Story written by Saji Thaiparambu
=============
“മോനേ…കതക് തുറന്നിട്ടിട്ട് പോടാ, ബാപ്പ വന്നാൽ അകത്തോട്ട് എങ്ങനെ കേറും?
“ബാപ്പ വന്നാൽ എന്നെ വിളിക്കും അപ്പോൾ ഞാൻ വന്ന് തുറന്നോളാം”
“എടാ..നീ എന്നെ ഇതിനകത്തിട്ട് പൂട്ടിയേച്ച് പോയാൽ എനിക്ക് പുറത്തോട്ടിറങ്ങണ്ടെ ? ഒന്ന് തുറക്കു മോനേ..ഞാനെങ്ങോട്ടും പോകത്തില്ലടാ”
“എന്റെയുമ്മാ..നിങ്ങളിത് തന്നെയല്ലേ എപ്പോഴും പറയുന്നേ? എന്നിട്ട് ഇന്നലെ നിങ്ങളെ അന്വേഷിച്ച് ഞാനെവിടെയെല്ലാം നടക്കേണ്ടി വന്നു, അത് കൊണ്ട് ഇനിയൊരു പരീക്ഷണത്തിന് ഞാനില്ല. ഇനി നിങ്ങള് മാത്രമേയുള്ളു എനിക്ക്…നിങ്ങളെ കൂടുതല് സ്നേഹിച്ചത് കൊണ്ട് ഷഹനായും എന്നെ ഉപേക്ഷിച്ച് പോയി, അറിയാമോ?”
അത് കേട്ടപ്പോൾ ഉമ്മയുടെ മുഖം വാടി.
ഒന്നും മിണ്ടാതെ അവർ അകത്തേക്ക് കയറിപ്പോയപ്പോൾ മനസ്സില്ലാ മനസ്സോടെ ഞാൻ പുറത്തേയ്ക്കിറങ്ങി.
ബാപ്പയുടെ മരണത്തിന് ശേഷമാണ് ഉമ്മയുടെ മനോനില തെറ്റിത്തുടങ്ങിയത്.
വിവാഹ ജീവിതത്തോട് താത്പര്യമില്ലാതിരുന്ന ഞാൻ മൂത്ത പെങ്ങന്മാരുടെ കല്യാണം കഴിഞ്ഞപ്പോൾ തന്നെ വിവാഹിതനായത് ഉമ്മയ്ക്ക് സഹായത്തിന് ഒരു മരുമകൾ വേണമെന്ന് നിർബന്ധം പിടിച്ചത് കൊണ്ടാണ്.
രണ്ട് പെങ്ങൻമാരെയും കല്യാണം കഴിച്ചത് ഗൾഫ് കാരായിരുന്നു.
അവർ രണ്ട് പേരും ഇപ്പോൾ ഗൾഫിൽ സെറ്റിൽഡായി.
പെൺമക്കൾ രണ്ട് പേരും കണ്ണെത്താ ദൂരത്തായത് കൊണ്ട് ഉമ്മയും ബാപ്പയും ഷഹനായെ സ്വന്തം മോളായിട്ടാണ് കണ്ടത്.
അവൾ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ അവർ അവളെ കൈവെള്ളയിലാണ് കൊണ്ട് നടന്നത്.
ഒരു ദിവസം അവൾക്ക് തലശ്ശേരി ദംബിരിയാണി കഴിക്കണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾ ഞാൻ ജോലി കഴിഞ്ഞ് വരാൻ താമസിക്കുമെന്ന് പറഞ്ഞ് ആ രാത്രിയിൽ തോരാതെ പെയ്യുന്ന മഴയെ വകവയ്ക്കാതെ ബാപ്പ, കാ ലൻ കുടയുമെടുത്ത് ബിരിയാണി വാങ്ങാൻ പോയതാണ്.
പിന്നീട് എനിക്ക് വന്ന കോൾ, ആക്സിഡന്റിൽ പെട്ട ബാപ്പയുടെ മരണവാർത്തയായിരുന്നു.
ആ വാർത്ത കേട്ട് കണ്ണീര് പൊഴിക്കാതിരുന്ന ഉമ്മയെ എല്ലാവരും അന്ന് അത്ഭുതത്തോടെയാണ് നോക്കിയത്.
പക്ഷേ, പിന്നീടാണ് മനസ്സിലായത് , 32 വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ബാപ്പയുടെ നിഴലായി മാത്രം ജീവിക്കുകയായിരുന്ന ഉമ്മ, ഇപ്പോൾ തനിയെ പ്രവർത്തിക്കാനാവാത്ത, വെറുമൊരു പാവയാണെന്ന്..
അത് കൊണ്ട് തന്നെയാണ് ബാപ്പയുടെ മരണം ഇപ്പോഴും ഉമ്മയ്ക്ക് അംഗീകരിക്കാൻ കഴിയാത്തത്.
ബാപ്പയുടെ മരണ ശേഷം ഞങ്ങൾക്ക് ഒരു ആൺകുഞ്ഞ് പിറന്നു.
പക്ഷേ ഉമ്മ ഉപദ്രവിക്കുമെന്ന് പറഞ്ഞ് ഷഹന ഒരിക്കലും ഉമ്മയുടെ കൈയ്യിൽ കുഞ്ഞിനെ കൊടുക്കില്ലായിരുന്നു.
ഒരു ദിവസം തൊട്ടിലിൽ കിടന്ന കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഷഹന അടുക്കളയിൽ നിന്ന് വരുമ്പോൾ കാണുന്നത് നിലത്ത് കിടന്ന് കരയുന്ന കുഞ്ഞിനെയും അടുത്ത് നില്ക്കുന്ന ഉമ്മയെയുമായിരുന്നു.
അയ്യോ! എന്റെ കുഞ്ഞിനെ നിങ്ങൾ കൊ ല്ലാൻ പോകുവാണോ?
“എന്താ എന്താ ഇവിടെ ഒരു ബഹളം?”
കുളിമുറിയിൽ നിന്ന് ശബ്ദം കേട്ട് ഞാനിറങ്ങി വന്നു.
“എടാ മോനേ കുഞ്ഞിന്റെ കരച്ചില് കേട്ടാണ് ഞാനിങ്ങോട്ട് വന്നത്, അതിന് നിന്റെ കെട്ട്യോള് പറയുന്നത് കേട്ടില്ലേ?”
“ഈ ഭ്രാ ന്തി ത ള്ള എന്റെ കുഞ്ഞിനെ തളളി താഴെയിട്ടു, ഒരു തുടല് മേടിച്ച് ഇവരെ മുറിക്കകത്ത് കൊണ്ട് പൂട്ടിയിട്, ഇല്ലെങ്കിൽ ഞാനും എന്റെ കൊച്ചും ഇവിടെ നില്ക്കില്ല”
“ഛീ..നിർത്തെടീ ആർക്കാടീ ഭ്രാന്ത്, എന്റുമ്മയെ കുറിച്ച് വേണ്ടാധീനം പറഞ്ഞാലുണ്ടല്ലോ?”
ദേഷ്യം കൊണ്ട് ഞാനവൾക്ക് നേരെ കൈയ്യോങ്ങി.
“ഓഹോ അപ്പോൾ നിങ്ങൾക്ക് എന്നെ തല്ലണമല്ലേ? ഇനി ഒരു നിമിഷം ഞാനിവിടെ നില്ക്കില്ല”
അങ്ങനെ അന്ന് ഇറങ്ങി പോയതാണവൾ, ഇടയ്ക്ക് മോനെ കാണണമെന്ന് തോന്നുമ്പോൾ ഞാനവിടെ ചെല്ലും, കുറച്ച് നേരം അവനെ കളിപ്പിച്ചിരുന്നിട്ട് തിരിച്ച് വരും
അവസാനമായി ചെന്നപ്പോൾ അവളുടെ ബാപ്പ ഒരു വഴി പറഞ്ഞു.
“മോനേ.. ഉമ്മയെ ഏതെങ്കിലും വൃദ്ധസദനത്തിലാക്ക്…എന്നിട്ട് ഷഹനായെ, അങ്ങോട്ട് കൂട്ടി കൊണ്ട് പോകാൻ നോക്ക്, അല്ലാതെ അവൾ അങ്ങോട്ട് വരില്ലെന്നാ പറയുന്നത്”
ഇരച്ച് കയറിയ അരിശം ഞാൻ അടക്കിപ്പിടിച്ചു.
“അതിന് ആർക്കാണ് ബാപ്പാ ,അവൾ തിരിച്ച് വരണമെന്ന് ഇത്ര നിർബന്ധം, ഇവിടെ തന്നെ നിന്നോട്ടേ”
അതിന് ശേഷം കുഞ്ഞിനെ കാണാൻ പോലും ഞാനങ്ങോട്ട് പോയില്ല.
രണ്ട് ദിവസം കൂടി കഴിയട്ടെ മനസ്സിന്റെ പിരിമുറുക്കം ഒന്നയഞ്ഞിട്ട് പോകാം.
വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ഉമ്മയ്ക്ക് കഴിക്കാനായി ഞാൻ രാവിലെ ഡൈനിങ്ങ് ടേബിളിൽ വിളമ്പി മൂടിവച്ചിട്ട് പോയ ബ്രേക്ക് ഫാസ്റ്റും ലഞ്ചും അതേപടി ഇരിക്കുന്നു
എനിക്ക് വല്ലാതെ ദേഷ്യം വന്നു.
“രാവിലെ മനുഷ്യൻ ജോലിക്ക് പോകുന്നതിന് മുമ്പ് കഷ്ടപ്പെട്ട് ഉണ്ടാക്കി വച്ചിട്ട് പോകുന്നതല്ലേ ഉമ്മാ..നിങ്ങക്കിത് എടുത്ത് കഴിച്ചു ടെ ?
അതും ചോദിച്ച് കൊണ്ടാണ് ഞാൻ ഉമ്മയുടെ മുറിയിലേക്ക് ചെന്നത്.
പക്ഷേ അവിടെങ്ങും ഉമ്മയെ കണ്ടില്ല
ഞാൻ മുൻവാതിലും പിൻവാതിലും പൂട്ടിയപ്പോൾ ഉമ്മ മുകളിലെ ടെറസ്സിൽ കയറി അവിടെ നിന്ന് ഏണി വഴി താഴെ ഇറങ്ങിയതാണെന്ന് പിന്നീടുള്ള തെരച്ചിലിൽ എനിക്ക് മനസ്സിലായി.
എവിടെ അന്വേഷണം തുടങ്ങുമെന്ന് കൺഫ്യൂഷനായി ഞാൻ നില്ക്കുമ്പോൾ മുറ്റത്തേയ്ക്ക് ഒരു ഓട്ടോറിക്ഷ വന്ന് നിന്നു.
അതിൽ നിന്ന് ഇറങ്ങി വരുന്ന ഉമ്മയെ കണ്ടപ്പോഴല്ല ഞാൻ ഞെട്ടിയത്.
തൊട്ട് പുറകെ ഇറങ്ങി വന്ന ഷഹനയെയും എന്റെ കുഞ്ഞിനെയും കണ്ടപ്പോഴാണ്.
“നീയെന്താടാ ഇങ്ങനെ തുറിച്ച് നോക്കുന്നത്, ഉമ്മയോടുള്ള സ്നേഹ കൂടുതല് കൊണ്ടാണ് നീ കെട്ടിയ പെണ്ണിനെയും സ്വന്തം കുഞ്ഞിനെയും അന്വേഷിക്കാത്തത് എന്ന് എനിക്കറിയാം,
പക്ഷേ ,ബാപ്പ പോയത് പോലെ ഒരിക്കൽ ഉമ്മയും പോകേണ്ടി വരും, അന്ന് എന്റെ മോൻ ഈ ഭൂമിയിൽ തനിച്ചാവാൻ പാടില്ല…
ഒരു പുരുഷന് തന്റെ ജീവിതത്തിൽ അവസാനസമയം വരെ കൂടെയുണ്ടാവുന്നത് അവന്റെ മാതാപിതാക്കളോ മക്കളോ കൂടപ്പിറപ്പുകളോ ഒന്നുമല്ല, അവന്റെ നല്ല പാതിയായ ഭാര്യ മാത്രമായിരിക്കും
അത് കൊണ്ട് ഷഹനയുടെ കാല് പിടിച്ചിട്ടാണെങ്കിലും അവളെ തിരിച്ച് കൊണ്ട് വരണമെന്ന് കരുതിയാ, ഞാൻ രാവിലെ തന്നെ പോയത്. പക്ഷേ എന്നെ കണ്ടപ്പോൾ തന്നെ എന്റെ മോള് കരഞ്ഞോണ്ട് വന്ന് എന്നോട് ചെയ്ത് പോയ തെറ്റുകൾക്ക് ഒക്കെ മാപ്പ് പറഞ്ഞു. നീ ഒന്ന് വിളിച്ചിരുന്നെങ്കിൽ അവൾ എപ്പോഴേ വരുമായിരുന്നു എന്നും എന്നോട് പറഞ്ഞു.
ഇതിന് വേണ്ടി തന്നെയാ ഞാനിന്നലെയും ഇവിടുന്നിറങ്ങിയത്, പക്ഷേ വഴിക്ക് വച്ച് നീ എന്നെ പിടിച്ചോണ്ട് വന്നത് കാരണം ഞാൻ പറഞ്ഞാൽ നീ വിശ്വസിക്കില്ലന്ന് അറിയാവുന്നത് കൊണ്ടാണ് ഞാൻ ഒന്നും പറയാതിരുന്നത്.
ഉമ്മയ്ക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല മോനേ…അത് നിന്റെ കെട്ടിയോൾക്കും മനസ്സിലായി, അത് കൊണ്ടല്ലേ അവള് ധൈര്യമായിട്ട് എന്റെ കൂടെ വന്നത്…അല്ലേ ഷഹനാ….
അതും പറഞ്ഞ് എന്റെയുമ്മാ, സന്തോഷത്തിൽ ചിരിക്കുന്നത് കണ്ടമ്പോൾ ഞാൻ മുകളിലേക്ക് നോക്കി ദൈവത്തെ സ്തുതിച്ചു.
~സജിമോൻ തൈപറമ്പ്