ടൈം ട്രാവലിംഗ്
Story written by Nisha Pillai
===============
ഇലക്ഷൻ ഡ്യൂട്ടിയുടെ പോസ്റ്റിംഗ് കിട്ടിയതു മുതൽ വിഷമത്തിലാണ്. രണ്ടു ദിവസം വീട്ടിൽ നിന്നും മാറി നിൽക്കണം. ഭക്ഷണം, ഉറക്കം, സമാധാനം ഒക്കെ നഷ്ടപ്പെടും. ചിലരൊക്കെ കളളത്തരങ്ങൾ കാണിച്ചു ഒഴിവാകും…
അതൊന്നും വേണ്ട ഒന്നുമില്ലേലും ഇതൊരു പ്രിവിലേജല്ലേ എന്നു പറഞ്ഞു ആശ്വസിപ്പിച്ചത് കെട്ടിയോനാണ്.
ഇലക്ഷനു മുൻപ് രണ്ട് ട്രെയിനിങ് ക്ലാസുണ്ട്. ആദ്യത്തേത് പ്രിസൈഡിംഗ് ഓഫീസർക്ക് മാത്രം. ഉച്ചയ്ക്കുള്ള സെഷൻ. ജോലി കിട്ടിയതിന് ശേഷം ഉച്ചയുറക്കം പതിവില്ല..പക്ഷെ ഇന്നുറക്കം അനിതര സാധാരണമായി അനർഗളമായി വരുന്നു. അവൾ സംസാരിച്ചിരിക്കാൻ പരിചയക്കാർ ആരേലുമുണ്ടോയെന്ന് ചുറ്റും നോക്കി.
മുന്നിൽ ഇരിക്കുന്ന ചേച്ചിമാരുടെ കയ്യിലെ ഹാൻഡ് ബുക്കിൽ ശ്രദ്ധ പതിഞ്ഞു. താഴെ ചെന്നാൽ ബുക്ക് കിട്ടുമെന്ന് പറഞ്ഞപ്പോൾ എന്നാൽ പിന്നെ ഒന്നു പോയി നോക്കാമെന്നായി. അവിടെ പുരുഷൻമാരുടെ നീണ്ട നിര. സ്വയം അയിത്തം ഭാവിച്ചു ഏറ്റവും പുറകിൽ സ്ഥാനം പിടിച്ചു. ഉറക്കത്തിൽ നിന്ന് വിമോചനമായിരുന്നു ലക്ഷ്യം.
തൊട്ടു മുന്നിൽ നിന്ന ആറടി പൊക്കമുള്ള മനുഷ്യനെ ശ്രദ്ധിച്ചു. പണ്ട് കോളേജിൽ ഗസ്റ്റ് ലക്ചറായി വന്ന സനോജ് മാഷിനെ പോലെ. അവളു കുറച്ച് മുന്നോട്ടാഞ്ഞ് അയാളുടെ മുഖം ഒന്നെത്തി നോക്കി. മാസ്കുള്ളതിനാൽ പെട്ടെന്നറിയാനും പറ്റില്ല.
“ഇരുപതു വർഷം മുൻപത്തെ കാര്യമല്ലേ. മാഷിപ്പോൾ എവിടെയാണോയെന്തോ. എന്നെയൊക്കെ മറന്നു കാണും. കല്യാണം കഴിഞ്ഞു കുഞ്ഞുകുട്ടി പരാധീനതകളുമായി എവിടെയെങ്കിലും കാണും.”
പെട്ടെന്ന് മനസ്സ് ഒരു ഇരുപതു വർഷം പുറകോട്ടു പോയി. സനോജ് മാഷിന്റെ ലിറ്ററേച്ചർ ക്ലാസ്, പറയുന്നതെല്ലാം കേൾക്കാനും കണ്ണിമ വെട്ടാതെ കാണാനും ബാക്ക്ബെഞ്ചറായ അവൾ തിക്കി തിരക്കി ഫ്രണ്ട് ബഞ്ചിൽ ഇരിക്കുന്നത്. ഒരു ദിവസം പോലും ലീവെടുത്തിട്ടില്ല, ഒരു ക്ളാസ്സു പോലും കട്ട് ചെയ്യാതെ മൂന്നു വർഷം. ഫൈനൽ ഇയർ പഠിക്കുമ്പോഴും സെക്കൾഡ് ഇയറുകാരുടെ ലിറ്ററേച്ചർ ക്ലാസ്സിൽ കയറി പമ്മി ഇരിക്കുമായിരുന്നു. അത്രയ്ക്ക് ഇഷ്ടമായിരുന്നു മാഷിനെ.
മാഷിനോടൊന്നും പറഞ്ഞിട്ടില്ല. ഒരിക്കൽ ക്ലാസ് കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ മാഷ് കൈയോടെ പിടിച്ചു.
“ടോ താൻ ഫൈനൽ ഇയർ അല്ലേ, ഈ ക്ലാസ്സിൽ എന്താ?”
മാഷ് അവളെ തല്ലാൻ കൈയോങ്ങി. ഒഴിഞ്ഞു മാറി കൊണ്ടവൾ ചിരിച്ചു.
“പഠിക്കാനുള്ള ആഗ്രഹം കൊണ്ടല്ലേ മാഷേ.”
“തനിയ്ക്ക് ഇപ്പോൾ ഏത് ക്ലാസാണ്?പൂച്ചയെ പോലെ പമ്മിയിരുന്നിട്ട് ഇതാണല്ലേ പണി.”
“എനിയ്ക്ക് ഇപ്പോൾ ഫിസിക്സ് ലാബായിരുന്നു എന്ന് പറഞ്ഞിട്ടവൾ ഓടി.”
പലപ്പോഴും ഇഷ്ടം പറയണമെന്ന് തോന്നിയിട്ടുണ്ട്. കഴിഞ്ഞില്ല…ബിരുദം കഴിഞ്ഞു പരസ്പരം കണ്ടിട്ടുമില്ല. മാഷ് വേറെ ജോലി കിട്ടി പോയിരുന്നു. ഒരിക്കലും പറയാത്ത പ്രണയമായി അത് മനസ്സിൽ അവശേഷിച്ചു.
മുന്നിൽ നിൽക്കുന്നയാൾ ഒപ്പിട്ടു ഹാൻഡ് ബുക്ക് വാങ്ങി പോയി. ധൃതിയിൽ ഒപ്പിടുന്നതിനിടയിൽ അയാളുടെ പേര് കണ്ണിൽ പതിഞ്ഞു. സനോജ് ശങ്കരനാരായണൻ, അസിസ്റ്റന്റ് ഡയറക്ടർ. ആളെ മനസ്സിലായപ്പോൾ അവൾ ധൃതിപ്പെട്ട് പിറകെ ചെന്നു.
“മാഷേ എന്നെ മനസ്സിലായോ? മാഷ് കോളേജിലല്ലേ അന്ന് ജോയിൻ ചെയ്തത്.”
“ആഹാ താനാ കള്ളി പൂച്ചയല്ലേ. തൻ്റെ പേര് ഞാനിപ്പോഴും ഓർക്കാൻ ശ്രമിയ്ക്കും. പക്ഷെ കിട്ടാറില്ല. താൻ എനിക്ക് ഇപ്പോഴും പഴയ പൂച്ചകുട്ടിയാ. അദ്ധ്യാപനം മടുത്തപ്പോൾ പുതിയ ജോലിക്ക് കയറി. താനോ? നല്ല മാർക്കുണ്ടായിരുന്നല്ലേ?”
“ഞാൻ ബാങ്കിംഗ് ആണ് തെരഞ്ഞെടുത്തത്. യൂണിയൻ ബാങ്കിൽ മാനേജരാണ്. ഇവിടെ അടുത്താണ് ബാങ്ക്.”
“ഭാര്യ ടീച്ചറാണ്. മിടുക്കിയാണ്. രണ്ട് പെൺകുട്ടികൾ രണ്ടു പേരും എഞ്ചിനീയറിംഗ് വിദ്യാർത്ഥിനികൾ. അവർക്ക് മൂന്നുപേർക്കും എൻ്റെ ആവശ്യമില്ല. ജീവിതം ജീവിച്ചു തീർക്കുന്നു.”
അയാൾ വേദനയോടെ തല കുനിച്ചു.
“എനിക്ക് രണ്ട് ആൺകുട്ടികളാണ് മാഷേ. ഭർത്താവ് പട്ടാളക്കാരനായിരുന്നു. എല്ലാം ഒരു ചിട്ടയാണ്. എന്തു സംഭവിച്ചാലും ദ ഷോ മസ്റ്റ് ഗോ ഓൺ എന്ന രീതി.”
രണ്ടു പേരും പഴയ കാര്യങ്ങളൊക്കെ പങ്ക് വച്ചു പിരിഞ്ഞു.
അവളോട് യാത്ര പറയാൻ നേരം അയാൾക്ക് വിഷമം തോന്നി. ഒരു കാലത്ത് താൻ എത്രമാത്രം സ്നേഹിച്ച പെൺകുട്ടിയാണിത്. ഒരിക്കൽ പോലും അവളോട് നേരിട്ടു പറയാൻ ധൈര്യം വന്നില്ല. ഇപ്പോൾ കരുത്തു വന്നപ്പോഴേക്കും എല്ലാം കൈവിട്ട് പോയി.
അവളെ കാണാൻ വേണ്ടി മാത്രം ഗസ്റ്റ് ലക്ച്ചറർ എന്ന താല്ക്കാലിക പോസ്റ്റിൽ തുടർന്നത്…
അവളെ ബസ് കയറ്റിവിട്ട് അയാൾ മടങ്ങി. രണ്ട് പേരും പരസ്പരം തിരിഞ്ഞുനോക്കി നോക്കി പിരിഞ്ഞു.
ബസിലിരുന്നപ്പോഴാണ് അവൾക്ക് നിരാശയുണ്ടായത്. താൻ അന്നൊക്കെ എത്ര ബോൾഡ് ആയിരുന്നു. ഒരു നിമിഷം മതിയായിരുന്നു ഇഷ്ടം തുറന്ന് പറയാൻ. കഴിഞ്ഞില്ല…ഇനിയിപ്പോൾ ഇതൊക്കെ ഓർത്തിട്ടെന്താ കാര്യം.
ബസ് നല്ല വേഗത്തിൽ ഓടി കൊണ്ടിരുന്നു. പുറംകാഴ്ചകൾ കണ്ട് കൊണ്ടിരിക്കെ അവൾക്കൊരു ഉപായം തോന്നി. അവൾ തൻ്റെ ബാഗ് വലിച്ചു തുറന്ന് അവളുടെ ടൈം മെഷീൻ പുറത്തെടുത്തു. ഒരു തമിഴ് സിനിമയിൽ നടൻ സൂര്യ ഉപയോഗിക്കുന്നതു കണ്ടാണ് ഒന്ന് വാങ്ങിയത്..ഇത് വരെ ഉപയോഗിച്ചിട്ടില്ല. ഇന്നാണ് ആവശ്യം വന്നത്.
തനിക്ക് ഒരു ഇരുപതു വർഷം പിറകോട്ട് സഞ്ചരിക്കണം. മാഷിനോട് ഇഷ്ടം തുറന്നു പറയണം. മാഷിനെ വിവാഹം കഴിക്കണം. പ്രണയമെന്തെന്ന് അനുഭവിച്ചറിയണം. മാഷിന്റെ കുട്ടികളെ പ്രസവിക്കണം
അപ്പോൾ ഒരു കൺഫ്യൂഷൻ കുട്ടികൾ മാഷിൻ്റെ പെൺകുട്ടികളാണോ തൻ്റെ ആൺകുട്ടികളാണോ? അതോ ഒരാണും ഒരു പെണ്ണുമാകുമോ?
എന്തായാലും വേണ്ടില്ല. ആ ഇഷ്ടം നേടാൻ പിറകോട്ട് സഞ്ചരിക്കുക തന്നെ. അവൾ വാച്ചിൻ്റെ കീ പുറകോട്ട് തിരിച്ചു….
കോളേജ് അങ്കണത്തിലെ പൂത്തു നിന്ന വാകമര ചുവട്ടിൽ തന്റെ പഴയ കൈനറ്റിക് ഹോണ്ട സ്കൂട്ടർ പാർക്ക് ചെയ്യുന്ന മാഷിൻ്റെ മുന്നിലവളെത്തി. തരളിതചിത്തയായിരുന്നുവെങ്കിലും മാഷിൻ്റെ മുഖത്തു നോക്കി ഇഷ്ടം തുറന്നു പറഞ്ഞ അഭിമാനത്തോടെ അവൾ നടന്നു.
“ഇൻ്റർവെല്ലിന് സ്റ്റാഫ് റൂമിൽ വന്നു എന്നെ കാണണം.”
ചെന്നപ്പോൾ ഉപദേശങ്ങളുടെ പെരുമഴക്കാലം. നന്നായി പഠിക്കണം, പഠനം കഴിഞ്ഞ് ഞാൻ വീട്ടിൽ വന്ന് അച്ഛനെ കണ്ട് സംസാരിക്കാം എന്നൊക്കെ. ഒരു ഉപദേശി റോളിലായിരുന്നു.
ഇതിലും എത്ര പ്രാക്ടിക്കൽ ആണ് താൻ എന്നവൾക്ക് തോന്നി. നിരാശയോടെ അവിടെ നിന്നും മടങ്ങി. മാഷിന് വേറെ ഇഷ്ടം കാണും. ദേഷ്യത്തോടെ അവൾ വാച്ചിൻ്റെ കീ പഴയതു പോലെ മുന്നോട്ടു തിരിക്കാൻ നോക്കി. പറ്റുന്നില്ല.
“ഈശ്വരാ എൻ്റെ ഭർത്താവ്, കുട്ടികൾ!!”
അവൾക്ക് കരച്ചിൽ വന്നു.
ആരോ ശക്തമായി തോളിൽ പിടിച്ചു കുലുക്കിയപ്പോൾ അവൾ ഞെട്ടിയുണർന്നു. ബസിലെ കണ്ടക്ടർ പയ്യൻ.
“എന്തൊരു ഉറക്കമാണ് ചേച്ചി. സ്റ്റോപ്പ് കഴിഞ്ഞു. ഇപ്പോൾ ഒരു തേങ്ങിക്കരച്ചിൽ കേട്ടപ്പോഴാണ് ശ്രദ്ധിച്ചത്. വയ്യായിക വല്ലതും ഉണ്ടോ, സാറിനെ വിളിക്കണോ?.”
തന്നിലേയ്ക്ക് നീളുന്ന കണ്ണുകളെ അവഗണിച്ചു കൊണ്ട് അവൾ അടുത്ത സ്റ്റോപ്പിൽ ഇറങ്ങാൻ തയാറെടുത്തു.
~നിശീഥിനി.