ഹരിക്ക് നാണക്കേടായതു കൊണ്ടാവും നിന്നോട് പറയാതെ ഇരുന്നേ, എന്നെ വിളിച്ചു സംസാരിച്ചിരുന്നു…

_upscale

Story written by Manju Jayakrishnan

===============

“മോൾടെ പ്രായമില്ലാത്ത കൊച്ചിനെയാ ആ കിഴവൻ…അങ്ങോട്ടേക്ക് തന്നെ കൊച്ചിനെ അയക്കണോ “

അമ്മാവന്റെ ചോദ്യം കേട്ട് അച്ഛൻ ഒന്നും മിണ്ടാനാകാതെ ഇരുന്നു..

“അല്ലെങ്കിലും കുടുംബത്തിലെ ഏതെങ്കിലും കാര്യം നീ ഞങ്ങളോട് ആലോചിച്ചിട്ടുണ്ടോ? എല്ലാത്തിലും തന്നിഷ്ട്ടം ആണല്ലോ “

നീരസത്തോടെ അമ്മാവൻ പറഞ്ഞു..

“പിള്ളേർ തമ്മിൽ സ്നേഹാണ്…നല്ല പയ്യനാണ്…നല്ല കുടുംബവും ….അതിൽ കൂടുതൽ നോക്കേണ്ട കാര്യം ഇല്ലല്ലോ….”

അച്ഛൻ പറഞ്ഞു നിർത്തി….

“ഒരു ആലോചന വന്നാൽ അത് മുടക്കാൻ ആണ് ആൾക്കാർക്ക് തിടുക്കം….അതിൽ സ്വന്തക്കാരും ബന്ധുക്കളും എല്ലാം ഉണ്ട് “

അത് കൊണ്ടാണ് അറിഞ്ഞിട്ടും ആ വാർത്തക്ക് ഇത്ര പ്രാധാന്യം കൊടുക്കാതെ ഇരുന്നേ…

‘നിന്റെ കൊച്ച്..നിന്റെ  ഇഷ്ടം….അവസാനം എന്തെങ്കിലും ആയിട്ട് ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്’

ഇത്രയും പറഞ്ഞു അമ്മാവൻ ഇറങ്ങി…

അകത്തു നിന്നും എല്ലാം കേട്ട് ഞാൻ ഇരുന്നു എങ്കിലും എന്താണെന്ന് എനിക്ക് വ്യക്തമായില്ല..

“എന്താ അച്ഛാ…..എന്തായാലും ഞാനും കൂടി അറിയട്ടെ….അല്ലെങ്കിൽ ഞാൻ ഹരിയേട്ടനോട് ചോദിക്കും “

അതു കേട്ട് വിക്കി വിക്കി അച്ഛൻ പറഞ്ഞു

“ഹരിക്ക് നാണക്കേടായതു കൊണ്ടാവും നിന്നോട് പറയാതെ ഇരുന്നേ…എന്നെ വിളിച്ചു സംസാരിച്ചിരുന്നു…

ഹരീടെ അച്ഛൻ വീട്ടിൽ വേലക്കു നിന്ന പെണ്ണിനെ ഗ ർഭിണിയാക്കി. പാർട്ടിക്കാർ ഇടപെട്ടു നഷ്ടപരിഹാരം വാങ്ങിക്കൊടുത്തു കേസ് ഒത്തുതീർപ്പാക്കി…പക്ഷെ എല്ലാവരും അറിഞ്ഞു….”

ആ വാർത്തകേട്ട് ഞാൻ ഷോക്ക് ആയി ഇരുന്നു

കാരണം ഹരിയേട്ടന്റ അച്ഛൻ എന്റെ മാഷ് ആയിരുന്നു…രവി മാഷ്..ഹൈ സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട്…

“രവി സാർ പഠിപ്പിച്ച ഒറ്റ കൊച്ച്പോലും വഴിതെറ്റി പോകില്ല ” എന്ന് അന്ന് എല്ലാവരും പറയുമായിരുന്നു..അത്രക്ക് കരുതലും സ്നേഹവും ആയിരുന്നു മാഷ്..

ഏറ്റവും പാടുള്ള കണക്കായിരുന്നു മാഷ് പഠിപ്പിച്ചത് എങ്കിലും ഒരാള് പോലും അതിൽ തോൽക്കില്ലായിരുന്നു….

ക്ലാസ്സിലെ പാവപെട്ട കുട്ടികൾക്ക് ബുക്കും പുസ്തകവും യൂണിഫോമും ഒക്കെ മാഷ് വാങ്ങി നൽകിയിരുന്നു…

മാഷിനു രണ്ടു ആൺകുട്ടികൾ ആയത് കൊണ്ട് തന്നെ പെൺകുട്ടികളെ വലിയകാര്യവുമായിരുന്നു..

ഞങ്ങളുടെ ബന്ധം അറിഞ്ഞു ഹരിയേട്ടന്റ  വീട്ടിൽ എല്ലാവരും എതിർത്തപ്പോഴും സപ്പോർട്ട് ചെയ്തത് മാഷ് ആയിരുന്നു…

“ഞാനൊരിക്കലും വിശ്വസിക്കില്ല അച്ഛാ….മാഷിനെ ആരോ ചതിച്ചതാവും”

അച്ഛനും അതെ അഭിപ്രായം തന്നെ ആയിരുന്നു…

അങ്ങനെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു..വിവാഹത്തിനു പോലും മാഷ് പങ്കെടുത്തില്ല…

ഒരു ചെറിയ പുച്ഛത്തോടെ എല്ലാവരും അച്ഛനെ തിരക്കുമ്പോൾ ഹരിയേട്ടന്റെ മുഖം മങ്ങിയിരുന്നു.

എപ്പോഴും ഉന്മേഷവാനായി കാണുന്ന മാഷ് ഒരു മൂലയിൽ ഒതുങ്ങി ഇരിക്കുന്ന കണ്ടപ്പോൾ എന്റെ നെഞ്ചു പിടഞ്ഞു…

കസിന്റെ രണ്ടു പെൺകുട്ടികൾ ‘അപ്പൂപ്പാ ‘ എന്ന് പറഞ്ഞു ഹരിയേട്ടന്റ അച്ഛന്റെ അടുത്തേക്ക് പോയപ്പോൾ കണ്ണുരുട്ടി അവരുടെ അമ്മ  അവരെ വിലക്കി.

അതു കണ്ടിട്ടും ഒന്നും മിണ്ടാതെ നിന്ന ഹരിയേട്ടൻ എന്നോടായി പറഞ്ഞു

“അനുഭവിക്കട്ടെ….ചത്തു പോയാ ഇത്ര സങ്കടം ഇല്ലായിരുന്നു” എന്ന്

“അച്ഛൻ കേൾക്കും എന്ന് പറഞ്ഞു ഞാൻ വിലക്കിയിട്ടും ഹരിയേട്ടൻ ഉച്ചത്തിൽ തന്നെ പറഞ്ഞു…”

മുറിയടക്കാൻ ചെന്ന ഞാൻ കണ്ടത് ചാരുകസേരയിലിരുന്ന് വിതുമ്പുന്ന അച്ഛനെയാണ്..

ഞാൻ പലതവണ സംസാരിക്കാൻ ശ്രമിച്ചിട്ടും അച്ഛൻ ഒഴിഞ്ഞു മാറി..

ഒരിക്കൽ ഓഫീസിൽ ഒറ്റക്കായിപ്പോയ എന്നെ കൂട്ടാൻ എത്തിയതും മറ്റാരും ആയിരുന്നില്ല…ഹരിയേട്ടൻ ഓഫീസിൽ തിരക്കിലായി പോയിരുന്നു…വീട്ടിൽ വിളിച്ചു ഡ്രൈവറോഡ് കൂട്ടാൻ പറഞ്ഞപ്പോൾ അയാൾ നേരത്തെ പോയിരുന്നു…

വീടിന്റെ പടിക്കൽ എന്നെ ആക്കി അച്ഛൻ പറഞ്ഞു…

“ടാക്സി വിളിച്ചു വന്നതാണെന്ന് പറഞ്ഞാൽ മതി..അല്ലെങ്കിൽ ഹരി വഴക്കിടും എന്ന് “

അങ്ങനെ ഇരിക്കുമ്പോൾ ആണ് ഹരിയേട്ടന്റെ അനിയൻ ലണ്ടനിൽ നിന്നും വന്നത്.

അവന്റെ വഷളൻ നോട്ടം എന്നെ അസ്വസ്ഥയാക്കിയിരുന്നു…

താഴെ വീണ ബാഗ് എടുക്കാൻ കുനിഞ്ഞ എന്റെ നെഞ്ചിലേക്ക് അവൻ പത്രത്തിനിടയിലൂടെ നോക്കുന്നത് ഞാൻ വ്യക്തമായി കണ്ടു…

മാത്രവുമല്ല മിക്ക സമയവും അവൻ മ.ദ്യപിച്ചിരിക്കും..

പത്തു വയസ്സു തികയാത്ത എന്റെ  ചേച്ചിയുടെ കൊച്ചിനെ മടിയിലിരുത്തി  ലാളിക്കാൻ ശ്രമിച്ച അവന്റെ കൈകൾ അവളുടെ നെഞ്ചിൽ പരതുന്നത് കണ്ട് എന്റെ നിയന്ത്രണം വിട്ടു….

‘വിടടാ എന്റെ കൊച്ചിനെ’ എന്ന് പറഞ്ഞു  അവനു നേരെ പാഞ്ഞടുത്തു

“അച്ഛൻ അങ്ങനെ ആയി എന്ന് വെച്ചു ഇവിടെ എല്ലാരും അങ്ങനെയല്ല. ഞങ്ങൾ മക്കളെ അമ്മ നന്നായാ വളർത്തിയെ”

എന്ന് പറഞ്ഞു ഹരിയേട്ടന്റെ കൈ എന്റെ കവിളിൽ പതിഞ്ഞു..

മുറിയിലിരിക്കുന്ന അച്ഛന്റെ കൈകൾ പിടിച്ചു ഞാൻ ഏട്ടന്റെ  മുന്നിലേക്ക് കൊണ്ടു വന്നു

“അച്ഛൻ ആർക്ക് വേണ്ടിയാ ഈ പാപം ചുമക്കുന്നെ…സത്യം എല്ലാവരും അറിയട്ടെ “

“എന്ത് സത്യം? ” എന്ന് പറഞ്ഞു വന്ന അമ്മയോടായി ഞാൻ പറഞ്ഞു

“സ്വന്തം കൊച്ചിന്റെ ഭാവി ആലോചിച്ചു കുറ്റമേറ്റെടുത്ത അച്ഛന്റെ നിരപരാധിത്വം ഹരിയേട്ടനോടെങ്കിലും അമ്മക്ക് പറയാമായിരുന്നു “

അമ്മ തലതാഴ്ത്തി നിന്നു….

ഹരിയേട്ടാ അച്ഛൻ കുറ്റമൊന്നും ചെയ്തിട്ടില്ല…

‘കാണപ്പെട്ട ദൈവമാണ്’ അച്ഛനെന്ന് പറഞ്ഞ ഹരിയേട്ടൻ വരെ അച്ഛനെ ക്രൂശിച്ചു. ഒന്നും മിണ്ടാതെ അതൊക്കെ അച്ഛൻ സഹിച്ചു. തെറ്റ് ചെയ്തതും ഇവനാണ്..ഹരിയേട്ടന്റ അനിയൻ…

കരഞ്ഞു കൊണ്ട് ഹരിയേട്ടൻ അച്ഛന്റെ കാൽക്കൽ വീണു…

“എന്തായാലും ഞാനും ഇവളും ജോലിസ്ഥലതേക്കു  പോകുവാണ്. അവിടെ വീട് നോക്കുന്നുണ്ട്…അവിടെ അച്ഛൻ കൂടി വേണം “

“വരാം” എന്ന് പറഞ്ഞു അച്ഛൻ ഞങ്ങളെ ചേർത്തു പിടിച്ചു..

“കൊ ന്നു തള്ളേണ്ടതാ നിന്നെ…എന്റെ അച്ഛനും ഇവൾക്കും ആരും ഇല്ലാതെ വരുമല്ലോ ഓർത്തു ഞാൻ ചെയ്യുന്നില്ല…ഇനി മേലാൽ എന്റെ കണ്മുന്നിൽ കണ്ടു പോകരുത് “

അവനോടായി ഹരിയേട്ടൻ പറഞ്ഞു…

“അല്ല കൊച്ചേ…നീയി സി. ഐ. ഡി  പ്പണി എവിടുന്നു പഠിച്ചു…നിന്നോട് ഞാൻ പോലും ഒന്നും പറഞ്ഞില്ലല്ലോ ” അച്ഛൻ ചോദിച്ചു

“അതെ…എന്നെ കണക്ക് പഠിപ്പിച്ചതെ രവി മാഷ് ആണ്..ആ കണക്കുകൂട്ടൽ ജീവിതത്തിലും ഒരിക്കലും പിഴക്കില്ല” കള്ളച്ചിരിയോടെ ഞാൻ പറഞ്ഞു നിർത്തി.