സന്ധ്യകളിൽ, ജോലി കഴിഞ്ഞെത്തുന്ന ഓരോ ബസ് യാത്രയുടേയും തനിയാവർത്തനങ്ങൾ. വിയർപ്പലിഞ്ഞ…

അവൾ…

എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്

==================

ഇന്നും സൂചി കുത്താനിടമില്ലാത്ത തിരക്കു തന്നെയാണു ബസ്സിൽ….തിരക്കിൽ അവളുടെ ചേലകളും, ഉ ടലുമുടഞ്ഞുലഞ്ഞു. അവളെ പൊതിഞ്ഞുകൊണ്ട് അനേകം പെണ്ണുടലുകൾ ഉഷ്ണം വിതച്ചു…

സന്ധ്യകളിൽ, ജോലി കഴിഞ്ഞെത്തുന്ന ഓരോ ബസ് യാത്രയുടേയും തനിയാവർത്തനങ്ങൾ. വിയർപ്പലിഞ്ഞ പെൺഗന്ധങ്ങളിൽ അവൾക്കു മനം പുരണ്ടു.

അരമണിക്കൂർ യാത്രയുണ്ട് വീട്ടിലേക്ക്…ബസ്സിലേറും മുൻപ്, പൊതിഞ്ഞു നിന്ന പുതുവസ്ത്രങ്ങളുടെ ഗന്ധം എങ്ങോ പോയി മറഞ്ഞിരിക്കുന്നു…നഗരത്തിലെ തിരക്കേറിയ വസ്ത്രവ്യാപാര സ്ഥാപനത്തിലെ സെയിൽസ് സ്റ്റാഫുകൾ സദാ അനുഭവിക്കുന്ന നവഗന്ധം ഓർമ്മ മാത്രമാകുന്നു….

തിരക്കിലൂടെ ഊളിയിട്ട് നാൽക്കവലയിലിറങ്ങി…നാളേക്ക് കറി വയ്ക്കാൻ എന്തെങ്കിലും വാങ്ങണം…

അങ്ങാടിയിലെ മീൻ തട്ടിനെ ജനക്കൂട്ടം പൊതിഞ്ഞു നിന്നു..മീൻ വാങ്ങാം….ഇന്നു വച്ചാൽ നാളേക്കും അതുകൊണ്ട് കഴിച്ചുകൂട്ടാം…കാത്തിരിപ്പിനൊടുവിൽ മത്സ്യം കിട്ടി. ഇത്തിരി പച്ചക്കറികളും വാങ്ങി വീട്ടിലേക്കു നടന്നു…പത്തു മിനിറ്റോളം നടക്കണം വീട്ടിലെത്താൻ…ഓട്ടോ പിടിച്ചാൽ ഇരുപത്തിയഞ്ചു രൂപ കൊടുക്കണം…വേണ്ടാ….നടന്നേക്കാം…അവൾ മുന്നോട്ടു നടന്നു….

സന്ധ്യ മയങ്ങിയ നാട്ടുപാത….കവലയിലേക്കും തിരികേയും ആളുകൾ പോയ്ക്കൊണ്ടിരുന്നു…കാൽനടക്കാർ വിരളം…ആണും പെണ്ണുമെല്ലാം ഇപ്പോൾ ഇരുചക്രവാഹനങ്ങളിലാണ് സഞ്ചാരം..രാത്രിവരേ നീളുന്ന ജനപ്രവാഹം…എവിടേനിന്നോ വന്ന്, എങ്ങോട്ടോ പോയ്മറയുന്ന ആരൊക്കെയോ….പല ചിന്തകളിൽ, കണക്കുകൂട്ടലുകളിൽ, നെട്ടോട്ടമോടുന്ന മനുക്ഷ്യർ…അവരിലൊരാളായി റോഡരികു ചേർന്ന് അവൾ വീടും ലക്ഷ്യമാക്കി ചലിച്ചു….സന്ധ്യ കനത്തു….ഭൂമിയിരുണ്ടു….

പടി കടന്നു മുറ്റത്തു വന്നു….പുതിയ വീടാണ്…ചെറുതെങ്കിലും ചേതോഹരമായ വീട്…

പൂമുഖത്തു കയറി ഉമ്മറത്തേയും ഗേറ്റിലേയും ലൈറ്റുകളിട്ടു…മുറ്റത്ത് പാൽവെളിച്ചം നിറഞ്ഞു…ഗേറ്റിനരികിൽ നിന്ന പേരമരത്തിന്റെ ചില്ലകളുടെ നിഴലുകൾ, വിരിയോടു പാകിയ മുറ്റത്ത് പതിഞ്ഞു….ഉമ്മറവാതിൽചാരിയിട്ടേയുണ്ടായിരുന്നുള്ളൂ….പതിയേ തുറന്ന്, അകത്തളത്തിലേക്ക് പ്രവേശിച്ചു….

ചെറിയ ഹാളിൽ, വലിയ ടെലിവിഷനു മുൻപിൽ ഭർത്താവിന്റെ അച്ഛനുമമ്മയും ഇരിപ്പുണ്ടായിരുന്നു…ഏതോ പരമ്പര നടന്നുകൊണ്ടിരിക്കുകയാണ്….സർവ്വാംഗം ചമയത്തിൽ പൊതിഞ്ഞ അമ്മായിയമ്മ മരുമകളോട് കയർക്കുന്നതിന്റെ നാടകീയത നിറഞ്ഞ സംഭാഷണങ്ങൾ ഉയർന്നു കേൾക്കാം…ഓരോ ആക്രോശങ്ങൾക്കും അനുഭാവം പ്രഖ്യാപിച്ചുകൊണ്ട്, “അവൾക്ക് അതു തന്നേ വേണം.. ” എന്ന് കാഴ്ച്ചക്കാർ പരസ്പരം പറയുന്നു…ഉറക്കേ ചിരിക്കുന്നു….വാതിലിനു പുറകിലേ ചലനം ശ്രദ്ധിച്ച് അവർ തിരിഞ്ഞു നോക്കി…പിന്നേ, യാതൊരു ഭാവഭേദവുമില്ലാതെ ടെലിവിഷനിലേക്ക് നോട്ടം തുടർന്നു….

ഹാളിലെ സോഫാസെറ്റിയിൽ മോൾ കിടന്നുറങ്ങുന്നു….സ്കൂൾ യൂണിഫോം മാറിയിട്ടില്ല….വന്നിട്ട് ഭക്ഷണവും കഴിച്ചുകാണില്ല…എന്നും അവളോട് പറയാറുണ്ട്….

“മൂന്നാം ക്ലാസിലെത്തിയ കുട്ട്യാ ട്ടോ…ക്ലാസ് വിട്ടു വന്നുകഴിഞ്ഞാൽ യൂണിഫോം മാറി, ഒന്നു മേലു കഴുകി, ഏതെങ്കിലും നല്ല ഉടുപ്പെടുത്തിട്ട് പഠിക്കാനിരിക്കണം…വിശന്നാൽ അച്ഛമ്മയോടു ഭക്ഷണം ചോദിക്കണം…അമ്മ എല്ലാം ശരിയാക്കി വച്ചിട്ടല്ലേ ജോലിക്കു പോണേ…. “

പക്ഷേ, ഒരോ അന്തിയിലും വീട്ടിലെ കാഴ്ച്ചകൾക്കു വ്യതിയാനം ഉണ്ടാകാറില്ല…ഗൾഫുകാരന്റെ ഭാര്യയെന്ന വിലാസം ഏറെ മുഷിച്ചിലുണ്ടാക്കുന്ന ഒരു പദവിയായി തോന്നാൻ തുടങ്ങിയിട്ടു കാലമെത്രയായി….കൊക്കിലൊതുങ്ങാത്തതു കൊത്തരുതെന്നും, വരവറിയാതെ ചെലവു കഴിക്കരുതെന്നും പറഞ്ഞാൽ കേൾക്കില്ല…

“ഡീ, അച്ഛനും അമ്മയും കുറേ കഷ്ട്ടപ്പെട്ടിട്ടുണ്ട്….ചെറ്റക്കുടിലും ദുരിതവുമൊക്കെയായി…ഞാനല്ലാതെ ആരാണിതൊക്കെ ചെയ്യാൻ…എത്ര കാലമാണ് വാടകവീട്ടിൽ കഴിയുക…? ആ വാടക കൊടുക്കുന്ന കാശിന്റെ കൂടെ അത്രകൂടി ചേർത്താൽ നമുക്ക് ലോൺ അടയ്ക്കാം…പത്തുപതിനഞ്ചു വർഷം സാവകാശവും കിട്ടും….നീയും എന്തെങ്കിലുമൊക്കെ ചെറിയ ജോലിക്കു പോയാൽ ഒക്കെ ശരിയാകും…പേടിയ്ക്കരുത്…”

പുതിയ വീടായി….ലോണിന്റെ ഒരു ഗഡു പോലും ഇതുവരേ മുടക്കിയിട്ടില്ല…മോളുടെ സ്കൂൾ ബസ്, ഫീസ്, വിവിധ മത്സരങ്ങളിലെ പങ്കാളിത്തം….അങ്ങനെ ഒന്നിനും കുറവു വരുത്തിയില്ല…മരുഭൂമിയിലെ ചൂടും, തുണിക്കടയിലെ തണുപ്പും എണ്ണിച്ചുട്ട വരുമാനങ്ങൾ നൽകിക്കൊണ്ടേയിരുന്നു….

എങ്കിലും, ഒരു സംശയം അവൾക്ക് ഇപ്പോഴും ബാക്കിയാകുന്നു….ചെറ്റപ്പുരയും ദാരിദ്ര്യകാലങ്ങളും എങ്ങനേ ഇത്ര പൊടുന്നനേ വിസ്മരിക്കാൻ സാധിക്കുന്നു….? അമ്മയുടെ അതേ ചൊൽപ്പടിയിൽ അച്ഛനും….ആരോഗ്യമില്ലാതായിട്ടില്ല അവർക്ക്….ഒരുപക്ഷേ, തന്നേക്കാളും പ്രസരിപ്പ് ഇരുവർക്കുമുണ്ട്….

സീരിയലിന്റെ ആവേശത്തിൽ ഉമ്മറത്ത് നിലവിളക്കു കൊളുത്താൻ മറന്നുപോയിരിക്കുന്നു…കുളിച്ചാലും വിളക്കുവക്കാൻ തനിക്കു കഴിയില്ല….ഇന്നു ‘മൂന്നേ’ ആയിട്ടുള്ളൂ…. അതിന്റെ അസ്വസ്ഥതകളും നടുക ഴ പ്പും ആകെ വെറുപ്പു പിടിപ്പിക്കുന്നു…

കുളിമുറിയിൽ നിന്നു പുറത്തിറങ്ങിയപ്പോൾ ഏറെ ആശ്വാസം തോന്നി…വേർപ്പും,.ര ക്ത വും പുരണ്ട അ ടിവ സ്ത്രങ്ങളിൽ നിന്നും, സാരിയുടെ കെട്ടുപാടുകളിൽ നിന്നും വിമുക്തയായി രാവുടുപ്പിന്റെ സ്വാസ്ഥ്യങ്ങളിലേക്ക് പകർന്നപ്പോൾ തന്നേ വിഷാദം തെല്ലൊന്നകന്നപോലെ തോന്നുന്നു..

അകത്തളത്തിൽ, മറ്റൊരു കണ്ണീർ പരമ്പര തകർത്താടുന്നുണ്ടായിരുന്നു…ആസ്വാദകരുടെ അഭിപ്രായങ്ങളും ചിരികളും സീരിയൽ സംഭാഷണങ്ങൾക്ക് അനുയാത്ര ചെയ്തു…അവൾ സോഫാ സെറ്റിക്കരികിലെത്തി പതിയേ വിളിച്ചു….

“മോളേ……”

കുഞ്ഞുണർന്നു ചിണുങ്ങാൻ തുടങ്ങി…മകളുടെ കയ്യും പിടിച്ച്, അടുക്കളയിലേക്കു നടക്കുമ്പോൾ പുറകിൽ നിന്നും അമ്മയുടെ മൊഴി കേട്ടു.

“ഇന്ന് പ്രഭിതയും ഗിരീഷും പിള്ളാരും വന്നിരുന്നു. ഉച്ചയൂണും കഴിഞ്ഞ്, വൈകീട്ട് ചായേം കുടിച്ചാണ് പോയത്. പ്രഭിത നിന്നോടു അന്വേഷണം പറയാൻ പറഞ്ഞു.”

നടത്തത്തിനിടയിൽ അവളതു മൂളിക്കേട്ടു. ഭർത്താവിന്റെ ഏക സഹോദരിയാണ് പ്രഭിത. നല്ല സാമ്പത്തിക ഭദ്രതയുള്ള വീട്ടിലേക്കാണവളേ കല്യാണം കഴിച്ചു വിട്ടിരിക്കുന്നത്. പ്രായം തികയും മുമ്പേ തന്നേ, പല പ്രണയങ്ങളിലും തല വച്ചിട്ടുള്ളവളാണെന്നു മറ്റു ബന്ധുക്കൾ പറഞ്ഞു കേട്ടിട്ടുണ്ട്. പതിനെട്ടു തികഞ്ഞയുടൻ കെട്ടിച്ചു വിടുകയായിരുന്നത്രേ. വിവാഹശേഷവും ആളത്ര വെടിപ്പല്ലായിരുന്നു എന്നു കൂടി അറിയാൻ കഴിഞ്ഞിട്ടുണ്ട്. തന്റെ ശരീരത്തിന്റെ രാത്രിപ്പട്ടിണികളേക്കുറിച്ച് മുനവച്ച തമാശകൾ, ഇടയ്ക്കു വരുമ്പോൾ പറയാറുണ്ട്. തൽപ്പരകക്ഷിയല്ലെന്നു മനസ്സിലായതിനാലാകാം മാം സനിബദ്ധമായ കളിവാക്കുകൾ പിന്നീടു തെല്ലു കുറച്ചത്.

അവൾ അടുക്കളയിലേക്കു പ്രവേശിച്ചു. സാധാരണ ഉച്ചയ്ക്കു ബാക്കി വന്ന ചോറെടുത്തു തിളപ്പിച്ചൂറ്റി അത്താഴത്തിനൊരുക്കുകയാണു പതിവ്. ഒരു തട്ടിക്കൂട്ടു കറിയുണ്ടാക്കും. അച്ഛനുമമ്മയ്ക്കും രാത്രിയിൽ ചപ്പാത്തിയാണ്. അതും, വേഗം ശരിയാക്കും.

അടുക്കള അവളെ സ്വാഗതം ചെയ്തു. സ്ലാബിലും സിങ്കിലുമായി ചിതറിക്കിടക്കുന്ന അനേകം എച്ചിൽ പാത്രങ്ങൾ. പാതിയും മുക്കാലും നിറഞ്ഞ ചായക്കോപ്പകൾ. വസ്തിപ്പാത്രത്തിലെ ബിസ്ക്കറ്റു കുതിർന്നതിൽ, ഉറുമ്പുകൾ ഗോപുരം തീർത്തിരിക്കുന്നു. ഉച്ചയ്ക്കലെ ഊണും കഴിഞ്ഞ്, ശൂന്യമായ ചോറ്റുകലത്തിൽ വറ്റുണങ്ങിപ്പിടിച്ചിരിക്കുന്നു..തട്ടിത്തൂവി ജലം പടർന്ന അടുക്കളയിലെ ടൈലുകൾ വല്ലാതെ ചളി പടർന്നു വഴുക്കുന്നു. അവൾക്കു വല്ലാത്ത സങ്കടം വന്നു.

മകളേ കസേരയിലിരുത്തി, അവൾ ഫ്രിഡ്ജു തുറന്നു നോക്കി. ഭാഗ്യം, ഒരു ബിസ്ക്കറ്റു കൂട് പാതിയോളം ബാക്കിയുണ്ട്. സ്റ്റൗവ് ഓൺ ചെയ്ത്, കാപ്പിക്കു വെള്ളം വച്ചു. അകമുറിയിൽ നിന്നും പൊട്ടിച്ചിരികളുയരുന്നു. അകമ്പടിയായി അമ്മയുടെ കിന്നാരവും.

“പതുക്കേ തട്ട് മനുഷ്യാ….എന്റെ തുട വേദനിയ്ക്കുന്നു.”

വീണ്ടും ചിരിയലകൾ…അവൾക്ക് എന്തെന്നില്ലാത്ത വെറുപ്പും ഈർഷ്യയും തോന്നി. കുഞ്ഞിനു ചായ ആറ്റിപ്പകർന്നു, ബിസ്ക്കറ്റു കൊടുക്കുമ്പോളാണ് അകമുറിയിൽ നിന്നും മൊബൈൽ ഫോണിന്റെ റിംഗ്ടോൺ കേട്ടത്. മിക്കവാറും, വീട്ടിൽ നിന്നു അമ്മയായിരിക്കും..മോളുടെ സുഖവിവരങ്ങളറിയാൻ വൈകുന്നേരങ്ങളിൽ ഒരു വിളി പതിവാണ്.

ഫോണെടുക്കാനായി കിടപ്പുമുറിയിലേക്കു നടക്കുമ്പോൾ, ടെലിവിഷനിൽ നിന്നും കണ്ണെടുക്കാതെ അമ്മായിയമ്മ പറഞ്ഞു.

“അത്താഴം വയ്ക്കേണ്ടി വരും..അവരുണ്ടിട്ടാണു പോയത്.”

അവളതിനു മറുപടി പറഞ്ഞില്ല. അവളുടെയുള്ളിൽ, ശേഷിക്കുന്ന ജോലികളുടെ കൂമ്പാരത്തെക്കുറിച്ചുള്ള വ്യഥയായിരുന്നു. കിടപ്പുമുറിയുടെ അകത്തു പ്രവേശിക്കുമ്പോളും ഫോൺ മണിയൊച്ച നിലച്ചിരുന്നില്ല..ഒപ്പം, അകത്തളത്തിലെ തമാശകളും, ടെലിവിഷൻ ശബ്ദങ്ങളും കൂട്ടു പോന്നു.

അമ്മയോട് എന്തൊക്കെയോ സംസാരിച്ചു തീർത്തു. അവളുടെ ചിന്തകൾ മുഴുവൻ അടുക്കളയിലെ എച്ചിൽ കൂമ്പാരങ്ങളിലും, വെട്ടിക്കഴുകിയെടുക്കാനുള്ള ചെറുമീനുകളിലും തടഞ്ഞു നിന്നു. അത്താഴത്തിനായി ഒരു കലം വെള്ളം അടുപ്പത്തു വയ്ക്കാത്ത, ഇന്നലെകളിലെ ദരിദ്രനാരായണരേ ഓർത്തവൾക്കു അരിശം വന്നു..നടു മുറിഞ്ഞു വേറിടുന്നതു പോലെ ക ഴപ്പ് അനുഭവപ്പെടുന്നുണ്ട്. തെല്ലു നേരം, കിടക്കയിലമർന്നു കിടക്കാൻ കൊതിയാകുന്നു.

“അമ്മേ…..”

അടുക്കളയിൽ നിന്നും, മകൾ നീട്ടി വിളിച്ചു..എന്തേയെന്നു മറുമൊഴി ചൊല്ലി, അവൾ അങ്ങോട്ടു നടന്നു..രാത്രിയേറെ നീളുന്ന പണികളുടെ കൂമ്പാരങ്ങളിലേക്ക്…നനഞ്ഞ മിഴികളുമായി…..ടെലിവിഷനിൽ, പുതിയൊരു പരമ്പര തുടങ്ങുകയായി. അനുബന്ധമായുയരുന്ന പൊട്ടിച്ചിരികളും തുടർന്നുകൊണ്ടേയിരുന്നു.

രാത്രി, പതിയേ നീളുകയാണ്….വിരസങ്ങളായ തനിയാവർത്തനങ്ങളുടെ നാളെയിലേക്ക്…