വിശന്നു വലഞ്ഞവന് ആനന്ദ ലബ്ധിക്കിനി എന്ത് വേണം. കുറഞ്ഞ കൂലിക്ക് ജോലി ചെയ്യുന്ന വിവിധ രാജ്യക്കാരായ…

എഴുത്ത്: ഹക്കീം മൊറയൂർ

=================

മഗ്‌രിബ് ബാങ്ക് വിളിക്കുന്നതിനും കാൽ മണിക്കൂർ മുന്നേ പള്ളിയുടെ മുന്നിൽ താൽക്കാലികമായി നിർമിച്ച ഷെഡ് നിറഞ്ഞു കവിഞ്ഞു. നിലത്തു വിരിച്ച സുപ്രയിലായി നാനാ തരം വിഭവങ്ങൾ അതിഥികളെ അക്ഷമയോടെ കാത്തിരിക്കുകയാണ്.

വെള്ളവും തൈരും മോരും മുന്തിരി ജ്യൂസും പിന്നെയും എന്തൊക്കെയോ കുപ്പിയിലാക്കിയത് മുന്നിൽ നിരന്നിരിപ്പുണ്ട്. വലിയ തട്ടുകളിൽ സൗദിയിൽ കിട്ടുന്ന സ്വദേശിയും വിദേശിയുമായ എല്ലാ തരം പഴ വർഗ്ഗങ്ങളും കുന്നു കൂട്ടി വെച്ചിരിക്കുന്നു.

അതും പോരാഞ്ഞു വലിയ കഷ്ണങ്ങൾ ചോറിന് മുകളിൽ നിരത്തി വെച്ച സ്വാദൂറുന്ന ആട് മന്തി, താലങ്ങളിലായി മാദക ഗന്ധം പരത്തി പുഞ്ചിരിക്കുന്നു.

വിശന്നു വലഞ്ഞവന് ആനന്ദ ലബ്ധിക്കിനി എന്ത് വേണം. കുറഞ്ഞ കൂലിക്ക് ജോലി ചെയ്യുന്ന വിവിധ രാജ്യക്കാരായ തൊഴിലാളികളാണ് ഈ നോമ്പ് തുറയിൽ പങ്ക് ചേരാൻ വന്നിട്ടുള്ളത്.

ബംഗാളികളാണ് കൂടുതലും. ബംഗ്ലാദേശികൾ. വെറുതെ കിട്ടുന്ന എന്തിനും ആദ്യമേ വന്നെത്തി കലപില കൂട്ടി കിട്ടുന്നതൊക്കെ വാരിക്കൂട്ടി, ബാക്കി വന്നത് കവറുകളിലാക്കി പൊതിഞ്ഞു കൊണ്ട് പോവാനും മിടുക്കരാണ് അവർ. അവനവന്റെ കാര്യമാണ് അവർക്ക് പ്രധാനം.

പാക്കിസ്ഥാനികൾ കുറച്ചു കൂടി ഭേദമാണ്. ഭക്ഷണ കാര്യത്തിൽ അവർ കുറച്ചു കൂടി ഉദാര മനസ്കരാണ്. വാരി വലിച്ചു കഴിക്കും എന്നതല്ലാതെ അവരെ കൊണ്ട് വലിയ ശല്യമില്ല. അടുത്തിരിക്കുന്ന ആളെ കൂടി അവർ പരിഗണിക്കുന്നത് കണ്ടിട്ടുണ്ട്.

മിസ്രികൾ കുറച്ചു കൂടെ അഹങ്കാരികളാണ്. തങ്ങൾ മറ്റുള്ളവരേക്കാൾ ഉന്നതരാണ് എന്നൊരു ധാരണ അറബ് വംശജരായ അവർ വെച്ചു പുലർത്താറുണ്ട്.

മലയാളികൾ ഇവിടെ കുറവാണ്. പിന്നെയുള്ളത് സുഡാനികളാണ്. അപരിചിതരായ ആരെയും സ്നേഹത്തോടെ പിടിച്ചിരുത്തി കഴിപ്പിക്കും അവർ. പുറമെ കറുപ്പെങ്കിലും അകം സ്നേഹം കൊണ്ട് നിറഞ്ഞവർ.

പിന്നെയും കുറെ ആളുകളുണ്ട്. പല ദേശക്കാർ. പല ഭാഷകൾ സംസാരിക്കുന്നവർ. പലരും ആവശ്യത്തിന് വെള്ളവും ജ്യൂസും പഴങ്ങളുമെല്ലാം ആദ്യമേ തങ്ങളുടെ മുന്നിലേക്ക് എടുത്തു വെച്ചിട്ടുണ്ട്.

ഇനി ബാങ്ക് വിളിക്കേണ്ട താമസമെയുള്ളൂ. പുതുതായി വരുന്നവർ ഇടക്ക് കാണുന്ന ഗ്യാപ്പുകളിൽ കയറി സീറ്റ് തരപ്പെടുത്തുന്ന തിരക്കിലാണ്.

അപ്പോഴാണ് ഞാൻ അയാളെ ശ്രദ്ധിക്കുന്നത്. കറുത്ത് മെലിഞ്ഞ ഒരു മനുഷ്യൻ. കാലപ്പഴക്കം കൊണ്ട് നിറം കെട്ട വസ്ത്രങ്ങൾ. വിണ്ട് കീറിയ കാൽപാദങ്ങൾ.

അയാൾ നടന്നു എന്റെ എതിരിലായി വന്നു ഇരുന്നു. ബാങ്ക് വിളിച്ച ഉടനെ ഒരു കാരക്ക എടുത്തു അയാൾ നോമ്പ് തുറന്നു. ഒരു ചെറിയ കുപ്പി വെള്ളം കുടിച്ചു. ഒന്നോ രണ്ടോ പഴങ്ങളും കഴിച്ചു അയാൾ എഴുന്നേറ്റു പോയി. അയാളുടെ കണ്ണുകൾ കലങ്ങിയിരുന്നത് പോലെ തോന്നി.

ആ ഭക്ഷണത്തിനു മുന്നിൽ നിന്നും ആദ്യം എണീറ്റ് മസ്ജിദിലേക്ക് കയറിയത് അയാളായിരുന്നു. വിഭവ സമൃദ്ധമായ ആഹാരം ഉപേക്ഷിച്ചു പോയ അയാൾ എനിക്ക് അത്ഭുതമായി.

പിറ്റേന്നും ഞാൻ അയാളെ കണ്ടു. പിന്നീട് അത് ഒരു പതിവായി മാറി. ആറേഴു ദിവസങ്ങൾക്കു ശേഷം മഗ്‌രിബ് നിസ്കാരം കഴിഞ്ഞപ്പോൾ ഞാൻ അയാളെ കണ്ടു സംസാരിച്ചു.

അയാൾ ആഫ്രിക്കൻ വംശജനാണ്. പേര് ഇബ്രാഹിം. എത്യോപ്യൻ സ്വദേശി. കുടുംബത്തിന്റെ പട്ടിണി മാറ്റാൻ മരുഭൂമി താണ്ടി എത്തിയവൻ. കിട്ടിയതോ സമയത്തിന് ശമ്പളം കിട്ടാത്ത ഒരു ചെറിയ ജോലിയും.

രണ്ട് നേരം പോലും ഭക്ഷണം കഴിക്കാനില്ലാത്ത തന്റെ കുടുംബത്തെ ഓർത്തായിരുന്നു അയാൾ വിഷമിച്ചിരുന്നത്. കുടുംബം പട്ടിണി കിടക്കുമ്പോൾ വയർ നിറച്ചു കഴിക്കാൻ അയാൾക്ക് തോന്നുന്നില്ല.

അയാൾ സംസാരിക്കുമ്പോൾ ഞങ്ങളുടെ അടുത്തു കൂടെ കഴിച്ചു ബാക്കിയായ ഭക്ഷണം ബലദിയ്യ കവറിൽ പൊതിഞ്ഞു കൊണ്ട് കളയുന്നത് കണ്ടു. ആ ഭക്ഷണം ഒരു പാട് ഇബ്രാഹിമുമാരുടെ എത്രയോ കുഞ്ഞുങ്ങളുടെ വിശപ്പകറ്റാൻ തികയുമായിരുന്നു എന്നു ദുഃഖത്തോടെ ഞാൻ ആലോചിച്ചു.

നിവൃത്തി കേട് കൊണ്ട് കൊല്ലത്തിൽ 365 ദിവസവും നോമ്പ് നോൽക്കുന്ന കോടിക്കണക്കിനു മനുഷ്യർ ജീവിക്കുന്ന ലോകത്താണ് നമ്മളും ജീവിക്കുന്നത് എന്ന ചിന്ത പലപ്പോഴും നമ്മൾ മറന്നു പോവുകയാണ്. അവർക്ക് കൂടി അവകാശപ്പെട്ട ഭക്ഷണമാണ് നമ്മളൊക്കെ ഒന്ന് രുചിക്കുക പോലും ചെയ്യാതെ പലപ്പോഴും മാലിന്യ കൂമ്പാരത്തിൽ പോയി തള്ളുന്നത്. നമ്മൾ കളയുന്ന ഓരോ ഉരുള ചോറിനും കാത്തിരിക്കുന്ന അനേകായിരങ്ങൾ ഈ ലോകത്ത് നമ്മെ പോലെ ജീവിച്ചിരിപ്പുണ്ട് എന്ന സത്യം വിസ്മരിക്കാതിരിക്കുക.

~ഹക്കീം മൊറയൂർ