നിരുപാധികം
Story written by Nisha Pillai
===============
അവിചാരിതമായാണ് അരുണിനെ ലുലു മാളിൽ വച്ച് കണ്ടത്. കൊല്ലത്തു നിന്ന് രാവിലെ ട്രെയിനിൽ എത്തിയതാണ് ഒരു മീറ്റിങ്ങിൽ അറ്റൻഡ് ചെയ്യാൻ കഴക്കൂട്ടത്ത് വന്നതാണ്. മീറ്റിംഗ് കഴിഞ്ഞു വന്ന വഴി കയറിയതാണ്. കുറെ ചുറ്റി നടന്നു ഒരു ഐസ് ക്രീം കഴിച്ചു കൊണ്ട് നിന്നപ്പോഴാണ് ആരോ തോണ്ടി വിളിച്ചത്. ഒട്ടും പ്രതീക്ഷിച്ചില്ല അരുണിനെ. കണ്ടിട്ട് നാലഞ്ചു വർഷങ്ങൾ കഴിഞ്ഞിരുന്നു. അവനും എന്നെ കണ്ടപ്പോൾ അത്ഭുതം…
അവൻ ഒരു കോഫീ കഴിക്കാൻ ക്ഷണിച്ചു. കോഫീ ഷോപ്പിൽ തിരക്ക് കുറവുള്ള ഒരു ഏരിയയിൽ ഞങ്ങൾ മുഖാമുഖം ഇരുന്നു. കണ്ണുകൾ കൂട്ടിമുട്ടിയപ്പോൾ അവൻ ദൂരേക്ക് നോക്കി. കോഫീ കുടിച്ചു തുടങ്ങിയപ്പോളാണ് അവൻ സംസാരിക്കാൻ തുടങ്ങിയത്.
“ഭയങ്കര സന്തോഷമാണല്ലേ…നീ ഒന്നും കൂടെ ചെറുപ്പമായ പോലെ, കണ്ണുകൾക്ക് തിളക്കം കൂടി “
അവൾ ചിരിച്ചു.
“സന്തോഷത്തിനു കുറവ് വരേണ്ട കാര്യമെന്ത് ? സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്ന ഒരു സുഖമുണ്ട്. അപ്പോൾ സന്തോഷവും.”
അവൻ കുറെ നേരം ഒന്നും മിണ്ടിയില്ല.
“നീ ഹാപ്പിയാണ് എന്ന് കേട്ടപ്പോൾ ഞാൻ ഹാപ്പിയായി. ഒരു കുറ്റബോധം ഉണ്ടായിരുന്നു. ഞാൻ നിന്നെ ചതിച്ചല്ലോ എന്നോർത്ത്. നീ എന്നും ഹാപ്പിയായിരിക്ക്”
“ഞാൻ എന്നും ഹാപ്പിയാണ്. പിന്നെ ന്യൂ ജനറേഷൻ സ്റ്റൈലിൽ പറഞ്ഞാൽ നീയെന്നെ തേച്ചത്, അതൊന്നും എന്നെ ബാധിച്ചിട്ടേയില്ല. ഇതൊക്കെ ഓരോ അനുഭവങ്ങൾ അല്ലെ. എന്നെ കെട്ടാനുള്ള ഭാഗ്യമൊന്നും നിനക്കില്ല. ഞാൻ അങ്ങനെയേ കരുതൂ. ഒരു വിധത്തിൽ അതു നന്നായി. നിനക്ക് നിന്റെ വഴി…എനിക്ക് എന്റെ വഴി .”
“ഉം”
“എനിക്ക് അന്നത് ശരിയായിരുന്നു. ഇന്ന് വെറും ഓർമകളും “
അവൻ ഒന്നും പറയാതെ ദൂരേക്ക് നോക്കിയിരുന്നു.
“കോഫീ തണുത്തു. എനിക്ക് ഒരു കോഫീ കൂടി വേണം. ഞാൻ ഒരു കോഫീ പറയട്ടെ .”
ഒരു കോഫിക്ക് കൂടി ഓർഡർ ചെയ്തു .
“നിന്റെ വിശേഷങ്ങൾ പറയു. ആരതിയും കുട്ടിയും സുഖമായിരിക്കുന്നില്ലേ “
“എല്ലാവർക്കും സുഖം, പക്ഷെ എവിടെയോ എന്തൊക്കെയോ പോരായ്മകൾ. ഒന്നും എനിക്ക് മനസിലാകുന്നില്ല. ചിന്തിക്കാൻ സമയവും ഇല്ല. ജോലിയുടെ ടെൻഷൻ നല്ലതു പോലെയുണ്ട്”
” “
“നീ ഒരാളെ കണ്ടു പിടിക്കുന്നില്ലേ, നിനക്കും വേണ്ടേ ഒരു കൂട്ട്.”
“എന്തിനു, കൂട്ട് വേണമെന്ന് നിർബന്ധമുണ്ടോ. എനിക്ക് ഞാൻ തന്നെ കൂട്ട് .”
“അങ്ങനെയല്ല….സ്നേഹിക്കാൻ ഒരു കൂട്ട്. അതൊരു ആശ്വാസമാണ്.”
അവൾ പൊട്ടിച്ചിരിച്ചു.
“ഞാൻ ആരെയും സ്നേഹികുന്നില്ലെന്നു ആരു പറഞ്ഞു. നിനക്ക് എന്റെ ഉള്ളിലെ സ്നേഹത്തിന്റെ ഉറവയിലൊന്നും തൊടാൻ പോലും കഴിഞ്ഞില്ല.”
“നീ ഇപ്പോൾ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ ? ” അവൻ പുരുഷ സഹജമായ അസൂയ പ്രകടമാക്കി
അവൾ പുഞ്ചിരിച്ചു
“എനിക്ക് ഒരു ഇഷ്ടം ഉണ്ട്. പ്രായത്തിന്റെ പക്വതയാണോ, അവിചാരിതമായി കണ്ടു മുട്ടിയ ചില വ്യക്തിത്വങ്ങളാണോ, സ്നേഹത്തിൻ്റെ നിർവചനങ്ങൾ തന്നെ മാറ്റി കളഞ്ഞു.”
“ആരാണത് “
“എന്റെ ബോസ്, അയാൾക്കറിയാമോ എന്നറിയില്ല. ഞാൻ ആ ഓഫീസിൽ വർക്ക് ചെയ്യുന്നത് തന്നെ അയാളെ എപ്പോഴും കാണാൻ വേണ്ടിയാണു. അദ്ദേഹം വിവാഹിതനും ഒരു ആൺകുട്ടിയുടെ പിതാവുമാണ്.”
“വിവാഹിതനോ ? നിനക്ക് വേറെയാരെയും കിട്ടിയില്ലേ.” അവൻ ദേഷ്യപ്പെട്ടു
“സ്നേഹിക്കപ്പെടാൻ വേണ്ടി സ്നേഹിക്കാതെ, വെറുതെ അങ്ങ് സ്നേഹിക്കുക..ഒരിക്കലും ഞാൻ അതു പ്രകടിപ്പിച്ചിട്ടില്ല..ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ്.”
“ഉം”
“ഒരു തരം നിരുപാധിക സ്നേഹം. അൺകണ്ടിഷണൽ ലവ്. അത്രേയുള്ളു. അദ്ദേഹം തിരിച്ചു എന്നെ സ്നേഹിക്കണമെന്നു എനിക്ക് വാശിയില്ല. അദ്ദേഹത്തിന്റെ ഫാമിലി ലൈഫ് നശിക്കാൻ പാടില്ല.”
“എത്രകാലം നീയിങ്ങനെ ഒളിപ്പിച്ചു കൊണ്ട് നടക്കും “
“അറിയില്ല. എനിക്ക് ഒന്നിനും കൃത്യമായ പ്ലാനിംഗ് ഇല്ല. കടന്നു പോയ വഴികളും, വന്നു ചേരുന്ന ബന്ധങ്ങളും, തന്നു പോയ സങ്കടങ്ങളും, കഴിഞ്ഞു പോയ സമയവും, എല്ലാമെനിക്ക് പാഠങ്ങൾ ആണ്.”
” “
“എങ്ങനെ ആവണമെന്നും, എങ്ങനെ ആവരുതെന്നുമുള്ള ജീവിത പാഠങ്ങൾ. മരണമെന്ന പൂർണവിരാമമില്ലാതെ അനന്തമായി അജ്ഞാതമായി സ്നേഹിക്കുക. ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രിയാണ്. ഒരേ പ്രായം ഒരേ ഇഷ്ടങ്ങൾ, ഒരേ ചിന്തകൾ. അത്രേയൊക്കെ പോരെ .”
“പക്ഷെ എന്നും നീ തനിച്ചല്ലേ, ഒരാവശ്യം വരുമ്പോൾ ആരുമുണ്ടാവില്ല.”
“ഭാര്യയും മകളും ഒക്കെ ഉള്ള നിനക്ക് അവസാനകാലത്ത് ആരെങ്കിലും ഉണ്ടാകുമെന്നു ഉറപ്പു പറയാൻ പറ്റുമോ, എല്ലാർക്കും ആരെങ്കിലുമൊക്കെ ഉണ്ടാകും. അത്രേം ആശ്വസിക്കാം “
അവൾ തന്നെ ബില്ല് പേ ചെയ്തു അവനു ഷേക്ക് ഹാൻഡ് കൊടുത്തു പിരിയുമ്പോൾ അവൾക്കു വല്ലാത്ത സന്തോഷം തോന്നി. ഒന്നിനും ആർക്കും വേണ്ടി കാത്തു നില്കാതെ ജീവിക്കുക.
ഹൃദയത്തോട് ചേർന്നു നില്ക്കുന്നവരുടെ ഓർമ്മകൾക്ക് പോലും ഒരു പുതുമഴയുടെ മണമാണ്.
~നിശീഥിനി