ദേവയുടെ മുഖത്തു മിന്നിമായുന്ന ഭാവമെന്താണെന്നറിയാൻ അവൾക്കല്പം പാടുപെടേണ്ടിവന്നു…

എഴുത്ത്: വൈദേഹി വൈഗ

================

“അടുത്തയാഴ്ച ഞാൻ നാട്ടിലേക്ക് പോകുന്നുണ്ട്….നീ വരുന്നോ….?”

കണ്ണിൽ നക്ഷത്രത്തിളക്കവുമായി ദേവ ചോദിക്കുമ്പോൾ മനസിലൊരു മഴ പെയ്തുതോർന്ന പ്രതീതിയായിരുന്നു മേഘയ്ക്ക്, ഒരിക്കലും അവൻ അപ്പോൾ അങ്ങനെയൊരു ചോദ്യം തൊടുക്കുമെന്നവൾ പ്രതീക്ഷിച്ചിരുന്നില്ല.

“എന്താ ഇപ്പൊ പെട്ടെന്നൊരു നാട്ടിൽ പോക്ക്….”

ചോദ്യത്തിന് മറുപടിയായി മറുചോദ്യമുന്നയിച്ചു മേഘ അവന്റെ കണ്ണുകളിൽ കണ്ണുനട്ടു, ദേവയുടെ മുഖത്തു മിന്നിമായുന്ന ഭാവമെന്താണെന്നറിയാൻ അവൾക്കല്പം പാടുപെടേണ്ടിവന്നു.

“അമ്മയെ കാണണം…കുറെയായില്ലേ ഒന്ന് കണ്ടിട്ട്, നീ പോരുന്നോ…നീയും കണ്ടിട്ടില്ലല്ലോ എന്റെ അമ്മയെ…..”

ദേവ പറഞ്ഞത് ശരിയായിരുന്നു. കോളേജിൽ ക്ലാസ്സ്‌ തുടങ്ങിയതിനു ശേഷം ഒരുവട്ടം മാത്രമേ അവൻ നാട്ടിലേക്കാണ് എന്ന് പറഞ്ഞു പോയിട്ടുള്ളൂ, എത്ര ദിവസം അവധി കിട്ടിയാലും ഹോസ്റ്റലിൽ തന്നെ….

അവൾക്കും അവന്റെ വാക്കുകളിലൂടെ മാത്രമേ ദേവയുടെ അമ്മയെ പരിചയമുള്ളൂ, മനോഹരമായി പാടുന്നൊരമ്മ, രാജകുമാരന്റെയും രാജകുമാരിയുടെയും കഥകൾ പറഞ്ഞ് ഉറക്കുന്നൊരമ്മ, അവിയലിന്റെയും പഞ്ചസാരപായസത്തിന്റെയും രുചികളാൽ നാവിനെയും മനസിനെയും വെല്ലുന്നൊരമ്മ,

ദേവയുടെ വർണനകളിലൂടെ ഒരായിരം വട്ടം മേഘ ആ അമ്മയെ അറിഞ്ഞിരുന്നു, ഇമ്പമുള്ള സ്വരത്തിൽ പാട്ടുകൾ കേട്ടിരുന്നു, രുചികളിൽ മതിമറന്നിരുന്നു, കഥകൾ കേട്ട് മയങ്ങിയിരുന്നു….

ഉത്സാഹത്തോടെ, മനസ്സ് നിറയെ ആകാംക്ഷയോടെ മേഘ ദേവയോടൊപ്പം അവന്റെ നാട്ടിലേക്ക് വണ്ടി കയറി. മനസ്സ് നിറയെ അമ്മയായിരുന്നു, മാലാഖയുടെ സ്നേഹമുള്ള, കരുതലുള്ള ഒരമ്മ…..

KSRTC ബസിൽ ജനലോരം ചേർന്ന സീറ്റിൽ അവളിരുന്നു, അരികിലായ് ദേവയും. പുറത്തെ കാഴ്ചകളിൽ മുഴുകിയിരിക്കവേ അവളുടെ മനസ്സിൽ അവ്യക്തമായൊരു മുഖം തെളിഞ്ഞു, അമ്മ…..മേഘയുടെ കണ്ണുകൾ നിറഞ്ഞു.

ഓർമ്മവച്ച നാൾ മുതൽ അമ്മയെന്ന് അച്ഛൻ പരിചയപ്പെടുത്തിയത് സുമാന്റിയെയാണ്. ഒരിക്കലും സ്നേഹത്തോടെ ഒരു വാക്കുപോലും പറഞ്ഞതായി അവൾക്കോർമ്മയില്ല. അമ്മയെന്നാൽ അവൾക്ക് അവ്യക്തമായൊരു രൂപമാണ്….

മണിക്കൂറുകൾ എത്ര പെട്ടെന്നാണ് കടന്നുപോയത്….ദേവയുടെ നാട്ടിലെത്തിയപ്പോഴേക്കും സന്ധ്യ മയങ്ങാൻ തുടങ്ങിയിരുന്നു.

അവളുടെ മനസിലെ ക്യാൻവാസിൽ അവൻ വരച്ചിട്ട ചിത്രം പോലെ എല്ലാം, എല്ലാമവൾക്ക് പരിചിതമായിരുന്നു…

ഇരുവശങ്ങളിലും വയലുകളുടെ കൂട്ടുമായി വളഞ്ഞുപുളഞ്ഞു നീങ്ങുന്ന കോൺക്രീറ്റ് റോഡ്, റോഡിനു മുകളിലായി ഇലക്ട്രിക് കമ്പി, അതിൽ പാറിവന്നെത്തിയ പലനിറത്തിലെ കുരുവികുസൃതികൾ….

പാലം, തോട്, കുന്നിനുമുകളിലെ ശിവക്ഷേത്രം, കൃഷ്ണേട്ടന്റെ ചായക്കട, അവിടുത്തെ ആവിപറക്കുന്ന പരിപ്പുവടയും പഴംപൊരിയും, ആൽത്തറയും ദേവയുടെ തറവാടും അതിനോരം ചേർന്ന കുളവും പടവുകളും കുളത്തിലെ മീനും….

അങ്ങനെയെല്ലാം എല്ലാം മേഘക്ക് പരിചിതമായിരുന്നു….

പക്ഷെ, പറഞ്ഞ വാക്കുകളിൽ തുളുമ്പിനിന്നൊരു സ്നേഹം അവിടെയെങ്ങും കണ്ടില്ല.

മകനെയും കൂട്ടുകാരിയേയും കാത്ത് കല്പടവിൽ അമ്മയുണ്ടായിരുന്നില്ല. ഉമ്മറപ്പടിയിലോ അകത്തളത്തിലോ കണ്ടില്ല.അടുക്കളയിൽ നിന്നും നാവിൽ കൊതിയുണർത്തും മണമുയർന്നില്ല. പാട്ട് കേട്ടില്ല…മക്കളേ എന്ന് സ്നേഹത്തോടെ വിളിയുതിർന്നില്ല….

എങ്ങും ശൂന്യത, ഭയപ്പെടുത്തുന്ന ശൂന്യത മാത്രം.

സംശയത്തോടെ അവൾ ദേവയുടെ മുഖത്തേക്ക് നോക്കി, അവളുടെ നോട്ടത്തിന്റെ ധ്വനി മനസിലാക്കിയിട്ടാവും അവൻ മേഘയുടെ കൈയും പിടിച്ചു തൊടിയിലേക്കിറങ്ങിയത്….

തൊടിയുടെ തെക്കേ മൂലയിൽ പൂത്തുലഞ്ഞു നിൽക്കുന്ന ചെമ്പകമരച്ചോട്ടിൽ ശാന്തമായുറങ്ങുന്ന അമ്മയെ കണ്ട് അവൾ തറഞ്ഞുനിന്നു….

പൊട്ടിക്കരയണമെന്ന് തോന്നിയെങ്കിലും ഒരു ഗദ്ഗദം തൊണ്ടക്കുഴിയിൽ തടഞ്ഞു നിന്നു, കണ്ണുകൾ മാത്രം നിറഞ്ഞൊഴുകി.

ദേവനവളെ ചേർത്തു പിടിച്ചുകൊണ്ട് അമ്മയോടെന്നവണ്ണം പറഞ്ഞു,

“ഞാനിവളെ കൂടെ കൂട്ടട്ടെ അമ്മേ….ന്റെ പെണ്ണായി…അമ്മേടെ മോളായി….”

ഒരു കുളിർകാറ്റടിച്ചു, ചെമ്പകപ്പൂക്കൾ അവർക്ക് മേലെ ചൊറിഞ്ഞു, ആശിർവാദമെന്ന പോലെ….

മേഘ ആദ്യമായറിഞ്ഞു…അമ്മയുടെ സ്നേഹമെന്താണെന്ന്…