ജാനകിയമ്മ പറയട്ടേ, ഞാനിവിടെ ഒരധികപ്പറ്റാണെന്ന്…എന്നാൽ ഞാൻ വരാം നിങ്ങളോടൊപ്പം ഇപ്പോൾ തന്നെ…

Story written by Saji Thaiparambu

=================

“സഞ്ജയൻ മരിച്ചിട്ട് വർഷം ഒന്നു കഴിഞ്ഞില്ലേ? ഇനിയും സുഗന്ധി അവിടെ നിൽക്കുന്നത് ശരിയാണോ?”

ശാരദ, തന്റെ ഉൽക്കണ്ഠ, ഭർത്താവിനോട് പങ്ക് വച്ചു

“ഞാനും അത് ആലോചിക്കാതിരുന്നില്ല. എന്തായാലും നാളെ, നമുക്ക് അവിടെ വരെ ഒന്ന് പോകാം “

രാജശേഖരൻ, ഭാര്യയെ സമാധാനിപ്പിച്ചു.

താഴെ, മുറ്റത്ത് ഒരു ഓട്ടോറിക്ഷ വന്നു നിൽക്കുന്നതും അതിൽനിന്നും തന്റെ അച്ഛനും അമ്മയും ഇറങ്ങി വരുന്നതും മുകളിൽ ഇരുന്നു കൊണ്ട് സുഗന്ധി കണ്ടു.

“ഇതാര് അമ്മായിയും അമ്മാവനുമല്ലേ ?വരൂ, അകത്തേക്ക് കയറി വരൂ “

സഞ്ജയന്റെ സഹോദരൻ സജീവൻ, അവരെ ആദരപൂർവം അകത്തേക്ക് ക്ഷണിച്ചു.

“ഇതെന്താ അമ്മേ ഒരു മുന്നറിയിപ്പുമില്ലാതെ “

സുഗന്ധി പടിക്കെട്ടുകൾ ഇറങ്ങി വന്ന് അമ്മയെ പുണർന്നു.

“അതിന് ഈ വീട്ടിൽ കയറി വരാൻ ഞങ്ങൾക്ക് നേരവും കാലവും  നോക്കണോ മോളെ, നിന്നെ, സഞ്ജയൻ കല്യാണം കഴിക്കുന്നതിനു മുമ്പേ ഞങ്ങൾ തമ്മിൽ ബന്ധമുള്ളതാ”

ശാരദ അധികാര ഭാവത്തിൽ പറഞ്ഞു.

“സുഗന്ധീ…ഊണ് വിളമ്പി വെക്ക് മോളേ ബാക്കി വിശേഷമൊക്കെ നമുക്ക് ഒരുമിച്ചിരുന്ന് കഴിച്ചിട്ടാവാം “

സഞ്ജയന്റെ അമ്മ സുഗന്ധിയേട് പറഞ്ഞു.

“ഞങ്ങൾ സുഗന്ധിയെ വീട്ടിലേക്ക് കൊണ്ട് പോയാലോ എന്നാലോചിക്കുവാ “

ഊണ് കഴിച്ച് കൊണ്ടിരിക്കുമ്പോൾ സോമശേഖരനാണ് സഞ്ജയന്റെ അമ്മയോടത് പറഞ്ഞത്.

അത് കേട്ട് കുറച്ച് നേരത്തേക്ക് എല്ലാവരും നിശബ്ദരായിപ്പോയി

“സുഗന്ധിയാണ് അതിനൊരു തീരുമാനമെടുക്കേണ്ടത്. എന്താ മോളുടെ അഭിപ്രായം “

സഞ്ജയന്റെ അമ്മ ജാനകി സുഗന്ധിയുടെ മുഖത്തേക്ക് നോക്കി.

എല്ലാം കേട്ട് കൊണ്ട് ചോറിൽ സാമ്പാറ് വീഴ്ത്തി വെറുതെ കുഴച്ച് കൊണ്ടിരിക്കുകയായിരുന്നു അവൾ.

“ഇല്ലമ്മേ…മരിച്ചിട്ടല്ലാതെ ഈ വീട് വിട്ട് ഞാനെങ്ങോട്ടുമില്ല”

അവൾ തീർത്ത് പറഞ്ഞു

“എന്ന് പറഞ്ഞാലെങ്ങനാ മോളേ, സഞ്ജയനെ മറക്കാൻ നിനക്ക് കുറച്ച് സമയം വേണ്ടിവരും. എന്ന് വച്ച് എല്ലാക്കാലവും ഇവിടെ ഇങ്ങനെ നില്ക്കാൻ പറ്റുമോ? നിനക്ക് മറ്റൊരു ജീവിതത്തെക്കുറിച്ച്, ഞങ്ങളും ചിന്തിക്കണ്ടേ?

ശാരദയാണത് പറഞ്ഞത്.

“ജാനകിയമ്മ പറയട്ടേ, ഞാനിവിടെ ഒരധികപ്പറ്റാണെന്ന്…എന്നാൽ ഞാൻ വരാം നിങ്ങളോടൊപ്പം ഇപ്പോൾ തന്നെ “

സുഗന്ധി, സഞ്ജയന്റെ അമ്മയുടെ നേർക്ക് നിറഞ്ഞ കണ്ണുകളോടെ നോക്കി.

“അത് ഞാൻ ഒരിക്കലും പറയില്ല മോളേ, നിന്നെ എന്റെ മരുമകളായിട്ടല്ല, മകളായിട്ടാണ് അമ്മ കണ്ടിട്ടുള്ളത്, എത്ര കാലം വരെയും മോൾക്കിവിടെ നില്ക്കാം, പക്ഷേ അത് മോളുടെ ഭാവി നശിപ്പിച്ച് കൊണ്ടാകരുത്, ഇനിയും ജീവിതം ഒരു പാട് ബാക്കിയുണ്ട് മോൾക്ക്, നിനക്ക് താലോലിക്കാൻ ഒരു കുഞ്ഞിനെ പോലും തരാതെയാണ് എന്റെ മോൻ പോയത്. അപ്പോൾ പിന്നെ എന്ത് പ്രതീക്ഷ തന്നിട്ടാണ്, മോളിവിടെ നില്ക്കാൻ അമ്മ പറയേണ്ടത് “

ജാനകിയുടെ സംസാരത്തിലെ നിരുത്സാഹം സുഗന്ധിക്ക് മനസ്സിലാകുമായിരുന്നു.

“നിങ്ങൾക്കൊക്കെ സമ്മതമാണെങ്കിൽ, ഞാൻ വിവാഹം കഴിക്കാം സുഗന്ധിയെ “

അപ്രതീക്ഷിതമായി വീണ സജീവന്റെ വാക്കുകൾ എല്ലാവരെയും ഞെട്ടിച്ചു.

“സ്ഥാനം വച്ച് സുഗന്ധി എന്റ ജ്യേഷ്ടത്തിയാണെങ്കിലും, ഞാനും സഞ്ജയനും നിമിഷങ്ങളുടെ വ്യത്യാസത്തിൽ ഒരേ വയറ്റിൽ പിറന്നവരല്ലേ? കണ്ടാലും ഞങ്ങള് തമ്മിൽ യാതൊരു വ്യത്യാസവുമില്ല. സത്യത്തിൽ അന്ന് സുഗന്ധിയെ പെണ്ണ് കാണാൻ വന്നത്, തമ്മിൽ മൂത്ത, എനിക്ക് വേണ്ടിയായിരുന്നില്ലേ?

സജീവൻ തുടർന്നു.

“ഒടുവിൽ സുഗന്ധിയെ കണ്ടപ്പോൾ, അവന്, അവളെ കെട്ടണമെന്ന് വാശി പിടിച്ചത് കൊണ്ടാണ്, സഹോദരനോടുള്ള, അമിത സ്നേഹം കൊണ്ട് ഞാനവന് വേണ്ടി സുഗന്ധിയെ ഒഴിഞ്ഞത്, ഇപ്പോഴും എന്റെ മനസ്സിൽ സുഗന്ധിയോടുള്ള സ്നേഹത്തിന് ഒട്ടും കുറവ് വന്നിട്ടില്ല”

സജീവന്റെ സംസാരം കേട്ട് എല്ലാവരും നിശബ്ദരായിരിക്കുകയായിരുന്നു.

“ഇക്കാര്യങ്ങളെല്ലാം കല്യാണരാത്രിയിൽ തന്നെ, സഞ്ജയേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്.

സുഗന്ധി നിശബ്ദതയെ ഭഞ്ജിച്ച് കൊണ്ട് പറഞ്ഞു

“ജ്യേഷ്ടനെ മറികടന്ന് അനുജൻ, അന്ന് എന്റെ കഴുത്തിൽ താലികെട്ടണമെന്നുണ്ടെങ്കിൽ, അദ്ദേഹത്തിന് എന്നോട് എത്രമാത്രം സ്നേഹം ഉണ്ടായിരുന്നിരിക്കണം. ആ സ്നേഹപരിലാളനകൾ കുറച്ച് ദിവസം മാത്രമേ എനിക്ക് ലഭിച്ചുള്ളുവെങ്കിലും, ഒരായുസ്സ് മുഴുവൻ കരുതി വയ്ക്കാനുള്ള ദൃഡത ആ സ്നേഹത്തിനുണ്ടായിരുന്നു.

ഒരിക്കൽ വിവാഹിതയായ ഒരു സ്ത്രീ, തനിക്ക് കിട്ടിയത് സ്നേഹവും കരുതലുമുള്ള ഒരു ഭർത്താവിനെയാണെങ്കിൽ അദ്ദേഹത്തിന്റെ വിയോഗത്തിൽ ഒരിക്കലും മറ്റൊരു പുരുഷനെത്തേടുകയോ പുനർവിവാഹത്തെ കുറിച്ച് ചിന്തിക്കുകയോ ഇല്ല. ഞാനും അങ്ങനൊരു സത്രീ തന്നെയാണ്

ഒരു സ്ത്രീക്ക് വിധവയായ ശേഷം മുന്നോട്ടുള്ള ജീവിതത്തിൽ ഒരു പുരുഷൻ കൂടിയേ തീരു എന്നൊന്നുമില്ല.

പിന്നെ, അന്ന് മുതൽ ഇന്ന് വരെ സജീവനെ ഞാനെന്റെ അനുജന്റെ സ്ഥാനത്ത് മാത്രമേ കണ്ടിട്ടുള്ളു. ഇനിയുമങ്ങനെ തന്നെയായിരിക്കും “

അവൾ താക്കീതെന്നപോലെ സജീവനെ നോക്കി.

“എന്തായാലും ഇനി ഞാനിവിടെ നിന്നിട്ട് കാര്യമില്ലമ്മേ, അത് മറ്റുള്ളവരുടെ ജീവിതത്തെയും, പ്രതികൂലമായി ബാധിക്കും. ഞാനും വരുന്നുണ്ട് നിങ്ങളോടൊപ്പം “

ഒരു ഉറച്ച തീരുമാനവുമായി സുഗന്ധി ഊണ് നിർത്തി എഴുന്നേറ്റു.

~സജിമോൻ തൈപറമ്പ്