ആൾക്കൂട്ടത്തിൽ ഒരുവൻ…
Story written by Sebin Boss
===========
”അങ്ങോട്ട് മാറി നിൽക്ക് ചേട്ടാ “‘
മുഷിഞ്ഞ വസ്ത്രങ്ങളിട്ട് കയ്യിൽ ഒരു ബിഗ്‌ഷോപ്പറുമായി നിൽക്കുന്ന അയാളുടെ ദേഹത്തു നിന്നും വമിക്കുന്ന ഗന്ധം കൊണ്ട് മൂക്ക് ചുളിച്ചു ദിവ്യ പറഞ്ഞു
”അയ്യോ…ഇവിടെയാളുണ്ടായിരുന്നോ? ഞാൻ കണ്ടില്ല കേട്ടോ…ക്ഷമിക്കണം, ദീർഘയാത്ര കഴിഞ്ഞുവരുവാ…ആകെ അഴുക്കാ…ആർക്കും ശല്യമാകണ്ടായെന്ന് കരുതിയാ പുറകോട്ട് മാറി നിന്നത്. പെങ്ങള് ഇവിടെ നിന്നത് കണ്ടില്ല”” അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് വെയ്റ്റിംഗ് ഷെഡിന് സൈഡിലെ വട്ടമരത്തിന്റെ അടുത്തേക്ക് മാറി നിന്നു.
നിറയെ യാത്രക്കാരുമായി വന്ന അടുത്ത ബസിലേക്കും മുഷിഞ്ഞ വസ്ത്രവുമായി ചെന്ന അയാളെ ക്ളീനർ അടുപ്പിച്ചില്ല. രണ്ടുകയ്യിലേയും ബാഗുമായി തിരിച്ചു വെയിറ്റിംഗ് ഷെഡിലേക്ക് വന്ന അയാൾ ദിവ്യയോട് എന്തോ ചോദിക്കാൻ വന്നിട്ട് വേണ്ടന്ന് വെച്ച് പുറകോട്ട് മാറി
”സ്ഥിരമിവിടെ കാണാല്ലോ…എന്നാ പരിപാടി..? വരുന്നുണ്ടോ ?”
ഒരുകൂട്ടം ചെറുപ്പക്കാർ ചുറ്റിനും വളഞ്ഞപ്പോൾ ദിവ്യ നിസ്സഹായയായി ചുറ്റിനും ഒരു സഹായത്തിനായി പരതി. തന്റെ റൂട്ടിലേക്കുള്ള ബസിന് പോകുന്ന പതിവ് യാത്രക്കാർ വരാറുള്ള സമയമാകുന്നതേയുണ്ടായിരുന്നുള്ളൂ.
”ഞാൻ…ഞാൻ അവിടെ..ടെക്സ്റ്റയിൽസിൽ…ജോലി ” ദിവ്യയുടെ ശബ്ദം ഭയം കൊണ്ട് പുറത്തേക്ക് വരുന്നില്ലായിരുന്നു
”ടെക്സ്റ്റയിൽസിൽ ജോലിക്ക് പോകുന്നോരുടെ കാര്യമൊക്കെ ഞങ്ങക്കറിയാം. അതിൽ കൂടുതൽ കാശ് താരാടീ ഞങ്ങള് ” അതിലൊരുത്തൻ അടുത്തേക്ക് വന്ന് പറഞ്ഞപ്പോൾ അസഹനീയമായ ക ഞ്ചാവിന്റെ മണം കൊണ്ടും പേടികൊണ്ടും ദിവ്യക്ക് ബോധം മറയുന്നപോലെ തോന്നി
”എന്നതാ കൊച്ചേ…എന്നതാ മക്കളെ കാര്യം ?”’
പുറകിൽ നിന്ന് അയാളുടെ സ്വരം കേട്ടതും ദിവ്യ വല്ലാത്തൊരാശ്വാസത്തോടെ അയാളുടെ പുറകിലേക്ക് നിന്നു. അപ്പോളയാളുടെ വസ്ത്രങ്ങളുടെ മുഷിപ്പോ മണമോ അവൾക്ക് ലഭിക്കുന്നുണ്ടായിരുന്നില്ല .
”നീയേതാടാ…തടികേടാക്കാതെ സ്ഥലം വിട്ടോ ” യുവാക്കൾ അയാളുടെ ചുറ്റിനും നിരന്നു.
”മക്കളെ…ദേ നിൽക്കുന്ന വട്ട കണ്ടോ ”’
വെയിറ്റിംഗ് ഷെഡിന് സൈഡിലായി തായ്ത്തടി മുറിച്ചിട്ടും പൊട്ടിക്കിളിർത്തുനിൽക്കുന്ന വട്ടമരത്തെ ചൂണ്ടി അയാൾ തുടർന്നു…
”’റോഡ് വികസനത്തിനായി മണ്ണ് എടുത്തു മാറ്റിയിട്ടും ആ വട്ടമരം ഉണങ്ങിയില്ല…അതിന് കാരണം എന്നതാ എന്നറിയാമോ…””
എന്തിനും പോന്ന ആ ചറുപ്പക്കാരുടെ മുന്നിലും അയാളുടെ സ്വരത്തിൽ അല്പം പോലും പതർച്ച ഉണ്ടായിരുന്നില്ല.
“”അന്നന്നത്തെ അന്നത്തിനും സഹോദരങ്ങളെ പഠിപ്പിക്കാനും ദിവസക്കൂലിക്ക് ഇവിടുള്ളോരു കടയിൽ ജോലിചെയ്തിരുന്ന എന്റെ പെങ്ങളെ ഈ ഇരുട്ടിന്റെ മറവിൽ നശിപ്പിച്ചവനെ ഇവിടെ ഇതേ വെയ്റ്റിംഗ് ഷെഡിന് മുന്നിലിട്ട് ഇട്ട് കു ത്തി കൊ ന്നപ്പോഴുകിയ ചോ രയാണ് ആ വട്ടയുടെ കൈവളം. പതിനാല് വർഷത്തിനിപ്പുറം ഞാനിന്ന് ജയിൽശിക്ഷ കഴിഞ്ഞു പുറത്ത് വരുമ്പോഴും എന്റെ പെങ്ങൾക്കുണ്ടായ അതേ അവസ്ഥയാണ് കുടുംബം പുലർത്താൻ ഇറങ്ങിയ ഈ സഹോദരിക്കുമെങ്കിൽ വീണ്ടും ആ ക ത്തിയെടുക്കാൻ ഞാൻ തയ്യാറാ. അതിന് ഞാനൊരു നിയമവ്യവസ്ഥയും നോക്കില്ല ”
അയാൾ പറഞ്ഞു തീർന്നതും ആ ചെറുപ്പക്കാരുടെ നിഴൽ പോലും അവിടെ കാണുവാനുണ്ടായിരുന്നില്ല
”ചേട്ടാ… ” ദിവ്യ കരഞ്ഞുകൊണ്ട് അയാളുടെ നേരെ കൈകൂപ്പി…
”സാരമില്ല പെങ്ങളെ…പെങ്ങള് ബസ് കേറിപ്പോയിക്കഴിഞ്ഞേ ഞാൻ പോകുന്നുള്ളൂ ”
ദിവ്യയെ നോക്കി ചിരിച്ചുകൊണ്ട് അയാൾ വീണ്ടും പുറകിലേക്ക് മാറി നിന്നു. തന്റെ അഴുക്ക് പുരണ്ട വസ്ത്രങ്ങളിലെ ദുർഗന്ധം ആർക്കും ശല്യമാകാതിരിക്കാൻ…
~സെബിൻ ബോസ്