Story written by Reshja Akhilesh
================
സുഭദ്രയുടെ കണ്ണുകൾ വിടർന്നു. കാത് മുൻപത്തെ പോലെ കേൾക്കില്ലെങ്കിലും അനീഷിന്റെ ബുള്ളെറ്റിന്റെ ശബ്ദം കാതുകളിൽ പതിഞ്ഞു.
“ഭാമേ…ന്റെ അനീഷ് വന്നു. നീയാ കസവ് മുണ്ടിങ്ങെടുത്തേടി…”
“എന്തിനാ അമ്മേ…അനീഷ് കാറിലല്ലല്ലോ വന്നത്…അമ്മയെ കൊണ്ടോവാൻ ഒന്നും പറ്റില്ല…”
“ഓ അതെനിക്കറിയാം…രണ്ടടി വഴിയല്ലേ ഉള്ളു ഇങ്ങട്ടെയ്ക്ക്…ബുള്ളെറ്റ് അല്ലാണ്ട് അവന്റെ കാറ് ഇങ്ങട്ട് കയറില്ലല്ലോ…നീയാ മുണ്ടിങ് എടുക്ക്…”
അമ്മായി അമ്മയും മരുമകളും പറഞ്ഞു തീരുമ്പോഴേയ്ക്ക് അനീഷ് ഉമ്മറത്തേയ്ക്ക് എത്തി. തിണ്ണയിൽ ഇരിപ്പായി. സുഭദ്ര മേൽമുണ്ട് മാറ്റിയുടുത്തു.
“അനീഷേ…അവിടെ അപ്പിടി പൊടിയാടാ…ഭാമേ…ന്റെ മോന് ഇരിയ്ക്കാൻ ഒരു കസേര ഇങ്ങേടുത്തെ…”
“ഓ വേണ്ട ഏടത്തി…ഞാൻ ഇവിടെയൊക്കെ തന്നെയല്ലേ ജീവിച്ചത്.”
മകൻ ആണെങ്കിലും അനീഷിനോട് വല്ലാത്തൊരു ആദരവാണ് സുഭദ്രയ്ക്ക്.
“ന്നാലും ഏടത്തിയ്ക്ക് ഒന്ന് പറഞ്ഞൂടെ ഏട്ടനോട് വീടൊന്ന് ഉഷാറാക്കാൻ…ഈ പൂമഖമെങ്കിലും ഒന്ന് സ്റ്റൈലാക്കിയിരുന്നേൽ…ഏട്ടനിപ്പോഴും ഒരു കാര്യഗൗരവം ഇല്ല.”
“ഇതൊക്കെ മതി അനീഷേ…ഒരാളെക്കൊണ്ട് ചെയ്യാൻ പറ്റുന്നതിൽ ഒരു പരിധിയില്ലേ…” ഭാമയ്ക്ക് ഭർത്താവിന്റെ അവസ്ഥകളെ പറ്റി നല്ല ബോധ്യം ഉണ്ടായിരുന്നു.
“ഹാ…ചക്കിക്കൊത്ത ചങ്കരൻ എന്ന് കേട്ടിട്ടില്ലേ…അതാണ് ഇവള്…ന്റെ മോനോ ഒരു വക തിരിവില്ല. മരുമോൾക്ക് അത്രേം ഇല്ല.” സുഭദ്ര നീരസം പ്രകടിപ്പിച്ചു.
“ഞാൻ അടുക്കളയിലേയ്ക്ക് ചെല്ലട്ടെ അനീഷേ…ഊണ് കഴിച്ചിട്ടല്ലേ പോവുള്ളു?”
“അയ്യോ ഊണൊന്നും കഴിയ്ക്കാൻ നിൽക്കണില്ല. ഞാൻ അച്ഛനെ ഒന്ന് കണ്ടിട്ട് പോവായി…”
“അച്ഛൻ മരുന്ന് കഴിച്ചു മയക്കത്തിലാ…മുറിയിലോട്ട് ചെല്ല്…”
അനീഷ് അച്ഛന്റെ മുറിയിലേയ്ക്ക് കടന്ന് പോകുന്നതും നോക്കി സുഭദ്രയിരുന്നു. മകന്റെ വേഷവും നടപ്പും കണ്ടാൽ പറയില്ല, ഈ ചെറിയ ഓടുമേഞ്ഞ വീട്ടിലാണ് വളർന്നതെന്ന്. അവൻ അകത്തേക്ക് പോയിട്ടും അവൻ പുരട്ടിയ മുന്തിയ ഇനം സുഗന്ധതൈലത്തിന്റെ മണം ഉമ്മറത്ത് തന്നെ തത്തികളിയ്ക്കുകയാണെന്ന് തോന്നി അവർക്ക്. നന്നേ പിടിച്ചു പോയി ആ ഗന്ധം. മകന്റെ സൗഭാഗ്യത്തിലും സാമ്പത്തിക സ്ഥിതിയിലും അവർക്ക് വളരെ അഭിമാനമാണ്. മൂത്തമകനെക്കാൾ ഇളയവനെ സ്നേഹിക്കുന്നതിന്റെയും കാരണം അത് തന്നെയാണ്.
മിനിറ്റുകൾക്ക് ഉള്ളിൽ ഫോണിൽ നോക്കിക്കൊണ്ട് ഉമ്മറത്തേയ്ക്ക് എത്തിയിരുന്നു അവൻ.
“മോനെ,കീർത്തിമോളും പിള്ളേരും എന്ത് പറയുന്നു? സുഖാണോ? ഒരീസം അമ്മ അങ്ങട്ട് വരാം. കീർത്തി മോൾക്കും കുട്ട്യോൾക്കും വല്യേ സന്തോഷാവും.”
“അയ്യോ അത് വേണ്ടമ്മേ…ഞാൻ ഇടയ്ക്ക് ഇങ്ങോട്ട് വരുന്നുണ്ടല്ലോ.യാത്ര ചെയ്ത് അമ്മയ്ക്ക് ക്ഷീണം ആവണ്ട. കീർത്തി എപ്പോഴും പറയും അമ്മയെ കാണാൻ പോവാർന്നു എന്നൊക്കെ…കഴിഞ്ഞ വിഷുവിന് അമ്മയ്ക്ക് സെറ്റ് മുണ്ട് തരാൻ വന്ന ദിവസം എടുത്ത ഫോട്ടോ കണ്ടിട്ട് അവൾക്ക് വല്യേ സങ്കടം ആയി. അമ്മയുടെ കവിളിന്റെ തുടുപ്പൊക്കെ പോയെന്ന്…നല്ലോണം ക്ഷീണിച്ചു പോയെന്ന് പറഞ്ഞു. അവൾക്ക് തിരക്ക് ആയത് കൊണ്ടല്ലേ അമ്മേ അല്ലെങ്കിൽ അവിടെ സ്ഥിരമായിട്ട് നിർത്തായിരുന്നു. ഞങ്ങൾ ഫ്രീയാകുമ്പോൾ ഇടയ്ക്ക് വരാം.”
ചുളിവുകൾ വീണമുഖത്ത് നിരാശ പ്രകടമായിരുന്നു. എല്ലാവിധ സൗകര്യങ്ങളും ഉള്ള മകന്റെ പുതിയ വീട്ടിൽ താമസിക്കാൻ അത്രയേറെ കൊതിയുണ്ടായിരുന്നു അവർക്ക്. വീട് താമസത്തിനു നിൽക്കാൻ തയ്യാറായി തന്നെ പോയതുമാണ്. പക്ഷേ അച്ഛന് അമ്മയില്ലാതെ പറ്റില്ല എന്നും പറഞ്ഞു കൊണ്ട് മഹേഷ് നിർബന്ധപൂർവ്വം തിരിച്ചു കൊണ്ടുവന്നത് അവർ ഇന്നലെയെന്ന പോലെ ഓർത്തു. അതിന്റെ ദേഷ്യം അവർക്ക് ഇപ്പോഴുമുണ്ട് മകനോട്.
അനീഷ് ഇറങ്ങി ഷൂ ഇടാൻ ഒരുങ്ങി. “നീ ഇറങ്ങാറായോ…ഊണ് കഴിച്ചിട്ട് പോവാമെന്നെ…”
“ഓഹ്…ഊണ്…സാമ്പാറും പപ്പടോം മെഴുക്കു പുരട്ടീം കഴിച്ച് എന്റെ നാക്കിന്റെ രുചി പോയി. അവന് കീർത്തി മോള് നല്ല ഭക്ഷണം ഉണ്ടാക്കി വെച്ചിട്ടുണ്ടാകും. നിന്റെ ചോറും കറിയും നിന്റെ മഹേഷേട്ടന് തന്നെ കൊടുത്താൽ മതി “
സുഭദ്രയാണ് അതിന് മറുപടി പറഞ്ഞത്. ഭാമയ്ക്ക് ദേഷ്യം വന്നെങ്കിലും പുറത്ത് കാണിച്ചില്ല.
അനീഷിന്റെ ചുണ്ടിൽ ഒരു ചിരി മിന്നിമാഞ്ഞത് ഭാമ കണ്ടു.
“അമ്മയ്ക്ക് എന്താ വേണ്ടതെന്ന് പറഞ്ഞാൽ മതീട്ടോ…ഇനി വരുമ്പോൾ വാങ്ങി കൊണ്ട് വരാം .” അനീഷ് യാത്ര പറഞ്ഞിറങ്ങിയതും സുഭദ്ര വീണ്ടും നിരാശയിലാണ്ടു. കസവ് മുണ്ട് മാറ്റി ഭാമയ്ക്ക് നേരെ നീട്ടി.
അനീഷ് വരുമ്പോഴെല്ലാം അമ്മയുമായി ഫോട്ടോ എടുക്കാറുണ്ട്, ആ വിചാരത്തിലാണ് സുഭദ്ര ഒരുങ്ങിയിരുന്നതും. ഭാമയ്ക്ക് അത് മനസ്സിലായി. അമ്മയ്ക്ക് തെറ്റിപ്പോയി, ഇത്തവണ അവന് ആവശ്യം “ഫാദഴ്സ് ഡേ” യ്ക്കുള്ള ചിത്രമായിരുന്നു. അമ്മായിഅമ്മയുടെയും അമ്മായിഅച്ഛന്റെയും മുപ്പതാം വിവാഹവാർഷികം ആഘോഷിയ്ക്കാൻ രണ്ട് ദിവസത്തേയ്ക്ക് കേരളത്തിന് പുറത്തേയ്ക്ക് പോകുന്നതിനാൽ അന്നത്തേയ്ക്കുള്ള ചിത്രം നേരത്തേ എടുത്തു വെച്ച മകന്റെ കാര്യഗൗരവത്തേക്കുറിച്ച് വിവരിയ്ക്കാൻ ഭാമയ്ക്ക് തോന്നിയില്ല. ഫേസ്ബുക്കിൽ കീർത്തി പങ്കുവെച്ച ആഘോഷത്തിന്റെ ഒരുക്കങ്ങളൊക്കെ ഭാമ കണ്ടിരുന്നു.
സുഭദ്ര മകന്റെ അടുത്ത വരവിനുള്ള കാത്തിരിപ്പ് ഇപ്പോഴേ തുടങ്ങി. എന്നും കൂടെ നിന്ന് കുറവുകളൊന്നും ഇല്ലാതെ ആവുന്ന പോലെ പരിപാലിയ്ക്കുന്ന മകനോട് ഉള്ളിൽ പുച്ഛം നിറച്ചു കൊണ്ട് പുറമേയ്ക്ക് സ്നേഹം നിറഞ്ഞു തുളുമ്പുന്ന മകനെ താലോലിച്ചു കൊണ്ടുള്ള ആ അമ്മയുടെ ഇരുപ്പ് കണ്ട് ഭാമയ്ക്ക് സഹതാപം തോന്നി
(കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം. എങ്കിലും എവിടെയെല്ലാമോ ഉണ്ടാകാം ഫേസ്ബുക്കിലും സ്റ്റാറ്റസുകളിലും മാത്രം സ്നേഹിക്കുന്നവർ…)