കിടക്കയിൽ കിടന്നുകൊണ്ട് തന്നേ കൈയ്യെത്തിച്ച് ഫോണെടുത്ത് സുധി ചെവിയോരം ചേർത്തു…

അഞ്ജലി…

എഴുത്ത്: വൈദേഹി വൈഗ

================

അർദ്ധ മയക്കത്തിലായിരുന്നു സുധി, ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് കേട്ട് അല്പം നീരസത്തോടെയാണ് എണീറ്റത്.

രാത്രി മുഴുവൻ മുറിയുടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു അവൻ, എന്തൊക്കെയോ മനസ്സിനെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു. കണ്ണടച്ചാൽ പേടിപ്പെടുത്തുന്ന ദുസ്വപ്നങ്ങളാണ്….

പുലർച്ചെ എപ്പോഴോ ആണ് ഒന്ന് മയങ്ങിയത്, അപ്പോഴേക്കും ദേ…

കിടക്കയിൽ കിടന്നുകൊണ്ട് തന്നേ കൈയ്യെത്തിച്ച് ഫോണെടുത്ത് സുധി ചെവിയോരം ചേർത്തു. നിധീഷാണ്, ഉറ്റസുഹൃത്ത്…

“ഹലോ….”

ശബ്ദത്തിൽ ഉറക്കം പാതിയിൽ മുറിഞ്ഞതിന്റെ ആലസ്യം,

“നീ എവിടെ….”

“വീട്ടിലുണ്ട്, അല്ലാതെ ഈ നേരത്ത് ഞാൻ എവിടെ പോവാനാടാ….”

“ഞാൻ ഇപ്പൊ അങ്ങോട്ട് വരാം, നീ ഒന്ന് ഫ്രഷ് ആയി നിൽക്ക്….”

“ഈ കൊച്ചുവെളുപ്പാൻ കാലത്ത് നീ ഇതെങ്ങോട്ട് പോവുന്ന കാര്യമാ ഈ പറയണേ….”

“അത്….അത് പിന്നെ….” നിധീഷിന്റെ സ്വരത്തിൽ പതർച്ച,

“നീ നിന്ന് ബാലചന്ദ്രൻ കളിക്കാതെ കാര്യം പറയുന്നുണ്ടോ നിധീഷേ….”

“എടാ..അത്…നമുക്ക് അഞ്ജലീടെ വീട് വരെ ഒന്ന് പോണം….”

“എന്തിന്….”

“എടാ…അത്….”

“ഒന്ന് പറഞ്ഞു തുലക്കുന്നുണ്ടോ നീ….”

സുധിയുടെ ശബ്ദം ഉയർന്നു,

“എടാ…അവള്…അവളിന്നലെ രാത്രി….”

പിന്നൊന്നും അവൻ കേട്ടില്ല, കേൾക്കാനുള്ള ത്രാണി അവനുണ്ടായിരുന്നില്ല എന്നതാണ് സത്യം.

അഞ്ജലി….

അവള് ഇന്നലേ രാത്രി ആ ത്മഹത്യ ചെയ്തുവത്രേ….

ഇന്ന് ഏപ്രിൽ ഒന്നാണോ,

അറിയാതെ അവന്റെ നിറഞ്ഞു തുളുമ്പാറായ മിഴികൾ ചുവരിലെ കലണ്ടറിലേക്ക് പാഞ്ഞു,

അല്ല, ഏപ്രിൽ അല്ല… അവൻ വെറുതെ എന്നെ പറ്റിക്കാൻ പറഞ്ഞതാവും അല്ലാതെ അവള്…അവളങ്ങനെയൊന്നും….

സുധി കിടക്കയിൽ മലർന്നു കിടന്നു, കണ്ണുകൾ ഇറുക്കിയടച്ചപ്പോൾ കണ്ണുനീർ ചെന്നിയിലൂടെ താഴേക്ക് ഒഴുകിയിറങ്ങി…

അപ്പോഴും മനസ്സിൽ നിറഞ്ഞത് അഞ്ജലിയുടെ ചിരിക്കുന്ന മുഖമായിരുന്നു….

അവൾക്കെപ്പോഴും ചിരിക്കുന്ന മുഖമാണ്, അവൾ വിഷമിച്ചിരിക്കുന്നതോ കരയുന്നതോ ആരും കണ്ടിട്ടില്ല. എപ്പോഴും ഭംഗിയിൽ പുഞ്ചിരിച്ചു കൊണ്ട് പാറിപറക്കുന്നൊരു പൂമ്പാറ്റ, അഞ്ജലി….

കണക്ക് പരീക്ഷയിൽ രണ്ട് മാർക്കും വാങ്ങി എട്ടുനിലയിൽ പൊട്ടിനിൽക്കുമ്പോഴും അതേചിരി, അടുത്ത എക്സാമിൽ 100 ന് 99 വാങ്ങുമ്പോഴും അതേ ചിരി.

എംബിബിഎസിന് എൻട്രൻസ് എഴുതി കിട്ടാതെ വന്നപ്പോഴും കലാതിലകപ്പട്ടം ജസ്റ്റ്‌ മിസ്സായി കൈയീന്ന് പോയപ്പോഴും, എന്തിനേറെ അവളുടെ ജീവന്റെ ജീവനായ അച്ഛൻ മരിച്ചപ്പോൾ പോലും അവൾ കരഞ്ഞു കണ്ടിട്ടില്ല.

ആ അവൾ ആ.ത്മഹത്യ ചെയ്‌തെന്ന് വിശ്വസിക്കാൻ മാത്രം വിഡ്ഢിയല്ല ഞാൻ…

സുധിക്ക് പൊട്ടിക്കരയണമെന്ന് തോന്നി,

നിധീഷ് വന്നപ്പോൾ മാത്രമാണ് അവൻ കിടക്കവിട്ടെഴുന്നേറ്റതുപോലും, വാഡ്രോബ് തുറന്നപ്പോൾ കണ്ണിലുടക്കിയത് ഒരു ഗ്രേ ഷർട്ടാണ്, അത് കൈയിലെടുക്കുമ്പോൾ മനസിലേക്കോടിയെത്തിയത് അവളുടെ വാക്കുകളാണ്.

“നിനക്കീ ഷർട്ട്‌ നന്നായിട്ടുണ്ട് കേട്ടോടാ സുധിയേട്ടാ….”

അതിന് ശേഷം പിന്നിന്നെ വരെ ആ ഷർട്ട്‌ കൈകൊണ്ടു തൊട്ടിട്ടില്ല അവൻ, അല്ലെങ്കിലും കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയാൻ ആരും ശ്രമിക്കാറില്ലല്ലോ…

നിധീഷിന്റെ പിന്നിൽ ബൈക്കിലിരിക്കുമ്പോൾ ഒരു സിനിമ പോലെ അവളുടെ ഓർമ്മകൾ മനസിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നു,

ഒരേ ക്ലാസ്സിലാണെങ്കിലും ഒരേ പ്രായമാണെങ്കിലും തന്നേ അവൾ സുധിയേട്ടാന്നെ വിളിച്ചിട്ടുള്ളൂ, മറ്റാരേക്കാളും അടുപ്പവും അവൾക്ക് തന്നോടായിരുന്നു, എന്തും….ഏത് രഹസ്യവും തന്നോട് പറയുന്നതായിരുന്നു അവൾക്ക് ആശ്വാസം,

ഒരിക്കൽ അവൾ ചോദിച്ചു,

“സുധിയേട്ടനെന്നെ കെട്ടിക്കൂടെ എന്ന്,

അന്ന് അതൊരു തമാശയായി തോന്നിയെങ്കിലും അവൾ കല്യാണം കഴിഞ്ഞു പോയപ്പോഴാണ് മനസിലായത്, താനും അവളെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന്…

അവളുടെ വീടെത്തിയത് അറിഞ്ഞത് പോലും നിധീഷ് പറഞ്ഞപ്പോഴാണ്, ഒരുപാട് പേർ അവിടവിടായി കൂടി നിൽക്കുന്നുണ്ട്. എങ്ങും മൂകമാണ്. ഇടയ്ക്കിടെ ഉയരുന്ന തേങ്ങലുകളൊഴിച്ചാൽ എങ്ങും നിശബ്ദത….

സുധിക്ക് അസ്വസ്ഥത തോന്നി. അഞ്ജലിയുടെ ഭർത്താവ്  മുറ്റത്തെ പൂത്തുനിൽക്കുന്നൊരു അരളിമരച്ചുവട്ടിൽ നിൽപ്പുണ്ട്, അയാളുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്. അയാൾ അഭിനയിക്കുകയാണ്, അയാൾ വെറുതെ സങ്കടമുണ്ടെന്ന് നടിക്കുകയാണ്…

അഞ്ജലിയുടെ അടുക്കൽ തന്നേ അവളുടെ അമ്മ ഇരുപ്പുണ്ട്, കരഞ്ഞു തളർന്നെങ്കിലും അവർ വിതുമ്പുന്നുണ്ട്. സുധിക്ക് അതും അഭിനയമാണ് എന്ന് തോന്നി, എല്ലാവരും അഭിനയിക്കുകയാണ്,

എല്ലാവരും ചേർന്ന് അവളെ ചതിക്കുകയായിരുന്നില്ലേ, തുടർന്നും  പഠിക്കണമെന്നായിരുന്നു അവളുടെ മോഹം, പക്ഷെ അമ്മയുടെ നിർബന്ധത്തിനു മുന്നിൽ വിവാഹത്തിന് സമ്മതിക്കുകയല്ലാതെ അവൾക്ക് വേറെ മാർഗ്ഗമില്ലായിരുന്നു…

എല്ലാവരും കൂടി ചതിക്കുകയായിരുന്നു അവളെ….

സത്യത്തിൽ താനും അവളെ ചതിച്ചില്ലേ…

ഉള്ളിലുള്ള ഇഷ്ടം ഒരിക്കലെങ്കിലും തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇപ്പോഴും അവൾ തന്റെ കൂടെ ഉണ്ടാവുമായിരുന്നില്ലെ….വിടരുന്ന പുഞ്ചിരിയോടെ….

അഞ്ജലിയെ ചിതയിലേക്കെടുക്കാൻ നേരം പെട്ടെന്ന് വാനം പൊട്ടിപിളർന്ന പോൽ മഴ പെയ്തു. എല്ലാവരുടെയും കണ്ണുനീർ മഴത്തുള്ളികളിലലിഞ്ഞു…

പിന്നെയൊരു നിമിഷം പോലും അവിടെ നിൽക്കാൻ സുധിക്ക് കഴിഞ്ഞില്ല,

അലറിപ്പെയ്യുന്ന മഴയിലൂടെ, എങ്ങോട്ടെന്നില്ലാതെ അവൻ നടന്നു, ഒപ്പം അവളുടെന്ന തോന്നലിലാവണം ആ മഴയിൽ, ഏതോ ഒരു റെയിൽപാളത്തിൽ, അവനും അലിഞ്ഞില്ലാതായത്….