എന്നാലും ഒന്നും വേണമെന്ന് പറയാറില്ല. ഇപ്പോഴേ അവൾ അവസ്ഥകൾ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു…

Story written by Sajitha Thottanchery

================

“അമ്മെ ഞാൻ പൂ പറിച്ചിട്ടു വരാട്ടോ….” ദേവുട്ടി മുറ്റത്തു നിന്ന് വിളിച്ചു പറഞ്ഞു.

നാളെ ഓണമാണ്. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ദിനം. സദ്യ ഒന്നും  കൊടുത്തില്ലേലും പട്ടിണിക്കിടാതെ ഇരിക്കാൻ എന്ത് ചെയ്യാനാകുമെന്ന് നന്ദിനി ഓർത്തു. എന്തെങ്കിലും പണിക്ക് പോകാമെന്നു വച്ചാൽ എല്ലാം കിടന്നിടത്തു കിടന്നു ചെയ്യുന്ന അമ്മയുടെ അടുത്തു ആരാ ഉള്ളത്. കൂടെ ഉള്ളിടത്തോളം ബാലുവേട്ടൻ ഒരു കുറവും തങ്ങൾക്ക് വരുത്തിയിരുന്നില്ലെന്നു നന്ദിനി ഓർത്തു.

കൂലിപ്പണി ആണേലും കിട്ടുന്നതൊന്നും നശിപ്പിക്കാതെ എല്ലാം വീടിനു വേണ്ടി കരുതി വയ്ക്കുന്ന ഒരു പാവം. സ്വപ്നങ്ങളെ പൂർത്തീകരിക്കാൻ അനുവദിക്കാതെ വിധി ഒരു ആക്‌സിഡന്റിന്റെ രൂപത്തിൽ ആ കൊച്ചു ജീവിതത്തെ ഇരുട്ടിലാക്കി. പണി തീരാതെ കിടക്കുന്ന വീടും വയ്യാത്ത അമ്മയും അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മോളേം അഗ്നിസാക്ഷിയാക്കി താലി ചാർത്തിയ നന്ദിനിയെയും എല്ലാം ഉപേക്ഷിച്ചു ബാലു ഈ ലോകത്തോട് യാത്ര പറഞ്ഞു.

“അമ്മെ എന്റെ പൂക്കളം നോക്ക്, കൊള്ളാമോ ന്നു പറ “.ദേവൂട്ടി വന്നു കുലുക്കി വിളിച്ചപ്പോഴാണ് നന്ദിനി ചിന്തകളിൽ നിന്നും ഉണർന്നത്.

കൂടെ ഉള്ള കുട്ടികൾ എല്ലാം പുത്തൻ ഉടുപ്പുകളുടെ വർണ്ണനകൾ നടത്തുമ്പോൾ ദേവൂട്ടിയുടെ മുഖം വാടുന്നത് നന്ദിനി ശ്രദ്ധിച്ചിരുന്നു. എന്നാലും ഒന്നും വേണമെന്ന് പറയാറില്ല. ഇപ്പോഴേ അവൾ അവസ്ഥകൾ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു.

മുറ്റത്തു അവൾ ഇട്ട പൂക്കളം കാണാൻ ദേവൂട്ടി നിർബന്ധിച്ചു കൊണ്ടുപോകുമ്പോഴും നന്ദിനിയുടെ ഉള്ളിൽ അടുപ്പു പുകയ്‌ക്കാൻ എന്താ വഴി എന്ന ചിന്ത മാത്രമായിരുന്നു.

“ദേവൂ…മോള് ആ അനുമോളുടെ വീട്ടിൽ പോയി കുറച്ചു അരി വാങ്ങി വരാമോ ?അമ്മ ചോദിച്ചു ന്നു പറ ” അത് കേട്ടതും ദേവുട്ടി അമ്മയുടെ കയ്യിൽ നിന്നും സഞ്ചി വാങ്ങി ഓടി.

ബാലു സ്ഥിരമായി പണിക്ക് പോയിരുന്ന വീടാണ് അത്. നേരമോ കാലമോ നോക്കാതെ അവിടുന്ന് എപ്പോ വിളിച്ചാലും ഓടി പോകുമായിരുന്നു ബാലു.

“സഞ്ചിയും കൊണ്ട് വരവുണ്ടല്ലോ. എന്തെങ്കിലും സഹായത്തിനായിരിക്കും.”  ദൂരെ നിന്നും വരുന്ന ദേവൂട്ടിയെ കണ്ടു അനുമോൾടെ അമ്മ ശ്രീദേവി  പിറുപിറുത്തു

“കുറച്ചു അരി ഉണ്ടോ ന്നു ചോദിച്ചു അമ്മ” ദേവൂട്ടി ദയനീയമായി ചോദിച്ചു.

“ഇവിടെ അരി ഒന്നുല്യാ ” ദേവൂട്ടിയെ ശ്രദ്ധിക്കാതെ അത്രയും പറഞ്ഞു ആ സ്ത്രീ അകത്തേക്ക് കയറിപ്പോയി.

അനുമോൾ ദേവൂട്ടിയെ ഒരു പുച്ഛത്തോടെ നോക്കുന്നുണ്ടായിരുന്നു.

കുറച്ചു നേരം കൂടി ആ മുറ്റത്തു നിന്നതിനു ശേഷം ദേവൂട്ടി തിരിഞ്ഞു നടന്നു. എന്തിനോ ആ കുഞ്ഞു കവിളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങിയിരുന്നു.

ദേവൂട്ടിയുടെ കലങ്ങിയ കണ്ണുകളിൽ നിന്ന് തന്നെ അവിടെ നടന്നത് എന്താണെന്നു നന്ദിനിക്ക് മനസ്സിലായിരുന്നു. ഒന്നും പറയാതെ മകളെ മാറോട് ചേർത്ത് നിറുത്തി അവൾ.

“നന്ദിനീ…..നന്ദിനീ…..” അടുത്ത വീട്ടിലെ സരസ്വതി ചേച്ചിയുടെ വിളി കേട്ടാണ് നന്ദിനി ഉമ്മറത്തേക്ക് ചെന്നത്.

“നീ എന്തിനാ മോളെ ആ വലിയ ആൾക്കാരുടെ അടുത്തേയ്‌ക്കൊക്കെ കൈ നീട്ടാൻ പോയത്,.അവരുടെ സ്വഭാവം നിനക്കറിഞ്ഞു കൂടെ ? ഇത്രേം അടുത്തുണ്ടായിട്ടും എന്നോട് ഒരു വാക്ക് ചോദിക്കായിരുന്നില്ലേ നിനക്ക്” കയ്യിൽ കൊണ്ട് വന്ന അരിയുടെ സഞ്ചി നന്ദിനിയുടെ കയ്യിൽ കൊടുത്തിട്ട് സരസ്വതി പറഞ്ഞു.

“ബാലുവേട്ടൻ സ്ഥിരമായി പണിക്ക് പോയിരുന്ന വീടല്ലേ ചേച്ചി….തരാതിരിക്കില്ല എന്ന് കരുതി. പിന്നെ ചേച്ചിയ്ക്കും അന്നന്ന് കിട്ടുന്നതല്ലേ ഉള്ളു. ചേച്ചിയും വാസുവേട്ടനും കൂലിപ്പണിയ്ക്ക് പോയി ആ വീട് നോക്കാൻ പെടുന്ന പാട് എനിക്കറിയാത്തതല്ലാലോ,.അത് കൊണ്ടാ ഞാൻ…… ” നിറകണ്ണുകളോടെ നന്ദിനി പറഞ്ഞു.

“എന്നോട് ഉണ്ണിക്കുട്ടനാ വന്നു പറഞ്ഞെ. ദേവൂട്ടി സഞ്ചിയുമായി അങ്ങോട്ട് പോയെന്നും കരഞ്ഞു കൊണ്ടാണ് തിരിച്ചു ഇറങ്ങി വന്നതെന്നും, അത് കേട്ടതും വാസുവേട്ടനാ എന്നെ എങ്ങോട്ട് ഓടിച്ചെ..ഇത് കൂടി വച്ചോ, സഹായമായിട്ട് കരുതണ്ട..നിന്നെ കൊണ്ട് ആവുമ്പൊ തിരിച്ചു തന്നാൽ മതി.” കുറച്ചു നോട്ടുകൾ നന്ദിനിയുടെ കയ്യിൽ ഏൽപ്പിച്ചു സരസ്വതി പറഞ്ഞു.

“ചേച്ചീ….ഇതൊക്കെ ഞാൻ എങ്ങനാ” സങ്കടം കൊണ്ട് അവളുടെ വാക്കുകൾ മുറിഞ്ഞു പോയിരുന്നു.

“നീ വിഷമിക്കാതെ ഇരിക്ക്, നിനക്ക് തയ്‌ക്കാൻ അറിയാവുന്നതല്ലേ. മെഷീൻ ലോൺ എടുക്കാവുന്ന ഏർപ്പാടൊക്കെ ഉണ്ട്. നമുക്ക് ഒക്കെ നോക്കി ചെയ്യാമെന്നേ. എല്ലാം ശെരിയാകും. ഞങ്ങളെ അന്യരായിട്ട് കാണണ്ട. സ്വന്തം കൂടപ്പിറപ്പുകളായിട്ട് കണ്ടാൽ മതി. ഉള്ളതിൽ ഒരു പങ്കു നിങ്ങൾക്ക് തരാൻ എനിക്കും വാസുവേട്ടനും ഒരു മടിയുമില്ല. ഓണത്തിന്റെ മുടക്കുകൾ കഴിഞ്ഞാൽ നമുക്ക് ലോണിന്റെ കാര്യമൊക്കെ പോയി അന്വേഷിക്കാം. എന്തായാലും ശെരിയാകും.” ഇത്രയും പറഞ്ഞു സരസ്വതി ഇറങ്ങി.

ദൈവത്തിനെ നേരിട്ട് കണ്ട അവസ്ഥയിലായിരുന്നു നന്ദിനി. പ്രതീക്ഷയുടെ വാതിൽ അവൾക്ക് മുന്നിൽ തുറക്കുകയായിരുന്നു. നന്മയുടെ പുലരികൾ സ്വപ്നം കണ്ടു അവൾ അകത്തേക്ക് നടന്നു……..

~സജിത