ഏട്ടൻ പെട്ടന്നൊരു ദിവസം ഒരു പെണ്ണിനേയും വിളിച്ചു വീട്ടിലേക്ക് കയറി വന്നപ്പോൾ അമ്മയെക്കാളും ദേഷ്യവും സങ്കടവും വന്നത് എനിക്കായിരുന്നു…

ഏട്ടത്തിയമ്മ….

Story written by Aparna Dwithy

==============

ഏട്ടൻ പെട്ടന്നൊരു ദിവസം ഒരു പെണ്ണിനേയും വിളിച്ചു വീട്ടിലേക്ക് കയറി വന്നപ്പോൾ അമ്മയെക്കാളും ദേഷ്യവും സങ്കടവും വന്നത് എനിക്കായിരുന്നു.

തന്റേത് മാത്രമെന്ന് കരുതിയ ഏട്ടന്റെ സ്നേഹവും കരുതലും വേറൊരു പെണ്ണിന് പങ്കുവെക്കുന്നത് എനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. അതിന്റെ ദേഷ്യം ഞാൻ ഏട്ടത്തിയോട് പ്രകടിപ്പിക്കുക തന്നെ ചെയ്തു.

തൊട്ടതിനും പിടിച്ചതിനും ഒക്കെ ദേഷ്യപെടുമായിരുന്നു ഞാൻ. എന്റെ ശകാരം കേട്ട് മാറി നിന്നു കരയുന്ന ഏട്ടത്തിയെ കാണുമ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചിരുന്നു. പതിയെ പതിയെ അച്ഛനും അമ്മയ്ക്കും ഏട്ടത്തിയോടുള്ള ദേഷ്യം അലിഞ്ഞില്ലാതായി.

എന്നും പുലർച്ചയ്ക്ക് എഴുന്നേറ്റ് കുളിച്ചു അടുക്കളയിൽ കയറി പറയാതെ തന്നെ എല്ലാ ജോലികളും ചെയ്തു തീർക്കുന്ന ഏട്ടത്തി എന്റെ അമ്മയുടെ സങ്കല്പങ്ങൾക്കും അപ്പുറമുള്ള മരുമകൾ ആയിരുന്നു.

പറമ്പിൽ പണി ചെയ്ത് ക്ഷീണിച്ചിരിക്കുന്ന സമയത്തു ഭക്ഷണവും വെള്ളവുമായി എത്തുന്ന ഏട്ടത്തി അച്ഛനും സ്നേഹനിധിയായ മരുമകളായിരുന്നു. പക്ഷേ ഇതൊക്കെയും ഏട്ടത്തിയോടുള്ള എന്റെ ദേഷ്യത്തിന് ആക്കം കൂട്ടുകയായിരുന്നു. ഏട്ടത്തിയോടുള്ള എന്റെ പെരുമാറ്റം ഏട്ടനേയും വിഷമിപ്പിച്ചിരുന്നു.

“മോളെന്തിനാ ഏട്ടത്തിയെ എപ്പോളും വഴക്ക് പറയുന്നത് ഏട്ടത്തി പാവമല്ലേ ” എന്നൊരിക്കൽ ഏട്ടൻ വന്നു പറഞ്ഞപ്പോൾ എനിക്ക് ദേഷ്യമിരട്ടിച്ചു

‘ഓ അപ്പോൾ ഞാൻ പാവമല്ലെന്നാവും ഏട്ടൻ പറഞ്ഞു വരണത്, എനിക്കറിയാം എന്നെ കുറിച്ചു ഇല്ലാത്തതൊക്കെയും ആ സാധനം പറഞ്ഞുതന്നിട്ടുണ്ടാവും ‘

അതിന് ശേഷം ഏട്ടനും എന്റെയടുത്തേക്ക് ഏടത്തിയുടെ സൈഡ് പിടിച്ചു വന്നിട്ടില്ല. എത്ര വഴക്ക് കേട്ടാലും ഏട്ടത്തി എന്റെ കാര്യങ്ങൾക്ക് ഒരു മുടക്കവും വരുത്തിയിരുന്നില്ല.

ഒരു ദിവസം ഏട്ടൻ പുറത്തേക്കെവിടെയോ പോകാൻ ഇറങ്ങും നേരം ഏട്ടത്തിയെ കൂടെ വിളിച്ചപ്പോൾ “എന്നാൽ പിന്നെ നമ്മുക്ക് അപ്പുവിനേം കൂടെ കൂട്ടാം നമ്മൾ അല്ലാതെ ആരാ അവളെ പുറത്തോട്ടൊക്കെ കൊണ്ടുപോവുക” എന്നു പറഞ്ഞ ഏട്ടത്തിയോട് ഉള്ളിൽ  ഇത്തിരി ഒരു സ്നേഹം തോന്നിയെങ്കിലും പുറമേ അത് കാട്ടാതെ അല്പം അഹങ്കാരത്തോടെ തന്നെ ഞാനും അവരുടെ കൂടെ ഇറങ്ങി.

എപ്പോളും ദേഷ്യപ്പെടാറുള്ള ഞാൻ പതിവിനു വിപരീതമായി ഒന്നും മിണ്ടാതെ കൂടെ പോയതുകൊണ്ടാവാം  ഏടത്തിയുടെ മുഖത്തു ഒരു തെളിച്ചമൊക്കെ കണ്ടത്.

ആദ്യമായ് എന്നെ മാളിൽ കൊണ്ടുപോയി ഞാൻ പറയാതെ തന്നെ എനിക്കിഷ്ടപ്പെട്ട സാധനങ്ങൾ ഒക്കെയും വാങ്ങിതന്നപ്പോൾ ഞാൻ ഏട്ടത്തിയെ അത്ഭുതത്തോടെ നോക്കി നിന്നു.

“അപ്പു നമ്മുക്ക് ഐസ് ക്രീം കഴിച്ചാലോ…?” ഏടത്തിയുടെ ചോദ്യം കേട്ട് ഞാൻ മറുപടി നൽകും മുൻപേ ഏട്ടത്തി നിങ്ങളിവിടെ ഇരിക്കൂ ഞാൻ വാങ്ങിയിട്ട് വരാം എന്ന് പറഞ്ഞു ഓടി പോയി.

ഇത്രയൊക്കെ ഞാൻ വെറുപ്പിച്ചിട്ടും ഇവരെന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത് എന്ന് ഞാൻ മനസിലോർത്തു.

“അപ്പൂ….നിന്റെ ഏട്ടത്തിയെ കുറിച്ചു മോൾക്ക് വല്ലതും അറിയാമോ ?” ഏട്ടന്റെ  ചോദ്യം എന്നെ ചിന്തയിൽ നിന്നുമുണർത്തി.

എന്താ എന്നർത്ഥത്തിൽ ഞാൻ ഏട്ടന്റെ മുഖത്തേക്ക് നോക്കി.

“വലിയ തറവാട്ടിൽ ഒക്കെ ജനിച്ചു വളർന്നതാണ് അനു, പക്ഷേ പറഞ്ഞിട്ടെന്താ ജനിച്ചപ്പോളെ അമ്മ മരിച്ചു. അവൾക്ക് രണ്ടുവയസ്സ് തികയും മുൻപ്‌ അവളുടെ അച്ഛനും. പിന്നെ മുത്തശ്ശിയുടെയും അമ്മാവന്മാരുടെയും സംരക്ഷണത്തിൽ ആയിരുന്നു വളർന്നത്. സംരക്ഷണം എന്നൊന്നും അതിനെ പറയാൻ പറ്റില്ല ഒരു വേലക്കാരിയുടെ സ്ഥാനം മാത്രമേ അവൾക്കാ വീട്ടിൽ ഉണ്ടായിരുന്നു. മുത്തശ്ശി ഉള്ളതുകൊണ്ട് ആരും അവളെ ഇറക്കി വിട്ടില്ല…

ആ കഷ്ടപ്പാടിലും അവൾ നന്നായി പഠിച്ചു. കോളേജിൽ വെച്ചാണ് ഞാൻ നിന്റെ ഏട്ടത്തിയെ ആദ്യമായ് കാണുന്നത്. എന്റെ ജൂനിയർ ആയിരുന്നു അവൾ. അവളുടെ കൈകളിൽ എപ്പോളും മു റിവുകളുടെയും, പൊ ള്ളലുകളുടെയും പാടുകൾ മായാതെ നിന്നിരുന്നു…..

അവളുടെ ഒരു കൂട്ടുകാരിയാണ് ഈ കഥകൾ ഒക്കെയും ഏട്ടനോട് പറഞ്ഞത് അപ്പോളെ മനസ്സിൽ ഉറപ്പിച്ചതാ അവളെ നമ്മുടെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന്. മോളോട് പറയാൻ നിന്നതായിരുന്നു ഇതൊക്കെയും, ആയിടയ്ക്കാണ് അവളുടെ മുത്തശ്ശിയും മരിച്ചത്. പിന്നീട് അവളുടെ ജീവിതം കൂടുതൽ കഷ്ടത്തിലായി…

അവിടെ ഇട്ട് കൂടുതൽ കഷ്ട്ടപെടുത്താൻ തോന്നിയില്ല അതുകൊണ്ടാണ് നമ്മുടെ വീട്ടിലേക്ക് കൊണ്ടുവന്നത്. മനസ്സമാധാനം എന്താണെന്ന് അവളറിഞ്ഞത് നമ്മുടെ വീട്ടിൽ വന്നപ്പോളാ…അപ്പോളും അവൾക്കൊരു വിഷമമേ ഉണ്ടായിരുന്നുള്ളു. മോളുടെ അവളോടുള്ള പെരുമാറ്റം….

എനിക്കറിയാം പെട്ടന്ന് ഏട്ടൻ ഒരു പെണ്ണിനേം വിളിച്ചുകൊണ്ട് വരുമ്പോൾ മോൾക്കത് അംഗീകരിക്കാൻ പറ്റില്ലെന്ന് പക്ഷേ അവളെ  ആ വീട്ടിൽ ഇനിയും തുടരാൻ അനുവദിച്ചിരുന്നെങ്കിൽ…..”

‘ആഹാ രണ്ടാളും വർത്തമാനോം പറഞ്ഞോണ്ടിരിക്കുവാനോ വന്നേ നമ്മുക്ക് ഐസ് ക്രീം കഴിക്കാം ‘

അപ്പോളാണ് ഞാൻ ഏട്ടത്തിയെ ശരിക്കും ശ്രദ്ധിക്കുന്നത്. മെലിഞ്ഞുണങ്ങിയ ശരീരമാണേലും നല്ല ഐശ്വര്യമാണ് ആ മുഖത്തിനു. ഏട്ടൻ പറഞ്ഞതുപോലെ കയ്യിൽ നിറയെ പൊള്ളലേറ്റതിന്റെയും മുറിഞ്ഞതിന്റെയും പാടുകളായിരുന്നു.

പാവം ഏട്ടത്തി…..ഇത്രയും നാളും ഞാൻ വേദനിപ്പിച്ചതോർത്തു എന്റെ കണ്ണുനിറഞ്ഞു.

‘മോളെന്താ ഇങ്ങനെ നോക്കുന്നത്. ദേഷ്യമാണോ ഇപ്പോളും ഏട്ടത്തിയോട് ‘ ആ കണ്ണുകളും നിറയാൻ തുടങ്ങിയിരിക്കുന്നു.

ഓടി ചെന്നു ഏട്ടത്തിയെ കെട്ടിപിടിച്ചു മാപ്പ് പറഞ്ഞപ്പോൾ. “എന്തിനാ ന്റെ മോള് മാപ്പ് പറയണത്. ഏട്ടത്തിക്ക് സങ്കടമൊന്നുമില്ലാട്ടോ എന്റെയും അനിയത്തികുട്ടിയല്ലേ നീയ്യ്…” എന്ന് പറഞ്ഞെന്നെ നെഞ്ചോട് ചേർത്തു പിടിച്ചു ന്റെ ഏട്ടത്തിയമ്മ.

******************

ഇപ്പോൾ ഏട്ടത്തിയാണെന്റെ ബെസ്ററ് ഫ്രണ്ട്. ആളിപ്പോ പഴയ പോലൊന്നുമല്ല എന്റെ കൂടെ കൂടി നല്ല സ്മാർട്ട് ആയി മാത്രമല്ല ഞാൻ ഒരു ചെറിയമ്മ ആവാൻ പോകുവാണ് ട്ടോ….

മടിപിടിച്ചു കോളേജിൽ ഒന്നും പോകാതെ ഏട്ടത്തിക്ക് വേണ്ടി മാവേലെറിയലാണെന്റെ സ്ഥിരം പരിപാടി. ഇതൊക്കെ കണ്ട് കുശുമ്പും പിടിച്ചു ഒരാളിവിടെ ഇരിപ്പുണ്ട്  “ന്റെ ഏട്ടൻ “……

~അപർണ