വിനീതിന്റെ മുഖത്തെ ഭാവം അവൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞില്ല എങ്കിലും അച്ഛന്റെ മതിപ്പില്ലാത്ത സംസാരം വല്ലാതെ…

നവനീതം…

Story written by Reshja Akhilesh

=============

ശങ്കരന്റെ മുഖഭാവം കണ്ടപ്പോൾ വരേണ്ടിയിരുന്നില്ല എന്നാണ് വിനീതിന് തോന്നിയത്. പരിഹാസമോ അവജ്ഞയോ അഹങ്കാരമോ എന്തൊക്കെയോ ആ ചുളിവ് വീണ മുഖത്ത് പ്രകടമായിരുന്നു.

“ഊം…അപ്പുറത്തേയ്ക്ക് നടന്നോളു. അവിടെയാ പണി.” ശങ്കരൻ ചൂണ്ടി കാണിച്ച ഭാഗത്തേയ്ക്ക് വിനീത് നടന്നു.

“അച്ഛ…അമ്മ വിളിയ്ക്കുന്നുണ്ട്. വിനീതേട്ടന് ചായ കൊടുക്കണ്ടേ…താഴത്തെ കടയിലേയ്ക്ക് പോയിട്ട് വരാൻ പറഞ്ഞു.” കോളേജിൽ പോകാൻ ബാഗുമെടുത്ത് ഇറങ്ങിയതാണ് അനുശ്രീ.
വിനീതും സഹായിയും പോയോ എന്നറിയാൻ ശങ്കരൻ ഒന്ന് എത്തി നോക്കി.

“പിന്നെ ചായേം പലഹാരോം കൊട്ക്കാണ്ടാ…നിന്റമ്മയ്ക്ക് വേറെ പണിയില്ല. അവര് വന്ന പണി കഴിയട്ടെ എന്നിട്ടാവാം.”

“അതല്ലച്ഛ, നിഖിലേട്ടന്റെ പഴയ ചങ്ങാതിയല്ലേ…തറവാട്ടിൽ ആയിരുന്നപ്പോൾ എപ്പഴും വരുവായിരുന്നല്ലോ…നമ്മള് ഇങ്ങോട്ട് താമസം മാറിയേ പിന്നെ ആദ്യായിട്ട് വരുവല്ലേ…അതാ…”

“പഴയ ചങ്ങാതിയല്ലേ…പുതിയത് അല്ലാലോ…ന്റെ മോള് ന്യായം പറയാണ്ട്  കോളേജിൽ പോവാൻ നോക്ക് ട്ടാ…”

“ശ്ശോ ഇങ്ങനെയൊരു അച്ഛൻ…നിഖിലേട്ടൻ അറിഞ്ഞാ അച്ഛനോട് ദേഷ്യപ്പെടും നോക്കിക്കോ.”

“ഹഹഹ…”

ശങ്കരൻ എന്തോ വലിയ തമാശ കേട്ടത് പോലെ ഊറി ചിരിച്ചു.

“അച്ഛന് വട്ടായോ…എന്തിനാപ്പൊ ചിരിക്കണേ…”

“എടി പൊട്ടിക്കാളി നിന്റെ ഏട്ടൻ എവിടെ കിടക്കുന്നു ഈ ചെക്കൻ എവിടെ കിടക്കുന്നു. നിഖിൽ നല്ലമ്പോലെ പഠിച്ചു ആറക്ക ശബളം വാങ്ങുന്ന ജോലി വാങ്ങീലെ…ഇവനോ വല്ലവരുടെയും വീട്ടില് സ്വിച്ചും ഫാനും ബൾബും ഫിറ്റ് ചെയ്ത് നടക്കുന്നു. നിന്റെ ഏട്ടൻ തന്നെയാ ഇവനും ആയിട്ടുള്ള ചങ്ങാത്തം ആദ്യം അവസാനിപ്പിച്ചത്…അതറിയോ നിനക്ക്…”  അതും പറഞ്ഞു അയാൾ അകത്തേയ്ക് കയറിപ്പോയി.

“അച്ഛനും കൊള്ളാം മോനും കൊള്ളാം ” അനുശ്രീ പിറുപിറുത്തുകൊണ്ട് തിരിഞ്ഞതും കണ്ടത് വിനീതിനെയാണ്.

ഉമ്മറത്തു നിർത്തിയിട്ടിരിയ്ക്കുന്ന വണ്ടിയിൽ നിന്ന് ടൂൾസ് എടുക്കാൻ വന്നതായിരുന്നു വിനീത്. വിനീതിന്റെ മുഖത്തെ ഭാവം അവൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞില്ല എങ്കിലും അച്ഛന്റെ മതിപ്പില്ലാത്ത സംസാരം വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടെന്ന് അവൾക്ക് ബോധ്യമായി. അത് മറയ്ക്കാനായിട്ടെന്നോണമുള്ള അവന്റെ ചിരി അവളുടെ നെഞ്ചിൽ കൊണ്ടു.

****************

“വിനീതേ…നീ പുതിയ വീടിന്റെ പണി വേഗത്തിൽ തീർക്കുന്നു എന്ന് കേട്ടല്ലോ. എന്തിനാപ്പൊ ഇത്ര ധൃതി. നീ ഒരൊറ്റ ആള് വിചാരിച്ചാൽ നടക്കോ. അതുമല്ലെങ്കിൽ ഒരു പണക്കാരി പെണ്ണിനെ കെട്ടണം എന്നിട്ട് അവളുടെ വീട്ടുകാർ സഹായിച്ചു പണി തീർക്കണം. അല്ല,നിനക്കിപ്പോ ആര് പെണ്ണ് തരാനാ അല്ലെ…അതാണ്‌ പറയുന്നത് പഠിക്കാൻ വിട്ടാൽ പഠിയ്ക്കണമ്ന്ന്…എന്റെ മോനെ കണ്ട് പഠിയ്ക്ക് നീ…ഈ നാട്ടിൽ ഇങ്ങനെ ഒരു ചെക്കൻ വേറെ ഉണ്ടോ…പണ്ട് നിന്റെയൊക്കെ കൂടെ കൂട്ട് കൂടി നടന്നിട്ടും അവൻ വല്യേ നിലയിലെത്തി. എന്നിട്ടാ കൊട്ടാരം പോലത്തെ വീട് ഉണ്ടാക്കീത്. ഇരിയ്ക്കും മുൻപ് കാല് നീട്ടുക എന്ന് കേട്ടിട്ടേയുള്ളു…അതല്ലേ നീയിപ്പോ ചെയ്യണേ…കൊല്ലം രണ്ട് മൂന്ന് കടന്ന് ജോലി ചെയ്തപ്പോൾ വല്യേ ആളായിന്ന് വിചാരിച്ചോ നീ…നിന്റെ വീട് ഞാൻ കണ്ടു. കൊള്ളാം…നവനീതം ന്നൊ മറ്റോ അല്ലെ പേര്…പേര് കേൾക്കാൻ ഗമയൊക്കെ ഉണ്ട്. ആവുന്നത് ചെയ്താൽ പോരെ…”

“ശങ്കരേട്ടാ…ഇവനിത് ഒന്ന് തീർത്തോട്ടെ…നിങ്ങൾ വെറുതെ പൊങ്ങച്ചം പറഞ്ഞും ഇവനെ ഇടിച്ചു താഴ്ത്തിയും സംസാരിയ്ക്കാതെ നിന്നാൽ വലിയ ഉപകാരം ആയിരുന്നു. കല്യാണം കഴിച്ചു നന്നാവാൻ നടക്കുന്ന ഊ ളയല്ല ഇവൻ…പക്ഷേ അവൻ സമ്പാദിച്ചിട്ടില്ല എന്ന് പറയരുത്. നിങ്ങൾക്ക് അറിയാലോ ഇവന്റെ ചുറ്റുപാടൊക്കെ…എന്നിട്ട്…”

വിനീതിന്റെ സഹായിയായ ജോയ്സി ദേഷ്യപ്പെട്ടു. ശങ്കരന്റെ അവജ്ഞ നിറഞ്ഞ വാക്കുകൾ വിനീതിനെ തന്റെ ഭൂതകാല ഓർമ്മകളിലേയ്ക്ക് കൊണ്ടു പോയി….

ക ള്ളു കുടിയനായ അച്ഛന്റെ കലഹത്തിന്റെ ഒച്ചയുള്ള പഴകാലം. അമ്മയുടെ കണ്ണു നീരിന്റെ നനവുള്ള കുട്ടിക്കാലം. അകാലത്തിൽ മൃതിയടഞ്ഞ അമ്മയോളം വലുതായി വിനീതിന്റെ ജീവിതത്തിൽ ആരുമില്ലായിരുന്നു. ലക്ഷ്യബോധമുണ്ടാക്കാനും വഴി കാണിക്കാനും സഹായിക്കാനും ആരുമില്ലാതെ കഴിഞ്ഞ കാലത്തിലേയ്ക്ക് ഞൊടിയിടയിൽ അവന്റെ മനസ്സ് പാഞ്ഞു…

ജോയ്സിയ്ക്ക് പക്ഷേ ദേഷ്യം നിയന്ത്രിയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. കുറച്ചു കാലമേ ആയിട്ടുള്ളു ജോയ്‌സി കൂടെ കൂടിയിട്ട് എങ്കിലും അവന്റെ ചുറ്റുപാടുകളെ കുറിച് ഏറെക്കുറെ അറിയാമായിരുന്നു ജോയ്സിയ്ക്ക്.

അടുത്തതായി എന്തൊക്കെയോ പറയാൻ ഒരുങ്ങും മുൻപേ വിനീത് ജോയ്സിയെ തടഞ്ഞു.

ജോയ്സിയെ ഒന്ന് തറപ്പിച്ചു നോക്കിയ ശേഷം ഇറങ്ങി നടന്നതായിരുന്നു ശങ്കരൻ. ചളിയിൽ വഴുതി ഒറ്റ വീഴ്ചയായിരുന്നു. വിനീതും ജോയ്സിയും താങ്ങിയെടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. വീഴ്ച നിസ്സാരം ആയിരുന്നുവെങ്കിലും സാരമായ പരുക്ക് ഉണ്ടായിരുന്നു. ഉളുക്കും ചതവും വേദനയും. ദിവസങ്ങളോളം ആശുപത്രിയിൽ കഴിച്ചുകൂടാൻ ഡോക്ടർ നിർദ്ദേശിച്ചു.

“മോളെ നീ നിഖിലിനോട് വരാൻ പറയ്…കുറച്ചു ദിവസം ലീവായാലും വേണ്ടില്ല. നിന്റെ അമ്മയ്ക്ക് ഒറ്റയ്ക്കു എന്നെ നോക്കാൻ പറ്റുംന്ന് തോന്നുന്നില്ല. ഡിസ്ചാർജ്ജ് ആയി വീട്ടിൽ ചെന്നാൽ അവനും കൂടി ഉണ്ടെങ്കിലേ ഒരു ആശ്വാസം ആവുള്ളു.”

“ഇനിയെന്തിനാ അച്ഛാ നിഖിലേട്ടനെ വിളിക്കണേ…ഏട്ടൻ ഇല്ലെങ്കിലും ഇത്രേം ദിവസം ഓരോ കാര്യങ്ങൾ ചെയ്ത് തരാൻ വിനീതേട്ടൻ ഉണ്ടായിരുന്നത് കൊണ്ട് രക്ഷപ്പെട്ടു. ഇനിയിപ്പോൾ വീട്ടിലേയ്ക്ക് ചെല്ലുമ്പോൾ ഞാനും അമ്മയും ഇല്ലേ അത് മതീലോ…”

“എന്നാലും അങ്ങനെയല്ലല്ലോ…”

“അങ്ങനെ ആണെന്നോ അല്ലെന്നോ…എന്ത് തന്നെ ആയാലും അച്ഛന്റെ മോൻ വലിയ നിലയിൽ എത്തിയില്ലേ…അച്ഛനെ കാണാൻ വേണ്ടി രണ്ട് ദിവസത്തെ ലീവ് എടുത്താൽ പോലും വലിയ നഷ്ട്ടം ആവുമെന്നൊക്കെയാ ഏട്ടൻ പറയണത്..അച്ഛൻ വീണ് അന്ന് മുതൽ വിനീതേട്ടൻ ഒറ്റയ്ക്കു കാര്യങ്ങൾ ഒക്കെ ചെയ്യണത് കണ്ടിട്ട് അമ്മ കുറേ നിർബന്ധിച്ചതാ വരാൻ പറഞ്ഞിട്ട്…വിദേശത്തു ഒന്നും അല്ലല്ലോ…അപ്പുറത്തെ സംസ്ഥാനത്ത് അല്ലെ…ഇപ്പൊ മനസ്സിലായി കാണുമല്ലോ പഠിപ്പും ജോലിയും ശമ്പളവും ഒന്നും ഒന്നിനും ആധാരമല്ലെന്ന്…”

സാരമായ പരിക്കുകൾ ആണെന്നറിഞ്ഞിട്ടും സ്വന്തം മകൻ കാണിച്ച അവഗണന ആ വൃദ്ധന്റെ മനസ്സിൽ നീറ്റലുണ്ടാക്കി. ചുറ്റുമുള്ളവരെ അടുത്തറിയാൻ പ്രേരിപ്പിച്ചു. പ്രധാനമായും താൻ പരിഹസിച്ച വിനീതിനെ.

*************

ശങ്കരനെ ഡിസ്ചാർജ്ജ് വാങ്ങി വീട്ടിലെത്തിയ്ക്കാനും വിനീത് കൂടെ ഉണ്ടായിരുന്നു. ഇത്തവണ ശങ്കരൻ ഒരു മകനോട് എന്ന പോലെയാണ് വിനീതിനോട് പെരുമാറിയത്. വിനീതും മകൾ അനുശ്രീയും തമ്മിലുള്ള സൗഹൃദം കണ്ട് അവർ തമ്മിൽ നല്ല ചേർച്ചയാണെന്നും മരുമകനായി വിനീതിനെ സ്വീകരിയ്ക്കാനും വരെ അയാളുടെ മനസ്സ് ചിന്തിച്ചു.

“എന്നാൽ ഞാൻ ഇറങ്ങട്ടെ ശങ്കരേട്ടാ…ജോയ്‌സി പുറത്ത് കാത്തു നിൽക്കുന്നുണ്ട്. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി ഞാൻ വരാം.”

“വിനീതേ…ഒരു കാര്യം പറയാൻ…അനവസരം ആണെന്ന് അറിയാം…ന്നാലും എന്റെ മനസ്സിൽ ഇരിയ്ക്കില്ല…” ശങ്കരൻ തെല്ല് ലജ്ജയോടെയാണ് പറഞ്ഞു തുടങ്ങിയത്.

ആ സമയത്തായിരുന്നു അനുശ്രീയും കൂട്ടുകാരിയും മുറിയുടെ വാതിൽക്കൽ എത്തിയത്. ശങ്കരൻ  അനുശ്രീയുടെയും വിനീതിന്റെയും വിവാഹക്കാര്യം പറയുന്നത് കേട്ട് ഇരുവരും മാറി അനുശ്രീയുടെ മുറിയിലേയ്ക്ക് പോയി.

“ശങ്കരേട്ടാ…പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഇതിന് മുൻപ് വരെ നിങ്ങൾക്ക് എന്നോട് വല്ലാത്തൊരു പുച്ഛമായിരുന്നല്ലോ…ഒരു കൈസഹായം ചെയ്യുമ്പോഴേയ്ക്കും മകളെ കെട്ടിച്ചു തരാൻ മാത്രം ആയോ…സിനിമയല്ലല്ലോ ഇത് ജീവിതമല്ലേ…എനിക്ക് മുഷിച്ചിൽ ഒന്നുമില്ല…ഞാൻ ഇറങ്ങുവാ…” അത്രയും പറഞ്ഞു കൊണ്ട് വിനീത് ഇറങ്ങി.

അതേ സമയം അനുശ്രീയും കൂട്ടുകാരിയും ഇതേ കുറിച്ച് തന്നെയുള്ള ചർച്ചയിൽ ആയിരുന്നു.

“എന്താ പെണ്ണേ നിന്റച്ഛന് ഇത്രേം പെട്ടന്ന് ഒരു മാറ്റം. നീയല്ലേ പറഞ്ഞത് ഏട്ടന്റെ കൂട്ടുകാരൻ ആയിട്ട് കൂടി ആ ഒരു പരിഗണന കൂടി ഇല്ലായിരുന്നവെന്ന്.”

“ഞാനും അതാണ്‌ ആലോചിക്കുന്നത്…എത്ര പെട്ടന്നാ അച്ഛന്റെ മാറ്റം. ഹും…നല്ല മാറ്റം അല്ലെ സാരമില്ല. സ്വന്തം മോൻ തിരിഞ്ഞു നോക്കാൻ ഇല്ലാത്തപ്പോഴ് കൂടെ ഉണ്ടായത് വിനീതേട്ടൻ അല്ലെ…അതായിരിക്കും. അല്ലെങ്കിലും വലിയ ശമ്പളം ഇല്ലെങ്കിലും നല്ല മനസ്സല്ലേ ആൾടെ…ആർക്കാ ഇഷ്ടാവാതിരിയ്ക്ക…”

“എന്നിട്ട് നീ ഇയാളെ കെട്ടാൻ പോവാണോ…നിനക്ക് ഇയാളെക്കാൾ നല്ല ഒരു ചെക്കനെ കിട്ടില്ലേ…നീ അച്ഛൻ പറയുന്നത് കേട്ടിട്ട് എടുത്ത് ചാടാൻ നിൽക്കല്ലേട്ടാ…ജീവിതം നിന്റെയാ…അതോ നിനക്ക് പണ്ടേ ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടോ…”

ഒറ്റ ശ്വാസത്തിൽ കൂട്ടുകാരീ ചോദിച്ചു നിർത്തി തന്റെ ഉത്തരത്തിനായി അക്ഷമയോടെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ അനുശ്രീ ഒരു നിമിഷം പകച്ചു നിന്നു.

“എനിക്കങ്ങനെ പ്രേമമൊന്നും ഇല്ല. കല്യാണത്തെ കുറിച് ഞാൻ ചിന്തിച്ചിട്ടും ഇല്ല. പക്ഷെ ഇഷ്ടക്കേട് ഇല്ല താനും…നല്ല കരുതലും സ്നേഹവും ഉള്ള ആളെ ആർക്കാ ഇഷ്ടാവാതിരിയ്ക്കാ…കെട്ടിയാൽ എന്താ…?”

“അയ്യേ…നീ നിന്റെ നിലയും വിലയും മറന്ന് കളിയ്ക്കരുത് കേട്ടോ…അതെ എനിക്ക് പറയാൻ ഉള്ളു. ഒരു കല്യാണ ചെറുക്കൻ വന്നിരിയ്ക്കുന്നു. ഞാൻ പറയാൻ ഉള്ളത് പറഞ്ഞു ഇനി നിന്റെ ഇഷ്ടം. ഞാൻ പോവാ…” അവളുടെ വാക്കുകൾ കുറച്ചു ഉച്ചത്തിൽ ആയിപ്പോയി. മുറ്റത്ത് നിന്ന വിനീതിനും ജോയ്സിയ്ക്കും വരെ  അത് കേൾക്കാനായി.

കൂട്ടുകാരിയുടെ അകാരണമായ ദേഷ്യം അനുശ്രീയേയും ചൊടിപ്പിച്ചു. അവൾ കലിപൂണ്ട് ഇറങ്ങി പോകുന്ന കൂട്ടുകാരിയെ നോക്കി നിന്നതേയുള്ളു.

ശങ്കരന്റെ മുറിയിൽ നിന്നും വിനീത്  പോയിരുന്നു. ശങ്കരന്റെ മുഖത്ത് മുൻപ് ഉണ്ടായിരുന്ന തെളിച്ചം ഉണ്ടായിരുന്നില്ല. കണക്കുകൂട്ടലുകൾ പിഴച്ചു പോയത്തിന്റെ നൈരാശ്യം അയാളിൽ അലതല്ലിക്കൊണ്ടിരുന്നു.

വിനീത് ബുള്ളെറ്റ് സ്റ്റാർട്ട്‌ ചെയ്യുന്ന സമയത്താണ് അനുശ്രീയുടെ കൂട്ടുകാരി ദേഷ്യത്തോടെ ഇറങ്ങിപ്പോകുന്നത് കണ്ടത്. അവൾ വിനീതിനെ കണ്ടപ്പോൾ മുഖം തിരിച്ചു നടന്നു. അനുശ്രീയും മുറ്റത്തേയ്ക്ക് എത്തിയിരുന്നു ആ സമയത്ത്.

“കൂട്ടുകാരി പിണങ്ങിപ്പോയോ…എന്താ കാര്യം?”

“അതൊന്നുമില്ല വിനീതേട്ട…മുൻപ് എന്റെ അച്ഛന് ഉണ്ടായിരുന്ന ഒരു അസുഖം അവൾക്ക് വന്നൂന്ന തോന്നണേ…അതിന്റെ ലക്ഷണം ആണ്. ഇത്രേം കാലം കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല.”

“ആണോ…അത് കൊള്ളാലോ…ഈ അസുഖത്തിനുള്ള മരുന്ന് എന്റെൽ ഉണ്ട്. സമയം ആവുമ്പോൾ കൊടുത്തേക്കാം എന്താ…”

വിനീത് ബുള്ളറ്റിൽ പോകുന്നതും നോക്കി അനുശ്രീ അവിടെ കുറേ നേരം നിന്നു.

***************

“എടാ…ശങ്കരേട്ടന് ഇപ്പോ നിന്നോട് വല്യേ കാര്യം ആണല്ലേ…നിന്നോട് കാര്യമായിട്ട് എന്തൊക്കെയോ പറയുണ്ടായിരുന്നല്ലോ…എന്താണ്?” വണ്ടി കുറേ നേരം മുൻപോട്ട് പോയപ്പോൾ ജോയ്‌സി ചോദിച്ചു.

“ഓഹ് അതോ…അങ്ങേർക്ക് എന്നെ മരുമകൻ ആക്കിയാൽ കൊള്ളാം എന്ന് ഒരു ആലോചന…”

“ഒന്ന് പോടാ…ഇത്ര പെട്ടന്ന് അവിടം വരെയൊക്കെ ആയോ…”

“ആണെടാ…നീയാണെ സത്യം.”

“എന്നിട്ട് നീയെന്താ പറഞ്ഞേ…സമ്മതിച്ചു കാണും അല്ലെ…അവളെപ്പോലെ ഒരു നല്ല കുട്ടിയെ നിനക്ക് കിട്ടിയാൽ ജീവിതം കളറാകും. അച്ഛന്റേം ഏട്ടന്റേം സ്വഭാവം ഒന്നും ആ കുട്ടിയ്ക്ക് കിട്ടിയിട്ടില്ല എന്ന് നീ തന്നെ പറഞ്ഞിട്ടില്ലേ…”

“അതൊക്കെ നേരാ…പക്ഷേ അങ്ങനെ ഒരു ആലോചന വേണ്ടെന്ന് ഞാൻ പറഞ്ഞു. ഒരു ഉപകാരം ചെയ്യുമ്പോഴേയ്ക്ക് മോളെ കെട്ടിച്ചു കൊടുക്കാൻ ഇതെന്താ സിനിമ ആണോന്ന് ചോദിച്ചു. മുൻപ് എന്നെ പരിഹസിച്ചതിനെല്ലാം ഉള്ള മറുപടി ഞാൻ കൊടുത്തിട്ടുണ്ട്. ആൾടെ മനസ്സിൽ രണ്ട് കാര്യങ്ങളുണ്ട്…ഒന്ന് മോൻ ഇല്ലെങ്കിലും അത്യാവശ്യത്തിന് എന്നെ എപ്പോഴും അടുത്തു കിട്ടുമല്ലോ എന്ന വിചാരം. പിന്നെ…ഞാൻ വീട് മാത്രമല്ല കുറച്ചു ലോൺ ആണെങ്കിലും ടൗണിൽ ഒരു ഷോപ്പും പണിയുന്നുണ്ടെന്ന് മൂപ്പര് അറിഞ്ഞു. ആശുപത്രിയിൽ വെച്ച് എന്നെ കോൺട്രാക്ടർ വിളിച്ചപ്പോൾ  സംസാരത്തിനിടയിൽ നിന്നു കിട്ടിയതാ…അപ്പോൾ മുതൽ എല്ലാം വിശദമായിട്ട് ചോദിച്ചു മനസ്സിലാക്കി…”

“ഓഹോ അപ്പോൾ അതും കൂടി അറിഞ്ഞപ്പോഴ് ഉള്ള മാറ്റം ആണല്ലേ…അതൊക്കെ പോട്ടെ…നിനക്ക് ആ കുട്ടിയെ കെട്ടുന്നതിനെന്താ തടസ്സം എന്ന് പറഞ്ഞില്ലല്ലോ…”

വണ്ടി ചെന്ന് നിന്നത് പണി നടന്ന് കൊണ്ടിരിയ്ക്കുന്ന പുതിയ വീടിന് മുൻപിലാണ്.

“നവനീതം”

“ദേ ഈ വീടെന്റെ സ്വപ്നമാണ്. മറ്റൊരു സ്വപ്നമാണ് ഈ വീടിന്റെ പേരും. എന്റെ നവമിയും ഞാനും ചേരുമ്പോഴാണ് ഇത് നവനീതമാകുന്നത്. നിനക്കറിയാമോ അനുശ്രീയെപ്പോലെ അത്യാവശ്യം പണവും പ്രതാപവും ഉള്ള വീട്ടിലെയാ അവൾ. എന്റെ കൂടെ വന്നാൽ കഷ്ടപ്പെടേണ്ടി വരരുതല്ലോ അതാണ് തിരക്കിട്ടു പണികൾ പൂർത്തിയാക്കുന്നത്. എന്ന് വെച്ചാൽ കുടിലിൽ കഴിയാൻ മടിയുള്ള കൂട്ടത്തിൽ ഒന്നുമല്ല. എന്നാലും എന്റെയൊരു സമാധാനത്തിന്…”

“ഓഹോ അത് ശരി…അപ്പോൾ മറ്റൊരു പെണ്ണ് നെഞ്ചിനുള്ളിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട്. അതാണല്ലേ കാര്യം…ഞാൻ വിചാരിച്ചു കൂട്ടുകാരന്റെ പെങ്ങളെ കാമുകിയായി കാണാൻ പറ്റാത്തത് കൊണ്ടാണെന്നാണ്…”

“അങ്ങനെയല്ല…കാമുകിയുടെ കൂട്ടുകാരിയെ പെങ്ങളായി കരുതണം എന്നത് കൊണ്ടാണ്…”

“എന്ത്?”

ജോയ്സിയ്ക്ക് ഒന്നും മനസ്സിലായില്ല. അപ്പോഴാണ് മനോഹരമായ ഒരു പ്രണയഗാനത്തിന്റെ ഈണത്തോടെ വിനീതിന്റെ ഫോൺ ശബ്ദിച്ചത്.

“എന്റെ പെണ്ണ് “എന്ന് എഴുതി സേവ് ചെയ്തിരുന്ന നമ്പിറിന് താഴെ അനുശ്രീയുടെ വീട്ടിൽ വെച്ച് കണ്ട പെൺകുട്ടിയുടെ ചിരിയ്ക്കുന്ന മുഖം പ്രത്യക്ഷപ്പെട്ടു.

അർദ്ധനിമിഷത്തിന് ശേഷമാണ് ജോയ്സിയ്ക്ക് കാര്യങ്ങൾ മനസ്സിലായത്.

“എന്റെ പെണ്ണ് എന്നല്ല…എന്റെ കുശുമ്പിപ്പെണ്ണ് എന്ന് ആണ് ചേരുന്നത് ട്ടോ…” ജോയ്‌സി കുറച്ചു ഉറക്കെ ആണത് പറഞ്ഞത്.

ഫോണിൽ അങ്ങേ തലയ്ക്കൽ സംസാരിച്ചു കൊണ്ടിരുന്നു നവമിയ്ക്കും ചിരി വന്നു. നവമിയും വിനീതും പരസ്പരം പരിഭവങ്ങൾ പങ്കുവെയ്ക്കുന്ന തിരക്കിലായിരുന്നു.

കുറച്ചു മുൻപ് വരെ അഹങ്കാരിയായി കരുതിയ പെണ്ണിന് ഇപ്പോൾ മനസ്സിൽ മറ്റൊരു പ്രതിച്ഛായയാണ്! പുറമേ കാണുന്നതായിരിയ്ക്കില്ല പലരും.

നവനീതം എന്നെഴുതിയ ബോർഡിൽ നോക്കി ജോയ്‌സി അർത്ഥവത്തായി ഒന്ന് പുഞ്ചിരിച്ചു…

**************

(കുറേ നാളുകൾക്കു ശേഷം എഴുതിയതാണ്…ചിന്തിച്ചത് വേറെ എഴുതി വന്നപ്പോൾ വേറെ…കൈയ്യീന്ന് പോയോന്ന് ഒരു സംശയം ഇല്ലായ്കയില്ല.)

~രേഷ്ജ അഖിലേഷ്.