Story written by Abdulla Melethil
================
നഗരമധ്യത്തിലൂടെ നടന്ന് വരുന്ന സുന്ദരിയായ യുവതിയെ ആരും ഒരിക്കലെങ്കിലും നോക്കാതിരുന്നില്ല. കാറ്റിൽ പാറിപറക്കുന്നഅവളുടെ മുടിയിഴകൾക്കും സാരി തലപ്പിനും ഇടയിലൂടെ പല കണ്ണുകളും കൊള്ളിമീൻ കണക്കെ എത്തി നോക്കി പോയി..
തുറന്ന് വെച്ചിരിക്കുന്ന ഓരോ ഷോപ്പ് ഉടമകളും അവൾ തങ്ങളുടെ കടയിലേക്ക് കയറുമെന്ന് പ്രതീക്ഷിച്ചു..അവരുടെ കൂടെ ആരും ഇല്ലാത്തതിനാൽ തനിച്ചു സഞ്ചരിക്കുന്ന ഒരു യുവതിയിൽ ആരോപിക്കാവുന്ന ഓരോ കാര്യങ്ങളും പലവീക്ഷണ കോണുകളിലൂടെയും കണ്ടു നിൽക്കുന്നവർ പരസ്പരം പങ്ക് വെച്ചു
അവൾ കയറിയത് ഒരു വസ്ത്ര കടയിലേക്ക് ആയിരുന്നു..അതും പുരുഷവസ്ത്രാലയത്തിലേക്ക്..തങ്ങളുടെ ഷോപ്പിലേക്ക് കയറാത്തതിനാൽ അവരൊക്കെ അത് കാരണം കൊണ്ടൊരു ഒരുമ കൈ വന്നു..
ഒറ്റക്ക് വന്നത് കൊണ്ട് വസ്ത്രം ഭർത്താവിന് ആകില്ല കാമുകന് തന്നെ. ഭർത്താവിന് ആണെങ്കിൽ അയാളും വരുമല്ലോ അല്ലെങ്കിലും കണ്ടാലേ അറിയാം ഒരുവശപിശക്…സംസാരങ്ങൾ അങ്ങനെ നീണ്ട് പോയി..
മേഡം സാറിന്റെ സൈസ് എത്രയാണ്. വസ്ത്രകടയിലെ സെയിൽസ്മാൻ ആദ്യം കയറി വന്ന യുവതിയെ ചേച്ചി എന്നാണ് വിളിക്കാൻ ഉദ്ദേശിച്ചത്. എന്നാൽ അവരുടെ ബ്രദർ എന്ന സംബോധന ഒറ്റ അടിക്ക് മേഡം എന്ന വിളിയിലേക്ക് ഉയർത്തി..
നാല്പത്..അവൾ പറഞ്ഞു..
അവൻ എടുക്കുന്ന ഓരോ കളറും സാറിന് മാച്ചാകും എന്ന് അവൻ പറഞ്ഞു കൊണ്ടിരുന്നു..സർ വെളുത്തിട്ടാണോ എന്നാൽ ഈ ഡാർക്ക് ഗ്രീൻ നല്ല മാച്ചാകും..ഈ ബ്ലാക്ക് മാച്ചാകും. സെയിൽസ്മാൻ എടുത്ത് നിവർത്തുന്നത് ഒക്കെ മാച്ചാകും എന്ന് പറഞ്ഞു കൊണ്ടിരുന്നു അവളതൊന്നും എടുത്തില്ല..അവസാനം സെയിൽസ് മാൻ ചേച്ചി ഇഷ്ടമുള്ളത് പറയൂ ഞാൻ എടുത്ത് തരാം എന്ന നിലയിലേക്ക് എത്തി. അപ്പോഴേക്കും കുറെയേറെ വസ്ത്രങ്ങൾ അവൻ അവൾക്ക് വേണ്ടി നിരത്തി വെച്ചിട്ടുണ്ടായിരുന്നു..
മേഡം എന്നത് ചേച്ചി വിളിയിലേക്ക് എത്തി എന്നത് മാത്രമല്ല ഇടക്ക് കാണുന്ന അവളുടെ വയറിന്റെ നഗ്‌നത പോലും അവനെ സ്വാധീനിച്ചില്ല..അവരൊന്നുപോയി കിട്ടിയാൽ ഇതൊക്കെ ഒന്ന് മടക്കി വെക്കാമായിരുന്നു എന്ന് മാത്രമായി അവന്റെ ചിന്ത..
എന്നാൽ കട ഉടമയെയും സെയിൽസ് മാനേയും അമ്പരപ്പിച്ചു കൊണ്ട് നിവർത്തിയിട്ട ഓരോ ജോഡി വസ്ത്രങ്ങളും അവളെടുത്തു. അതിൽ നിന്നും ഒരു കൂട്ട് മാത്രം കൈയ്യിൽ പിടിച്ചു ബാക്കിയുള്ളത് പാക്ക് ചെയ്ത് ആരെയോ കാത്ത് നിന്നു..
കുറച്ചു കഴിഞ്ഞപ്പോൾ അടുത്തുള്ള സഹായി അനാഥ മന്ദിരത്തിൽ നിന്നും ഒരച്ഛനും കുറച്ചു പേരും വന്ന് വസ്ത്രങ്ങൾ അടങ്ങിയ സഞ്ചികൾ കടയിൽ നിന്നും എടുത്ത് ആ യുവതിയുടെ മുന്നിൽ നന്ദിയോടെ തൊഴുതു..അച്ഛൻ ഓരോ സഞ്ചികളും ആ വാനിൽ വന്നവർക്ക് ഓരോരുത്തർക്കായി കൊടുത്തു. സഞ്ചി കിട്ടിയവർ പരസ്പ്പരം നോക്കി ഒച്ചവെച്ചു ചിരിച്ചു എന്നിട്ട് വണ്ടിയിലേക്ക് തന്നെ ഓടി കയറി..
അവളൊരു പുഞ്ചിരിയോടെ തന്റെ കൈയ്യിലുള്ള സഞ്ചിയുമായി ആ നഗരമധ്യത്തിലൂടെ മുന്നോട്ട് പോയി..
ഓരോ കെട്ടുകഥകളിലും ഊഹങ്ങളിലും മുഴുകിയ മറ്റു കടക്കാർ പരസ്പരം നോക്കാൻ ഉള്ള ചമ്മൽ കൊണ്ട് ഓരോ ജോലികളിൽ വ്യാപൃതരായി..
അവളാ സഞ്ചിയും കൊണ്ട് പള്ളി സെമിത്തേരിയിലേക്ക് നടന്നു..അവൾ നിന്ന് പ്രാർത്ഥിക്കുന്ന കല്ലറക്ക് അരികിലെ ഫലകത്തിൽ എഴുതിയ തിയ്യതിയിൽ മരണപ്പെട്ടവന്റെ ആയുസ്സും ഉണ്ടായിരുന്നു കടക്കാരുടെ ഊഹാപോഹങ്ങൾ പോലെ അതവളുടെ കാമുകനോ ഭർത്താവോ ആയിരുന്നിരിക്കണം
അവളാ വസ്ത്രങ്ങൾ അവിടെ സമർപ്പിച്ചു അന്ന് മരിച്ചവന്റെ ജന്മദിനമായിരുന്നു. അവൾ തിരിച്ചു നടക്കാൻ തുടങ്ങുമ്പോൾ വസ്ത്രങ്ങൾ കൈ പറ്റിയ അച്ഛനും അന്തേ വാസികളും പിറകിൽ നിന്നിരുന്നു അതേ പോലെ തന്നെ കൈ കൂപ്പി കൊണ്ട്….
അത് ദൈവത്തിനുള്ള പ്രാർത്ഥനയായിരുന്നു മരിച്ചവന് വേണ്ടിയുള്ള പ്രാർത്ഥന..
സ്നേഹത്തോടെ Abdulla Melethil