ്ഞിപ്പൂ പെറുക്കണ മാഷില്ലേ…”

ഒരിക്കൽ അമ്പലത്തിൽ തൊഴുത് നിൽക്കുന്ന നീരജിനെ ചൂണ്ടികാണിച്ചു കൊണ്ട് ഭദ്ര പറഞ്ഞു. അന്ന് അടുത്തേയ്ക്ക് പോയി സംസാരിക്കാൻ രുദ്ര താല്പര്യപ്പെട്ടില്ല. രുദ്രയെ അയാളും കണ്ടിരുന്നില്ല. എന്തുകൊണ്ടായിരിക്കാം  തന്റെ മുൻപിൽ പിടിതരാതെ ഒഴിഞ്ഞു മാറുന്നതെന്ന് അവൾക്ക് മനസ്സിലായില്ല.

പക്ഷേ ദിവസങ്ങൾക്കുള്ളിൽ നീരജിന്റെ വീട്ടുകാർ വിവാഹാലോചനയുമായി  രുദ്രയുടെ വീട്ടിലെത്തിയിരുന്നു.

“കാഴ്ച തിരിച്ചു കിട്ടിയതിനു ശേഷം രുദ്ര അമ്പലത്തിൽ ഒറ്റയ്ക്ക് പോവേം വരേം ചെയ്യാറുള്ളത് കാണാറുണ്ട്. ഒരിക്കൽ ഞാൻ നീരജിന് ചൂണ്ടികാണിച്ചു കൊടുത്തിട്ട് ചോദിച്ചു…മോനെ അമ്മേടെ മരുമകളായി മീനാക്ഷിയമ്മേടെ പേരക്കുട്ടി വരുന്നതില് എന്താ അഭിപ്രായം എന്ന്…അവന് നൂറു വട്ടം സമ്മതം ആയിരുന്നു.എന്തായാലും അധികം വൈകിയ്ക്കാതെ നമുക്ക് ചടങ്ങുകൾ എല്ലാം നടത്തണം…”

നീരജിന്റെ അമ്മ അത് പറഞ്ഞപ്പോൾ മീനാക്ഷിയമ്മയ്ക്ക്  ഒത്തിരി സന്തോഷമായി. കണ്ണു കാണാൻ കഴിയാത്ത അവസ്ഥയിൽ തന്നെ സ്നേഹിക്കാൻ കഴിഞ്ഞ ആളോട് രുദ്രയ്ക്ക് അന്നേ സ്നേഹമായിരുന്നു.

പക്ഷേ പണ്ടേ തന്നോട് സ്നേഹമുള്ള കാര്യം എന്തുകൊണ്ട് നീരജ് ആരോടും പറയുന്നില്ല എന്ന കാര്യം അവൾക്ക് അത്ഭുതമായി.

“വല്ല്യേ മാഷല്ലേ…പ്രണയം ആയിരുന്നു എന്നൊക്കെ ആളുകളോട് പറയണതില് ചമ്മൽ ആയിരിക്കും…സാരല്ല്യ…ഒരു ജന്മം മുഴുവൻ കിടക്കുവല്ലേ…ചോദിച്ചോളാം…” അവൾ മനസ്സിൽ പറഞ്ഞു.

****************

ദീപാരാധന കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു രുദ്ര. നിലം ചുവന്നിട്ടുണ്ട്. അകലെ എവിടെയോ മഴ പെയ്യുന്നത് കാറ്റിന്റെ കുളിരിൽ അറിയാം. സമയത്തേക്കാൾ അധികം ഇരുട്ടിയ പോലെ. രുദ്ര പേടിച്ചു പേടിച്ചാണ് നടന്നത്…ഇഴജീവികളെ സൂക്ഷിക്കണമെന്ന് അമ്മമ്മ എപ്പോഴും പറയാറുള്ളതാണ്.

വയൽ വരമ്പിൽ എത്തിയപ്പോൾ പുറകിൽ ഒരു കാൽപെരുമാറ്റം. രുദ്ര തിരിഞ്ഞു നോക്കിയാപ്പോൾ അത് അമ്പഴത്തേയിലെ ശ്യാം ആയിരുന്നു..പേര് പോലെത്തന്നെ ശ്യാമവർണ്ണൻ. കറുമ്പനെന്ന് വിളിച്ചു കളിയാക്കിയതിന്റെ പേരിൽ രുദ്രയെ പണ്ട് ചളി വെള്ളത്തിലേക്ക് തള്ളിയിട്ടതും അന്ന് മുതൽ പരസ്പരം നേരിൽ കാണുമ്പോഴെല്ലാം കണ്ണുകൾ കൊണ്ട് കൊമ്പുകോർക്കുന്നവരായിരുന്നു രുദ്രയും ശ്യാമും.

ചെറുപ്പത്തിൽ അച്ഛനോടും അമ്മയോടും ഒപ്പം ഇവിടെയ്ക്ക് വരുമ്പോഴൊക്കെയും ദേഷ്യമായിരുന്നു ആ തെമ്മാടി ചെക്കനോട്. എപ്പോഴും അകാരണമായി വഴക്കിനു വന്നിരുന്ന അവനെ വർഷങ്ങൾക്കിപ്പുറവും ഓർമ്മിച്ചെടുക്കാൻ കണ്ടമാത്രയിൽ തന്നെ അവൾക്കായി. രുദ്രയുടെ നടത്തം വേഗത്തിലായി. അതിനൊപ്പം കാൽ പെരുമാറ്റം അടുത്ത് വന്നു..അവൾക്ക് പേടിയായി തുടങ്ങി.

ഓടാൻ തുടങ്ങുമ്പോഴാണ് മുൻപിലേയ്ക്ക് നീരജ് വന്നത്. നീരജിനെ കണ്ടതും ആശ്വാസത്തോടെ  ഓടിച്ചെന്ന് അവന്റെ കൈകളിൽ ചുറ്റിപ്പിടിച്ചു. നീരജ് ശ്യാമിനെ തറപ്പിച്ചു നോക്കിയ ശേഷം രുദ്രയുമായി അവളുടെ വീട്ടിലേയ്ക്ക് നടന്നു.

“എന്തിനാ രുദ്രേ താൻ ഇത്രയും പേടിച്ചത്? അയാൾ എന്തെങ്കിലും മോശമായിട്ട് പെരുമാറിയോ?”

“ഏയ്യ് ഇല്ല മാഷേ…അത് പണ്ടുമുതലേ അയാളെ പേടിയാ…ചെറുപ്പം തൊട്ടേ ഞങ്ങള് തമ്മിൽ ചേരില്ല. ആളിത്തിരി ക്ഷിപ്രകോപിയാണേ…എന്തായാലും മാഷ് വന്നത് നന്നായി. ഇല്ലെങ്കിൽ ചിലപ്പോൾ പേടിച്ചു ഞാൻ ഒരു വഴി ആയേനെ…”

“എന്റെ അമ്മ തന്റെ അമ്മമ്മയെ ഏല്പിക്കാൻ ഒരു കൂട്ടം തന്നു വിട്ടതാ…അതിന് വന്നതാ..തന്നെ കാണാൻ പറ്റിയില്ലല്ലോ എന്നോർത്ത് വിഷമിക്കുമ്പോഴാ താൻ പെട്ടന്ന് മുൻപിലോട്ട് വന്നേ…ഇനിയങ്ങോട്ട് ഏത് പ്രതിസന്ധിയിലും ഞാൻ ഉണ്ടാവുമല്ലോടോ തന്റെ കൂടെ…”

നീരജ് പറഞ്ഞവസാനിപ്പിച്ച് രുദ്രയെ നോക്കിയപ്പോൾ നാണത്താൽ അവളുടെ മുഖം കൂടുതൽ ഭംഗിയുള്ളതായി തോന്നി അവന്.

വീടിന്റെ വേലി വരെ കൊണ്ടു ചെന്ന് വിട്ട് അവൾ അകത്തേയ്ക്ക് കയറിപ്പോകുന്നത് കണ്ടതിനു ശേഷം മാത്രമാണ് നീരജ് പോയത്.

ആ സംഭവം കൂടിയായപ്പോൾ നീരജ് അവളുടെ മനസ്സിലെ നായകനായി സ്ഥിരപ്രതിഷ്ഠനേടിക്കഴിഞ്ഞു.

നീരജിന്റെ വീട്ടുകാരുടെ ആവശ്യപ്രകാരം ജാതകപ്പൊരുത്തം നോക്കലും മറ്റു ചടങ്ങുകളും കഴിഞ്ഞു..വിവാഹനിശ്ചയം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ തന്നെ ഗുരുവായൂരിൽ വെച്ച് വളരെ ലളിതമായി വിവാഹവും കഴിഞ്ഞു.

***************

വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച പിന്നിട്ടിരിയ്ക്കുന്നു. അതിരാവിലെ കുളിച്ച് പുറപ്പെടാൻ ഒരുങ്ങി നിൽക്കുകയായിരുന്നു നീരജും രുദ്രയും.

“രുദ്രേ…ഇത്രേം നേരത്തേ തന്നെ പോണമെന്ന് ഉണ്ടോ…അമ്മമ്മേം ഭദ്രേം ഒന്നും എഴുന്നേറ്റിട്ട് കൂടി ഉണ്ടാവില്ല…നമ്മളെ ആയിരിക്കും കണി…”

“അതൊന്നും സാരല്ല്യാ…നമ്മൾ അങ്ങോട്ട് എത്തുമ്പോഴേക്കും അവർ എഴുന്നേറ്റിട്ട് ഉണ്ടാവും…ഭദ്രേടെ എല്ലാ പിറന്നാളിനും ഞങ്ങൾ ഒരുമിച്ചാണ് ക്ഷേത്രത്തിൽ പോവാ…കല്യാണം കഴിഞ്ഞെന്ന് വെച്ച് അത് മാറ്റാൻ പറ്റോ മാഷേ?”

“തന്നെക്കൊണ്ട് തോറ്റു…ഊം…ഇനി.നേരം കളയണ്ട…അമ്മയോട് യാത്ര പറഞ്ഞിട്ട് നമുക്കിറങ്ങാം.”

ഇരുവരും കളി തമാശകൾ പറഞ്ഞു കൊണ്ട് രുദ്രയുടെ വീട്ടിലേയ്ക്ക് നടന്നു. വയലിന്റെ അപ്പുറത്തുള്ള ഒരേയൊരു വീട് രുദ്രയുടെ തറവാട് ആണ്. വയൽ വരമ്പിലൂടെ നടന്ന് ഇടവഴി എത്താറാവുമ്പോഴേയ്ക്കും നീരജിന്റെ മൊബൈൽ ഫോൺ ശബ്ദിച്ചു.

“ആരാപ്പോ ഇത്‌…ഇത്രേം നേരത്തേ മാഷേ?”

“അമ്മയാടോ…ക്ഷേത്രത്തിൽ ചെയ്യേണ്ട കുറച്ചു വഴിപാടുകൾ ഉണ്ടെന്ന് പറഞ്ഞിരുന്നു..വീട്ടീന്ന് ഇറങ്ങുമ്പോൾ അമ്മ പറയാൻ വിട്ടുപോയിട്ടുണ്ടാകും. എല്ലാവരുടേം പേരിൽ പ്രത്യേകം പ്രത്യേകം പൂജകളും മറ്റും ഉണ്ടേ…താൻ നടന്നോളു…ഞാൻ സംസാരിച്ചിട്ടു വരാം “

“ശരി മാഷേ…വേഗം വന്നേക്കണേ…”

എന്നും പറഞ്ഞ് രുദ്ര ഇടവഴിയിലേയ്ക്ക് കയറി. ഇടവഴിയിൽ എത്തിയപ്പോഴാണ് വീണ്ടും കുറേ നാളുകൾക്കു ശേഷം അയാളെ കണ്ടത്..ശ്യാം!

തൊട്ടടുത്തെത്തും വരെ ശ്യാമിന്റെ മുഖത്ത് ഒരു മന്ദഹാസം തത്തികളിയ്ക്കുന്നുണ്ടായിരുന്നു എന്നത് രുദ്ര ശ്രദ്ധിച്ചു.

നീരജ്  വയൽ വരമ്പിൽ സംസാരിച്ചു നിൽക്കുന്നുണ്ടെന്നുള്ളത് കൊണ്ടു തന്നെ രുദ്രയ്ക്കു പഴയത് പോലെ പേടി തോന്നിയിരുന്നില്ല.

ശ്യാം അവളുടെ മുഖാമുഖം എത്തിയതും അവന്റെ മുഖത്തെ തെളിച്ചം മങ്ങിയതായി രുദ്രയ്ക്ക് അനുഭവപ്പെട്ടു.

വന്നു കൊണ്ടിരുന്നതിനേക്കാൾ ധൃതിയിൽ അവൻ നടന്നകന്നു. കണ്മുൻപിൽ നിന്ന് മറയും മുൻപേ ഒന്ന് തിരിഞ്ഞു നോക്കിയത് അവൾ ശ്രദ്ധിച്ചു.

രുദ്ര തറവാടിന്റെ ഉമ്മറത്ത് എത്തിയതും അവളെ സ്വീകരിച്ചത് ഒരു കുമ്പിൾ ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധമായിരുന്നു. ഞെട്ടലോടെയാണ് അവൾ ആ സത്യം മനസ്സിലാക്കിയത്.

ഇലഞ്ഞിപ്പൂവിന്റെ സൗരഭ്യത്തോടെ തന്റെ ഉള്ളിൽ അനുരാഗം വിരിയിച്ചത് താൻ കറുമ്പനെന്ന് വിളിച്ചു കളിയാക്കാറുണ്ടായിരുന്ന ശ്യാം ആയിരുന്നുവെന്നുള്ള ഉള്ളു പൊള്ളിയ്ക്കുന്ന സത്യം.

സീമന്ദ രേഖ ചുവന്നു കിടക്കുന്നത് കണ്ടിട്ടാവണം അവന്റെ മുഖം വിവർണ്ണമായതെന്ന് അവൾക്കുറപ്പായി.

ഒരു കുഞ്ഞു തെന്നലിന്റെ ആഗമനത്തോടെ, അവന്റെ പ്രണയത്തിന്റെ പ്രതീകമെന്നോണം അവിടമാകെ ഇലഞ്ഞിപ്പൂവിന്റെ ഗന്ധം പരന്നു. ഇലഞ്ഞിപ്പൂവിന്റെ മാത്രം പ്രത്യേകതയാണല്ലോ വാടിയാലും സുഗന്ധം പൊഴിയ്ക്കുക എന്നത്…അവന്റെ പ്രണയം പോലെ…

ഇനിയൊരിക്കലും രുദ്രയ്ക്കായി ഒരു കുമ്പിൾ പൂവ് ആ അരഭിത്തിയിൽ സ്ഥാനം പിടിയ്ക്കില്ല. പക്ഷേ ഒരിക്കലും മറക്കാനാകാത്ത നോവായി രുദ്രയുടെ മനസ്സിന്റെ അടിത്തട്ടിൽ ഒരു ഇലഞ്ഞി പൂത്തുകഴിഞ്ഞു.

വാടിക്കരിഞ്ഞുണങ്ങി, പൊടിയായി മാറുമ്പോഴും തീക്ഷ്ണതയേറി വരുന്ന  ഇലഞ്ഞിപ്പൂവിന്റെ സുഗന്ധം പോലെ കാലമെത്ര കഴിഞ്ഞാലും നോവിന്റെ  ഗന്ധവുമായി പൂത്തുലഞ്ഞു നിൽക്കാൻ ഒരു ഇലഞ്ഞി!..

ശുഭം.

(വിശാരദം -ശരത് കാലത്ത് സംഭവിക്കുന്നത് /ഇലഞ്ഞി )

NB: ഒരു മത്സരത്തിലേയ്ക്കായി എഴുതി,  സമ്മാനാർഹമായ കഥയാണേ…രുദ്രയെയും ഇലഞ്ഞിപ്പൂവിനെയും മറ്റൊരിടത്തു വായിച്ചാൽ പകർത്തിയെഴുതിയതാണെന്ന് വായനക്കാർ തെറ്റിദ്ധരിയ്ക്കാതിരിക്കാൻ മാത്രം…

~രേഷ്ജ അഖിലേഷ്