സൗഹൃദത്തിന്റെ നേർത്ത അതിർവരമ്പുകൾ…
എഴുത്ത്: നിഷ പിള്ള
================
പുതിയ ഓഫീസിലെത്തി. ജോയിൻ ചെയ്യാനായി മാനേജരുടെമുന്നിലെത്തി. ഒപ്പിടാനായി രജിസ്റ്റർ നീക്കി വെച്ചുതന്ന മാനേജരുടെ മുഖത്തേക്കൊന്നു പാളിനോക്കി. നല്ല പരിചയം തോന്നുന്നു. മുൻപ് കണ്ടിരിക്കാൻ ഒട്ടും സാധ്യതയില്ല. വ്യത്യസ്ത സോണുകളിലാണ് ഇതുവരെ ജോലി ചെയ്തിരുന്നത്. യാദൃച്ഛികമായ ഒരു തോന്നൽ മാത്രമായിരിക്കും. ഒപ്പിട്ടു എഴുന്നേറ്റപ്പോൾ ഷേക്ക് ഹാൻഡിനായി മാനേജർ കൈ നീട്ടി.
”കാർത്തികയ്ക്കു എന്നെ ഓർമ്മയുണ്ടോ?”
അവൾ മുഖം ഉയർത്തി നോക്കി. ആറടിയോളം പൊക്കമുള്ള ഒരു യുവാവ്. കട്ടി മീശ. തടിച്ച പുരികങ്ങൾ, സാമാന്യം വലുപ്പം തോന്നുന്ന കണ്ണുകൾ. വീതിയേറിയ ഉയർന്ന നെറ്റി. ഓർമ്മകൾ വർഷങ്ങൾക്കു പുറകിലോട്ടു ഒന്ന് എത്തി നോക്കി.
“സാം? സാം ജോൺസൻ, നീയോ? സോറി സർ, ഒട്ടും പ്രതീക്ഷിച്ചില്ല. പേര് കണ്ടപ്പോൾ പോലും ഓർമ്മ വന്നില്ല”
കുറെ നേരം പരസ്പരം നോക്കിനിന്നു. ഡിഗ്രി ക്ലാസ്സിലെ പഠിപ്പിസ്റ്റായ, ആരോടും മിണ്ടാത്ത സാം, പെൺകുട്ടികളുടെ ആരാധനാകേന്ദ്രമായ സാം. അവസാന വർഷ ടൂറിൽ ഒന്നിച്ചൊരു സീറ്റിലിരുന്നു യാത്ര ചെയ്തത് ഒഴിച്ചാൽ അവനെ കുറിച്ച ഓർമിക്കാനായി അവളുടെ ഓർമകളിൽ ഒന്നുമില്ല. എല്ലാവരും ഡാൻസ് ചെയ്തു ക്ഷീണിച്ചുറങ്ങി പോയ ആ രാത്രിയിൽ ,ഉറങ്ങാതിരുന്ന അവളോട് വീട്ടിലെ പ്രാരാബ്ധകഥ അവൻ പറഞ്ഞു തന്നത്. കഴിവുണ്ടായിട്ടും അവസരങ്ങൾ കിട്ടാതിരുന്നതിനെക്കുറിച്ചും , അന്തർമുഖനായതിനെ കുറിച്ചുമൊക്കെ…. രാവിലെ പിരിയുമ്പോൾ അവനു നല്ല സങ്കടമുണ്ടായിരുന്നു. നല്ലൊരു കേൾവിക്കാരിയായതിന് അവളോട് നന്ദി പറഞ്ഞു. പരീക്ഷ കഴിഞ്ഞു പിരിഞ്ഞതോടെ പിന്നെ പരസ്പരം കണ്ടിട്ടില്ല.
അവൾ സീറ്റിലേക്കു മടങ്ങുമ്പോഴും അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു സാം.
“മാനേജർക്ക് ഇതെന്തു പറ്റി? സർ ഇതാദ്യമായിട്ടാണ് ചിരിച്ചു കണ്ടത്. ഇന്ന് പിറന്നാളാണോ എന്തോ? എല്ലാവർക്കും പഫ്സും ചായയും പറഞ്ഞിട്ടുണ്ട്.”
പ്യൂൺ രാമേട്ടൻ എല്ലാവരോടുമായി പറഞ്ഞു.
”നമ്മൾ മുൻ പരിചയക്കാരാണെന്നു ഇവിടെ ആരും അറിയണ്ട. എനിക്ക് ക്രൂരനായ മാനേജരുടെ റോൾ ആണിവിടുള്ളത്. മറ്റുള്ളവരുടെ മുൻപിൽ ഞാനിത്തിരി മസിൽ പിടിക്കും.”
വൈകിട്ട് അവളെ ഓട്ടോയിൽ കയറ്റി വിടുമ്പോൾ സാം പറഞ്ഞു.
“സലോമിയ്ക്കാരെയും കാറിൽ കയറ്റുന്നത് ഇഷ്ടമല്ല. ഞാൻ ഹാപ്പി ആകുന്നതും അവൾക്ക് ഇഷ്ടമല്ല. പതിനഞ്ചുകാരനായ മകനാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. അവനോടു പറയാൻ പറ്റാത്ത പല കാര്യങ്ങളും ഒരു അപ്പന്റെ മനസിലുണ്ടാകില്ലേ. തന്നെ എന്റെ മുന്നിൽകൊണ്ടുവന്നത് ഏതു ശക്തിയാണെങ്കിലും ഞാനതിനോട് നന്ദിയുള്ളവനാണ്.മിണ്ടാനും പറയാനും ഒരാളായല്ലോ.”
എല്ലാവരും ഒത്തൊരുമയോടെ ഭക്ഷണം കഴിക്കുന്ന ഡൈനിങ്ങ് ഹാളിൽ സാം കയറാറില്ല. അയാൾ ക്യാബിനിലിരുന്നാണ് ഭക്ഷണം കഴിയ്ക്കുന്നത്. കാർത്തിക തന്റെ പാചക നൈപുണ്യം പാത്രത്തിലാക്കി സ്നേഹത്തോടെ സഹപ്രവർത്തകർക്ക് വിളമ്പി കൊടുത്തു.
“ഇന്നെന്തായിരുന്നു കറി, മണം ഇങ്ങ് ക്യാബിനിൽ വരെയെത്തി, എനിക്കന്റെ അമ്മച്ചിയെ ഓർമ്മ വന്നു…. ഒന്നും കഴിച്ചില്ല. ഇന്ന് അതിന്റെ പേരിൽ വീട്ടിലൊരു വഴക്കുണ്ടാകും. നാളെ ഭക്ഷണം ഹോട്ടലിൽ നിന്നാകും . “
ഇത് പറഞ്ഞ് സാം പൊട്ടിച്ചിരിച്ചു.
“അവളൊരു പാവമാടോ , എപ്പോഴും ഞാൻ അടുത്ത് വേണം. ജോലിയിലെ കർക്കശ സ്വഭാവം മൂലം ഇടയ്ക്കിടയ്ക്ക് ട്രാൻസ്ഫർ ഉണ്ടാകും. ഞാൻ പോകുന്നിടത്തൊക്കെ മോനേയും അവളേയും കൊണ്ടുപോകണം. സ്കൂൾ മാറി മാറി ചെക്കന്റെ പഠനം ഒരു വഴിയ്ക്കായി “
“ഇതിന് സംശയരോഗമെന്നും പറയും സാം. ഭംഗിയുള്ള ഭർത്താക്കൻമാരുള്ള ചില പെണ്ണുങ്ങൾക്കുള്ളതാ ഈ പണി. സ്നേഹമെന്ന് പറഞ്ഞവരെ കെട്ടി മുറുക്കും.അനങ്ങാൻ വിടില്ല,സ്വാതന്ത്ര്യം കൊടുക്കില്ല.ഇതാണ് സ്നേഹമെങ്കിൽ ആൾക്കാർ വീർപ്പുമുട്ടി ചത്ത് പോകും.”
“ശരിയാണ് കാർത്തി ,നീ അതങ്ങു തുറന്നു പറഞ്ഞു.സത്യമാണെങ്കിലും പരാജിതനാണെന്ന് സമ്മതിക്കാൻ വയ്യ,മറ്റുള്ളവരെ അറിയിക്കാൻ വയ്യ.”
“ഇതൊക്കെ എല്ലാവരുടെയും ജീവിതത്തിൽ ഉള്ളതാണ്,കുറച്ചു നഷ്ടങ്ങൾ ,നഷ്ട സ്വപ്നങ്ങൾ!!!സ്വാഭാവികം.കുറെയൊക്കെ അഡ്ജസ്റ്റ്മെന്റ്സിൽ അങ്ങ് പോകണം.എന്തായാലും പറഞ്ഞത് നന്നായി. തന്നോട് ആവശ്യമില്ലാത്ത സ്വാതന്ത്ര്യമൊന്നും ഞാൻ കാണിക്കില്ല സാം.”
“എന്റെ പ്രശ്നങ്ങളൊക്കെ അറിയാവുന്ന തനിക്കു എന്നെ എളുപ്പത്തിൽ മനസിലാക്കാൻ പറ്റും.”
“അതങ്ങനെ തന്നെയാണല്ലോ, നാളെ തനിക്കുള്ള ഉച്ച ഭക്ഷണം ഞാൻ കൊണ്ടു വരാം, ഹോട്ടലിൽ ഒന്നും പോകണ്ട. ആരുമറിയാതെ ഒപ്പിടാൻ ക്യാബിനിൽ കയറുമ്പോൾ ഞാൻ നിന്റെ ബാഗിൽ വച്ചോളാം. നിന്റെ പ്രതിച്ഛായക്ക് കോട്ടം വരണ്ട.”
വൈകിട്ട് ഇറങ്ങാൻ നേരത്തു മാത്രമാണ് പരസ്പരം സംസാരിക്കുന്നത്. ദൂരെയുള്ളവർ പെട്ടെന്ന് സീറ്റ് കാലിയാക്കി യാത്രയാകുമ്പോൾ മാനേജരും അവളും മാത്രമാകും. പെന്റിങ് വർക്കുകൾ തീർത്തു അവൾ സീറ്റിൽ നിന്ന് എണീക്കുന്നതുവരെ സാം അവളോട് സംസാരിക്കാനായി കാത്തു നിൽക്കും.
“ഇന്നുച്ച കഴിഞ്ഞു ഒരു പണിയും നടന്നില്ല.കുശാലായ ഭക്ഷണം, പിന്നെ ഉച്ച മയക്കം,എന്ത് രുചിയായിരുന്നു തന്റെ കറികൾക്കൊക്കെ? റെസിപ്പി ഒന്ന് പറഞ്ഞു തരണേ. ഞായറാഴ്ച ഞാനും മോനും കൂടെ ഒന്ന് പരീക്ഷിച്ചു നോക്കട്ടെ.”
“അതൊക്കെ പറഞ്ഞു തരാം,പക്ഷെ സ്നേഹത്തോടെ കഴിക്കുന്ന ആളെ മനസ്സിലോർത്തു സ്നേഹം മേമ്പടിയായി വിതറിയാലേ ഈ രുചി കിട്ടൂ, പിന്നെ കുറച്ചു കൈപ്പുണ്യം താളിക്കണം. അപ്പോൾ മണവുമായി ഗുണവുമായി.”
കാർത്തിക പൊട്ടിച്ചിരിച്ചു.സാമിന്റെ മുഖം ഒരേ സമയം നാണം കൊണ്ട് കൂമ്പുകയും സന്തോഷം കൊണ്ട് വിടരുകയും ചെയ്തത് കൺകോണിലൂടെ അവൾ കണ്ടു,തിരിഞ്ഞു നോക്കാതെ ബാഗുമെടുത്തവൾ പുറത്തിറങ്ങി.”
***********************
കുറച്ചു ദിവസമായി സാം പഴയ പോലെ മുഖം തരുന്നില്ല, അടുപ്പം കാണിക്കുന്നില്ല, സംസാരിക്കുന്നില്ല. അവൾക്കു നല്ല കോപം വന്നു, ടെൻഷനായി. താനെന്തു തെറ്റ് ചെയ്തിട്ടാണ്. എല്ലാവരെയും സ്നേഹിക്കാനും സഹായിക്കാനും മാത്രമേ പഠിച്ചിട്ടുള്ളു. ഓഫീസിലെ ചായ സമയം കഴിഞ്ഞനേരം ഫയലുമായി അവൾ അയാളുടെ ക്യാബിൻ തള്ളി തുറന്നു, ക്യാബിൻ ഡോർ അടയും മുൻപ് തന്നെ അല്പം ഉച്ചത്തിൽ , ഗൗരവത്തിൽ കാർത്തിക ചോദിച്ചു.
“എന്താണ് സാം നമുക്കിടയിൽ സംഭവിച്ചത്. ഈയിടെയായി നീ എന്നോട് സംസാരിക്കാറില്ല, ഞാൻ എന്ത് തെറ്റാണു ചെയ്തത്?”
“നീ ഇരിക്ക് , പ്ളീസ് ദേഷ്യപ്പെടാതെ, ഒന്നും സംഭവിച്ചിട്ടില്ല. എനിയ്ക്കെന്തോ മാറ്റം പോലെ സ്വയം തോന്നി..ഞാൻ ആകെ സന്തോഷവാനാകുന്നു. എന്റെ സന്തോഷം വീട്ടിൽ എല്ലാവരും ശ്രദ്ധിക്കുന്നു. നിനക്കും എനിക്കും ഒരു പ്രശ്നമുണ്ടാകേണ്ട എന്ന് ഞാൻ കരുതി, ഞാൻ അല്പം അകലം പാലിച്ചു. അത്രയേയുള്ളൂ.”
“നമുക്കെന്തു പ്രശ്നമാണ് സാം,.നിന്റെ തെറ്റിദ്ധാരണയാണ്, സമാന മനസ്കർ. നമുക്കിടയിൽ ഒരു ആത്മബന്ധമുണ്ടായി. എനിക്ക് നിന്നോടും നിനക്ക് എന്നോടുമുള്ള ശക്തമായ, തീവ്രമായ ഒരിഷ്ടം,ആണും പെണ്ണും തമ്മിലുള്ള എല്ലാ ഇഷ്ടങ്ങളും പ്രണയമല്ല, അതിനെ കാമകണ്ണുകളോടെ കണ്ടില്ലെങ്കിൽ അല്ലെങ്കിൽ അങ്ങനെ ആക്കിയെടുത്തില്ലെങ്കിൽ നമ്മുടെ ചുറ്റുമുള്ളവർക്കൊരു സമാധാനം കിട്ടില്ലല്ലോ. ആണും പെണ്ണും തമ്മിൽ സൗഹൃദം പാടില്ലേ, സൗഹൃദങ്ങൾക്കിടയിൽ ആത്മാർത്ഥമായ ഇഷ്ടങ്ങളുണ്ടാകില്ലേ, എനിക്കിപ്പോൾ ലജ്ജ തോന്നുന്നു ,ഈ സമൂഹത്തിൽ ജീവിയ്ക്കാൻ …..”
“ശരിയാണ് കാർത്തി. ആണും പെണ്ണും തമ്മിലുള്ള സൗഹൃദമാണ് പ്രശ്നം. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും അതിർവരമ്പുകൾ നേർത്തതാണ്, നിന്നെ പോലെ ഒരാളുമായി ഞാൻ നേർത്ത അതിർവരമ്പുകൾ പൊട്ടിച്ചു പ്രണയത്തിലായാൽ അതിശയിക്കാനില്ല. ഇനി തിരിച്ചു നിനക്ക് തോന്നിയാലും പ്രശ്നമാകും.”
അവൾ പൊട്ടിച്ചിരിച്ചു കൊണ്ടെഴുനേറ്റു.
“എന്ത് പ്രശ്നം? ഞാനുമങ്ങു പ്രണയിക്കും ,ജീവിതാവസാനം വരെയും…”
“അപ്പോൾ കാർത്തിക്ക് എന്നോട് പ്രണയം തോന്നുമ്പോൾ തുറന്നു പറയുമോ?”
“ഒരിക്കലുമില്ല, ഞാൻ ആരുമറിയാതെ, നീ പോലുമറിയാതെ പ്രണയിച്ചു കൊണ്ടേയിരിക്കും,”
“ഒരേ ഓഫീസിൽ അപരിചിതരെ പോലെ ജോലി ചെയ്തു നമ്മൾ ജീവിച്ചു തീർക്കും.”
“ചില ബന്ധങ്ങൾ അങ്ങനെയേ ആകാവൂ ,പരസ്പരം എല്ലാം ഷെയർ ചെയ്യാവുന്ന ആത്മാർത്ഥ സുഹൃത്തുക്കൾ ,അതിലുപരി ഒരേ മനസ്സുള്ള രണ്ടുപേർ.”
അവരുടെ സൗഹൃദം ആർക്കും തടസ്സമാകാതെ നിലനിന്നു. ഒരിക്കൽ അമ്മാവന്റെ മരണത്തിനു പോയി ഏകയായി മടങ്ങി വരേണ്ട അവസ്ഥയുണ്ടായി കാർത്തികയ്ക്ക്. ആദ്യമായാണ് ഒറ്റക്കൊരു യാത്ര , പ്രവൃത്തി ദിവസമായതുകൊണ്ട് ഭർത്താവിനെയും മക്കളെയും വീട്ടിൽ തനിച്ചാക്കി. മറ്റു യാത്രക്കാരൊക്കെ ഇറങ്ങി ,ട്രെയിനിലെ കംപാർട്മെന്റിൽ തനിച്ചായപ്പോൾ പേടി തോന്നി. ഭർത്താവിന്റെ ഫോണിൽ ബെല്ലടിക്കുന്നുണ്ടെങ്കിലും ഫോണെടുക്കുന്നില്ല. ജോലിഭാരം കൂടുതലുള്ള ദിവസങ്ങളിൽ ഉറക്കം നഷ്ടപ്പെടാതിരിക്കാൻ ഫോൺ സൈലന്റ് ആക്കി വയ്ക്കുന്ന പരിപാടിയുണ്ട് പുള്ളിക്കാരന്. ആരെങ്കിലും ഓൺലൈൻ ഉണ്ടെങ്കിൽ പേടി കുറഞ്ഞേനേ എന്ന് തോന്നി. പാതിരാത്രിയിൽ സാധാരണ ഓൺലൈനിൽ ഉണ്ടാകുക പ്രണയികളും കോഴികളും മാത്രമാണ്, അപൂർവമായി മാത്രമേ മറ്റുള്ളവരെ കാണാറുള്ളു. പാത്രിരാത്രിയാണ് എല്ലാവരും ഉറക്കമാകും അതിനാൽ വിളിക്കാൻ പറ്റില്ല. സാം അടക്കമുള്ള എല്ലാ സുഹൃത്തുകൾക്കും മെസ്സേജ് അയച്ചു. ആരുടെയും റെസ്പോൻസില്ല. ഒരു പത്തു മിനിറ്റ് കഴിഞ്ഞു കാണും സാമിന്റെ റിപ്ലൈ കിട്ടി.ഇവനും പാതിരക്കോഴിയാണോ എന്നവൾക്കു തോന്നി പോയി.
“ഞാനൊന്നുറങ്ങി പോയി, നീയെവിടെയെത്തി. ട്രെയ്നിലാണോ, എപ്പോൾ വരും.”
“ഞാൻ ട്രെയിനിലാണ്, രണ്ടു മണി കഴിയുമ്പോൾ ട്രെയിൻ സ്റ്റേഷനിൽ എത്തും. വീട്ടിൽ വിളിച്ചിട്ട് കിട്ടുന്നില്ല. സാമിന് പരിചയമുള്ള ടാക്സിയോ മറ്റോ ഉണ്ടെങ്കിൽ ആ നമ്പർ ഒന്ന് ടെക്സ്റ്റ് ചെയ്യാമോ.”
നീ പേടിക്കാതെ, എന്തുണ്ടെങ്കിലും ധൈര്യമായി വിളിക്കൂ ,നീ സ്റ്റേഷൻ എത്തുന്നതുവരെ ഞാൻ ഉറങ്ങില്ല.ടാക്സിയിൽ ഈ അസമയത്ത്, അത് വേണ്ട .നിനക്ക് പ്രശ്നമില്ലെങ്കിൽ ഞാൻ കാറുമായി സ്റ്റേഷനിൽ വരാം, പോരെ.”
“അതൊന്നും വേണ്ട,സാരമില്ല,നേരം വെളുക്കുന്നതു വരെ ലേഡീസ് വെയ്റ്റിംഗ് റൂമിൽ ഇരുന്നോളാം, പുലരുമ്പോൾ ഓട്ടോ റിക്ഷ കിട്ടുമല്ലോ.”
പക്ഷെ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ സാം അവിടെ കാത്ത് നില്പുണ്ടായിരുന്നു. കൂടെ മകനും.
“ഇവനെയും കൂടെ കൂട്ടി.ഇവനും കൂടെ ഉണ്ടെങ്കിൽ രണ്ടു വീട്ടുകാർക്കും തെറ്റിദ്ധാരണ ഉണ്ടാകില്ല എന്ന് കരുതുന്നു.തനിയ്ക്കും എനിയ്ക്കും ഭാവിയിൽ ഇതൊരു പ്രശ്നമാകാൻ പാടില്ലല്ലോ.”
ഒരേ ഓഫീസിൽ ആയിട്ട് ഒരു വർഷം കഴിഞ്ഞു.ആദ്യമായി അവളുടെ പിറന്നാളിന് ഒന്നിച്ച് പുറത്ത് പോയി ഐസ്ക്രീം കഴിക്കാൻ അവൾ സാമിനെ ക്ഷണിച്ചു.വന്നത് അയാൾ ഒറ്റയ്ക്കായിരുന്നില്ല. കൂടെ ഒരു പൊടിമീശക്കാരനെ കണ്ടവൾ അതിശയിച്ചു.
“മകനാണ്.”
“എനിയ്ക്കറിയാം.”
“എനിയ്ക്കെവിടെയും ഒറ്റയ്ക്ക് പോകാൻ അനുമതിയില്ല. വീടിനുള്ളിലെ സമാധാനമാണല്ലോ മുഖ്യം. അതാണിവനെ കൂടെ കൂട്ടിയത്. അവിചാരിതമായ ഒരു കൂടിക്കാഴ്ച ആയി അവതരിപ്പിക്കും.”
“ഞാനും പപ്പയും അങ്ങനെയാണ്. പപ്പയുടെ സൗഹൃദങ്ങളൊക്കെ മമ്മി വെട്ടിക്കുറച്ചു. എൻ്റെ പപ്പയുടെ സന്തോഷത്തിനാ, ഞാൻ കൂടെ വന്നത്,നിങ്ങൾ സംസാരിക്കൂ, ഞാൻ അടുത്ത ഹാളിലുണ്ടാകും.എൻ്റെ ഒരു കൂട്ടുകാരി അവിടെ എന്നെ കാത്തിരിപ്പുണ്ട്.”
അവൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു. അവൻ സാമിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു.
“ആന്റിയെ ഞാനൊന്ന് ഹഗ് ചെയ്തോട്ടെ.”
അവൻ അവളെ കെട്ടിപ്പിടിച്ച് പിറന്നാൾ ആശംസകൾ നേർന്നു
“നിങ്ങളുടെ തലമുറയുടെ കാര്യം കഷ്ടമാണ്. ആർക്കൊക്കെയോ വേണ്ടി ജീവിച്ചു മരിക്കുന്നു. നല്ല വിദ്യാഭ്യാസം, ഉയർന്ന ജോലിയൊക്കെ കിട്ടിയിട്ടെന്താണ്. മറ്റുള്ളവരുടെ നിയന്ത്രണത്തിൽ ചലിക്കുന്ന കടലാസ് പാവകളാണ് പലരും. വിവാഹിതരായാൽ സൗഹൃദം പാടില്ലേ, യാത്രകൾ പാടില്ലേ. ഇഷ്ടപ്പെട്ടവരെ കാണാൻ വിലക്ക്, സംസാരിക്കാൻ വിലക്ക്, മരിയ്ക്കുന്നതുവരെ വിലക്കുകളുടെ തടവറയിൽ,അവിടെ കിടന്ന് നീറി നീറി പുകഞ്ഞ് തീരുന്ന ജീവിതങ്ങൾ.”
അവൻ പപ്പയെ ചേർത്ത് പിടിച്ചു.
“ജീവിതമെന്ന് പറഞ്ഞത് കണ്ണടച്ച് തുറക്കുമ്പോഴേക്കും തീരും. അതിനിടയ്ക്ക് ഇഷ്ടമുള്ളതൊക്കെ കഴിച്ച്, ചിരിച്ച്, സന്തോഷിച്ച്, പറ്റുന്ന സ്ഥലങ്ങളിലൊക്കെ യാത്ര ചെയ്ത് അങ്ങ് അടിച്ചു പൊളിയ്ക്കണം. മരിച്ച് കഴിഞ്ഞ് ജീവിതമുണ്ടെന്നൊക്കെ പറച്ചിൽ മാത്രമല്ലേ,ഒരുറപ്പുമില്ലാത്ത കാര്യം.”
മുന്നിലിരിക്കുന്ന ഐസ്ക്രീമിൽ നിന്നൊരു സ്പൂൺ അവളുടെ വായിൽ വച്ചു കൊടുത്തുകൊണ്ടയാൾ അവൾക്ക് ആശംസ നേർന്നു.
“എൻ്റെ പ്രിയപ്പെട്ടവൾക്ക്, മനസാക്ഷി സൂക്ഷിപ്പുകാരിയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ.”
**********************
സാമിന് പുതിയ ഓഫീസിലേയ്ക്ക് ട്രാൻസ്ഫർ ഓർഡർ വന്നു.സാം റിലീവ് ചെയ്യുന്ന ദിവസം വൈകുന്നേരം, ഓഫീസിലേയ്ക്ക് രണ്ടു പേർ കയറി വന്നു. ഒന്ന് സാമിന്റെ മകനായിരുന്നു. അവരെ കണ്ട് സാം ഒന്ന് പകച്ചു.അവർ കാർത്തികയുടെ അരികിലെത്തി.
“ആന്റി ഇതെന്റെ മമ്മി,ആൻ്റിയെ പരിചയപ്പെടാനും വീട്ടിലേയ്ക്ക് ക്ഷണിയ്ക്കാനുമാണ് മമ്മി വന്നത്.പപ്പ ഇപ്പോൾ ഹാപ്പിയാണ്. ആരോഗ്യപ്രശ്നങ്ങളൊക്കെ കുറഞ്ഞു. ദഹനം നോർമലായി. മുൻപ് ദഹനപ്രശ്നങ്ങൾ ഉണ്ടായിരുന്നു. മമ്മിയാണെങ്കിൽ ആശങ്കകളുടെ ലോകത്താണ്. എന്നും രോഗങ്ങൾ, സംശയം, കലഹം….മമ്മിയെ ഒരു കൗൺസിലിംഗിന് കൊണ്ട് പോയി.പഴയ ഫ്രണ്ട്സുമായി കോൺടാക്ട് ഉണ്ടാക്കി. എല്ലാം തുറന്ന് പറയാനും കേൾക്കാനുമുള്ള മാനസികാവസ്ഥയുണ്ടായി.”
ഇത്രയും പറഞ്ഞവൻ തിരിഞ്ഞു നടന്നപ്പോൾ സലോമി അടുത്ത് വന്ന് അവളുടെ കയ്യിൽ പിടിച്ച് ചിരിച്ചു.
“ഇപ്പോൾ എനിക്ക് മനസ്സിലായി സ്നേഹിക്കുകയെന്നത് ശ്വാസം മുട്ടിയ്ക്കുകയല്ലെന്ന്, അവരെ സ്നേഹത്തോടെ തുറന്ന് വിടുകയാണെന്ന്. എല്ലാ ആണുങ്ങൾക്കും എൻ്റെ അപ്പൻ്റെ സ്വഭാവമാണെന്ന് ഞാൻ കരുതി.പാവമെൻ്റെ അമ്മയ്ക്ക് മരിക്കുന്നത് വരെ മനസമാധാനം കൊടുത്തിട്ടില്ല. കെട്ടിയ ദിവസം മുതൽ ഞാനും സാമിന് മനസമാധാനം കൊടുത്തിട്ടില്ല. അപ്പൻ്റെ ഫീമെയിൽ വേർഷൻ ആയി പാവത്തിനെ കുറെ കഷ്ടപ്പെടുത്തി. എൻ്റെ മകനും എന്നിൽ നിന്ന് അകന്ന് പോകാൻ തുടങ്ങി.അന്ന് രാത്രിയിലെ റയിൽവേ സ്റ്റേഷൻ യാത്ര വീട്ടിൽ കലഹമായി. അന്നെൻ്റെ മകനും എന്നെ കുറ്റപ്പെടുത്തി. എനിയ്ക്ക് വിഷമമായി. എൻ്റെ തെറ്റുകൾ ഞാൻ തിരുത്തി.”
“കൊടുക്കും തോറും തിരിച്ച് കിട്ടുന്ന ഒന്നാണ് സ്നേഹം, എല്ലാം ശരിയാകും.”
കാർത്തിക സലോമിയെ ആശ്വസിപ്പിച്ചു അത് കണ്ട് കൊണ്ട് വന്ന സാമിനെ നോക്കി പുഞ്ചിരിച്ച സലോമിയുടെ കണ്ണ് നിറഞ്ഞിരുന്നു. സാം സലോമിയും മകനുമൊത്ത് പടിയിറങ്ങുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയോടെ അവൾ നോക്കി നിന്നു.
~നിശീഥിനി