ഇതൾ…
Story written by Sai Bro
=============
ആളൊഴിഞ്ഞ കുളക്കടവിനരികെ പടർന്നു പന്തലിച്ചു നിക്കുന്ന വള്ളിക്കാടിനിടയിൽ കുത്തിയിരിക്കുമ്പൾ എന്റെ നെഞ്ചിടിപ്പ് വർദ്ധിക്കുകയായിരുന്നു..
ആടയാഭരണങ്ങൾ അഴിച്ചുവെച്ചു അവൾ കഴുത്തൊപ്പം വെള്ളത്തിലേക്ക് ഇറങ്ങിനിന്നപ്പോൾ ഞാനൊന്ന് കോരിത്തരിച്ചു..
മുഖത്തു തേച്ചു പിടിപ്പിച്ച മഞ്ഞൾ കഴുകിക്കളയാൻ അവൾ വെള്ളത്തിലേക്ക് മുഖം താഴ്ത്തിയപ്പോൾ നീണ്ടു ചുരുണ്ടുകിടക്കുന്ന കറുത്ത മുടിയിഴകൾ വെള്ളത്തിനു മുകളിൽ പരന്നങ്ങിനെ കിടന്നു…
ആ മുടിയിഴകളിൽനിന്നും പടർന്ന കാച്ചിയ എണ്ണയുടെ സുഗന്ധം ആ അന്തരീക്ഷത്തിനു ചുറ്റും കൊഴുത്തു നിൽക്കുന്നതുപോലെ തോന്നി..
ആഞ്ഞൊന്നു ശ്വസിച്ചപ്പോൾ തലച്ചോറിനെ മന്ദീഭവിപ്പിച്ചുകൊണ്ട്, കൈകാലുകളെ തളർത്തികൊണ്ട് ആ സുഗന്ധം ശരീരത്തിലൂടെ കയറിയിറങ്ങി പോയി..
പാതിയടഞ്ഞ കണ്ണുകളാൽ ഞാൻ കുളത്തിലേക്ക് ഉറ്റുനോക്കുമ്പോൾ കണങ്കാലിലൂടെ ഒരു തണുപ്പ് അരിച്ചിറങ്ങുന്നതുപോലൊരു തോന്നൽ…
അതൊരു തോന്നൽ മാത്രമല്ലെന്ന് തിരിച്ചറിഞ്ഞതും ഞാൻ കാലൊന്നു നീട്ടി കുടഞ്ഞുകൊണ്ട് താഴേക്ക് നോക്കി..
ശരീരത്തിലുടനീളം ചിത്രപ്പണികളുള്ള ചെറിയൊരു പാ മ്പ് എന്റെ കാൽവണ്ണയെ ഇക്കിളിപെടുത്തികൊണ്ട് പതിയെ ഇഴഞ്ഞുപോകുന്നത് കണ്ട മാത്രയിൽ ഞാനാർത്തു നിലവിളിച്ചുകൊണ്ട് കുളത്തിലേക്കെടുത്തുചാടി..
അപ്പോഴും ഞാനാ നഗ്നസത്യം ഓർത്തതേ ഇല്യ..
എനിക്ക് നീന്താനറിയില്ലെന്ന്…. !
മരണവെപ്രാളത്തോടെ കുളത്തിലെ നിലയില്ലാ വെള്ളത്തിൽ മുങ്ങിതാഴ്ന്നു കൊണ്ടിരുന്ന എന്നെ എങ്ങനെയൊക്കെയോ പടവിലേക്ക് അടുപ്പിച്ചു, കുളത്തിൽ നിന്നും ഞാൻ വലിച്ചുകേറ്റിയ മൂന്ന് ലിറ്ററോളം വെള്ളം പുറത്തേക്ക് ചാടിച്ചു, എനിക്ക് കൃത്രിമശ്വാസം നൽകി എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ആ കുളക്കടവിലെ നായികയെ തന്നെ പിന്നീട് ഞാൻ വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹം കഴിച്ചു സ്വന്തമാക്കിയത് ചരിത്രം…
===============
ചെമ്മീനിൽ ചക്കക്കുരു ഇട്ടുവെച്ച കറിയിൽ നിന്നും ചെമ്മീൻ പരതിയെടുക്കുമ്പോഴാണ് കൈവിരലിൽ എന്തോ കുരുങ്ങിയത് അറിഞ്ഞത്..
വിരൽ കറിപത്രത്തിൽ നിന്നും പൊക്കിയെടുത്തപ്പോൾ നീണ്ടു ചുരുണ്ട ഒരു മുടിയിഴയും ഒപ്പം പൊങ്ങി വന്നു…
ആദ്യം ഒരു അറപ്പു തോന്നിയെങ്കിലും ആ മുടി തോണ്ടിക്കളഞ്ഞു വീണ്ടും കറിയിലേക്കും ചോറിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് ഓഫീസിലേക്ക് പോകാനായി തിരക്കുകൂട്ടി അവൾ വരുന്നത് കണ്ടത്..
ഇതൾ… !
എന്റെ പഴയ കുളക്കടവിലെ നായിക, ഇപ്പോഴെന്റെ ജീവിത സഖി…. !
“ഏട്ടാ ഇന്നും നേരം വൈകി. ഉച്ചക്കുള്ള ചോറും കറിയും അടുക്കളയിൽ ഇരിപ്പുണ്ടേ, ഒന്ന് ശ്രദ്ധിക്കണേ..ഞാൻ ഇറങ്ങുവാ..”
ഒറ്റശ്വാസത്തിൽ അത്രേം പറഞ്ഞുകൊണ്ട് പുറത്തേക്കോടുന്ന ഇതളിനെ ഒരുകയ്യാൽ ഞാൻ തടഞ്ഞു നിർത്തി..
ആ കഴുത്തിലൂടെ കൈ ചുറ്റി, പുറംഭാഗം നിറഞ്ഞു ചുരുണ്ടുനനഞ്ഞു കിടക്കുന്ന മുടിക്കെട്ടിലേക്ക് മുഖംചേർത്ത് ആഞ്ഞൊന്ന് ശ്വസിച്ചു…
പണ്ട് കുളക്കടവിൽ എന്റെ തലച്ചോറിനെ മത്തുപിടിപ്പിച്ച കാച്ചിയ എണ്ണയുടെ ആ സുഗന്ധം…
എത്ര നുകർന്നാലും മതിവരാത്ത ഗന്ധം..!
“സമയമില്ലാത്ത സമയത്താ ഈ ഏട്ടന്റെ കിന്നാരം, ഇപ്പഴും പഴയ ആ കുളക്കടവിലെ കാമുകനാണെന്നാ വിചാരം.. “
എന്റെ കൈകളിൽ നിന്നും ഊർന്നിറങ്ങി അത്രേം പറഞ്ഞു കണ്ണിറുക്കിയൊരു ചിരിയും പാസാക്കികൊണ്ട് ഇതൾ പുറത്തേക്കോടുമ്പോൾ പഴയ കാലാത്തെകുറിച്ചോർത്തു ഞാനുമൊന്ന് പുഞ്ചിരിച്ചു
ഇതളിന് സർക്കാർ ജോലിയുള്ളത് നന്നായി, അതുകൊണ്ടല്ലേ ഞങ്ങളുടെ കല്യാണം കഴിഞ്ഞയുടൻ ലോണെടുത്താണെങ്കിലും ഈ പുതിയവീട് പണിത് ഇങ്ങോട്ട് താമസം മാറാൻ കഴിഞ്ഞത്..വെറുമൊരു കർഷകനായ എന്നെകൊണ്ട് ഒറ്റക്ക് കൂട്ടിയാൽ കൂടൂല ഇതൊന്നും…
എന്നിരുന്നാലും അവൾക്കിപ്പോ ശകലം മേക്കപ്പിന്റെ അസ്കിത കൂടിയിട്ടുണ്ടോ എന്നൊരു തോന്നൽ..
ചുണ്ടിൽ ചായം തേച്ചുള്ള നടപ്പും, കണ്ണിൽ കരിമഷിക്ക് പകരം വേറെന്തോ സാധനം തേക്കുന്നതും എനിക്കത്ര ഇഷ്ടപെടുന്നില്ലെന്ന് ഇതളിന് അറിയില്ല..ഞാനൊട്ടു പറയാനും നിന്നില്ല..
നാലാള് കാണുന്നതല്ലേ, ഓള് സുന്ദരിയായി നടന്നോട്ടെ എന്ന് ഞാനെന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരുന്നു…
അങ്ങിനെ അതും ഇതുമൊക്കെ ആലോചിച്ചു ഇരിക്കുമ്പോഴാണ് മൊബൈലിൽ ഇതളിന്ടെ മെസ്സേജ് വന്നുകിടക്കുന്നത് കണ്ടത്..
“വൈകീട്ട് വരുമ്പോൾ ഒരു സൂത്രം കാട്ടിതരാം ഏട്ടാ “
സൂത്രമോ..? എന്തൂട്ടായിരിക്കും അത്..?
ഉച്ചതിരിഞ്ഞു കൃഷിടത്തിൽ വാഴയെയും കവുങ്ങിനെയും ചുമ്മാ പ്രദക്ഷിണം ചെയ്യുമ്പോഴും ഇതൾ പറഞ്ഞ ആ സൂത്രത്തെ കുറിച്ചായിരുന്നു മനസ്സു നിറയെ…
തിരികെ വീട്ടിലെത്തി കുളിയൊക്കെ കഴിഞ്ഞു ചുമ്മാ കിടന്നപ്പോൾ അറിയാതെ കണ്ണടഞ്ഞു പോയി..
എത്രനേരം അങ്ങിനെ കിടന്നെന്നു ഓർമയില്ല, കാളിങ്ബെൽ നിർത്താതെ ചിലക്കുന്നത് കേട്ടാണ് ഉറക്കപിച്ചയിൽ എണീറ്റു വാതിൽ തുറന്നത്…
ഇതൾ.. അവളായിരുന്നു പുറത്ത്… !
ഇവൾക്കെന്താ ഒരു വ്യത്യാസം..,? പോയപോലെ അല്ലാലോ തിരികെ വന്നിരിക്കുന്നത്..
കണ്ണു തിരുമ്മിക്കൊണ്ട് ഒന്നുടെ നോക്കുന്നതിനിടയിൽ നിന്നനിൽപ്പിൽ അവളൊന്ന് പിൻതിരിഞ്ഞു….
ഒറ്റനോട്ടത്തിൽ ഞാനൊന്ന് കിടുങ്ങിപ്പോയി…!
ഇതളിന്റെ ഇടതൂർന്നു ചുരുണ്ടു വളർന്ന മുടി ചുമലിനൊപ്പം ചേർത്തു വെട്ടിനിർത്തിയിരിക്കുന്നു..ഞാനേറെയിഷ്ട്ടപെട്ടിരുന്ന ആ നീണ്ട മുടിയിഴകളും, അവയിൽനിന്നും ഉയരുന്ന ആ മാദകഗന്ധവും ഇനിയില്ല എന്ന ഓർമയിൽ എന്റെ ഉള്ളൊന്നുലഞ്ഞു..
പിന്നൊന്നും എന്റെ കൈപ്പിടിയിൽ നിന്നില്ല, കലിപൂണ്ട വെളിച്ചപ്പാടിനെപ്പോലെ ഞാൻ ഉറഞ്ഞുതുള്ളി..ആ ഭാവമാറ്റം കണ്ടു എന്തൊക്കെയോ ആശ്വാസവാക്കുകൾ പറഞ്ഞു എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ച ഇതളിന്റെ മുഖത്തു നോക്കി വായിൽ വന്നതെല്ലാം ഞാൻ വിളിച്ചു പറഞ്ഞു..
നിന്നെപോലൊരുത്തിയെ ഭാര്യയായി എനിക്കിനി വേണ്ടാ എന്ന്പറഞ്ഞു വീടിന്റെ വാതിൽ കൊട്ടിയടച്ചു പുറത്തേക്കിറമ്പോൾ പിറകിലെ ഉമ്മറപ്പടിയിൽ ഏങ്ങിക്കരയുന്ന ഇതളിനെ ഞാൻ ശ്രദ്ധിച്ചതേ ഇല്ല..
”ചേട്ടാ ഒരു ഗ്ലാസ് ബ്രാ ണ്ടി..”
നാട്ടിലെ മ ദ്യശാലയിൽ കയറിയിരുന്ന് അത് വിളിച്ചു പറയുമ്പോൾ ആദ്യമായി മ ദ്യം രുചിക്കാൻ പോകുന്നതിന്റെ അങ്കലാപ്പായിരുന്നില്ല മനസ്സിൽ…ഇതളിനോടുള്ള ദേഷ്യവും സങ്കടവും ആയിരുന്നു ഉള്ളുനിറയെ…!
മ ദ്യത്തിന്റെ വീര്യം തലച്ചോറിൽ പ്രവർത്തനം തുടങ്ങിയപ്പോൾ ചിന്തകൾ പലവിധമായി..
നാളെത്തന്നെ ഒരു വക്കീലിനെ കണ്ടുപിടിച്ചു വിവാഹമോചനത്തിനുള്ള പെറ്റിഷൻ നൽകണം..ഇനി ആ വീട്ടിലേക്ക് പോകില്ല, ഇതളിന്റെ കാശുകൊണ്ട് പണിത വീടല്ലേ..അതവൾ എടുത്തോട്ടെ…എനിക്കാരും വേണ്ട ഇനി, ആരും…. !
എത്ര ഗ്ലാസ് കഴിച്ചെന്നു ഓർമയില്ല, തലപൊക്കാനാകാതെ അവിടെതന്നെ കുഴഞ്ഞിരിക്കുമ്പോൾ ആരൊക്കെയോ വന്നു തട്ടിവിളിച്ചതോർമ്മയുണ്ട്, മുഖം ചെരിച്ചു നോക്കിയപ്പോൾ അയൽവാസികളായ ഒന്നുരണ്ടുപേരുടെ പരിചിതമായ മുഖങ്ങൾ കണ്ടതും ഓർമയുണ്ട്..
പിന്നെ അകത്തും പുറത്തും ഇരുട്ട് നിറഞ്ഞു…കൊറേ ഇരുട്ട്.. !
പിറ്റേന്ന് രാവിലെ കണ്ണ് തുറക്കുമ്പോൾ ഞാനെന്റെ സ്വന്തം കിടപ്പുമുറിയിലായിരുന്നു.. തല പൊട്ടിപൊളിയുന്നത് പോലെ വേദനിക്കുന്നുണ്ട്..
ഒരുകൈകൊണ്ടു നെറ്റിയിൽ തടവിക്കൊണ്ട് ഇന്നലത്തെ രാത്രിയിലെ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ കിടക്കയിലുണ്ടായിരുന്ന മൊബൈലിൽ മെസ്സേജ് വന്ന ശബ്ദം കേട്ടു…
ഇതളാണ് മെസ്സേജ് അയച്ചിരിക്കുന്നത്..
അത് തുറന്നുനോക്കാൻ മടിച്ചുകൊണ്ട് ചുറ്റുപാടുമൊന്നു പരതി നോക്കി..
ഇല്ല, അവളുടെ നിഴൽപോലും കാണുന്നില്ല എവിടെയും…
അലക്ഷ്യമായി ആ മെസ്സേജ് തുറന്നു നോക്കിയപ്പോൾ ആദ്യമൊന്നും മനസിലായില്ല..
രണ്ടാമതൊന്നുടെ നോക്കി..
ക്യാൻസർ രോഗികൾക്ക് സ്വന്തം മുടിമുറിച്ചു നൽകിയ സർക്കാർ ജോലിക്കാരിയെ സഹപ്രവർത്തകർ അഭിനന്ദിക്കുന്നതിനെക്കുറിച്ചുള്ള കുറിപ്പായിരുന്നു അത്..
അതിന് താഴെയുള്ള ഫോട്ടോയിൽ നിന്നും ആ യുവതി ഇതൾ ആണെന്ന് മനസിലാക്കിയെടുക്കാൻ എനിക്കല്പം താമസം വേണ്ടിവന്നു..
കണ്ണ് നിറഞ്ഞു തുളുമ്പിയതുകൊണ്ട് ബാക്കിയുള്ള വരികൾ വ്യക്തമായില്ല..
കാര്യമറിയാതെ ഇന്നലെ ചെയ്തുകൂട്ടിയതിനെ കുറിച്ചോർത്തു സ്വയം ശപിച്ചുകൊണ്ട് ഞാൻ ഇതളിനെ തിരഞ്ഞുകൊണ്ട് വീടിനുള്ളിലാകെ ഓടിനടന്നു..
അവസാനം അടുക്കളയുടെ മൂലയിൽ കൂനിക്കൂടിയിരിക്കുന്ന ആ രൂപത്തെ കണ്ടപ്പോൾ ഞാനൊന്ന് ദീർഘശ്വാസം ഉതിർത്തു…
‘ഡീ പെണ്ണെ… ‘
പതിഞ്ഞ ശബ്ദത്തിലുള്ള എന്റെ വിളികേട്ട് അവളൊന്ന് ഞെട്ടിതിരിഞ്ഞു..ആ വലിയകണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു..
വേറൊന്നും പറയാതെ അവളെ കോരിയെടുത്തു നെഞ്ചോട് ചേർത്തപ്പോൾ പരിഭവം പറയാനാഞ്ഞ ഇതളിന്റെ വിറയാർന്ന ചുണ്ടുകളെ ഞാനെന്റെ അധരംകൊണ്ട് ബന്ധിച്ചു..
ആ ചുംബനത്തിൽ അലിഞ്ഞു തീരുമെന്ന് ഉറപ്പുണ്ടായിരുന്നു എനിക്ക് ഇതളിന്റെ പരിഭവങ്ങൾ…
അന്ന് മുതൽ ഞാനും മുടി നീട്ടി വളർത്താൻ തുടങ്ങി..നന്മനിറഞ്ഞ ഒരുദ്ദേശത്തോടു കൂടിതന്നെ…
~Sai Bro