താൻ നാളെ വീട്ടിലേക്ക്  പോയി കഴിയുമ്പോൾ തന്നെ വഞ്ചിച്ച് മറ്റാരുടെയെങ്കിലും അടുത്ത് പോകാനാണോ ഈശ്വരാ…

Story written by Saji Thaiparambu

================

“ഗീതു…അത്താഴം വിളമ്പിക്കോ…ഞാനൊന്നു, മേലുകഴുകിയിട്ട് വരാം “

ധരിച്ചിരുന്ന പാൻറ്സും ഷർട്ടുമഴിച്ച്, കട്ടിലിന്റെ മുകളിലിട്ട് രാജീവൻ ബാത്റൂമിലേക്ക് കയറി.

“ഇതെന്തുവാ, രാജീവേട്ടാ…ഞാൻ എങ്ങനെ വിരിച്ചിട്ട ബെഡ്ഷീറ്റാണ്, അതിന്റെ മുകളിൽ കൊണ്ട് മുഷിഞ്ഞ ഡ്രസ്സ് അഴിച്ചിട്ടിരിക്കുന്നു.”

രാജീവനെ കുറ്റം പറഞ്ഞിട്ട് ഗീതു കട്ടിലിൽ കിടന്ന ഷർട്ടും പാന്റ്സും എടുത്ത് ഹാoഗറിൽ തൂക്കി.

ഈ സമയത്ത് ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ചെറിയ ഒരു കടലാസ് പൊതി നിലത്ത് വീണു.

ഉദ്വേഗത്തോടെ ഗീതു അത് കുനിഞ്ഞെടുത്തു.

സംശയ നിവാരണത്തിനായി.അത് തുറന്ന് നോക്കിയ ഗീതുവിന് ഒരു ഞെട്ടലുണ്ടായി.

കുറച്ച് ഗ.ർഭനി രോ ധന ഉറകളായിരുന്നു അത്

കല്യാണം കഴിഞ്ഞിട്ട് എട്ടൊൻപത് മാസമായി. കുട്ടികൾ ഉടനെ തന്നെ വേണമെന്ന് രാജീവേട്ടന് നിർബന്ധമുണ്ടായിരുന്നത് കൊണ്ട് മുൻകരുതലുകളൊന്ന്മെടുത്തിരുന്നില്ല. ഇന്ന് വരെ ഇങ്ങനൊന്ന് ഉപയോഗിച്ചിട്ടുമില്ല.

അത് കൊണ്ട് തന്നെ പിറ്റേ മാസം താൻ ഗർഭിണിയാകയും ചെയ്തു. ഇനിയിപ്പോ എട്ടാം മാസം തന്നെ കൂട്ടിക്കൊണ്ട് പോകാൻ വീട്ടുകാര് നാളെ വരാനിരിക്കുകയുമാണ്..അപ്പോൾ പിന്നെ ഈ സമയത്ത് രാജീവേട്ടൻ ഈ സാധനോം കൊണ്ട് വന്നത് എന്തിനായിരിക്കും? അതും ഒരു ഡസനോളം എണ്ണമുണ്ട്…

ഗീതുവിന്റെ ചിന്തകൾ കാട്കയറി.

പെരുവിരലിൽ നിന്നും ഒരു ഭീതി അവളിലേക്ക് അരിച്ച് കയറി.

താൻ നാളെ വീട്ടിലേക്ക്  പോയി കഴിയുമ്പോൾ തന്നെ വഞ്ചിച്ച് മറ്റാരുടെയെങ്കിലും അടുത്ത് പോകാനാണോ ഈശ്വരാ ..?

അവൾ സംശയത്തിന്റെ നീരാളി പിടിയിലായി.

“മോളേ ഗീതൂ…”

അടുക്കളയിൽ നിന്ന് അമ്മയുടെ വിളി കേട്ടപ്പോൾ അവൾ വേഗം.ആ പൊതി പഴയത് പോലെ ഷർട്ടിന്റെ പോക്കറ്റിൽ തന്നെ വച്ച് അടുക്കളയിലേക്ക് പോയി.

കുറച്ച് കഴിഞ്ഞ് ചോറ് ഡൈനിങ്ങ് ടേബിളിൽ കൊണ്ട് വച്ചിട്ട് ഗീതു രാജീവനെ വിളിക്കാനായി ബെഡ് റൂമിലേക്ക് ചെന്നു.

പക്ഷേ, രാജീവനെ അവിടെങ്ങും കാണുന്നില്ല.

അവൾ പുറത്തിറങ്ങി നോക്കിയപ്പോൾ വടക്കേ ചായ്പിലെ അരമതിലിൽ ഇരുന്ന് രാജീവൻ ആരോടൊ ഫോണിൽ സംസാരിക്കുന്നത് കണ്ടു.

വീണ്ടും അവളുടെ മനസ്സ് കലുഷിതമായി.

ഇതാരോടായിരിക്കും രാത്രിയിൽ ഇത്ര രഹസ്യം പറയുന്നത്.

തന്റെ മുന്നിൽ വച്ചല്ലാതെ രാജീവേട്ടൻ ഇന്ന് വരെ ആരോടും ഫോണിൽ സംസാരിക്കുകയോ ചാറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.

അപ്പോൾ, താൻ സംശയിച്ചച്ചത് ശരിയാ. അത് കണ്ട് പിടിച്ചിട്ട് തന്നെ കാര്യം.

അവൾ മാർജാര പാദങ്ങളോടെ ഇളം തിണ്ണയിലൂടെ നടന്ന് പുറംതിരിഞ്ഞിരിക്കുന്ന അവന്റെ പിന്നിലെത്തി.

ഗീതു, അവന്റെ ജല്പനങ്ങൾക്കായി കാതോർത്തു.

“ആഹ്, ഞാൻ വാങ്ങിച്ചിട്ടുണ്ട്, നീ ഒന്നുകൊണ്ടും പേടിക്കണ്ട, അതിൽ എത്ര വെള്ളം നിറഞ്ഞാലും പൊട്ടില്ല ഞാൻ പരീക്ഷിച്ചിട്ടുള്ളതല്ലേ?”

രാജീവൻ, അങ്ങേത്തലയ്ക്കൽ ഉള്ള ആളോട് ഉറപ്പ് കൊടുക്കുന്നു.

അത് കേട്ട ഗീതു, ഒരിക്കൽ കൂടി ഞെട്ടി…വീണ് പോകാതിരിക്കാൻ അവൾ അടുത്ത് കണ്ട കരിങ്കൽ  തൂണിനെ ആശ്രയിച്ചു.

മുൻപ് പരീക്ഷിച്ചിട്ടുണ്ട്, എന്ന് പറയുമ്പോൾ ഇതിന് മുൻപും ഇയാൾ തന്നെ വഞ്ചിച്ചിട്ടുണ്ടല്ലേ?

അവൾക്ക് അത് വരെ അവനോടുണ്ടായിരുന്ന സർവ്വ സ്നേഹവും ഹൃദയത്തിൽ നിന്നും വറ്റി പോയിരുന്നു

പകരം മനസ്സിലേക്ക് ഇരച്ച് കയറിയ വെറുപ്പും രോഷവും കൊണ്ട് അവളുടെ സകല നിയന്ത്രണവും വിട്ടു പോയി.

“ഏതവളോടാ..നിങ്ങളീ രാത്രിയിൽ കൊഞ്ചുന്നത്? ഞാനുമൊന്നറിയട്ടെ, നാളെ ഞാൻ പോയി കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് സൗകര്യമായല്ലോ അല്ലേ?”

ഭദ്ര കാ ളിയെ പോലെ നിന്ന് അലറുന്ന ഗീതുവിനെ കണ്ട്, രാജീവൻ അന്തം വിട്ടു

“ഗീതു … “

രാജീവൻ ഒച്ചവച്ചു.

“നീയെന്തൊക്കെയാ, ഈ വിളിച്ച് കൂവുന്നത്, നിനക്ക് ഭ്രാന്ത് പിടിച്ചോ ?”

അവൻ അവളുടെ തോളിൽ പിടിച്ച് കുലുക്കി.

“ഭ്രാന്ത് എനിക്കല്ല, നിങ്ങൾക്കാണ്, കാ മഭ്രാ ന്ത്. അതിന്റെ തെളിവാണല്ലോ? പോക്കറ്റിൽ കിടക്കുന്ന ആ പൊതിയും പിന്നെ ഈ രഹസ്യ ഫോൺ വിളിയും “

അത് കേട്ട് ഒരു നിമിഷം അയാൾ നിശ്ചലനായെങ്കിലും, പിന്നീടാണ്, ഗീതുവിന്റെ പൊട്ടിത്തെറിക്കലിന്റെ കാര്യം അയാൾക്ക് മനസ്സിലായത്.

“ഹ ഹ ഹ, ഇതിനാണോ നീ ഇത്രയുമൊക്കെ ചിന്തിച്ച് പറഞ്ഞത്

എടീ പോ ത്തേ ,നീ എന്റെ പോക്കറ്റിൽ  കണ്ട, ആ ഉറകൾ എന്തിനാണെന്നറിയാമോ?

നാളെ ഏപ്രിൽ ഫൂളാണെന്ന കാര്യം നിനക്ക് ഓർമ്മയുണ്ടോ? എടീ കഴിഞ്ഞ ഏപ്രിൽ ഫൂളിന് ആ ബ്ളേഡ് തോമായുടെ പുന്നാരമോൻ ഈ വീടിന് മുന്നിൽ കൊണ്ട് തൂക്കിയിട്ടത് എന്തൊക്കെയാണെന്ന് മുൻപ് ഒരിക്കൽ നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ?

എന്തായാലും അതിന് പകരം വീട്ടാൻ കാത്തിരിക്കുകയായിരുന്നു ഞാൻ.

നീ കണ്ട് പിടിച്ച ആ ഉറകളിൽ വെള്ളം നിറച്ച്, ആ തോമായുടെ വീടിന്റെ വരാന്തയിൽ കൊണ്ട് കെട്ടിത്തൂക്കിയിട്ടിട്ട് ചില കുസൃതികൾ ഒപ്പിക്കാനായിരുന്നു, എന്റെയും, ഹരീഷിന്റെയും പദ്ധതി, അതിന് അവനുമായിട്ട് ഞാൻ ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു.

നിന്റെയീ അട്ടഹാസം മുഴുവൻ അവൻ കേട്ടിട്ടുണ്ടാവും.

ഞാനിനി അവനോട് എന്ത് പറയും എന്റെ വിവരവില്ലാത്ത ഭാര്യേ ..”

രാജീവൻ തലയ്ക്ക് കൈവച്ചിരുന്നു.

ശരിയാണ് , രാജീവേട്ടൻ അങ്ങേലെ , തോമാച്ചന്റ വീട്ടുകാരുമായിട്ടുള്ള വഴക്കിന്റെ കാര്യം തന്നോട് ഒരിക്കൽ പറഞ്ഞിട്ടുള്ളതാ ,എങ്കിൽ ഈ പഹയന്, തന്നോട് ഒരു വാക്ക് നേരത്തെ പറയാമായിരുന്നില്ലേ?

“കണ്ടാ …ഇതാ പറയുന്നത് ,ഭാര്യയോടും, വക്കീലിനോടും ഒന്നും മറച്ച് വയ്ക്കരുതെന്ന് “

ഗീതു, തനിക്ക് പറ്റിയ അമളി സമ്മതിക്കാതെ അവനിട്ട് ഒന്ന് തോണ്ടിയേച്ച് അകത്തേക്ക് കയറിപ്പോയി.

~സജിമോൻ തൈപറമ്പ്