അടുത്ത രാവിലെ ദിവസം വിഷ്ണുവിന്റെ അമ്മയുടെ ഉറക്കെയുള്ള സംസാരം നിമിഷയുടെ കാതുകളിലും എത്തി…

Story written by Reshja Akhilesh

=================

“വിഷ്ണു നിന്നെ പൊട്ടിയെന്ന് വിളിക്കുന്നത് വെറുതെയല്ല അല്ലേ നിമിഷേ “

ദേവു അമ്മായിയുടെ പറച്ചിൽ കേട്ടതും ഊൺ മേശയ്ക്ക് ചുറ്റുമിരുന്നവരിൽ  ചിരി പടർന്നു.

നിമിഷയുടെ കണ്ണുകൾ മാത്രം ആരും കാണാതെ ഈറനണിഞ്ഞു.

വിഷ്ണുവിന്റെ അമ്മാവന്റെ കുടുംബത്തെ വിരുന്നിനു ക്ഷണിച്ചതായിരുന്നു. അമ്മാവന്റെ മകന്റെ വിവാഹം ഒരാഴ്ച്ച മുൻപേ ആയിരുന്നു. നവദമ്പതികളെയും വീട്ടുകാരെയും വിളിച്ചു ഒരു ചെറിയ വിരുന്നു സൽക്കാരം. എല്ലാവരും കൂടെ ഊണ് കഴിക്കുമ്പോൾ എന്തോ കറിയുടെ കാര്യത്തിൽ അഭിപ്രായം പറഞ്ഞതായിരുന്നു അമ്മാവൻ. നിമിഷ കേട്ടത് വേറെന്തോ ആയിരുന്നു. പരസ്പര ബന്ധമില്ലാത്ത ഒരു ഉത്തരമായിരുന്നു നിമിഷയുടെ വായിൽ നിന്നും വീണത്…

“എന്താ ഇവ്ടെ എല്ലാരും കൂടെ ചിരിക്കണേ…എന്ത് തമാശയാ…” കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഒരു ഫോൺ കോൾ വന്ന് എഴുന്നേറ്റ് പോയതായിരുന്നു വിഷ്ണു.

വിഷ്ണുവിന്റെ അമ്മ ഉണ്ടായ സംഭവം പറഞ്ഞു. വിഷ്ണുവിന് പക്ഷേ ചിരി വന്നില്ലെന്നു മാത്രമല്ല,.വിരുന്നുകാരെ മുഷിപ്പിക്കേണ്ടതില്ല എന്ന ഒറ്റ കാരണത്താൽ മുഖത്ത് തെളിഞ്ഞ ദേഷ്യം ഒളിപ്പിയ്ക്കുക കൂടി ചെയ്തു കൊണ്ട് നിമിഷയെ തറപ്പിച്ചു നോക്കി.

“ഞാനില്ലേ കൂടെ ” എന്ന് പറഞ്ഞു ചേർത്തു നിർത്തേണ്ട ആളുടെ പ്രതികരണം നിമിഷയെ നേരത്തേതിനേക്കാൾ വേദനിപ്പിച്ചു.

അവൾ മനസ്സിലുള്ളത് പുറത്തു കാണിക്കാതെ ഭക്ഷണം കഴിച്ചെഴുന്നേറ്റു.

******************

വിരുന്നു വന്നവർ പോയി കഴിഞ്ഞു.

കണ്ണു നീറ്റൽ സഹിക്കാതെ ഇടയ്ക്ക് മുകളിലേക്കും വശത്തേയ്ക്കും മുഖം ചരിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് പുറകിലൂടെ വന്ന് ആരോ ഇറുക്കി പുണരുന്നത്. അത് വിഷ്ണുവായിരുന്നു. വിഷ്ണുവിനെ തള്ളി മാറ്റിക്കൊണ്ട്  നിമിഷ അവിടെ നിന്ന് പോയി.

“എന്താ നിമ്മി ഒരു ദേഷ്യം…”

കിടപ്പുമുറിയിൽ ഇരുന്നു കണ്ണു തുടയ്ക്കുന്ന നിമ്മിയെ നീരസത്തോടെ നോക്കിക്കൊണ്ട് വിഷ്ണു ചോദിച്ചു.

“എനിക്ക് ദേഷ്യം ഒന്നുമില്ല…” നിമിഷയുടെ ശബ്ദം കുറച്ചു ഉച്ചത്തിലായിരുന്നു.

“പതിയെ പറയു നിമ്മി…എനിക്ക് ചെവി കേൾക്കാം…”

“അതേ നിങ്ങൾക്ക് കേൾക്കാം…എനിക്ക് ചെവി കേൾക്കില്ല…അതാണല്ലോ എന്നോട് നിങ്ങൾ കാണിക്കുന്ന ദേഷ്യത്തിന് കാരണം…മറ്റുള്ളവർ പരിഹസിക്കുന്നതിന്റെ കാരണവും…”

നിമിഷ മുഖം പൊത്തിയിരുന്നു  കരയുവാൻ തുടങ്ങി. വിഷ്ണു പറയുന്നത് കേൾക്കുവാൻ അവൾ താല്പര്യം കാണിച്ചില്ല. ഏതാനും ചില മാസങ്ങളായി നിമിഷയ്ക്ക് കേൾവിക്കുറവ് തുടങ്ങിയിട്ട്. പതിയെ പറയുന്ന കാര്യങ്ങളൊന്നും ശരിയായി കേൾക്കാൻ കഴിയുന്നില്ല.

നിമിഷയുടെ ഓരോ പൊട്ടത്തരങ്ങൾ കാരണം വിഷ്ണു അവളെ കളിയാക്കി പൊട്ടി എന്ന് വിളിക്കുമായിരുന്നു.

നിമിഷയുടെ കേൾവിക്കുറവ് വീട്ടിലെ മറ്റുള്ളവർക്ക് മനസ്സിലായി തുടങ്ങി. പല സിനിമാ വാചകങ്ങളും പറഞ്ഞു വരെ അവളെ പരിഹസിക്കുവാൻ ആരും മടിച്ചില്ല. തനിയ്ക്ക് കുറവുകൾ ഇല്ലെന്ന് വിശ്വസിക്കാനും അങ്ങനെ പെരുമാറുവാനും അവൾ കിണഞ്ഞു പരിശ്രമിച്ചു. ഒരിക്കൽ പോലും ഡോക്ടറെ കാണുവാൻ അവൾ ശ്രമിച്ചില്ല. വിഷ്ണു നേരമ്പോക്ക് പറയുന്നതും മറ്റുള്ളവരുടെ മുൻപിൽ വെച്ചു സംസാരിക്കുന്നതും കുറഞ്ഞു വന്നതോടെ നിമിഷ ദിനം പ്രതി വിഷാദത്തിലായി.

“ഇങ്ങനെ കാത് കേൾക്കാൻ വയ്യാത്തതിനെ എന്തിനാ നീ ചുമക്കുന്നത്…അവളെ വീട്ടില് കൊണ്ടു പോയി വിടെടാ…ഇപ്പൊ കുറച് കേൾവിയെ പോയിട്ടിള്ളൂ. ഇനി ഒന്നും കേൾക്കാണ്ടാവും…ചികിത്സിച്ചു മാറുന്നതാണെങ്കിൽ മാറിയിട്ട് വന്നോട്ടെ.”

അടുത്ത രാവിലെ ദിവസം വിഷ്ണുവിന്റെ അമ്മയുടെ ഉറക്കെയുള്ള സംസാരം നിമിഷയുടെ കാതുകളിലും എത്തി. വിഷ്ണു ഒന്നും പറയാതെ അന്ന് വീട്ടിൽ നിന്നും ഇറങ്ങി പോയത് അവൾ കണ്ടു.

നിമിഷ മനസ്സിൽ പലതും കണക്കു കൂട്ടിയിരുന്നു. വിഷ്ണുവിന് വേണ്ടാത്ത ഭാര്യയായി മറ്റുള്ളവരുടെ പരിഹാസം കേട്ട് കഴിയേണ്ടതില്ല എന്ന് അവൾ തീരുമാനിച്ചു.

രാവിലെ വീട്ടിൽ നിന്നിറങ്ങിയ വിഷ്ണു ഉച്ചകഴിഞ്ഞാണ് മടങ്ങിഎത്തിയത്.

“വേഗം റെഡി ആവണം…നമുക്കൊരു സ്ഥലം വരെ പോകാനുണ്ട് ” വന്നയുടനെ വിഷ്ണു നിമിഷയോട് ഇത്ര മാത്രം പറഞ്ഞു.

അവൾ പ്രതീക്ഷിച്ച വാക്കുകൾ ആയിരുന്നതിനാൽ പോകാൻ തയ്യാറായി കൈയ്യിൽ അവളുടെ വസ്ത്രങ്ങൾ നിറച്ച ഒരു ബാഗുമെടുത്ത്  മുറ്റത്തേക്കിറങ്ങി.

വലിയ ബാഗ് കഷ്ടപ്പെട്ടു പിടിച്ച് വരുന്നത് കണ്ടപ്പോൾ അവൻ ബാഗിലേക്കും മുഖത്തേയ്ക്കും മാറി മാറി നോക്കി.

സഹതാപത്തിന്റെ നോട്ടമായിരുന്നില്ല അതെന്ന് അവൾ തിരിച്ചറിഞ്ഞു. വിഷ്ണുവിന്റെ മുൻപിൽ തന്റേടത്തോടെ പെരുമാറുമ്പോഴും ഉള്ളിൽ സങ്കടക്കടൽ ഇരമ്പുന്നത് അവൾ മറച്ചു വെച്ചു. കാറിൽ വിഷ്‌ണുവിന് മുഖം കൊടുക്കാതെ, അവൻ കാണാതെ കണ്ണു തുടച്ചു.

“ഇറങ്ങു…”

വിഷ്ണുവിന്റെ ശബ്ദം പരുക്കനായതു പോലെ.

“ബാഗു പിന്നെയെടുക്കാം ” ബാഗ് എടുക്കാൻ തുനിഞ്ഞ നിമിഷ കൈപിൻവലിച്ചു കൊണ്ട് പുറത്തേയ്ക്ക് നോക്കി. തന്റെ വീടെത്തിയെന്നാണ് അവൾ ധരിച്ചിരുന്നത്. മയങ്ങുന്നത് പോലെ നടിച്ചു കരഞ്ഞുകൊണ്ടിരുന്ന അവൾ പുറത്തെ കാഴചകൾ ശ്രദ്ധിച്ചിരുന്നില്ല. കണ്ണുകൾ തുറന്നു പിടിച്ചിട്ടും കണ്ണിൽ വെള്ളം നിറഞ്ഞിരുന്നതിനാൽ മുൻപിലെ കാഴ്ചകൾ അവ്യക്തമായി തന്നെ തുടർന്നു. കാർ പാർക്ക് ചെയ്ത് ബിൽഡിങ്ങിന് ഉള്ളിലേക് കയറവേ നിമിഷയുടെ കൈപിടിച്ചു കൊണ്ട് മുൻപേ നടന്നു.

കരഞ്ഞു കൊണ്ടു പോയ നിമിഷ, നിമിഷങ്ങൾക്ക് ശേഷം സന്തോഷത്തോടെയും അൽപ്പം കുറ്റബോധത്തോടെയും ആണ് ഇറങ്ങി  വന്നത്.

“എങ്ങോട്ടാ പോണേ…” മടിച്ചു മടിച്ച് അവൾ ചോദിച്ചു.

“നിന്നെ വീട്ടിൽ കൊണ്ടു പോയി നിർത്താൻ…നിന്റെ വീട്ടുകാരോട് പറയണം എനിക്ക് ഇങ്ങനെ ഒരു പൊട്ടിയെ വേണ്ടാന്ന്…”

“ഞാനിപ്പോ അതിന് പൊട്ടിയല്ലല്ലോ എനിക്ക് ചെവി കേൾക്കാലോ…ചെവി ക്ലീൻ ചെയ്തു കഴിഞ്ഞു ഇറങ്ങിയപ്പോൾ എനിക്ക് കാത് തുളച്ചു കയറുന്ന പോലെയായിരുന്നു…”

“ഇതാ ഇത്‌ തന്നെയാ നിന്നെ ഞാൻ പൊട്ടിയെന്ന് വിളിക്കുന്നത്…അല്ലാതെ നിന്റെ ചെവി കേൾക്കാത്തത് കൊണ്ടായിരുന്നില്ലല്ലോ…”

“ചെവി കേൾക്കാതെ ആയിരുന്നെങ്കിൽ ശരിക്കും എന്നെ ഉപേക്ഷിക്കുമായിരുന്നില്ലേ…”

“അത് നിന്റെ തോന്നലാണ് നിമ്മി…ഭാര്യക്ക് ഒരു ചെറിയ അസുഖം വരുമ്പോഴേക്കും കൊണ്ടു പോയി വീട്ടിൽ നട തള്ളാൻ ഞാൻ അത്രയ്ക്ക് ചീപ് അല്ല..ഇനി വലിയ അസുഖം ആയാലും അങ്ങനെ തന്നെ…”

“ഹും…എന്നിട്ടാണോ ഇത്രയും ദിവസം മുഖം വീർപ്പിച്ചു നടന്നത്…അന്ന് എല്ലാവരും കൂടെ കളിയാക്കിയപ്പോൾ പ്രതികരിയ്ക്കാതെ ഇരുന്നത്…”

“ഇത്രയും നാൾ ഞാൻ നിന്നോട് മുഖം വീർപ്പിച്ചു നടന്നത് നിന്നോട് സ്നേഹം കുറഞ്ഞിട്ടല്ല…എല്ലാവരും നിന്നെ പരിഹസിക്കുന്നതും ഞാൻ കണ്ടു തന്നെയാ ഇരുന്നത്…നിനക്കു എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഒന്ന് എന്നോട് തുറന്നു പറഞ്ഞാൽ എന്താ…എന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ അത് നിന്റെ കുറ്റം കൊണ്ടല്ലല്ലോ…അത് മറച്ചു വെയ്ക്കുന്നതിനെതിനാ…മറ്റുള്ളവരുടെ പരിഹാസം പേടിച്ചോ? എന്തിനാ മറ്റുള്ളവരുടെ മുൻപിൽ അതിന് വേണ്ടി നിന്ന് കൊടുക്കുന്നത്…മനപ്പൂർവം തന്നെയാണ് ഞാൻ പലയിടത്തും മൗനം പാലിച്ചത്…വാക്കുകൊണ്ട് എതിർത്തു നിൽക്കാൻ പോലും ഒരു പെണ്ണായ നിനക്കു കഴിയില്ലെന്നുണ്ടോ? ഞാൻ ഇല്ലെങ്കിൽ നീ പ്രതികരിയ്ക്കില്ലേ…നിന്റെ വായിൽ നിന്ന് അങ്ങനെ ഒരു വാക്ക് കേൾക്കാൻ എനിക്ക് കഴിഞ്ഞില്ല…അപ്പോഴാണ് എനിക്ക് ദേഷ്യം വന്നത്…ഇനി നിനക്കു കാത് കേൾക്കുകയോ ഇല്ലെന്നോ ഇരിക്കട്ടെ അത് ഉൾക്കൊണ്ടു ജീവിക്കാൻ നിനക്കു സാധിക്കണ്ടേ…ഇതൊക്കെ നീ എന്നാണിനി പഠിയ്ക്കുക?.കഷ്ട്ടം തന്നെ നിന്റെ കാര്യം…”

“എന്നെ വഴക്കു പറഞ്ഞത് മതി…വിഷ്ണുവേട്ടന്റെ അമ്മയോട് ആയിരിക്കും ഇനി ഞാൻ ആദ്യം പ്രതികരിയ്ക്കാൻ പോകുന്നത് കണ്ടോളൂ…”

“മ്‌…” വിഷ്ണു അവളോട്  തലയാട്ടി കാണിച്ചു.

സംസാരിച്ചു കൊണ്ടിരിക്കവേ വിഷ്ണുവിന്റെ ഫോൺ റിങ് ചെയ്തു.

“അമ്മയാണല്ലോ…ഞാൻ സ്പീക്കറിൽ ഇടാം ” നിമിഷ ഉത്സാഹത്തോടെ ഫോൺ അറ്റൻഡ് ചെയ്തു

“ഹെല്ലോ…”

“ടാ മോനെ എന്തായി…അവളെ കൊണ്ടു വിടാൻ പോയിട്ട് നേരം കുറേ ആയല്ലോ…അവള്ടെ വീട്ടുകാരോട് കാര്യങ്ങളൊക്കെ പറഞ്ഞില്ലേ…ഇഷ്ട്ടം ഇല്ലാഞ്ഞിട്ടല്ല…വിളിച്ചാലും പറഞ്ഞാലും കേൾക്കാത്ത ഒരു മരുമോളെ ഇവ്ടെ നിർത്തിയിട്ടെന്താ കാര്യം. ചാവാൻ കിടക്കുമ്പോൾ ഒരു തുള്ളി വെള്ളം കൊണ്ടു തരാൻ  അയൽ പക്കത്തു നിന്നു ആൾ വരേണ്ടി വരും..നീയെന്താ ഒന്നും മിണ്ടാത്തെ? “

“വിഷ്ണുവേട്ടൻ ഡ്രൈവിങ്ങിൽ ആണ് അമ്മേ…”

“ഓഹ് അതാ ഞാൻ ഇത്രേം പറഞ്ഞിട്ടും ഒന്നും മിണ്ടാതിരുന്നത് അല്ലേ…പടക്കം പൊട്ടിച്ചാലും നിനക്കു കേൾക്കില്ലല്ലോ…വിഷ്ണുവിന് കൊടുക്കു ഫോൺ “

“അമ്മയെ വിളിക്കാൻ ഇരിക്കായിരുന്നു…എനിക്ക് ചെവി ക്ലീൻ ചെയ്യാത്ത പ്രശ്നം ആയിരുന്നു. വാക്സ് അടഞ്ഞിട്ട്…ചെറിയൊരു കേൾവിക്കുറവല്ലേ ഉണ്ടാർന്നുള്ളു…ഞങ്ങള് കുറച്ചു ദിവസം കഴിഞ്ഞിട്ടേ അങ്ങിട്ടു വരുന്നുള്ളു അമ്മേ..എന്റെ പിറന്നാൾ അല്ലേ വരുന്നത്…”

“നിന്റെ പിറന്നാളിന് ഇനിം ഉണ്ടല്ലോ ദിവസങ്ങൾ…”

“അമ്മ ഒന്ന് കലണ്ടർ നോക്കിയേ…”

“എനിക്ക് കുഞ്ഞു കുഞ്ഞു അക്ഷരങ്ങൾ വായിക്കാൻ കണ്ണു പിടിക്കില്ലാന്ന് നിനക്കു അറിഞ്ഞുടെ…”

“ആ…എന്നാലേ അമ്മ ഒരുങ്ങി ഇരുന്നോളൂട്ടോ…അമ്മേടെ ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്തു വെച്ചോളൂ…ഇപ്പൊ ചെറുതായിട്ട് കാഴ്ച്ച പോയുള്ളു…ഇനി തീരെ കണ്ണു കാണാതെ ആയാൽ അമ്മയെ നോക്കാൻ ബുദ്ധിമുട്ട് ആയാലോ…അമ്മയെ വീട്ടിൽ കൊണ്ടുപോയി വിടാൻ വിഷണുവേട്ടനോട് ഞാൻ പറഞ്ഞേക്കാം” അങ്ങേ തലയ്ക്കൽ നിശബ്ദത മാത്രം. നിമിഷ അത്രയും പറഞ്ഞു ഫോൺ ഓഫ്‌ ചെയ്തു. വിഷ്ണുവിനെ പാളി നോക്കി.

“നീയാള് കൊള്ളാലോ എന്റെ പാവം അമ്മയെ പറഞ്ഞു പേടിപ്പിക്കുവാണോ…”

“ഞാൻ പേടിപ്പിച്ചതൊന്നും അല്ലേ…അമ്മയും ഒന്ന് ചിന്തിച്ചു നോക്കട്ടെ അമ്മയുടെ ന്യായം അമ്മയ്ക്ക് പോലും സഹിക്കാൻ കഴിയുന്നതാണോ എന്ന്.

വൈകല്യങ്ങളും രോഗങ്ങളും ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ഓരോ ചെല്ലപ്പേരിട്ടും ഒറ്റപ്പെടുത്തിയും ചുറ്റും നിന്ന് ആഘോഷിക്കുന്നവർക്ക് അറിയില്ല അതിന്റെ വേദന. എനിക്കും അറിയില്ലായിരുന്നു..ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകും വരെ.”

ഭാര്യയുടെ പക്വതയാർന്ന സംസാരം വിഷ്ണുവിനെ സന്തോഷിപ്പിച്ചു. ഒരു പ്രതിസന്ധിയെ ഒറ്റയ്ക്കു നേരിട്ടവരേക്കാൾ കരുത്ത് മറ്റാർക്കും ഉണ്ടാകില്ല എന്ന് അവന് ബോധ്യമായി.

അവൾക്കു വേണ്ടി ഭർത്താവിന്റെ ശബ്ദം ഉയരുന്നത് അവൾക്ക് അഭിമാനവും ബലവും തന്നെയായിരിക്കാം പക്ഷേ അവൾ സ്വയം ആത്മവിശ്വാസത്തോടെ സംസാരിക്കുമ്പോഴാണ് സ്നേഹമുള്ള ഭർത്താവിന് അഭിമാനം.

~രേഷ്ജ അഖിലേഷ്