ഒരു കോളേജ് ജങ്ഷൻ…..
എഴുത്ത്: മീനു ഇലഞ്ഞിക്കൽ
=================
ബസ്സിലേക്ക് കയറിയ മാത്രയിൽ കണ്ടക്ടറിൽ നിന്നും ടിക്കറ്റ് വാങ്ങി അനു തിരക്ക് കുറവായിരുന്നത് കൊണ്ട് തന്നെ ഇരിക്കുവാൻ വിൻഡോ സീറ്റ് തന്നെ കിട്ടിയിരുന്നു…
“മോളെ…അനുപ്രിയ അല്ലേ നീ…”
മുൻ സീറ്റിലിരുന്ന മധ്യവയസ്ക തന്നെ തിരിച്ചറിയുമ്പോൾ പുഞ്ചിരി തൂകി അവൾ.
“മോള് ചെയ്യുന്ന നന്മകളൊക്കെ ചാനലുകളിലും പത്രങ്ങളിലും കാണാറുണ്ട്. നല്ലത് മാത്രമേ വരു നിനക്ക് ദൈവം അനുഗ്രഹിക്കട്ടെ….”
അവർക്കായുള്ള മറുപടി സ്നേഹത്തിൽ ചാലിച്ചൊരു പുഞ്ചിരിയിലൊതുക്കി അനു സീറ്റിലേക്ക് തല ചായ്ച്ചിരുന്നു
ബസ്സ് പതിയെ മുന്നിലേക്ക് നീങ്ങുമ്പോൾ അവളുടെ ഓർമ്മകൾ പതിയെ പതിയെ പിന്നിലേക്ക് സഞ്ചരിച്ചു തുടങ്ങിയിരുന്നു. ഒരു സാമൂഹിക പ്രവർത്തക എന്ന മേൽവിലാസം തനിക്കു നേടിത്തന്ന ആ പഴയ നാളുകളിലേക്ക്. അഞ്ചു വർഷങ്ങൾക്കു മുൻപുള്ള കോളേജ് പഠന കാലഘട്ടങ്ങളിലേക്ക്…..
*********************
വേനലവധി കഴിഞ്ഞു കോളേജ് തുറക്കുന്ന ദിവസം അനു ഏറെ ഉത്സാഹത്തിൽ ആയിരുന്നു. കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം സുഹൃത്തുക്കളെ വീണ്ടും കാണുന്ന സന്തോഷം. പ്രത്യേകിച്ച് ലക്ഷ്മിയെ….
കോളേജ് പഠനം ആരംഭിച്ച നാളിൽ അവൾക്ക് കിട്ടിയ പ്രിയ മിത്രമാണ് ലക്ഷ്മി. ഒരു വർഷം കൊണ്ട് തന്നെ രണ്ടാളും വരേയേറെ അടുത്തു. വേനലവധിയുടെ വേളകളിലും ലക്ഷ്മിയെ പിരിഞ്ഞിരിക്കുന്നതായിരുന്നു അനുവിന് ഏറെ ദുഷ്കരമായത്. എങ്കിലും ദിവസവുമുള്ള ഫോൺ വിളികളിലൂടെ ആ സൗഹൃദം വളർന്നു. എന്നാൽ അതിനിടയിൽ കുറച്ചു നാളുകളായി ലെക്ഷ്മിയുടെ ഫോൺ വിളികളൊന്നുമില്ലാതായപ്പോൾ വിവരങ്ങൾ ഒന്നും അറിയാതെ ആയപ്പോൾ വല്ലാതെ വേവലാതി കേറിയിരുന്നു അനുവിന് കോളേജിലേക്കെത്തി അവൾ ആദ്യം അന്വേഷിച്ചതും ലക്ഷ്മിയെ ആയിരുന്നു എന്നാൽ അവളെ പറ്റി മാത്രം ആർക്കും ഒന്നും അറിയില്ലായിരുന്നു.
“അനു, ലക്ഷ്മി താമസിച്ചിരുന്ന വീട് വിറ്റു എന്നാ അറിഞ്ഞേ അവർ അവിടുന്ന് പോയിട്ട് ഒരു മാസം കഴിയുന്നു “
സുഹൃത്തു കൈമാറിയ വിവരങ്ങൾ അനുവിന് ഏറെ തളർത്തി.
“ലക്ഷ്മിക്ക് എന്തോ സംഭവിച്ചിട്ടുണ്ട് ഇല്ലെങ്കിൽ ഇങ്ങനെയൊന്നും ഉണ്ടാകില്ല”
കൂട്ടുകാരുടെ സംശയങ്ങൾ അനുവിനെകൂടുതൽ ആശയക്കുഴപ്പത്തിലാക്കി. നിരാശയോടെയാണ് അവൾ അന്ന് തിരികെ വീട്ടിലേക്ക് മടങ്ങിയത്. തുടർന്നുള്ള ദിവസങ്ങളിലും ലക്ഷ്മി ക്ളാസിലേക്ക് വരാതെ ആയപ്പോൾ അനു ഏറെ അസ്വസ്ഥയായി. പല പല വഴികളിലൂടെയൊക്കെ അന്യോഷിച്ചെങ്കിലും അവളെ പറ്റി ഒരു വിവരവും ലഭിച്ചില്ല. അങ്ങിനെ ദിവസങ്ങൾ കടന്നു പോകവേ ഒരു ദിവസം ഞെട്ടിക്കുന്നൊരു വാർത്തയുമായാണ് സുഹൃത്തുക്കളിൽ ഒരാൾ കോളേജിലേക്ക് എത്തിയത്.
“അനു, ഞാൻ ലക്ഷ്മിയെ കണ്ടു…യാദർശ്ചികമായി തിരുവനന്തപുരം ആർ സി സി ഹോസ്പിറ്റലിൽ വച്ചു. ഒരു ഫ്രണ്ടിന്റെ ബന്ധുവിനെ കാണാൻ അവനൊപ്പം അവിടെ പോയതാ ഞാൻ. കണ്ടു ഞാൻ ഞെട്ടിപ്പോയി അവൾക്ക്….അവൾക്ക് ബ്ലഡ് ക്യാൻസർ ആണ്”
ഞെട്ടലോടെയാണ് അനുആ വാർത്ത കേട്ടത് അവൾ മാത്രമല്ല മറ്റു മിത്രങ്ങളും ഒരുപോലെ നടുങ്ങി പോയി. ഒടുവിൽ വൈകാതെ തന്നെ തിരഞ്ഞു പിടിച്ചു അവർ ലക്ഷ്മി ഉള്ള തിരുവനന്തപുരത്തെ അവളുടെ ആന്റിയുടെ വീട്ടിലെത്തിയിരുന്നു. പൊട്ടിക്കരഞ്ഞു കൊണ്ടാണ് അവൾ അവരെ വരവേറ്റത്. കരഞ്ഞു കൊണ്ടവൾ ഓടി വന്നു തന്നെ പുണരുമ്പോൾ അവളിലെ മാറ്റം അനുവിനെ ഏറെ ഞെട്ടിച്ചു തലമുടി പൂർണമായും കൊഴിഞ്ഞു മെലിഞ്ഞു ആളെ പോലും അറിയുവാൻ പറ്റാത്ത വിധം ക്ഷീണിച്ചിരുന്നു ലക്ഷ്മി
“കീമോയും റേഡിയേഷനും എല്ലാം കൂടിയായപ്പോൾ എന്റെ മോള് ഈ കോലത്തിൽ ആയി”
ലക്ഷ്മിയുടെ അമ്മ പൊട്ടിക്കരയുമ്പോൾ അവളെ മാറോടു ചേർത്തു അനു
“ന്റെ ലച്ചു നിനക്കൊന്ന് പറയാമായിരുന്നില്ലേ എന്നോട് ഇതൊക്കെ. അസുഖം വരാത്തവർ ആയി ആരുമുണ്ടാകില്ലല്ലോ. നമ്മളൊക്കെ ഒന്നല്ലേടോ…എന്നിട്ടും മറച്ചു വച്ചുകൊണ്ട് ഇങ്ങനെ ഒളിച്ചോടണമായിരുന്നോ”
പൊട്ടിക്കരഞ്ഞു കൊണ്ടാണ് ലക്ഷ്മി അതിനു മറുപടി നൽകിയത്
“ഇങ്ങനെ ഒരു കോലത്തിൽ എങ്ങനാടോ ഞാൻ നിങ്ങടെ മുന്നിലേക്ക് വരിക….അതുകൊണ്ടാ ഞാൻ… “
അവളെ കൂടുതൽ മറോട് ചേർത്തു പിടിക്കുമ്പോൾ അനുവിന്റെ ഉള്ളു നീറുകയായിരുന്നു
******************
“കോളേജ് ജംഗ്ഷൻ ആളിറങ്ങാം….. “
കണ്ടക്ടർ ഉച്ചത്തിൽ വിളിച്ചു പറയുമ്പോഴാണ് അനു ഓർമകളിൽ നിന്നും ഉണർന്നത്. ബസ്സിറങ്ങി ഗേറ്റ് കടന്നു കോളേജിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഉള്ളിൽ വല്ലാത്തൊരു നോവ് അനുഭവപ്പെട്ടു അവൾക്ക്…അഞ്ചു വർഷങ്ങൾക്കപ്പുറം തന്റെ കോളേജിലേക്ക് വീണ്ടും. അവിടെ അവൾക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. കോളേജ് ആഡിറ്റോറിയത്തിലേക്ക് നടക്കുമ്പോൾ മൈക്കിലൂടെ ആരുടെയോ അധ്യക്ഷ പ്രസംഗം കേൾക്കുന്നുണ്ടായിരുന്നു
“സുഹൃത്തുക്കളെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങളിലൂടെ ക്യാൻസർ രോഗികൾക്ക് ഒരു ആശ്രയമായി മാറിയ ശ്രീമതി അനുശ്രീ എത്തിച്ചേർന്നിട്ടുണ്ട്. ഈ കോളേജിലെ ഒരു പൂർവ്വ വിദ്യാർത്ഥി കൂടിയായ അനുവിനെ നിറഞ്ഞ കയ്യടിയോടെ തന്നെ നമുക്ക് സ്വാഗതം ചെയ്യാം ” കരഘോഷങ്ങൾക്കിടയിലൂടെയാണ് അനു സ്റ്റേജിലേക്ക് കയറിയത്. പ്രസംഗം വീണ്ടും തുടർന്നു…
“സുഹൃത്തുക്കളെ നമ്മുടെ കോളേജ് മാനേജുമെന്റിന്റെ കീഴിൽ ഒരു ചാരിറ്റബിൾ ട്രെസ്റ് എന്ന ആശയം അഞ്ചു വർഷങ്ങൾക്ക് മുൻപ് ആദ്യമായി അവതരിപ്പിച്ച ആളാണ് ശ്രീമതി അനുശീ അന്ന് പക്ഷേ അത് പൂർണ്ണമാക്കുവാൻ കഴിയാതെ പോയി എങ്കിലും വളരെ നാളുകളായുള്ള പ്രയത്നങ്ങൾക്കൊടുവിൽ ഇന്ന് ഇവിടെ വച്ചു ആ ട്രസ്റ്റിന്റെ ഉത്ഘാടനം നടക്കുകയാണ്. ഈ അവസരത്തിൽ രണ്ട് വാക്ക് സംസാരിക്കുവാൻ ശ്രീമതി അനുശ്രീയെ ക്ഷണിക്കുന്നു “
പുഞ്ചിരിയോടെയാണ് അനു മൈക്കിനു മുന്നിലേക്ക് ചെന്നത്. അന്നാദ്യമായി പ്രസംഗിച്ചു തുടങ്ങുമ്പോൾ അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
“പ്രിയ ചങ്ങാതിമാരെ ആദ്യം തന്നെ ഒരു അതിഥിയായി എന്നെയിവിടെ ക്ഷണിച്ചതിൽ നന്ദി അറിയിക്കട്ടെ…ഒരു സാമൂഹിക പ്രവർത്തക എന്ന നിലയിൽ എനിക്ക് സമൂഹത്തിൽ എനിക്കെന്തെങ്കിലും ചെയ്യുവാൻ കഴിഞ്ഞു എങ്കിൽ അതിനു ഏക കാരണം ഒരേ ഒരാളാണ്….എന്റെ ജീവന്റെ ജീവനായിരുന്ന എന്റെ പ്രിയ മിത്രം ലക്ഷ്മി.”
ലക്ഷ്മിയുടെ പേര് പറയുമ്പോൾ തന്നെ ഉള്ളിൽ നിന്നും ഇരച്ചു കയറിയ നോവ് കണ്ണുനീർതുള്ളികളായി മിഴികളിൽ പടരാതിരിക്കുവാൻ അവൾ ഏറെ പണിപ്പെട്ടു.
“ഞങ്ങൾക്കൊപ്പം ഇതേ കോളേജിൽ ഉണ്ടായിരുന്ന ലക്ഷ്മിയെ പെട്ടെന്ന് ഒരു ദിവസം മുതൽ കാണാണ്ടായപ്പോൾ ഞങ്ങൾ ഏറെ വിഷമിച്ചു. നാളുകൾക്കു ശേഷമാണ് ബ്ലഡ് ക്യാൻസർ എന്ന രോഗത്തിനടിമപ്പെട്ട് ചികിത്സയിൽ കഴിയുന്ന അവളെ ഞങ്ങൾക്ക് കണ്ടെത്തുവാനായത് തലമുടിയൊക്ക കൊഴിഞ്ഞു മെലിഞ്ഞുണങ്ങിയ അവളുടെ കോലം ഞങ്ങളെ ഏറെ വിഷമിപ്പിച്ചു. പക്ഷേ ലക്ഷ്മിക്ക് അധികം ആയുസ്സ് ദൈവം നൽകിയില്ല വല്ലാത്തൊരു വിടവ് ബാക്കി നിർത്തിയാണ് ലക്ഷ്മി ഞങ്ങളെ വിട്ട് പോയത്. ഇന്നും അവളുടെ വിയോഗം എന്നിൽ തീരാ വേദനയായി തന്നെ നിലനിൽക്കുന്നു “
മിഴികൾ തുളുമ്പുമ്പോൾ തുടച്ചു കൊണ്ടവൾ തുടർന്നു…
“ലക്ഷ്മി പോയതിൽ പിന്നെയാണ് ക്യാൻസർ രോഗം ബാധിച്ചു ബുദ്ധിമുട്ടുന്നവർക്കായി എന്തെങ്കിലും ചെയ്യണം എന്ന തോന്നൽ ഞങ്ങളിൽ ഉണ്ടാകുന്നത്. ഈ കോളേജിൽ നിന്നും ഫണ്ട് ശേഖരിച്ചാണ് ഞങ്ങൾ ആദ്യമായി തുടങ്ങുന്നത് ഇന്നിപ്പോൾ വലിയൊരു ചാരിറ്റബിൾ ട്രസ്റ്റിന്റെ തലപ്പത്തിരിക്കുവാൻ എന്നെ സഹായിച്ചതും നിങ്ങൾ ഓരോരുത്തരുമാണ്. ഇനിയും ഏറെ ചെയ്യണമെന്നുണ്ട്..അതിനു നിങ്ങൾ ഓരോരുത്തരുടെയും സഹായങ്ങൾ ഇനിയും അഭ്യർത്ഥിച്ചു കൊണ്ട് എന്റെ വാക്കുകൾ ചുരുക്കുന്നു. “
നിറഞ്ഞ കയ്യടിയാണ് അനുവിന് അവിടെ ലഭിച്ചത്. മാത്രമല്ല ചടങ്ങിലെ മുഖ്യ അതിഥിയായ ജില്ലാ കളക്ടർ അനുവിനെ പൊന്നാടയണിയിച്ചു ആദരിച്ചു.
ചടങ്ങുകൾക്കൊടുവിൽ യാത്ര പറഞ്ഞിറങ്ങുമ്പോൾ വല്ലാത്തൊരു സംതൃപ്തിയായിരുന്നു അനുവിന്…..
“അനു…നിൽക്കെടി നീ പോവുകയാണോ ….”
പുറത്തേക്കിറങ്ങുവാൻ ഗേറ്റിനരികിലേക്കെത്തുമ്പോൾ അറിയാതെ അവളുടെ കാതുകളിൽ ആ സ്വരം തഴുകിയെത്തി…..ഞെട്ടലോടെ പിന്തിരിയുമ്പോൾ അവൾ കണ്ടു പുഞ്ചിരിയോടെ കവാടത്തിനു മുന്നിൽ അവളെ….ലക്ഷ്മിയെ…..നിറകണ്ണുകളോടെ അവൾ കൈകൾ വീശി തന്നോട് യാത്ര പറയുകയാണ്
~മീനു ഇലഞ്ഞിക്കൽ