പതിനെട്ടാം വയസ്സിൽ ഇരുപത്തി ഒന്ന് വയസ്സുള്ള അച്ഛനൊപ്പം അമ്മ നാട് വിട്ടൂ. ആ ഓട്ടം അവസാനിച്ചത് ഈ നഗരത്തിൽ ആയിരുന്നൂ…

മഴത്തുള്ളികൾ…

Story written by Suja Anup

============

“അമ്മേ, എനിക്ക് അമ്മമ്മയെ കാണണം എന്നുണ്ട്. നമുക്ക് ഒന്ന് നാട്ടിൽ പോയാലോ..”

“വേണ്ട മോളെ, അത് ഒരിക്കലും ശരിയാവില്ല. നമ്മുടെ നാട് ഈ ബോംബെ നഗരമാണ്. ഇവിടെ ഉള്ളവരാണ് നിൻ്റെ ബന്ധുക്കൾ. ആരും നമുക്ക് വേണ്ട എന്ന് ഞങ്ങൾ മുൻപേ തീരുമാനിച്ചതാണ്. എന്നെ തിരക്കി വരണം എന്ന് ഒരിക്കൽ പോലും തോന്നാത്ത എൻ്റെ വീട്ടുകാരെ എനിക്ക് വേണ്ട. നീ ജനിച്ചൂ എന്ന് അറിഞ്ഞിട്ടു പോലും അവർ തിരിഞ്ഞു നോക്കിയില്ല…”

ആ സംസാരം അവിടെ അവസാനിപ്പിച്ചു അമ്മ പതിയെ അടുക്കളയിലേയ്ക്ക് പോയി.

ഒരിക്കലും എൻ്റെ ആഗ്രഹം നടക്കില്ല. എനിക്ക് അതറിയാം. അമ്മയ്ക്ക് ഒരിക്കലും സ്വന്തം വീട്ടുകാരോട് പൊറുക്കുവാൻ കഴിയില്ല. പക്ഷേ മനസ്സിൽ എവിടെയൊക്കെയോ അമ്മ ഇപ്പോഴും നാട് കൊണ്ടുനടക്കുന്നുണ്ട്..

**************

നാട്ടിലെ നല്ല കുടുംബത്തിൽ ജനിച്ചു വളർന്നവരാണ് അച്ഛനും അമ്മയും. താഴ്ന്ന ജാതിയിൽ പെട്ട അച്ഛനെ അമ്മ പ്രണയിച്ചൂ. പ്രണയം വീട്ടിൽ അറിഞ്ഞതും അവർ അമ്മയെ കോളേജിൽ വിടാതെ വീട്ടിൽ പൂട്ടിയിട്ടൂ. അമ്മയ്ക്ക് അന്ന് പൊതിരെ തല്ലും കിട്ടി. അവിടെ അമ്മയുടെ പഠിപ്പു നിന്നൂ. അച്ഛന് എന്തെങ്കിലും സംഭവിക്കുമോ എന്ന് അമ്മ ഭയന്നൂ.

കിട്ടിയ ഒരവസരം മുതലാക്കി അമ്മ അച്ഛനോടൊപ്പം ഒരിക്കൽ ആരും കാണാതെ ഇറങ്ങി പോരുകയായിരുന്നൂ.

പതിനെട്ടാം വയസ്സിൽ ഇരുപത്തി ഒന്ന് വയസ്സുള്ള അച്ഛനൊപ്പം അമ്മ നാട് വിട്ടൂ. ആ ഓട്ടം അവസാനിച്ചത് ഈ നഗരത്തിൽ ആയിരുന്നൂ. അമ്മയുടെ വീട്ടുകാരെ പേടിച്ചു പിന്നീട് ഒരിക്കലും അവർ നാട്ടിൽ പോയില്ല. ഇവിടെ എത്തി അവർ ഈ നാടിൻ്റെ ഭാഗമായി….

പലപ്പോഴും അച്ഛൻ പറഞ്ഞു തന്ന കഥകളിലെ കാവും അമ്പലവും മനസ്സിൽ അങ്ങനെ തങ്ങി നിന്നൂ. ഞാൻ വലുതാകുന്തോറും എൻ്റെ മനസ്സിൽ നാടും നാട്ടിലെ കാഴ്ചകളും തിങ്ങി നിറഞ്ഞു.

പക്ഷേ…അവിടേക്കുള്ള യാത്ര ഒരിക്കലും എനിക്ക് സാദ്ധ്യമല്ല. അത് എനിക്ക് അറിയാം…

***************

“മീനുവിൻ്റെ രീതികളിൽ ഈയിടെ ചെറിയ ഒരു മാറ്റം ഉള്ളത് പോലെ തോന്നുന്നുണ്ട്..”

“അവൾ വളരുകയല്ലേ കല്യാണി. നീ അവളെ പണ്ടത്തെ പോലെ കൂട്ടിൽ അടയ്ക്കുവാൻ നോക്കരുത്. നീ വളർന്ന നാട്ടിൻപുറത്തല്ല അവൾ വളരുന്നത്. ഈ നഗരത്തിൻ്റെ ഭാഗമാണ് അവൾ. അതിൻ്റെതായ വ്യത്യാസങ്ങൾ അവളുടെ പ്രവർത്തികളിൽ ഉണ്ടാകും.”

“എന്നാലും വിനുവേട്ടാ, അവൾ തെറ്റായി എന്തെങ്കിലും ചെയ്താൽ…”

“എന്തേ കല്യാണി, ഇപ്പോൾ അങ്ങനെ തോന്നാൻ. നമ്മുടെ മോളെ നിനക്ക് വിശ്വാസമില്ലേ..”

“അറിയില്ല വിനുവേട്ടാ, ഈയിടെയായി കുറ്റബോധം എന്നെ ഒരുപാടു അലട്ടുന്നുണ്ട്. മകൾ വലുതാകുന്തോറും എനിക്ക് പേടിയാകുന്നൂ. അവൾ വഴി തെറ്റി പോയാൽ..ഒരിക്കൽ എന്നെ വിശ്വസിച്ച മാതാപിതാക്കളെ ഞാൻ വഞ്ചിചൂ. അവരുടെ മുഖത്തു കരി വാരി തേച്ചുകൊണ്ടു ഞാൻ നാട് വിട്ടൂ. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ ഞാൻ ചെയ്ത തെറ്റ്. വിനുവേട്ടന് അറിയാമല്ലോ അച്ഛനും അമ്മയും ചേച്ചിയും എന്നെ എത്ര സ്നേഹിച്ചിരുന്നൂ എന്ന്. എന്നിട്ടും ചേച്ചിയുടെ വിവാഹം കഴിയുന്നത് വരെ പോലും ഞാൻ കാത്തുനിന്നില്ല. നമ്മൾ ചെയ്ത തെറ്റ് നമ്മുടെ മകൾ ആവർത്തിക്കുമോ…?”

“നീ ഇങ്ങനെ എഴുതാപ്പുറം വായിക്കല്ലേ. അവൾ അങ്ങനെ ഒന്നും ചെയ്യില്ല..”

മനസ്സിൽ കുറ്റബോധം വളർന്നു തുടങ്ങിയിരിക്കുന്നൂ. ഒരു പെൺകുട്ടി ജനിച്ചതിനു ശേഷം അവളുടെ അമ്മ ആയതിനു ശേഷം മാത്രമാണ് എനിക്ക് എൻ്റെ അമ്മയുടെ മനസ്സ് മനസ്സിലാക്കുവാൻ കഴിഞ്ഞത്….

*************

“വിനുവേട്ടാ, മോള് കോളേജിൽ നിന്നും ഇതുവരെ ആയിട്ടും വന്നില്ല. എനിക്കെന്തോ പേടിയാകുന്നൂ. വിളിച്ചിട്ടു ഫോൺ സ്വിച്ചഡ് ഓഫ് ആണ്..”

“ഞാൻ അന്വേഷിക്കാം. സമയം അധികം ആയില്ലല്ലോ. ഒരു പക്ഷേ ചാർജ് തീർന്നതാവും. അവൾ വല്ല കൂട്ടുകാരികളുടെയും കൂടെ ഷോപ്പിങ്ങിനു പോയതായിരിക്കും…”

സമയം കടന്നു പോകുന്തോറും എനിക്ക് ഭയമായി….

“എൻ്റെ കുട്ടിയെ, കാത്തുകൊള്ളണേ ദേവി…”

“വിനുവേട്ടാ, ഓഫീസിൽ നിന്നും ഇറങ്ങിയോ…രാത്രിയായല്ലോ..ഇനിയും വൈകിയാൽ..”

“ഞാൻ ഇറങ്ങി. നീ വിഷമിക്കാതെ. ഞാൻ അവളുടെ കൂട്ടുകാരികളോട് ഒക്കെ ഒന്ന് തിരക്കി വരാം..”

കുറച്ചു കഴിഞ്ഞാണ് വിനുവേട്ടൻ എത്തിയത്.

“എന്താ വിനുവേട്ടാ ഇത്ര വൈകിയത്, അവർ എന്താണ് പറഞ്ഞത്…”

“നീ വിഷമിക്കരുത് കല്യാണി. അവൾ പോയി…ഇനി അവൾ തിരിച്ചു വരില്ല. അവൾക്കു ഒരു ഹിന്ദിക്കാരൻ പയ്യനെ ഇഷ്ടം ആയിരുന്നത്രേ. അച്ഛനോ അമ്മയോ തിരക്കിയാൽ പുറകേ വരരുത് എന്ന് മാത്രം പറയുവാൻ അവൾ കൂട്ടുകാരെ പറഞ്ഞേല്പിച്ചിരുന്നൂ.”

“എൻ്റെ ദേവി…”

“നീ അലറിക്കരഞ്ഞു ആളെ കൂട്ടരുത്. അവളുടെ ഭാവിയുടെ കാര്യമാണ്. ഞാൻ പോലീസിൽ അറിയിക്കാം, നീ വിഷമിക്കേണ്ട..”

“എനിക്ക് വിഷമമില്ല വിനുവേട്ടാ. അവൾ എവിടെ ആയിരുന്നാലും നന്നായി ഇരുന്നാൽ മതി. അവൾക്കു ഈ കാര്യം എന്നോടൊന്നു പറയാമായിരുന്നൂ. ഒരു പക്ഷേ..ഞാൻ സമ്മതിച്ചേനെ. വിനുവേട്ടാ ഞാൻ ചെയ്ത തെറ്റിനുള്ള ശിക്ഷ എനിക്ക് കിട്ടി. ഞാൻ ഇതെല്ലാം അനുഭവിക്കണം. ഒരിക്കൽ പോലും മാതാപിതാക്കളെ തിരിഞ്ഞു നോക്കണം എന്ന് എനിക്ക് തോന്നിയിട്ടില്ല. അവൾ പൊക്കോട്ടെ. എന്നെങ്കിലും മടങ്ങി വരാതിരിക്കില്ല….”

“ഏട്ടൻ കുറച്ചു ദിവസ്സം ലീവ് എടുക്കണം. നമുക്ക് ഒന്ന് നാട്ടിൽ പോകാം. എനിക്ക് അമ്മയെ ഒന്ന് കാണണം.”

**************

നാട്ടിൽ പോകുവാനുള്ള ടിക്കറ്റെല്ലാം എടുത്തു.

“കല്യാണി നാളെ രാവിലെയാണ് ഫ്ലൈറ്റ്. നേരത്തെ എയർപോർട്ടിൽ എത്തണം.”

ഇതാരാണ് ഈ സമയത്തു കാളിങ് ബെല്ല് അടിക്കുന്നത്…?

“മോളെ, മീനു..”

“‘അമ്മ ഇങ്ങനെ കരയാതെ, ഞാൻ എങ്ങും പോയിട്ടില്ല. അച്ഛനും അമ്മയും ഒന്ന് നാട്ടിൽ പോയി മാതാപിതാക്കളെ കാണണം എന്ന് ഞാൻ ആഗ്രഹിച്ചൂ. മുത്തച്ഛനേയും മുത്തശ്ശിയേയും കാണുവാൻ എനിക്കും ആഗ്രഹമുണ്ട്. അവർ നമ്മളെ തിരക്കിയില്ല. പക്ഷേ വയസ്സായ അവരെ നമ്മൾ ഇനിയും വിഷമിപ്പിക്കരുത്. അവരുടെ കാലശേഷം അതോർത്തു കരഞ്ഞിട്ട് എന്ത് കാര്യം..”

“അവർക്കു ഒരിക്കലും അമ്മയുടേയോ അച്ഛൻ്റെയോ സ്നേഹം അംഗീകരിക്കുവാൻ സാധിച്ചില്ല. അത് അവരുടെ തെറ്റല്ല. മക്കളെ സ്നേഹിക്കുന്ന എല്ലാവരും അങ്ങനെയാണ്. ഞാൻ ഒരാളെ സ്നേഹിക്കുന്നു എന്ന് വിചാരിച്ചൂ അമ്മ എത്രമാത്രം വിഷമിച്ചൂ. എന്നെ രണ്ടു ദിവസ്സം കാണാതിരുന്നപ്പോഴേയ്ക്കും അമ്മ ഇത്ര മാത്രം വിഷമിച്ചെങ്കിൽ അമ്മയെ കാണാതെ ഇത്ര വർഷം ഇരുന്നപ്പോൾ അവർ എത്ര വിഷമിച്ചു കാണും. എല്ലാം മറന്നു നമുക്കൊന്ന് ഒരുമിച്ചു നാട്ടിൽ പോകാം. അല്ലെ അച്ഛാ…”

***************

നാട് ഒത്തിരി മാറിയിരിക്കുന്നൂ. വീടും മാറി…

ബെല്ലടിച്ചതും വാതിൽ തുറന്ന കുട്ടി എന്നെ മിഴിച്ചു നോക്കി. പിന്നെ അകത്തേയ്ക്കു ഓടി.

“അമ്മമ്മേ കല്യാണി ചിറ്റ വന്നിരിക്കുന്നൂ…”

എല്ലാവരും അകത്തു നിന്നു വന്നൂ. അച്ഛൻ, അമ്മ, ചേച്ചി, മകൾ…

എൻ്റെ മകൾ ഓടി ചെന്ന് മുത്തശ്ശിയെ കെട്ടി പിടിച്ചൂ…

പുറത്തു മഴ പൊടിഞ്ഞു തുടങ്ങിയിരുന്നൂ. ദൈവം അനുഗ്രഹിക്കുന്നതാകും. മനസ്സിലെ കുറ്റബോധവും ഈ മഴത്തുള്ളികളിൽ അലിഞ്ഞു ഇല്ലാതാകട്ടെ..

ഒരു പക്ഷേ ആ മഴത്തുള്ളികൾ ഞങ്ങൾക്ക് ഇടയിലുള്ള വെറുപ്പ് മൊത്തം കഴുകി കളയുകയാകും…

ഈ ഭൂമിയിൽ ഇത്തിരി നേരമല്ലേ ഉള്ളൂ. ആ നിമിഷങ്ങൾ പൊറുക്കുവാൻ കൂടെ ഉള്ളതാണ്. ഇനി സ്നേഹം മാത്രം മതി………………

…………….സുജ അനൂപ് (05.02.2020)