ഈശ്വരാ അവളെ ഒന്ന് കാണാൻ കഴിയണെ എന്ന് മാത്രമായിരുന്നു എന്റെ പ്രാർത്ഥന…

ഹിമകണം…

Story written by Praveen Chandran

==============

കുളുമണാലിയിലെ കാഴ്ചകളെപ്പറ്റി ഒരുപാട് കേട്ടറിഞ്ഞിട്ടുണ്ട്…അതു കൊണ്ട് തന്നെയാണ്  ട്രാൻസ്ഫർ അവിടേക്കാണന്നറിഞ്ഞപ്പോൾ ഞാനത് സന്തോഷത്തോടെത്തന്നെ സ്വീകരിക്കാൻ കാരണം..

ഡൽഹിയിൽ നിന്നും ബസ്സ് വഴിയുളള യാത്രാമധ്യേത്തന്നെ ഹിമാലത്തിന്റെ സൗന്ദര്യം ഞാൻ വേണ്ടുവോളം ആസ്വദിച്ചറിഞ്ഞു..

എത്ര സുന്ദരമാണിവിടം..കണ്ണെത്താ ദൂരത്തോളം മഞ്ഞു പുതഞ്ഞ താഴ്വരകൾ..വെളളപ്പട്ടണിഞ്ഞ  സുന്ദരികളെപ്പോലെ മഞ്ഞു മൂടി നിൽക്കുന്ന കാറ്റാടി മരങ്ങൾ..അവയ്ക്കിടയിലൂടെ പാഞ്ഞു നടക്കുന്ന മുയൽക്കുഞ്ഞുങ്ങൾ…ഇടക്കിടെ കുളിർത്ത് പെയ്യുന്ന മഞ്ഞുതുള്ളികൾ..

ആരേയും പ്രണയിക്കാൻ പ്രേരിപ്പിക്കുന്ന കാലാവസ്ഥ…

ആദ്യദിനങ്ങൾ സന്തോഷകരമായിരുന്നെങ്കിലും പിന്നീട് വല്ലാത്തൊരു ഏകാന്തത എന്നെ അലട്ടിയിരുന്നു..

ജോലികഴിഞ്ഞ് മഞ്ഞുപുതഞ്ഞുകിടക്കുന്ന ആ തെരുവിലൂടെ നടന്നാണ് സ്ഥിരമായി ഞാൻ താമസസ്ഥലത്തേക്ക് എത്തിച്ചേർന്നിരുന്നത്…

റോഡിനിരുവശത്തും ചെറിയ കടകളും മരം കൊണ്ട് മേഞ്ഞ വീടുകളുമാണ്..എന്തോ വല്ലാത്തൊരു സുഖമാണ് ആ വഴിയിലൂടെ നടക്കു മ്പോൾ…

ഇവിടുത്തെ ആളുകൾ വളരെ സ്നേഹമുള്ളവരാണ്..എവിടെ പോയാലും മലയാളികളുണ്ടാവുമല്ലോ? ഇവിടേയും കണ്ടു ഞാൻ ചായക്കടക്കാരൻ അശോകേട്ടൻ മുതൽ പഞ്ചർ കട നടത്തുന്ന ജോയേട്ടൻ വരെ…

പതിവുപോലെ ഒരു ദിവസം…

ഇന്ന് മഞ്ഞിനെന്തോ ശക്തികൂടുതലുളളത് പോലെ എനിക്ക് തോന്നി…കാറ്റാടിമരങ്ങളിൽ തഴുകിയെത്തിയ ഇളം കാറ്റ് എന്നോടെന്തോ ചെവിയിലോതി കടന്നുപോയിരുന്നു…

അന്ന് ആ വഴിത്താരയിൽ വച്ച് ഞാനാദ്യമായി അവളെക്കണ്ടു…എന്റെ മാലാഖയെ…

വീടിന്റെ ബാൽക്കണിയിൽ  നിന്ന് പുറത്തേക്ക് കൈനീട്ടി മഞ്ഞ്തുളളികൾ കൈക്കുമ്പിളിലൊ തുക്കാൻ ശ്രമിക്കുകയായിരുന്നു അവൾ…കടും പിങ്ക് നിറത്തിലുളള സ്വെറ്റർ ആണ് അവൾ ധരിച്ചിരുന്നത്..അതും മഞ്ഞിന്റെ തൂവെളള നിറവും കൂടിയായപ്പോൾ അവൾ കൂടുതൽ സുന്ദരിയായിട്ടെനിക്കു തോന്നി…

കാറ്റിൽ അവളുടെ കാതിലെ വലിയ വട്ടത്തിലുള്ള കമ്മൽ ആടികളിച്ചിരുന്നു..നുണക്കുഴി തെളിയുന്ന ആ കവിളുകൾക്ക് വെണ്ണിലാവിന്റെ ഭംഗിയായിരുന്നു…

എന്റെ കണ്ണുകൾ കുറച്ചുനേരം അവളിലുടക്കി നിന്നു…

“ആരുഷീ… കിഥർ ഹേ തൂ ബേട്ടി?” അകത്തുനിന്നും ഒരു സ്ത്രീ  ശബ്ദം..

“മേ ഇഥറി ഹും അമ്മിജാൻ”

അവളുടെ കിളിനാദം ഞാനാദ്യമായി കേട്ടു…

“ആരുഷി” ആ പേര് ഞാൻ മനസ്സിൽ പറഞ്ഞു..

അവൾ വീടിനുളളിലേക്ക് കയറിപ്പോകുന്നതും നോക്കി ഞാൻ നിന്നു…കണ്ടു കൊതിതീർന്നില്ലായിരുന്നു എനിക്ക്..

“ഹെലോ സാർ..ആപ് ക്യാ കർ രഹേ ഇഥർ” പുറകിൽ നിന്നും ആരുടേയോ ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്…

ഓഫീസിലെ  സഹപ്രവർത്തകനായ അജ്മൽ ആയിരുന്നു അത്..

“കുച്ഛ് നഹി ഹേ അജ്മൽ ഭായ്..” അല്പം ചമ്മലോടെ ഞാൻ പറഞ്ഞു…

“മേനേ ദേഖാ സാബ്ജി അപ്നെ വോ ലഡ്കികോ ദേഖ്കെ ബഹുത്ത് ഖുഷ് ഹോ ഗയാ ഹേനാ”

അത് കേട്ടതും ഞാനൊന്ന് പകച്ചു…ഇനി ഇയാളുടെ വല്ലോരുമാതിരിക്കുമോ ദൈവമേ എന്ന് ഞാനോർത്തു.

“ഐസാ കുച്ഛ് ബി നഹി ഹെ ഭായ്”.. വിക്കി വിക്കി ഞാൻ പറഞ്ഞു…

എന്റെ മുഖത്തെ ചമ്മൽ ഞാനെത്ര ശ്രമിച്ചിട്ടും മറച്ച് വയ്ക്കാനായില്ല…

“സമജ്ഗയാ മുജ്കോ…ഉസ്കാ ബാപ് മലബാറി ഹേ..ഹമാരാ ഓഫീസ് കെ സാമ്നെ ഏക് സ്റ്റേഷനറി ഷോപ്പ് ഹേനാ..വോ ഉസ്കി ബാപ് കി ഹെ..”..

എനിക്ക് അത് പുതെയൊരറിവായിരുന്നു..

അശോക് ഭായിയുടെ മകളായിരുന്നോ അവൾ..പലപ്പോഴും ഞാനവിടെ പോകാറുണ്ട് വളരെ നല്ല മനുഷ്യനാണ് അദ്ദേഹം..

അജ്മൽ ഭായിയോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോൾ എന്റെ മനസ്സ് നിറയെ അവളായിരുന്നു..

എന്റെ ഹൃദയം മഞ്ഞ് തുളളികളോടൊപ്പം ആ കൈകുമ്പിളിൽ അകപ്പെട്ടിരുന്നു…

പിറ്റെ ദിവസം രാവിലെ അതുവഴി ഓഫീസിലേക്ക് വരുമ്പോൾ എന്റെ കണ്ണുകൾ ആ ബാൽക്കണിയിൽ പരതിയെങ്കിലും അവളെ കാണുവാൻ സാധിച്ചില്ല..

മനസ്സ് നിയന്ത്രണാധീതമായിക്കഴിഞ്ഞിരിക്കു ന്നുവെന്ന് എനിക്കു തോന്നി…

ഓഫീസിൽ എന്റെ ശരീരം മാത്രമേയുളളുവെന്ന് ഞാൻ തിരിച്ചറിഞ്ഞു…വാച്ചിൽ ഇടക്കിടെ സമയം നോക്കിക്കൊണ്ടിരുന്നു ഞാൻ…

വൈകീട്ട് ഓഫീസ് കഴിഞ്ഞതിനുശേഷം തിടുക്കത്തിൽ ഞാനാവഴി നടന്നു…

ഈശ്വരാ അവളെ ഒന്ന് കാണാൻ കഴിയണെ എന്ന് മാത്രമായിരുന്നു എന്റെ പ്രാർത്ഥന…

എന്റെ കാലുകൾക്ക് വേഗം കൂടിക്കൊണ്ടിരുന്നു..

എന്റെ പ്രാർത്ഥന കേട്ടിട്ടെന്നോണം ദൈവം എനിക്ക് മുന്നിൽ അവളെ പ്രത്യക്ഷപെടുത്തിതന്നു…

അമ്മൂമ്മയെ വീൽച്ചെയറിലിരുത്തി റോഡിനിരുവശത്തേയും കാഴ്ച്ചകൾ കാണിച്ചുകൊണ്ട് നടന്നു വരികയായിരുന്നു അവൾ.. കൂടെ ഒരു പൂച്ചക്കുട്ടിയുമുണ്ട്..

വെളളനിറത്തിലുളള ആ ചുരിദാർ അവൾക്ക് നന്നായിട്ടിണങ്ങുന്നുണ്ടായിരുന്നു..അവളുടെ മുടികളിൽ മഞ്ഞുതുള്ളികൾ പതിഞ്ഞിരുന്നു..

പെട്ടന്നാണ് ആ പൂച്ചക്കുട്ടി ആ ചെറിയ കുന്നിൻ മുകളിലുളള മഞ്ഞ് പാളികൾക്കിടയിലേക്ക് ഓടിക്കയറിയത്…

“മിട്ടൂ..ഓയ്..മിട്ടൂ ഇഥർ ആ മേരി ജാൻ” അവൾ അതിനെ വിളിക്കുന്നുണ്ടെങ്കിലും അത് അവിടെത്തന്നെയിരിക്കുകയാണ്..

അവൾക്കാണെങ്കിൽ അമ്മൂമ്മയെ വീൽച്ചെയ റിൽ തനിച്ചിരുത്തി അങ്ങോട്ട് പോകാനുമാകു ന്നില്ല…

അവളുടെ വിഷമം മനസ്സിലാക്കി ഞാൻ ആ പൂച്ചക്കുട്ടിയെ എടുക്കാനായി കുന്നിലേക്ക് കയറി..മഞ്ഞിൻ പാളികൾ മാറ്റിയതും അത് എന്നെ വെട്ടിച്ചോടിപ്പോയി..

ഞാനൊരുവിധത്തിൽ അതിനെ കൈക്കലാക്കി അവളുടെ അടുത്തേക്ക് നടന്നു..

“ബഹുത് ശുക്രിയാ ജി..ആപ്കൊ കുച്ച് നഹി ഹുവാനാ..” കിതച്ചുകൊണ്ടിരുന്ന എന്നെ നോക്കി അവൾ ചോദിച്ചു..

“ഇല്ല..എനിക്കൊന്നും പറ്റിയില്ല”…എന്റെ വായിൽ പെട്ടെന്ന് വന്നത് മലയാളമായിരുന്നു…

അത് കേട്ടതും അവളെന്റെ മുഖത്ത് നോക്കി ചിരിച്ചു…

“കുഛ് നഹി ഹുവാ..ഹുയി”” ഞാൻ തപ്പിതടഞ്ഞു..

“ആഹാ..മലയാളിയാണോ? വളരെ നന്ദിട്ടോ ചേട്ടാ..ഇവളൊരു കുസൃതിയാണേ..”

അവൾ നന്നായി മലയാളം സംസാരിക്കുന്നത് കേട്ടപ്പോൾ എനിക്കാശ്വാസമായി…

“കുഴപ്പമില്ല..എനിക്കും പൂച്ചകുട്ടികളെ വലിയ ഇഷ്ടാ..”

“ആഹാ..അതുകൊളളാലോ..എന്നാ ഞങ്ങളു പോട്ടെ..മുത്തശ്ശന് മരുന്ന് കൊടുക്കാൻ സമയമായി”

“ശരി..ഞാനും ആ വഴിക്കാ..വിരോധമില്ലെങ്കിൽ പൂച്ചക്കുട്ടിയെ ഞാൻ വീടുവരെ പിടിക്കാം”…

“ബുദ്ധിമുട്ടിവില്ലെങ്കിൽ..”

ഇങ്ങനെയൊരു അവസരം ഉണ്ടാക്കിത്തന്നതിന് ഞാൻ ദൈവത്തിന് മനസ്സിൽ ഒരായിരം നന്ദി പറഞ്ഞു..

“നാട്ടിലെവിടെയാ?”…അവൾ ചോദിച്ചു..

“ത്രിശ്ശൂർ”..

“ആണോ..എന്റെ അപ്പാടെ വീട് പാലക്കാടാ..അമ്മ ഇവിടത്തുകാരിയാ..അപ്പായാ എന്നെ മലയാളം പഠിപ്പിച്ചത്”

“എനിക്കറിയാം..അശോക്ഭായിയുടെ ഷോപ്പിന്റെ അടുത്താ എന്റെ ഓഫീസ്”..

“അത് കൊളളാലോ..അപ്പോ അപ്പാനെ  അറിയാമല്ലെ?.. നൈസ് ടു മീറ്റ് യൂ..ഇതാ എന്റെ വീട്..വരുകയാണെങ്കിൽ ഒരു കപ്പ് കോഫി കുടിക്കാം”

അവളുടെ ക്ഷണം സ്വീകരിക്കാനാണ് ആദ്യം തോന്നിയതെങ്കിലും അവൾ എന്തു കരുതും എന്നു കരുതി ഞാൻ നിരസിച്ചു..

“വേണ്ട പിന്നൊരിക്കൽ വരാം”

“ടീക്കെ..ബൈ..”

ഞാൻ തിരിച്ച് ബൈ പറഞ്ഞ് നടക്കാനൊരുങ്ങവെ അവൾ പിന്നിൽ നിന്നും വിളിച്ചു..

“എക്സ്ക്യൂസ്മി..പേര് പറഞ്ഞില്ലല്ലോ?”

“ഓഹ്..സോറി..പ്രണയ്..”

“നൈസ് നെയിം..എന്റെ പേര് ആരുഷി”

താങ്ക്സ് പറഞ്ഞ് ഞാൻ തിരിഞ്ഞു നടന്നു..

മനസ്സിന് വല്ലാത്തൊരു കുളിർമ്മ പോലെ..ഇത്രയും കാലം ഞാൻ കാത്തിരുന്നത് ഇവൾക്കുവേണ്ടിയായിരുന്നോ?..

അന്ന് രാത്രി വീട്ടിലിരുന്നിട്ട് ഇരുപ്പുറയ്ക്കാതെ വീണ്ടും ഞാനാ മഞ്ഞു പുതഞ്ഞ പ്രണയം തുളുമ്പുന്ന വഴിയിലേക്കിറങ്ങി…

അവളുടെ വീടിനടുത്തെത്തിയതും എന്റെ ഹൃദയമിടിപ്പ് കൂടുവാൻ തുടങ്ങി…

എന്തോ ഒരു പുസ്തകം വായിച്ചുകൊണ്ട് ബാൽക്കണിയിൽത്തന്നെയിരിക്കുന്നുണ്ടവൾ..

അടുത്തുളള ടീ കടയിൽ നിന്ന് ഒരു ടീ വാങ്ങി കുടിച്ചുകൊണ്ട് ഞാൻ അവളെത്തന്നെ നോക്കി നിന്നു..

തേൻനിലാവത്ത് പൂർണ്ണ ചന്ദ്രനുദിച്ചു നിൽക്കുന്ന പോലെ എനിക്കു തോന്നി…

അവളുടെ ഒരു നോട്ടത്തിനു വേണ്ടി ഞാൻ ദാഹിച്ചെങ്കിലും അതുണ്ടായില്ല..

അകത്ത് നിന്നു ളള വിളി കേട്ട് അവൾ അകത്ത് കയറിപോയപ്പോ ൾ മനസ്സിനു വല്ലാത്ത നീറ്റൽ പോലെ..

അന്ന് രാത്രി കിടന്നിട്ടാണെങ്കിൽ എനിക്ക് ഉറക്കവും വരുന്നില്ലായിരുന്നു…

എങ്ങിനെയെങ്കിലും രാവിലെ ആയിക്കിട്ടിയാൽ മതിയായിരുന്നു…എന്ന് തോന്നി..അത്രക്ക് ആ മുഖം എന്നെ കീഴ്പെടുത്തിയിരുന്നു…

പിറ്റെ ദിവസം നന്നായിത്തന്നെ ഞാനൊരുങ്ങിയിറങ്ങി..

പക്ഷെ അന്ന്  അവളെ അവിടെ കാണാൻ പറ്റിയില്ലായിരുന്നു. എന്റെ മനസ്സ് പിടഞ്ഞു..

പിന്നെയും രണ്ട് മൂന്ന് ദിവസം ഞാനവളെ തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം..

“അരേ..പ്രണയ് ഭായ്..” ബാൽക്കണിയിയിലേക്ക് നിരാശയോടെ നോക്കിനിന്ന എന്നെ അവളുടെ അപ്പയാണ് വിളിച്ചത്…

ആ വിളി കേട്ട് ഞാനൊന്ന് ഞെട്ടി…

“ഹാ..ഗുഡ്മോണിംഗ് അശോക് ഭായ്..പരിസര ബോധം വീണ്ടെടുത്ത് ഞാൻ പറഞ്ഞു…

“ഗുഡ്മോണിംഗ്…വാടോ കയറി ഇരിക്കാം.. ഇതാ എന്റെ കുടിൽ..” പൊതുവെ തമാശക്കാരനായ ഭായ് ചിരിച്ച് കൊണ്ട് പറഞ്ഞു…

അവളെ കാണാനുളള അതിയായ ആഗ്രഹം മൂലം ഞാനാ ക്ഷണം സ്വീകരിച്ചു…

അകത്ത് സൗകര്യങ്ങൾ വളരെ കുറവായിരുന്നു വെങ്കിലും വളരെ വൃത്തിയായി ഒരുക്കിയിരുന്നു..ചുമരിൽ അവളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു..കടലാസ് കൊണ്ട് ഉണ്ടാക്കിയ കപ്പലുകളും മറ്റ് വർണ്ണവസ്തുക്കളും അവിടവിടങ്ങളിലായി എനിക്ക് കാണാനായി…

അശോക് ഭായിയുടെ കത്തിക്കിടയിലും ഞാൻ പരതിക്കൊണ്ടിരുന്നത് ആ മുഖമാണ്..

എങ്ങിനെയാണ്  ചോദിക്കുക എന്നാലോചിച്ചിരിക്കുമ്പോഴാണ് ചുമരിൽ തൂക്കിയിട്ടിരിക്കുന്ന അവരുടെ ഒരു ഫാമിലി ഫോട്ടോ ഞാൻ ശ്രദ്ധിച്ചത്..

കിട്ടിയ അവസരം ഞാൻ മുതലെടുത്തു…

“അതാരാ മകളാണോ?”..

“ഹാജി..ഒറ്റ മകളാ..അവൾ ഡൽഹിയിൽ നെഹ്റു  കോളേജിൽ എം.ബി.എ ഫൈനൽ ഇയറിനു പഠിക്കുന്നു…മൂന്നാലു ദിവസം മുമ്പ് വരെ ഇവിടെയുണ്ടായിരുന്നു..അവിടെ ഹോസ്റ്റലിലാണ് മാസത്തിലൊരിക്കൽ വരും”..

എനിക്കതൊരു ഷോക്കായിരുന്നു…

ഇനി ഒരുമാസം ഇനി എങ്ങനെ തളളി നീക്കുമെന്നോർത്ത് ഞാൻ വിഷമിച്ചു..

അവരോട് യാത്ര പറഞ്ഞവിടന്നിറങ്ങുമ്പോഴും എന്റെ മനസ്സ് പിടയുകയായിരുന്നു..

ഈ പ്രേമത്തിന് ഇത്രേം ശക്തിയുണ്ടെന്ന് ഞാനറിഞ്ഞിരുന്നില്ല…മനസ്സിനകത്തൊരു വിങ്ങൽ..കിടന്നിട്ടാണെങ്കിൽ ഉറക്കവും വരുന്നില്ല..മനസ്സിൽ അവളുടെ രൂപം മാത്രം…

രണ്ടു ദിവസം ക്ഷമിച്ചെങ്കിലും പിന്നെ ഓഫീസിൽ ലീവ് പറഞ്ഞ് അജ്മൽ ഭായിയുടെ ബുളളറ്റും കടമെടുത്ത് ഞാൻ പുറപ്പെട്ടു…

എന്റെ മനസ്സ് കട്ടെടുത്ത് കൊണ്ടുപോയവളെ ഒരു നോക്ക് കാണാനായി…

ബുളളറ്റിന്റെ വേഗം കൂടിക്കൊണ്ടിരുന്നു…ചീറീപാഞ്ഞുവരുന്ന മഞ്ഞിൻ തുളളികൾ എന്റെ ശരീരത്തിൽ ശരങ്ങൾ പോലെ തറച്ചിറങ്ങി…

മരം കോച്ചുന്ന തണുപ്പിന് എന്റെ ലക്ഷ്യത്തെ മറികടക്കാനാവുമായിരുന്നില്ല..അവളുടെമുഖം മാത്രമായിരുന്നു എന്റെ മനസ്സിൽ..അതുകൊണ്ട് തന്നെ എനിക്കതൊന്നും ഒരു തടസ്സമേ അല്ലായിരുന്നു..

കാറ്റിന് ശക്തികൂടിക്കൊണ്ടിരുന്നു…ഇടക്ക് വഴിയരികിലുള്ള കടകളലെ കട്ടൻ ചായയിൽ നിന്ന് മാത്രമായിരുന്നു എനിക്ക് ചൂട് കിട്ടിയിരുന്ന ത്…

ഹിമാലത്തിന്റെ ഭംഗി ഞാനാ യാത്രയിലാണ് ശരിക്കും ആസ്വദിച്ചത്…മനസ്സിൽ പ്രണയം കൂടെ ഉണ്ടെങ്കിൽ പറയുകയും വേണ്ട…

അവൾ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാനേറ്റവും ആഗ്രഹിച്ച നിമിഷം…അവളുടെ അടുത്തെത്താനുള്ള എന്റെ ആവേശത്തിന് മുന്നിൽ കൊടും തണുപ്പിന് പോലും തോൽവി സമ്മതിക്കാതെ നിവൃത്തിയില്ലായിരുന്നു…

വൈകീട്ടോടെ ഞാൻ ഡൽഹിയിലെത്തി…

കോളേജിനെക്കുറിച്ച് ഏകദേശം ഒരറിവുണ്ടായിരുന്നതിനാൽ എളുപ്പം കണ്ടെത്താൻ എനിക്ക്  കഴിഞ്ഞു..

കോളേജിലെ പലരോടും നടത്തിയ അന്വഷണങ്ങൾക്കൊടുവിൽ ഞാനവളെ കണ്ടെത്തി..

ആ മരത്തണലിൽ കൂട്ടുകാരികളോട് സൊറ പറഞ്ഞിരിക്കുകയായിരുന്നു അവൾ..

ബൈക്ക് സ്റ്റാന്റിലിട്ട് ഞാൻ അവിടെത്തന്നെ നിന്നു…എന്തോ അതുവരെയില്ലാത്ത ഒരു ഭയം എന്നെ പിടി കൂടി..അവളെന്തു വിചാരിക്കും എന്നുള്ള പേടി എന്നെ ആ കൂടിക്കാഴച്ചയിൽ നിന്ന് പിന്തിരിപ്പിക്കാൻ തുടങ്ങി…

കാണാനല്ലെ വന്നത് കണ്ടില്ലേ ഇനി മടങ്ങിപോകാം.. അങ്ങനെ വിചാരിച്ച് മടങ്ങിപോകാനൊരുങ്ങവെയാണ്  അവൾ എന്നെ നോക്കുന്നുണ്ടെന്ന് എനിക്ക് തോന്നിയത്..

ഞാൻ പതിയെ ഹെൽമറ്റെടുത്തു വച്ചു..

ഈശ്വരാ അവൾക്ക് എന്നെ മനസ്സിലായിക്കാണുമോ..

എന്നെ കണ്ടുവെന്നോണം അവൾ എന്നെ ലക്ഷ്യമാക്കി നടന്നു വന്നു..

കടുകട്ടിയായ മഞ്ഞുപാളികൾക്കിടയിലൂടെ പാഞ്ഞപ്പോൾ പോലും തോന്നാത്ത ഒരു വിറയൽ ശരീരമാസകലം അനുഭവപ്പെട്ടു…

“ആർ യൂ പ്രണയ്?” അവൾ ചോദിച്ചു..

ഞാൻ പതിയെ ഹെൽമറ്റൂരി അവളെ നോക്കി ഒരു വളിഞ്ഞ ചിരി പാസ്സാക്കി..

“യെസ്” ഞാൻ പറഞ്ഞു..

“വാട്ട് എ സർപ്രൈസ് എന്താ ഇവിടെ?”

“ഞാൻ…ചുമ്മാ..ഇവിടെ..ഒരു ഫ്രണ്ടിനെ കാണാൻ” എന്റെ ചുണ്ടുകൾ വിറച്ചു..

അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു…

“ആണോ..ഞാനിവിടെ ആണ് പഠിക്കുന്നത്..എം ബി എ ചെയ്യുന്നു…വിരോധമില്ലെങ്കിൽ നമുക്ക് ഒരു കോഫി കഴിക്കാം.. “

“ഓക്കെ” ഞാൻ തലകുലുക്കി..അപ്പോഴും എന്റെ വിറയൽ മാറിയില്ലായിരുന്നു…

അവളെന്നെ കോഫിഷോപ്പിലേക്ക് കൂട്ടിക്കൊണ്ടുപോയി…

“എന്താ ഫ്രണ്ടിന്റെ പേര്?”

ഞാൻ കുഴങ്ങി..ഇനിയും നുണപറയുന്നതിലർ ത്ഥമില്ലെന്ന് എനിക്കു തോന്നി..

“അത്..ഞാനൊരു നുണ പറഞ്ഞതാ..ഞാൻ തന്നെ കാണാൻ തന്നെയാ വന്നത്”

“എന്നയോ..ഫോർ വാട്ട്? അവൾ അത്ഭുതത്തോടെ ചോദിച്ചു..

എന്റെ മുഖം ചുവക്കാൻ തുടങ്ങി..എന്നെ തഴുകി ഒരു ഇളംതെന്നൽ അവളുടെ മുടിയിഴകളെ തലോടിക്കൊണ്ട് കടന്നു പോയി…

“അത്..എനിക്ക് തന്നെ ഇഷ്ടമാണ്..”..ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു നിർത്തി..

അവൾ ഷോക്കേറ്റത് പോലെ ഇരിക്കുന്നുണ്ട്..

“ഹഹ…ആർ യൂ ജോക്കിംഗ്..”

“നോ അയാം സീരിയസ്.” ഞാൻ കുറച്ച് കനത്തിൽ ത്തന്നെ പറഞ്ഞു…

അവൾ ഒന്നു പകച്ചു..

“പ്രണയ് തനിക്ക് എന്നെക്കുറിച്ചോ..എനിക്ക് തന്നെക്കുറിച്ചോ കൂടുതലൊന്നും അറിയില്ല..അതിനുമുമ്പ് എങ്ങനെ..ഐക്കാൺട്..” അത് പറഞ്ഞ് അവൾ അവിടന്നെഴുന്നേറ്റു..

ഈശ്വരാ പണി പാളിയോ. ഒരു നിമിഷം ചോർന്നുപോയ എന്റെ ധൈര്യം വീണ്ടെടുത്തുകൊണ്ട് ഞാൻ പറഞ്ഞു..

“നോക്ക് ആരുഷി ഞാൻ തന്നെയാണ് ഇഷ്ടപ്പെട്ടത്..അതിന് എനിക്ക് ഇത്ര സമയം മതി..പക്ഷെ തനിക്കെന്നെ മനസ്സിലാക്കാൻ എത്ര സമയം വേണമെങ്കിലും എടുത്തോളൂ…അതുവരെ കാത്തിരിക്കാൻ ഞാൻ തയ്യാറാണ്..അതുവരെ ഒരു ശല്ല്യമായ് ഞാൻ തന്റെ മുന്നിൽ വരില്ല..ബൈ..”

അതു പറഞ്ഞ് ഞാൻ അവിടെ നിന്നിറങ്ങി നടന്നു..എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..

ബൈക്ക്സ്റ്റാർട്ട് ചെയ്ത് അവിടന്ന് പോകുമ്പോൾ അവൾ എന്നെത്തന്നെ നോക്കി നിൽക്കുന്നത് എനിക്ക് സൈഡ് മിററിൽ കൂടെ കാണാമായിരുന്നു…

അങ്ങനെ ദിവസങ്ങൾ കടന്നുപോയി…

പല വെക്കേഷനിലും അവൾ വന്നെങ്കിലും പലപ്പോഴും അവളെ കണ്ടെങ്കിലും എന്നോട് ഒരു വാക്കുപോലും മിണ്ടിയില്ല..ഒന്നു ചിരിച്ചത് പോലുമില്ല അവൾ…

പിന്നീട് ആ വഴി വരുമ്പോൾ ഒക്കെ എന്തോ ഒരു വിഷമം പോലെ..

എനിക്ക് ടെൻഷൻ കൂടി വന്നു..എന്തെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന് ഞാനാശിച്ചു…മാസങ്ങൾ കടന്ന് പോയ്ക്കൊണ്ടിരുന്നു…

അങ്ങനെ ഒരു ദിവസം..

ഓഫീസിലെ തിരക്കിനിടയെലായിരുന്നു ഞാൻ..

ആ സമയത്താണ് എന്റെ ഫോണിലേക്ക് ഒരു കോൾ വന്നത്..

“ഹലോ..ഞാൻ ആരുഷിയാണ്..”

എന്റെ മനസ്സിൽ മഞ്ഞു കോരിയിട്ടത് പോലെ ഒരു സുഖം..

“യെസ് പറയൂ ആരുഷി”

“എനിക്കൊന്ന് സംസാരിക്കണം..ബുദ്ധിമുട്ടില്ലെങ്കിൽ ഇന്ന് വൈകീട്ട് റിംഗ് റോഡിലെ ഡി കഫേ വരെ ഒന്നു വരാമോ?”

“തീർച്ചയായും..ഞാൻ വരാം..”

“താങ്ക്സ്”..

ഞാനെന്തെങ്കിലും പറയുന്നതിനു മുമ്പേ ഫോൺ കട്ടായിരുന്നു..

എന്തോ വല്ലാത്തൊരാശ്വാസം പോലെ..ഒന്നുമില്ലെങ്കിലും അവൾ വിളിച്ചല്ലോ..

ഓഫീസ് കഴിയാനുളള ഓരോ മിനിറ്റും ഓരോ യുഗങ്ങളായിത്തോന്നി എനിക്ക്..

“ആജ് ആപ് ബഹുത് ഖുഷ് ഹേ…ക്യാ” അജ്മൽ ഭായിയാണ് അത് ചോദിച്ചത്..

“കുച്ഛ് ബി നഹി ഹേ ഭായ്”…

“മേരേ കോ മാലും ഹേ ഭായ്..വോ ലഡ്കിനേ മേരേ കോ ആപ്കാ നമ്പർ പൂഛാധാ”

ഓ..അപ്പോ അങ്ങനെയാണ് അവൾക്ക് എന്റെ നമ്പർ കിട്ടിയത് അല്ലേ..

“ബഹുത് ശുക്രിയാജി”

“ടീക്കെ ഭായ് എൻജോയ് കരോ..ബഹുത് അച്ഛി ലഡ്കി ഹേ വോ..” 

ഓഫീസ് കഴിഞ്ഞതും ഞാൻ നേരെ കഫേയിലേക്ക് വച്ചുപിടിച്ചു..

അവൾ കഫേയുടെ പുറത്തുത്തന്നെ നിൽക്കുന്നുണ്ടായിരുന്നു…

എനിക്ക് ആകാംക്ഷ അടക്കാനാവുന്നില്ലായിരുന്നു…

“കുറേ നേരായോ വന്നിട്ട്?” ഞാൻ ചോദിച്ചു…

“ഇല്ല..ഇപ്പോൾ വന്നതേയുളളൂ”

“ഓക്കെ നമുക്കകത്തോട്ടിരിക്കാം” ഞാൻ പറഞ്ഞു..

ഞങ്ങൾക്കിടയിൽ വലിയൊരകലം വന്നിരുന്നു വെന്ന് എനിക്ക് ബോധ്യമായി…എന്ത് പറയണം എന്ന് പോലും അറിയാൻ വയ്യാത്ത ഒരു അവസ്ഥ….

“എന്താ പറയാനുണ്ടെന്ന് പറഞ്ഞത്?” ഞാൻ ആകാംക്ഷയോടെ ചോദിച്ചു..”

“അത്..പ്രണയ്…സോറി”

എന്തിനാണ് അവൾ സോറി പറഞ്ഞതെന്ന് മനസ്സിലാവാതെ ഞാനവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…

“മറുപടി പറയാൻ ഇത്ര വൈകിയതിന്…എന്നോട് പലരും ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട്..പക്ഷെ അവരാരും എനിക്ക് ചിന്തിക്കാൻ പോലും ഒരവസരം തന്നിട്ടില്ല..ഒരാഴ്ച്ച കഴിയുമ്പോഴേക്കും വേറൊരുത്തീടെ കൂടെ കാണാം അവരെ..അത് കൊണ്ട് തന്നെ ഈ പ്രേമം, പ്രണയം എന്നൊക്കെ പറയുന്നതിനോട് എനിക്ക് വെറുപ്പായിരുന്നു..

പക്ഷെ പ്രണയ് നീ എന്നെ അതിശയിപ്പിച്ചു കളഞ്ഞു…എനിക്ക് വേണ്ടി കൊടും തണുപ്പുപോലും വക വയ്ക്കാതെ അന്ന് കാണാൻ വന്ന അന്നുമുതൽക്കേ നീ എന്റെ മനസ്സ് കവർന്നിരുന്നു..പിന്നെ ഇത്ര നാളും നിന്നെ അവോയ്ഡ് ചെയത് നടന്നപ്പോൾ പോലും നീ എന്നോട് പറഞ്ഞ വാക്ക് തെറ്റിച്ചില്ല…പലപ്പോഴും നീ കാണാതെ നിന്നെ ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു..ഓരോ തവണ കാണുമ്പോഴും നിന്നോടുളള ഇഷ്ടം കൂടി കൂടി വരികയായിരുന്നു എനിക്ക്..”

എന്റെ  മനസ്സിനകത്ത് ആയിരം നക്ഷത്രങ്ങൾ ഒന്നിച്ചു മിന്നി..കണ്ണെടുക്കാതെ ഞാനവളെത്തന്നെ നോക്കി നിന്നു…അവൾ അന്ന് കൂടുതൽ സുന്ദരിയായത് പോലെ എനിക്ക് തോന്നി…

“എനിക്കറിയാം ഇനിയും എത്ര നാൾ വേണമെങ്കിലും നീയെനിക്കുവേണ്ടി കാത്തിരിക്കുമെന്ന്..പക്ഷെ എനിക്ക് ഇനി പറ്റില്ല പ്രണയ്..കാരണം എനിക്ക് നിന്നെ ഇഷ്ടമാണ്..നീയില്ലാതെ എനിക്കിനി പറ്റില്ല..”

കോഫി ഒറ്റവലിക്ക് ഞാൻ കുടിച്ചു തീർത്തു..

എന്താ പറയണ്ടേന്നറിയാത്ത ഒരവസ്ഥയിലായിപ്പോയി ഞാൻ..മാസങ്ങളായി ഞാൻ കേൾക്കാൻ കൊതിച്ചിരുന്നത്..

“വാ പെണ്ണെ…ഇത്രയും കാലം എന്നെ മുൾമുനയിൽ നിർത്തിയതല്ലെ..ഒരു പണിഷ്മെന്റ്…എന്റെ കൂടെ ബുളളറ്റിൽ മണാലി മുഴുവൻ കറങ്ങണം..”

അത് കേട്ടതും അവൾ ഒന്ന് ഞെട്ടി…പിന്നെ ചിരിച്ച് കൊണ്ട് പറഞ്ഞു…

“അയ്യടാ വേല മനസ്സിലിരിക്കട്ടെ..ഞാൻ പോകാ..”

അത് കേട്ടതും ഞാൻ വിഷമം അഭിനയിച്ചു നിന്നു..

അവൾ എന്റെ കൈകൾ കൂട്ടിപിടിച്ച് പറഞ്ഞു..

“പിണങ്ങണ്ടാട്ടോ..നാളെ ഞാൻ ഡൽഹിക്ക് തിരികെ പോകും..വേണമെങ്കിൽ എന്നെക്കൊണ്ടാക്കിക്കോ” …

അതും പറഞ്ഞ് ബാഗുമെടുത്ത് അവൾ അവിടന്ന് പുറത്തേക്ക് നടന്നു…മഞ്ഞ് പെയ്യുന്ന ആ വഴിത്താരയിലേക്ക് ഇറങ്ങി അവൾ നടന്നകന്നു..

ഇഷ്ടപ്പെട്ട പെണ്ണിന്റെ  മനസ്സ് സ്വന്തമാക്കിയ രാജകുമാരന്റെ ഭാവത്തിൽ ഞാനവളെ നോക്കി നിന്നു…

ശുഭം…