ആരൊക്കെയോ പറഞ്ഞു അവളുടെ പഴയ പ്രണയബന്ധം അറിഞ്ഞതാണ് അതിന്റെ കാരണം. ഇനിയും അവളെ കുരുതി കൊടുക്കാൻ വയ്യ…

Story written by Sajitha Thottanchery

===============

കാലത്തേ തന്നെ മൊബൈൽ ഫോൺ റിംഗ് ചെയ്യുന്ന കേട്ടാണ് തോമാച്ചൻ കണ്ണ് തുറന്നത്. നോക്കിയപ്പോൾ ആൻസിയാണ്

“ഹലോ, എന്നതാ മോളെ ഇത്രേം നേരത്തെ ?”

തോമാച്ചന്റെ ആ ചോദ്യത്തിന് ഒരു പൊട്ടിക്കരച്ചിലാണ് അപ്പുറത്തു നിന്ന് മറുപടിയായി കേട്ടത്.

“നീ കരയാതെ കാര്യം പറ,എന്നതാ ഉണ്ടായേ?” തോമാച്ചൻ മോളോട് ചോദിച്ചു.

“എന്നെ കൊണ്ട് വയ്യ അപ്പച്ചാ, ഇതിനേക്കാൾ കൂടുതൽ സഹിക്കാൻ എനിക്ക് വയ്യ. പറ്റുമെങ്കിൽ എന്നെ വന്ന് കൂട്ടിക്കൊണ്ട് പോ. ഇനിയും എവിടെ തുടരേണ്ടി വന്നാൽ എന്നെ ജീവനോടെ നിങ്ങൾ കാണുകേല.” ആൻസിയുടെ ആ വാക്കുകൾ തോമാച്ചനെ വല്ലാതെ വേദനിപ്പിച്ചു.

കണ്ണേ പൊന്നെ ന്നു പറഞ്ഞു വളർത്തിയ ഒറ്റ മോളാണ്. കല്യാണപ്രായം ആയപ്പോൾ വളരെ വലിയ ഒരു ബന്ധം തന്നെ കണ്ടുപിടിച്ചു. അപ്പോഴാണ് അവൾക്ക് ഒരുത്തനെ ഇഷ്ടമാണെന്നു പറഞ്ഞു വരുന്നത്. പണം കൊണ്ടും തറവാട്ട് മഹിമ കൊണ്ടും ചേരില്ലെന്നു പറഞ്ഞു സമ്മതിച്ചില്ല. ആ ത്മഹത്യ ഭീഷണി മുഴക്കി വലിയ വീട്ടിലേക്ക് തന്നെ കെട്ടിച്ചയച്ചു. ആദ്യത്തിലൊക്കെ അവൾ പറയുന്ന പരാതികളെ ചെവി കൊണ്ടില്ല .ഇഷ്ടമില്ലാത്ത ബന്ധം ആയത് കൊണ്ടാകും, എല്ലാം മെല്ലെ ശെരിയായിക്കോളും എന്നൊക്കെ കരുതി അവളെ ഉപദേശിക്കുകയാണ് ചെയ്തത്. ഒരിക്കൽ നേരിട്ട് അവളെ ഉപദ്രവിക്കുന്നത് കാണേണ്ടി വന്നു അവളെ വിശ്വസിക്കാൻ. അവളെ സംശയമാണ് അവന്. ഉണ്ടായ കൊച്ചു പോലും തന്റേതല്ലെന്നു പറഞ്ഞാണ് ഇപ്പൊ പ്രശ്നം ഉണ്ടാക്കുന്നെ. ആരൊക്കെയോ പറഞ്ഞു അവളുടെ പഴയ പ്രണയബന്ധം അറിഞ്ഞതാണ് അതിന്റെ കാരണം. ഇനിയും അവളെ കുരുതി കൊടുക്കാൻ വയ്യ എന്ന് മനസ്സിൽ ഉറപ്പിച്ചു തോമാച്ചൻ.

“അപ്പച്ചൻ വേഗം വരാം മോളെ;നീ റെഡി ആയി നിന്നോളൂ .” എന്ന് പറഞ്ഞു ഫോൺ വച്ച് അടുക്കളയിലിലേക്ക് ചെന്ന് ലില്ലിക്കുട്ടിയോട് കാര്യം പറഞ്ഞു അയാൾ

“പെണ്ണിനെ വിളിച്ചു കൊണ്ട് വന്നു നിറുത്തിയാൽ നാട്ടുകാർ എന്ത് പറയും , നാണക്കേടായല്ലോ കർത്താവെ.” ലില്ലിക്കുട്ടി ഓരോന്നു പറഞ്ഞു കരയാൻ തുടങ്ങി

“നാട്ടുകാർ അല്ല എന്റെ വീട്ടിലെ കാര്യം തീരുമാനിക്കുന്നെ .ഈ ഞാനാ…..നാട്ടുകാരെ പേടിച്ചാ  അന്ന് അവളുടെ ഇഷ്ടത്തിന് എതിര് നിന്നെ. അന്ന് അത് സമ്മതിച്ചിരുന്നേൽ അവളുടെ ഇഷ്ടം സമ്മതിച്ചു എന്നുള്ള സമാധാനം എങ്കിലും ഉണ്ടായേനെ .ഇപ്പൊ എന്തായി ?” തോമാച്ചൻ ലില്ലിക്കുട്ടിയോട് പറഞ്ഞു

“എന്നാലും കെട്ടിച്ചു വിട്ട പെണ്ണ് തിരിച്ചു വന്നാൽ ആൾക്കാരോട് സമാധാനം പറയണ്ടേ ഇച്ഛായാ…നാട്ടുകാരുടെ മുഖത്തു നമ്മൾ ഇനി എങ്ങനെ നോക്കും.” ലില്ലിക്കുട്ടി പതിവ് പല്ലവി ആവർത്തിച്ചു.

“നിനക്ക് നിന്റെ മോളുടെ ജീവനുള്ള മുഖത്തു നോക്കണോ, അതോ നാട്ടുകാരുടെ മുഖത്തു നോക്കണോ. എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ..അവൾക്ക് ഇപ്പോഴും നാട്ടുകാരാ വലുത്. നമ്മുടെ മോൾക്ക് വല്ലതും പറ്റിയാലും ഇതേ നാട്ടുകാർ നേരെ തിരിച്ചു പറയും. ഞാൻ എന്റെ കൊച്ചിനെ തിരിച്ചു കൊണ്ട് വന്നു നിര്ത്താൻ  പോവാന്.ഇപ്പൊ നമ്മൾ ജീവനോടെ ഉണ്ട് .നമ്മൾ ചാവണെനു  മുന്നേ മുടങ്ങിയ പഠിപ്പ് മുഴുവനാക്കി സ്വന്തം കാലിൽ നിൽക്കട്ടെ അവൾ .ബാക്കിയൊക്കെ പിന്നെ .ഈ ചിന്ത മുന്നേ തോന്നേണ്ടതായിരുന്നു .ഇനിയെങ്കിലും ചെയ്തില്ലേൽ ഈ ജന്മം മുഴുവൻ കണ്ണീരു കുടിക്കേണ്ടി വരും.”

ഇത്രയും പറഞ്ഞു ഭാര്യയുടെ മറുപടി കാത്തു നിൽക്കാതെ അയാൾ മകളെ കൂട്ടാൻ ഇറങ്ങി.

~സജിത