ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തു പ്രതീക്ഷിക്കാത്ത ഒരിടത്തു തമ്മിൽ കണ്ടതിന്റെ നടുക്കമോ വിങ്ങലോ എന്തോ ഒന്ന്…

പിരിഞ്ഞു പോയവർ…

Story written by Remya Bharathy

================

വീഡിയോ കാൾ വന്നപ്പോൾ വിശ്വാസം വന്നില്ല. രണ്ടു വട്ടം ആലോചിച്ചു എന്നിട്ടാണ് എടുത്തത്. ഒരു ഹലോ പോലും അങ്ങോട്ടും ഇങ്ങോട്ടും പറയാൻ പറ്റുന്നില്ല.

ആ കുഞ്ഞു സ്ക്രീനിനുള്ളിൽ ഇരുണ്ട വെളിച്ചത്തിൽ എന്റെ കണ്ണുകളിലേക്ക് നോക്കി മിണ്ടാതെ നിൽക്കുന്നത് ഒരിക്കൽ എന്റെ ലോകമായിരുന്നു.

ഈ സ്ക്രീനിലൂടെ പണ്ട് കാണുമ്പോളൊക്കെ ആ ചുണ്ടിൽ ചിരിയോ പരിഭവമോ ആയിരുന്നു. ഇപ്പോൾ നിസ്സംഗമാണ്.

ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തു പ്രതീക്ഷിക്കാത്ത ഒരിടത്തു തമ്മിൽ കണ്ടതിന്റെ നടുക്കമോ വിങ്ങലോ എന്തോ ഒന്ന്. അത് താങ്ങാനാവാതെ, ഒന്നൂടെ നേരിട്ട് കാണണം എന്ന് തോന്നി വിളിച്ചതാണ്.

പണ്ട് ഇതുപോലെ വിളിച്ചിരുന്നപ്പോൾ ഉള്ളതിലും ഉച്ചത്തിൽ നെഞ്ചിൽ പെരുമ്പറ മുഴങ്ങുന്നു. ഹൃദയത്തിലെ വിങ്ങൽ അടക്കി വെക്കാനാവുന്നില്ല. ഒന്നും മിണ്ടുന്നില്ല രണ്ടാളും.

കഷ്ടപ്പെട്ടു ചിരിക്കാൻ നോക്കി. സ്ക്രീനിൽ പാതിയിൽ എന്റെ ആ ചിരി കണ്ട് എനിക്ക് തന്നെ സഹിക്കാൻ പറ്റുന്നില്ല.

തലയൊന്നുയർത്തി എന്തേ? എന്ന് ആംഗ്യം കാണിച്ചു ചോദിച്ചതിന്, തല ഒന്നനക്കി ഒന്നുമില്ല എന്നു മറുപടി വന്നു.

ഒടുവിൽ സഹികെട്ടു പതിയെ, “ഒന്നും പറയാനില്ലേ?” എന്നു ചോദിച്ചപ്പോളും മറുപടി അതു തന്നെ.

“പിന്നെ എന്തിനാ വിളിച്ചേ…?” എന്ന ചോദ്യം നാവിന്റെ തുമ്പിൽ വന്നത് തിങ്ങി വന്ന ഗദ്ഗദവും ചേർത്ത് ഇറക്കി വിട്ടു.

“പോണെങ്കിൽ പൊക്കോ.” എത്രയോ കാലങ്ങൾക്ക് ശേഷം കേൾക്കുന്ന ശബ്ദം. അതും പൊക്കോളാൻ. വീണ്ടും?

“എനിക്ക് പോണ്ട. പറയു…” എനിക്കിനിയും ഇനിയും ആ ശബ്ദം കേൾക്കണം. പക്ഷെ അത് അങ്ങനെ പറയാൻ നാവ് പൊങ്ങുന്നില്ല.

“നീ പറഞ്ഞോ.” ഒരു മാറ്റവും ഇല്ല. പണ്ടും ഇങ്ങനെ ആണല്ലോ ഞാൻ പറഞ്ഞു കൊണ്ടേ ഇരിക്കണം. അപ്പുറത്തു അത് കേട്ട് കേട്ട് ഉറങ്ങണം.

“ഇന്ന് കണ്ടപ്പോൾ എന്ത് തോന്നി?” ഞാൻ തന്നെ തുടങ്ങിയേക്കാം.

“ചേർത്തു പിടിക്കാൻ തോന്നി.” അതും പറഞ്ഞു സ്ക്രീനിനടുത്തേക്ക് വന്നപ്പോൾ ഇതിനുള്ളിലൂടെ എന്നെ പിടിച്ചു കൊണ്ട് പോയെങ്കിൽ എന്നു തോന്നി.

ഞാൻ പറഞ്ഞത് കേൾക്കാതെ എന്റെ കണ്ണുകൾ എന്നെ ചതിച്ചു ഉറവ പൊട്ടി ഒഴുകാൻ തുടങ്ങിയിരുന്നു. അപ്പുറത്ത് നിന്നും നിറഞ്ഞ കണ്ണുകൾ എന്നേ നോക്കി എന്തൊക്കെയോ പറഞ്ഞു. ഞങ്ങൾ തമ്മിൽ പിരിഞ്ഞത് ഞങ്ങളുടെ കണ്ണുകളും ഹൃദയങ്ങളും അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു. അവരിന്നും ഒരുമിച്ചാണ്.

എന്തു ധൈര്യത്തിലാണ് ചോദിച്ചത് എന്ന് അറിയില്ല.

“ഇഷ്ടമാണോ?”

“ഒരുപാട്….”

“ഇപ്പഴും?”

“എപ്പഴും…”

“പിന്നെ എന്തിന് പോയി?”

“അത് അറിയില്ല.”

“അറിയാവുന്നത് എന്തെങ്കിലും ഉണ്ടോ?” എനിക്ക് ദേഷ്യം വന്നു.

“ഇല്ല ഒന്നും അറിയില്ല. ഇന്ന് കണ്ടപ്പോൾ മതിയായില്ല. ഒന്നൂടെ കാണണം എന്ന് തോന്നി. നിനക്ക് ബുദ്ധിമുട്ടായെങ്കിൽ സോറി. വെച്ചിട്ട് പൊക്കോളൂ.”

എന്റെ ഹൃദയം അടുത്ത ചോദ്യങ്ങൾക്ക് വേണ്ടി ഓടാൻ തുടങ്ങി. ഇന്ന് ഈ നിമിഷം ചോദിച്ചില്ലേൽ ഇനി ചിലപ്പോൾ ചോദിക്കാൻ പറ്റുമോ എന്ന് തന്നെ അറിയാത്ത ചോദ്യങ്ങൾ. ഒന്നും കിട്ടുന്നില്ല. ഒടുവിൽ….

“ഒന്നുകൂടെ ചോദിക്കട്ടെ? തിരിച്ചു വരുന്നോ?” ഞാൻ പറഞ്ഞതൊക്കെ അംഗീകരിച്ചു, എന്നേ കൂടെ മനസ്സിലാക്കി ഒരുമിച്ച് മുന്നോട്ട് നടക്കാൻ വരുന്നോ എന്നാണ് ചോദ്യം.

“അറിയില്ല. എന്നേലും വന്നേക്കാം. പക്ഷെ ഇപ്പോൾ എനിക്ക് ആവില്ല. ഇനി ഈ ചോദ്യം ചോദിക്കരുത്.”

“ഹ്…മം…” എനിക്ക് വേറെ ഒന്നും പറയാനില്ല. ഇനിയും ഒരു വിട്ടു വീഴ്ചക്ക് വയ്യ.

“സുഖല്ലേ നിനക്ക്?” ആ ചോദ്യം വീണ്ടും ഹൃദയം നനച്ചു.

“എനിക്കറിയില്ല. തിരിച്ചറിയാറായിട്ടില്ല. എന്തിലേക്കൊക്കെയോ ശ്രദ്ധ തിരിച്ചു ജീവിക്കാൻ നോക്കുന്നുണ്ട്. സുഖമാണോ എന്നറിയില്ല.” അതായിരുന്നു വാസ്തവവും.

പരസ്പരം നോക്കിയുള്ള കുറെ അധികം നിമിഷങ്ങൾ വീണ്ടും. വീണ്ടും വീണ്ടും നോക്കി. കണ്ണും മൂക്കും രൂപവും ഒക്കെ ഞാൻ അപ്പാടെ മറന്നിരിക്കുന്നു.

“അടുത്തു വന്നപ്പോൾ എന്റെ മണം അറിഞ്ഞോ?” ഒരിക്കൽ ഒരുപാട് ഇഷ്ടമായിരുന്നു എന്നറിയാവുന്ന എന്റെ മണം. പകുതി കുസൃതിയും പകുതി കൗതുകവും ആയിരുന്നു എന്റെയുള്ളിൽ.

“ഇല്ല. പക്ഷേ ഇപ്പോൾ ഓർമ വരുന്നുണ്ട്..പഴേ സംഭവങ്ങളും എല്ലാം.”

“എന്റെ ഓർമകളെ വേണം എന്നെ വേണ്ട അല്ലെ? ഇത് ക്രൂ.രതയാണ്.”

അപ്പുറത്തു നിന്ന് മൗനം മാത്രം.

വീണ്ടും വിങ്ങി നിറഞ്ഞ മൗനങ്ങൾ.

“ഞാനൊന്ന് ചോദിക്കട്ടെ? എന്റെ കൂടെ ആയിരുന്നപ്പോൾ സന്തോഷമായിരുന്നില്ലേ?”

“ഒരുപാട്. എന്തേ സംശയമുണ്ടോ?”

ഇല്ല എനിക്ക് എന്റെ സ്നേഹത്തിൽ ഒരു സംശയവും ഇല്ല. ഞാൻ തലയാട്ടി. അപ്പുറത്തെ മറുപടി തുടരുന്നു.

“ഇപ്പോഴും സന്തോഷമാണ്. വേറെ രീതിയിൽ ആണെന്ന് മാത്രം. ഞാൻ ഈ വഴിയേ പതിയെ പോയി നോക്കുകയാണ്. എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയില്ല. എന്നാലും ഇതാണ് വഴി.”

എനിക്ക് മൗനമല്ലാതെ മറ്റൊന്നും മറുപടി ഉണ്ടായിരുന്നില്ല. കാരണം ഇതെന്റെ തീരുമാനം ആയിരുന്നു. എത്ര കെഞ്ചിയാലും തിരിച്ചു വരരുത് എന്നു ഞാൻ തന്നെയാണ് പറഞ്ഞു പോന്നതും. പക്ഷെ എന്റെ മനസ്സ് അറിയുന്നുണ്ടാവില്ലേ.

“എനിക്കറിയില്ല. ചിലപ്പോൾ ഞാൻ തിരിച്ചു വന്നേക്കാം. എന്നെങ്കിലും. അപ്പോൾ നിന്റെ അവസ്ഥ എന്തായിരിക്കും എന്ന് പോലും അറിയില്ല. പക്ഷെ ഇപ്പോൾ എനിക്ക് ഇങ്ങനെയെ പറ്റു.”

കണ്ണുകളടച്ചു സ്ക്രീനിൽ ഒരുമ്മ കൂടെ കൊടുത്തു. തലയാട്ടി ബൈ പറഞ്ഞു. കട്ട് ചെയ്തു.

ഒരിക്കൽ ഒരുപാട് സ്നേഹിച്ചവർ, ഇനി ഒരുമിച്ചു മുന്നോട്ട് പോയാൽ അത് ശരിയാവില്ല എന്നറിഞ്ഞു ഒരുമിച്ചു തീരുമാനിച്ചു വഴി പിരിഞ്ഞവർ.

ഒത്തിരി സ്നേഹിക്കുന്നു എന്നത് പലപ്പോഴും എന്തും സഹിക്കാം എന്നതിന് പകരം വെക്കാനാവില്ല. ഇറങ്ങി പോരേണ്ടുന്നത് എത്ര പ്രിയപ്പെട്ട ഇടത്തു നിന്നാണേലും പോരേണ്ട സമയത്തു പോരുക തന്നെ വേണം.

അവിടെ സ്നേഹം ഒരിക്കലും ഇല്ലാതാവുന്നില്ല. കൂടെ ഉണ്ടായിരുന്നതിനെക്കാൾ സ്നേഹം. അവിടെ വേർപാട് എന്നത് ഒരു മിഥ്യയാണ്. കാലം കൊണ്ട് മാഞ്ഞു പോയേക്കാവുന്ന ഒരു വേദന.