പരിശോധന കഴിഞ്ഞ് അല്പം വീട്ടുവിശേഷങ്ങൾ പറയുന്നതിനിടയ്ക്ക് റാണിയുടെ ഫോൺ ബെല്ലടിച്ചു…

Story written by Sajitha Thottanchery

==============

ഡോക്ടറെ കാണാൻ കയറുന്ന നേരത്ത് ഡോക്ടറെ കണ്ടിറങ്ങുന്ന ആ ദമ്പതികളെ കണ്ട് വിൻസി ഒന്നു ഞെട്ടി. വിൻസിയെ കണ്ട അയാളുടെയും മുഖഭാവം വ്യത്യസ്തമല്ലായിരുന്നു. അയാളുടെ ഭാര്യ ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞിട്ട് പോകുന്നുണ്ട്. അവർ പോകുന്നതും നോക്കി വിൻസി ഒരു നിമിഷം നിന്നു.

“വിൻസീ, നീ എന്ത് നോക്കി നിൽക്കാ. വാ….അടുത്ത പേഷ്യൻ്റ് നമ്മളാ. അവൾക്ക് വേറെ പേഷ്യൻ്റ്സ് ഉണ്ട്. പിന്നെ നമുക്ക് പ്രത്യേക പരിഗണന തരുന്നതാ. നീ വാ….” ജോൺ വന്ന് വിൻസിയോട്  പറഞ്ഞു.

“അയാൾ….അയാളായിരുന്നു…..” വിൻസി പൂർത്തിയാക്കിയില്ല.

“റോയ് ആണോ അത്? താൻ പറഞ്ഞുള്ള അറിവല്ലേ ഉള്ളൂ, താൻ വാ, നമുക്ക് പിന്നീട് സംസാരിക്കാം അത് ” ജോൺ വിൻസിയേയും കൂട്ടി ഡോക്ടറുടെ റൂമിലേക്ക് കയറി.

ജോണിൻ്റെ കസിൻ സിസ്റ്റർ ആണ് ഡോക്ടർ. ഒരു പുഞ്ചിരിയോടെ ഡോക്ടർ അവരെ സ്വീകരിച്ചു.

“വിൻസീ….അടുത്ത ഒൻപതാം തിയതി അഡ്മിറ്റ് ആവണം ട്ടോ ” ഡോക്ടർ റാണി കുര്യൻ വിൻസിയോട് പറഞ്ഞു.

വിൻസി പുഞ്ചിരിച്ചു.

“എന്താ വിൻസീ, തനിക്ക് പേടിയുണ്ടോ? പേടിക്കേണ്ട കാര്യം ഒന്നൂല്ല്യട്ടോ. തനിക്ക് പ്രത്യേകിച്ച് കുഴപ്പം ഒന്നുമില്ല.” ഡോക്ടർ പറഞ്ഞു.

പരിശോധന കഴിഞ്ഞ് അല്പം വീട്ടുവിശേഷങ്ങൾ പറയുന്നതിനിടയ്ക്ക് റാണിയുടെ ഫോൺ ബെല്ലടിച്ചു. സംസാരിക്കുന്നത് കേട്ടപ്പോൾ നേരത്തെ ഇറങ്ങിപ്പോയ പേഷ്യന്റിന്റെ കാര്യമാണെന്ന് ജോണിനും വിൻസിക്കും മനസ്സിലായി.

“ഇപ്പൊ വന്നു പോയത്  ഹോസ്പിറ്റലിൻ്റെ ഓണറുടെ റിലേറ്റിവിൻ്റെ മകളും ഭർത്താവുമാണ്. കല്യാണം കഴിഞ്ഞിട്ട് രണ്ടു വർഷമായി. രണ്ടാം വിവാഹം ആയിരുന്നു. ആ പെൺകുട്ടിയുടെ ആദ്യ ഭർത്താവ് ഒരു ആക്സിസൻ്റിൽ മരിച്ചതാണ്. അയാളുടേയും രണ്ടാം വിവാഹം ആണ്. വിവാഹാലോചന വന്നപ്പോൾ അയാളുടെ വീട്ടുകാർ ആദ്യത്തെ പെൺകുട്ടിയെ എന്തൊക്കെയോ കുറ്റം കൊണ്ട് ഉപേക്ഷിച്ചു എന്നൊക്കെയാ പറഞ്ഞത്. അവൻ്റെ പേരു കേട്ട തറവാട് ആയതു കൊണ്ട് ഇവരും കൂടുതൽ ഒന്നും അന്വേഷിച്ചില്ല. ഇപ്പോ രണ്ടു വർഷമായി കുട്ടികൾ ഇല്ല. അയാളുടെ വീട്ടുകാർ ഈ പെൺകുട്ടിയെ കുറ്റപ്പെടുത്തുന്നു. ആ പെൺകുട്ടിയുടെ ഫാദർ അത്യാവശ്യം പിടിപാടുള്ള ആളാ….ഫിനാൻഷ്യലി ആയാലും….പരിചയമുള്ള ആശുപത്രിയിൽ തന്നെ കാണാൻ വേണ്ടി ഇവിടെ വന്നതാ. റിസൽറ്റ് വന്നപ്പോൾ പ്രോബ്ലം അയാൾക്കാ. അതിന്റെ കാര്യങ്ങൾ അറിയാൻ സർ വിളിച്ചതാണ്.” റാണി ജോണിനോടും വിൻസിയോടും പറഞ്ഞു.

വിൻസി ഒരു വിളറിയ ചിരി ചിരിച്ചു. റാണിയോട് യാത്ര പറഞ്ഞു രണ്ടാളും അവിടന്ന് ഇറങ്ങി. വീട്ടിലെത്തിയപ്പോൾ അന്നക്കുട്ടി കൂടെ കൂട്ടാതെ പോയതിനുള്ള ദേഷ്യത്തിൽ പിണങ്ങി നിൽപ്പാണ്.

“കൊച്ചു കുട്ട്യോളെ ആശുപത്രിയിൽ പോകുമ്പോ കൊണ്ടോവാൻ പാടില്യാത്തോണ്ടല്ലേ.” അന്നയുടെ നേരെ ഒരു ഡയറി മിൽക്കും നീട്ടിക്കൊണ്ട് വിൻസി കൊഞ്ചി.

കുറുമ്പ് കലർന്ന ഒരു ചിരിയും ചിരിച്ചു മിഠായിയും വാങ്ങി കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുത്തു അന്നമോൾ. ജോണിന്റെ അമ്മച്ചിയോട് ഡോക്ടറെ കണ്ട വിശേഷങ്ങൾ ഒക്കെ പറഞ്ഞു വിൻസി റൂമിലേക്ക് പോയി. അവളുടെ മനസ്സിൽ അപ്പോഴും റോയിയുടെ മുഖമായിരുന്നു. റാണി പറഞ്ഞ അയാൾ ഉപേക്ഷിച്ച അയാളുടെ ആദ്യ ഭാര്യ….

പ്രണയ വിവാഹം ആയിരുന്നു തങ്ങളുടേത്. റോയ് അത്യാവശ്യം ക്യാഷ് ഉള്ള വീട്ടിലെ പയ്യൻ ആയിരുന്നു. അത് കൊണ്ട് തന്നെ വിൻസിയെ അംഗീകരിക്കാൻ അയാളുടെ വീട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. കല്യാണം കഴിഞ്ഞു ഒരു ദിവസം പോലും ആ വീട്ടിൽ മനസമാധാനം ഉണ്ടായിരുന്നില്ല. പിന്നെ പിന്നെ റോയിയുടെ സ്വഭാവത്തിലും മാറ്റങ്ങൾ കണ്ടു തുടങ്ങി. കുട്ടികൾ ഉണ്ടാകാത്തത് വിൻസിയുടെ കുറ്റം കൊണ്ടാണെന്നായിരുന്നു അവസാനം കണ്ടു പിടിച്ച കാര്യം.

“കുട്ടികൾ ഉണ്ടാകാത്തത് നിന്റെ കുഴപ്പമാകും. അതിനു ചിലവാക്കാൻ എന്റെ കയ്യിൽ പണമില്ല. നീ വീട്ടിൽ നിന്ന് കൊണ്ട് വന്നിട്ടൊന്നുമില്ലലോ എടുത്ത് ചിലവാക്കാൻ” ഒരിക്കൽ ഹോസ്പിറ്റലിൽ പോകാമെന്നു പറഞ്ഞപ്പോൾ റോയിയുടെ പ്രതികരണം ഇതായിരുന്നു.

റോയിയുടെ അമ്മച്ചി പറഞ്ഞതെ അയാൾ കേൾക്കുകയുള്ളു. പ്രണയത്തിന്റെ സൗന്ദര്യമൊന്നും ആ ജീവിതത്തിൽ വിൻസി കണ്ടില്ല. ഒരിക്കൽ വഴക്കിനിടയിൽ തനിക്ക് ഇതിലും നല്ല വീട്ടിൽ നിന്ന് പെണ്ണ് കിട്ടുമായിരുന്നെന്ന രീതിയിൽ അയാൾ സംസാരിച്ചതിനോട് വിൻസി പ്രതികരിച്ചു. അത് ചെന്നെത്തിയത് അവരുടെ ഡിവോഴ്‌സിൽ ആയിരുന്നു.

കണ്ണീരു വറ്റാത്ത ദിനങ്ങൾ. അതിനിടയിലാണ് ജോണിന്റെ ആലോചന വരുന്നത്. അയാളുടെ ഭാര്യ പ്രസവത്തിലെ മരിച്ചതായിരുന്നു. അപ്പച്ചന്റെയും അമ്മച്ചിയുടെയും കണ്ണുനീരിനു മുന്നിൽ സമ്മതിച്ചു കൊടുക്കേണ്ടി വന്നു. ജോണിന്റെ മിന്നു കഴുത്തിൽ കയറിയ ആ നിമിഷം മുതൽ തന്റെ ഈ കണ്ണ് നിറയാൻ ജോൺ അനുവദിച്ചിട്ടില്ലെന്നു വിൻസി ഓർത്തു.

“വിൻസി…….തന്റെ കുളി കഴിഞ്ഞില്ലേ ഇത് വരെ ” ജോൺ പുറത്തു നിന്ന് വിളിച്ചപ്പോഴാണ് വിൻസി ഓർമകളിൽ നിന്നും ഉണർന്നത്.

പുറത്തു ഇറങ്ങിയപ്പോൾ അവളുടെ വാടിയ മുഖത്തു നിന്നും ജോണിന് കാര്യം മനസ്സിലായി.

“എന്തിനാടാ ആ പഴയ കാര്യങ്ങൾ ഒക്കെ പിന്നേം ഓർത്തെടുക്കുന്നെ. ഇപ്പൊ നമുക്ക് നമ്മുടെ എത്രയോ നല്ല നിമിഷങ്ങൾ ഉണ്ട് ഓർത്തു സന്തോഷിക്കാൻ. കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ അടുത്ത ആൾ കൂടി വരാൻ പോവാണ്. നമുക്ക് വിഷമിക്കാൻ നേരമില്ലെടോ”. വിൻസിയെ ചേർത്തു പിടിച്ചു ജോൺ പറഞ്ഞു.

“അന്നക്കുട്ടിയെ കൂടി കെട്ടിപ്പിടിക്ക് പപ്പാ……” മോൾ അവർക്കിടയിലേക്ക് ഓടി വന്നു

ജോൺ ചിരിച്ചു കൊണ്ട് മോളെ എടുത്തു. അവൾ മമ്മിക്കും പപ്പയ്ക്കും ഉമ്മ കൊടുത്തു. വിൻസിയുടെ സങ്കടം അവൾ പോലുമറിയാതെ മാഞ്ഞു പോയി. വിൻസിയുടെ ഉള്ളിൽ ഇരുന്നു മറ്റൊരാൾ അവർക്കിടയിലേക്ക് വരാൻ തിടുക്കം കൂട്ടുന്നുണ്ടായിരുന്നു……

~സജിത