താക്കോൽ സൂക്ഷിപ്പുകാർ…
Story written by Remya Bharathy
===============
“എടീ നീ എപ്പഴാ ഫ്രീ ആവാ? എനിക്ക് നിന്നെ ഒന്നു നേരിൽ കണ്ടു സംസാരിക്കണം…”
എപ്പോഴും അയക്കുന്ന വോയ്സ് മെസ്സേജ് പോലെ അല്ല. ഇതിൽ എന്തോ ഉണ്ട്.
“ഞാൻ ജോലി കഴിഞ്ഞു അങ്ങോട്ട് വരാമെടി. എന്തേ പറ്റിയെ? നീ ok അല്ലെ?”
അവൾ തിരികെ വോയ്സ് അയച്ചു. സ്കൂൾ കാലഘട്ടം തൊട്ടേ അവർ കൂട്ടുകാരായിരുന്നു. രണ്ടാളുടെയും മനസ്സിന്റെ താക്കോൽ പരസ്പരം കൈമാറിയിട്ടുള്ള ആത്മാർഥ സുഹൃത്തുക്കൾ.
വൈകിട്ട് അവളുടെ വീട്ടിലേക്ക് എത്തിയപ്പോഴും ആ വോയ്സ് മെസ്സേജിൽ തങ്ങി നിന്ന മ്ലാനത അവളുടെ മനസ്സിൽ ഉണ്ടായിരുന്നു.
“എന്തു പറ്റിയെടി? നിന്നെ ഇങ്ങനെ കാണാറില്ലല്ലോ. ചേട്ടൻ എവിടെ? ബിസിനസ് ട്രിപ്പ് കഴിഞ്ഞു തിരിച്ചെത്തിയില്ലേ?”
“ഇല്ലെടി. ഇന്നെത്തും എന്നായിരുന്നു കരുതിയത്. എന്തോ അപ്രതീക്ഷിതമായ തിരക്കുകൾ. നാളെയെ എത്തുള്ളു. നീ ഇരിക്ക് ഞാൻ ചായ എടുക്കാം.”
“അത് നമുക്ക് ഒരുമിച്ച് ഉണ്ടാക്കാം. നീ കാര്യം പറ. എന്താ പ്രശനം?പുതുമോടിയിൽ ചേട്ടൻ അകന്നിരിക്കുന്നതിന്റെ സങ്കടം ആണോ? ഇന്ന് വരാമെന്ന് പറഞ്ഞിട്ട് വരാത്തതിന്റെയോ?”
“ഏയ് അതൊന്നും അല്ലെടി, എന്റെ ഫേസ്ബുക്ക് മെസഞ്ചറിൽ ഇന്നലെ ഒരു മെസ്സേജ്. നോക്കിയപ്പോൾ ആ ഐഡി യിൽ നിന്ന് കുറച്ചു ദിവസം മുന്നേ വന്നു കിടക്കുന്ന ഒരു ഫ്രണ്ട്സ് റിക്വസ്റ്റും ഉണ്ട്. നിനക്കറിയാലോ, എന്റെ പുതിയ ഐഡിയിൽ ഞാൻ നേരിട്ട് പരിചയമില്ലാത്ത ആരെയും കയറ്റാറില്ല എന്ന്. പിന്നെ കണ്ടാലേ അറിയാം ഫെയ്ക്ക് ആണെന്ന്.”
അവൾക്കൊരു ഭൂതകാലം ഉണ്ടായിരുന്നു. അധികം ആർക്കും അറിയാത്ത ഒന്ന്. വീട്ടുകാർക്കും ഈ കൂട്ടുകാരിക്കും മാത്രം അറിയുന്ന ഒരു രഹസ്യം. ആ രഹസ്യം പൂർണ്ണമായും വെളിപ്പെടുത്താതെ ആയിരുന്നു ഈ വിവാഹം. കൂടുതൽ വിശദമായി ഒന്നും അറിയണ്ട എന്നും, ആ ഭൂതകാലം ഒരിക്കലും അവരുടെ ജീവിതത്തിലേക്ക് കയറി വരരുത് എന്നും ഉള്ള നിബന്ധനയിൽ ആയിരുന്നു വിവാഹം.
“എന്താണ് മെസ്സേജ്? “
അവൾ ഫോൺ നീട്ടി. ആദ്യമാദ്യം അടുക്കാനുള്ള ശ്രമമെന്ന മട്ടിൽ കുറെ പഞ്ചാര വർത്തമാനങ്ങളും, അതിൽ വീഴുന്നില്ല എന്നായപ്പോൾ ആ രഹസ്യ വിഷയങ്ങൾ പറഞ്ഞുള്ള ഭീഷണിയും. ഭർത്താവിനെ അറിയിക്കും എന്നാണ് അവസാനത്തെ ഭീഷണി…
“ആരായിരിക്കും? അത് മാത്രമല്ല. ഞാൻ ഇപ്പോൾ ഒറ്റക്കാണെന്നും ഭർത്താവ് വീട്ടിൽ ഇല്ലെന്നും കൂടെ അറിയാവുന്ന ആളാരാണ്? ഇവിടെ അടുത്ത ഫ്ലാറ്റിലുള്ളവർക്ക് പോലും ഒന്നും അറിയില്ല. ആരും ഇതൊന്നും ശ്രദ്ധിക്കുന്നവർ അല്ല. നീയും എന്റെ വീട്ടുകാരും അല്ലാതെ ആരോടും ഞാൻ പറഞ്ഞിട്ടും ഇല്ല. സ്ഥിരമായി വർക് ഫ്രം ഹോം ആയത് കൊണ്ട് ഞങ്ങൾ ഇവിടെ ഉണ്ടോ പുറത്തിറങ്ങുന്നോ എന്നു പോലും ആരും അറിയാറില്ല. പുള്ളിയുടെ ഓഫീസിൽ പോലും ആർക്കും അറിയുന്നുണ്ടാവില്ല. പിന്നെ ഇതാര്?”
“ഇതൊക്കെ തന്നെയാണ് ഞാനും ആലോചിക്കുന്നത്.”
“നീ നിന്റെ ലവറിനോട് വല്ലോം പറഞ്ഞിരുന്നോ?”
“ഏയ് ഇല്ല. ഇടക്ക് എന്നോട് ചോദിക്കാറുണ്ട് നിന്നെ പറ്റിയും നമ്മുടെ ഫ്രണ്ട്ഷിപ്പിനെ പറ്റിയും ഒക്കെ…എന്നാലും ഇല്ല. ഇത്രേം ഡീറ്റൈൽഡ് ആയി ഒന്നും അറിയില്ല. നമുക്ക് നോക്കാമെടി. എന്റെ ഓഫീസിൽ ഒരുത്തൻ ഉണ്ട്. അവൻ ഇത്തരം കാര്യങ്ങളിൽ ഒക്കെ കിടു ആണ്. ഞാൻ അവനോട് ഒന്ന് അന്വേഷിക്കാൻ പറയാം. നമുക്ക് കണ്ടു പിടിക്കാം.”
അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങുന്ന സമയത്തും അവളുടെ മനസ്സിൽ ആകുലതകൾ ആയിരുന്നു. അവൾ ആദ്യം ഓഫീസിലെ കൂട്ടുകാരനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. വിശദമായി ഒന്നും പറയാതെ ആ ഐഡിയെ പറ്റി അന്വേഷിക്കാൻ മാത്രം പറഞ്ഞ് അവൾ അവളുടെ ഫ്ലാറ്റിലേക്ക് പോയി.
അവളും ലവറും കൂടെയാണ് ഫ്ലാറ്റ് ഷെയർ ചെയ്യുന്നത്. ഒരു തരം ലിവിൻ റിലേഷൻഷിപ്പ്. അധികമായില്ല ആ ബന്ധം തുടങ്ങിയിട്ട്. പെട്ടന്ന് അടുക്കുകയും ഒത്തിരി ആഴത്തിലേക്ക് പോവുകയും ചെയ്ത ഒരു ബന്ധം. അക്കാലമത്രയും കാത്തിരുന്നത് അവനു വേണ്ടിയാണെന്ന് തോന്നുന്ന പോലെ ഒരു ബന്ധം. പക്ഷെ അവളുടെ കൂട്ടുകാരിക്ക് അവനെ അത്ര പിടിച്ചിട്ടില്ലായിരുന്നു. ആദ്യമാദ്യമൊക്കെ അവൾ ഇതിനെ വളരെ സന്തോഷത്തോടെ സ്വാഗതം ചെയ്യുകയും പിന്നെ പിന്നെ അവന്റെ രീതികളെയും നിലപാടുകളെയും സംശയത്തോടെ നോക്കുകയും പലപ്പോഴും അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്യാൻ തുടങ്ങി. പ്രിയപ്പെട്ട രണ്ടു പേരെയും ഒരേ പോലെ ചേർത്തു നിർത്താൻ ഒരുപാട് പാട് പെടേണ്ടി വന്നു അവൾക്ക്.
അവളെ കാത്തു അവൻ അവിടെ നിൽപ്പുണ്ടായിരുന്നു. വൈകിയതിന്റെ കാര്യം ചോദിച്ചപ്പോൾ, എന്തുകൊണ്ടോ യഥാർത്ഥ കാരണം പറയാൻ മനസ്സു വന്നില്ല. എന്തോ പറഞ്ഞൊപ്പിച്ചു അവൾ അകത്തേക്ക് കയറി.
രാത്രിയിൽ എപ്പോഴോ ഓഫിസിലെ കൂട്ടുകാരന്റെ ഫോൺ കാൾ.
“ഞാനത് കണ്ടു പിടിച്ചു കേട്ടോ. അത്…”
“നമുക്ക് നാളെ ഓഫീസിൽ നിന്ന് നോക്കാം.”
അടുത്തു അവളെയും നോക്കി കൊണ്ട് അവൻ ഇരിക്കുന്നത് കൊണ്ടു കൂടെയായിരുന്നു അവൾ ആ വിഷയം തള്ളി വിട്ടത്. പക്ഷെ രാത്രി ഉറക്കമില്ലാതെ അവൾ ഓർത്തു. ആരായിരുന്നിരിക്കും?
പിറ്റേന്ന് കാലത്തു പതിവിലും നേരത്തേ അവൾ ഇറങ്ങി. ഓഫീസിൽ എത്തിയപ്പോൾ ഒട്ടും വൈകാതെ അവന്റെ അടുത്തെത്തി. “നീ പറ. ആരാ അത്?”
“പറഞ്ഞാൽ നീ ഒന്നും കരുതരുത്. നിന്റെ ലാപ്ടോപ്പിന്റെ ഐ പി യിൽ നിന്ന് തന്നെയാണ് അത് പോയിട്ടുള്ളത്.”
ചങ്കിൽ വെള്ളിടി വെട്ടുന്നത് പോലെ. കൂടുതൽ ഒന്നും ചിന്തിക്കേണ്ടി വന്നില്ല. അത് അവൻ തന്നെ, തന്റെ കാമുകൻ. പക്ഷെ എന്തിനായിരുന്നിരിക്കും?അതവിടെ നിൽക്കട്ടെ എങ്ങനെയായിരുന്നിരിക്കും?
“…ഹലോ…നീ എന്താ ആലോചിക്കുന്നത്? എനിക്ക് മനസ്സിലായി. നീ ചിന്തിക്കുന്നത് ശരി തന്നെയാണ്. നീ നിന്റെ ലാപ്ടോപ്പ് ഓഫീസിലേക്ക് കൊണ്ടുവരാറില്ലല്ലോ..അപ്പോൾ നീ ഓഫീസിലുള്ള സമയത്തു ആ ലാപ്ടോപ്പ് നിന്റെ കാമുകൻ എടുത്ത് ഉപയോഗിക്കുന്നുണ്ടാവാം. നീ ഗസ്റ്റ് പെർമിഷൻ അല്ലേ കൊടുത്തിട്ടുള്ളൂ? പാസ്സ്വേർഡ് ഒന്നും കൊടുത്തിട്ടില്ലല്ലോ…?”
ആ ചോദ്യത്തിൽ വീണ്ടും ചങ്ക് പിളർന്നു പോയി. സ്നേഹത്തിന്റെ പാരമ്യത്തിൽ, അവൻ തനിക്ക് എല്ലാമാണ് എന്നും, തങ്ങൾക്കിടയിൽ മറയില്ല എന്നു തെളിയിക്കാനും തന്റെ ലാപ്ടോപ്പിന്റെയും ഫോണിന്റെയും മെയിൽ ഐഡിയുടെയും പാസ്സ്വേർഡ് അവനുമായി പങ്കിട്ട നിമിഷത്തെ അവൾ പഴിച്ചു.
കാര്യങ്ങൾ കൂടുതൽ വ്യക്തമായി. ഏതെങ്കിലും സമയത്തു താൻ അവളുമായി ചാറ്റ് ചെയ്തതിൽ നിന്നും അവൾക്ക് അവനോടുള്ള ഇഷ്ടക്കേട് അവന് മനസ്സിലായിക്കാണും. അതിന്റെ പ്രതികാരമാവും. അതോ അവൻ ശരിക്കും അവളുമായി അടുക്കാൻ ശ്രമിച്ചതാവുമോ? അത്തരക്കാരൻ ആയിരിക്കുമോ?
തിരിച്ചും അവന്റെ ഡീറ്റൈൽസ് തപ്പാൻ ഇതു വരെ നോക്കിയിട്ടില്ലാത്തത് കൊണ്ട്, അവൻ ഇങ്ങനെ ചെയ്യുമായിരിക്കും എന്ന് ഊഹിക്കാനും അവൾക്കായില്ല. എന്തേലും തീരുമാനം ഉടനെ എടുക്കണം. അവൾ കൂട്ടുകാരനോട് പറഞ്ഞു.
“ഞാൻ നാളെ എന്റെ ലാപ്ടോപ്പ് കൊണ്ടു വരാം. എന്റെ മെയ്ലും ഫോണും ലാപ്ടോപ്പും ഒക്കെ ഒന്നു പ്രൊട്ടക്ട് ചെയ്തു തരണേ. അതിന് മുന്നേ, നിനക്ക് അവന്റെ ഐഡി ഒന്ന് അരിച്ചു പെറുക്കാൻ സാധിക്കുമോ?”
“പിന്നെന്താ…നീ ഐഡി പറ. ഞാനിപ്പോൾ സെറ്റ് ആക്കാം. നിന്റെ ഫോണിൽ നിന്ന് അവൻ ലോഗിൻ ചെയ്തിട്ടുണ്ടാവില്ലേ? ഫോണിങ്ങ് താ…”
കുറച്ചു നിമിഷങ്ങൾക്കകം പലതും അവൾക്ക് മുന്നിൽ വെളിപ്പെട്ടു. അവന്റെ പല മുഖങ്ങളും, പല രഹസ്യങ്ങളും…
ഒരേ സമയം പല വികാരങ്ങൾ അവളുടെ മനസ്സിൽ മിന്നി മാഞ്ഞു. നിറഞ്ഞ കുറ്റബോധത്തോടെ അവൾ കൂട്ടുകാരിയെ വിളിച്ചു. എല്ലാം പറഞ്ഞു. അവൾ എല്ലാം മൂളി കേട്ടു. എന്നിട്ട് പറഞ്ഞു…
“നമ്മുടെ ജീവിതത്തിന്റെ താക്കോൽ നമ്മൾ ആർക്കൊക്കെ കൊടുക്കുന്നു എന്നത് വളരെ പ്രധാനമാണ്. അതു പോലെ തന്നെയാണ് നമ്മുടെ ഇന്റർനെറ്റ് ലോകത്തിന്റെ താക്കോലും. ഒന്നും പ്രൊട്ടക്റ്റഡ് ഒന്നുമല്ല. പക്ഷെ ശ്രദ്ധിച്ചാൽ പ്രശ്നങ്ങൾ ഇല്ലാതെ കൊണ്ടു പോകാം.
ഒന്നു പറയാതെ വയ്യ. വർഷങ്ങളായി മനസ്സിൽ ഉണ്ടായ ഒരു വിശ്വാസമാണ് ഒരു നിമിഷം കൊണ്ട് വിള്ളലേറ്റത്. നീ മനപ്പൂർവ്വം എനിക്കെതിരെ ഒന്നും ചെയ്യില്ല എന്നെനിക്ക് അറിയാം. എന്തായാലും പുള്ളി തിരികെ വന്നാൽ ഉടനെ എല്ലാം പുള്ളിയോട് തുറന്നു പറയാൻ ഞാൻ തീരുമാനിച്ചു. വീട്ടുകാരും അങ്ങനെ തന്നെയാണ് പറഞ്ഞത്. എന്തായാലും അവന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കേണ്ടത് നീയാണ്.”
“എനിക്ക് നാണക്കേട് കൊണ്ട് എന്താ പറയേണ്ടത് എന്നറിയാതെ ആയെടി. നിനക്ക് അറിയാലോ ആദ്യമായിട്ടാണ് ഇങ്ങനെ ഒരാൾ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ഞാനൊരു മൂഢ സ്വർഗ്ഗത്തിൽ ആയി എന്നു പറയാം. എന്തായാലും അവനെതിരെയും കുറെ സംഭവങ്ങൾ കിട്ടിയിട്ടുണ്ട്. അവനെ നിലക്ക് നിർത്താൻ അത് തന്നെ ധാരാളം. നാളെ എല്ലാം ഒന്ന് നേരെയാക്കിയിട്ട് എന്നന്നേക്കുമായി അവനോട് ഗുഡ് ബൈ പറയണം. നിന്നോട് ഒരു മാപ്പ് ചോദിക്കാൻ പോലുമുള്ള ധൈര്യം ഇല്ലെടി എനിക്കിപ്പോൾ…”
“പോട്ടെ, അപകടങ്ങൾ ഒന്നും ഉണ്ടായില്ലല്ലോ. എന്തായാലും പുള്ളി വരുമ്പോൾ എല്ലാം പറയാം. എന്നിട്ട് നോക്കാം.”
“ഞാൻ സംസാരിക്കട്ടെ പുള്ളിയോട്?”
“വേണ്ടെടി ഞാൻ സംസാരിക്കാം. എന്നിട്ട് നോക്കാം. നീ ഇനിയെങ്കിലും ഇത്തിരി സീരിയസ് ആയി നോക്ക് ഇത്തരം കാര്യങ്ങൾ ഒക്കെ. സംസാരിച്ചിട്ടു എന്താണ് സംഭവിക്കുന്നത് എന്ന് പറയാം…”
കുറ്റബോധത്തോടെയാണ് അവൾ ഫോൺ വെച്ചത്. ജോലിയിൽ ശ്രദ്ധിക്കാൻ സാധിക്കുന്നില്ല. വീട്ടിലേക്ക് ഇറങ്ങാൻ നേരമാണ് അവളുടെ മെസ്സേജ് വന്നത്.
“ഞാനെല്ലാം പറഞ്ഞു. എല്ലാം ok ആണ്.”
“ഗോഡ് ബ്ലെസ് യൂ…” മറുപടി സെന്റ് ബട്ടൻ അമർത്തി വീട്ടിലേക്ക് തിരിക്കുമ്പോൾ അവൾ ദൃഡ നിശ്ചയത്തിൽ ആയിരുന്നു…