അരവിന്ദേട്ടനല്ലാത്ത മറ്റൊരാളോടൊപ്പം അറിയാതെയെങ്കിലും സന്തോഷിച്ചതിൽ എനിക്ക് അതിയായ കുറ്റബോധം തോന്നി…

വേട്ടക്കാരൻ…

Story written by Saheer Sha

==================

“”മീ ടൂ”” ഹാഷ് ടാഗുകളുടെ കാലമാണിത്…തുറന്നു പറച്ചിലുകളുടെയും…

എന്റെ ഈ കഥയിൽ ഞാൻ തന്നെയാണ് ഇര..ഒരു പക്ഷെ പ്രതിയും..അറിയാതെയെങ്കിലും എന്റെ ജീവിതത്തിൽ സംഭവിച്ച ഇന്നും എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ആ ഓർമ്മകൾ നിങ്ങൾക്ക് മുമ്പിൽ സമർപ്പിക്കുകയാണ്..

ഞാൻ അർച്ചന…അർച്ചന അരവിന്ദൻ..

അരവിന്ദേട്ടൻ ദുബായിലാണ് ജോലി ചെയ്യുന്നത്..

എന്റെ വലിയൊരു ആഗ്രഹമായിരുന്നു  അരവിന്ദേട്ടന്റെ കൂടെ ദുബായിലേക്ക് പോവുകയെന്നുള്ളത്…

അങ്ങനെ എന്റെ ആ ആഗ്രഹം സഫലമാകുകയാണ്…

ഇപ്പ്രാവശ്യം പോകുമ്പോൾ നിന്നെയും അമ്മുകുട്ടിയെയും കൊണ്ടാണ് പോകുന്നതെന്ന് അരവിന്ദേട്ടൻ പറഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് ആ ദിവസത്തിനുള്ള കാത്തിരിപ്പ്…

അമ്മുക്കുട്ടിക്ക് ഇപ്പോൾ ഒരു വയസ്സ് ആയിട്ടേ ഒള്ളൂ..അവളുടെ കുസൃതികളും വികൃതികളുമാണ് ഒരു പക്ഷെ നല്ല ശമ്പളമുള്ള ജോലി അല്ലാഞ്ഞിട്ട് കൂടിയും ഞങ്ങളെ കൊണ്ട് പോകാൻ ഏട്ടനെ പ്രേരിപ്പിച്ചത്…

പിന്നെ അവിടെ ഫാമിലി ഫ്ലാറ്റുള്ള ഏട്ടന്റെ സുഹൃത്ത് ഫൈസലിക്ക ഞങ്ങളോട് അയാളുടെ ഫ്ലാറ്റിൽ താമസിച്ചോളാൻ പറഞ്ഞിട്ടുമുണ്ടായിരുന്നു..

ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യുന്നതിലുള്ള സന്തോഷമാണോ അതോ കേട്ടറിഞ്ഞിട്ട് മാത്രമുള്ള മറ്റൊരു ലോകത്തേക്കുള്ള യാത്രയായതിനാലാണോ ഒരു പ്രത്യേക മനസികാവസ്ഥയിലായിരുന്നു ഞാൻ..

ഇത്രയും സന്തോഷത്തോടെയുള്ള നിന്നെ ഞാൻ കണ്ടിട്ടേയില്ല എന്ന് ഏട്ടൻ തമാശയായി പറയുകയും ചെയ്തു..

ദുബായ് എയർപോർട്ടിൽ ഞങ്ങളെ കൂട്ടാൻ ഫൈസലിക്കയും മറ്റൊരു സുഹൃത്തും വന്നിരുന്നു…

ഇക്കയ്ക്ക് നല്ല ശമ്പളമുള്ള ജോലിയാണെന്നെനിക്ക് മനസ്സിലായി..സ്വന്തമായി ഒരു കാറും ഫാമിലി ഫ്ലാറ്റുമൊക്കെയുണ്ട് എന്നുള്ളത് അതിന്റെ തെളിവാണല്ലോ..!

എന്തായാലും ഫ്ലാറ്റ് എനിക്കൊരുപാട് ഇഷ്ടായി..രണ്ട് റൂമുകളാണ് അവിടെയുള്ളത് ഒരു റൂമിൽ ഞങ്ങളും മറ്റേ റൂമിൽ ഇക്കയും…ഒരു പക്ഷെ അദ്ദേഹം അവിടെ തന്നെയാണ് താമസിക്കുന്നതെന്നതിനാൽ ഒരല്പം അതൃപ്തി എനിക്കുണ്ടായിരുന്നു..പക്ഷെ അദ്ദേഹത്തിന്റെ ഔദാര്യത്തിലാണ് ഞങ്ങളവിടെ താമസിക്കുന്നതെന്നതിനാൽ ഞാനത് പ്രകടിപ്പിച്ചതുമില്ല..

“അർച്ചനയ്ക്ക് ഫ്ലാറ്റൊക്കെ ഇഷടായില്ലേ..? എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടുകയേ ഞാൻ ചെയ്തൊള്ളൂ..

അങ്ങനെ ഞങ്ങൾ അവിടെ ജീവിതം തുടങ്ങി..ഏട്ടനും ഇക്കയും രാവിലെ തന്നെ ഓഫീസിലേയ്ക്ക് പോകും..

ഇക്ക അയാളുടെ കാറിലാണ് പോകുന്നത്…ഏട്ടന് കമ്പനിയുടെ വാൻ വരും..

ഒരാഴ്ച്ച കഴിഞ്ഞു ഇക്കയോട് സംസാരിക്കാനുള്ള മടിയൊക്കെ മാറി..ഇക്ക നന്നായി സംസാരിക്കുകയും തമാശ പറയുകയുമൊക്കെ ചെയ്യുന്ന ആളായിരുന്നു…

ഒരു ദിവസം ഉച്ച കഴിഞ്ഞു ഞാൻ ഹാളിൽ ടി.വിയും കണ്ടിരിക്കുമ്പോൾ ആരോ വാതിൽ തുറക്കുന്നതായി എനിക്ക് തോന്നി…ഞാൻ ശരിക്കും പേടിച്ചു…

അത് ഇക്കയായിരുന്നു..വാതിൽ തുറന്ന് ഇക്ക അകത്തേയ്ക്ക് കയറി…റൂമിന്റെ കീ ഒന്ന് ഇക്കയുടെ അടുത്തും മറ്റൊന്ന് ഏട്ടന്റെ അടുത്തുമാണ്…

“എന്ത് പറ്റി ഇന്ന് നേരത്തെയാണല്ലോ..!” ഞാൻ ചോദിച്ചു..

“ഒന്നൂല്യ ഇന്ന് ജോലി പെട്ടെന്ന് കഴിഞ്ഞു..മാനേജർ ഷാർജയിൽ പോയതാണ് അപ്പൊ മെല്ലെ അവിടെ നിന്നും ചാടി” ഇക്ക പറഞ്ഞു…

“ഭക്ഷണമെന്തെങ്കിലും ഉണ്ടോ അച്ചൂ..?” ഇക്ക ചോദിച്ചത് കേട്ടിട്ട് എനിക്ക് ചിരിയാണ് വന്നത്..

അരവിന്ദേട്ടൻ എന്നെ “അച്ചു” എന്നാണ് വിളിക്കാറുള്ളത് എന്നാൽ ഇത് വരെ ഏട്ടന്റെ മുമ്പിൽ വെച്ച് ഇക്ക എന്നെ അങ്ങനെ വിളിച്ചിട്ടേയില്ലായിരുന്നു…

“എന്താ ഇപ്പോ എന്നോടൊരു പ്രത്യേക സ്നേഹം” ഞാനും ചോദിച്ചു..

“നിന്നോട് സ്നേഹമുണ്ടായത് കൊണ്ടാണല്ലോ നീ ഒറ്റയ്ക്കാണല്ലോന്ന് കരുതി ഞാൻ ഓഫീസിൽ നിന്ന് ഓടി വന്നത്” ഇക്ക പറഞ്ഞത് കേട്ട് ഞാനും ചിരിച്ചു…

അന്ന് ഞങ്ങൾ ഒരുപ്പാട് നേരം സംസാരിച്ചിരുന്നു..

അരവിന്ദേട്ടൻ വന്നപ്പോൾ ഞാൻ അടുക്കളയിൽ ചായ ഉണ്ടാക്കുകയായിരുന്നു..

“ഫൈസി എപ്പോഴാണ് വന്നത്..?” ഏട്ടൻ ചോദിക്കുന്നത് കേട്ടു…

“ദാ..ഇപ്പൊ വന്നിട്ടേയൊള്ളൂന്ന്” മറുപടി പറഞ്ഞ് ഇക്ക എന്നെ മെല്ലെ നോക്കി…

ഇക്ക എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല..ഏട്ടൻ കുളിക്കാൻ കയറിയപ്പോൾ ഇക്ക എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് ഞാൻ ചോദിച്ചു…ഒന്നുമില്ല ചുമ്മാ പറഞ്ഞെന്നേയൊള്ളൂ എന്ന് ഇക്ക പറഞ്ഞു…

അങ്ങനെ രണ്ട് ദിവസം കഴിഞ്ഞു ഒരു നാൾ..അമ്മുക്കുട്ടിക്ക് പാലും കൊടുത്ത് കിടന്നിരുന്ന ഞാനെപ്പോയോ ഉറങ്ങിപ്പോയിരുന്നു..ടി.വി യുടെ  ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്..

പെട്ടെന്നാണ് സ്ഥല കാല ബോധമുണ്ടായത്..ഹാളിലേക്ക് നോക്കിയപ്പോൾ ഇക്കയാണ് ടി.വി കണ്ടിരിക്കുന്നത്…

റൂമിന്റെ വാതിൽ ഞാൻ അടച്ചിട്ടില്ലായിരുന്നു..ഇനി ഇക്കയെങ്ങാനും ഇങ്ങോട്ട് വന്നിട്ടുണ്ടാകുമോ..?

ദൈവമേ..ഇങ്ങോട്ട് വന്നിട്ടില്ലാതിരുന്നാൽ മതിയായിരുന്നു എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞാൻ മെല്ലെ ഹാളിലേക്ക് ചെന്നു…

“ഇക്ക എപ്പോഴാ വന്നത്” ഞാൻ ചോദിച്ചു…

“നല്ല ആളാണ് നീ..ഞാൻ വന്നു നോക്കുമ്പോൾ നീ നല്ല ഉറക്കമായിരുന്നല്ലോ…അതും എന്തൊക്കെയോ പ്രദർശിപ്പിച്ചു കൊണ്ട്..” ഇക്ക ചിരിച്ചു കൊണ്ടാണത് പറഞ്ഞത്..

ഞാൻ വല്ലാതെയായി..എന്ത് പറയണമെന്ന് എനിക്കറിയില്ലായിരുന്നു..

എന്റെ നിശ്ശബ്ദതയെ മുറിച്ചു കൊണ്ട് ഇക്ക വീണ്ടും ചിരിച്ചു കൊണ്ട് പറഞ്ഞു “എന്തായാലും എനിക്കിഷ്ടപ്പെട്ടിട്ടോ സൂപ്പർ”..

അദ്ദേഹത്തിൽ നിന്നും അങ്ങനെയൊരു വാക്ക് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല…എന്തു പറയണമെന്ന് എനിക്കറിയില്ലായിരുന്നു..

ഞാൻ റൂമിലേയ്ക്ക് തിരിഞ്ഞതും പെട്ടെന്നാണ് ഇക്ക പുറകിൽ നിന്ന് എന്നെ കെട്ടിപ്പിടിച്ചത്..എന്ത് ചെയ്യണമെന്നറിയാതെ ഞാൻ കുതറിയെങ്കിലും ഇക്കയുടെ കരവിരുതിൽ നിന്ന് രക്ഷപ്പെടാൻ എനിക്ക് കഴിഞ്ഞില്ല…

വേണ്ട ഇക്കാ..എന്ന് ഞാൻ കരഞ്ഞ് കൊണ്ടയാളോട് അപേക്ഷിച്ചെങ്കിലും അയാളത്  ഗൗനിച്ചതേയില്ല..

അയാളെന്നെ ബെഡിലേക്ക് വലിച്ചിടുകയും എന്നിലേക്ക് പടർന്നു കയറുകയുമായിരുന്നു..അദ്ദേഹത്തിന്റെ ആ സ്നേഹപ്രകടനങ്ങളിൽ അറിയാതെ എപ്പോഴോ ഞാനും അലിഞ്ഞില്ലാതെയായില്ലയോ എന്നോർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുകയാണ്..

ആ ദിവസം എനിക്കിപ്പോഴും മറക്കാൻ കഴിയുന്നില്ല..അരവിന്ദേട്ടനല്ലാത്ത മറ്റൊരാളോടൊപ്പം അറിയാതെയെങ്കിലും സന്തോഷിച്ചതിൽ എനിക്ക് അതിയായ കുറ്റബോധം തോന്നി…കുറ്റബോധം കൊണ്ട് ഏട്ടന്റെ മുഖത്തേയ്ക്ക് തന്നെ എനിക്ക് നോക്കാൻ കഴിയാതെയായി…

അരവിന്ദേട്ടൻ ഇല്ലാത്തപ്പോൾ ഞാൻ റൂമിൽ നിന്നും പുറത്തിറങ്ങാതെ വാതിലും അടച്ചിട്ടിരുന്നു…വല്ലാത്തൊരു ഭയമായിരുന്നു ആ ദിവസങ്ങളിൽ..എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് പോയാൽ മതി എന്ന് മാത്രമായിരുന്നു ആ ദിവസങ്ങളിലെ എന്റെ ചിന്ത…

പിന്നീട് ദുബായിൽ നിന്ന് വന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ഞാൻ ഗർഭണിയാണെന്ന വിവരം അറിയുന്നത്…ആദ്യം ഞാൻ വളരെയധികം സന്തോഷിച്ചെങ്കിലും പിന്നീട് കുഞ്ഞിന്റെ പിതൃതത്തെ കുറിച്ചോർക്കുമ്പോൾ എനിക്ക് ഭയം തോന്നിത്തുടങ്ങി..ഒരു പക്ഷെ ഇത് അരവിന്ദേട്ടന്റെ കുഞ്ഞല്ലെങ്കിലോ..?

അങ്ങനെ മാസങ്ങൾക്ക് ശേഷം ഞാൻ ഒരു ആൺകുട്ടിയെ പ്രസവിച്ചു..അതാണ് എന്റെ മോൻ ഉണ്ണിക്കുട്ടൻ..

കുട്ടിയെ കണ്ട അമ്മയടക്കം പലരും പറയുന്നത് കേട്ടു “കുട്ടിയ്ക്ക് അച്ചുവിന്റെ നിറമാണെങ്കിലും അരവിന്ദന്റെ അതേ മൂക്കും കണ്ണുമാണുള്ളത്” എന്നൊക്കെ..

അമ്മ അത് പറയുമ്പോഴും ഉണ്ണിക്കുട്ടന്റെ മുഖത്തേയ്ക്ക് നോക്കുമ്പോൾ എനിക്ക് ഇക്കയുടെ മുഖമാണ് തെളിഞ്ഞു വന്നത്..ഒരു പക്ഷെ എന്റെ തോന്നലുകളായിരിക്കാം..എന്നിരുന്നാലും അത് എന്നെ തളർത്തികൊണ്ടേയിരുന്നു..

ഇപ്പോൾ ഉണ്ണിക്കുട്ടൻ ഒന്നാം ക്ലാസ്സിലാണ്..ഞാൻ വീണ്ടും ഗർഭിണിയാണ്…

പലപ്പോഴും ഉണ്ണികുട്ടന്റെ മുഖത്തേയ്ക്ക് നോക്കുമ്പോൾ ഇക്കയുടെ മുഖമെന്റെ മനസ്സിലേയ്ക്ക് ഓടിയെത്താറുണ്ട്..അതെന്നെ വല്ലാതെ ഭയപ്പെടുത്തുന്നു…

ഏതോ ഒരു നിമിഷത്തിൽ അറിയാതെ ചെയ്തു പോയ തെറ്റുകൾ ഇപ്പോഴും എന്നെ വേട്ടയാടുന്നു…ജീവിതക്കാലം മുഴുവനും അത് എന്നെ വേട്ടയാടുമെന്നെനിക്ക് ഉറപ്പാണ്…

അമ്മുക്കുട്ടി പറഞ്ഞ എന്തോ തമാശ കേട്ടിട്ടെന്നോണം ഉണ്ണിക്കുട്ടൻ പൊട്ടിച്ചിരിക്കുമ്പോൾ എന്റെ കാതുകളിൽ മുഴങ്ങുന്നത് ഇക്കയുടെ ആ ചിരിയാണ്..എന്നെ എപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്ന ആ ചിരി…

*********************

ഒരു പക്ഷേ മിക്ക പുരുഷന്മാർക്കും അങ്ങനെയുള്ള നിമിഷങ്ങളെ മറക്കാൻ വളരെ എളുപ്പമായിരിക്കും..എന്നാൽ ഒരു പെണ്ണിനെ സംബന്ധിച്ച് ആ ഓർമ്മകൾ ജീവിതക്കാലം മുഴുവനും അവളെ വേട്ടയാടിക്കൊണ്ടേയിരിക്കും…

~Saheer Sha