ക്ലാസ്സ്മേറ്റ്സ്…
Story written by Saji Thaiparambu
==================
കുട്ടികൾക്ക് അത്താഴം കൊടുത്ത് ഉറക്കിക്കിടത്തിയിട്ട് ജസ്ന മൊബൈൽ എടുത്ത് നെറ്റ് ഓൺ ചെയ്തു.
നവാസിക്ക കുറച്ച് മുൻപ് ദുബായീന്ന് വിളിച്ചിരുന്നു..ഇനീപ്പോ രാവിലെയെ വിളിക്കു.
അത് കൊണ്ട് സമാധാനമായിട്ട് കുറച്ച് നേരം വാട്ട്സ് ആപ് വീഡിയോസ് കാണാമെന്ന് കരുതിയാണ് ഫോൺ എടുത്തത്.വാട്ട്സ്ആപ് പേജിന്റെ ഏറ്റവും മുകളിലായി പുതിയൊരു ഗ്രൂപ്പ് വന്ന് കിടക്കുന്നത് കണ്ടു.
92 ബാച്ച് എന്ന് പേരിട്ടിരിക്കുന്ന, ഐക്കൺ ജസ്ന ക്ളിക്ക് ചെയ്തു നോക്കി.
അതിൽ തന്റെ കൂടെ പഠിച്ച മിക്കവരുടെയും പേരും അവരുടെ കമന്റുകളുമൊക്കെ കണ്ട് വായിച്ചു.
ഓരോരുത്തരുടെയും കമന്റുകൾ വായിക്കും തോറും താൻ തന്റെ പഴയ സ്കൂൾ ജീവിതത്തിലേക്ക്, നടന്ന് ചെല്ലുന്നത് പോലെ അവൾക്ക് തോന്നി.
തനിക്കും എന്തെങ്കിലും എഴുതണമെന്ന് അവൾക്ക് തോന്നി.
ദാ സ്കൂളിൽ വച്ച് തന്റെ ഇൻറിമേറ്റ് ഫ്രണ്ടായിരുന്ന റോസി മാത്യു ലൈവിലുണ്ട്.
ജസ്ന, ആദ്യം എല്ലാവരോടും ഒരു ഹായ് പറഞ്ഞിട്ട് റോസിയോടായി ചോദിച്ചു.
“റോസീ നിനക്കെന്നെ ഓർമ്മയുണ്ടോ?ഇത് ഞാനാണെടീ, നിന്റെ പഴയ ജിന്ന് “.
റോസി, ജസ്നയെ സ്നേഹത്തോടെ ജിന്ന് എന്നാണ് വിളിക്കുന്നത്.
“ആര് ജിന്നോ ” ?
അന്ന് ക്ളാസ്സിലെ ഏറ്റവും അലമ്പ് പയ്യനായിരുന്ന ഷെഹീർ ആയിരുന്നു അത്.
അപ്പോഴാണ് തനിക്ക് അബദ്ധം പറ്റിയല്ലോ എന്ന് അവൾ ഓർത്തത്.
റോസിയെ കണ്ട ആവേശത്തിൽ ഇതൊരു ഗ്രൂപ്പ് ചാറ്റിങ്ങാണെന്നുള്ള കാര്യം ജസ്ന മറന്നു പോയിരുന്നു.
“ടീ ജിന്നേ നീയല്ലേ ഞങ്ങളെയൊക്കെ മറന്ന് കെട്ടിയോനുമായി ദുബായ്ക്ക് പറന്നത് “
റോസിയുടെ ചോദ്യം കണ്ടപ്പോൾ അവൾക്ക് ഉള്ളിലെവിടെയോ ഒരു വിങ്ങലനുഭവപ്പെട്ടു.
പ്രീഡിഗ്രിയുടെ, റിസൾട്ട് അറിയുന്നതിന് മുമ്പേ തനിക്ക് കല്യാണമാലോചിക്കാൻ ഉപ്പ ബ്രോക്കറോട് പറഞ്ഞിരുന്നു.
അത് മറ്റൊന്നുമല്ല, ഒൻപതാം ക്ളാസ്സ് മുതൽ പ്രീഡിഗ്രി വരെ തന്നോടൊപ്പമുണ്ടായിരുന്ന അഫ്സലുമായിട്ടുള്ള തന്റെ പ്രണയത്തെ കുറിച്ച് ഉപ്പ, എങ്ങനെയോ അറിഞ്ഞിരുന്നു.
ആദ്യം അത് വെറുമൊരു ചാപല്യമായി കണ്ടിരുന്ന ഉപ്പയ്ക്ക് പിന്നീടത് സീരിയസ്സായി തോന്നിയത് തന്റെ പക്കൽ നിന്നും ഉമ്മ കണ്ടെടുത്ത അഫ്സലിന്റെ പ്രേമലേഖനങ്ങളായിരുന്നു.
താൻ അവനുമായി, ഒളിച്ചോടി പോയേക്കുമെന്ന ഭയമായിരുന്നു അർക്ക്.
അവസാന പരീക്ഷ കഴിഞ്ഞതോടെ ജസ്ന വീട്ടുതടങ്കലിലായി.
പിന്നെയവൾ പുറം ലോകം കാന്നുന്നത് നവാസുമായുള്ള നിക്കാഹിന് ശേഷമാണ്
അതൊന്നും ഇത് വരെ നവാസിക്കയോട് പറഞ്ഞിട്ടില്ല.
കാരണം വിവാഹത്തിന്റെ ആദ്യ നാളുകളിൽ മനസ്സ് നിറയെ കുറ്റബോധമായിരുന്നു.
അഫ്സലിനോടൊപ്പം ഇറങ്ങി ചെല്ലാമെന്ന തന്റെ ഉറപ്പ് പാലിക്കാൻ കഴിയാത്തതിലുള്ള കുറ്റബോധം.
താനാഗ്രഹിച്ച ജീവിതം, കിട്ടാതിരുന്നത് കൊണ്ട് പിന്നെ തന്റെ പകയും നിരാശയും മുഴുവൻ നവാസിക്കയോടായിരുന്നു.
ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത് വരെ യാന്ത്രികമായൊരു ജീവിതമായിരുന്നു.
നവാസിക്കയുടെ ചോ രയിൽ പിറന്ന കുഞ്ഞിനെ താലോലിച്ച് അവന്റെ വളർച്ച കണ്ട് സന്തോഷിച്ച താൻ, പഴയതെല്ലാം പിന്നീട് മറന്ന് പോയിരുന്നു.
ആദ്യ പ്രസവം നാട്ടിലായിരുന്നു.
പിന്നെ മോന് ഒരു വയസ്സായപ്പോഴാണ് അദ്ദേഹം അവനെ കാണാൻ വരുന്നത്.
അങ്ങനെ മൂന്ന് മാസം ഒന്നിച്ച് ജീവിച്ച് തിരിച്ച് പോകുമ്പോൾ ,തനിക്ക് വീണ്ടുമൊരു കുഞ്ഞിനെ സമ്മാനിച്ചിട്ടാണ് അദ്ദേഹം പോയത്.
അതിന് ശേഷം മൂന്ന് വർഷത്തിൽ ഒരിക്കൽ വന്ന് പോകും മോൾക്ക് 6 വയസ്സും മോന് 7 വയസ്സും കഴിഞ്ഞു.
ഇങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കുമ്പോൾ അടുത്ത മെസ്സേജ് വന്ന ശബ്ദം കേട്ടവൾ വീണ്ടും വാട്ട്സ് ആപ് പേജിലേക്ക് കണ്ണ് നട്ടു.
അതൊരു ഫോട്ടോ ആയിരുന്നു.
നെഞ്ചിടിപ്പോടെ അവൾ അതിലേക്ക് സൂക്ഷിച്ച് നോക്കി.
ഹൃദയതാളം മുറുകുന്നു
“അഫ്സൽ “
അവളുടെ ചുണ്ടുകൾ അറിയാതെ പുലമ്പി.
******************
അന്ന് തിരുവോണനാളാണ്.
ഒരുപാട് ദിവസത്തെ ചർച്ചകൾക്കൊടുവിൽ, 92 ബാച്ചിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾ പത്ത് വർഷത്തിന് ശേഷം വീണ്ടും ഒത്ത് കൂടുന്ന സുന്ദര മുഹൂർത്തം
സ്കൂള് മുഴുവൻ തോരണങ്ങളാൽ അലങ്കരിച്ചിരുന്നു.
അവിടെ ഒത്ത് കൂടിയ പെൺകുട്ടികളിൽ പലർക്കും ഒന്നും രണ്ടും കുട്ടികളായിരുന്നു.
ജസ്ന ഒഴിച്ചുള്ള വരൊക്കെ ഭർത്താവും മക്കളുമായി വന്നപ്പോൾ അവൾ മാത്രം തന്റെ ഇളയ മകളെ കൂട്ടി വന്നു.
പഴയആൺകുട്ടികൾ ഇന്ന് വളർന്ന് ഒത്ത യുവാക്കളായെങ്കിലും വിവാഹം കഴിച്ചിരികുന്നത് ഒന്ന് രണ്ട് പേർ മാത്രം.
അവരാണ് മുൻ നിരയിൽ നിന്ന് കൊണ്ട് എല്ലാം നിയന്ത്രിക്കുന്നത്.
ജസ്നയുടെ കണ്ണുകൾ സദസ്സിലും വേദിയിലുമൊക്കെ പരക്കം പാഞ്ഞ് കൊണ്ടിരുന്നു.
അഫ്സലിനെ ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് അവളുടെ ഉള്ളം തുടിച്ച് കൊണ്ടിരുന്നു.
കുറച്ച് കഴിഞ്ഞ് ഈശ്വര പ്രാർത്ഥനയോടെ പൊതുയോഗം ആരംഭിച്ചു. പരിപാടിയുടെ അദ്ധ്യക്ഷൻ, അന്ന് ക്ളാസ്സിലെ എറ്റവും മിടുക്കനായ പഠിപ്പിസ്റ്റ് നജീബായിരുന്നു.
ഉദ്ഘാടന കർമ്മം ഹെഡ്മിസ്ട്രസ്സ് മോഹനകുമാരിയമ്മ നിർവ്വഹിച്ചു.
പിന്നീട് ആശംസകൾ അറിയിക്കാൻ സ്റ്റേജിൽ കയറി വന്ന ഓരോരുത്തരും മടങ്ങുമ്പോൾ, അടുത്തത് അഫ്സലാകണമേയെന്ന് അവൾ വല്ലാതെ ആഗ്രഹിച്ചു.
ഒന്നിനുമല്ല വെറുതെ ഒന്ന് കണ്ടാൽ മതി,
എന്നിട്ട് അവന്റെ മുന്നിൽ ചെന്ന് ഒരു ക്ഷമാപണം നടത്തണം.
താനിറങ്ങി ചെല്ലാമെന്ന് പറഞ്ഞ ആ രാത്രിയിൽ തന്റെ വീടിന് പുറത്ത് അവൻ എത്ര നേരം കാത്തിരുന്നിട്ടുണ്ടാവും.
അവസാനം തന്നെ കാണാതെ അവൻ തന്നെ എത്രമാത്രം ശപിച്ചിട്ടുണ്ടാവും.
സംഭവിച്ച കാര്യങ്ങൾ, തുറന്ന് പറഞ്ഞ് തന്നോടുള്ള വെറുപ്പ് ഇല്ലാതാക്കുകയും വേണം.
ഇതിനിടയിൽ ഒരു മണിയായപ്പോൾ ലഞ്ച് ബ്രേക്ക് എടുത്ത് തല്ക്കാലത്തേയ്ക്ക് സ്റ്റേജിലെ മൈക്ക് ഓഫ് ചെയ്തു.
വിഭവസമൃദ്ധമായ ഓണസദ്യയായിരുന്നു.
ഊണ് സമയത്തെങ്കിലും അവനെ കാണാമെന്ന് കരുതിയ ജസ്നയ്ക്ക് നിരാശയായിരുന്നു ഫലം.
ഇടയ്ക്കിടെ പഴയ സഹപാഠികളോരോരുത്തരായി അവളോട് കുശലം പറഞ്ഞ് കടന്ന് പോയെങ്കിലും, റോസി മാത്യുവിനെ ഇത് വരെ താൻ കണ്ടില്ലല്ലോ എന്ന് അപ്പോഴാണ് അവൾ ഓർത്തത്.
വാട്സ്ആപ് ഗ്രൂപ്പിൽ നിന്നും അവളുടെ നമ്പർ തപ്പിയെടുത്ത് ജസ്ന റോസിയെ വിളിച്ചു.
ബെല്ലടിക്കുന്നുണ്ട് ‘പക്ഷേ അറ്റൻറ് ചെയ്യുന്നില്ല.
സദ്യ കഴിഞ്ഞ് മൂന്ന് മണിയോളമായി, രണ്ടാമത്തെ സെഷൻ പ്രോഗ്രാം തുടങ്ങിയപ്പോൾ.
പ്രതീക്ഷകൾ അവസാനിപ്പിച്ച് ജസ്ന വീട്ടിലേക്ക് തിരിച്ച് പോകാനൊരുങ്ങുമ്പോൾ വേദിയിൽ നിന്ന് നബീബിന്റെ അനൗൺസ്മെന്റ് കേട്ടു.
“പ്രിയ സുഹൃത്തുക്കളെ, നമ്മുടെ കൂടെ ഉണ്ടായിരുന്ന പ്രധാനപ്പെട്ട രണ്ട് പേരെ ഇത് വരെ നമ്മൾ തിരയുകയായിരുന്നു.
നമ്മളെ പോലെ തന്നെ അവരും ഈ പ്രോഗ്രാമിന്റെ നടത്തിപ്പുകാർ തന്നെയായിരുന്നു. എന്നിട്ടും എന്ത് കൊണ്ട് അവർ ഇത് വരെ ഇവിടെയെത്തിയില്ല, എന്ന നിങ്ങളുടെ ഓരോരുത്തരുടെയും ചോദ്യത്തിനുള്ള ഉത്തരമാന്ന് നമ്മളിനികാണാൻ പോരുന്നത്, ദാ കണ്ടോളൂ.”
എന്ന് പറഞ്ഞ് നജീബ്, വേദിയിലേക്ക് കടന്ന് വരുന്ന പുറകു വശത്തെ വാതിലിന് നേരെ വിരൽ ചൂണ്ടി
മറ്റെല്ലാവരെക്കാളും ഉത്കണ്ഠയോടെ ജസ്ന, ആ വാതിലിലേക്ക് ഉറ്റ് നോക്കി
ചുവന്ന വിരി വകഞ്ഞ് മാറ്റി ഒരു വീൽചെയർ ഉരുണ്ട് വരുന്നു, അതിലിരിക്കുന്നത് തന്റെ പഴയ അഫ്സലല്ലേ?
അതേ അന്ന്, താൻ കണ്ട വാട്ട്സ്ആപ് പേജിലെ, അതേ മുഖം.
അവന്റെ പുറകിലായി വീൽ ചെയർ, തള്ളിക്കൊണ്ട് റോസിമാത്യുവും കടന്ന് വന്നു.
എല്ലാവരും അമ്പരന്നിരിക്കുമ്പോൾ നജീബ് തന്റെ സംസാരം തുടർന്നു.
“എല്ലാവരുടെയും മുഖത്തെ ചോദ്യഭാവം എനിക്ക് മനസ്സിലായി.
അതിനുള്ള ഉത്തരം, ഇവർ തന്നെ പറയട്ടെ “
നജീബ് റോസിയുടെ നേരെ മൈക്ക് നീട്ടി.
റോസി മുന്നോട്ട് വന്ന് മൈക്ക് വാങ്ങിച്ചിട്ട് സദസ്സിനെ നോക്കി പറഞ്ഞ് തുടങ്ങി.
“എന്റെ പ്രിയപ്പെട്ട ചങ്ങാതിമാരെ, നിങ്ങളാരും ഇത് വരെ അറിഞ്ഞിട്ടില്ലാത്ത ഒരു വലിയ രഹസ്യമുണ്ട്,
അത്, മറ്റൊരാൾക്ക് വേദനിക്കാതിരിക്കാനും അയാളുടെ കുടുംബം തകരാതിരിക്കാനുംവേണ്ടി ഞാൻ പറയാൻ പോകുന്ന ഒരു പഴയ സംഭവം ഈ കൂട്ടത്തിൽ ഉള്ള ഒരാൾ അറിയണമെന്ന നിർബന്ധമുള്ളത് കൊണ്ടും അയാളുടെ പേര് പരാമർശിക്കാതെ ഞാനൊരു കാര്യം നിങ്ങളോട് പറയാം.
പെട്ടെന്ന് സദസ്സ് പൂർണ്ണ നിശബ്ദമായി.
ജിജ്ഞാസയോടെ റോസി മാത്യുവിന്റെ വാക്കുകൾക്കായി അവർ കാതോർത്തു.
“ഏതാണ്ട് ഒരു ഏഴെട്ട് കൊല്ലം മുമ്പ്, ഞാൻ നേരത്തെ പറഞ്ഞ ആളും, ഈ ഇരിക്കുന്ന നമ്മുടെ വിദ്വാനും കൂടി, പ്രണയം തലക്ക് പിടിച്ചിട്ട് പ്രായപൂർത്തിയാകുന്നതിന് മുമ്പ്, ഒളിച്ചോടാൻ പ്ളാനിട്ടിരുന്നു.
പക്ഷേ ഇവനോടൊപ്പം ഒളിച്ചോടാൻ പോകുന്നു എന്നറിഞ്ഞ, ആ പെൺകുട്ടിയുടെ മാതാപിതാക്കൾ അവളുടെ വിവാഹം നടത്താൻ തീരുമാനിച്ചു.
പെൺകുട്ടിക്ക് പതിനെട്ട് വയസ്സ് തികയുന്ന അതേ ദിവസം അവളുടെ നിക്കാഹാണെന്നറിഞ്ഞ നമ്മുടെ ഈ വിദ്വാൻ അവളെ വിളിച്ചിറക്കി കൊണ്ട് പോകാൻ കല്യാണതലേന്ന് അവിടെ ചെന്നു.
കല്യാണവീടിന്റെ പുറക് വശത്തെ മതിൽ ചാടി അകത്ത് വീണ യുവാവ് എഴുന്നേറ്റ് നിന്നത് മേൽപറഞ്ഞ പെൺകുട്ടിയുടെ പിതാവിന്റെ മുന്നിലായിരുന്നു.
മുൻപേ എല്ലാമറിഞ്ഞിരുന്ന ആ പിതാവ് മനപൂർവ്വം കള്ളൻ കള്ളനെന്ന് വിളിച്ച് കൂവി,
ആളുകൾ ഓടികൂടുന്നത് കണ്ട്, ഭയന്ന് പോയ നമ്മുടെ ഹീറോ പ്രാണരക്ഷാർത്ഥം ഓടിപ്പോയി വീണത്, ആൾമറയില്ലാത്ത ഒരു പൊട്ടക്കിണറ്റിലായിരുന്നു.
ശബ്ദം കേട്ട് കല്യാണ പെണ്ണിന്റെ അടുത്ത് നിന്ന ഞാൻ ഇറങ്ങി പുറക് വശത്ത് വന്ന് നോക്കുമ്പോൾ കിണറ്റിൽ വീണ് ബോധം പോയ ഒരാളെ എല്ലാവരും ചേർന്ന് താങ്ങിയെടുത്തോണ്ട് വരുന്നതാണ് കണ്ടത്.
അപ്പോൾ മാത്രമാണ് അത് നമ്മുടെ ഈ അഫ്സലായിരുന്നു എന്ന് ഞാനറിയുന്നത്
അഫ്സലും ആ പെൺകുട്ടിയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച്, അതിന് തൊട്ട് മുമ്പാണ് അവളെന്നോട് പറഞ്ഞത്.
പക്ഷേ എന്ത് കൊണ്ടോ, കിണറ്റിൽ വീണത് അഫ്സലായിരുന്ന് എന്ന കാര്യം, ഞാനവളെ അറിയിച്ചില്ല.
ഒരു പക്ഷെ എന്റെ കൂട്ടുകാരിക്ക് അവളുടെ നന്മയെ കരുതി മാതാപിതാക്കൾ ആഗ്രഹിച്ച് നടത്തുന്ന നിക്കാഹ് മുടങ്ങരുതെന്ന് തോന്നിയത് കൊണ്ടാവാം “
ഇടയ്ക്ക് ഒന്ന് നിർത്തിയിട്ട് മേശപ്പുറത്തിരുന്ന മിനറൽ വാട്ടറിന്റെ കുപ്പിയെടുത്ത് റോസി ഒരു കവിൾ വെള്ളം കുടിച്ചു.
എന്നിട്ട് മൈക്ക് അഫ്സലിന്റെ നേരെ നീട്ടി.
“ഇനി ബാക്കിയുള്ളത് ഇവൻ പറയും “
മൈക്കിലൂടെ വരുന്ന അഫ്സലിന്റെ ശബ്ദത്തിനായി സദസ്സ് ഒന്നടങ്കം കാത് കൂർപ്പിച്ചു.
“പ്രിയ സുഹൃത്തുക്കളെ അന്നത്തെ വീഴ്ചയിൽ ബോധം നഷ്ടപ്പെട്ട ഞാൻ കണ്ണ് തുറക്കുമ്പോൾ എന്റെ വീട്ടുകാരോടൊപ്പം എന്റെ ഒരു സഹപാഠികൂടെയുണ്ടായിരുന്നു.
അത് മറ്റാരുമല്ല ഈ നില്ക്കുന്ന റോസി മാത്യൂ.
വീഴ്ചയിൽ നട്ടെല്ലിന് ക്ഷതമേറ്റ എന്റെ അരയ്ക്ക് താഴോട്ട് തളർന്ന് പോയിരുന്നു.
ഇനി ഒരിക്കലും എഴുന്നേറ്റ് നടക്കാൻ കഴിയില്ലെന്നറിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ എന്നെ ആശ്വാസ വാക്കുകൾ തന്ന് എന്റെ ഒപ്പം കൂടെ നിന്നത് ഈ കൂട്ടുകാരിയായിരുന്നു.
അന്ന് ഇവൾ എന്നെ ആശ്വസിപ്പിച്ച് കൊണ്ട് എന്നോട് കുറെ കാര്യങ്ങൾ പറഞ്ഞു.
നഷ്ടപെട്ടതോർത്ത് നീ ഇനി കരയരുതെന്നും, ഒരാൾക്കു പോലും മറ്റൊരാൾക്ക് പകരമാവാനാവില്ലെന്നറിയാമെന്നും എങ്കിലും എനിക്ക് ചിലത് നിന്നോട് പറയാനുണ്ട് എന്നും.
ആ വാക്ക് കേൾക്കാൻ ഞാൻ കാതോർത്തെങ്കിലും ഇവൾ പറയാതെ എനിക്കൊരു പേപ്പറിൽ എഴുതി തരികയായിരുന്നു
അത് ഞാനിന്നും നിധിപോലെ സൂക്ഷിക്കുന്നു.
അത് റോസി തന്നെ നിങ്ങളെ വായിച്ച് കേൾപ്പിക്കും”
അഫ്സൽ പോക്കറ്റിലിരുന്ന ആ കടലാസ്സും, മൈക്കും റോസിയുടെ നേരെ നീട്ടി.
തെല്ല് നാണത്തോടെ റോസി അത് ഉറക്കെ വായിച്ചു.
“പ്രിയപ്പെട്ട അഫ്സൽ…
നിന്നോട് തോന്നിയ സിമ്പതി കൊണ്ടാണെന്ന് നീ വിചാരിക്കില്ലെങ്കിൽ അന്യജാതിയാണ് ഞാനെന്ന വ്യത്യാസം നിനക്കില്ലെങ്കിൽ.എന്റെ പoനം പൂർത്തിയായി എനിക്കൊരു ജോലി കിട്ടുന്നത് വരെ നീ കാത്തിരിക്കുമെങ്കിൽ നിന്നോടൊപ്പം ജീവിക്കാൻ എനിക്കാഗ്രഹമുണ്ട് “.
അവൾ അത് വായിച്ചപ്പോൾ സദസ്സിൽ നിന്നും കയ്യടി ഉയർന്നു.
ബാക്കി ഞാൻ പറയാം എന്ന് പറഞ്ഞ് നജീബ് മൈക്ക് റോസിയുടെ കൈയ്യിൽ നിന്ന് പിടിച്ച് വാങ്ങി.
“സുഹൃത്തുക്കളെ ഈ പരിപാടിയുടെ അവസാനമായി നിങ്ങളെ ഇത് വരെ അറിയിക്കാത്ത ഒരു ചടങ്ങ് നടക്കാൻ പോകുകയാണ്. നമ്മുടെ മുന്നിൽ വച്ച് അഫ്സൽ റോസി മാത്യുവിന്റെ കഴുത്തിൽ മിന്ന് കെട്ടാൻ പോകുന്നു,
അത് കേട്ട് സദസ്സ് ഒന്നടങ്കം കരഘോഷത്തോടെ എഴുന്നേറ്റ് നിന്നു.
ഈ സമയം ജസ് ന, നിറഞ്ഞ് തുളുമ്പിയ കണ്ണുകളോടെ അവർക്കിടയിലൂടെ മോളേയും പിടിച്ച് കൊണ്ട് പുറത്തേയ്ക്കിറങ്ങി.
തന്റെ ജീവിതം നന്നായി കാണാൻ ആഗ്രഹിച്ച ആ കൂട്ടുകാരിയുടെ ജീവിതം ധന്യമാക്കണേ എന്ന പ്രാർത്ഥനയോടെ അവൾ സ്വന്തം വീട്ടിലേക്ക് മടങ്ങി.
~സജിമോൻ തൈപറമ്പ്