Written by Ezra Pound
=============
വിവാഹമൊക്കെ ആർഭാടമായി കഴിഞ്ഞു..മു ലകുടി മാറിയ പ്രായം മുതൽക്കെ മറ്റൊരു വീട്ടിലേക്ക് പോവേണ്ട പെണ്ണാണെന്നൊക്കെ പറഞ്ഞു കേട്ട് വളർന്നതോണ്ടാവും ഭർതൃ വീട്ടിലേക്കു പോവുമ്പൊ പ്രത്യേകിച്ചൊന്നും തോന്നിയില്ല. തോന്നീട്ട് കാര്യോമില്ലല്ലോ.
ഇനിയെത്ര നാൾ അവിടെ കഴിയേണ്ടി വരുമെന്നോ അവിടുള്ളോരുടെ പ്രകൃതമെങ്ങിനെയെന്നോ അറിയാതെ ഒരു ഞാണിൻമേൽ കളിക്കുള്ള പുറപ്പാടാണ്.
പുറപ്പെടാൻ നേരം അടുത്ത ബന്ധുക്കളും ഉമ്മേം വാപ്പേമൊക്കെ കണ്ണു തുടക്കുന്നുണ്ടാരുന്നു..എന്തിനാണാവോ..
കല്യാണം ഇപ്പോഴൊന്നും വേണ്ടെന്നും പഠിച്ചൊരു ജോലി നേടിയിട്ട് ആലോചിച്ചാൽ പോരേയെന്നുമൊക്കെ പറഞ്ഞുനോക്കിയതാണ്.
തനിക്ക് താഴെയുളള രണ്ടെണ്ണത്തിന്റെ കാര്യം ഓർത്തെങ്കിലും എങ്ങിനെങ്കിലും സമ്മതിക്കെന്നും പറഞ്ഞോണ്ട് ഉമ്മയും ഞാനീ മരുഭൂമിയിൽ കിടന്ന് കഷ്ടപെടുന്നതന്നെ ന്റെ മക്കളെ ആരുടേലും കയ്യിൽ ഏൽപ്പിക്കാനാണെന്നുമൊക്കെ പറഞ്ഞോണ്ട് വാപ്പയും കണ്ണീരൊഴുക്കിയപ്പോ എതിർക്കാൻ ശ്രമിച്ചില്ല.
വേറൊന്നും കൊണ്ടല്ല ഇനിയവരെ കൊണ്ട് സമ്മതിപ്പിച്ചാലും ബന്ധുക്കളും നാട്ടുകാരുമുണ്ടല്ലോ..അവരുടെ സ്നേഹത്തിന് മുമ്പിൽ പിടിച് നിൽക്കാൻ ആർക്കും കഴീല്ല..
‘മോൾക്ക് കല്യാണൊന്നും ആലോചിക്കുന്നില്ലെ..’
‘ഇവളിങ്ങനെ വാശി പിടിച്ചാൽ ഇളയത്തുങ്ങൾക്ക് നല്ലൊരാലോചന വരോ..’ തുടങി….
‘എന്തെലും ചീത്തപ്പേരുണ്ടായാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോന്ന്’ വരെയുള്ള സ്നേഹാന്വേഷണങ്ങൾക്ക് മുമ്പിൽ ആരും തോറ്റ് പോവത്തെയുള്ളൂ.
എന്നാലോ ഈ സ്നേഹമൊന്നും അവര് ആണുങ്ങളോട് കാണിക്കൂല..പെണ്ണായതോണ്ടുള്ള ഒരു ഗുണമേ..എന്തൊരു കരുതലാണെന്നൊ ഈ മെൻസൻമാർക്ക്.
ഭർതൃ വീട്ടിലെത്തിയപ്പോ ജയിലിൽ ചെന്ന് കേറിയ അവസ്ഥയാരുന്നു..ജയിലിലെ അവസ്ഥ അറിയാൻ മുമ്പ് ജയിലീ കിടന്നിട്ടുണ്ടോന്ന് ചോയ്ക്കണ്ട..പറഞ്ഞു കേട്ടതും സിനിമേലൊക്കെ കണ്ടതും ഓർത്തു പറഞ്ഞതാ…
തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റങ്ങൾ..പെണ്ണായാൽ സഹിക്കാനും പൊറുക്കാനുമൊക്കെ പഠിക്കണം ന്നൊക്കെ പറഞ്ഞു പഠിപ്പിച്ചത് ഓർമ്മയുണ്ടാരുന്നേലും സഹിക്കാവുന്നതിലും അപ്പുറം കാര്യങ്ങള് പോയതോടെ അവിടുന്നിറങ്ങേണ്ടി വന്നു.
വീട്ടിലേക്ക് വിളിച് പറഞ്ഞപ്പോ അത്രേമൊന്നും സഹിക്കാൻ മാത്രം പാപമൊന്നും എന്റെ കുട്ടി ചെയ്തിട്ടില്ലാന്നും ഇങ്ങട് പോരെ ന്നൊക്കെ പറഞ്ഞോണ്ട് ഉമ്മ കട്ട സപ്പോർട്ട് തരൂന്ന് കരുതി..എവിടെ….
ഒരെണ്ണത്തിനെ കെട്ടിച്ചതോടെ ബാധ്യത ഒഴിഞ്ഞല്ലോ ന്ന് ആശ്വസിച്ചിരിപ്പല്ലേ..ഞാനോക്കെ സഹിച്ചത് വെച്ച് നോക്കുമ്പോ നിനക്കൊക്കെ സ്വർഗമാണെന് പറയാനും ഉമ്മ മറന്നീല..
എന്താല്ലേ..സ്വർഗ്ഗമാണു പോലും സ്വർഗം….
എന്തായാലും തോറ്റ് കൊടുക്കാനൊന്നും പോണില്ല..എനിക്കൂടെ അവകാശപ്പെട്ട വീടല്ലേ..അങ്ങോട്ടേക്ക് ചെല്ലാൻ എന്തിനാ അവരുടൊക്കെ അനുവാദം..അല്ല പിന്നേ…
ഇറങ്ങുന്നേനു മുമ്പ് നല്ലൊരു ജീവിതം കോഞ്ഞാട്ടയാക്കിയ കേട്യോനിട്ട് ഒരെണ്ണം പൊട്ടിക്കണമെന്ന് തോന്നിയെങ്കിലും അയാളെങ്ങാനും തിരിച്ചു തല്ലിയാലോ എന്നോർത്ത് ക്ഷമിച്ചതാ..സിനിമേൽ കാണുന്ന പോലല്ലാലോ ജീവിതം..പകരം പണ്ടാരക്കാ ലന്റെ ജീവിതം നശിച്ചു പോട്ടെന്ന് പ്രാകിയപ്പോ ലേശം ആശ്വാസം തോന്നി..അത്രെങ്കിലും ചെയ്യാൻ കഴിഞ്ഞല്ലോ…
വീട്ടിലെത്തിയപ്പൊ വല്ലാത്തൊരു സുരക്ഷിതത്വ ബോധം തോന്നിപ്പോയി..അല്ലേലും മറ്റെന്ത് സൗഭാഗ്യങ്ങളെക്കാളും ഒരു വ്യക്തിക്ക് വേണ്ടത് സമാധാനവും സന്തോഷവുമല്ലേ..അതില്ലെങ്കി പിന്നേ എന്ത് നേടിയിട്ടെന്തിനാ…
പക്ഷെ ഏറെനാളൊന്നും അതനുഭവിക്കാൻ സ്നേഹ സമ്പന്നരായ ബന്ധുക്കളും നാട്ടുകാരും സമ്മതിച്ചില്ല..അവര് എയർട്ടെല്ലിന്റെ പരസ്യ വാചകങ്ങൾ ഏറ്റെടുത്ത പോലെ ചോദ്യങ്ങൾ ചോദിച്ചോണ്ടേയിരുന്നു.
‘അല്ല മോളെയിങ്ങനെ നിർത്താനാണോ ഭാവം..
‘പ്രശ്നങ്ങളൊക്കെ പറഞ്ഞവസാനിപ്പിച്ചോണ്ട് അവന്റൊപ്പം പറഞ്ഞയക്കാൻ നോക്കരുതോ..’
ആദ്യമൊക്കെ പ്രതികരിക്കാതെ മിണ്ടാതിരുന്നെങ്കിലും സഹികെട്ടപ്പോ ‘ന്റെ കാര്യം നോക്കാൻ എനിക്കറിയാ..നിങ്ങളാരും അതോർത്ത് ബേജാറാവണ്ട ന്ന്’ പറഞ്ഞതും വെറുതെയല്ല ഇതൊക്കെ വീട്ടിലിരിക്കുന്നെ..കയ്യിലിരിപ്പ് ഇതല്ലെന്നായി മറുപടി..
ശ്ശെടാ വന്ന് വന്ന് ഇപ്പം വാ തുറന്ന് ഒന്നും മിണ്ടാനും വയ്യാണ്ടായല്ലോ. എന്തായാലും അതോടെ സ്നേഹാന്വേഷണങ്ങൾക്ക് കുറവ് വന്ന്.
പക്ഷെ വാപ്പ ലീവിന് നാട്ടിലെത്തിയതോടെ സ്നേഹസമ്പന്നര് വീണ്ടും തല പൊക്കി..
ഒരീസം അമ്മാവനുൾപ്പെടെ അവരിൽ ചിലര് വാപ്പാനെ കാണാനായി വീട്ടിലേക്ക് വന്നു. ചായ സൽക്കാരമൊക്കെ കഴിഞ്ഞവര് വന്ന കാര്യം പറഞ്ഞു തുടങ്ങിയപ്പോ വാപ്പ ഇരുന്നിടത്തൂന്ന് എഴുന്നേറ്റ് കണ്ടപ്പോ എന്തോ വല്ലാത്തൊരു പ്രതീക്ഷയായിരുന്നു.
നിങ്ങളെയൊക്കെ പേടിചോണ്ടും അനുസരിചോണ്ടും ഇനിയൊരു പരീക്ഷണത്തിന് എന്റെ മക്കളെ ഞാനെങ്ങോട്ടും അയക്കുന്നില്ലെന്നും അവരുടെ ജീവിതം എങ്ങിനെ വേണമെന്ന് അവര് തന്നെ തീരുമാനിക്കട്ടെന്നുമൊക്കെ വാപ്പ പറയുമ്പോ വാപ്പാന്നും പറഞ്ഞോണ്ട് ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു കാര്യണമെന്നൊക്കെ തീരുമാനിച്ചുറപ്പിച്ചു നിക്കുമ്പോഴാ വാപ്പാടെ വിളി.
“മോളെ ഇവരൊക്കെ പറയുന്നത് മോളും കേട്ടല്ലോ..ആളുകളെ കൊണ്ട് അതും ഇതും പറയിപ്പിക്കാതെ ഇനി എന്താന്ന് വെച്ചാ മോളെന്നെ തീരുമാനിക്ക്..”
പറഞ്ഞത് അങ്ങനാണേലും ആരേം മെനക്കെടുത്താതെ പെട്ടെന്നന്നെ വന്നിടത്തേക്ക് തിരിച്ചു പൊക്കോളൂ ന്നാണ് അർത്ഥമെന്ന് എനിക്കറിയാരുന്നു.
മറുപടിയൊന്നും പറയാതെ അകത്തേക്ക് നടക്കുമ്പോ മനസിൽ ഒരൊറ്റ ചിന്തയെ ഉണ്ടാരുന്നുള്ളൂ..പഠിപ്പ് നിർത്തിയേടത്ത് നിന്ന് വീണ്ടും തുടങ്ങുക..സ്വന്തമായൊരു ജോലി നേടുക..
എന്തായാലും അന്യവീട്ടിൽ സഹിച്ചും പൊറുത്തും കഴിയുന്നതിനേക്കാൾ ഭേദമല്ലേ സ്വന്തം വീട്ടിലെ അവഗണ സഹിച്ചോണ്ട് ജീവിക്കുന്നെ.