പ്രണയത്തിന്റെ ക്യാമറ കണ്ണുകൾ
Story written by Remya Bharathy
=================
ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങുന്നതിനു മുന്നേ ടീച്ചർ കുട്ടികളോടായി ഒന്നൂടെ പറഞ്ഞു….ആരെങ്കിലും ഇനി ടൂറിനു പേര് കൊടുക്കാൻ ബാക്കി ഉണ്ടേൽ ഈ വെള്ളിയാഴ്ചക്ക് ഉള്ളിൽ തന്നെ കൊടുക്കണേ.
വിനോദയാത്രയെ പറ്റി ഓരോ വട്ടം കേൾക്കുമ്പോഴും പിള്ളേരുടെ മുഖം തെളിയും. പുതിയ പുതിയ പ്ലാനുകൾ സംസാരിക്കാൻ തുടങ്ങും. പ്ലസ് ടു കാരുടെ ടൂറാണ്. കഴിഞ്ഞ കൊല്ലം തൊട്ടേ കാത്തിരിക്കുന്നതാണ്. സീനിയർസ് ടൂറിനെ പറ്റി വിശദീകരിച്ചു കൊടുത്തിരിക്കുന്ന, കെട്ടി പൊക്കി വെച്ചിരിക്കുന്ന ഒത്തിരി സ്വപ്‌നങ്ങൾ ഉണ്ട് അവർക്ക് ടൂറിനെ പറ്റി.
ഓരോ ബാച്ചുകൾ വീതമുള്ള ആ സ്കൂളിലെ സയൻസിലെയും കൊമേഴ്സിലെയും ഹ്യുമാനിറ്റീസിലെയും പിള്ളേരെ ഒരുമിച്ചാണ് കൊണ്ട് പോകുന്നത്. അത് കൊണ്ട് തന്നെ ഒരുമിച്ച് അടിച്ച് പൊളിക്കുന്നതിനെ പറ്റി തകൃതിയായി ചർച്ചകൾ നടക്കുന്നു.
പുസ്തകത്തിൽ എന്തൊക്കെയോ കൂടെ കുറിച്ച് കൊണ്ടിരുന്ന ഗായത്രിയെ നോക്കി സ്മിത ചോദിച്ചു.
“നീ ടൂറിനുള്ള ഫീസടച്ചോ?”
“ഞാനുണ്ടാവില്ല സ്മിതേ”
“നീയില്ലേൽ ഒരു രസവുമില്ല ട്ടോ. പിന്നെ ക്ലാസ്സിൽ നിന്നും ഉള്ളത് നമ്മുടെ ജിഷയും ഗാങ്ങും ആണ്. അവരുടെ ജാഡ എനിക്ക് സഹിക്കില്ലെന്ന് നിനക്കറിയാലോ. നീ ഇല്ലേൽ ഞാൻ ശരിക്കും ഒറ്റപ്പെട്ടു പോകും.”
“എന്റെ വീട്ടിലെ കാര്യങ്ങൾ നിനക്ക് അറിയില്ലേ? ഞാൻ വീട്ടിൽ പറഞ്ഞിട്ട് തന്നെയില്ല ഇങ്ങനെ ഒരു ടൂറിന്റെ കാര്യം. പറഞ്ഞാൽ അമ്മ എങ്ങനേലും ഒപ്പിച്ചു തരും. വേണ്ട ന്നു വെച്ചിട്ടാ. ഈ വെക്കേഷന് എനിക്ക് എൻട്രൻസിന്റെ ക്രാഷ് കോഴ്സിന് ചേരണം. അമ്മ ഇപ്പഴേ അതിനു കാശ് ഒപ്പിക്കാനുള്ള ബദ്ധപ്പാടിലാണ്.”
“എന്നാ ഒരു കാര്യം ചെയ്യാം ഞാൻ എന്റെ അമ്മയോട് പറയാം. നിന്റെം കൂടെ ഫീസ് എടുക്കാൻ. പിന്നെ എപ്പോഴേലും നിന്റെ അമ്മേടെ കയ്യിൽ കാശുണ്ടാവുമ്പോൾ തിരികെ തന്നാൽ മതി.”
“അതൊന്നും വേണ്ട. ഇനി പ്പോ ഇത് നീ നിന്റെ അമ്മയോട് പറയണ്ട. എപ്പോ എന്റെ അമ്മ അറിഞ്ഞു എന്ന് പറഞ്ഞാൽ മതി.”
സ്മിതയുടെ അച്ഛനു കവലയിൽ ഒരു കടയുണ്ട്. അച്ഛന്റെ ഇല്ലാത്തപ്പോൾ അവളുടെ അമ്മയാണ് കടയിലെ കച്ചവടമൊക്കെ നോക്കുക. ആ കടയുടെ അടുത്തുള്ള ആയുർവേദമരുന്ന് കടയിലെ ജോലിക്കാരിയാണ് ഗായത്രിയുടെ അമ്മ. രണ്ട് മക്കളെ പോലെ തന്നെ രണ്ട് അമ്മമാരും അടുത്ത കൂട്ടുകാരികൾ ആണ്.
ഗായത്രിയുടെ അച്ഛന്റെ കുറച്ചു കാലം മുന്നേ ഒരു ആക്‌സിഡന്റിൽ മരിച്ചു പോയി. വീട്ടുകാരുടെ സമ്മതമില്ലാതെ കല്യാണം കഴിച്ചവർ ആയതുകൊണ്ട് അച്ഛന്റെ മരണ ശേഷം അവർ ഒറ്റപ്പെട്ടു.
തയ്യലു പോലെ ചെറിയ ജോലികൾ ചെയ്തും കുട്ടികൾക്ക് ട്യൂഷൻ എടുത്തും, ആയുർവേദ കടയിൽ സഹായിയായി നിന്നും എല്ലാം ആണ് ഗായത്രിയുടെ അമ്മ അവളെയും അനിയത്തിയെയും വളർത്തുന്നത്. അമ്മയുടെ കഷ്ടപാടുകൾ അറിയുന്നത് കൊണ്ട് തന്നെ എങ്ങനെയും നന്നായി പഠിച്ചു നല്ല ജോലി വാങ്ങുക എന്നത് മാത്രമാണ് അവളുടെ ലക്ഷ്യം.
അമ്മക്ക് മറ്റൊരു കൂട്ടുകാരി കൂടെ ഉണ്ട് ജമീല താത്ത. താത്തയുടെ പഴയ വാടകവീട്ടിൽ ആണ് ഇപ്പോൾ ഗായത്രിയും കുടുംബവും താമസം. അന്നാട്ടിലെ വലിയ പണക്കാരനാണ് ജമീല താത്തയുടെ ഭർത്താവ്. നാട്ടിലും ഗൾഫിലും ഒക്കെയായി ഒത്തിരി ബിസിനസുകൾ ഉള്ളയാൾ.
നന്നായി പഠിച്ചു എൻട്രൻസിനു നല്ല റാങ്ക് വാങ്ങി ഗവണ്മെന്റ് സീറ്റ് നേടിയെടുത്താൽ, ബാക്കി പഠന ചിലവുകൾ ഒക്കെ താത്തയുടെ ഭർത്താവ് നോക്കിക്കോളാം എന്നാണ് പറഞ്ഞിരിക്കുന്നത്. ഒത്തിരി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന ആളാണ് അദ്ദേഹം. ഈ ഒരു വാക്ക് കൊണ്ട് തന്നെ ഗായത്രിക്ക് പഠിത്തത്തിൽ മാത്രമാണ് ശ്രദ്ധ. എങ്ങനെയും പഠിച്ചു നല്ല നിലയിൽ എത്തി അമ്മയ്ക്കും അനിയത്തിക്കും നല്ലൊരു ജീവിതം ഉണ്ടാക്കണം എന്നു മാത്രമാണ് അവളുടെ ആഗ്രഹം.
അന്ന് വൈകിട്ട് വീട്ടിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഗായത്രിയുടെ അടുത്തേക്ക് വന്ന് അവളുടെ അടുത്തിരുന്ന് അമ്മ അവളോട് ചോദിച്ചു.
“എന്താ ടൂറിന്റെ കാര്യം നീ എന്നോട് പറയാഞ്ഞത് എന്നൊക്കെ എനിയ്ക്ക് മനസ്സിലാവും. എന്നാലും നീ ഇതിന് പോകണം. അമ്മ എങ്ങനെയെങ്കിലും കാശ് ഒപ്പിച്ചു തരാം. ഇതൊക്കെ അല്ലേ ഒരു ഓർമ.”
“അത് സാരമില്ല അമ്മേ…ഇനിയും സമയം ഉണ്ടല്ലോ. കോളേജിൽ പഠിക്കുമ്പോ പോയാ കുറച്ചൂടെ അടിപൊളി ആവുമല്ലോ. അപ്പൊ പോകാം.”
“നാളെ നീ വേറെ എവിടേലും ഒക്കെ പോയി പഠിക്കും. അവിടെ പുതിയ കൂട്ടുകാർ ആവും. പക്ഷെ സ്കൂളിൽ പഠിച്ച കൂട്ടുകാർ എന്ന് പറഞ്ഞാൽ അതൊരു വേറെ ഓർമ തന്നെയാ. നാളെ നീ നല്ലൊരു നിലയിൽ എത്തുമ്പോഴും തിരികെ നിന്ന് ഓർക്കാൻ നല്ല കുറച്ചു ഓർമ്മകൾ വേണ്ടേ? ഇതാ കാശ്. നാളെ കൊണ്ടോയി അടയ്ക്ക്.”
പിറ്റേന്ന് സ്കൂളിൽ വെച്ച് സ്മിതയെ കണ്ടപ്പോൾ തന്നെ പിടിച്ചു വെച്ച് ഗായത്രി വിരട്ടി.
“നീ വീട്ടിൽ പോയി പറഞ്ഞു അല്ലേടി വ ഞ്ച കി.”
“ആ പറഞ്ഞു. ഞാൻ നിനക്ക് വേണ്ടി ഒന്നും ചെയ്തതല്ല എനിക്ക് കൂട്ട് കിട്ടാനാ. ഞാൻ അത് തന്നെയാ അമ്മയോട് പറഞ്ഞതും. നീ ഉണ്ടേൽ അമ്മയ്ക്കും ഒരു ആശ്വാസം ആണ്.”
“അപ്പൊ ആ കാശ് കൊടുത്തതും ആന്റി ആവും അല്ലേ?”
“നീ വലിയ കാര്യങ്ങൾ ഒന്നും അന്വേഷിക്കണ്ട. ട്രിപ്പിന്റെ കാര്യം മാത്രം ഓർക്ക്. ഇനി ഒരാഴ്ച്ചയെ ഉള്ളു. അടുത്ത ആഴ്ച ഈ സമയം നമ്മൾ ഊട്ടിയിലോ മൈസൂരോ ബാംഗ്ലൂരോ…ശ്ശോ എനിക്ക് ഓർക്കുമ്പോ തന്നെ സന്തോഷമാവുന്നു.”
“ഓ എനിക്കിത്ര ആവേശം ഒന്നുമില്ല. സ്വന്തമായി ജോലിയൊക്കെയായി അമ്മയെയും അനിയത്തിയെയും ഒക്കെ കൊണ്ട് ട്രിപ്പ് പോണം എനിക്ക്.”
“എടി അപ്പൊ എന്നെ കൂടെ കൊണ്ടോണെ. ഈ ട്രിപ്പിനു പകരമായി.”
“ഇല്ല കൊണ്ടോവൂല.”
“തമാശയൊക്കെ വേറെ, നിനക്ക് നമ്മുടെ ചേച്ചിമാർ പറഞ്ഞത് ഓർമയില്ലേ? ഈ ട്രിപ്പ് കഴിയുമ്പോൾ ആണ് പല ജോഡികളും ഉരുത്തിരിയുന്നത്. ആര് കണ്ടു നിനക്കോ എനിക്കോ ഒരു ജീവിതം അവിടെ കിടപ്പുണ്ടോ എന്ന്.”
“നിനക്ക് ഒരു ബോധവും ഇല്ലേ? ഈ പ്രായത്തിൽ അല്ലേ ജീവിതം. ആദ്യം പഠിച്ചു വല്ല ജോലിയും നേടാൻ നോക്ക്. പിന്നെ മതി ഈ ജീവിതം ഒക്കെ.”
“നീ എന്ത് ബോറാടി. ആ ജിഷയും ടീമും ഉണ്ടല്ലോ കോമേഴ്‌സിലെ ഗൗതമിനെ സ്കെച്ച് ഇട്ട് ഇരിക്കാ.”
“ഗൗതമോ? അതാരാ?”
“എന്റെ പെണ്ണെ, അവനെ അറിയാത്തവർ ആരാ ഇവിടെ? CBSE ക്ക് 90% കിട്ടിയിട്ടും സയൻസ് വേണ്ട കോമേഴ്‌സ് മതി എന്ന് പറഞ്ഞു ജോയിൻ ചെയ്ത ആ ചെത്തു ചെറുക്കൻ. നമ്മുടെ കണ്ണ് ഡോക്ടർ ഇല്ലേ ഗോവിന്ദൻ ഡോക്ടർ. അങ്ങേരുടെ മോൻ. അവനെ വായിൽ നോക്കാത്ത പെൺ കോഴികൾ ആരാ ഇവിടെ. കിട്ടിയാൽ പുളിങ്കൊമ്പല്ലേ. ജിഷ വിടുമോ?”
“ആരേലും എന്തേലും ആവട്ടെ. നമുക്ക് എന്താ.”
“അല്ലേലും ഗൗതമിനെ ഒന്നും നമ്മുക്ക് താങ്ങൂല. ഞാൻ എന്റെ റേഞ്ച്നു പറ്റിയ വേറെ ഒന്ന് രണ്ടു പേരേ സ്കെച്ച് ഇട്ടിട്ടുണ്ട്. പക്ഷെ പേടിയാ, അമ്മ അറിഞ്ഞാൽ കൊ ല്ലും. അതോണ്ട് ചുമ്മാ വായി നോക്കി നടക്കും. ഇങ്ങോട്ട് വന്നാ വേണേൽ നോക്കാലോ.”
ട്രിപ്പ് പോകുന്നതിന്റെ തലേന്ന് ഗായത്രിയുടെ അമ്മ ജമീല താത്തയുടെ വീട്ടിലേക്ക് ചെന്നു. അടുക്കളപ്പുറത്തു കാത്തു നിന്ന അമ്മയെ താത്ത അകത്തേക്ക് കയറ്റി ഇരുത്തി ചായയൊക്കെ കൊടുത്തു.
“താത്ത, നാളെ മോള് സ്കൂളിൽ നിന്ന് ഒരു ട്രിപ്പ് പോവാ, ഇങ്ങളെ കയ്യില് തണുപ്പിന് പുതക്കുന്ന ഷോൾ ഏതേലും ഉണ്ടോ? പഴയത് മതി. തിരിച്ചു വന്നാ ഞാൻ കഴുകി തിരിച്ചു തരാം.”
“ഇയ്യെന്താ ലക്ഷ്മി ഇങ്ങനെ ഒക്കെ ഇവിടെ ഉണ്ട് നീ കൊണ്ടൊക്കോ. ഇക്ക ഓരോ വട്ടം വരുമ്പോ ഇങ്ങനെ ഓരോന്ന് കൊണ്ടരും ആർക്കെങ്കിലും ഒക്കെ കൊടുക്കും. ഞാൻ കൊണ്ടന്നു തരാം.”
ജമീല തിരിച്ചു വന്നപ്പോൾ കയ്യിൽ ഷാളിനൊപ്പം ഒരു ക്യാമറയും ഉണ്ടായിരുന്നു.
“ഇതാ ഇതും കൂടെ അവൾക്ക് കൊടുത്തേക്ക്. ഇത് ഉപയോഗിക്കാനൊക്കെ ഓൾക്ക് അറിയാം. ഇന്നാളു ഓള് ഇതിൽ ഇവിടത്തെ കുട്ടികളുടെയും ഉമ്മാന്റേം ഒക്കെ ഫോട്ടോകളൊക്കെ കണ്ടിട്ട് ഇക്ക പറയേം കൂടെ ചെയ്തു. നന്നായിട്ടുണ്ട് എന്ന്. ഓള് പോണോടത്തെ ഫോട്ടോ ഒക്കെ എടുത്തിട്ട് വരട്ടെ. ഇയ്യ് ഇതില് ഇടാനുള്ള ഒരു ഫിലിം വാങ്ങി കൊടുത്തേക്ക് ഓൾക്ക്.”
“ഇതൊന്നും വേണ്ട താത്ത. എന്തേലും കേടു പറ്റിയാൽ പിന്നെ അതൊരു ബുദ്ധിമുട്ടാവും.”
“അങ്ങനെ ഒന്നും വരില്ല. നല്ല കരുതലുള്ള കുട്ടിയല്ലേ അവള്. അവള് നോക്കിക്കോളും.”
ആ ക്യാമറ ഗായത്രിക്ക് കൊടുത്തപ്പോൾ അമ്മ ഒന്നൂടെ ഓർമ്മിപ്പിച്ചു. “ആരാന്റെ മുതലാണ് മോളെ. സൂക്ഷിക്കണേ.”
അവൾ അത് ഭദ്രമായി ബാഗിൽ വെച്ചു.
സംഗതി ആദ്യമൊക്കെ എതിർപ്പുണ്ടായിരുന്നു എങ്കിലും പോവാൻ ആയപ്പോഴേക്കും അവളും ആവേശത്തിൽ ആയിരുന്നു. ആദ്യമായാണ് ഒരു യാത്ര. അതും കാണാൻ ഒത്തിരി ആഗ്രഹമുള്ള സ്ഥലങ്ങളിലേക്ക്…
പോകേണ്ട ദിവസം അതിരാവിലെ അവർ സ്കൂളിലെത്തി. രണ്ടു ബസുകളിൽ ആയി ആണ് യാത്ര. ഓരോരുത്തരെ ആയി ഹാജർ എടുത്തും വേണ്ട നിർദേശങ്ങൾ നൽകിയും ടീച്ചർമാരും മാഷുമാരും അവരെ ഒരുക്കി നിർത്തി.
അതിനിടെയാണ് സ്മിതക്ക് മാത്രമായി അവൾ ആ ക്യാമറ ബാഗിൽ നിന്ന് എടുത്തു കാണിച്ച് കൊടുത്തത്. അവൾ തുള്ളിചാടി.
“നമുക്ക് കുറെ ഫോട്ടോകൾ എടുക്കാം. എല്ലാം എടുക്ക്. ഇവിടന്നു പുറപ്പെടുന്നത് തൊട്ട് തിരിച്ചു എത്തുന്നത് വരെ ഉള്ള ഓരോ നല്ല നിമിഷങ്ങളും എടുക്കണം കേട്ടോടി.”
“ഒന്ന് പോടീ. ആകെ ഒരു റീൽ ഫിലീമേ ഉള്ളു. അതിനുള്ളിൽ പെടുത്താവുന്നത് മുഴോൻ എടുക്കാം.”
“അങ്ങനെ നീ കഞ്ചൂസ് ആവണ്ട. എന്റെ കയ്യിൽ കാശുണ്ട്. നമുക്ക് പോണ വഴി എവിടെ നിന്നെങ്കിലും വാങ്ങാം.”
അവർ അതും പറഞ്ഞോണ്ട് നിന്നപ്പോൾ ആണ് ക്ലാസ്സിലെ വില്ലത്തിയും കാശുകാരിയും ആയ ജിഷയും അവളുടെ വാലായി നടക്കുന്ന, ക്ലാസ്സിലുള്ളവർ അനസൂയ എന്നും പ്രിയവദ എന്നും പേരുള്ള രണ്ടെണ്ണവും കൂടെ അങ്ങോട്ട് വന്നത്.
“കൊള്ളാലോ, നിന്റെ കയ്യിൽ ക്യാമറയൊക്കെ ഉണ്ടോ? നോക്കട്ടെ? ഇത് എന്റേൽ ഉള്ള അതേ മോഡൽ ആണല്ലോ. നിനക്ക് എന്തായാലും ഇത് സ്വന്തമായി ഉണ്ടാവാനുള്ള സാധ്യതയില്ല. ഇരന്നു വാങ്ങി കൊണ്ടു വന്നതോ അതോ എവിടുന്നേലും കട്ടോണ്ട് വന്നതോ?”
ജിഷയുടെ ഡയലോഗ് കേട്ടതും അപ്പുറവും ഇപ്പുറവും നിന്ന രണ്ടെണ്ണം റേഡിയോ ഓൺ ചെയ്തത് പോലെ ഉറക്കെ ചിരിക്കാൻ തുടങ്ങി. ഇത് കണ്ടതും സഹിക്കാതെ സ്മിത അവർക്ക് നേരെ ചാടി.
“നിങ്ങൾക്ക് നിങ്ങളുടെ കാര്യം നോക്കിയാൽ പോരെ? അവൾ തിരിച്ചൊന്നും പറയാത്ത പാവം ആയത് കൊണ്ടല്ലേ?”
വേറെയും എന്തൊക്കെയോ പറയാൻ തുടങ്ങുമ്പോഴേക്ക് ഗായത്രി അവളുടെ കൈ കേറി പിടിച്ച് വേണ്ട എന്ന് പറഞ്ഞു.
അത് കണ്ടതും വീണ്ടും എന്തോ പറയാൻ ജിഷ വാ തുറന്നതും പുറകിൽ നിന്ന് കൂട്ടുകാരികൾ അവളെ പതിയെ തോണ്ടി കണ്ണ് കൊണ്ട് അപ്പുറത്തേക്ക് കാണിച്ചു.
“ദേടീ കോമേഴ്‌സിലെ ഗൗതം.”
അതോടെ ജിഷയുടെ ശ്രദ്ധ മാറി. ഗായത്രിയും സ്മിതയെ വലിച്ചു കൊണ്ട് അവിടെ നിന്ന് വേഗം മാറി. യാത്ര പുറപ്പെട്ടപ്പോൾ ഇവരൊക്കെ ഒരേ ബസിൽ ആയിരുന്നു. ഗായത്രിയും സ്മിതയും ഒരുമിച്ച് ഇരുന്ന് അവരുടെ ലോകങ്ങളിൽ ആയിരുന്നു.
വീട്ടിൽ നിന്ന് കൊണ്ട് വന്ന പലഹാരങ്ങൾ പങ്കു വെച്ചും പാട്ടുകൾ പാടിയും ബസിൽ നിന്നു ഡാൻസ് കളിച്ചുമെല്ലാം അവർ ഊട്ടിയിൽ എത്തി.
കുറച്ചിടങ്ങൾ എല്ലാം കറങ്ങി അവസാനം അവർ താമസിക്കുന്ന സ്ഥലത്തെത്തി. അന്നവിടെ വെച്ച് അവർ ക്യാമ്പ് ഫയർ സംഘടിപ്പിച്ചു. സ്മിത ഗായത്രിയെ കൊണ്ട് നിർബന്ധിപ്പിച്ചു പാട്ട് പാടിച്ചു. പലർക്കും അത് ഒരു പുതിയ അറിവായിരുന്നു. അവളെ ഒരു പഠിപ്പിസ്റ്റ് ആയി മാത്രമായിരുന്നു എല്ലാവരും കണ്ടത്. എല്ലാവരും അവളെ അഭിനന്ദിച്ചു.
എല്ലാം കഴിഞ്ഞു തിരികെ മുറിയിലേക്ക് പോകാൻ വേണ്ടി തുടങ്ങിയപ്പോൾ ആണ് ഗൗതം അവളുടെ അടുത്തേക്ക് വന്നത്.
“കുട്ടി ഒന്ന് നിൽക്കു.”
അവൾ തിരിഞ്ഞു നോക്കി.
“പാട്ട് അസ്സലായിരുന്നു ട്ടോ.”
“താങ്ക്സ്.”
വീണ്ടും എന്തൊക്കെയോ ചോദിക്കാനും പറയാനും ഉള്ള ഭാവം അവന്റെ മുഖത്ത് ഉണ്ടായിരുന്നു. അത് അറിഞ്ഞെന്ന വണ്ണം സ്മിത അവന്റെ മുഖത്തേക്ക് തന്നെ നോക്കി കാത്തു നിൽക്കുന്നുണ്ടായിരുന്നു. പക്ഷെ ഗായത്രി പെട്ടന്ന് തന്നെ അവളെയും വിളിച്ചു അവിടെ നിന്ന് പോയി.
പിറ്റേന്ന് ബസിൽ ഇരിക്കുമ്പോഴും പുറത്ത് കറങ്ങുമ്പോഴും ഒക്കെ ഗൗതം ഗായത്രിയോട് സംസാരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഒന്നോ രണ്ടോ വാക്കുകളിൽ ഉത്തരം പറഞ്ഞ് അവൾ എത്രയും വേഗം അവിടെ നിന്ന് മുങ്ങും.
സഹി കെട്ട് സ്മിത അവളെ പിടിച്ച് നിർത്തി ചോദിച്ചു.
“നിനക്കെന്താ അവനോട് മിണ്ടിയാൽ? ഇവിടെ വേറെ പലരും അവനോട് മിണ്ടാൻ മുട്ടി നടക്കാ. നിനക്ക് വെറുതെ ജാഡ.”
“ജാഡയൊന്നും അല്ലേടി. എനിക്കെന്തോ ഒരു ബുദ്ധിമുട്ട് അവൻ അടുത്ത് വരുമ്പോൾ.”
“ആണോ….അടിപൊളി അപ്പൊ നിനക്കും അവനോട് എന്തോ ഉണ്ടല്ലേ…”
“ഒന്ന് പോടീ. അവളുടെ ഒരു കണ്ടു പിടിത്തം. ഇനി മിണ്ടിയാൽ നിന്നെ കൊ ല്ലും.”
ഇതെല്ലാം കുറച്ചുകലെ നിന്ന് കണ്ടു ഗൗതം ചിരിക്കുന്നുണ്ടായിരുന്നു.
അത് കഴിഞ്ഞു തിരിച്ചു ബസിൽ കയറിയ ശേഷമാണ് അത് സംഭവിച്ചത്.
ബസിൽ ആകെ ബഹളം. ജിഷയുടെ ക്യാമറ കാണാനില്ല. തപ്പി തപ്പി അവൾ ഗായത്രിയുടെ അടുത്ത് വന്ന് അവളുടെ ബാഗിൽ നിന്ന് ക്യാമറ പുറത്തെടുത്ത് പ്രഖ്യാപിച്ചു.
“ഇതാണ് എന്റെ ക്യാമറ ഇത് ഇവൾ മോഷ്ടിച്ചതാണ്.”
ഗായത്രിയും സ്മിതയും ഞെട്ടി.
“ഇല്ല ടീച്ചറെ ഇത് ഗായത്രി കൊണ്ട് വന്നതാണ്.” സ്മിത ഗായത്രിക്ക് വേണ്ടി സംസാരിക്കാൻ തുടങ്ങി.
“അല്ലല്ല ഇത് ജിഷയുടെയാണ്. ഇവൾ കട്ടതാണ്.”
ഗായത്രിയാണെങ്കിൽ ഒന്നോ രണ്ടോ തവണ മാത്രമേ ക്യാമറ പുറത്തെടുത്തിരുന്നുള്ളു. അത് കൊണ്ട് തന്നെ ആരും അത് കണ്ടിരുന്നില്ല. നേരെ മറിച്ചു ജിഷ മുഴുവൻ നേരവും അതും പിടിച്ച് നടന്നത് കൊണ്ട് എല്ലാവർക്കും ആ ക്യാമറ പരിചിതവുമായിരുന്നു.
ഗായത്രി അങ്ങനെ ഒരിക്കലും ചെയ്യില്ല എന്ന് വിശ്വാസമുള്ളവർക്ക് പോലും ഒന്നും മിണ്ടാൻ സാധിക്കാതെ നിന്നു.
ജിഷയും കൂട്ടരുമാണെങ്കിൽ ഗായത്രിയെ അപമാനിക്കാൻ കിട്ടിയ അവസരം കൂടുതൽ മുതലാക്കുകയായിരുന്നു.
“ഇങ്ങനെ ഒരു ക ള്ളിയുടെ കൂടെ എനിക്ക് ഇരിക്കാൻ പറ്റില്ല ടീച്ചറെ ഇവളെ മറ്റേ ബസ്സിലേക്ക് മാറ്റണം.” ജിഷ ഒറ്റ കാലിൽ നിന്നു.
ഗായത്രി ടീച്ചരോടും സാറിനോടും കരഞ്ഞു പറഞ്ഞു അതവളുടെ ക്യാമറയാണെന്ന്.
തല്ക്കാലം പരിഹാരം ഒന്നും കാണാൻ സാധിക്കില്ലാത്തത് കൊണ്ട് പ്രശ്നങ്ങൾ ഒഴിവാക്കാൻ അടുത്ത ബസിലേക്ക് മാറാൻ ഗായത്രിയോട് ആവശ്യപ്പെട്ടു.
അടുത്ത ബസ്സിലേക്ക് പോകാനായി ഇറങ്ങാൻ നേരം, എന്തിനോ ഗായത്രി ഗൗതമിന്റെ മുഖത്തേക്ക് നോക്കി. ഗായത്രി നോക്കുന്നു എന്ന് കണ്ട മാത്രയിൽ അവൻ മുഖം തിരിച്ചു.
പിന്നീടുള്ള യാത്രയിൽ ഉടനീളം ഗായത്രി കരച്ചില് തന്നെയായിരുന്നു. കള്ള കുറ്റം തന്റെ മേൽ ചാരിയതിനേക്കാൾ വേദനയായിരുന്നു തിരിച്ചു ചെന്ന് അമ്മയോടും താത്തയോടും എന്തു പറയുമെന്ന്. അന്ന് പുറത്ത് വെച്ച് കണ്ടപ്പോഴൊന്നും ഗൗതം ഗായത്രിയെ ശ്രദ്ധിച്ചതേ ഇല്ല. മുഖം പോലും കൊടുക്കാതെ മാറി നടന്നു.
സ്മിത ഗായത്രിയെ ആശ്വസിപ്പിച്ചു. “സാരമില്ല ഗായത്രി, നമുക്ക് നാട്ടിൽ ചെന്ന് എല്ലാവരോടും സത്യം പറയാം. താത്തക്ക് അറിയാലോ നീ അങ്ങനെ ചെയ്യില്ല എന്ന്. ഈ ജിഷ ഇത് എന്തു കണ്ടിട്ടാണ്? ശരിക്കും അവളുടെ ക്യാമറ എവിടെയോ കൊണ്ടോയി കളഞ്ഞിട്ട് തക്കത്തിനു നിന്റെ ക്യാമറ സ്വന്തമാക്കി. എന്തു സാധനം ആണ് ആ പെണ്ണ് അല്ലേ.”
ഗായത്രിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു ആ നടന്നതെല്ലാം. വേറെ ആരോടും കാണിക്കാൻ സാധിക്കാത്തത് കൊണ്ട് അവൾ സ്മിതയുടെ നേരെ ചാടി.
“നിനക്കല്ലായിരുന്നോ നിർബന്ധം എന്നേ ടൂറിനു കൊണ്ട് വരാൻ. ഒരിക്കലും മറക്കാൻ സാധിക്കാത്ത ഓർമ തന്നെയായി എന്തായാലും. എല്ലാരുടെയും മുന്നിൽ കള്ളിയും ആയി.
നീയല്ലേ പറഞ്ഞത് ടൂർ പോയി തിരിച്ചു വരുമ്പോൾ എല്ലാവരും മാറും എന്ന്. ഞാൻ ശരിക്കും മാറി.
പിന്നെ എന്തായിരുന്നു നിന്റെ പ്രശ്നം, ആ ഗൗതമിനോട് സംസാരിക്കാത്തത്. അല്ലേ. അതും കണ്ടല്ലോ. ഒരു നിമിഷം കൊണ്ട് മുഖഭാവം മാറിയത്. എവിടെ ഇപ്പൊ കാണാനില്ലല്ലോ നിന്റെ ഗൗതമിനെ.”
“ഞാനിവിടെ തന്നെ ഉണ്ട്. തന്റെ കുറ്റബോധവും നിസ്സഹായതയും ഉള്ള മുഖം കാണാൻ പറ്റാത്തത് കൊണ്ട് മാറി നിന്നതാണ്.” ഗൗതം അവരുടെ അടുത്തേക്ക് വന്നു.
“ഇപ്പഴും അവസ്ഥക്ക് മാറ്റമൊന്നും ഇല്ല. ഇത് കാണാൻ ആരും ഇങ്ങോട്ട് വരണം എന്നും ഇല്ല.” ഗായത്രിയുടെ സങ്കടം ദേഷ്യമായി പുറത്തേക്ക് വന്നു.
“മാറ്റമുണ്ട്. ഇതാ തന്റെ ക്യാമറ. ജിഷക്ക് ജിഷയുടെ ക്യാമറ കിട്ടിയിട്ടുണ്ട്. ജിഷ തന്നെ എല്ലാവരുടെയും മുന്നിൽ വെച്ച് തന്നോട് മാപ്പ് പറയും. താൻ ഒന്ന് അങ്ങോട്ട് വാ.”
ഗൗതം അവളുടെ കൈ പിടിച്ച് ബാക്കി ഉള്ളവരുടെ അടുത്തേക്ക് കൊണ്ട് പോയി. എല്ലാവരുടെയും മുന്നിൽ വെച്ച് ജിഷ ഗായത്രിയോട് മാപ്പ് പറഞ്ഞു. എല്ലാരും പ്രശ്നങ്ങൾ എല്ലാം തീർത്തു തിരിച്ചു പോയി. സ്മിതയും ഗായത്രിയും പഴേ പോലെ അവരുടെ പഴയ ബസ്സിൽ തന്നെ വന്നിരുന്നു.
“എന്നാലും ഇതെങ്ങനെ സംഭവിച്ചു എന്ന് എനിക്ക് മനസ്സിലാവുന്നില്ല.” സ്മിത പറഞ്ഞു.
“എനിക്കൊന്നും അറിയണ്ട. എന്തായാലും ഇത് തിരിച്ചു കിട്ടിയല്ലോ അത് തന്നെ ധാരാളം.” ഗായത്രിക്ക് ആശ്വാസമായിരുന്നു.
“എന്നാലും ആ താ ട ക മാപ്പ് പറയാ എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ വയ്യ. ആരോട് ചോദിച്ചാലാ സത്യം അറിയാ?” സ്മിതക്ക് സഹിക്കാനാവുന്നില്ല.
“ഞാൻ പറഞ്ഞാൽ മതിയോ?” എന്നും ചോദിച്ചു ഗൗതം അങ്ങോട്ട് വന്നു.
അന്തം വിട്ട് ഇരുന്ന ഗായത്രിയെയും സ്മിതയെയും നോക്കി അവൻ ചോദിച്ചു.
“ഞാനും നിങ്ങളുടെ കൂടെ ഇവിടെ ഇരുന്നോട്ടെ?” മറുപടിക്ക് കാത്തു നിൽക്കാതെ, മൂന്നു പേർക്കുള്ള ആ സീറ്റിൽ ഗായത്രിയുടെ അടുത്ത് അവൻ ഇരുന്നു.
“ജിഷക്ക് ഗായത്രിയോടുള്ള ദേഷ്യമോ കുശുമ്പോ അസൂയയോ കൊണ്ട് ഒപ്പിച്ച പണിയാണ്. അവളുടെ ക്യാമറ ഒളിപ്പിച്ചു വെച്ചു. ഞാൻ അത് കണ്ടു പിടിച്ചു. ഞാനായിട്ട് കംപ്ലയിന്റ് കൊടുക്കും എന്ന് പറഞ്ഞപ്പോൾ ആണ് അവൾ മാപ്പ് പറയാൻ തയ്യാറായത്.” ഗൗതം പറയുന്നത് കെട്ട് എന്തു മറുടി പറയണം എന്ന് മനസ്സിലാവാതെ ഗായത്രി ഇരുന്നു.
അവളുടെ നാവിൽ നിന്ന് പതിയെ “താങ്ക്സ്” എന്നു പുറത്തേക്ക് വരുന്നതിനിടെ സ്മിത ചാടി കേറി.
“എല്ലാം ഓക്കേ ആയി. പക്ഷെ ഞങ്ങൾക്ക് ഫോട്ടോ എടുക്കാൻ പറ്റിയില്ലല്ലോ ആ ദു ഷ് ടത്തികൾ കാരണം.” അവൾക്ക് നിരാശ താങ്ങുന്നില്ലായിരുന്നു.
“അത് സാരമില്ല. ഞാൻ കുറെ ഫോട്ടോകൾ എടുത്തിട്ടുണ്ട്. അതിന്റെ കോപ്പി തരാം. തിരിച്ചു നാട്ടിൽ എത്തിയിട്ട്.” ഗൗതം സ്മിതയെ ആശ്വസിപ്പിച്ചു.
“അതൊക്കെ നിങ്ങൾ ആണുങ്ങളുടെ ഫോട്ടോ ആവില്ലേ. ഞങ്ങളുടെ ഫോട്ടോ ഉണ്ടാവില്ലല്ലോ അതിൽ. സാരമില്ല. സ്ഥലങ്ങൾ എങ്കിലും കാണാലോ അല്ലേ.” സ്മിത ആശ്വസിച്ചു.
***************
വർഷങ്ങൾക്കിപ്പുറം ഗായത്രി പഴയ ആൽബം നോക്കി ഇരിക്കുകയായിരുന്നു. പഴയ വിനോദയാത്രയുടെ സംഭവങ്ങൾ അവളുടെ മനസ്സിലേക്ക് ഓടി വന്നു. അവൾ ഓരോ ഫോട്ടോകൾ ആയി നോക്കി.
യാത്ര ചെയ്ത ഓരോ സ്ഥലങ്ങളിലും വെച്ചുള്ള ഫോട്ടോകൾ, ഗായത്രിയുടെയും സ്മിതയുടെയും അവരറിയാതെ എടുത്ത ഫോട്ടോകൾ. അതിലേക്ക് നോക്കി ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു…
“അല്ല മാഷേ അന്ന് താൻ ട്രിപ്പിനു വന്നത് സ്ഥലങ്ങൾ കാണാനോ അതോ ഞങ്ങളെ കാണാനോ?”
വായിച്ച് കൊണ്ടിരുന്ന പുസ്തകത്തിൽ നിന്ന് കണ്ണെടുത്തു കൊണ്ട് അവൻ പറഞ്ഞു.
“നിങ്ങളെ അല്ല. നിന്നെ കാണാൻ”
“എന്തായാലും ജിഷ അന്ന് ക്യാമറ കട്ടത് നന്നായി അല്ലേ?” ഗായത്രി ഗൗതമിന്റെ നെഞ്ചിലേക്ക് ചാരി ഇരുന്നു.
©remya bharathy