കാത്തിരിപ്പ്…
Story written by Nithya Prasanth
============
“ചത്തുപോയൊരുത്തനു വേണ്ടി ഇനിയും ഇങ്ങനെ കാത്തിരിക്കണോ?”
ആദിയുടെ ആ വാക്കുകൾ അവളെ ആകസകലം പൊള്ളിച്ചുകൊണ്ട് കടന്നു പോയി.
അവൾ ശ്വാസം എടുക്കാൻപോലും മറന്ന പോലെ തന്നെ തന്നെ നോക്കി തറഞ്ഞിരിക്കുന്നത് കണ്ടപ്പോഴാണ്, പറഞ്ഞത് കുറച്ചു കടുത്തു പോയി എന്ന് ആദിയ്ക്ക് തോന്നിയത്.
തനിക്ക് അവൻ “ചത്തുപോയൊരുത്തൻ” മാത്രമാണെങ്കിലും അവൾക്കു അങ്ങനെ അല്ലല്ലോ.
“സോറി, ഞാൻ അറിയാതെ…പെട്ടെന്ന്…”
“നമുക്ക് നോക്കാം ദർശനാ…ഇനി ഇതുപോലെ ഉണ്ടാവുകയാണെങ്കിൽ എന്നോട് പറയണം. നമുക്ക് പോലീസിൽ അറിയിക്കുകയോ…അങ്ങനെ എന്തെങ്കിലും ചെയ്യാം “
താൻ പറയുന്നത് വിശ്വസിക്കുന്ന ഒരാളെങ്കിലും ഉണ്ടല്ലോ എന്ന ആശ്വാസത്തിൽ അവൾ ഒന്ന് ദീർഘമായി നിശ്വസിച്ചു.
അന്ന് അച്ഛന്റെ സുഹൃത്തിന്റെ മകളെ വിവാഹം ആലോചിച്ചപ്പോൾ, വിവാഹം മുടങ്ങി അപമാനം കൊണ്ട് ചെറിയൊരു ഡിപ്രെഷൻ ഒക്കെ ഉണ്ടായി കൗൺസിലിംഗ് കഴിഞ്ഞിരിക്കുന്ന ആളാണ് പെൺകുട്ടി എന്നൊക്കെയെ തന്നോട് വീട്ടുകാർ പറഞ്ഞിരുന്നുള്ളു .
മാനസികം ആയി ഹെൽത്തി അല്ലാതൊരാൾ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നാൽ അത് ശരിയാകില്ല എന്ന് തന്നെ ആയിരുന്നു അന്നെന്റെ മനസ് പറഞ്ഞത്.
ഒരിക്കലും മാനസിക അസ്വാസ്ഥ്യത്തിനുള്ള മരുന്നല്ല വിവാഹം…അതൊക്ക പഴയ നൂറ്റാണ്ടിലെ ആളുകൾ വിശ്വസിച്ചിരുന്നതാണ്.
സ്വത്തിനും പണത്തിനും വേണ്ടി ജീവിതം വച്ചു കോംപ്രമൈസ് ചെയ്യാനും തയ്യാറല്ലായിരുന്നു..നല്ലൊരു ജോലിയും ആവശ്യത്തിന് സമ്പത്തും ഉണ്ട്. എന്നിട്ടും ഒരുപാട് ആസ്തികൾ ഉള്ള വീട്ടിലെ കുട്ടിയെ കണ്ടപ്പോൾ തന്റെ ഇഷ്ടം പോലും വീട്ടുകാർ ഗൗനിക്കുന്നില്ല.ഈ മനുഷ്യർക്ക് പണത്തിനോടുള്ള ആർത്തി ഒരുകാലത്തും തീരില്ല…
അങ്ങോട്ട് ചെന്നു കാണാൻ കൂട്ടാക്കാതെ ഇരുന്നപ്പോൾ ഒരു ദിവസം വീട്ടിലേക്ക് കൂട്ടികൊണ്ടുവരുക ആയിരുന്നു അവളുടെ അച്ഛൻ….എന്റെ അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്, എന്നാൽ അവരെ കാണുന്നത് ഇതാദ്യം ആയാണ്…അറിയാവുന്ന ആളുകൾ ആകുമ്പോൾ മകൾക്ക് എന്തെങ്കിലും അസുഖം ഉണ്ടെങ്കിലും,സുരക്ഷിത ആയിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടാകാം.
ബാഹ്യ സൗന്ദര്യം ആണ് തന്നെ ആദ്യം ആകർഷിച്ചതെങ്കിലും അതിനേക്കാൾ സുന്ദരമായ നൈർമല്യമുള്ളൊരു ഹൃദയം ഉണ്ടെന്ന് പിന്നെ തിരിച്ചറിഞ്ഞു.
നിഷ്കളങ്കമായ കണ്ണുകളും അർദ്രം ആയ പക്വത യുള്ള സംസാരവും എന്തോ…ഇതു പോലൊരാൾ എന്നും കൂടെ ഉണ്ടാകണമെന്ന് ആഗ്രഹം തോന്നിയ നിമിഷങ്ങൾ…ആദ്യമായാണ് ഇതുപോലൊരു പെൺകുട്ടിയെ കണ്ടുമുട്ടുന്നത്.
അവർ യാത്ര പറഞ്ഞിറങ്ങുമ്പോളേക്കും, ഒരു സുഹൃത്തായി…തന്റെ നല്ലപാതി ആയി…ഇയാളെ പോലൊരു കൂട്ടു തന്റെ മനസ് ആഗ്രഹിച്ചുകഴിഞ്ഞിരുന്നു.
വിവാഹത്തിന് താല്പര്യം ഇല്ലെന്ന് അവൾ തന്നോട് മാത്രമായി അറിയിച്ചതിനാൽ പോസിറ്റീവ് ആയ മറുപടി വീട്ടുകാരോട് പറയാൻ കഴിഞ്ഞില്ല…അങ്ങനെ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും….
വീട്ടുകാരറിയാതെ നമ്പർ കണ്ടുപിടിച്ചു വിളിച്ചു. അവൾക്കു ഇഷ്ടം ഇല്ലാത്ത വിവാഹത്തിന് സമ്മതം മൂളാത്തത് കൊണ്ട് എന്നെ വിശ്വസിച്ചു…നല്ലൊരു സുഹൃത്തായി കൂടെ കൂട്ടി…കുറച്ചു കഴിയുമ്പോൾ അവൾ പഴയതെല്ലാം മറക്കുമെന്നും അന്ന് തന്നെ സ്വീകരിക്കും എന്നും തന്നെ ഉറച്ചു വിശ്വസിച്ചു.
മുൻപ് സ്നേഹിച്ചിരുന്ന ആൾ ട്രെയിൻ അപകടത്തിൽ കാണാതെ ആവുക ആയിരുന്നത്രെ…ഒരു ദിവസം ഉച്ചയ്ക്ക് ശേഷമുള്ള ട്രെയിനിൽ ജോലിയിലെ ലീവ് കഴിഞ്ഞു ചെന്നൈക്ക് മടങ്ങി പോയതായിരുന്നു. പിന്നെ തിരിച്ചു വന്നിട്ടില്ല….
രക്ഷപെട്ടവരുടെയും മരിച്ചവരുടെയും കൂട്ടത്തിൽ ഇല്ലായിരുന്നു..ചിന്നിച്ചിതറിയ ശരീരഭാഗങ്ങളിൽ നിന്നും വീട്ടുകാർക്ക് തിരിച്ചറിയാനും കഴിഞ്ഞില്ല…
അങ്ങനെ അപകടത്തിൽ കാണാതായവരുടെ കൂട്ടത്തിൽ പെടുത്തി…
ചിലർ പറഞ്ഞു അപമാനകൊല ആണെന്ന്…സാമ്പത്തികം ഇല്ലാത്ത വീട്ടിലെ അന്യമതസ്ഥൻ ആയൊരു പയ്യൻ സമ്പന്നയായ യുവതിയെ പ്രണയിച്ചതിനു പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ ശിക്ഷ…..
തന്നെ അവൻ പിന്തുടരുന്നു എന്നതാണ് കുറച്ചു നാളായി അവളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നം…അവന്റ കാലടികളുടെ ശബ്ദം…അവൻ ഉപയോഗിച്ചിരുന്ന സ്പ്രേ യുടെ ഗന്ധം…അവൻ ഉപയോഗിച്ചിരുന്ന ബൈക്ക് സ്റ്റാർട്ട് ചെയ്തു അകന്നു പോകുന്ന ശബ്ദം…ഇതൊക്കെഅറിയുന്നു…എന്നാൽ ആളെ കാണാൻ കഴിയുന്നില്ല…
മാനസികം ആയി പ്രശ്നങ്ങൾ വന്നിട്ടുള്ളത് കൊണ്ട് അവൾ പറയുന്നത് ആരും വിശ്വസിക്കുന്നില്ല…അവളുടെ കൂടെ ഉള്ള ആർക്കും ഇതുവരെ ഇതു അറിയാനും ഒന്നും കേൾക്കാനും കഴിഞ്ഞിട്ടില്ല.
ഇതിനൊരു പരിഹാരം കണ്ടുപിടിക്കാൻ കൂടെ നിൽക്കും എന്ന് തോന്നിയത് കൊണ്ടാകാം അവൾ തന്നെ അകറ്റി നിർത്താത്തത്.
കഴിഞ്ഞ തവണ അവൾക്കു ഈ അനുഭവം ഉണ്ടായപ്പോൾ താനും കൂടെ ഉണ്ടായിരുന്നു…എത്ര ശ്രമിച്ചിട്ടും ആ മാളിലെ ശീതീകരിച്ച തിരക്കിൽ ഒരു സ്പ്രെയുടെയും ഗന്ധവും വേറിട്ടു അറിയാൻ കഴിഞ്ഞില്ല…ആളുകളുടെ ശബ്ദകോലാഹലങ്ങൾക്കിടയിൽ, നടന്നു പോകുന്ന ഒരു ആളുടെ ശബ്ദവും പ്രത്യകം ആയി തിരിച്ചറിയാനായില്ല….
ഭൂത പ്രേതങ്ങളിൽ ഒന്നും ഇതു വരെ വിശ്വാസം തോന്നിയിട്ടില്ല, അവരെ ചെറിയ പേടി ഉണ്ടെങ്കിലും.
ഒരാളെ തന്നെ നിനച്ചിരിക്കുന്നത് കൊണ്ട് തോന്നുന്നതാകാം എന്ന് കരുതി അന്നതു വിട്ടു…
പിന്നെയും അവൾക്കു അങ്ങനെ ഒരു അനുഭവം ഉണ്ടായി…നോക്കുമ്പോൾ അസ്വഭാവികം ആയി ആരെയും കാണുന്നുമില്ലെത്രെ…ചുറ്റും എല്ലാവരും അവരവരുടെ കാര്യങ്ങളിൽ തിരക്കിലാണ്…പിന്നെ ആരായിരിക്കാം അത്…
ഏതായാലും ഇനി ഇങ്ങനെ ഉണ്ടായാൽ നമ്മൾ അത് കണ്ടെത്തിയിരിക്കും…മനസ്സിൽ ഒരു ഡിറ്റക്റ്റീവ് ഉണർന്നു.
“നീ വിചാരിക്കുന്ന പോലല്ല ആദി…ഈ അന്തരീക്ഷത്തിൽ അവന്റ സാമീപ്യം എവിടെ ഉണ്ടെങ്കിലും ഞാൻ തിരിച്ചറിയും…അന്ന് അവൻ വന്നിരുന്നു…ശരിക്കും….”
“എങ്കിൽ മുന്നിൽ വരാത്തത് എന്ത്????”
ആ ചോദ്യത്തിന് മാത്രംഅവൾക്കു ഉത്തരം ഇല്ലായിരുന്നു…
ഈ പ്രണയത്തിനു ഇങ്ങനെ ഒക്കെ ഡയമെൻഷൻസ് ഉണ്ടോ…അറിയില്ല…വിചിത്രം ആയിരിക്കുന്നു…ഞാൻ കണ്ടിട്ടുള്ളത് ഒരാൾ പോയാൽ വേറൊന്ന്…അങ്ങനെ ആണ്…
അവളുടെ വിശ്വാസം തനിക്ക് നിരാശ ആയിരുന്നു തന്നത്…അയാൾ മരിച്ചതായിരിക്കണമേയെന്ന് ഒരു നിമിഷം എങ്കിലും മനസ് ആഗ്രഹിച്ചുവോ…പാടില്ല…മനുഷ്യർ ഇത്രയ്ക്കും ദുഷ്ടൻ ആവരുത്…ജീവിച്ചിരിക്കുന്നു വെങ്കിൽ കണ്ടെത്താൻ സഹായിക്കണമെന്ന് മനസിനെ പറഞ്ഞു മനസ്സിലാക്കി.
തന്റെ സഹായം കിട്ടുമെന്ന് തോന്നിയതിനാൽ അന്ന് കുറച്ചു സന്തോഷത്തോടെ ആണ് അവൾ മടങ്ങിയത്…
ഒരാൾ മുന്നിൽ വന്നു നിന്നു വിളിച്ചാലായിരിക്കും താൻ ഒക്കെ ആരെയെങ്കിലും കാണുന്നത്…അപ്പോഴാണ് ഇവിടൊരാൾ ശബ്ദവും ഗന്ധവും കൊണ്ട് തിരിച്ചറിയുന്നത്…
അന്ന് മുതൽ ചുറ്റുപാടുമുള്ള ഓരോ ശബ്ദത്തിനും കൂടുതൽ ശ്രദ്ധ കൊടുത്തു തുടങ്ങി…ഇരിക്കുമ്പോളും നടക്കുമ്പോളും ജോലി ചെയ്യുമ്പോൾ വരെ ശബ്ദങ്ങൾ ശ്രദ്ധിച്ചു തുടങ്ങി….ഫാനിന്റെ…ഓരോരോ വാഹനങ്ങളുടെ, പക്ഷികളുടെ തുടങ്ങിയ വലിയ ശബ്ദങ്ങൾ മുതൽ….കർട്ടൻ ചലിക്കുന്നത്…പേപ്പർ അനങ്ങുന്നത്, ചെറിയ ജീവികളുടെ പോലെയുള്ള കുഞ്ഞു കുഞ്ഞു ശബ്ദങ്ങൾ വരെ ശ്രദ്ധിക്കാൻ തുടങ്ങി…നേർത്ത ശബ്ദങ്ങൾക്കു കാതോർത്തു…..
അതൊരു പുതിയ അനുഭവം ആയിരുന്നു…പ്രകൃതിയിൽ ഇതു വരെ ശ്രദ്ധിക്കാത്ത എത്ര തരം ശബ്ദങ്ങൾ ആണുള്ളത്.
പിന്നീട് അവന്റ വരവിനായി കാത്തിരിപ്പായിരുന്നു…തുടർച്ചയായി ഒരുമിച്ചു പുറത്തു പോയിത്തുടങ്ങി…
അന്നൊരുദിവസം പെട്ടന്ന് ദർശനയുടെ മുഖത്തു പരിഭ്രാന്തി നിഴലിച്ചു…കണ്ണുകൾ പരതുന്നു…ഞാനും കാതോർത്തു…ശരിയാണ്…ഷൂസിട്ടു അടുപ്പിച്ചു ചലിക്കുന്ന കാലടികളുടെ ശബ്ദം….ശ്വാസം ആഞ്ഞു ഉള്ളിലേക്കെടുത്തു…അവൾ പറഞ്ഞ സ്പ്രെയുടെ ഗന്ധം….ശരിയാണ്…എല്ലാം ശരിയാണ്….
കോഫി ഷോപ്പിൽ അങ്ങനെ ഒരാളില്ല എന്ന് അവളുടെ ഭാവത്തിൽ നിന്നും മനസിലായി. പിന്നെ അവിടെ ആകെ ഉള്ളത് പുറത്തേക്കുള്ള വാതിലാണ്. അതിലൂടെ വേഗത്തിൽ പുറത്തിറങ്ങി..അധികം ദൂരെ അല്ലാതെ ഒരാൾ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നു…പിന്നാലെ ഓടി…അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്തു വേഗത്തിൽ പോയി…എത്താൻ കഴിയില്ലെന്നറിയാം….എന്നാലും കുറെ ദൂരം വെറുതെ പിന്നാലെ ഓടി……നമ്പർ നോട്ട് ചെയ്തിരുന്നു….
വാഹനത്തിന്റ നമ്പർ പോലീസിന് കൈമാറി….ദർശനയുടെ വീട്ടുകാരറിയാതെ അനോക്ഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു….
അഞ്ചു ദിവസത്തിനുള്ളിൽ ആളെ കിട്ടി….പുഴയിൽ പൊങ്ങി കിടക്കുന്ന രീതിയിൽ…ജീവനില്ലാതെ…എങ്ങിനെയോ മണത്തറിഞ്ഞു ദർശനയുടെ വീട്ടുകാർ നടത്തിയ അപമാനകൊ ല……
സ്വന്തം മകളുടെ മാനസികാരോഗ്യത്തോടെയുള്ള ജീവിതത്തേക്കാൾ വലുതായിരുന്നു അവർക്ക് അഭിമാനം…നാട്ടുകാരെ ഭയന്ന് ജീവിക്കുന്ന വിഡ്ഢികൾ…
ദർശനയുടെ വീട്ടുകാരെ ഭയന്ന് ആയിരിക്കാം അവൻ മുന്നിൽ വരാതിരുന്നത്….ചെന്നൈക്ക് പോകുന്നതിന് മുന്നേ ഭീഷണി ഉണ്ടായിരിക്കാം…അതായിരിക്കാം മറഞ്ഞു നിന്നത്….
ഇപ്പോൾ താൻ ഒറ്റി ക്കൊടുത്ത പോലെ ആയിപോയി…അറിയാതെ ആണെങ്കിലും…
ആരും ഇല്ലാതെ ദർശന തനിച്ചു ആയിരുന്നെങ്കിൽ ചിലപ്പോൾ മുന്നിൽ വന്നേനെ…ആരും അറിയാതെ ദൂരേക്കെ വിടെക്കെങ്കിക്കും അവളെ കൊണ്ട് പോയേനെ….
ഒരിക്കലും പോലീസിൽ അറിയിക്കരുതായിരുന്നു….ഓരോന്ന് ആലോചിക്കുന്നതോറും തീയിൽ വെന്തുരുകുന്ന പോലെ അവനു തോന്നി…
അറിയാതെ ചെയ്തു പോയ ഈ പാപത്തിന് പരിഹാരമുണ്ടോ…
ഓരോ ദിവസവും ഉള്ളു നീറി നടന്നു. ദർശനയെ ഒന്നും അറിയിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു..അവളെ കാണുമ്പോളെല്ലാം കുറ്റബോധം കൊണ്ട് ശിരസ് താണു..
കണ്ടെത്തിയില്ല എന്ന് കള്ളം പറഞ്ഞു..അന്ന് ബൈക്കിൽ പോയത് മറ്റൊരാളാണെന്നും…..
പിന്നെ അവൾ അങ്ങനെ ഒരാളുടെ സാമിപ്യം ഉള്ളതായി പറഞ്ഞില്ല…..
“പിന്നീട് അങ്ങനെ വല്ല അനുഭവം ഉണ്ടായോ ദർശനാ….”??
അവൾക് സംശയം ഒന്നും തോന്നാതിരിക്കാൻ ചോദിച്ചു….
“”ഈ ലോകത്തു ഇപ്പോൾ അവന്റ പ്രെസെന്റ്സ് ഇല്ല ആദി..അവൻ ഇപ്പൊ ഒരിടത്തും ഇല്ല…ഉണ്ടെങ്കിൽ എനിക്ക് അറിയാനാകും…അവൻ ഇപ്പോൾ ജീവിച്ചിരുപ്പില്ല….ആരൊക്കെ എത്ര മറച്ചു പിടിച്ചാലും എനിക്കത് അറിയാൻ കഴിയും ഇവിടെ എവിടെയോ ഉണ്ടായിരുന്നു. കുറച്ചു ദിവസങ്ങൾ മുൻപ് വരെ….നമുക്കൊരു ആറാം ഇദ്രിയം ഉണ്ടല്ലൊ…അത് പറയും എല്ലാം..””
അവൾ കണ്ണ് നിറഞ്ഞു അത്രയും പറഞ്ഞത് ആഴത്തിൽ വന്നു കൊണ്ടത് തന്റെ നെഞ്ചിലാണ്.
വീട്ടുകാരുടെ ചതിയെപ്പറ്റി പറയണോ വേണ്ടയോ എന്ന പിടിവലിയിലായിരുന്നു അപ്പോൾ മനസ്….അവസാനം വേണ്ട എന്ന് തീരുമാനിച്ചു…
അഛാ, അമ്മേ എന്നൊക്കെ താൻ വിളിച്ചിരുന്ന ആളുകൾ തന്റെ ജീവനേക്കാൾ കൂടുതൽ സ്നേഹിച്ചിരുന്ന ആളുടെ കൊ ലപാതകികൾ ആണെന്ന് അറിയുന്ന നിമിഷം അവൾ ഈ ലോകത്ത് നിന്നും തന്നെ വിട്ടുപോയേക്കാം…വേണ്ട…അതൊരിക്കലും വേണ്ട…
തനിച്ചായിരുന്ന അവളെ ഈ ലോകത്ത് എന്നെന്നേക്കും ആയി തനിച്ചു ആക്കിയത് താനാണ്…ആ കുറ്റബോധം അവനെ തളർത്തി. ഒറ്റക്കാക്കിയിട്ട് പോകാൻ വയ്യ.ഇനിയുള്ള എന്റെ ജീവിതം നിന്റെ സന്തോഷത്തിനായി കൂടെ ഞാൻ മാറ്റിവയ്ക്കാം…..
“”ദർശന…ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ “?
എന്താണെന്ന ഭാവത്തിൽ മുഖം ഉയർത്തി നോക്കി..
“നിന്റെ സുഖത്തിലും ദുഃഖത്തിലും കൂട്ടായി എന്നെ കൂടെ കൂട്ടാമോ നിന്റെ ജീവിതത്തിലേക്ക്…പിരിയാൻ വയ്യ…”
എന്റെ വിഷമം മനസിലാക്കിയിട്ടാവണം നിസ്സഹായതയോടെയുള്ള ഒരു പുഞ്ചിരി മാത്രം ആയിരുന്നു മറുപടി. പിന്നെ പതിയെ എന്റെ കരം കവർന്നു സമ്മതഭാവത്തിൽ കണ്ണുകൾ അടച്ചു പതിയെ മൂളി..
അവസാനിച്ചു.
സ്നേഹപൂർവ്വം, നിത്യ പ്രശാന്ത്.