പാർക്കിൽ ആരും സിനിമകാണാൻ വരില്ലല്ലോ ചേട്ടാ….അവൾ ആയിരുന്നു മറുപടി പറഞ്ഞത്.

തിരിച്ചറിവുകൾ

Story written by Aparna Dwithy

=================

“ഹലോ ഏട്ടാ….എന്നെയൊന്ന് കൂട്ടാൻ വരുമോ? സ്പെഷ്യൽ ക്ലാസ് ഉണ്ടായിരുന്നു അതോണ്ട് വൈകി, ബസ്സും പോയി. കോളേജ് വരെ ഒന്ന് വരാമോ ?” വൈകിട്ട് ചങ്കുകളുടെ കൂടെ ഒരെണ്ണം അടിച്ചുകൊണ്ടിരിക്കുമ്പോളാണ് പെങ്ങളുടെ വിളി.

‘നിനക്ക് ആദ്യായിട്ടൊന്നുമല്ലലോ സ്പെഷ്യൽ ക്ലാസ് ഉണ്ടാവുന്നേ വല്ല ഓട്ടോയും പിടിച്ചു വാടി ‘ അതും പറഞ്ഞു ഞാൻ ഫോൺ അങ്ങ് കട്ട് ചെയ്തു. അല്ലെങ്കിലും ഈ അവസ്ഥയിൽ അവിടെ വരെ  പോയാൽ ശരിയാവില്ല.

‘ഡാ ഒരെണ്ണം ഒഴിയെടാ ‘ ഞാൻ ഗ്ലാസ് അവർക്കു നേരെ നീട്ടി.

“അളിയാ മറ്റേ നീതു ഇല്ലേ. നമ്മുടെ ശ്യാമിന്റെ പെങ്ങളെ. അവളിന്നലെ ഏതോ ഒരുത്തന്റെ കൂടെ ബൈക്കിൽ വന്നിറങ്ങുന്നത് കണ്ടു അതും രാത്രിയിൽ ” നാട്ടിലെ ന്യൂസ് മുഴുവൻ എത്തിക്കുന്ന വിനു പറഞ്ഞു.

വെള്ളമടിക്കുമ്പോൾ ടച്ചിങ്‌സിനെകാളും രുചി അവന്റെ ഈ വക ന്യൂസുകൾക്കുണ്ട്.

“അല്ലേലും അവള് പോക്ക് കേസാണെന്ന് എനിക്ക് പണ്ടേ അറിയായിരുന്നു. പണ്ട് ഞാനൊന്ന് നമ്പർ ചോയ്ച്ചപ്പോൾ എന്തായിരുന്നു അവളുടെ ഒരു അഹങ്കാരം ” രാഹുൽ തന്റെ കയ്യിലുള്ള മ ദ്യം വെള്ളംചേർക്കാതെ ഒറ്റവലിക്ക് കുടിച്ചുകൊണ്ട് പറഞ്ഞു.

‘ഡാ റെജിയേ, അവിടെ പാർക്കിൽ രണ്ട്മൂന്ന് കപ്പിൾസ് ഇറങ്ങീട്ടുണ്ടല്ലോ നീയൊന്ന് പെട്ടന്ന് വന്നേ ‘ ശരത് ഓടിക്കിതച്ചു വന്ന് പറഞ്ഞു.

“ഓഹോ പിന്നേം വന്നോ ഇവറ്റകള്. വാടാ പോയി നോക്കിട്ട് വരാം ” അവസാന കുപ്പി ബി യ റും കുടിച്ചു കുപ്പി എറിഞ്ഞുടച്ചു ഞങ്ങൾ പാർക്കിലേക്ക് നടന്നു.

“ആഹാ എന്താ മക്കളെ സന്ധ്യയ്ക്ക് ഈ പാർക്കിൽ പരിപാടി…… ” ചെന്ന ഉടനെ മുന്നിൽ കണ്ട രണ്ടെണ്ണത്തോടും ചോദിച്ചു.

“പാർക്കിൽ ആരും സിനിമകാണാൻ വരില്ലല്ലോ ചേട്ടാ ” അവൾ ആയിരുന്നു മറുപടി പറഞ്ഞത്.

അവളുടെ മറുപടി എനിക്ക് “ക്ഷ” ബോധിച്ചു.

‘അയ്യോ ചേട്ടമ്മാര് വിചാരിച്ചു മക്കള് സിനിമ കാണാൻ വന്നതാണെന്ന്…..എന്നാപ്പിന്നെ മക്കള് വീട്ടിലോട്ട് ചെന്നാട്ടെ സമയം വൈകണ്ട ‘ ഞാൻ അവരോടായി പറഞ്ഞു.

“അതുപറയാൻ താനാരാ” ഇത്തവണ ചോദ്യം അവന്റേതായിരുന്നു.

‘ഡാ കൂടുതൽ കളിക്കാൻ നിക്കല്ലേ. ഇവൾ ആരാടാ? എവിടാടി നിന്റെ വീട്..രണ്ടും കൂടി ഇവിടെന്തിനാ വന്നേ. നിനക്കൊന്നും ചോദിക്കാനും പറയാനും ആരുമില്ലെടി. ഡാ ശരത്തെ എടുക്കെടാ രണ്ടിന്റേം ഫോട്ടോ….. ‘

“അയ്യോ ചേട്ടാ ഉപദ്രവിക്കരുത് ഞങ്ങള് പോയിക്കോളാം ” ഇത്തവണ പേടിച്ചതുകൊണ്ടാവണം അവളുടെ അഹങ്കാരം ഇത്തിരി കുറഞ്ഞത്.

‘ഇനി മേലാൽ ഇവിടെ കണ്ടുപോകരുത് ഇപ്പോ പൊയ്ക്കോ രണ്ടും ‘ ഞാൻ അടുത്ത ആളിന്റെ അടുത്തേക്ക് നടക്കുമ്പോളാണ് ഫോൺ റിംഗ് ചെയ്തത്.

“ഹലോ…. മോനേ നി എവിടെയാ?.രേഷ്മ മോളിതു വരെ വന്നില്ലടാ.  എനിക്ക് പേടിയാവുന്നു. ” മറുതലയ്ക്കൽ അമ്മയുടെ ശബ്ദം.

‘ഹാ അവൾക്കെന്തോ സ്പെഷ്യൽ ക്ലാസ് ഉണ്ടെന്ന് പറഞ്ഞതാ. അവള് വന്നോളും ‘

“അതൊക്കെ നേരത്തെ കഴിഞ്ഞു നീയൊന്ന് കോളേജിൽ പോയി നോക്കിക്കേ. നേരം ഇരുട്ടി ” അമ്മയുടെ ശബ്ദത്തിൽ ഭയം നിഴലിച്ചിരുന്നു

‘ആ ശരി. ഞാൻ വിളിക്കാം ‘ ഞാൻ ഫോൺ കട്ട് ചെയ്തു.

‘ഡാ ഞാനിപ്പോ വരാം ‘ അവന്മാരോടായി പറഞ്ഞു ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.

കോളേജിൽ എത്തിയപ്പോൾ നേരം നന്നേ ഇരുട്ടിയിരുന്നു ആ പരിസരത്തെങ്ങും ആരുമുണ്ടായിരുന്നില്ല. എന്റെ മനസ്സിലും ഭയം വന്നു തുടങ്ങി.

“ദൈവമേ….ന്റെ അനിയത്തി അവൾ ഇതെവിടെ പോയി…..”

എനിക്കറിയാവുന്ന അവളുടെ കൂട്ടുകാരെ ഒക്കെ വിളിച്ചുനോക്കി ആർക്കും അവളെക്കുറിച്ചു അറിയില്ല. ക്ലാസ് കഴിഞ്ഞു അവരൊക്കെ നേരത്തെ വീട്ടിൽ എത്തിയെത്രെ.  എന്റെ മനസ്സിൽ ഭയം ഇരട്ടിച്ചു.  പെട്ടന്നായിരുന്നു എന്റെ ഫോൺ റിംഗ് ചെയ്തത്.

‘ഹലോ….. രേഷ്മയുടെ ചേട്ടനാണോ?’ മറുതലയ്ക്കൽ ഒരു പെൺശബ്ദം.

” അതെ ആരാ ?”

‘ചേട്ടൻ ഒന്ന് ജനറൽ ഹോസ്പിറ്റൽ വരെ വരാമോ? ‘

“ഹലോ നിങ്ങളാരാ? രേഷ്മ എവിടെ ? ഹലോ…… ” മറുപടി  നൽകാതെ ആ ഫോൺ കട്ട് ആയി.

ഞാൻ പെട്ടന്ന് തന്നെ ജനറൽ ഹോസ്പിറ്റലിൽ എത്തി.

“ചേട്ടാ….ഞാനാ വിളിച്ചത് ” പിറകിൽ നിന്നൊരു പെൺശബ്ദം ഞാൻ തിരിഞ്ഞുനോക്കി.

“പേടിക്കണ്ട രേഷ്മയ്ക്ക് ചെറിയൊരു തലകറക്കം. ഉച്ചയ്‌ക്കൊന്നും കഴിക്കാത്തത്കൊണ്ടാണെന്ന് തോന്നുന്നു. ബസ് സ്റ്റോപ്പിൽ തലകറങ്ങി വീണപ്പോൾ ഞാനാ ഇവിടെ കൊണ്ടുവന്നത്. ഞാൻ അവളുടെ സീനിയറാ പേര് അനു “

‘അവൾ എവിടെ ?’

“അകത്തുണ്ട് വാ ” ഞാൻ അകത്തേക്ക് ചെന്നു.

‘മോളേ….’ ഞാൻ അവളുടെ അടുത്തു ചെന്നു.

“ഏട്ടാ….തീരെ വയ്യാണ്ടായൊണ്ടാ ഏട്ടനെ വിളിച്ചത് ” അവളുടെ കണ്ണുകൾ നിറഞ്ഞു.

‘സോറി മോളേ…ഏട്ടനോട് ക്ഷമിക്ക് ‘ ഞാൻ അവളുടെ കൈ മുറുകെ പിടിച്ചു.

‘ചേട്ടാ ഒരു മിനിറ്റ് പുറത്തേക്കു വരാമോ?’ അനു എന്നെ വിളിച്ചു.
ഞാൻ പുറത്തേക്കു ചെന്നു.

‘ചേട്ടനെന്നെ ഓർക്കുന്നുണ്ടോ ?’ അവൾ ചോദിച്ചു.

“ഇല്ല ” അവളുടെ മുഖം ഓർമകളിൽ തിരഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു.

‘ഉണ്ടാവില്ല എന്നപോലെ ദിവസേന എത്രപേരെ കാണുന്നുണ്ടാവും ചേട്ടൻ. മുമ്പൊരിക്കൽ ഞാനും എന്റെ ചേട്ടനും ഒരുമിച്ചു രാത്രിയിൽ സഞ്ചരിച്ചു എന്നപേരിൽ നടുറോഡിൽ നിങ്ങളും നിങ്ങളുടെ ഫ്രണ്ട്സും മ.ദ്യ.പിച്ചു വന്ന്  വളഞ്ഞിട്ടാക്രമിച്ചത് ഓർക്കുന്നുണ്ടോ ?അന്ന് കരഞ്ഞുപറഞ്ഞിരുന്നു ഞാൻ ഇതെന്റെ ചേട്ടനാണെന്ന്. ഓർക്കുന്നുണ്ടോ എന്റെയും എന്റെ ചേട്ടന്റെയും മുഖം. മറക്കാൻ സാധ്യത കുറവാണ്. ഒത്തിരി അപമാനിച്ചു വിട്ടതാണ് നിങ്ങൾ ഞങ്ങളെ ‘

ശരിയാണ്….. മദ്യ ല ഹ രിയിൽ ഞങ്ങളുടെ ക്രൂ രത യ്ക്കിരയായവൾ…..കരഞ്ഞു കൈകൂപ്പി ഉപദ്രവിക്കരുതേ…. എന്ന് യാചിച്ച അവളുടെയും അവളുടെ സഹോദരന്റെയും മുഖം എന്റെ മനസ്സിൽ തെളിഞ്ഞു.

‘ഇപ്പോൾ എന്തുപറ്റി ചേട്ടാ നാട്ടുകാരുടെ പെങ്ങമ്മാർ ആരുടെകൂടെ എവിടെയൊക്കെ പോണു എന്ന് അന്വേഷിക്കുന്ന കൂട്ടത്തിൽ സ്വന്തം പെങ്ങളെ മറന്നോ? ആദ്യം സ്വന്തം പെങ്ങൾ എവിടാണ് അവൾ സുരക്ഷിതയാണോ എന്ന് നോക്കിട്ട് പോരെ ചേട്ടാ മറ്റുള്ളോരുടെ പെങ്ങന്മാരെ നന്നാക്കാൻ പോണത്…..ഇനിയെങ്കിലും ഈ നശിച്ച സദാചാര വേഷം അഴിച്ചുവെച്ചു കുടുംബം നോക്കാൻ ശ്രമിക്ക്.  കഷ്ട്ടം തന്നെ ‘ ഇത്രയും പറഞ്ഞവൾ തിരിഞ്ഞു നടന്നു.

അവൾ പറഞ്ഞത് ശരിയായിരുന്നു. ഇന്നുവരെ തന്റെ പെങ്ങൾ എവിടെയാണെന്നോ അമ്മ എന്തുചെയ്യുന്നു എന്നോ താൻ അന്വേഷിച്ചിട്ടില്ല. മ ദ്യല ഹ രിയിൽ ഒരുപാടുപേരെ ഉപദ്രവിച്ചിട്ടുണ്ട്. കുറ്റബോധം കൊണ്ടെന്റെ കണ്ണുകൾ നിറഞ്ഞു…

ചില അനുഭവങ്ങളാണ് ജീവിതത്തിൽ തിരച്ചറിവുണ്ടാക്കുന്നത്  അതുകൊണ്ടുതന്നെ ഈ സദാചാര വേഷം ഞാൻ ഇവിടെ ഉപേക്ഷിക്കുവാണ്..എനിക്കും അമ്മയുണ്ട്…പെങ്ങളുണ്ട്…ഇവരൊക്കെയാണെന്റെ ഉത്തരവാദിത്ത്വങ്ങൾ……..!

അപർണ