അങ്ങനെ അമ്മമ്മയുടെ വീട്ടിൽ പോയുള്ള സിനിമ കാണലൊക്കെ നാണക്കേടാണെന്നു തോന്നിയിട്ടൊ എന്തോ അച്ഛൻ…

Written by Remya Bharathy

=================

“ഒന്നാ ജനവാതിലു തുറക്കാൻ പറയുമോ? ഞങ്ങൾ ഇവിടെ നിന്ന് കണ്ടോളാം…”

ഒരു പത്തു മുപ്പതു കൊല്ലം മുന്നേ കേട്ടിരുന്ന ഒരു ഡയലോഗ് ആണ്.

ഈ ഡയലോഗിനോട് ഏറെക്കുറെ തുല്യമായ ഒരു ഡയലോഗ് എന്നു പറയാനാവുന്നത് “നെറ്റ്ഫ്ലിക്സിന്റെ ലോഗിനും പാസ്സ് വേർഡും തരുമോ?” എന്നതാവും. എന്നാലും പോര. അന്നത്തെ നിസ്സഹായതയുടെയും ആകാംഷയുടെയും ആഴം, “ലോഗിൻ കിട്ടിയിലേൽ വേണ്ട നമുക്ക് ടെലിഗ്രാമിൽ നിന്ന് എടുക്കാം” എന്ന ഒരു ആശ്വാസത്തിൽ തീരാവുന്നതായിരുന്നില്ല.

വീണ്ടും മുപ്പതു കൊല്ലം പുറകിലേക്ക്….

ആഴ്ചയിൽ ഒരിക്കൽ വരുന്ന സിനിമ കാണാൻ അന്നാട്ടിലെ ഏറ്റവും വലിയ പണക്കാരന്റെയോ ഗൾഫുകാരന്റെയൊ വീട്ടിൽ പോവേണ്ടി വന്നിട്ടുണ്ടോ? സിനിമ തീയറ്ററിനെക്കാൾ തരം തിരിവോടെ കസേരയിലും നിലത്തും വരാന്തയിലും വീടിനു പുറത്തും ഇരുന്നും നിന്നുമെല്ലാം സിനിമ കാണുന്നൊരു കുട്ടിക്കാലം? പ്രിവിലേജിഡ് ആയത് കൊണ്ട് എനിക്ക് റൂമിനകത്തു നിലത്തിരുന്നു കാണാൻ പറ്റിയിട്ടുണ്ട്. അപ്പഴും തിരിഞ്ഞൊന്നു നോക്കിയാൽ കാണാം വരാന്തയിലും മുറ്റത്തും നിന്ന് ഏന്തി വലിഞ്ഞു ടിവി കാണുന്നവരെ.

‘ഞങ്ങൾക്ക് മതിയായി’, ‘ഞങ്ങൾക്ക് വേറെ ഒരിടത്തു പോകണം’, ‘ഇന്ന് സിനിമ വെക്കുന്നില്ല’ എന്നൊക്കെ പറഞ്ഞു കാണാൻ വന്നവരെ പറഞ്ഞു വിട്ടവരെ കണ്ടിട്ടുണ്ടോ? തിരികെ പോകേണ്ടി വന്നിട്ടുണ്ടോ? ‘സിനിമ വെക്കുന്നില്ല’ എന്നു പറഞ്ഞ വീടുകളിൽ നിന്ന് ചെറിയ ശബ്ദത്തിൽ സിനിമയുടെ സ്വരം കേൾക്കുന്നതും ജനൽ ചില്ലിൽ വെളിച്ചം നൃത്തം ചെയ്യുന്നതും കണ്ടു നിരാശരായി വീട്ടിലേക്ക് പോകേണ്ടി വന്നിട്ടുണ്ടോ? അങ്ങനെ ഉള്ളവരെ കണ്ടിട്ടുണ്ടോ?

‘കണ്ടവരുടെ വീട്ടിൽ നിരങ്ങി നാണം കെടുത്തുന്നു’ എന്ന പേരിൽ വീട്ടിൽ നിന്ന് അടി കിട്ടിയിട്ടുണ്ടോ?കിട്ടിയാലെന്താ സിനിമ കാണാൻ പറ്റിയല്ലോ എന്ന സന്തോഷത്തിൽ അടിയുടെ വേദന മറക്കാൻ നോക്കിയിട്ടുണ്ടോ?

അത് ടെലിവിഷൻ ഞങ്ങളുടെ നാട്ടിലേക്ക് വന്നു തുടങ്ങിയ കാലമായിരുന്നു. അതു വരെ സിനിമയെന്നാൽ, എന്നേലും ഒരിക്കൽ തീയറ്ററിൽ പോകുന്നതും, റേഡിയോയിൽ കേൾക്കുന്ന പാട്ടുകളും ശബ്ദ രേഖകളും, പാട്ടു പുസ്തകത്തിലെ ചിത്രങ്ങളും. സിനിമ മാസികകൾ ഒന്നും കയ്യെത്തുന്ന ദൂരത്തു ഉണ്ടായിരുന്നില്ല.

ഓർമയിൽ ആദ്യത്തെ ടെലിവിഷൻ ഞാൻ ഒന്നിലോ രണ്ടിലോ പഠിക്കുമ്പോൾ ഞങ്ങൾ താമസിച്ചിരുന്ന വാടകവീടിനടുത്തുള്ള അമ്മമ്മയുടെ വീട്ടിലെ ടിവിയാണ്. അവിടെ കണ്ടതൊന്നും വലിയ ഓർമയില്ല. പക്ഷെ അമ്മമ്മയോട് വർത്തമാനം പറയാനും അമ്മമ്മ തരുന്ന പലഹാരം കഴിക്കാനും മഹാഭാരതം സീരിയല് കാണാനും ആയിരുന്നു അവിടെ പോയിരുന്നത് എന്ന് ‘അമ്മ പറഞ്ഞു ഓർമയുണ്ട്. മഹാഭാരതം ടൈറ്റിൽ സോങ്ങിന്റെ ഈണം മനസ്സിൽ എവിടെയോ പതിഞ്ഞു കിടപ്പുണ്ട്.

കുറെ കാലം കഴിഞ്ഞു പല സീരിയലും സിനിമകളും കാണുമ്പോൾ ‘അമ്മ വിളിച്ചു പറയും, കൃഷ്ണൻ, യുധിഷ്ഠിരൻ, കർണ്ണൻ, അർജ്ജുനൻ എന്നെല്ലാം. പഴയ മഹാഭാരതത്തിലെ നടന്മാർ അത്രയും ആഴത്തിൽ ഉണ്ടായിരുന്നു അന്നത്തെ ആളുകളുടെ മനസ്സിൽ. ഓർമ്മ അത്ര കണ്ട് ഉറയ്ക്കാതിരുന്ന പ്രായമായതിന്റെ ആവും. എനിക്ക് ഓർമയില്ല.

അങ്ങനെ അമ്മമ്മയുടെ വീട്ടിൽ പോയുള്ള സിനിമ കാണലൊക്കെ നാണക്കേടാണെന്നു തോന്നിയിട്ടൊ എന്തോ അച്ഛൻ ഒരു ടിവി വാങ്ങിച്ചു. BPL ന്റെ ഒരു ബ്ലാക്ക്‌ ആൻഡ് വൈറ്റ് ടിവി. ഞങ്ങൾ അങ്ങനെ വേറെ എവിടെയും പോയി കാണണ്ട എന്ന അച്ഛന്റെ അഭിമാനപ്രശനം ആവാം കാരണം. എന്തായാലും നന്നായി. പക്ഷെ കളർ ഇല്ലാത്തതിന്റെ സങ്കടം ലേശമുണ്ട്.  അതിനു പ്രതിവിധിയായി അന്നിറങ്ങിയ ഒരു കളർ ഫിൽറ്റർ ഗ്ലാസ് അച്ഛൻ ടിവിക്ക് മുന്നിൽ ഒട്ടിച്ചു വെച്ചത് നേരിയ ഓർമയുണ്ട്. ടിവിയിൽ ക്ലിപ്പ് ചെയ്യാവുന്ന പോലത്തെ ഒരു ഗ്ലാസ് പ്ലേറ്റ്. അതിൽ സൂക്ഷിച്ചു നോക്കിയാൽ മഴവില്ലു പോലെ പല നിറങ്ങളിലുള്ള വരകളോ ചതുരങ്ങളോ കാണാം. സത്യത്തിൽ മൂന്നു നിറമേ ഉള്ളു എന്ന് പിന്നീട് അറിഞ്ഞു. ബാക്കി മ്മടെ തോന്നൽ ആയിരുന്നു.

ആ ടിവി ഞങ്ങൾ വാങ്ങിച്ചത് കുടുംബത്തിൽ വലിയ പ്രശ്നമായി. അച്ഛന്റെ വീട്ടുകാർക്ക്. എന്റെ ഓർമയിൽ അക്കാലത്തു അച്ഛന്റെ വീട്ടിലേക്ക് കറണ്ട് എത്തിയിട്ടുണ്ട്. വീട് പുതുക്കി പണിഞ്ഞിട്ടുണ്ട്. അതിനും മുന്നേ, എന്റെ ഓർമയിൽ ഏറ്റവും ആദ്യമുള്ള വീട് മണ്ണിന്റെ ചുവരുള്ള കറണ്ട് ഇല്ലാത്ത, രാത്രി ഞാൻ ഉറങ്ങുവോളം അച്ഛമ്മ പാള വിശറി വീശിയിരുന്ന, മുറികൾക്കിടയിൽ വാതിലുകൾ ഇല്ലാത്ത ഒരു വീടാണ്.

അല്ലെങ്കിൽ തന്നെ ഞങ്ങൾ നന്നായി ജീവിക്കുന്നു എന്നത് അവിടെ പരാതിയാണ്. അവിടെ നിന്ന് ആരെങ്കിലും വരുമ്പോൾ ‘അമ്മ നല്ല മീനൊക്കെ വാങ്ങി കറി വെച്ചു കൊടുക്കുന്നതും പോവാൻ നേരം അമ്മയുണ്ടാക്കിയ ഉണ്ണിയപ്പവും അച്ചപ്പവും കൊടുത്തു വിടുന്നതും എല്ലാം വെച്ചു ഞങ്ങൾ ആഡംബര ജീവിതക്കാർ ആണ്. അച്ഛൻ വീട്ടിലേക്ക് അയച്ചു കൊടുക്കുന്ന പങ്കിനും പുറമെ ഇങ്ങനെ ജീവിക്കുന്നത് അപരാധവും. അതിനിടെ ആണ് ഒരു ടിവി.

മുറുമുറുപ്പ് സഹിക്കാൻ വയ്യാതെ അച്ഛൻ അടുത്ത വട്ടം നാട്ടിൽ പോകുമ്പോൾ ഒരു വണ്ടി വിളിച്ചു ഈ ടിവിയും അതിന്റെ കിടുതാപ്പുകളും നാട്ടിലേക്ക് കൊണ്ടു പോയി. പകരം ഞങ്ങൾ ഒരു കളർ ടിവി വാങ്ങി. അന്നത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആയ ഏതോ ഗൾഫ് കച്ചവടക്കാരുടെ കയ്യിൽ നിന്നെങ്ങാണ്ട് ഒരു വി സി ആറും വാങ്ങിച്ചു. അതിന് ശേഷമാണ് ഞങ്ങളുടെ നാട് തെണ്ടൽ അവസാനിച്ചതും ആഴ്ചയിൽ വീട് തോറും ബിഗ് ഷോപ്പറിൽ സിനിമ കേസെറ്റു കൊണ്ടു നടക്കുന്ന ഒരാൾ ഞങ്ങളുടെ വീട്ടിൽ വരാൻ തുടങ്ങിയതും. വാടകക്ക് ആണ്. എന്തായാലും അങ്ങനെ ആണ് പല സിനിമകളും കണ്ടു തുടങ്ങിയത്. ഇതിനു പുറമെ നല്ല സിനിമ റിലീസ് ആയാൽ മഞ്ചേരിയിലോ മലപ്പുറത്തോ ഉളള തീയറ്ററിലും പോയി കാണും.

മഞ്ചേരിയിലെ താമസം മതിയാക്കി ഞങ്ങൾ അമ്മയുടെ നാട്ടിൽ വന്ന് അടുത്തൊരിടത്തു വാടകക്ക് താമസമാക്കിയ ശേഷമാണ് മേൽപ്പറഞ്ഞ കൂട്ടമായി ടിവി കാണുന്ന പ്രതിഭാസം കണ്ടു തുടങ്ങിയത്. ഞങ്ങളുടെ വീട്ടിൽ ടിവി അച്ഛന്റെയും അമ്മയുടെയും മുറിയിൽ ആയിരുന്നു. ആദ്യമൊന്നും ആരെയും വീട്ടിൽ കയറ്റാൻ അച്ഛൻ സമ്മതിക്കുമായിരുന്നില്ല. എനിക്ക് പിന്നെ പറയത്തക്ക കൂട്ടുകാർ ഉണ്ടായിരുന്നില്ല. ഉണ്ണിയുടെ കൂട്ടുകാർ, വീടിനു പുറത്തു നിന്ന്, ഉമ്മറത്തെ ഗ്രില്ലിനും, അതിനു ശേഷമുള്ള ജനാലക്കും ഇട്ട കർട്ടനുകൾ നീക്കി പുറമെ നിന്നു ടിവി കാണുന്നത് ഓർമയുണ്ട്.

അച്ഛനെയും അമ്മയെയും കുറ്റം പറയാൻ പറ്റില്ല. അഞ്ചിൽ പഠിക്കുന്ന ഞാനും ഒന്നിൽ പഠിക്കുന്ന ഉണ്ണിയും മിക്കവാറും ആ വാടക വീട്ടിൽ ഒറ്റക്കായിരുന്നു. വീട് അടച്ചു ഉള്ളിൽ ഇരിക്കുക എന്നത് ഞങ്ങളുടെ സുരക്ഷയുടെ ഭാഗമായിരുന്നു.

അപ്പഴേക്ക് അമ്മമ്മയുടെ വീട്ടിലും ടിവി വാങ്ങിച്ചിരുന്നു. ഗൾഫിലുള്ള മാമൻ കൊണ്ടു വന്നതോ കൊടുത്തു വിട്ടതോ അതോ നാട്ടിലുള്ള മാമൻ വാങ്ങിച്ചതോ. എന്തായാലും ഓർമയില്ല. ന്നാലും അവിടം ഒരു ചെറിയ സിനിമ കൊട്ടക തന്നെയായിരുന്നു.

അമ്മയുടെ വീടിനു താഴെ മൂന്നാലു തൊടികൾക്ക് അപ്പുറം ഒരു ചോലയുണ്ടായിരുന്നു. രാവിലേ കണ്ടിടത്തെല്ലാം കറങ്ങി നടന്നു, ഉച്ചയോടെ ചോലയിൽ എത്തി കുത്തിമറിഞ്ഞു വെള്ളം കലക്കി കുളിച്ചവർ, വൈകിട്ടോടെ വരിവരിയായി വരും വീട്ടിലേക്ക്.

പൂമുഖത്തെ മുറിയിൽ ആണ് ടിവി. അതിനിപ്പുറം തുറന്ന ഉമ്മറമാണ്. പൂമുഖത്തെ മുറിയിലെ കട്ടിലിൽ ഞങ്ങൾ പിള്ളേർ പടയും മാമന്മാരും. ഉമ്മറത്തെ കസേരകളിൽ അമ്മമ്മയും ആന്റിമാരും. ഇടക്കിടെ വീടിന് അകത്തേക്ക് പോകാനും വരാനും ഒക്കെ ഉള്ള സൗകര്യം നോക്കിയാണ് അവിടത്തെ ഇരുത്തം. ഉമ്മറത്തെ നിലത്തും അര ഭിത്തിയിലും, പൂമുഖത്തെ മുറിയുടെ ജനാലയിലും ഉമ്മറത്തെ ജനാലയിലും, എന്തിന് അപ്പുറത്തെ മതിലിൽ വരെ ആൾക്കാർ ഉണ്ടാവും. സിനിമ കഴിഞ്ഞു ഇരുളാവുന്നത് വരെ.

അവരൊക്കെ പോയി, രാത്രി ഭക്ഷണവും കഴിച്ചിട്ട് വന്നിട്ടാണ് നമ്മളുടെ എക്സ്ക്ലൂസീവ് ആയ കേസെറ്റിട്ടു സിനിമ കാണൽ. അക്കാലത്തെ ഏറ്റവും വലിയ ആഗ്രഹം അങ്ങനെ സിനിമ കണ്ട് അവിടെ കിടന്ന് ഉറങ്ങണം എന്നതാണ്. പക്ഷെ സിനിമ കഴിയുമ്പോൾ എണീപ്പിക്കും. അകത്തു പോയി കിടക്കാൻ.

പിറ്റേന്നും നമ്മൾ സിനിമ കാണാൻ ഉള്ള മൂഡിൽ ആവും. തലേന്ന് ഉറക്കം കാരണം പാതി കണ്ട സിനിമ. പിള്ളേർ സംഘം ചുറ്റി പറ്റി നിൽക്കുന്നുണ്ടാവും പുറത്ത്. എല്ലാരും ഉണ്ടേൽ സിനിമ ഇടണ്ട എന്ന ശാസന വരുമ്പോൾ ആണ് റൂമെല്ലാം അടച്ചിട്ട് ഞങ്ങൾ മാത്രമായി സിനിമ കാണാ. ഉള്ളിൽ ചെറിയ സങ്കടം തോന്നും. പക്ഷെ അതും നോക്കി നിന്നാൽ വല്ലതും നടക്കുമോ.

അതു പോലെ എവിടുന്നേലും ഒപ്പിച്ച കേസെറ്റും കൊണ്ടൊരു വരവുണ്ട്. ഒന്നു വെച്ചു തരുമോ എന്നു ചോദിച്ച്‌. വേറെ ഒന്ന് അടിപ്പടങ്ങൾ ആണ്. അതു വെച്ചു കൊടുക്കാനും വീട്ടുകാർക്ക് എതിർപ്പ് ആവും. അപ്പോൾ വീട്ടിലെ ആണ്കുട്ടികളെ പിടിച്ചു പാട്ടിലാക്കും.

പിന്നെ പതിയെ പല വീട്ടിലും ടിവി വന്നു. അപ്പോൾ പിന്നെ വി സി ആർ കടം കൊണ്ടോവുന്ന കാലമായി. കേസെറ്റിന്റെ ഓല കുടുങ്ങൽ, പൂപ്പു പിടിച്ച കേസെറ്റുകൾ ഹെഡ് കേട് വരുത്തുമ്പോൾ ഹെഡ് ക്ലീൻ ചെയ്യൽ, ഉരച്ചുരച്ചു ഹെഡിന്റെ പിൻ പൊട്ടി പോകുമ്പോൾ അത് നന്നാക്കാൻ വേണ്ടി ചീത്ത കേൾക്കൽ, ഓരോ കല്യാണം കഴിയുമ്പോഴും നാട് ചുറ്റുന്ന കല്യാണ കേസെറ്റു കാണൽ. റിമോട്ട് ഇല്ലാത്ത കാലത്ത് വി സി ആറിന്റെ മൂട്ടിൽ ഇരുന്ന് റിവൈൻഡും ഫോർവേഡും അടിക്കൽ, ഒരു കേസെറ്റു കണ്ടു തീർന്ന് അടുത്ത ആൾക്ക് കാണാൻ വേണ്ടി തുടക്കത്തിലേക്ക് റിവൈൻഡ് ചെയ്തു വെക്കൽ, കറണ്ടില്ലാതെ വരുമ്പോൾ കൈ കൊണ്ടോ സ്ക്രൂ ഡ്രൈവർ കൊണ്ടോ ചുറ്റിക്കുന്നത്, കേസെറ്റിന്റെ ഓലയുടെ അടിയിൽ ഒരു കഷണം പഞ്ഞി വെച്ചു അങ്ങോട്ടും ഇങ്ങോട്ടും വൈൻഡു ചെയ്തു പൂപ്പൽ കളയൽ, ടെറസിലോ പുറപ്പുരത്തോ വെക്കുന്ന ആന്റിന തിരിക്കാൻ കൂടൽ, ചാനല് ട്യൂണ് ചെയ്യൽ, ഡി ഡി 4 മലയാളം വന്നത്, മറ്റു മലയാളം ചാനലുകൾ വന്നത്, കേബിള് വന്നത്…അങ്ങനെ എന്തെന്തൊക്കെ ഓർമകൾ….

ഇന്നിപ്പോൾ വീട്ടിലെ ഓരോരുത്തരുടെയും കയ്യിൽ പിടിച്ച യന്ത്രങ്ങളിൽ നിന്ന് സിനിമ കാണാം. കുറച്ചൂടെ ഫീലിന് വലിയ ടിവിയിലോ ഹോം തീയറ്ററിലോ ഒക്കെ കാണാം. കഷ്ടപ്പാടും സങ്കടങ്ങളും ഒക്കെയാണ്. ന്നാലും സുന്ദരമായിരുന്നു നൊസ്റ്റു ആയിരുന്നു അക്കാലം.