പറയാതെ പോയ പ്രണയം
Story written by Aparna Dwithy
================
ചെന്നൈലേക്കുള്ള യാത്രയ്ക്കിടയിൽ കാലിക്കറ്റിൽ നിന്നും എന്റെ സീറ്റിന് എതിർവശം വന്ന ആളെ ഞാനൊരു പതിവ് പുഞ്ചിരി കൊണ്ട് സ്വീകരിച്ചു..തോളിൽ ഒരു ബാഗും കയ്യിൽ ഒരു കുഞ്ഞു മോളും. തിരിച്ചും ഒരു പുഞ്ചിരി നൽകി എനിക്കെതിർവശമായി അയാൾ ഇരുന്നു. കുറച്ചു നേരത്തെ മൗനത്തിന് ശേഷം ഞാൻ തന്നെ സംസാരിക്കാൻ ആരംഭിച്ചു.
“ചെന്നൈലേക്കാണോ? “
‘അതെ. കുട്ടിയോ ?’ മറുപടിക്കൊപ്പം തിരിച്ചൊരു ചോദ്യവും.
“ഞാനും. ഇതാരാ മോളാണോ ” അയാളുടെ നെഞ്ചിൽ ചാഞ്ഞുറങ്ങുന്ന കുട്ടയിലേക്കായി എന്റെ ശ്രദ്ധ.
‘അതെ.ഋതിക എന്റെ ഋതു മോൾ ‘ മറുപടിക്കൊപ്പം അയാൾ അവളുടെ നെറുകെയിൽ ഒന്ന് ചുംബിച്ചു.
അൽപനേരം കൊണ്ട് ഇരുപത്തിമൂന്നുകാരനായ അശ്വിനെ ഞാൻ പരിചയപെട്ടു. ഇരുപത്തിരണ്ടാം വയസ്സിൽ വീട്ടുകാരുടെ എതിർപ്പിനെ മറികടന്നു പ്രേമിച്ച പെണ്ണിനെ വിവാഹം കഴിച്ചവൻ. കോളേജിൽ പഠിക്കുമ്പോൾ ജൂനിയർ പെൺകുട്ടിയോട് തോന്നിയ ഇഷ്ട്ടം. വീട്ടിൽ പറഞ്ഞപ്പോൾ പേരുകേട്ട നായർ തറവാട്ടിൽ പിറന്ന അവൻ മറ്റൊരു ജാതിയിൽപ്പെട്ട ശ്രുതിയെ വിവാഹം ചെയ്യുന്നത് അവർക്ക് ഒരു വലിയ കുറച്ചിൽ തന്നെയായിരുന്നു. അവളുടെ വീട്ടിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. വിവരം അറിഞ്ഞപ്പോൾ മുതൽ അവൾക്ക് വേണ്ടി വിവാഹാലോചനകൾ വരെ നടത്തി തുടങ്ങി. പിടിച്ചു നില്ക്കാൻ പറ്റാതായപ്പോൾ ആയിരുന്നു ഒളിച്ചോട്ടവും രജിസ്റ്റർ വിവാഹവും. അന്ന് മുതൽ വീട്ടുകാരും ഇറക്കിവിട്ടു. പിന്നീടുള്ള ജീവിതം കൂട്ടുകാരുടെ കനിവിൽ ആയിരുന്നു. ഒരു വാടകവീട്ടിൽ സന്തോഷത്തോടെ കഴിഞ്ഞുകൂടി ഒരു ചെറിയ ജോലിയും കണ്ടുപിടിച്ചു. അങ്ങനെ ഇരിക്കെയായിരുന്നു ഒരു കുഞ്ഞു ജീവൻ അവളുടെ വയറ്റിൽ വളർന്നു വരുന്ന കാര്യം അറിഞ്ഞത്. പിന്നീട് ഓരോ ദിവസവും ആ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. പക്ഷേ……ഇടയ്ക്ക് അയാളുടെ തൊണ്ട ഇടറി. ഋതുമോളെ എന്നെ ഏല്പിച്ചു ഒരു യാത്ര പോലും പറയാതെ അവൾ പോയി……ഇപ്പോ എട്ടു മാസമായി മോൾക്ക്. നിറഞ്ഞ മിഴികൾ തുടച്ചു അയാൾ പറഞ്ഞവസാനിപ്പിച്ചു.
കുറച്ചു നേരത്തേക്ക് എനിക്കും ഒന്നും പറയാൻ കഴിഞ്ഞില്ല. അപ്പോളേക്കും ഋതുമോൾ എഴുന്നേറ്റ് വളർന്നു വരുന്ന കുഞ്ഞരി പല്ലുകൾ കാട്ടി എനിക്ക് നേരെ ഒരു ചിരിപാസ്സാക്കി. ഞാൻ തിരിച്ചും.
“വാ….. ” ഞാൻ എന്റെ കൈകൾ അവൾക്കു നേരെ നീട്ടി. അവളെന്റെ കൈകളിലേക്ക് പറന്നു വന്നു.
“വാവേ….. ” ഞാൻ അവളെ എന്റെ മുഖം തിരിച്ചു നിർത്തി അവളോട് സംസാരിക്കാൻ തുടങ്ങി.
“വാവ എവിടെ പോകുവാ …..?” അവൾ മറുപടിക്ക് പകരം ഒന്ന് പുഞ്ചിരിച്ചുകൊണ്ട് എന്റെ മുഖത്തിലൂടെ വിരലോടിച്ചു. കൗതുകത്തോടെ എന്നെ ഏറെ നേരം നോക്കി നിന്ന് അവൾ അവ്യക്തമായി വിളിച്ചു,
‘അമ്മേ…. ‘ ഒരു നിമിഷത്തേക്ക് എന്റെ ഹൃദയം ആനന്ദം കൊണ്ട് തുടിച്ചു. ഞാൻ അവളെ തിരുത്താൻ ശ്രമിച്ചില്ല ആ വിളി എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു.
‘അമ്മേ….. ‘ എന്റെ മുടിയിഴകളിൽ തഴുകി അവൾ വീണ്ടും വിളിച്ചു. ഇത്തവണ അശ്വിൻ അവളെ തിരുത്തി
‘അമ്മ അല്ല മോളൂട്ടി അത് ‘
“അതെ അമ്മ തന്നെയാണ് മോളു ” അങ്ങനെ പറയാൻ മനസ്സിൽ തോന്നിയെങ്കിലും പറഞ്ഞില്ല.
അവൾ അതൊന്നും കാര്യമാക്കാതെ അവളുടെ ഭാഷയിൽ എന്നോട് സംസാരിച്ചുകൊണ്ടേ ഇരുന്നു. ഇടയ്ക്കിടെ അവൾ എന്റെ മുടിയിഴകൾ പിടിച്ചു വലിച്ചു, വേദന കൊണ്ട് ഞാൻ നിലവിളിക്കുമ്പോൾ അവൾ കുഞ്ഞരിപ്പല്ലുകൾ കാട്ടി ചിരിച്ചു.
ഇതൊക്കെ കണ്ട് അശ്വിനും ഒന്ന് പുഞ്ചിരിച്ചു. ഇടയ്ക്ക് അവൾക്ക് വിശന്നതുകൊണ്ടാവാം കുസൃതികൾ ഒക്കെ നിർത്തി എന്റെ നെഞ്ചിലേക്ക് ചാഞ്ഞു ചിണുങ്ങിയത്.
അവൾക്കു വേണ്ടി കരുതിയിരുന്ന ബേബി ഫുഡ് അശ്വിൻ എനിക്ക് നേരെ നീട്ടി. ജനാലയിലൂടെ കാഴ്ചകൾ കാണിച്ചു അവൾക്കത് വാരി കൊടുക്കുമ്പോൾ അറിയാതെ ഞാൻ അവളുടെ അമ്മയായി മാറുകയായിരുന്നു.
ഭക്ഷണം കഴിച്ചു ഋതുമോൾ വീണ്ടും ഉഷാറായി കുസൃതികളിൽ ഏർപ്പെട്ടു. ജനാലയിലൂടെ പിറകോട്ടു പോകുന്ന കെട്ടിടങ്ങളും മരങ്ങളും കണ്ടവൾ കൈകൊട്ടി ചിരിച്ചു. കാഴ്ചകൾ കണ്ടു സന്തോഷത്തോടെ ചിരിച്ചുകൊണ്ടവൾ എന്റെ കവിളിൽ കടിച്ചു. ഇതൊക്കെ കണ്ട് അശ്വിൻ പഴയ ഓർമകളിലേക്ക് തിരിഞ്ഞു നോക്കുകയാണെന്നു തോന്നി. ഒരുപക്ഷേ അവനും ആഗ്രഹിക്കുന്നുണ്ടാവാം ശ്രുതിയുമായി ഇങ്ങനൊരു യാത്ര. വിധി എന്തൊരു ക്രൂ രനാണ്.
“അച്ഛന്റെ മോളൂട്ടി വാ…. നമ്മുക്ക് ഉറങ്ങണ്ടേ ” അവൻ അവൾക്കു നേരെ കൈകൾ നീട്ടി. അവൾ അവനെ നോക്കി ഒന്ന് ചിരിച്ചിട്ട് മുഖം തിരിച്ചു.
“എടി ക ള്ളി…..നിനക്കിപ്പോൾ അച്ഛനെ വേണ്ടാതായോ. വാടി ഇവിടെ ” അവൻ അവളെ ബലമായി എടുക്കാൻ ഒരു ശ്രമം നടത്തി.
അവൾ അവളുടെ കുഞ്ഞു കൈകൾ കൊണ്ടെന്നെ മുറുകെ പിടിച്ചു.
‘സാരമില്ല ഞാൻ ഉറക്കിക്കോളാം ‘ ഞാൻ അശ്വിനോട് പറഞ്ഞു.
ഋതുമോൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു. ഞാൻ അവളെ ഉറക്കാനായി അറിയാവുന്ന താരാട്ടു പാട്ടിന്റെ വരികൾ മൂളി. അപ്പോളേക്കും അശ്വിൻ ലാപ്ടോപ്പിൽ തിരക്കിട്ട പണികളിൽ ഏർപ്പെട്ടിരുന്നു.
‘മോള് ഉറങ്ങി ‘ ഞാൻ പറഞ്ഞപ്പോൾ അവൻ ലാപ്ടോപ്പിൽ നിന്നും കണ്ണെടുത്തു.
“അപർണയെ അവൾ വല്ലാതെ ബുദ്ധിമുട്ടിച്ചു അല്ലേ ? ” മോളേ എന്റെ കൈയിൽ നിന്നും വാങ്ങി അവന്റെ സീറ്റിൽ കിടത്തികൊണ്ടാവൻ ചോദിച്ചു.
‘ഹേയ് ഇല്ല. എനിക്കിതൊക്കെ സന്തോഷമുള്ള കാര്യമാണ് ‘ ഞാൻ മറുപടി നൽകി.
“ശരി അപർണ ഉറങ്ങിക്കോളൂ . ഗുഡ് നൈറ്റ് ” അവൻ പറഞ്ഞു.
ഉറങ്ങാൻ ആയി കിടന്നപ്പോൾ മനസ്സിൽ നിറയെ ഋതുമോൾ ആയിരുന്നു. പാവം അമ്മയുടെ സ്നേഹം കിട്ടേണ്ട ഈ പ്രായത്തിൽ…..അവൾ ഭാഗ്യവതിയും ആണ് ഇത്രയും സ്നേഹസമ്പന്നനായ ഒരു അച്ഛനെ കിട്ടിയില്ലേ. ഒരു അമ്മ കൊടുക്കേണ്ട എല്ലാ സ്നേഹവും വാത്സല്യവും അയാൾ അവൾക്ക് നൽകുന്നുണ്ട്. ഓരോന്നോർത്തു ഇടയ്ക്കെപ്പോളോ ഉറങ്ങി.
ഋതുമോളുടെ കരച്ചിൽ കേട്ടാണ് ഞാൻ ഉണർന്നത് സമയം നോക്കിയപ്പോൾ രണ്ടുമണി. അശ്വിൻ അവളെയും തോളിൽ കിടത്തി നടക്കുവാണ്.
“എന്ത് പറ്റി. എന്തിനാ മോള് കരയണത്?” ഞാൻ എഴുന്നേറ്റു ചോദിച്ചു.
‘ഹേയ് അതിടയ്ക്കുള്ളതാ. അപർണ ഉറങ്ങിക്കോളൂ ‘ അശ്വിൻ പറഞ്ഞു.
“മോളേ ഇങ്ങു താ ഞാൻ ഉറക്കം “.ഞാൻ എന്റെ കൈകൾ നീട്ടി. ഋതുമോൾ എന്റെ കൈകളിലേക്ക് വന്നു.
“വാവയ്ക്ക് ഉറക്കം വരുന്നില്ലെടാ ?” ഞാൻ അവളെ വാരിയെടുത്ത്കൊണ്ട് ചോദിച്ചു. അവളൊരു കുസൃതിച്ചിരി ചിരിച്ചു. പിന്നീട് ഉറങ്ങാനുള്ള ഭാവമൊന്നും ഉണ്ടായില്ല അവൾക്ക്. കളികളിൽ ഏർപ്പെട്ട് അവൾ നേരം വെളുപ്പിച്ചു. അശ്വിനും കൂട്ടിരുന്നു.
ഏകദേശം ചെന്നൈ എത്താറാവുമ്പോളേക്കും അവൾ എന്റെ നെഞ്ചിൽ കിടന്നുറങ്ങി. ഇറങ്ങാനുള്ള സ്റ്റോപ്പ് എത്താറാവുമ്പോൾ എന്തോ ഒന്ന് നഷ്ടമാകുന്നത് പോലെയുള്ള തോന്നൽ. അശ്വിൻ ഇറങ്ങാൻ വേണ്ടി ബാഗ് ഒക്കെ റെഡിയാക്കി വച്ചു. മോളേ എന്റെ കൈകളിൽ നിന്നും വാങ്ങുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു വേദന.
“അപ്പോ ഇറങ്ങട്ടെ. ഒരു നന്ദി പറഞ്ഞാൽ തീരുന്നതല്ല ഒന്നും. ആദ്യമായിട്ടായിരിക്കും എന്റെ മകൾ ഇത്രയും സന്തോഷിച്ചത്, ഒരമ്മയുടെ സാന്നിധ്യം അറിഞ്ഞത്. ” അശ്വിൻ പറഞ്ഞു.
എനിക്ക് വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.
“മോളേ എഴുനെല്പിക്കുന്നില്ല. എഴുന്നേറ്റാൽ ഒരുപക്ഷേ കരയും അവൾ. ഇനി നമ്മൾ കാണുമോ എന്നൊന്നും അറിയില്ല പക്ഷേ മറക്കില്ല ഒരിക്കലും “
ഞാൻ ഋതുമോളുടെ കുഞ്ഞു കൈകളിൽ ഉമ്മവെച്ചു മൗനമായി അവരോടു യാത്ര പറഞ്ഞു.
അശ്വിൻ ട്രെയിൻ ഇറങ്ങി നടക്കുമ്പോൾ തിരിച്ചു വിളിക്കാൻ മനസ്സ് വിതുമ്പി. പറയാൻ ഒരുപാട് ബാക്കി വെച്ചതുപോലെ. തനിക്ക് ചോദിക്കാമായിരുന്നു അവരുടെ കൊച്ചു സ്വർഗത്തിലേക്ക് തന്നെ കൂടെ കൂട്ടാമോ എന്ന്…..അർഹതപെട്ടതെന്തോ നഷ്ടപ്പെടുത്തിയത് പോലെ…
അവർ കണ്ണിൽ നിന്നും മറയുന്നത് വരെ ഞാൻ നിന്നു. ശേഷം ഞാൻ പോലും അറിയാതെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് തിരിഞ്ഞു നടന്നു അശ്വിനെയും ഋതുമോളെയും എന്നെങ്കിലും കാണുമെന്ന പ്രതീക്ഷയോടെ…….
~അപർണ