നീ തീയാകുമ്പോൾ…
Story written by Neeraja S
=================
പതിവ് സ്ഥലത്ത് എത്താൻ പറഞ്ഞു മെസ്സേജ് കണ്ടപ്പോൾ സങ്കടംകൊണ്ട് കണ്ണുനിറഞ്ഞു തുളുമ്പി. പരസ്പരം സ്നേഹിക്കാൻ തുടങ്ങിയതിൽ പിന്നെ ആദ്യമായാണ് ഇത്രയും ദിവസങ്ങൾ അവനെ കാണാതിരിക്കുന്നത്.
ഫോണിൽ വിളിക്കുമ്പോഴെല്ലാം സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ് എന്ന പതിവ് പല്ലവി..
നൂറുനൂറു സംശയങ്ങൾ..അവനെന്താണ് സംഭവിച്ചത് എന്നറിയാതെ വിങ്ങി നീറി ജീവിച്ച ദിനങ്ങൾ.
ഒത്തിരി വിശേഷങ്ങൾ പറയാനുണ്ടായിരുന്നു. റെസ്റ്റോറന്റിലെ പതിവ് മൂലയിൽ..അവനെ നോക്കിയിരിക്കുമ്പോൾ കണ്ണിൽ പ്രണയം പൂത്തിരുന്നു. മനസ്സിൽ അവനോടുള്ള സ്നേഹം നിറഞ്ഞുതുളുമ്പി നിന്നു.
“നീയെവിടെ പോയിരുന്നു..രണ്ടാഴ്ച..ഫോണിനെന്തു പറ്റി. എവിടെ പോയാലും പറഞ്ഞിട്ട് പോകാൻ പാടില്ലേ..?”
പുഞ്ചിരിയോടെ നോക്കിയിരുന്ന അവനെ നോക്കി പിന്നെയും പരിഭവങ്ങളുടെ കെട്ടഴിച്ചു നിരത്തി.
“നീ പറഞ്ഞു തീർന്നോ..എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ടായിരുന്നു.”
“ശരി നീ പറയ്…ഞാൻ നിർത്തി.”
മുൻപിലിരുന്ന ജൂസിൽ നിന്നും അല്പാല്പമായി നുണഞ്ഞുകൊണ്ട് അവൻ പറയുന്നത് ശ്രദ്ധിച്ചു കേട്ടിരുന്നു.
“നീ ചോദിച്ചതിന് ആദ്യം മറുപടി പറയാം. കുറച്ചു ദിവസങ്ങൾ ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല. ഹൈറേഞ്ചിൽ ഒരു ബന്ധു മരിച്ചു..പറഞ്ഞാലും നീ അറിയില്ല..അവിടെ ചെന്നപ്പോഴാണ് മനസ്സിലായത്…ഒരു നെറ്റ്‌വർക്കിനും കവറേജില്ല..”
“പിന്നെ ഫോട്ടോ എടുത്തു നടന്നപ്പോൾ ഫോണും വെള്ളത്തിൽ പോയി…”
“ഇതുവല്ലതും ഞാനറിഞ്ഞോ…? ആകെ പേടിച്ചുപോയി..ഇന്നുകൂടി നീ വിളിച്ചില്ലെങ്കിൽ നാളെ നിന്റെ വീട്ടിൽ വരാൻ ഇരിക്കുകയായിരുന്നു.”
“വീട് അടച്ചിട്ടിരിക്കുകയായിരുന്നു. നീ പോയിട്ടും കാര്യമില്ലായിരുന്നു.”
“അതെല്ലാം വിട്…നിന്നോട് വരാൻ പറഞ്ഞത് എന്തിനാണെന്ന് പറയാം..”
കണ്ണിൽ നോക്കി മുൻപോട്ട് അല്പം ചാഞ്ഞിരുന്ന് പതിഞ്ഞ ശബ്‌ദത്തിൽ അവൻ പറയാൻ ആരംഭിച്ചു.
ആദ്യം പറഞ്ഞുവരുന്നത് എന്താണെന്ന് മനസ്സിലായില്ല. പറഞ്ഞു നിർത്തിയപ്പോൾ അവിശ്വസനീയതയോടെ അവനെ തുറിച്ചുനോക്കി.
“ഡാ..നീ എന്താ ഈ പറയുന്നത്..?”
“എന്തേ…നിനക്ക് മലയാളം പറഞ്ഞത് മനസ്സിലായില്ലേ..?”
“എടാ…നീ എന്നെ പറ്റിക്കാൻ പറയുവല്ലേ..?”
കണ്ണുകൾ നിറഞ്ഞു വന്നു. അത് കാണുമ്പോൾ ചിരിയോടെ തന്നെ കളിയാക്കും എന്ന് വെറുതെ ആശ്വസിച്ചു.
“നോക്ക്…ഞാൻ സീരിയസായി പറഞ്ഞതാണ്.”
“ഇല്ല…ഞാൻ വിശ്വസിക്കില്ല.. “
അവന്റെ ഭാവം മാറിയത് പെട്ടെന്നാണ്. ചുറ്റിനുമുള്ളവർക്കു മനസ്സിലാകാത്ത രീതിയിൽ മുഖത്ത് ചിരി നിറച്ചുകൊണ്ടാണ് അവൻ ബാക്കി പറഞ്ഞത്.
“പു ന്നാര മോളേ..എന്റെ തനിസ്വഭാവം നീ കണ്ടിട്ടില്ല. പറയുന്നതുപോലെ കേട്ടോണം. ഒരു ശീലാവതി വന്നേക്കുന്നു. നിന്റെ ആദ്യത്തെ കാമുകൻ ഒന്നുമല്ലല്ലോ ഞാൻ..ആണോ…?”
അവന്റെ നോട്ടത്തിനു മുൻപിൽ അറിയാതെ തല താഴ്ന്നു. ശരിയായിരുന്നു ചെറുപ്പംമുതൽ ഒന്നിച്ച് കളിച്ചു വളർന്ന ഒരുവൻ ഉണ്ടായിരുന്നു. എനിക്ക് നീയും നിനക്ക് ഞാനും എന്ന് എപ്പോഴും കളിയായി പറഞ്ഞവൻ. കൂടുതൽ സാമ്പത്തികമുള്ള കൊമ്പ് കണ്ടപ്പോൾ അവൻ ആ കൊമ്പിലേക്ക് ചാടി.
തന്റെ കഥയെല്ലാം വള്ളിപുള്ളി വിടാതെ പറഞ്ഞിട്ടുണ്ട്. ഇനിയൊരിക്കൽ കൂടി വേദനിക്കാനാവില്ലെന്നുറപ്പിച്ചിരുന്നു. പക്ഷെ സാഹചര്യങ്ങൾ വീണ്ടും ഒരു പരീക്ഷണത്തിന് കൂടി നിന്നുകൊടുക്കാൻ പ്രേരിപ്പിച്ചു.
തന്നെയും കൂട്ടി അവന്റെ വീട്ടിൽ പലതവണ പോയിട്ടുണ്ട്. ‘എന്റെ പെണ്ണ്’ എന്നുപറഞ്ഞ് എല്ലാവരെയും പരിചയപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് കൂടുതൽ ചിന്തിക്കാതെ അവൻ വിളിച്ചിടത്തെല്ലാം പോയത്.
“നീ പറഞ്ഞത് അംഗീകരിക്കാൻ എനിക്ക് പറ്റില്ല..സത്യം പറ നീ വെറുതെ പറയുന്നതല്ലേ..?”
“നിന്നോട് കൂടുതൽ ഒന്നും ഞാൻ ആവശ്യപ്പെട്ടില്ല. സാം വരുമ്പോൾ നീ അവന്റെ കൂടെ പോകണം എന്നല്ലേ പറഞ്ഞുള്ളൂ. കാശിന് ആവശ്യം വരുമ്പോൾ അങ്ങനെ പോകുന്ന പലരെയും എനിക്കറിയാം. “
“അവൻ തരുന്ന അൻപതിനായിരത്തിൽ പകുതി നിനക്കുള്ളതാണ്. ഏത് ജോലി ചെയ്താലാണ് ഒരാഴ്ച കൊണ്ട് ഇത്രയും കാശ് കിട്ടുന്നത്..?”
കരുണയില്ലാത്ത അവന്റെ വാക്കുകൾ കേട്ടപ്പോൾ ഭൂമി പിളർന്ന് താഴ്ന്നു പോയിരുന്നുവെങ്കിൽ എന്നുതോന്നി.
“ഞാൻ പോയില്ലെങ്കിൽ നീ എന്ത് ചെയ്യും..?”
അവനോട് എന്റെ ഉള്ളിലുള്ള സ്നേഹം വറ്റിവരളാൻ തുടങ്ങിയിരുന്നു.
“കൂടുതൽ ഒന്നും ചെയ്യാനില്ല..നീ ഇത് കണ്ടുനോക്ക്..”
അവൻ നീട്ടിയ മൊബൈലിൽ പ്ലേ ചെയ്തിരുന്ന വീഡിയോ കണ്ട് ഞെട്ടിപ്പോയി..ചതി അവൻ ഭംഗിയായി ചതിച്ചിരിക്കുന്നു.
“പോയില്ലെങ്കിൽ ഈ വീഡിയോസ് പലയിടങ്ങളിലും പറന്നുനടക്കും. പിന്നെ ഞാൻ പറയേണ്ടല്ലോ..?”
ക്രൂ രമായി ചിരിച്ചു കൊണ്ട് ഫോൺ ബലമായി തിരികെ വാങ്ങി.
“ആലോചിക്കാൻ ഒരു ദിവസം സമയം തരാം. നാളെ വൈകിട്ട്..ഈ സമയത്തിനുള്ളിൽ..എനിക്ക് നിന്റെ മറുപടി കിട്ടിയിരിക്കണം. ഞാൻ ഇതേ സ്ഥലത്ത് കാത്തിരിക്കും”
കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോലും പുറത്തേക്ക് വന്നില്ല. കരയാനാവാതെ മരവിച്ചിരുന്നു. അമ്മ, അച്ഛൻ,ഏട്ടൻ, മറ്റു ബന്ധുക്കൾ..എല്ലാവരുടെയും മുഖം കണ്മുന്നിൽ തെളിഞ്ഞു. വിറയലോടെ കണ്ണുതുറന്നപ്പോൾ അവൻ ഇരുന്നിടം ശൂന്യമായിരുന്നു.
*******************
അവന്റെ കുരുക്കിൽ നിന്നും രക്ഷപ്പെടണം എങ്ങനെ. ആലോചനയോടെ വേണം. ധൈര്യപൂർവ്വം നേരിടണം. അല്ലെങ്കിൽ താനുമായി ബന്ധപ്പെട്ട കുടുംബങ്ങൾ മുഴുവൻ അപമാനഭാരത്താൽ തല താഴ്ത്തേണ്ടിവരും. രക്ഷപ്പെടാനുള്ള മാർഗ്ഗം കണ്ടുപിടിക്കണം.
പെട്ടന്ന് ജോലി കിട്ടണം എന്നു കരുതിയാണ് നഴ്സിംഗ് പഠിച്ചത്. പഠിച്ചിറങ്ങിയ ഉടൻതന്നെ ഭേദപ്പെട്ട ശമ്പളത്തോടെ ജോലിയും ലഭിച്ചു. ഇത്രയും പെട്ടെന്ന് സ്വപ്‌നങ്ങളെല്ലാം അസ്തമിക്കുക എന്നുപറഞ്ഞാൽ…?ആശുപത്രിയിലേക്ക് നടക്കുമ്പോൾ എങ്ങനെ അവന്റെ കുരുക്കിൽ നിന്നും രക്ഷപെടും എന്ന ചിന്ത മാത്രമായിരുന്നു. നൈറ്റ് ഡ്യൂട്ടിയാണ് രാവെളുക്കുവോളം സമയമുണ്ട് ചിന്തിക്കാൻ.
അവസാനം ഒരു തീരുമാനത്തിലെത്തി. വൈകുന്നേരം 5 മണി വരെ സമയം തന്നിട്ടുണ്ട്. രാവിലെ തന്നെ അവന്റെ വീട്ടിലേക്ക് പോവുക. താൻ ഒന്നുരണ്ടു പ്രാവശ്യം അവിടെ പോയിട്ടുണ്ട്. അവന്റെ അമ്മയെ കണ്ടു കാര്യം പറയുക. അവരും ഒരു സ്ത്രീയല്ലേ..? ചിലപ്പോൾ അവർ വിചാരിച്ചാൽ..
ഡ്യൂട്ടി കഴിഞ്ഞ് നേരെ ബസ്സ് സ്റ്റാൻഡിലേക്കാണ് പോയത്..അവന്റെ നാട്ടിലേക്കുള്ള ബസ്സിൽ കയറിയിരുന്നു. രണ്ടു മണിക്കൂറിനടുത്തു യാത്രയുണ്ട്. കുറച്ചുദൂരം ചെന്നപ്പോഴാണ് അവന്റെ ഫോൺകോൾ വന്നത്.
“നീ വെളുപ്പാൻകാലത്ത് എങ്ങോട്ടാ..?അമ്മയെ കണ്ട് കാര്യങ്ങൾ പറയാനാണ് നിന്റെ ഉദ്ദേശം എങ്കിൽ പൊന്നുമോളെ അതിനു നീ മിനക്കെടേണ്ട…”
“നീ എന്തു പറഞ്ഞാലും അമ്മ വിശ്വസിക്കില്ല. ഉറപ്പ്..എന്തായാലും പോകുവല്ലേ..നീ അവിടെ വരെ പോയിട്ട് വാ..”
അവന്റെ പൊട്ടിച്ചിരി ഫോണിൽ ഉയർന്നുകേട്ടു.
സകല പ്രതീക്ഷകളും അസ്തമിച്ചിരിക്കുന്നു. എന്തായാലും അവന്റെ അമ്മയെ പോയികണ്ടു സംസാരിക്കുക തന്നെ.
അവൻ പറഞ്ഞതുപോലെ അവരുടെ സ്വീകരണം അത്ര നല്ലതായിരുന്നില്ല.
സ്നേഹത്തോടെ ചേർത്തുപിടിച്ച അമ്മയാണ് ഇപ്പോൾ വെറുപ്പോടെ മുഖം തിരിക്കുന്നത്.
തന്നെ പെട്ടെന്ന് യാത്രയാക്കാൻ അവർക്കെന്തോ തിടുക്കം ഉള്ളതുപോലെ തോന്നി. കരഞ്ഞു കാലുപിടിച്ചു നോക്കി. ഒന്നും വേണ്ട അവരുടെ മകനെ തനിക്ക് വേണ്ട പക്ഷെ ഉപദ്രവിക്കാതെ ഇരുന്നാൽ മതി.
കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ അവർ അകത്തേക്ക് നടന്നു. എന്തായാലും താൻ വന്ന കാര്യം സാധിക്കാതെ ഇവിടുന്നു പോകുന്ന പ്രശ്നമില്ല. പലപ്പോഴായി അവന് നൽകിയ സമ്മാനങ്ങൾ…തന്റെതായി എന്തെങ്കിലും അവന്റെ കൈയ്യിൽ ഉണ്ടെങ്കിൽ വീണ്ടെടുക്കുക എന്ന ലക്ഷ്യം കൂടി ഉണ്ടായിരുന്നു ഈ വരവിന്.
തിരികെ ബസ്സിൽ ഇരിക്കുമ്പോൾ അവന്റെ ഫോൺ വന്നു.
“നീ പോയി അമ്മയെ മയക്കി കിടത്തി തപ്പിയിട്ട് നിനക്ക് വല്ലതും കിട്ടിയോ..?”
“എല്ലാം ഇവിടെ എന്റെ കയ്യിൽ ഭദ്രമായി ഞാൻ സൂക്ഷിച്ചിട്ടുണ്ട്..”
“അതെല്ലാം നശിപ്പിക്കണമെങ്കിൽ നിനക്ക് എന്നെ കൊ ല്ലേണ്ടി വരും..”
അവന്റെ അമർത്തിയ ചിരി വീണ്ടും ഫോണിൽ ഉയർന്നുകേട്ടു.
“ഒന്നുകൂടി നീ കേട്ടോ..അധികം സ്മാർട്ട് ആകാൻ നോക്കാതെ വൈകിട്ട് അഞ്ചുമണിക്കുള്ളിൽ വരാൻ നോക്ക്..നീ വന്നില്ലെങ്കിൽ…”
******************
പറഞ്ഞ സമയത്തിന് മുൻപ് റെസ്റ്റോറന്റിൽ എത്തി അവനെ കാത്തിരുന്നു. അഞ്ചുമണിയായപ്പോൾ ഇരയെ കുരുക്കി കൈയ്യിലൊതുക്കിയ സന്തോഷത്തോടെ അവൻ വന്നിരുന്നു.
“ഒരു സംശയം…നിനക്ക് കാശിനെന്തെങ്കിലും ആവശ്യം വന്നിട്ടാണോ ഈ വൃത്തികെട്ട കളിക്കിറങ്ങിയത്..കാശ് എത്രയാണെന്ന് വച്ചാൽ പറയ്..ഞാൻ തരാം.. “
“കാശ് മാത്രം അല്ലെടീ…ഇതൊരു പാക്കേജാണ്..ആവശ്യത്തിനുള്ള പണം, മയക്കുമരുന്ന്, ഉല്ലാസയാത്രകൾ..അങ്ങനെ ധാരാളം നേട്ടങ്ങൾ.”
“വാളെടുത്തവൻ വാളാൽ..”
“നീയെന്നെ പേടിപ്പിക്കാൻ നോക്കുവാണോ..? ഞാൻ ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല…”
“എന്തായാലും നീ ജയിച്ചു കണ്ടാൽ മതി.”
“കമ്മീഷൻ എത്ര തരാമെന്നാ പറഞ്ഞത്.”
“എന്താടീ..കൂട്ടി തരണോ..?”
വഷളച്ചിരിയോടെ അവൻ തിരക്കി.
“എനിക്കതു മതി… “
“നാട് ഓടുമ്പോൾ നടുവേ ഓടണം എന്നല്ലേ…? “
“നിനക്ക് വേണമെങ്കിൽ എന്റെ കൂട്ടുകാരിയെ കൂടി പരിജയപ്പെടുത്തി തരാം. അവൾക്ക് കാശിനു സ്വല്പം അത്യാവശ്യമുണ്ട് .”
“ഗുഡ് ഗേൾ..അപ്പോൾ നിനക്ക് ബുദ്ധിയുണ്ട്..” അവന്റെ കണ്ണുകൾ ആർത്തിയാൽ തിളങ്ങി.
“അവളുടെ ഒന്ന് രണ്ടു ഫോട്ടോസ് കാണിക്കാം..നിനക്ക് താല്പര്യം ഉണ്ടെങ്കിൽ പറയ്..”
ഫോണെടുത്ത് ഗാലറി തുറന്ന് അവന്റെ നേരെ നീട്ടി.
ഫോൺ വാങ്ങി നോക്കിയ അവൻ വിളറുന്നത് കണ്ടു.
പൂർണ്ണ ന ഗ്ന യായ ഒരു സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങൾ എഡിറ്റ് ചെയ്തു മറച്ച ഫോട്ടോകൾ.
അവന്റെ മുഖഭാവം മാറുന്നത് നോക്കി ചിരിയോടെ ഇരുന്നു.
“നാൽപത്തെട്ട് വയസ്സുണ്ട്. പക്ഷെ കണ്ടാൽ അത്രയൊന്നും തോന്നില്ല “
“അമ്മ..”
“അതെ..നിന്റെ അമ്മ തന്നെയാ..എന്തേ അവർക്ക് ഈ പണി ചെയ്താൽ…മകന് വേണ്ടിയല്ലേ..?”
“നീ എന്നെയങ്ങു കെട്ട്..ഞങ്ങൾ രണ്ടുപേരും കൂടി നിന്നെ കാശുകാരനാക്കാം..നമുക്ക് ഇതൊരു ഫാമിലി ബിസിനസ് ആയി കൊണ്ടുനടക്കാം.. “
വിളറി വെളുത്ത് എന്തുപറയണം എന്നറിയാതെ ഇരിക്കുന്ന അവന്റെ കൈയ്യിൽ നിന്നും ഫോൺ വാങ്ങി ബാഗിലിട്ടു.
മുന്നോട്ടാഞ്ഞിരുന്നു..ചിരിയോടെ ചോദിച്ചു..
“ഇനി ഡീൽ നീ പറ..”
“എനിക്ക് നീ ആദ്യം പറഞ്ഞ ഇരുപയ്യായിരം മതി. ബാക്കി മുഴുവൻ നീ എടുത്തോ..നിനക്ക് മാത്രം അവകാശപ്പെട്ടതാണ്.”
“ടീ…നീ ആരോടാ കളിക്കുന്നതെന്ന് അറിയാമോ..?”
ചിരിയോടെ അടുത്തു ചെന്ന് പോക്കറ്റിൽ നിന്ന് അവന്റെ ഫോണെടുത്തു. തിരികെ വന്നിരുന്നു. ചുറ്റിനും ആൾക്കാർ ഉള്ളതുകൊണ്ട് കൈയ്യാംങ്കളിക്ക് അവൻ മുതിരില്ലെന്നുറപ്പുണ്ടായിരുന്നു.
ബാഗ് തുറന്ന് സിം ഊരിയെടുക്കാനുള്ള ചെറിയ പിൻ എടുത്ത് അവന്റെ ഫോണിന്റെ സൈഡിൽ കുത്തി..സിം രണ്ടും ഊരിയെടുത്തു. ഫോൺ ബാഗിലിട്ടിട്ട് സിം രണ്ടും അവന്റെ നേർക്കേറിഞ്ഞു.
“തരത്തിൽ പോയി കളിക്കെടാ ചെക്കാ…നിന്റെ സ്നേഹത്തിനു മുൻപിൽ ഞാനൊന്നു പതറിപ്പോയി…എന്ന് കരുതി..”
“ഞാൻ ചെയ്തതും തെറ്റാണെന്ന് എനിക്കറിയാം..സമ്മതം കൂടാതെ ഒരു സ്ത്രീയുടെ ന ഗ്ന ചിത്രങ്ങൾ എടുക്കുന്നത് ക്രിമിനൽ കുറ്റമാണ്. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കട്ടെ..”
“നീ പറഞ്ഞത് തന്നെ എനിക്കും പറയാൻ ഉള്ളൂ. ഇനി നിനക്ക് ജയിക്കണമെങ്കിൽ എന്നെ നീ..കൊ ല്ലണം..എങ്കിലും നീ വിചാരിക്കുന്നത് പോലെ നടക്കാൻ പോകുന്നില്ല.”
മേശയിൽ നേരത്തെ ഓർഡർ ചെയ്തു വരുത്തിയിരുന്ന ജൂസെടുത്തു പകുതി കുടിച്ചു. ബാക്കി അവന്റെ നേരെ നിരക്കി വച്ചു.
“നീ ബാക്കി കുടിച്ചാൽ മതി..അതിനുള്ള അന്തസ്സേ നിനക്കുള്ളൂ..”
ബാഗും എടുത്ത് പുറത്തേക്കു നടക്കുമ്പോൾ സിനിമയിലൊക്കെ സ്ലോമോഷനിൽ നടക്കുന്നത് എങ്ങനെയായിരിക്കും എന്നായിരുന്നു ചിന്ത.