എന്റെ മുറി…
Story written by Remya Bharathy
===============
ഫോൺ നിർത്താതെ അടിക്കുന്നു. അടുക്കളപ്പണികളുടെ ഇടയിൽ ഈ ഫോൺ കാൾ വരുന്നതിനോളം ദേഷ്യം തോന്നുന്ന വേറൊന്നില്ല. നാട്ടിൽ നിന്നുള്ള ആരെങ്കിലും തന്നെ ആവും. ഇന്നേരം നാട്ടിൽ വെറുതെ ഇരിക്കുന്ന പലർക്കും അറിയില്ലല്ലോ ഇവിടത്തെ തിരക്കിന്റെ കാര്യം.
ഓടിച്ചെന്നു ഫോണിൽ കുത്തി സ്പീക്കറിൽ ഇട്ടു. നാട്ടിൽ നിന്ന് അമ്മയാണ്.
“എന്താ അമ്മേ? എന്തേലും അത്യാവശ്യമായി പറയാൻ വിളിച്ചതാണോ? ഞാൻ ജോലികളുടെ തിരക്കിലാണ്. ഇറങ്ങാൻ വൈകും.”
“എടി ഞാൻ വീടിന്റെ പ്ലാൻ നിന്റെ വാട്സാപ്പിൽ അയച്ചിട്ടുണ്ട്. നീ ഒന്ന് നോക്ക്. രമേശിനെ കൊണ്ടും ഒന്ന് കാണിച്ച് അഭിപ്രായം പറ. അവനാവുമ്പോൾ ഇതൊക്കെ അറിയാലോ. വരച്ചു തരാൻ പറഞ്ഞപ്പോൾ പറ്റിയില്ല, സാരമില്ല തിരക്കല്ലേ, എന്നാലും മരുമകൻ ഒരുത്തൻ ആർക്കിടെക്ട് ആയിട്ട്, അതിന്റെ ഒരു ഗുണം നമുക്കും കൂടെ വേണമല്ലോ”
അമ്മ പരാതിക്കെട്ട് തുറക്കുകയാണ്. അമ്മക്കാണേൽ ഒരു ബോധവും ഇല്ല എന്താ എപ്പോഴാ എങ്ങനെയാ എന്നൊന്നും. ഇപ്പൊ തർക്കിക്കാൻ സമയമില്ല.
“ശരിയമ്മേ ഞാൻ നോക്കാം. രമേശേട്ടൻ വൈകിട്ട് വരുമ്പോൾ കാണിച്ചിട്ട് ഞാൻ രാത്രി വിളിക്കാം.”
ബാക്കി പണികളിലേക്ക് തിരിയുന്നതിനിടെ അവൾ ഓർത്തു. വീടിന്റെ പ്ലാൻ. സ്വന്തമായൊരു വീട്. അമ്മയുടെ എക്കാലത്തെയും ഏറ്റവും വലിയ സ്വപ്നം.
ഒരുപാട് അംഗങ്ങളുള്ള ഒരു കൂട്ടുകുടുംബത്തിലേക്ക് കല്യാണം കഴിപ്പിച്ചു കൊണ്ട് വന്ന കാലം തൊട്ടുള്ള അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. നാല് ആങ്ങളമാരുടെ കുഞ്ഞിപെങ്ങളായി പുന്നാരയായി ജീവിച്ചിരുന്ന അമ്മയെ തറവാട്ടു മഹിമയും, ഭൂസ്വത്തും, സർക്കാർ ഉദ്യോഗവും എല്ലാം കണ്ട് കല്യാണം കഴിപ്പിച്ചു കൊണ്ട് വന്ന കാലത്ത് അമ്മ അനുഭവിച്ച കഥകൾ. ഓർമ വെച്ച കാലം തൊട്ട് അമ്മ പറഞ്ഞും നേരിട്ട് കണ്ടും അറിഞ്ഞ കാര്യങ്ങൾ.
അച്ഛന്റെ മൂന്ന് ഏട്ടന്മാരും അച്ഛച്ഛനും അച്ഛമ്മയും സ്ഥിര താമസവും, രണ്ട് അമ്മായിമാരും പിന്നേ ഏതൊക്കെയോ ബന്ധുക്കളും വിരുന്നുകാരായി വന്നും പോയും ഒക്കെ ജീവിച്ചിരുന്ന ഒരു വലിയ വീട്. വീടൊക്കെ വലുതായിരുന്നെങ്കിലും, അധികം വെളിച്ചം കയറാത്ത ഇടുങ്ങിയ ഇരുട്ടുമുറികൾ ആയിരുന്നു എല്ലാം. കരിയും പുകയും നിറഞ്ഞ എപ്പോഴും തീയാളിക്കൊണ്ടിരുന്ന അടുക്കള മാത്രം വിസ്താരമായിരുന്നു.
പണിയൊഴിഞ്ഞു നേരം കാണില്ലായിരുന്നു അവിടത്തെ അടുക്കളയിൽ. ജോലിക്ക് സഹായത്തിനു ആൾക്കാരൊക്കെ ഉണ്ടായിരുന്നെങ്കിലും, ഒരു വയ്യായ വന്നാൽ പോലും മാറി ഇരിക്കാൻ വയ്യാത്ത അവസ്ഥയായിരുന്നു അവിടത്തെ പെണ്ണുങ്ങൾക്ക്. മാസത്തിലെ ഏഴു ദിവസം മാത്രമായിരുന്നു ആ പണികളിൽ നിന്ന് അവർക്ക് ഒരു ആശ്വാസം.
വല്യച്ഛന്റെ മക്കളും, വിരുന്നു പാർക്കാൻ വരുന്ന അമ്മായിമാരുടെ മക്കളും എല്ലാമായി കുട്ടികളുടെ കുട്ടിക്കാലം രസമായിരുന്നു. പക്ഷെ പലപ്പോഴും വഴക്കുകൾ ഉണ്ടാവുമ്പോൾ, കുറ്റം മറ്റുള്ളവരുടെ ആവുമ്പോൾ പോലും അമ്മ ദേഷ്യത്തിൽ തന്നെയും ചേട്ടനെയും അടിച്ച്, മാറി നിന്നു കരയുന്നത് കാണുമായിരുന്നു. ഒരുപക്ഷെ മറ്റാരെങ്കിലും മക്കളെ ശിക്ഷിക്കുന്നത് കാണാനുള്ള ബുദ്ധിമുട്ടുകൊണ്ടാവാം.
അവിടെ ഒന്നും ആർക്കും സ്വന്തമായി ഉണ്ടായിരുന്നില്ല. എല്ലാം എല്ലാവരുടെയും കൂടെ ആയിരുന്നു. വിരുന്നുകാർ വരുമ്പോൾ മുറി ഒഴിഞ്ഞു കൊടുക്കുന്ന, അലമാരയിൽ നിന്ന് ഒരു തുണി എടുക്കാൻ പോലും വിരുന്നുകാരുടെ സൗകര്യം കാത്തു നിൽക്കേണ്ടി വന്നിരുന്ന കാലം.
അമ്മാവന്മാരും അപ്പൂപ്പനും തരുന്ന ഭംഗിയുള്ള ഉടുപ്പുകൾ പലപ്പോഴും ചോദിക്കാനോ പറയാനോ നിൽക്കാതെ തന്റേടിയായ വല്യമ്മ
“അമ്മായിയുടെ വീട്ടിലെ കല്യാണത്തിന് ഇത് ഇവൾ ഇട്ടോട്ടെ, നിനക്ക് ഇത് ലേശം വലുതാണ്”
എന്നും പറഞ്ഞ് അവരുടെ മകൾക്ക് എടുത്തു കൊടുത്തതും, കരഞ്ഞു വിളിച്ച് പരാതി പറഞ്ഞപ്പോൾ മിണ്ടാതെ എങ്ങോട്ടോ നോക്കി നിന്ന അമ്മയും, എല്ലാം പങ്കിട്ടു പഠിക്കണം എന്ന് മടിയിൽ ഇരുത്തി ഉപദേശിച്ച അച്ഛനും, പഴയ കുപ്പായം ഇട്ടു കല്യാണത്തിന് പോയപ്പോൾ, തന്റെ കല്ലുവെച്ച പൂക്കൾ ഉള്ള കുപ്പായമിട്ടു ചെത്തിയ വല്യച്ഛന്റെ മോളെ ദേഷ്യത്തോടെ നോക്കിയ ഞാനും ഒക്കെ എത്ര മാറി.
രണ്ടാഴ്ച ഉപയോഗിക്കാതെ വെച്ച എല്ലാം അവർക്ക് പഴയതായിരുന്നു. “ഇത് പഴയതല്ലേ ഇത് അവർ എടുത്തോട്ടെ” ഇതാണ് ഏറ്റവും കൂടുതൽ കേട്ട ന്യായം.
ഇഷ്ടപ്പെട്ട പലതും മറ്റു പലരും സ്വന്തമാക്കുന്നതും നശിപ്പിക്കുന്നതും കണ്ട് കൊണ്ട് നിൽക്കേണ്ട അവസ്ഥ ഒരു വല്ലാത്ത അവസ്ഥ തന്നെ ആയിരുന്നു.
അമ്മാവന്മാർ വിദേശത്തൊക്കെ ആയിരുന്നത് കൊണ്ട് ഒത്തിരി സമ്മാനങ്ങളും ഉടുപ്പുകളും മിട്ടായികളും കളിപ്പാട്ടങ്ങളും ഒക്കെ കിട്ടുമായിരുന്നു. പലപ്പോഴും അതൊന്നും അമ്മവീട്ടിൽ നിന്നും കൊണ്ട് വരാൻ തന്നെ അമ്മ സമ്മതിക്കില്ല.
“അവിടെ കൊണ്ട് പോയാൽ ഇതൊന്നും എന്റെ കുട്ടികൾക്ക് കിട്ടണ്ടാവില്ല” എന്ന് പറഞ്ഞ് മാറ്റി വെക്കുമ്പോൾ അമ്മമ്മയുടെ മുഖവും മങ്ങും.
ഒരിക്കൽ ഏട്ടന് അമ്മാവൻ കൊണ്ട് കൊടുത്ത ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടം അമ്മായിയുടെ വികൃതിയായ മകൻ എടുത്തെറിഞ്ഞു നശിപ്പിച്ചത് കണ്ട് വിതുമ്പലോടെ നിന്ന ഏട്ടന്റെ കയ്യിൽ അമർത്തി അമ്മ “ആൺകുട്യോള് കരയില്ല” എന്ന് പറഞ്ഞതും, “ഏട്ടന് കളിക്കാൻ ഞാൻ എന്റെ പാവയെ തരാം” എന്ന് കുട്ടിയായ താൻ പറഞ്ഞതും മങ്ങിയ ഓർമകളിൽ ഉണ്ട്.
തറവാട്ടിലെ ഓർമകൾ ഒരേപോലെ മധുരവും നൊമ്പരവും ആയിരുന്നു.
അതാണ് ജീവിതം എന്ന് പറയും അച്ഛൻ.
സ്വന്തമായി ഒരു വീട് എന്ന സ്വപ്നം അമ്മ എപ്പോഴെങ്കിലും ഒക്കെ അച്ഛനോട് പറയും. മിക്കവാറും ആണ്ടിൽ രണ്ടു വട്ടം അമ്മയുടെ വീട്ടിൽ പാർക്കാൻ പോകുമ്പോൾ ആവും ഇത്തരം വർത്തമാനങ്ങൾ വരാ. അമ്മയുടെ ചേട്ടന്മാരൊക്കെ തറവാടിന്റെ ചുറ്റിലും വെവ്വേറെ വീടൊക്കെ വെച്ച് മാറി താമസിക്കുന്ന കാലമാണ്. അച്ഛൻ എല്ലാം കേട്ടിരിക്കും. എന്നിട്ട് പറയും.
“ഞാൻ അത് പറഞ്ഞാൽ ശരിയാവില്ല. അച്ഛനും അമ്മയും എന്തു കരുതും ഏട്ടന്മാർ എന്തു കരുതും?”
അതിനിടെ രണ്ടു വല്യച്ഛന്മാർ തൊട്ടടുത്തു തന്നെ അവരവരുടെ ഭാഗത്തു വീട് വെച്ചു മാറിയിരുന്നു. പക്ഷെ ഇളയ മകനായത് കൊണ്ട് അച്ഛന് വീട് വെച്ച് മാറുന്നത് അത്ര എളുപ്പമായിരുന്നില്ല. തറവാട് വീട് പലപ്പോഴായി പുതുക്കി പണിതു മാറ്റങ്ങൾ ഒക്കെ വരുത്തിയെങ്കിലും പഴയ ഓർമ്മകൾ അവിടെ ചുറ്റി പറ്റി നിന്നിരുന്നു.
അങ്ങനെ പറഞ്ഞിരുന്ന് ഇരുന്ന് തന്റെ കല്യാണം വരെ അത് നടന്നില്ല. ചേട്ടന് കല്യാണ കാര്യം ഒക്കെ വന്നപ്പോൾ ചേട്ടന്റെ ഒറ്റ വാശിയായിരുന്നു അമ്മയുടെ ആഗ്രഹം പോലെ വേറെ വീട്ടിലേക്ക് മാറിയിട്ടേ കല്യാണം കഴിക്കു എന്ന്.
അങ്ങനെ ഒടുക്കം അമ്മയുടെ വാശി ചേട്ടൻ തിരിച്ചറിഞ്ഞു വീട് പണി തുടങ്ങാൻ തീരുമാനമായി. അതിന്റെ പ്ലാൻ ആണ് അയച്ചിരിക്കുന്നത്.
ഓർമ്മകൾ പൂട്ടി വെച്ച്, വൈകിട്ട് മക്കൾ വരുമ്പോൾ ചൂടാക്കി കഴിക്കാനുള്ളത് അടക്കം ഫ്രിഡ്ജിൽ വെച്ച്, ഒന്ന് ഒരുങ്ങിയെന്നു വരുത്തി അവൾ ഫ്ലാറ്റും പൂട്ടി ഇറങ്ങി ഓടി. മെട്രോയിൽ കയറിയതിന് ശേഷമാണ് ഒന്ന് നേരെ ശ്വാസം വിട്ടത്.
അവൾ ഫോണെടുത്തു പ്ലാൻ ഡൌൺലോഡ് ചെയ്തു. ഇതൊന്നും കണ്ടാൽ തിരിച്ചറിയാനുള്ള ബോധ്യം ഇല്ല. വൈകിട്ട് രമേശേട്ടൻ വരുമ്പോൾ ഒരുമിച്ച് നോക്കാം.
വൈകിട്ട് തിരികെ എത്തിയപ്പോൾ വീടിന്റെ പ്ലാൻ രമേശേട്ടനെ കാണിച്ചു. താൽക്കാലത്തേക്ക് താഴത്തേക്ക് മാത്രം പണി കഴിപ്പിക്കുന്ന മൂന്നു മുറികൾ ഒക്കെയുള്ള ഒരു ചെറിയ നാല് കെട്ടു മോഡൽ വീട്. ഓരോന്നായി രമേശേട്ടൻ പറഞ്ഞ് തന്നപ്പോൾ കൗതുകത്തോടെ നോക്കി ഇരുന്നു ഗീതു. ഒന്ന് രണ്ടു സംശയങ്ങൾ പറഞ്ഞത് കേട്ടപ്പോൾ ഉടനെ ഗൗരി അമ്മയുടെ ഫോണിലേക്ക് വീഡിയോ കാൾ വിളിച്ചു. രമേശേട്ടൻ ചേട്ടനുമായി ആദ്യം കുറച്ചു നേരം സംസാരിച്ചതിന് ശേഷം അമ്മയും ഗീതുവും സംസാരിച്ചു തുടങ്ങി.
“ഒരു കൊല്ലത്തിനുള്ളിൽ പണി തീരുമത്രേ. അപ്പൊ ഇവന്റെ കല്യാണവും പാലുകാച്ചലും കൂടെ ഒരുമിച്ച് നടത്താംന്നാ അവൻ പറയണേ.”
“എന്തായാലും നന്നായി അമ്മേ. അല്ല ഇതിൽ ഏതാ എന്റെ മുറി? ഉമ്മറത്തിനോട് ചേർന്നതല്ലേ?”
“അത് ഏട്ടന്റെ മുറിയാടി. നേരെ ഇപ്പുറത്തു ഞങ്ങളുടെ. മറ്റേ മുറി ആരേലും വന്നാൽ ഒക്കെ കിടക്കാനായിട്ട്. നീ അതിന് ഇവിടെ എപ്പോ വന്നു പാർക്കാനാ. നീ വരുമ്പോ ആ മുറി നിനക്ക്.”
“അല്ലേലും ഞാൻ അവിടെ വന്നു അധികം നിൽക്കില്ലല്ലോ ശരിയാ.”
“ഹാ. പിന്നേ കുറച്ചു കാലം കഴിഞ്ഞാൽ ഇവന് മക്കളൊക്കെ ആവുന്ന കാലത്ത് മുകളിലേക്ക് എടുക്കാം എന്നാ പറയുന്നത്.”
പിന്നെയും അമ്മ എന്തൊക്കെയോ വിശേഷങ്ങൾ പറഞ്ഞു. പക്ഷെ അവളുടെ മനസ്സിൽ ആ ഒരു വിഷയം ചുറ്റിപ്പറ്റി നിന്നു. ഈ ലോകത്തു തന്റേത് മാത്രമായി ഒരു മുറി തനിക്ക് ഇല്ലാതെ പോയല്ലോ.
ഭർത്താവിന്റെ കുടുംബം പണ്ടേ കേരളത്തിന് വെളിയിൽ ആയത് കൊണ്ട് അവർക്ക് നാട്ടിൽ വീടില്ല. രമേഷിന്റെ അച്ഛന്റെയും അമ്മയുടെയും തറവാടുകളെ ഉള്ളു. രമേശിന്റെ അനിയന്റെ ഫ്ലാറ്റിന് അടുത്ത് മറ്റൊരു ഫ്ലാറ്റിലാണ് അച്ഛനും അമ്മയും താമസം. എല്ലാവരും ഫ്ലാറ്റുകളുടെ സൗകര്യവുമായി ഒത്തു പോയിരിക്കുന്നു.
നാട്ടിലേക്ക് പോകുമ്പോൾ പലപ്പോഴും പലയിടങ്ങളിൽ ആയി കറക്കം ആയിരിക്കും എന്നത് കൊണ്ട്, അവിടെ ഒരു വീട് വെക്കുന്നതിനെ പറ്റി അവൾ സൂചിപ്പിച്ചപ്പോൾ, നാട്ടിലേക്ക് മടങ്ങി വരുന്ന സമയത്തേക്ക് നോക്കാം എന്ന തണുത്ത മറുപടി ആണ് അവൾക്ക് കിട്ടിയത്.
അന്ന് രാത്രി കിടക്കാൻ നേരം അവൾ വീണ്ടും രമേശിനോട് പറഞ്ഞു. തന്റെ എക്കാലത്തെയും സ്വപനത്തെ പറ്റി. “എനിക്ക് സ്വന്തമായി ഒരു മുറി വേണം.”
“ഈ മുറി നിന്റെ അല്ലേ? ഈ ഫ്ലാറ്റ് മൊത്തം നിന്റെയല്ലേ പിന്നെയെന്താ?”
“അങ്ങനെ വല്ലോരും ഉണ്ടാക്കി വെച്ച, എന്ന് വേണമെങ്കിലും മാറാവുന്ന മുറിയല്ല. എനിക്ക് എന്റെ മാത്രമായി ഒരു മുറി വേണം. എന്റെ രണ്ടു മക്കൾക്കും വെവ്വേറെ മുറി വേണം. ഈ ലോകത്തിന്റെ ഏത് കോണിൽ പോയാലും തിരിച്ചു വരാൻ ഒരു മുറി വേണം. കല്യാണം കഴിഞ്ഞ് പോയാലും അവർക്ക് അവരുടെ വീട്ടിൽ ഒരു മുറി വേണം”
അടുത്തു കിടക്കുന്ന രണ്ടു മക്കളുടെയും തലയിൽ തലോടി, അവന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു കൊണ്ട് അവൾ പിന്നെയും പിന്നെയും എന്തൊക്കെയോ സ്വപ്‌നങ്ങൾ പറഞ്ഞുകൊണ്ടേ ഇരുന്നു. അങ്ങനെ ഉറങ്ങി പോയി.
കൊല്ലം ഒന്ന് കഴിഞ്ഞു. ഗീതുവും കുടുംബവും അവളുടെ ചേട്ടന്റെ കല്യാണത്തിന് നാട്ടിൽ വന്നതാണ്. കല്യാണത്തിന്റെ തിരക്കുകൾ ഒക്കെ കഴിഞ്ഞപ്പോൾ രമേശ് ഗീതുവിനോട് ഒരു ചെറിയ യാത്രക്ക് തയ്യാറാവാൻ പറഞ്ഞു. മക്കളെ അമ്മയുടെയും അച്ഛന്റെയും അടുത്താക്കി അവർ കാറെടുത്തു ഇറങ്ങി.
ഇങ്ങനെ ചില സർപ്രൈസ് യാത്രകൾ രമേശിന്റെ പതിവാണ്. ചിലപ്പോൾ ഷോപ്പിംഗ്, ചിലപ്പോൾ വെറുതെ എവിടെയെങ്കിലും കറങ്ങാൻ.
അത്തവണ അവർ പോയത് ഒരു വീടുപണി നടക്കുന്ന സ്ഥലത്തേക്കാണ്. സ്ട്രക്ചർ എല്ലാം പൂർത്തിയായി ഇന്റീരിയർ മാത്രം ബാക്കി ഉള്ള ഒരു വീട്.
“ഇതാരുടെ വീടാ രമേശേട്ടാ?”
“ഇതോ, ഇത് നിന്റെ വീട്.”
“ഏഹ്? തമാശ പറയരുത്.”
“സത്യം. നിനക്ക് ഒരു സർപ്രൈസ് ആയിട്ട് പറയാതെ മാറ്റി വെച്ചതാ. ജോലിയുടെ കാര്യമായി ഒന്നുരണ്ടു പ്രാവശ്യം ഞാൻ നാട്ടിലേക്ക് ഒറ്റക്ക് വന്നത് ഇതിന്റെ ചില കാര്യങ്ങൾക്ക് വേണ്ടി കൂടെയാ.”
“എന്നിട്ടെന്താ എന്നോട് പറയാഞ്ഞത്? എന്റെ മോഹങ്ങളും ആഗ്രഹങ്ങളും കൂടെ നോക്കീട്ട് വേണ്ടേ വീട് വെക്കാൻ?”
“അതിനല്ലേ ഇപ്പൊ കൂട്ടിക്കൊണ്ട് വന്നത്. നീ തന്നെ അല്ലേ പറയാറ്. നിനക്ക് പ്ലാൻ കണ്ടാൽ ഒന്നും മനസ്സിലാവില്ല എന്ന്. ഇതിപ്പോൾ നിനക്ക് കണ്ടറിയാമല്ലോ. ഇനി ഇതിൽ എവിടെ എന്തൊക്കെ വേണമെന്ന് നിനക്ക് തീരുമാനിക്കാമല്ലോ. പിന്നേ ഒരു സർപ്രൈസ് കൂടെ ഉണ്ട്.”
“ഇത് തന്നെ താങ്ങാൻ വയ്യ. ഇനി എന്താ അത്?”
“എനിക്ക് നാട്ടിലേക്ക് ഒരു നല്ല ഓഫർ കിട്ടിയിട്ടുണ്ട്. മക്കളുടെ അടുത്ത അക്കാദമിക് ഇയർ തൊട്ട് നമ്മൾ ഇനി നാട്ടിലാണ്. അപ്പഴേക്കും ഇതിന്റെ ബാക്കി പണികൾ തീർക്കണം. അത് വീടിന്റെ ഗൃഹനാഥ വേണ്ടേ തീരുമാനിക്കാൻ.”
“ഈശ്വരാ എനിക്ക് വിശ്വസിക്കാൻ വയ്യ.”
“കയറി വാ നിനക്ക് ഞാൻ ഒരു സൂത്രം കാണിച്ചു തരാം.”
രമേശിന്റെ കൈ പിടിച്ച് അവൾ മുകളിലെ നിലയിലേക്ക് കയറി. അവിടെ ഒരു മൂലക്ക്, രണ്ടു വശവും തുറന്ന ഒരു മുറി. ഒരു വശത്തെ ചുമരിൽ നിറയെ അലമാര അറകൾ പോലെ വാർത്തിട്ടുണ്ട്.
“ഇതാണ് നീ സ്വപ്നം പറഞ്ഞ നിന്റെ മുറി. നിനക്ക് ഇഷ്ടമുള്ള പോലെ ഇത് നിന്റെ വായന മുറി ആയോ, വേണേൽ കിടപ്പുമുറി ആയോ എങ്ങനെ വേണേൽ ഉപയോഗിക്കാം. ഇഷ്ടമുള്ള ഇന്റീരിയർ ചെയ്യാം. ഇഷ്ടമുള്ള പെയിന്റ് അടിക്കാം. പുറത്തേക്ക് ചെറിയൊരു ടെറസ്സുണ്ട്. അവിടെ ചെറിയ പൂന്തോട്ടമാകാം. നിനക്ക് ഇഷ്ടമുള്ളതെന്തും ആവാം. പക്ഷെ ഇടക്ക് നമ്മുടെ മാസ്റ്റർ ബെഡ്റൂമിലേക്ക് കൂടെ വരണം കേട്ടോ.”
സന്തോഷം കൊണ്ട് വിങ്ങി പൊട്ടി രമേശിനെ ഇറുക്കി കെട്ടി പിടിക്കുമ്പോൾ, മൂർദ്ധാവിൽ അവന്റെ ചുംബനം ഏറ്റു വാങ്ങുമ്പോൾ അവൾ വീണ്ടും സ്വപ്‌നങ്ങൾ മെനയുകയായിരുന്നു അവളുടെ സ്വന്തം മുറി.
© remyabharathy